കേരളത്തിലെ ഭൂരിപക്ഷഭാഷയായ മലയാളത്തെ മുൻനിർത്തിയുളള നയരൂപീകരണങ്ങളും ആസൂത്രണ ചർച്ചകളും നടന്നുവരുന്നു. മലയാളത്തെ മനുഷ്യാവകാശപ്രശ്നമായി കണ്ട് ഭരണഭാഷ, ഔദ്യോഗികഭാഷ, വിജ്ഞാനഭാഷ, ശാസ്ത്രഭാഷ, കോടതിഭാഷ എന്നിങ്ങനെ പല നിലകളിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ നിലവിലെ ഭാഷാസാഹചര്യമെന്തെന്നും അതിനനുസരിച്ച് ഭാഷാനയരൂപീകരണത്തിൽ സ്വീകരിക്കേണ്ട സമീപനമെന്തെന്നും ചർച്ച ചെയ്യാനാണ് ശ്രമിക്കുന്നത്.
മലയാളം മാതൃഭാഷയായിട്ടുള്ളവരുടെ മനുഷ്യാവകാശത്തോടൊപ്പം മലയാള ഇതര ഭാഷകരുടെ മനുഷ്യാവകാശത്തെ കൂടി പരിഗണിക്കേണ്ടതുണ്ട്. മലയാള ഇതര ഭാഷകർക്കുമേൽ മലയാളം അധീശത്വമായി മാറുന്നത് സമൂഹത്തിൽ ഭാഷാപരമായ വിവേചനങ്ങൾ സൃഷ്ടിക്കുമെന്നും കേരളത്തിലെ എല്ലാ ഭാഷകരെയും പരിഗണിച്ചുകൊണ്ടുള്ള ഉൾക്കൊള്ളലിന്റെ ഭാഷാരാഷ്ട്രീയമാണ് ഉണ്ടാവേണ്ടത് എന്നുമുള്ള വാദമാണിവിടെ മുന്നോട്ടുവെയ്ക്കുന്നത്.
കേരളത്തിലെ
ബഹുഭാഷാസാഹചര്യം
ഭാഷാസാഹചര്യം എന്ന ആശയം ഏതൊരു ദേശത്തെ സംബന്ധിച്ചും വളരെ പ്രധാനമാണ്. കാരണം, ഒരു ദേശത്തിലെ ഭാഷയുടെ സാഹചര്യങ്ങൾക്കനുസരിച്ചാണ് പൊതുവ്യവഹാരങ്ങൾ സാധ്യമാകുന്നത്. ഭാഷാസാഹചര്യങ്ങളാണ് ഒരു ദേശത്തെ മനുഷ്യരുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുന്നത്. കാരണം ഭാഷയിലൂടെയാണ് മനുഷ്യർ ആത്മാവിഷ്കാരം നടത്തുന്നത്. ഭാഷയിലൂടെ തന്നെയാണ് മനുഷ്യർ സ്വത്വത്തെ പ്രകാശിപ്പിക്കുന്നത്. ആയതിനാൽ ഭാഷയ്ക്ക് നിത്യജീവിതവ്യവഹാരങ്ങൾ സാധ്യ മാകുന്നതിൽ പ്രധാന പങ്കുണ്ട് എന്ന് പറയാം.
ഏതൊരു ദേശത്തും ദേശത്തെ മുൻനിർത്തി ഭാഷയും ഭാഷയെ മുൻനിർത്തി ദേശവും വികസിച്ചുവരുന്നത് ആദ്യകാലം മുതൽക്കുതന്നെ കാണാം. ദേശവും ആ ദേശത്ത് സംസാരിക്കുന്ന ഭാഷയും പരസ്പരപൂരകമായാണ് പ്രവർത്തിക്കുന്നത്. ഭാഷയും ദേശവും തമ്മിലുളള ഈ പാരസ്പര്യം വ്യാകരണ കൃതികൾ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ആദ്യകാല വ്യാകരണകൃതികളെടുത്ത് പരിശോധിച്ചാൽ മിക്ക കൃതികളുടെയും ആദ്യ ഭാഗത്ത് ദേശവും ഭാഷയും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തിട്ടുള്ളതായി കാണാം. ഈ ബന്ധം വിശകലനം ചെയ്തതിനുശേഷമാണ് വൈയാകരണർ വ്യാകരണകാര്യങ്ങൾ ചർച്ച ചെയ്തിട്ടുള്ളത്. ഒരു ദേശത്തിന്റെ വ്യവഹാരനിർമ്മിതിയിൽ ഭാഷയ്ക്കുള്ള പങ്കാണ് ഇതിലൂടെ തെളിയിക്കപ്പെടുന്നത്.
