മുനമ്പം; മനുഷ്യാവകാശങ്ങളും
നിക്ഷിപ്ത താൽപര്യങ്ങളും

“മുനമ്പത്തെ ഭൂമി വഖഫായാലും ഇഷ്ടദാനമായാലും അവിടെ താമസിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്നതാണ് ഏറ്റവും മുഖ്യം. ആധികളോ അരക്ഷിതാവസ്ഥകളോ ഇല്ലാതെ അവർക്ക് ജീവിക്കാൻ കഴിയേണ്ടതുണ്ട്. അവരെ തുറുപ്പ് ചീട്ടാക്കി വർഗീയതയും അത് വഴി രാഷ്ട്രീയവും വളർത്താൻ ശ്രമിക്കുന്നവർക്ക് അവസരം നൽകിക്കൂടാ” - എം.എസ്. ഷൈജു എഴുതുന്നു.

മുനമ്പത്ത് എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്?
കേരളത്തിലെ പൊതുസമൂഹം കഴിഞ്ഞ കുറച്ച് നാളുകളായി അന്വേഷിക്കുന്ന ഒരു ചോദ്യമാണിത്. കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ ഏറെ ചർച്ചയായ ഒരു പ്രശ്നമായി എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിലെ കടലോര പ്രദേശമായ മുനമ്പവും അവിടുത്തെ അറുനൂറോളം വരുന്ന

മാർ ജോസഫ് പാംപ്ലനി
മാർ ജോസഫ് പാംപ്ലനി

കുടുംബങ്ങളിലെ മനുഷ്യരും ഇതിനകം മാറിക്കഴിഞ്ഞു. നിയമത്തിൻ്റെ കുരുക്കുകളിലും സാങ്കേതികതകളിലും പെട്ട് സ്വന്തം വീടും സ്വത്തുക്കളും അനിശ്ചിതത്വത്തിലായിപ്പോയ കുറെ മനുഷ്യരും; വഖഫ് ബോർഡ്, അതിൻ്റെ നിയമ പ്രശ്നങ്ങൾ, ഹൈക്കോടതി വിധി, സർക്കാർ, ഫറൂഖ് കോളേജ്, ഇതൊക്കെ ലാക്കാക്കി ബി.ജെ.പി കളിക്കുന്ന വർഗീയ കാർഡ് തുടങ്ങി ഏറ്റവും ഒടുവിലായി ബിഷപ് പാംപ്ലാനിയുടെ ഭീഷണി പ്രസ്താവനയിൽ വരെ എത്തി നിൽക്കുന്ന സങ്കീർണമായ ഘടകങ്ങളുമുള്ള ഒരു പ്രശ്നം എന്നതിനേക്കാൾ മുനമ്പത്ത് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച് സാമാന്യ ജനത്തിന് ഇപ്പോഴും വലിയ പിടിയില്ല എന്നാണ് പലരുടേയും പ്രതികരണങ്ങൾ ബോധ്യപ്പെടുത്തുന്നത്. രമ്യമായും സംയമനത്തോടെയും പരിഹരിച്ചെടുക്കേണ്ട ഒരു മനുഷ്യാവകാശ പ്രശ്നമെന്നതിൽ നിന്ന് മാറി, ദുരൂഹവും ദുരുപദിഷ്ടവുമായ ചില ലക്ഷ്യങ്ങൾ മുന്നിൽ വെച്ച് മുനമ്പം പ്രശ്നത്തെ വർഗീയത വളർത്താനുള്ള ഒരു രാഷ്ട്രീയ ആയുധമായി മാറ്റിയെടുക്കാനുള്ള ഒരു വൻ പദ്ധതി കൂടിയാണ് അണിയറയിൽ നടക്കുന്നത്. ഈ നിക്ഷിപ്ത താത്പര്യങ്ങൾ അവിടുത്തെ യഥാർത്ഥ പ്രശ്നത്തെയും കേരളത്തിൻ്റെ പൊതുവായ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെയും എങ്ങനെ ബാധിക്കാൻ പോകുന്നുവെന്ന് കൂടിയാണ് നാം വിലയിരുത്തേണ്ടത്.

തലമുറകളായി മുനമ്പത്ത് താമസിച്ചുവരുന്ന കുറെ മനുഷ്യർക്ക് അവർ താമസിക്കുന്ന ഭൂമി ക്രയവിക്രയം നടത്താനോ അതുപയോഗിച്ച് മറ്റ് മനുഷ്യരെ പോലെ ലോണെടുക്കാനോ ജാമ്യം നിൽക്കാനോ സാധിക്കാത്ത ഒരു സങ്കീർണത നിലനിന്നിരുന്നു. അതിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ചില പ്രശ്നങ്ങളായിരുന്നു കാരണം. പ്രശ്നം പരിഹരിക്കാൻ സർക്കാർ നടത്തിയ പല നീക്കങ്ങളും കൂടുതൽ നിയമ പ്രശ്നങ്ങൾക്ക് ഇടവെച്ചു.

മുനമ്പത്തെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട വേരുകൾ ഒരു നൂറ്റാണ്ടിന് പിറകിലേക്ക് നീണ്ട് കിടക്കുന്നവയാണ്.
മുനമ്പത്തെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട വേരുകൾ ഒരു നൂറ്റാണ്ടിന് പിറകിലേക്ക് നീണ്ട് കിടക്കുന്നവയാണ്.

