‘എൻ്റെ വിശപ്പ് എൻ്റെ ഭൗതിക പ്രശ്‌നമാണ്. എന്നാൽ മറ്റുള്ളവരുടെ വിശപ്പ് എൻ്റെ ആത്മീയ പ്രശ്‌നമാണ്’ ലാറ്റിനമേരിക്കൻ ലിബറേഷൻ തിയോളജിയുടെ വക്താവായ ബർദയോവ് പറഞ്ഞതാണിത്. ഇന്ന് ഉത്തരാധുനികകാലത്ത് വിശപ്പെന്നത് മനുഷ്യരുടെ മാത്രം പ്രശ്‌നമായി ചുരുക്കി കാണാൻ കഴിയില്ല. വിശപ്പ് മാത്രമാണ് പ്രശ്‌നമെന്നതും സമഗ്രതയിലുള്ള സാമൂഹ്യ വീക്ഷണമല്ല. ഏത് ജീവിയുടെ കാര്യത്തിലായാലും. മാറ്റം സംഭവിക്കുന്നത് കാലത്തിനുമാത്രമല്ല, അന്തരീക്ഷത്തിന് കൂടിയാണ്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദുരന്തങ്ങൾ എല്ലാ ജീവജാലങ്ങളും അനുഭവിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇരകളാക്കപ്പെടുന്നത് മനുഷ്യരാകുമ്പോൾ മാത്രമേ ആശങ്കകളുടെ കൂട്ടമനഃശാസ്ത്രം ഉണരുകയുള്ളൂ. ഭൂതകാലത്തിനും വർത്തമാനകാലത്തിനുമിടയിലെ വിടവ് ബന്ധിപ്പിക്കാനാവാത്ത വിധം വലുതായി കൊണ്ടിരിക്കുന്നു. ആവാസവ്യവസ്ഥകൾ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്, കാലാനുസൃതമായി.
വന്യമൃഗങ്ങളേയും പക്ഷികളേയും അതിൻ്റെ സ്വാഭാവിക ആവാസ്ഥ വ്യവസ്ഥയിൽ സ്വൈരവിഹാരം നടത്താൻ അനുവദിക്കുകയെന്നതാണ് ആധുനിക കാലത്ത് മനുഷ്യൻ ആർജിക്കേണ്ട പരിഷ്‌കൃതബോധം. അതിലേക്കാണ് നമ്മൾ നടന്നുകയറേണ്ടതും. കാഴ്ചകളിലെല്ലാം കൗതുകം വേണമെന്ന മലയാളിയുടെ വെറും കാണീസ്വഭാവം മാറേണ്ടതുതന്നെയാണ്. വലിയ പരിസ്ഥിതിവാദികളാണ് മലയാളികൾ. അവരവരുടെ താല്പര്യങ്ങളെ സ്പർശിക്കുന്നില്ലെങ്കിൽ മാത്രം. ചില പുരുഷ ഫെമിനിസ്റ്റുകളെക്കുറിച്ച് പറയാറുള്ളതുപോലെ, സംവാദമണ്ഡലങ്ങളിലവർ സ്ത്രീപക്ഷ വർത്തമാനങ്ങളിൽ നിറയും. സ്വന്തം കാര്യത്തോട് അടുക്കുമ്പോൾ വീടിൻ്റെ ഉമ്മറംവരെയേയുള്ളൂ സ്ത്രീപക്ഷ രാഷ്ട്രീയം. ഉമ്മറത്തിനുള്ളിൽ യാഥാസ്ഥിതിക ആണധികാര ഭർത്താവും അച്‌ഛനുമൊക്കെ തന്നെയായിരിക്കുമവർ. വ്യക്തികളെന്നെ അർത്ഥത്തിൽ കൊതുകിനെ അരിച്ചുമാറ്റി ഒട്ടകത്തെ വിഴുങ്ങുന്ന സൈദ്ധാന്തികരാണിവർ. അതിനോട് ചേർത്തുവയ്ക്കാവുന്നതാണ് മലയാളികളുടെ പാരിസ്ഥിതിക - ജീവജാല പ്രണയവർത്തമാനങ്ങൾ.

തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്ത് 50 ഏക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന മൃഗശാല പഴക്കം ചെന്നതാണ്. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുനാൾ രാമവർമ്മയാണ് അതിൻ്റെ സ്ഥാപകൻ. പക്ഷി മൃഗാദികളെ അതിൻ്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സംരക്ഷിച്ച്, മനുഷ്യർക്ക് അവയുടെ ജീവിതരീതികളിൽ ഉദ്ബോധനം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തിലാണ് 1857-ൽ അത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പരിസ്ഥിതിയെക്കുറിച്ചോ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചോ ചർച്ചകളൊന്നും നടക്കാത്ത കാലത്താണ് ഇത് സ്ഥാപിക്കപ്പെടുന്നത്. ഭൂതകാലത്തിൻ്റെ ചിന്തകളിലും സാഹചര്യങ്ങളിലും ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളെ വർത്തമാനകാലത്തിൻ്റെ താല്പര്യങ്ങൾക്കുവേണ്ടി മാത്രമായി നിലനിർത്തണമെന്നത് തികഞ്ഞ സ്വാർത്ഥതയാണ്. ഗതാനുഗതികത്വത്തിൻ്റെ ഭാവനാശൂന്യതയായി മാത്രമേ ആ വാശിയെ കാണാൻ കഴിയൂ. ഒന്നര നൂറ്റാണ്ടിൻ്റെ പഴക്കമുള്ളതുകൊണ്ട് കൽപ്പാന്തകാലത്തോളം മൃഗശാലയിലെ വന്യജീവികൾ പരിമിതമായ സാഹചര്യങ്ങളിൽ അവിടെതന്നെ തുടരണമെന്നതിൽ ആർക്കാണ് നിർബന്ധബുദ്ധി? ഇടുങ്ങിയ സാഹചര്യങ്ങളിൽ തന്നെ വന്യമൃഗങ്ങളെ ഇനിയും താമസിപ്പിക്കണമെന്ന ചിന്ത മാറേണ്ടതല്ലേ? അല്ലായെന്ന് പറയുന്നവർ ഏത് പരിഷ്‌കരണ പുരോഗമന ജ്ഞാനസിദ്ധാന്തത്തെയാണ് ഉള്ളിൽ പേറുന്നത്?
കടുവയും പുലിയും സിംഹവുമടക്കം വന്യമൃഗങ്ങളും അനേകം പക്ഷികളും ഉരഗങ്ങളും ഉൾപ്പെടുന്നതാണ് തിരുവനന്തപുരം മൃഗശാല. ഒരു പെൺകടുവയുടെ ഹോം റെയിഞ്ച് ശരാശരി 20 മുതൽ 50 സ്‌ക്വയർ കിലോമീറ്റർ വരെയാണ്. ആൺകടുവയ്ക്കത് 60 മുതൽ 120 സ്‌ക്വെയർ കിലോമീറ്ററും. ഒരു ജീവിയുടെ സ്ഥിരസഞ്ചാര പരിധിയെയാണല്ലോ നാം ഹോം റെയിഞ്ച് എന്നുപറയുന്നത്. ഇത്രയും വിശാലമായി സഞ്ചരിച്ച് വിഹരിക്കേണ്ട ജീവിയെയാണ് മൃഗശാലയിൽ ഏതാനും സ്‌ക്വയർ ഫീറ്റിൻ്റെ അകത്തളങ്ങളിൽ തളച്ചിട്ട് പ്രദർശിപ്പിക്കുന്നത്. മനുഷ്യരെപ്പോലും മ്യൂസിയം പീസുകളാക്കുന്ന കാലത്ത് മൃഗങ്ങളൊക്കെ എന്ത് അല്ലേ? ഈ ചിന്താധാരയിൽ നിന്നും മനുഷ്യർ മുന്നോട്ടുപോകേണ്ടതുണ്ട്. പൊളിറ്റിക്കൽ കറക്ട്നെസ് എന്ന ഉത്തരാധുനിക മനോഭാവം, മനുഷ്യർ മനുഷ്യരോട് കാണിക്കുന്ന ഇടപെടലിൽ മാത്രം പാലിക്കേണ്ടതല്ല. ജീവജാലങ്ങളും കൂടി ചേർന്നതാണല്ലോ ഇക്കോസിസ്റ്റമെന്നത്. ഒരു മ്യൂസിയം കൾച്ചറിൽ നിന്നും ഒറ്റയടിക്ക് മൃഗങ്ങളെ പൂർണ്ണമായും മോചിപ്പിക്കുകയെന്നത് ജനാധിപത്യ സർക്കാരുകൾക്ക് ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ, മനുഷ്യർ ഒരുക്കുന്ന ആവാസ്ഥവ്യവസ്ഥ കുറച്ചെങ്കിലും വന്യജീവികളോട് ദയയും കരുണയും നീതിയും പുലർത്തുന്നതാകണ്ടേ? കഴിയുന്നതരത്തിലെങ്കിലും വിശാലമായ അന്തരീക്ഷത്തിലേക്ക് ഒരു പറിച്ചുനടൽ അവർ അർഹിക്കുന്നുണ്ട്. അത്തരമൊരു പരിഷ്‌കരണത്തിനെങ്കിലും കഴിഞ്ഞാൽ സമകാലിക ദുരന്തജീവിതത്തിൽ നിന്നുള്ള മോചനമാകും അത്.

തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ ഭാഗത്ത് നെയ്യാർ ഡാമിനോട് ചേർന്ന് കുറച്ചുകൂടി വിശാല അടിസ്ഥാനത്തിൽ മൃഗശാല പുനഃസംഘടിപ്പിക്കാൻ കഴിയും. നിലവിൽ 50 ഏക്കറിലുള്ള തിരുവനന്തപുരം മൃഗശാലയെ 500 ഏക്കർ ഭൂമിയിലെങ്കിലും പുനഃസൃഷ്ടിക്കാൻ കഴിഞ്ഞാൽ അത് മൃഗങ്ങളോട് കാണിക്കുന്ന വലിയ കനിവ് തന്നെയായിരിക്കും. സ്ഥലം മാറിയാൽ ട്യൂറിസം സാധ്യതകൾക്ക് മങ്ങലേൽക്കുമെന്ന വാദങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. തിരുവനന്തപുരം മൃഗശാലയിലേക്ക് കാഴ്ചക്കാരായി വരുന്നവർ നന്ദൻകോടും വെള്ളയമ്പലത്തും പാളയത്തും താമസിക്കുന്നവരല്ലല്ലോ. ദൂരങ്ങളിൽ നിന്നും വരുന്നവരാണ്. 25 കിലോമീറ്ററുംകൂടി സഞ്ചരിക്കുന്നതിൽ അവർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. കുറെക്കൂടി പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്തേക്ക് മാറുന്നതോടുകൂടി കാഴ്ചകൾ കൂടുതൽ ആസ്വാദകരമാകും. സിംഹങ്ങളില്ലാത്ത കാരണത്താൽ സന്ദർശകരുടെ എണ്ണം വളരെക്കുറഞ്ഞ നെയ്യാർ ഇക്കോ ടൂറിസത്തിനും ഗുണകരമാകും ഈ മാറ്റം.
നഗരത്തിനുള്ളിലെ മൃഗശാലയെ ഗ്രാമാന്തരീക്ഷത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. തൃശൂർ നഗരത്തിൽ ചെമ്പൂക്കാവിൽ 13.5 ഏക്കറിൽ സ്ഥിതി ചെയ്തിരുന്ന മൃഗശാലയെ നഗരത്തിൻ്റെ ബഹളങ്ങളിൽ നിന്നും പുത്തൂരിൻ്റെ 336 ഏക്കറിലേക്ക് മാറ്റിയത് കഴിഞ്ഞ സർക്കാരാണ്. 2025 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ മാറ്റം പഠന വിധേയമാക്കാവുന്നതാണ്. ആ മാറ്റം മികച്ചൊരു തീരുമാനം തന്നെയായിരുന്നു. മനുഷ്യർക്ക് മാത്രമുള്ളതായി പരിമിതപ്പെടുതേണ്ടതല്ല നമ്മുടെ ഇക്കോ സിസ്‌റ്റം. ഇരതേടലും ഇണചേരലും മാത്രമാണ് ജന്തുജീവിതമെന്നത് പ്രാകൃതബോധമാണ്. നെൽച്ചെടികൾ മാത്രമുള്ളതല്ല തണ്ടുതുരപ്പൻ പുഴുവുംകൂടി ചേരുന്നതാണ് ഇക്കോസിസ്റ്റത്തിൻ്റെ പൂർണ്ണതയെന്ന കാര്യം മനുഷ്യർ മനസ്സിലാക്കണം.