കേരളത്തിൽ നിലവിലുള്ളത് ഏകഭാഷാ സാഹചര്യമല്ല. അതായത്, ഇവിടെ മലയാളം മാത്രമല്ല ഭാഷയായുള്ളത്. കേരളം ബഹുഭാഷാദേശമാണ്. മലയാളം എന്ന ഭാഷയെ മുൻനിർത്തിയാണ് കേരളം എന്ന സംസ്ഥാനം രൂപീകരിക്കപ്പെട്ടതെങ്കിലും ഇന്ന് മലയാളം മാത്രമല്ല കേരളത്തിന്റെ ഭാഷ. കേരളഭാഷ എന്നാൽ മലയാളം അല്ല. എന്നാൽ ഭൂരിപക്ഷഭാഷയെന്ന നിലയിൽ മലയാളത്തെ കേരളത്തിന്റെ ഔദ്യോഗിക ഭാഷയെന്ന നിലയിലും ഭരണഭാഷ എന്ന നിലയിലും പരിഗണിച്ചുവരുന്നു. ഈ രീതിയിലുള്ള ഭാഷാചർച്ചകളും ഭാഷാപ്രവർത്തനങ്ങളും കേരളത്തിൽ സജീവമാണ്. കേരളത്തിൽ നിലവിൽ ബഹുഭാഷാസാഹചര്യമാണ് ഉള്ളത്. കേരളത്തിൽ എന്നല്ല മിക്ക സംസ്ഥാനത്തും ബഹുഭാഷാസാഹചര്യം തന്നെയാണ് നിലനിൽക്കുന്നത്.

കേരളത്തിലെ അംഗീകരിക്കപ്പെട്ട ന്യൂനപക്ഷ ഭാഷകൾ തമിഴ്, കന്നഡ എന്നിവയാണ്. എന്നാൽ ഇവ കൂടാതെ ധാരാളം ഭാഷകൾ ഇവിടെയുണ്ട്. കാസർഗോഡ് ജില്ലയെ തന്നെ സപ്തഭാഷാഭൂമി എന്നാണ് വിളിക്കുന്നത്. അവിടെ തുളു, ബ്യാരി, കന്നഡ, മലയാളം, ഉർദു, കൊങ്കണി തുടങ്ങിയ ഭാഷകൾ വ്യവഹാരത്തിലുണ്ട്.
ഇവ കൂടാതെ ധാരാളം ഗോത്രഭാഷകളുണ്ട്. പണിയ, ഇരുള, റാവുള, മലവേട്ടുവ, മുതുവ എന്നിങ്ങനെ ധാരാളം ഗോത്രഭാഷകൾ കേരളത്തിലുണ്ട്. തീരദേശത്ത് സംസാരിക്കപ്പെടുന്ന ഭാഷാവൈവിധ്യങ്ങളുണ്ട്. ഇങ്ങനെ വ്യത്യസ്ത നിലകളിൽ കേരളം ബഹുഭാഷാഭൂമികയായി നിൽക്കുന്ന സാഹചര്യത്തിലും മലയാളം എന്ന മാനകഭാഷയെ മുൻനിർത്തിയാണ് ഇവിടെ ഔദ്യോഗികഭാഷ, ഭരണഭാഷ, കോടതിഭാഷ തുടങ്ങിയ ചർച്ചകളും മറ്റും നടക്കുന്നത്. മാത്രമല്ല നിലവിലെ മറ്റൊരു ഭാഷാസാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതായത് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തൊഴിലിനായി എത്തി കേരളീയരായി മാറിയിട്ടുള്ള ആളുകൾ ഇവിടെയുണ്ട്. അവരുടെ മാതൃഭാഷ പല ഭാഷകളാണ്. ഇവിടെ സൂചിപ്പിച്ച എല്ലാ ഭാഷകർക്കും മാതൃഭാഷ മനുഷ്യാവകാശവും അത് ജനാധിപത്യാവകാശവും തന്നെയാണെന്ന് ചിന്തിക്കേണ്ടതുണ്ട്.