തങ്ങളുടേതല്ലാത്ത ചില കാരണങ്ങൾ കൊണ്ട് അവർക്ക് സ്വന്തം ഭൂമിക്കും ഭവനങ്ങൾക്കും മേലുള്ള പൂർണ്ണമായ അവകാശം സ്ഥാപിച്ച് കിട്ടാത്ത ഒരു പ്രശ്നമായി അത് മാറി. അറുനൂറോളം വരുന്ന ഈ കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ക്രയവിക്രയങ്ങൾക്ക് സാധിക്കാത്ത വിധമുള്ള വഖഫ് ഭൂമിയാണെന്നും അത് മടക്കി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശത്ത് ചില തർക്കങ്ങളുണ്ടായി. ആ തർക്കങ്ങൾ മുന്നോട്ട് പോകുന്തോറും കൂടുതൽ സങ്കീർണമായി വന്നു. വർഗീയമായും രാഷ്ട്രീയമായും ഉപയോഗപ്പെടുത്താവുന്ന ഒരു ഉള്ളടക്കം ഈ പ്രശ്നത്തിലുണ്ടെന്ന് മനസിലാക്കിയ തൽപര കക്ഷികൾ പ്രശ്നത്തെ രമ്യമായി പരിഹരിക്കാനുള്ള സാഹചര്യങ്ങളെ മുഴുവൻ വൈകാരികവും സങ്കീർണവുമാക്കി മുതലെടുപ്പിന് ശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇതൊക്കെ കൂടിച്ചേർന്ന്, ഇനി എങ്ങനെ പരിഹരിക്കാൻ പറ്റുമെന്ന ഒരനിശ്ചിതാവസ്ഥയുടെ നിഴലിലാണ് ഇപ്പോഴെത്തി നിൽക്കുന്നത്. ചുരുങ്ങിയ വാക്കുകളിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നത്തെ വിശദീകരിക്കാൻ സാധിക്കുക ഇങ്ങനെയാണ്.

രമ്യമായും സംയമനത്തോടെയും പരിഹരിച്ചെടുക്കേണ്ട ഒരു മനുഷ്യാവകാശ പ്രശ്നമെന്നതിൽ നിന്ന് മാറി, ദുരൂഹവും ദുരുപദിഷ്ടവുമായ ചില ലക്ഷ്യങ്ങൾ മുന്നിൽ വെച്ച് മുനമ്പം പ്രശ്നത്തെ വർഗീയത വളർത്താനുള്ള രാഷ്ട്രീയ ആയുധമായി മാറ്റിയെടുക്കാനുള്ള വൻ പദ്ധതി കൂടിയാണ് മുനമ്പത്തിൻ്റെ അണിയറയിൽ നടക്കുന്നത്.

ചരിത്രം

മുനമ്പത്തെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട വേരുകൾ ഒരു നൂറ്റാണ്ടിന് പിറകിലേക്ക് നീണ്ട് കിടക്കുന്നവയാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകം. കൃത്യമായി പറഞ്ഞാൽ 1902. കൊച്ചിയിൽ ഗുജറാത്തി വ്യാപാരികൾ എത്തിത്തുടങ്ങിയ കാലം കൂടിയാണത്. അക്കാലത്ത് തരിശായി കിടന്നിരുന്ന പല ഭൂമികളും കൃഷിഭൂമിയാക്കാൻ രാജാവ് പലർക്കും പാട്ടത്തിന് കൊടുത്തിരുന്നു. ഗുജറാത്തി കച്ച് മേമൻ വിഭാഗത്തിൽ പെട്ട അബ്ദുൽ സത്താർ സേട്ടിനും 404.7 ഏക്കർ ഭൂമി പാട്ടത്തിന് കിട്ടി. രാജ്യം സ്വതന്ത്രമായി, രാജഭരണമൊക്കെ അവസാനിക്കുന്ന 1948-ൽ ഈ ഭൂമി സത്താർ സേട്ടിൻ്റെ അനന്തരാവകാശി സിദ്ധീഖ് സേട്ടിന് രാജാവ് പതിച്ച് നൽകുകയും ചെയ്തു.

1950 ജനുവരി മാസം ഫറൂഖ് കോളേജ് ട്രസ്റ്റിൻ്റെ ചുമതലക്കാരൻ പി കെ ഉണ്ണിക്കമ്മുവിൻ്റെ പേർക്ക് രജിസ്റ്റർ ചെയ്ത് കിട്ടിയെങ്കിലും കോഴിക്കോടുള്ള ഫറൂഖ് കോളേജ് അധികൃതർ എറണാകുളം മുനമ്പത്തെ 404.7 ഏക്കർ ഭൂമിയിൽ ഒന്നും ചെയ്തില്ല.
1950 ജനുവരി മാസം ഫറൂഖ് കോളേജ് ട്രസ്റ്റിൻ്റെ ചുമതലക്കാരൻ പി കെ ഉണ്ണിക്കമ്മുവിൻ്റെ പേർക്ക് രജിസ്റ്റർ ചെയ്ത് കിട്ടിയെങ്കിലും കോഴിക്കോടുള്ള ഫറൂഖ് കോളേജ് അധികൃതർ എറണാകുളം മുനമ്പത്തെ 404.7 ഏക്കർ ഭൂമിയിൽ ഒന്നും ചെയ്തില്ല.

അക്കാലത്താണ് അലിഗഢ് സർവകലാശാലയുടെ മാതൃകയിൽ മുസ്ലിം മാനേജ്മെൻ്റിന് കീഴിൽ ഒരു കലാലയം എന്ന സ്വപ്നവുമായി ഫറൂഖ് കോളേജ് ആരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കേരളത്തിലെ അനേകം മുസ്‌ലിം പ്രമാണിമാർ ഈ ഉദ്യമത്തിന് വൻ സഹായങ്ങൾ നൽകി. ഉന്നതമായ ഒരു കലാലയം കേരളത്തിലെ മുസ്‌ലിംകളുടെ വിഭ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണുമെന്ന വിശ്വാസത്തിൽ ഏക്കർ കണക്കിന് ഭൂമി അനേകമാളുകൾ സംഭാവന നൽകി. ആ സാഹചര്യത്തിൽ സിദ്ധീഖ് സേട്ടും തൻ്റെ 404 ഏക്കർ ഭൂമി ഈ സദുദ്യമത്തിലേക്ക് സർവ്വ അവകാശങ്ങളും വിട്ട് നൽകി രജിസ്റ്റർ ചെയ്ത് കൊടുത്തു. കൃഷിയില്ലാത്ത തരിശ് ഭൂമി എളുപ്പത്തിലൊന്നും വിറ്റ് പോകാത്ത കാലത്താണ് ഇതൊക്കെ നടക്കുന്നതെന്ന ഓർമയിൽ വേണം നാം ഈ കാര്യങ്ങളൊക്കെ മനസിലാക്കേണ്ടത്.

ഫറൂഖ് കോളേജും വ്യവഹാരവും

1950 ജനുവരി മാസം ഫറൂഖ് കോളേജ് ട്രസ്റ്റിൻ്റെ ചുമതലക്കാരൻ പി കെ ഉണ്ണിക്കമ്മുവിൻ്റെ പേർക്ക് രജിസ്റ്റർ ചെയ്ത് കിട്ടിയെങ്കിലും കോഴിക്കോടുള്ള ഫറൂഖ് കോളേജ് അധികൃതർ എറണാകുളം മുനമ്പത്തെ 404.7 ഏക്കർ ഭൂമിയിൽ ഒന്നും ചെയ്തില്ല. നരിയും കുറുക്കനും ഓരിയിട്ട് നടന്ന കുറച്ച് തരിശ് ഭൂമി കിട്ടിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് ഫറൂഖ് കോളേജ് അധികൃതരും ധരിച്ചിട്ടുണ്ടാകണം. അല്ലെങ്കിൽ അവിടെക്കൂടി ഒരു വലിയ പ്രോജക്ട് കൊണ്ട് വരാനുള്ള ത്രാണി അവർക്കുണ്ടായിക്കാണില്ല. കാരണമെന്തായാലും ഒരു പരിരക്ഷയുമില്ലാതെ കുറെ പതിറ്റാണ്ടുകൾ ഭൂമി അവിടെ വെറുതെ കിടന്നു.

വർഗീയമായും രാഷ്ട്രീയമായും ഉപയോഗപ്പെടുത്താവുന്ന ഒരു ഉള്ളടക്കം ഈ പ്രശ്നത്തിലുണ്ടെന്ന് മനസിലാക്കിയ തൽപര കക്ഷികൾ പ്രശ്നത്തെ രമ്യമായി പരിഹരിക്കാനുള്ള സാഹചര്യങ്ങളെ മുഴുവൻ വൈകാരികവും സങ്കീർണവുമാക്കി മുതലെടുപ്പിന് ശ്രമിച്ച് കൊണ്ടിരിക്കുന്നു.

പിന്നീടെപ്പോഴോ സ്വന്തമായി ഭൂമിയില്ലാത്ത കുറെ മനുഷ്യർ ഈ ഭൂമിയുടെ കടലോരത്ത് കുടിലുകൾ കെട്ടി താമസം തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ട ഫറൂഖ് കോളേജ് അധികൃതർ അവരുടെ വക്കീലും കോൺഗ്രസ് നേതാവുമായിരുന്ന എം.സി. പോളിന് വസ്തുവുമായി ബന്ധപ്പെട്ട് ഒരു പവർ ഓഫ് അറ്റോണി നൽകി. എറണാകുളം നഗര പരിസരങ്ങൾ വൈപ്പിൻ ദ്വീപിലേക്ക് കൂടി വികസിച്ച് വരാൻ തുടങ്ങിയ ഇക്കാലത്ത് വൈപ്പിനിലെ പല പ്രദേശങ്ങളും മൂല്യമുള്ളതായി മാറി. ചെറായി ബീച്ച് കേന്ദ്രീകരിച്ച് ടൂറിസം സാധ്യതകൾ വികസിച്ച് വന്നു. സമീപ പ്രദേശമായ മുനമ്പവും ഇതോടൊപ്പം ശ്രദ്ധിക്കപ്പെട്ടു. എം.സി പോൾ ഫറൂഖ് കോളേജ് ട്രസ്റ്റിൻ്റെ അനുവാദത്തോടെയോ അല്ലാതെയോ ഈ 404 ഏക്കറിൽ നിന്ന് പലർക്കും വില വാങ്ങി വസ്തു വിറ്റു. ഇത് നടന്നത് ഫറൂഖ് കോളേജ് കമ്മിറ്റി അറിഞ്ഞാണോ അല്ലാതെയാണോ എന്നത് അവർ വെളിപ്പെടുത്തിയാൽ മാത്രമേ വ്യക്തമാകുകയുള്ളൂ. എം.സി പോൾ തങ്ങളറിയാതെയാണ് ഇത് വിറ്റതെന്ന് ഫറൂഖ് കോളേജ് അധികൃതർ ഇത് വരെ പരാതികളൊന്നുമുന്നയിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിൽ അവർ അറിഞ്ഞാണ് ഈ വിൽപന നടന്നിരിക്കുന്നതെന്ന് നമുക്ക് ന്യായമായും കരുതാം.

എങ്ങനെ വഖഫ് വ്യവഹാരമായി?