ഒരു ഭാഷ ഔദ്യോഗികഭാഷയോ ഭരണഭാഷയോ ആയി മാറുന്ന സാഹചര്യം എപ്പോഴാണെന്ന് ചിന്തിക്കാവുന്നതാണ്. അതായത് ഒരു ദേശം ഭാഷാപരമായ വൈവിധ്യങ്ങൾ നിലനിർത്തുമ്പോഴും പൊതുവ്യവഹാരങ്ങൾ സാധ്യമാകുന്നതിന് ഒരു മാനകഭാഷയെ രൂപപ്പെടുത്തുന്നു. ഈ മാനകഭാഷയെ നിയാമകമാക്കിയാണ് ഭരണം, വിദ്യാഭ്യാസം, കോടതിവ്യവഹാരങ്ങൾ, രാഷ്ട്രീയം, മറ്റു പൊതുസംവിധാനങ്ങൾ എല്ലാം നിലകൊള്ളുന്നത്. കേരളത്തിന്റെ സന്ദർഭത്തിൽ ഈ മാനകഭാഷ മലയാളം എന്ന് വിളിക്കുന്ന ഭാഷയാണ്. മാതൃഭാഷ ജനാധിപത്യ അവകാശമാണ്, മാതൃഭാഷ ജന്മാവകാശമാണ് എന്ന തത്വങ്ങളെ അടിസ്ഥാനമാക്കി മലയാളപക്ഷ സമരപരിപാടികളും ആസൂത്രണങ്ങളും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുവരുന്നുണ്ട്. മലയാളം ഭൂരിപക്ഷഭാഷയായിരിക്കുന്ന കേരളത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം മുന്നേറ്റങ്ങൾക്ക് സാംഗത്യവുമുണ്ട്. മാതൃഭാഷയിൽ വിവരങ്ങൾ അറിയാനും അറിയിക്കുവാനുമുള്ള അവകാശം എല്ലാ മനുഷ്യർക്കുമുണ്ട്. എന്നാൽ കേരളത്തിൽ മലയാളത്തെ അടിസ്ഥാനമാക്കി നടക്കുന്ന മാതൃഭാഷാമുന്നേറ്റങ്ങൾ വഴി മാതൃഭാഷ ജനാധിപത്യാവകാശവും ജന്മാവകാശവുമാണെന്ന നീതി പ്രാവർത്തികമാവുന്നത് കേരളത്തിലെ ഭൂരിപക്ഷ ഭാഷയായ മലയാളം മാതൃഭാഷയായിട്ടുള്ളവർക്ക് മാത്രമാണ് എന്നതാണ് വാസ്തവം. ഇതിലൂടെ അവകാശം നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷ ഭാഷാസമൂഹങ്ങൾ കേരളത്തിലുണ്ട്. ചില സാഹചര്യങ്ങളിലെങ്കിലും ഭൂരിപക്ഷത്തിന്റെ മാതൃഭാഷാവകാശം ന്യൂനപക്ഷ ത്തിന്റെ നീതിനിഷേധമായി മാറുന്നു. എല്ലാ വ്യവഹാരങ്ങളും മലയാളത്തിലാകണം എന്ന് ജനാധിപത്യാവകാശം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ പറയുമ്പോൾ മലയാളം മാതൃഭാഷയായിട്ടുള്ളവരുടെ അവകാശം മാത്രമാണ് അവിടെ സംരക്ഷിക്കപ്പെടുന്നത്. കേരളം എന്നത് മലയാളം മാതൃഭാഷയായുള്ളവർ മാത്രം ജീവിക്കുന്ന ദേശമല്ല. ന്യൂനപക്ഷ ഭാഷകൾ, ഗോത്രഭാഷകൾ, തീരദേശ ഭാഷകൾ, ഇതര സംസ്ഥാന ഭാഷകൾ എന്നിങ്ങനെ കേരളത്തിൽ ബഹുഭാഷാ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഭൂരിപക്ഷഭാഷകരുടെ മാതൃഭാഷാവകാശം കേരളത്തിലെ ഇതര ഭാഷകരോടുള്ള നീതിനിഷേധമായി മാറാൻ പാടില്ല. ഇതര ഭാഷകരുടെ മാതൃഭാഷാവകാശത്തെക്കുറിച്ചും ബോധമുള്ളവരായി മാറേണ്ടതുണ്ട്. ഈ വിഷയം പൊതുവിൽ ആരും ചർച്ചയ്ക്കെടുത്തുകാണുന്നില്ല.