1950-ൽ വസ്തു രജിസ്റ്റർ ചെയ്ത് നൽകിയ സിദ്ധീഖ് സേട്ട് ആധാരത്തിൽ ഇത് താൻ വഖഫായി നൽകുകയാണ് എന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. വഖഫ് എന്നത് ഇസ്ലാം മതത്തിലെ മതപരമായ ഒരു സംജ്ഞയാണ്. ഒരാൾ ഒരു പ്രത്യേകമായ ഉദ്ദേശ്യത്തോടെ ഒരു ആസ്തിയിൻമേലുള്ള ഉടമസ്ഥാവകാശം സ്വയം ഒഴിഞ്ഞ് ദൈവ പ്രീതിക്കായി അതിനെ സമർപ്പിക്കുന്നതാണ് വഖഫ്. പിന്നീട് ഈ ഭൂമി ക്രയവിക്രയം ചെയ്യാൻ പാടില്ല. അങ്ങനെ അനിവാര്യമായും വേണ്ടി വരുന്ന ഒരു സാഹചര്യമുണ്ടായാൽ വഖഫ് ബോർഡിൻ്റെ പ്രത്യേക അനുമതിയോടെ മാത്രമേ വിനിമയം നടത്താൻ പാടുള്ളൂ. ഇതാണ് നിയമം. ഇങ്ങനെ വഖഫ് ചെയ്യപ്പെട്ട കോടാനുകോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള വസ്തുക്കൾ രാജ്യത്തുണ്ട്. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയവരുടെ വസ്തുവകകൾ കണ്ടുകെട്ടപ്പെട്ട സാഹചര്യത്തിൽ അതിനൊപ്പം വഖഫ് സ്വത്തുക്കൾ കൂടി നഷ്ടപ്പെട്ടു പോകാതിരിക്കാനാണ് പ്രത്യേക വഖഫ് നിയമങ്ങൾ ആവിഷ്കരിച്ചത്. അവ അന്യാധീനപ്പെടാതിരിക്കാനും അന്യായമായി മറ്റുള്ളവർ കൈക്കലാക്കാതെ സംരക്ഷിക്കാനുമാണ് വഖഫ് ബോർഡുകൾ. പാർലമെൻ്റ് പാസാക്കിയ നിയമപ്രകാരമാണ് അവ ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കുന്നത്.

വഖഫ് നിയമങ്ങൾ മതനിയമങ്ങളല്ല. ഒരു മതേതര രാജ്യത്ത് ഇത്തരം സ്വത്തുക്കളുടെ ന്യായമായ നിലനിൽപിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ നിയമങ്ങളാണവ. അതൊരു മതപരമായ അവകാശമായി മുസ്ലിംകൾ കാണുന്നുണ്ടോ എന്നൊരു സംശയം കൂടിയുണ്ട്.

സംസ്ഥാനത്തെ അനേകം വഖഫ് സ്വത്തുകൾ അന്യാധീനപ്പെട്ട് പോകുകയോ കയ്യേറ്റങ്ങൾക്ക് വിധേയമാകുകയോ ചെയ്തിട്ടുണ്ട് എന്ന ആക്ഷേപത്തെ തുടർന്ന് അവ പരിശോധിക്കാൻ 2007-ൽ കേരള സർക്കാർ കമ്മീഷനെ വെക്കുകയും സംസ്ഥാന വ്യാപകമായി നടന്ന വഖഫ് കയ്യേറ്റങ്ങളെ സംബന്ധിച്ച് കമ്മീഷൻ വിശദ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. അതിൽ മുഖ്യമായി ചൂണ്ടിക്കാണിക്കപ്പെട്ട കയ്യേറ്റങ്ങളിലൊന്ന് മുനമ്പമായിരുന്നു. മുനമ്പത്തെ 404 ഏക്കറിൽ 188 ഏക്കർ അടക്കം മൊത്തം 600 ഏക്കറിലധികം വഖഫ് ഭൂമി സംസ്ഥാനത്ത് മാത്രം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കേരളത്തിലെ പല നഗരങ്ങളിലെയും ഏറ്റവും കണ്ണായ ഭൂമികളടക്കം ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ വലിയൊരു വിഭാഗം കയ്യേറിയിരിക്കുന്നത് മുസ്ലിംകളുമാണ്. പല മുസ്ലിം പ്രമാണിമാരും സ്ഥാപനങ്ങളും സംഘടനകളുമൊക്കെ ഇങ്ങനെ വഖഫ് ഭൂമി കയ്യേറിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ മാത്രം കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഇങ്ങനെ കയ്യേറിയിട്ടുള്ളതായി വ്യവഹാരമുണ്ട്. മുസ്ലിം സമുദായത്തിൽ പെട്ടവരാണ് അവിടെ പ്രതി സ്ഥാനത്ത് നിൽക്കുന്നത്.

ആരാണ് കുറ്റക്കാർ? വാങ്ങിയവരോ, വിറ്റവരോ?

വഖഫ് സ്വത്ത് എങ്ങനെ വിറ്റു എന്നതാണ് പ്രധാന ചോദ്യം. ഇത് വഖഫ് സ്വത്തല്ല; ഇഷ്ടദാനമായി ലഭിച്ചതാണെന്നാണ് ഫറൂഖ് കോളേജിൻ്റെ നിലപാട്. അത് കൊണ്ടാണ് തങ്ങൾ ഇത് വിറ്റതെന്നും അവർ പറയുന്നുണ്ട്. അന്യായമായി രേഖകൾ ചമച്ച് അടിയാധാരങ്ങൾ കൃത്രിമമായി ഉണ്ടാക്കിയാണ് വസ്തു വിറ്റതെന്നാണ് പ്രധാന ആരോപണം.

വഖഫ് സ്വത്ത് എങ്ങനെ വിറ്റു എന്നതാണ് പ്രധാന ചോദ്യം. ഇത് വഖഫ് സ്വത്തല്ല; ഇഷ്ടദാനമായി ലഭിച്ചതാണെന്നാണ് ഫറൂഖ് കോളേജിൻ്റെ നിലപാട്. അത് കൊണ്ടാണ് തങ്ങൾ ഇത് വിറ്റതെന്നും അവർ പറയുന്നുണ്ട്.
വഖഫ് സ്വത്ത് എങ്ങനെ വിറ്റു എന്നതാണ് പ്രധാന ചോദ്യം. ഇത് വഖഫ് സ്വത്തല്ല; ഇഷ്ടദാനമായി ലഭിച്ചതാണെന്നാണ് ഫറൂഖ് കോളേജിൻ്റെ നിലപാട്. അത് കൊണ്ടാണ് തങ്ങൾ ഇത് വിറ്റതെന്നും അവർ പറയുന്നുണ്ട്.

വിറ്റ വസ്തുവുമായി ബന്ധപ്പെട്ട് ഫറൂഖ് കോളേജ് നാളിതുവരെ ഒരാരോപണവും ഉയർത്തിയിട്ടില്ല. അതൊക്കെ തിരിച്ചുവേണമെന്ന ആവശ്യവും അവർക്കില്ല. വഖഫാണ് എന്ന് പല വ്യവഹാരങ്ങളിലായി കോടതിയും സർക്കാരും വ്യക്തമാക്കിയ ഈ ഭൂമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ആലോചിക്കുമ്പോൾ മുഖ്യ പരിഗണന നൽകേണ്ടത് അവിടെ താമസിക്കുന്ന മനുഷ്യർക്കും അവരുടെ ജീവിതങ്ങൾക്കുമാണ്. അവരുടെ ആശങ്കകൾ പരിഹരിക്കുക എന്നതാണ് മുഖ്യമായ ആവശ്യം. വഖഫിൻ്റെ കൈകാര്യ കർത്താക്കളായ ഫറൂഖ് കോളേജ് കമ്മിറ്റി നിയമം തെറ്റിച്ച് വസ്തു വിറ്റിട്ടുണ്ടെങ്കിൽ അതിന് സമാധാനം പറയേണ്ടതും പരിഹാരം കാണേണ്ടതും ഫറൂഖ് കോളേജ് കമ്മിറ്റിയാണ് അതിൽ തർക്കമില്ല. നിയമം തെറ്റിച്ചവർ നിശബ്ദരായിരിക്കുകയും ഇരകൾ പ്രതിസ്ഥാനത്ത് വരികയും ചെയ്യുന്ന സങ്കീർണത തീർച്ചയായും പരിഹരിക്കപ്പെട്ടേ മതിയാകൂ. ഉദ്ദേശ ലക്ഷ്യങ്ങളെ പോഷിപ്പിക്കുന്ന നിലയിൽ ചെലവഴിക്കാനാണ് വഖഫ് ഭൂമി ക്രയവിക്രയം നടത്തിയത് എന്ന് വഖഫ് ബോർഡിനെ ബോധ്യപ്പെടുത്തി നിലവിലെ സങ്കീർണത രമ്യമായും സംയമനത്തോടെയും പരിഹരിക്കേണ്ടതുണ്ട്.

ബി.ജെ.പി താത്പര്യങ്ങൾ

ഇത്രയും പറയുമ്പോൾ കൂടെ പറഞ്ഞ് പോകേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. മുനമ്പത്തെ അനിശ്ചിതാവസ്ഥയിൽ കഴിയുന്ന അറുന്നൂറോളം കുടുംബങ്ങളിൽ മഹാഭൂരിപക്ഷവും ലത്തീൻ കത്തോലിക്കാ വിഭാഗവും ധീവര സമുദായവുമാണ്. മറുഭാഗത്ത് വഖഫ്, ഫറൂഖ് കോളേജ് എന്നിവയെയും പ്രതിഷ്ഠിക്കാൻ പറ്റും.

സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കൾ മതനിന്ദയടക്കമുള്ള പരാമർശങ്ങൾ വരെ നടത്തി പരമാവധി പ്രകോപനമുണ്ടാക്കുന്നത് മുസ്ലിം സംഘടനകളെ മറുപക്ഷത്ത് കൊണ്ട് വരാൻ തന്നെയാണ്.
സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കൾ മതനിന്ദയടക്കമുള്ള പരാമർശങ്ങൾ വരെ നടത്തി പരമാവധി പ്രകോപനമുണ്ടാക്കുന്നത് മുസ്ലിം സംഘടനകളെ മറുപക്ഷത്ത് കൊണ്ട് വരാൻ തന്നെയാണ്.