ന്യൂനപക്ഷ സമൂഹങ്ങളിലുളളവരും ഗോത്ര- തീരദേശ ഭാഷകൾ മാതൃഭാഷയായുള്ളവരും കൂടി അടങ്ങുന്നതാണ് സർവ്വകലാശാല. ആയതിനാൽ സർവ്വകലാശാല ഉത്തരവുകൾ മലയാളത്തിൽ മാത്രം പ്രസിദ്ധീകരിക്കുന്നത് യുക്തമല്ല.
മലയാള ഇതര ഭാഷകരുടെ മാതൃഭാഷാവകാശം
കേരളത്തിലെ അംഗീകരിക്കപ്പെട്ട ന്യൂനപക്ഷഭാഷകൾ മാതൃഭാഷയായി ഉള്ള കേരളീയർക്ക് അവരുടെ മാതൃഭാഷയിൽ സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാനും മറുപടി ലഭിക്കുവാനുള്ള സാഹചര്യം കേരളത്തിന്റെ ഔദ്യോഗിക ഭാഷാനിയമത്തിൽ പ്രാബല്യത്തിലുണ്ട്. എന്നാൽ ഇത് എല്ലായ്പ്പോഴും പ്രാവർത്തികമാകുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ന്യൂനപക്ഷ ഭാഷാസമൂഹത്തിന്റെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്. മാത്രമല്ല, കേരള പി.എസ്.സി. നടത്തുന്ന പരീക്ഷകൾ മലയാളം കൂടാതെ തമിഴ്, കന്നഡ എന്നീ ഭാഷകളിൽ എഴുതാനുള്ള സാഹചര്യവും കേരളത്തിലുണ്ട്. ഇവിടെ ഉന്നയിക്കാൻ ശ്രമിക്കുന്ന ഒരു പ്രധാനപ്രശ്നം കേരളത്തിലെ പൊതുഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ന്യൂനപക്ഷ ഭാഷാസമൂഹങ്ങൾക്ക് അവരുടെ മാതൃഭാഷയിൽ അറിയാൻ കഴിയുന്നുണ്ടോ എന്നതാണ്.
കേരളത്തിന്റെ പൊതുഭരണവും പൊതുവ്യവഹാരങ്ങളും കേരളജനതയ്ക്ക് മുഴുവൻ ബാധകമാണ്. കേരളജനത എന്നാൽ മലയാള ഭാഷകർ മാത്രമല്ല. മലയാളേതര ഭാഷകൾ സംസാരിച്ച് കേരളത്തിൽ ജീവിക്കുന്നവരും കേരളീയർ തന്നെയാണ്. പൊതുഭരണവുമായി ബന്ധപ്പെട്ട ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതുവഴി മലയാളം മാതൃഭാഷയായുള്ള ഭൂരിപക്ഷ ജനതയുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ അവകാശ സംരക്ഷണം ന്യൂനപക്ഷ ഭാഷാസമൂഹങ്ങൾക്ക് നീതിനിഷേധമായി മാറുന്നു എന്നാണ് പറയാൻ ശ്രമിക്കുന്നത്. കേരളത്തിലെ അംഗീകരിക്കപ്പെട്ട ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ എന്നീ ഭാഷകളിൽ കേരളത്തിന്റെ പൊതുഭരണ ഉത്തരവുകൾ ഇറങ്ങാറില്ല. കാരണം കേരളത്തിന്റെ ഔദ്യോഗിക ഭാഷയും ഭരണഭാഷയും മലയാളമാണ്.
ചുരുക്കത്തിൽ ഇവിടെ സംഭവിക്കുന്നത് മലയാളികളുടെ മാതൃഭാഷാവകാശം മലയാളേതര കേരളജനതയ്ക്ക് നീതിനിഷേധമായി മാറുന്നു.