ബി.ജെ.പിക്ക് താത്പര്യമുള്ള ഒരു രാഷ്ട്രീയ ചേരുവ വിഷയത്തിലുണ്ട്. അത് മാത്രമല്ല, വഖഫ് നിയമങ്ങളിൽ ഭേദഗതി വരുത്തുക എന്നത് ബിജെപി ആഗ്രഹിക്കുന്ന ഒരു കാര്യവുമാണ്. അതിനുള്ള ഒരവസരമായും ബി.ജെ.പി ഇതിനെ കാണുന്നു. കേരളത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങളെ ചേർത്തുപിടിച്ചും അവർക്കൊപ്പം നിന്നുമുള്ള ഒരു രാഷ്ട്രീയ പരീക്ഷണമാണ് ഇപ്പൊൾ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ മുസ്ലിം സമുദായവും ലത്തീൻ സമുദായവും തമ്മിലുള്ള ഒരു സംഘർഷമായി മുനമ്പം പ്രശ്നം മാറണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. വിഷയത്തിൻ്റെ സംഘർഷാത്മകതയെ ഉൾക്കൊണ്ട് കൊണ്ട് കേരളത്തിലെ മുഖ്യധാര മുസ്ലിം സംഘടനകൾ ബോധപൂർവമായ ഒരു നിശ്ശബ്ദതയോ സംയമനമോ ഇക്കാര്യത്തിൽ പുലർത്തുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ ഏകപക്ഷീയമായ ഒരു കുളം കലക്കലിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സുരേഷ് ഗോപി അടക്കമുള്ള ബി.ജെ.പി നേതാക്കൾ മതനിന്ദയടക്കമുള്ള പരാമർശങ്ങൾ വരെ നടത്തി പരമാവധി പ്രകോപനമുണ്ടാക്കുന്നത് മുസ്ലിം സംഘടനകളെ മറുപക്ഷത്തു കൊണ്ടുവരാൻ തന്നെയാണ്.

മുസ്ലിം ലീഗും സർക്കാരും

പൊതുവെ മുസ്‍ലിം ലീഗിന് താത്പര്യമുണ്ടാകേണ്ട ഒരു വിഷയമാണ് ഇതെങ്കിലും ലീഗ് ജാഗ്രതയോടെയുള്ള നിലപാടാണ് ഇതുവരെയും സ്വീകരിച്ചിരിക്കുന്നത്. ഒരർത്ഥത്തിൽ അവരുടെ ഒരു ഗതികേട് കൂടിയാണത്. വസ്തു വഖഫല്ല, ഇഷ്ടദാനം മാത്രമാണ് എന്നൊരു നിലപാടാണ് ലീഗിനുള്ളത്. അങ്ങനെയൊരു നിലപാട് സ്വീകരിക്കുമ്പോൾ ലീഗിന് മൂന്ന് ഗുണങ്ങളുണ്ട്.
ഒന്ന്, ലീഗിന് ഏറെ താത്പര്യമുള്ള ഫറൂഖ് കോളേജ് കമ്മിറ്റിയെ ഇതിൽ നിന്ന് കുറ്റവിമുക്തരാക്കാം.

മുനമ്പത്തെ 404 ഏക്കറിൽ 188 ഏക്കർ അടക്കം മൊത്തം 600 ഏക്കറിലധികം വഖഫ് ഭൂമി സംസ്ഥാനത്ത് മാത്രം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കേരളത്തിലെ പല നഗരങ്ങളിലെയും ഏറ്റവും കണ്ണായ ഭൂമികളടക്കം ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ വലിയൊരു വിഭാഗം കയ്യേറിയിരിക്കുന്നത് മുസ്ലിംകളുമാണ്. പല മുസ്ലിം പ്രമാണിമാരും സ്ഥാപനങ്ങളും സംഘടനകളുമൊക്കെ ഇങ്ങനെ വഖഫ് ഭൂമി കയ്യേറിയിട്ടുണ്ട്.

അങ്ങനെ വന്നാൽ 404 ഏക്കറിൽ നിന്ന് 188 ഏക്കർ കഴിഞ്ഞ് ബാക്കിയുള്ള ഭൂമി കൂടി ഫറൂഖ് കോളേജ് മാനേജ്മെൻ്റിന് ഇനിയും വിൽക്കാൻ സാധ്യത തുറന്നുകിട്ടും.
രണ്ട്; വഖഫ് സ്വത്ത് അന്യാധീനപ്പെടുമ്പോൾ നോക്കിനിന്നു എന്നൊരു പഴിയിൽ നിന്ന് രക്ഷപ്പെടാം. അല്ലെങ്കിൽ മുസ്ലിം ലീഗിന് എക്കാലത്തും അതൊരു ക്ഷീണമായിരിക്കും.
മൂന്ന്; സംസ്ഥാന സർക്കാരിനെ വിമർശിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കി ഇതിനെ മാറ്റാം. ഇത് വഖഫ് ഭൂമിയാണെന്ന സർക്കാർ നിലപാടാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് അവർക്ക് വാദിക്കാം. കാരണം ലീഗ് സ്വീകരിക്കുന്നത് പോലെയുള്ള ഒരു നിലപാട് സ്വീകരിക്കാൻ സർക്കാരിന് കഴിയില്ല. കോടതികൾ വിധി പുറപ്പെടുവിക്കുകയും രേഖകൾ മുന്നിലിരിക്കുകയും ചെയ്യുന്ന ഒരു വിഷയത്തിൽ മറിച്ചൊരു നിലപാട് സ്വീകരിക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് ലീഗിന് നന്നായറിയാം.

എന്നാൽ മുനമ്പത്തെ ഒരു മനുഷ്യനെ പോലും കുടിയിറക്കില്ല എന്ന തീരുമാനമാണ് സർക്കാറിനുള്ളത്. സംയമനത്തോടെയും അവധാനതയോടെയും കൈകാര്യം ചെയ്യേണ്ട ഒരു മനുഷ്യാവകാശ പ്രശ്നമായാണ് സർക്കാർ ഇതിനെ പരിഗണിക്കുന്നത്.

മറഞ്ഞുകിടക്കുന്ന ചില വസ്തുതകൾ

സിദ്ധീഖ് സേട്ട് ആധാരം ചെയ്ത് കൊടുക്കുമ്പോൾ അതിൽ ഉൾപ്പെടുത്തിയ ഒരു നിബന്ധന കൂടിയുണ്ട്. അത് കൂടി ചേർന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കാതൽ. എന്തെങ്കിലും കാരണവശാൽ ഈ വസ്തു ഫറൂഖ് കോളേജ് ട്രസ്റ്റ് ഉപയോഗിക്കാതെ വന്നാൽ ഇതെന്ത് ചെയ്യണമെന്നതാണ് ആ നിബന്ധന.

മുനമ്പത്തെ അനിശ്ചിതാവസ്ഥയിൽ കഴിയുന്ന അറുന്നൂറോളം കുടുംബങ്ങളിൽ മഹാഭൂരിപക്ഷവും ലത്തീൻ കത്തോലിക്കാ വിഭാഗവും ധീവര സമുദായവുമാണ്.
മുനമ്പത്തെ അനിശ്ചിതാവസ്ഥയിൽ കഴിയുന്ന അറുന്നൂറോളം കുടുംബങ്ങളിൽ മഹാഭൂരിപക്ഷവും ലത്തീൻ കത്തോലിക്കാ വിഭാഗവും ധീവര സമുദായവുമാണ്.

അതുപ്രകാരം ഈ വസ്തു സിദ്ധീഖ് സേട്ടിൻ്റെ അനന്തരാവകാശികൾക്ക് മടക്കിനൽകണം. ഈ നിബന്ധനയാണ് പലരുടേയും തുറുപ്പുചീട്ട്. എന്നാൽ പല പൊതു ട്രസ്റ്റുകളും അവരുടെ പ്രവർത്തനം നിലച്ചുപോയാൽ ആസ്തികൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നതിന് നിബന്ധനകൾ വെക്കാറുണ്ട്. അത്തരമൊരു നിബന്ധനയിൽ കടിച്ച് തൂങ്ങി ഇത് വഖഫ് സ്വത്തല്ല എന്ന വാദമുയർത്തുന്നത് നിയമപരമായി ഒട്ടും നിലനിൽക്കാൻ സാധ്യതയില്ല. ഒരു കാലത്ത് പട്ടിത്തരത്തിനും വേണ്ടാതെ കിടന്ന വസ്തു ഇന്ന് പൊന്നും വില കിട്ടുന്ന ഭൂമിയാണ്. സ്വഭാവികമായും ഇത്ര വലിയ ഒരാസ്തി പ്രലോഭിപ്പിക്കാൻ സാധ്യത കൂടുതലാണ്. വൻ ടൂറിസം പ്രൊജക്ടുകൾക്ക് സാധ്യതയുള്ള ഭൂമിയുടെ മേൽ പലർക്കും കണ്ണുണ്ട്. ടൂറിസം സാധ്യതകൾ വികസിച്ച് വന്ന 90-കൾക്കുശേഷം അനേകം റിസോർട്ട് മാനേജ്മെൻ്റുകൾ തദ്ദേശീയരുടെ കയ്യിൽനിന്ന് ഭൂമി വാങ്ങി വലിയ പ്രോജക്ടുകൾ അവിടെ ആരംഭിച്ചിട്ടുണ്ട്. വഖഫ് ഭൂമിയുടെ സാങ്കേതിക പ്രശ്നം അവരേയും ബാധിച്ചിട്ടുണ്ട്. അവരും കടുത്ത ആശങ്കയിലാണ്. താമസക്കാരെ മാത്രം പരിഗണിച്ച് ഒരു തീരുമാനമുണ്ടായാൽ അത് ഇത്തരക്കാരെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

വഖഫിൻ്റെ കൈകാര്യ കർത്താക്കളായ ഫറൂഖ് കോളേജ് കമ്മിറ്റി നിയമം തെറ്റിച്ച് വസ്തു വിറ്റിട്ടുണ്ടെങ്കിൽ അതിന് സമാധാനം പറയേണ്ടതും പരിഹാരം കാണേണ്ടതും ഫറൂഖ് കോളേജ് കമ്മിറ്റിയാണ്, അതിൽ തർക്കമില്ല. നിയമം തെറ്റിച്ചവർ നിശ്ശബ്ദരായിരിക്കുകയും ഇരകൾ പ്രതിസ്ഥാനത്ത് വരികയും ചെയ്യുന്ന സങ്കീർണത തീർച്ചയായും പരിഹരിക്കപ്പെട്ടേ മതിയാകൂ.

നിലവിൽ മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് വ്യവഹാരം നടത്തുന്നത് വഖഫ് ബോർഡോ മുസ്ലിം സംഘടനകളോ ഒന്നുമല്ല. പ്രാദേശികമായി രൂപം കൊണ്ട വഖഫ് സംരക്ഷണ സമിതിയാണ് കയ്യേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യമുയർത്തുന്നത്. നിലവിലുള്ള വഖഫ് നിയമങ്ങളിൽ പോരായ്മയുണ്ട് എന്ന ബി.ജെ.പി വാദത്തിന് ശക്തി പകരാൻ മാത്രമേ സംരക്ഷണസമിതിക്കാരുടെ പ്രവർത്തനം ഉപകരിക്കുകയുള്ളൂ എന്നതാണ് വാസ്തവം.

കുളം കലക്കികൾ

ബി.ജെ.പി ആഗ്രഹിക്കുന്നത് കേരളത്തിലും ദേശീയമായും ഇതൊരു വലിയ പ്രശ്നമായി വളർത്തിക്കൊണ്ടുവരികയെന്നതാണ്. അവർക്ക് ഏണി വെച്ച് കൊടുക്കുന്ന നിലപാട് ഏതെങ്കിലും മുസ്‌ലിം സംഘടനകൾ കൈക്കൊള്ളുന്നുണ്ടെങ്കിൽ അതിൻ്റെ അപകടാവസ്ഥ തിരിച്ചറിയേണ്ടതുണ്ട്.