സർവ്വകലാശാലകളിലെ
ഭരണഭാഷ
2024- ലെ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചുകൊണ്ട് കേരള സർവ്വകലാശാല ഇറക്കിയ ഉത്തരവ് മലയാളത്തിലായിരുന്നു. വിവിധ സംഘടനകളുടെയും ഭാഷാപ്രവർത്തകരുടെയും കുറേയേറെ നാളത്തെ ശ്രമഫലമായാണ് സർവ്വകലാശാലകളുടെ ഉത്തരവുകളിൽ ചിലതെങ്കിലും മലയാളത്തിൽ വരാൻ തുടങ്ങിയത്. എന്നാൽ സർവ്വകലാശാലകളിലെ ഭാഷാസാഹചര്യവും മേൽപ്പറഞ്ഞതുപോലെ തന്നെ ബഹുവിധമാണ്. കാരണം, മലയാളം മാതൃഭാഷയായിട്ടുള്ളവർ മാത്രമല്ല സർവ്വകലാശാലയിൽ വിദ്യാർത്ഥികളായും ഗവേഷകരായും ഉദ്യോഗസ്ഥരായും അദ്ധ്യാപകരായും എത്തുന്നത്. അതിൽത്തന്നെ ധാരാളം വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും സർവ്വകലാശാലകളിൽ പഠനഗവേഷണത്തിനായി എത്തുന്നുണ്ട്. മുൻപ് സൂചിപ്പിച്ചതുപോലെ ന്യൂനപക്ഷ സമൂഹങ്ങളിലുളളവരും ഗോത്ര- തീരദേശ ഭാഷകൾ മാതൃഭാഷയായുള്ളവരും കൂടി അടങ്ങുന്നതാണ് സർവ്വകലാശാല. ആയതിനാൽ സർവ്വകലാശാല ഉത്തരവുകൾ മലയാളത്തിൽ മാത്രം പ്രസിദ്ധീകരിക്കുന്നത് യുക്തമല്ല. മലയാളത്തിൽ മാത്രം പ്രസിദ്ധീകരിക്കുമ്പോൾ മറ്റു ഭാഷകരുടെ ജനാധിപത്യപരമായ അവകാശം ലംഘിക്കപ്പെടുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഉത്തരവുകൾ പ്രസിദ്ധീകരിക്കപ്പെടണം. അല്ലെങ്കിൽ ഭാഷാന്യൂനപക്ഷങ്ങളുടെ മാതൃഭാഷയിൽ തന്നെ അവർക്ക് വിവരങ്ങൾ അറിയാനുള്ള സാഹചര്യമുണ്ടാവണം. സർവ്വകലാശാലയുടെ ഉത്തരവുകൾ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലാകണം.
ഭാഷാവിവേചനവും
അപരവത്ക്കരണവും
ഭരണഘടനാപ്രകാരം, സർക്കാരിന്റെ പരിഗണനയിൽ ഒരു ദേശത്തെ ജനങ്ങൾ തുല്യതയുള്ള പൗരരാണ്. ഒരു ദേശത്ത് വസിക്കുന്ന എല്ലാ പൗരർക്കും തുല്യാവകാശവും തുല്യനീതിയുമാണ് ഉണ്ടാവേണ്ടത്. എന്നാൽ മിക്കയിടങ്ങളിലും അത് പാലിക്കപ്പെട്ടു കാണാറില്ല. പണം, ജാതി, മതം, ലിംഗപദവി, രാഷ്ട്രീയം ഇങ്ങനെ പല ഘടകങ്ങൾ പൗരസമൂഹത്തിൽ അനീതികൾ എക്കാലവും നിലനിർത്തിപ്പോരുന്നുണ്ട്. ഭാഷയിലും ഈ അനീതി പ്രകടമാകുന്നുണ്ട്. പല തരത്തിലുള്ള വിവേചനങ്ങൾ ഭാഷയിലൂടെയാണ് വെളിവാക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ ഉണ്മയെ ആവിഷ്കരിക്കുന്നത് ഭാഷയാണ്. ഭാഷയിലൂടെ ഈ വിവേചനം സമൂഹത്തിൽ അപരത്വം സൃഷ്ടിക്കുന്നുണ്ട്. ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന നിലയിലുള്ള വിവേചനം ഭാഷയിലും നിലനിൽക്കുന്നുണ്ട്. ഭൂരിപക്ഷ ഭാഷാസമൂഹത്തിന്റെ മാതൃഭാഷയെ മാത്രം മുൻനിർത്തിയുള്ള പൊതുഭരണവും മറ്റു സംവിധാനങ്ങളും ന്യൂനപക്ഷഭാഷാസമൂഹത്തെ അപരരാക്കി മാറ്റും. ഇത് ഭാഷവഴി സംജാതമാകുന്ന വിവേചനമാണ്. ഒരു ദേശത്തെ സംബന്ധിച്ച് ഭൂരിപക്ഷ ഇതര ഭാഷകരുടെ മാതൃഭാഷാ ജനാധിപത്യാവകാശത്തെ കൂടി പരിഗണിക്കേണ്ടതുണ്ട്. ഭരണഘടനാപരമായി പുലരേണ്ട തുല്യതയാണത്. കാരണം വിവിധ ഭാഷകൾ സംസാരിക്കുന്ന എല്ലാവരും ചേർന്നതാണ് ഒരു സംസ്ഥാനം. അവിടെ ഭരണഭാഷ വിവേചനരഹിതമായിരിക്കണം. അത് ഒരു നാട്ടിലെ എല്ലാ ഭാഷകരുടെയും ജനാധിപത്യാവകാശത്തെ സംരക്ഷിക്കുന്നതാവണം. ഭാഷ സ്വത്വത്തിന്റെ പ്രകാശനമായതുകൊണ്ടുതന്നെ ഭാഷ വഴിയുള്ള ഏത് വിവേചനവും അപരവത്കരണത്തെയാണ് കാണിക്കുന്നത്. ഈ അപരവത്ക്കരണം ഭാഷാപരമായി ജനതയെ ഭിന്നിപ്പിക്കും. ഒരു സംസ്ഥാനത്തെ എല്ലാ പൗരരെയും തുല്യരായി കാണുന്ന ഭാഷാസംസ്കാരമാണ് വളർന്നുവരേണ്ടത്.

ചുരുക്കത്തിൽ, നമ്മുടെ ഭാഷാസൂത്രണത്തിലും ഭാഷയെ മുൻനിർത്തിയുള്ള ഏതൊരു ആലോചനയിലും മലയാളത്തോടൊപ്പം, കേരളത്തിലെ ഇതര ഭാഷകളെ കൂടി പരിഗണിക്കേണ്ടതുണ്ട്. മലയാളം മാതൃഭാഷയായുള്ളവരുടെ ജനാധിപത്യാവകാശത്തോടൊപ്പം ന്യൂനപക്ഷ ഭാഷാസമൂഹങ്ങളുടെയും ഇതര ഭാഷകരുടെയും ജനാധിപത്യാവകാശവും സംരക്ഷിക്കപ്പെടണം. മലയാളം ഇതരഭാഷകർക്കുമേൽ ഒരു അധീശത്വഭാഷയായി മാറരുത്. മലയാള ഇതര ഭാഷകർക്ക് അവരുടെ മാതൃഭാഷയിൽ കാര്യങ്ങൾ അറിയുവാനുള്ള സാഹചര്യമുണ്ടാവണം. മലയാളാവകാശം എന്നതിലുപരി മാതൃഭാഷാവകാശം എന്ന നിലയിലേക്ക് ചർച്ചകൾ മാറണം. കേരളത്തിൽ പഠിക്കുന്നവരും തൊഴിൽ ചെയ്യുന്നവരുമായ വിദേശികൾക്ക് അവരുടെ മാതൃഭാഷയിൽ വിവരങ്ങൾ നൽകാനായില്ലെങ്കിലും ഇംഗ്ലീഷിൽ തന്നെ കൊടുക്കാനുള്ള സാഹചര്യമുണ്ടാവണം. കേരളത്തിലെ ഭൂരിപക്ഷഭാഷ മറ്റു ഭാഷകൾക്ക് മേൽ അധികാരരൂപമാകരുത്. കേരളത്തിലെ ഇതര ഭാഷകൾക്കുമേൽ മലയാളം ആധിപത്യം നേടുന്നത് സമൂഹത്തിൽ ഭാഷാപരമായ ഭിന്നത സൃഷ്ടിക്കും. ഇത് വിവേചനങ്ങൾക്ക് കാരണമാകും.
മലയാളം മാതൃഭാഷയായിട്ടുള്ളവരുടെ മനുഷ്യാവകാശം മലയാള ഇതര ഭാഷകരുടെ മനുഷ്യാവകാശലംഘനമായി മാറരുത്. കേരളത്തിലെ എല്ലാ ഭാഷകരെയും പരിഗണിച്ചുള്ള ഭാഷാനയരൂപീകരണവും ഭാഷാസൂത്രണവുമാണ് ഉണ്ടാവേണ്ടത്. അതാണ് നീതിയുടെ ഭാഷാരാഷ്ട്രീയം.