മുനമ്പം ഭൂസമരവേദിയിൽ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ
മുനമ്പം ഭൂസമരവേദിയിൽ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ

ക്രിസ്ത്യൻ സമൂഹത്തെ ബി.ജെ.പി രാഷ്ട്രീയവുമായി ചേർത്തുകെട്ടാൻ അവസരം നോക്കിയിരിക്കുന്നവരുടെ താത്പര്യങ്ങൾ കൂടി മനസിലാക്കേണ്ടതുണ്ട്. വഖഫ് സംരക്ഷിക്കണമെന്ന വിഷയത്തിൽ ആർക്കും ഒരു തർക്കവുമില്ല. കണ്ണൂരും വയനാടും കോഴിക്കോടുമടക്കം സംസ്ഥാനത്ത് പലയിടങ്ങളിലും വഖഫ് ഭൂമികൾ തരംമാറ്റി പല മുസ്‌ലിം സംഘടനകളും വ്യക്തികളും കൈവശം വെച്ചിട്ടുണ്ട്. അതിലൊക്കെ നിശ്ശബ്ദത പാലിക്കുന്ന ചില കക്ഷികൾ മുനമ്പത്തെ വഖഫ് വിഷയത്തിൽ മാത്രം വലിയ ജാഗ്രത പുലർത്തുന്നത് ഒട്ടും സ്വഭാവികമല്ല. രാജ്യത്തെ വഖഫ് നിയമങ്ങൾ എന്നത് മതനിയമങ്ങളല്ല. ഒരു മതേതര രാജ്യത്ത് ഇത്തരം സ്വത്തുക്കളുടെ ന്യായമായ നിലനിൽപിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ നിയമങ്ങളാണവ. അതൊരു മതപരമായ അവകാശമായി മുസ്ലിംകൾ കാണുന്നുണ്ടോ എന്നൊരു സംശയം കൂടിയുണ്ട്. അതൊരു ജനാധിപത്യപരമായ അവകാശവും അസ്ഥിത്വവുമാണെന്ന ബോധം കൂടുതൽ വളരേണ്ടതുണ്ട്. വഖഫ് ബോർഡ് കൂടുതൽ ജനാധിപത്യപരമാകുകയും ഏകപക്ഷീയമാകാതിരിക്കുകയും ചെയ്യേണ്ടതുണ്ട് എന്നതിൻ്റെ ആവശ്യകത കൂടിയാണ് ഈ പ്രശ്നങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.

പരിഹാരത്തിലേക്ക്

മുനമ്പത്തെ ഭൂമി വഖഫായാലും ഇഷ്ടദാനമായാലും അവിടെ താമസിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്നതാണ് ഏറ്റവും മുഖ്യം. ആധികളോ അരക്ഷിതാവസ്ഥകളോ ഇല്ലാതെ അവർക്ക് ജീവിക്കാൻ കഴിയേണ്ടതുണ്ട്.

കോടതികൾക്ക് പുറത്ത് രമ്യമായി, അവധാനതയോടെ പരിഹരിക്കേണ്ട ഒരു വലിയ ഘടകം ഇതിലുണ്ട് എന്ന് സമ്മതിക്കുകയാണ് ആദ്യം വേണ്ടത്.
കോടതികൾക്ക് പുറത്ത് രമ്യമായി, അവധാനതയോടെ പരിഹരിക്കേണ്ട ഒരു വലിയ ഘടകം ഇതിലുണ്ട് എന്ന് സമ്മതിക്കുകയാണ് ആദ്യം വേണ്ടത്.

അവരെ തുറുപ്പുചീട്ടാക്കി വർഗീയതയും അത് വഴി രാഷ്ട്രീയവും വളർത്താൻ ശ്രമിക്കുന്നവർക്ക് അവസരം നൽകിക്കൂടാ. ഇതിനകം അനേകം വ്യവഹാരങ്ങൾ വിഷയവുമായി ബന്ധപ്പെട്ട് കോടതികളിൽ എത്തിനിൽക്കുകയാണ്. സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പലതരം ചർച്ചകളും നടത്തുകയാണ്. എത്രയും വേഗം ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കോടതികൾക്ക് പുറത്ത് രമ്യമായി, അവധാനതയോടെ പരിഹരിക്കേണ്ട ഒരു വലിയ ഘടകം ഇതിലുണ്ട് എന്ന് സമ്മതിക്കുകയാണ് ആദ്യം വേണ്ടത്.

രേഖാമൂലം വസ്തുവുള്ളവരെയും തലമുറകളായി അവിടെ താമസിച്ച് വരുന്നവരെയും ഇതൊന്നുമില്ലാതെ വസ്തു കയ്യേറി കൈവശം വെച്ചിരിക്കുന്ന വ്യവസ്യായ തത്പരരായവരെയും ഒന്നായി കാണാൻ കഴിയില്ല. അവിടെ താമസിക്കുന്ന മനുഷ്യരുടെ ജീവൽ പ്രശ്നത്തിന് പരിഹാരം കാണുന്നതോടൊപ്പം തന്നെ അവശേഷിക്കുന്ന വഖഫ് ഭൂമി സംരക്ഷിക്കാനും വഴികൾ തേടേണ്ടതുണ്ട്. ഉറുമ്പിന് കടന്നുപോകാൻ ഉണ്ടാക്കുന്ന വാതിൽ ആനക്ക് കൂടി സൗകര്യമാകരുത് എന്നു സാരം.


Summary: MS Shaiju describes history, social concerns and political dimensions of Kerala's Munambam waqf land dispute.


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments