ഗ്രാമങ്ങളെ
നഗരമായി മാറ്റുമ്പോൾ;
തിടുക്കം വേണ്ട കേരളമേ…

സെൻസസ് ടൗണുകളെ നഗരതദ്ദേശസ്ഥാപനങ്ങളാക്കി മാറ്റാൻ കേരള ആസൂത്രണ ബോർഡ് മുന്നോട്ടുവെച്ച നിർദേശത്തിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിശോധിക്കുകയാണ് ആദിൽ മുഹമ്മദ് സെയ്ദ്.

കേരളത്തിലെ നഗരവൽക്കരണത്തിന്റെ യാഥാർഥ്യം തിരിച്ചറിയുന്നതിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ 15-ാം പഞ്ചവത്സര പദ്ധതി (2027–32) ശരിയായ ദിശയിലാണ്. എന്നാൽ, സെൻസസ് ടൗണുകളെ നഗരതദ്ദേശസ്ഥാപനങ്ങളാക്കി മാറ്റുന്നതിലൂടെ ധനകാര്യ വിഹിതം വർധിപ്പിക്കാമെന്ന പരിഹാരം നിയമപരമായും ധനകാര്യപരമായും ഭൂവിനിയോഗപരമായും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ജനവാസകേന്ദ്രങ്ങളെ നഗരങ്ങളായി പുനർവർഗീകരിച്ച ചൈനയുടെ അനുഭവം ഈ സമീപനത്തിന്റെ പരിമിതികൾ പരിശോധിക്കാൻ പ്രസക്തമായ താരതമ്യമാണ്.

പണം ലേബലിനെ പിന്തുടരില്ല

ഈ സമീപനത്തിന്റെ ആദ്യ പരിമിതി ധനകാര്യ കമ്മീഷന്റെ വിഹിതം നിർണയിക്കുന്ന മാനദണ്ഡങ്ങളിലാണ്. നഗര ലേബൽ കിട്ടിയാൽ പണം ഉറപ്പാണെന്ന് കരുതാൻ കഴിയില്ല. 15-ാം ധനകാര്യ കമ്മീഷന്റെ മില്യൺ- പ്ലസ് ഫണ്ടിന് കൊച്ചിയും കോഴിക്കോടും നഗരസമൂഹങ്ങളായി (അഗ്ലോമറേഷൻ) യോഗ്യത നേടിയത് ഒരു ലയനവും കൂടാതെയാണെന്ന് അധ്യായം തന്നെ സമ്മതിക്കുന്നു. എന്നാൽ 16-ാം കമ്മീഷൻ അളവുകോൽ മാറ്റി, ഭരണയൂണിറ്റുകളെ മാത്രമായി എണ്ണി. രണ്ട് കമ്മീഷനുകൾ, രണ്ട് അളവുകോലുകൾ, അഞ്ച് വർഷം വീതം കാലാവധി. 2031-നുശേഷം വരുന്ന 17-ാം കമ്മീഷൻ മാനദണ്ഡം വീണ്ടും മാറ്റിയാൽ, ഒരിക്കൽ നടത്തിയ ലയനം കേരളത്തിന് തിരിച്ചെടുക്കാനാകില്ല.

16-ാം കമ്മീഷൻ 10,000 കോടി രൂപയുടെ ‘അർബനൈസേഷൻ പ്രീമിയം’ വെച്ചിട്ടുണ്ട്. പെരി-അർബൻ ഗ്രാമങ്ങളെ നഗരസഭകളിൽ ലയിപ്പിക്കാനുള്ള ഒറ്റത്തവണ ഗ്രാന്റാണിത്. ഗ്രാന്റ് സംസ്ഥാനങ്ങൾക്കാണ് ലഭിക്കുക; ഉപാധി ലയനവും ഗ്രാമ- നഗര പരിവർത്തന നയവുമാണെന്ന് PRS സംഗ്രഹം വ്യക്തമാക്കുന്നു. 2011-ലെ ജനസംഖ്യ അടിസ്ഥാനമാക്കി ഒരാൾക്ക് 2,000 രൂപയാണ് ഈ ഇനത്തിൽ ലഭിക്കുകയെന്ന് പല്ലവി ലൗംഗാനിയും താരുൺ അറോറയും ‘ദ പ്രിന്റി’ൽ എഴുതിയിട്ടുണ്ട്. ഇതിനുപുറമെയാണ് 56,100 കോടി രൂപയുടെ അടിസ്ഥാനസൗകര്യ ഘടകം. 2011-ൽ 10 മുതൽ 40 ലക്ഷം വരെ ജനസംഖ്യയുള്ള 12 സംസ്ഥാനങ്ങളിലെ 22 നഗരങ്ങൾക്കാണ് ഇത് നീക്കിവെച്ചിരിക്കുന്നത്.

നഗര ലേബൽ കിട്ടിയാൽ പണം ഉറപ്പാണെന്ന് കരുതാൻ കഴിയില്ല. 15-ാം ധനകാര്യ കമ്മീഷന്റെ മില്യൺ- പ്ലസ് ഫണ്ടിന് കൊച്ചിയും കോഴിക്കോടും നഗരസമൂഹങ്ങളായി യോഗ്യത നേടിയത് ഒരു ലയനവും കൂടാതെയാണെന്ന് അധ്യായം തന്നെ സമ്മതിക്കുന്നു.

തിരുവനന്തപുരം കോർപ്പറേഷന്റെ 2011-ലെ ജനസംഖ്യ ഏകദേശം 9.6 ലക്ഷമാണ്; പരിധിക്ക് അര ലക്ഷത്തിൽ താഴെ മാത്രം കുറവ്. ‘സ്കെയിൽ’ വേണമെന്ന പദ്ധതിരേഖയിലെ വാദം ഈ അക്കത്തോട് ചേർത്ത് വായിക്കാതിരിക്കാൻ പ്രയാസമാണ്. 2021-ൽ 941 പഞ്ചായത്തുകളിൽ 398 എണ്ണത്തെ ‘ടൗൺ കേന്ദ്രീകൃത’ വിഭാഗമാക്കി, തീരദേശ പരിപാലന ചട്ടത്തിലെ (സി.ആർ.ഇസഡ്.) കർശന വ്യവസ്ഥകൾ ഒഴിവാക്കാൻ സംസ്ഥാനം ശ്രമിച്ചിരുന്നു; 2022 ജനുവരിയിൽ കേന്ദ്രം അത് തള്ളി. നഗരലേബൽ വഴി ചട്ടങ്ങളും ഫണ്ട് മാനദണ്ഡങ്ങളും മറികടക്കാനുള്ള നീക്കങ്ങൾക്ക് പരിധിയുണ്ട്.

ചൈനയിൽ ലേബൽ ജനങ്ങളുടെ ജീവിതത്തിന് മുന്നേ ഓടി. 2020-ൽ താമസക്കാരുടെ അടിസ്ഥാനത്തിൽ ചൈനയിലെ നഗരവൽക്കരണം 63.89 ശതമാനമായിരുന്നു; എന്നാൽ നഗര കുടുംബ രജിസ്ട്രേഷൻ (‘ഹുക്കൗ’) ഉള്ളവർ 45.4% മാത്രമായിരുന്നു (14-ാം പഞ്ചവത്സര നഗരവൽക്കരണ നടപ്പാക്കൽ രേഖ). 20 കോടിയിലേറെ ഗ്രാമീണർ നഗരവാസികളായത് നഗരത്തിലേക്ക് കുടിയേറിയിട്ടല്ല, മറിച്ച് അവർ താമസിച്ച ഗ്രാമങ്ങൾ കടലാസിൽ പുനർവർഗീകരിക്കപ്പെട്ടതിനാലാണെന്ന് ജുവാൻ ചെൻ, പിയറി ലാൻഡ്രി, ഡെബോറ ഡേവിസ് എന്നിവർ രേഖപ്പെടുത്തുന്നു.

2001, 2011 വർഷങ്ങളിലെ നഗര ജനസംഖ്യാ ശതമാനം അനുസരിച്ചുള്ള ജില്ലകളുടെ റാങ്കിംഗ്.
2001, 2011 വർഷങ്ങളിലെ നഗര ജനസംഖ്യാ ശതമാനം അനുസരിച്ചുള്ള ജില്ലകളുടെ റാങ്കിംഗ്.

1990–2014 കാലത്ത് ചൈനയിലെ നഗരഭൂമി വർഷം 5.5% വളർന്നപ്പോൾ നഗരജനസംഖ്യ 2.9 ശതമാനമേ വളർന്നുള്ളൂ. ഈ പിഴവ് തിരുത്താൻ ബെയ്ജിങ്ങിന് 2024 ജൂലൈയിൽ പുതിയ കർമപദ്ധതി ഇറക്കേണ്ടി വന്നു: പൊതുസേവനങ്ങൾ രജിസ്ട്രേഷൻ നോക്കിയല്ല, താമസം നോക്കി നൽകണമെന്നതായിരുന്നു തിരുത്തൽ. 2021 മുതൽ 2023 വരെ നാല് കോടിയിലേറെ ഗ്രാമീണ കുടിയേറ്റക്കാർക്ക് നഗര ഹുക്കൗ നൽകി. എന്നിട്ടും ചെറുതും ഇടത്തരവുമായ നഗരങ്ങളിൽ തൊഴിൽ സൃഷ്ടിക്കാൻ വ്യക്തമായ തന്ത്രമില്ലെന്ന് പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി: ലേബൽ കിട്ടിയവർക്ക് തൊഴിലും സേവനവും ഉറപ്പില്ല.

കേരളത്തിലും വേണ്ടത് ലേബലിനുമുമ്പ് തെളിവ് എന്ന ക്രമമാണ്. 2011-ലെ ഒന്നര പതിറ്റാണ്ട് പഴക്കമുള്ള കണക്കിൽ വിജ്ഞാപനം ഇറക്കിയ ശേഷം 2027 ഫെബ്രുവരിയിലെ സെൻസസ് വേറൊരു ജനസംഖ്യാ- തൊഴിൽ ചിത്രം കാണിച്ചാൽ ആര് ഉത്തരം പറയും?

ഒരു വഴി മാത്രമുള്ള വാതിലും
ആർട്ടിക്കിൾ 243ZD-യിലെ
അനുപാതവും

രണ്ടാമത്തേത് ഭരണഘടനാപരമാണ്: നഗരവൽക്കരണ വിജ്ഞാപനം ഇറക്കിക്കഴിഞ്ഞാൽ പുനർവർഗീകരണം എളുപ്പം തിരുത്താനാവില്ല.  2005-ൽ ചില നഗര പ്രദേശങ്ങളെ വീണ്ടും ഗ്രാമപഞ്ചായത്തുകളാക്കാൻ സംസ്ഥാന സർക്കാർ ഇറക്കിയ വിജ്ഞാപനങ്ങൾ (എസ്.ആർ.ഒ. 459 മുതൽ 462 വരെ) ‘കെ.പി. രവീന്ദ്രൻ v. സ്റ്റേറ്റ് ഓഫ് കേരള’ കേസിൽ (2005 ഓഗസ്റ്റ് 5, ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ) കേരള ഹൈക്കോടതി റദ്ദാക്കി. ആർട്ടിക്കിൾ 243Q ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കുള്ള മാറ്റം മാത്രമേ അനുവദിക്കുന്നുള്ളൂ എന്നും, തിരിച്ചുള്ള മാറ്റത്തിന് ഭരണഘടനയുടെ ഭാഗം IX-ലോ IXA-യിലോ വ്യവസ്ഥയില്ലെന്നുമായിരുന്നു കോടതി വിധി.

2011-ലെ ഒന്നര പതിറ്റാണ്ട് പഴക്കമുള്ള കണക്കിൽ വിജ്ഞാപനം ഇറക്കിയ ശേഷം 2027 ഫെബ്രുവരിയിലെ സെൻസസ് വേറൊരു ജനസംഖ്യാ- തൊഴിൽ ചിത്രം കാണിച്ചാൽ ആര് ഉത്തരം പറയും?

അതേസമയം, ഗ്രാമത്തിൽനിന്ന് നഗരത്തിലേക്കുള്ള മാറ്റത്തിന് ഭരണഘടന ഒരു ഇടഘടന നൽകുന്നുണ്ട്. ആർട്ടിക്കിൾ 243Q(1)(a) പ്രകാരം ‘ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കുള്ള പരിവർത്തനമേഖല’ക്കായി നഗർ പഞ്ചായത്ത് രൂപീകരിക്കാം. പഞ്ചവത്സര പദ്ധതിയുടെ 17-ാം അധ്യായം ഈ ഇടഘടനയെക്കുറിച്ച് മൗനം പാലിക്കുന്നു. കേരള മുനിസിപ്പാലിറ്റി നിയമത്തിൽ ആ വിഭാഗം ഇല്ലെങ്കിൽ ഭേദഗതിയിലൂടെ അത് ചേർക്കുകയാണ് വേണ്ടത്, നേരെ നഗരസഭയാക്കി മാറ്റുകയല്ല.

പഞ്ചായത്ത് നഗരസഭയാകുമ്പോൾ നഷ്ടപ്പെടുന്നത് ഭരണഘടനാപരമായ തരംതിരിവ് മാത്രമല്ല, ജീവനോപാധികളുമായി ബന്ധപ്പെട്ട അധികാരങ്ങളും അവകാശങ്ങളുമാണ്. 11-ാം ഷെഡ്യൂൾ കൃഷി, ഭൂവികസനം, ചെറുകിട ജലസേചനം, മത്സ്യബന്ധനം എന്നിവ പഞ്ചായത്തുകളുടെ പരിധിയിലാക്കുന്നു. നഗരസഭകൾക്കുള്ള 12-ാം ഷെഡ്യൂളിലെ 18 ഇനങ്ങളിൽ കൃഷിയില്ല. അതിലുപരി, ഗ്രാമീണ കുടുംബങ്ങൾക്ക് 125 ദിവസത്തെ തൊഴിൽ നിയമപരമായി ഉറപ്പുനൽകുന്ന വി.ബി.-ജി റാം ജി (വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ - ഗ്രാമീൺ) നിയമം 2026 ജൂലൈ ഒന്നു മുതൽ രാജ്യത്ത് പ്രാബല്യത്തിലുണ്ട്. ഒരു പഞ്ചായത്ത് നഗരസഭയാകുന്നതോടെ ആ പ്രദേശത്തെ തൊഴിലാളികൾക്ക് ഈ നിയമപരമായ തൊഴിലുറപ്പ് നഷ്ടമാകുമോ? അതെ എങ്കിൽ, നിയമപരമായ ഒരു അവകാശത്തിന് പകരം അവർക്ക് കിട്ടുന്നത് പുനഃക്രമീകരിക്കുമെന്ന് അധ്യായം പറയുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി മാത്രമായിരിക്കും. കേന്ദ്രത്തിൽ നിന്ന് രേഖാമൂലം വ്യക്തത കിട്ടുംവരെ ഇത്തരം പ്രദേശങ്ങൾ ലയിപ്പിക്കുന്നത് തൊഴിലാളികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാകും.

പഞ്ചായത്ത് നഗരസഭയാകുമ്പോൾ നഷ്ടപ്പെടുന്നത് ഭരണഘടനാപരമായ തരംതിരിവ് മാത്രമല്ല, ജീവനോപാധികളുമായി ബന്ധപ്പെട്ട അധികാരങ്ങളും അവകാശങ്ങളുമാണ്. നഗരസഭകൾക്കുള്ള 12-ാം ഷെഡ്യൂളിലെ 18 ഇനങ്ങളിൽ കൃഷി ഉൾപ്പെടുന്നില്ല.
പഞ്ചായത്ത് നഗരസഭയാകുമ്പോൾ നഷ്ടപ്പെടുന്നത് ഭരണഘടനാപരമായ തരംതിരിവ് മാത്രമല്ല, ജീവനോപാധികളുമായി ബന്ധപ്പെട്ട അധികാരങ്ങളും അവകാശങ്ങളുമാണ്. നഗരസഭകൾക്കുള്ള 12-ാം ഷെഡ്യൂളിലെ 18 ഇനങ്ങളിൽ കൃഷി ഉൾപ്പെടുന്നില്ല.

സമ്മതമാണ് ചൈന വൈകി പഠിച്ച മറ്റൊരു പാഠം. ഗ്രാമ ലയന പ്രചാരണത്തിന്റെ ഭാഗമായി ഷാൻഡോങ്ങിലെ ഡെഷോ നഗരത്തിൽ 2010 വരെയുള്ള രണ്ട് വർഷത്തിനുള്ളിൽ 60 ശതമാനത്തിലേറെ ഗ്രാമങ്ങൾ പൊളിച്ചുനീക്കിയതായി ‘സിക്സ്ത് ടോൺ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ കണ്ട ശേഷമാണ്, ബാധിതരുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ഗ്രാമ ലയനം പാടുള്ളൂ എന്ന് 2021-ലെ ‘ഒന്നാം നമ്പർ രേഖ’യിൽ ചൈന നിബന്ധന വെച്ചത്.

കേരളത്തിൽ ഈ സമ്മതത്തിനും പങ്കാളിത്തത്തിനും വ്യക്തമായ ഭരണഘടനാരൂപമുണ്ട്. ആർട്ടിക്കിൾ 243ZD(2)-ന്റെ പ്രൊവിസോ പ്രകാരം ജില്ലാ ആസൂത്രണ സമിതിയിലെ (ഡി.പി.സി.) അഞ്ചിൽ നാലിൽ കുറയാത്ത അംഗങ്ങൾ ജില്ലാ പഞ്ചായത്തിലെയും ജില്ലയിലെ നഗരസഭകളിലെയും അംഗങ്ങളിൽ നിന്ന്, ജില്ലയിലെ ഗ്രാമ- നഗര ജനസംഖ്യാനുപാതത്തിൽ തിരഞ്ഞെടുക്കപ്പെടണം. ഓരോ ലയനവും ആ അനുപാതം മാറ്റും. ആർട്ടിക്കിൾ 243ZD(3)(a)(i) ഡി.പി.സി.യോട് ആവശ്യപ്പെടുന്നത് സ്ഥലാസൂത്രണം, ജലം പോലുള്ള വിഭവങ്ങളുടെ പങ്കിടൽ, പരിസ്ഥിതി സംരക്ഷണം എന്നിവയിലെ പഞ്ചായത്ത്-നഗരസഭാ പൊതുതാൽപര്യം പരിഗണിക്കാനാണ്. ഭരണഘടന ഗ്രാമ-നഗര സന്തുലനത്തെ ഒരു അനുപാതമായി എഴുതിവെച്ചിരിക്കുമ്പോൾ, സമിതിയെ മറികടന്ന് എക്സിക്യൂട്ടീവ് വിജ്ഞാപനത്തിലൂടെ അത് മാറ്റുന്നത് ഭേദഗതിയില്ലാത്ത ഭേദഗതിയാണ്.

സ്വന്തം വസ്തുനികുതി കൃത്യമായി പിരിക്കാൻ കഴിയാത്ത സ്ഥാപനങ്ങളെ വിപണിവായ്പകളിലേക്ക് തള്ളിവിടുമ്പോൾ, അവയുടെ ആശ്രയം ഭൂമി പരിവർത്തന വരുമാനത്തിലേക്ക് ചുരുങ്ങും.

വടക്ക്-തെക്ക് ഇടനാഴിയെ ‘നഗരങ്ങളുടെ കൂട്ട’മായി ആസൂത്രണം ചെയ്യുമെന്നതാണ് അധ്യായത്തിലെ മറ്റൊരു നിർദേശം. അതിനും ഭരണഘടന മുന്നോട്ടുവെക്കുന്ന വഴി ലയനമല്ല. ആർട്ടിക്കിൾ 243P(c) പ്രകാരം പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള, ഒന്നിലധികം നഗരസഭകളോ പഞ്ചായത്തുകളോ ഉൾപ്പെട്ട പ്രദേശം ഗവർണർ വിജ്ഞാപനം ചെയ്താൽ ‘മെട്രോപൊളിറ്റൻ ഏരിയ’ ആകും; അവിടെ ആർട്ടിക്കിൾ 243ZE പ്രകാരം മെട്രോപൊളിറ്റൻ ആസൂത്രണ സമിതി (എം.പി.സി.) രൂപീകരിക്കണം.

2011-ൽ തന്നെ കൊച്ചി നഗരസമൂഹത്തിൽ 21.2 ലക്ഷം പേരുണ്ടായിരുന്നു. കൊച്ചിക്കും കോഴിക്കോടിനും ഇങ്ങനെയൊരു സമിതി ഇല്ലെങ്കിൽ ആദ്യം വേണ്ടത് ആ വിജ്ഞാപനമാണ്. ഒ.ഇ.സി.ഡി.യുടെ 2013-ലെ ‘റൂറൽ- അർബൻ പാർട്ണർഷിപ്സ്’ റിപ്പോർട്ടും ഇതേ നിഗമനത്തിലാണ് എത്തുന്നത്:
സാമ്പത്തിക-സാമൂഹിക ബന്ധങ്ങൾ ഭരണ അതിർത്തികൾ കടക്കുന്നതിനാൽ ലയനമല്ല, പങ്കാളിത്ത സംവിധാനമാണ് വേണ്ടത്. ഒ.ഇ.സി.ഡി. അംഗരാജ്യങ്ങളിലെ ഗ്രാമീണ ജനതയിൽ ഏതാണ്ട് 80 ശതമാനവും നഗരത്തിനടുത്താണ് താമസിക്കുന്നത്; എന്നിട്ടും അവരുടെ 2020-ലെ ‘റൂറൽ വെൽ-ബീയിങ്’ ചട്ടക്കൂട് ഗ്രാമത്തെ പ്രത്യേക നയവിഭാഗമായി നിലനിർത്തുകയും നഗരത്തെ പങ്കാളിയായി കാണുകയുമാണ് ചെയ്യുന്നത്. ചൈന പോലും 2024 ജൂലൈയിലെ നഗര കർമപദ്ധതിക്ക് പിന്നാലെ 2025 ജനുവരിയിൽ ഗ്രാമ സമഗ്ര പുനരുജ്ജീവന പദ്ധതി (2024–27) ഇറക്കി; 2023-ൽ 47.7 കോടി പേർ അവിടെ ഗ്രാമങ്ങളിലായിരുന്നു.

സെൻസസ് ടൗണുകളെ നഗരതദ്ദേശസ്ഥാപനങ്ങളാക്കി മാറ്റുന്നതിലൂടെ ധനകാര്യ വിഹിതം വർധിപ്പിക്കാമെന്ന പരിഹാരം നിയമപരമായും ധനകാര്യപരമായും ഭൂവിനിയോഗപരമായും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.
സെൻസസ് ടൗണുകളെ നഗരതദ്ദേശസ്ഥാപനങ്ങളാക്കി മാറ്റുന്നതിലൂടെ ധനകാര്യ വിഹിതം വർധിപ്പിക്കാമെന്ന പരിഹാരം നിയമപരമായും ധനകാര്യപരമായും ഭൂവിനിയോഗപരമായും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.

നിലവിലെ നഗരസഭകളുടെ ശേഷിയും
ഭൂമിയിൽ കൊടുക്കുന്ന വിലയും

മൂന്നാമതായി, നൂറുകണക്കിന് പഞ്ചായത്തുകളെ നഗരസഭകളാക്കാൻ നിർദേശിക്കുമ്പോൾ, നിലവിലുള്ള നഗര തദ്ദേശസ്ഥാപനങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരവും ഭരണശേഷിയും സാമ്പത്തിക അടിത്തറയും കൈവന്നിട്ടുണ്ടോ എന്ന അടിസ്ഥാന ചോദ്യം ആസൂത്രണ ബോർഡ് പരിശോധിക്കുന്നില്ല.

74-ാം ഭരണഘടനാ ഭേദഗതിയുടെ നടത്തിപ്പിനെക്കുറിച്ച് CAG 2022 ജൂൺ 28-ന് നിയമസഭയിൽ വെച്ച റിപ്പോർട്ട് (റിപ്പോർട്ട് നമ്പർ 3, 2022) ഇതിന് വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. 12-ാം ഷെഡ്യൂളിലെ ചുമതലകൾ ഭാഗികമായി മാത്രമേ നഗരസഭകൾക്ക് കൈമാറിയിട്ടുള്ളൂ എന്നും, കുടിവെള്ള വിതരണവും പരിപാലനവും പോലുള്ള അടിസ്ഥാന ചുമതലകൾ പോലും ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും ഓഡിറ്റ് കണ്ടെത്തി. നഗരസഭകളിൽ 982 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായും, വിനോദനികുതി പിരിക്കാത്തതിന് നഗരസഭകൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകിയില്ലെന്നും ആ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. നിലവിലെ നഗരസഭകൾക്ക് അടിസ്ഥാന ചുമതലകളും ജീവനക്കാരും ഉറപ്പാക്കാതെ പുതിയവ സൃഷ്ടിച്ചാൽ ഭരണപ്രതിസന്ധി ഇരട്ടിക്കുകയേ ഉള്ളൂ.

ധനസമാഹരണത്തിന്റെ കാര്യത്തിലും ഇതേ വിടവുണ്ട്. വലിയ നഗരസ്ഥാപനങ്ങൾക്ക് വിപണിയിൽ നിന്ന് വായ്പയെടുക്കാമെന്നും, പൊതുനിക്ഷേപം ഭൂമിക്കുണ്ടാക്കുന്ന മൂല്യവർധനയുടെ ഒരു ഭാഗം പിടിച്ചെടുക്കാമെന്നുമാണ് അധ്യായത്തിലെ ധനയുക്തി. ഈ വായ്പകളുടെ തിരിച്ചടവിന് അധ്യായം മുന്നോട്ടുവെക്കുന്ന ഉപാധി വസ്തുനികുതി പരിഷ്കാരമാണ്. എന്നാൽ 2024 ജൂലൈ 11-ന് നിയമസഭയിൽ വെച്ച CAG-യുടെ നാലാം നമ്പർ റിപ്പോർട്ടിലെ (അധ്യായം മൂന്ന്) പ്രകടന ഓഡിറ്റ് കണ്ടെത്തിയത്, നിലവിലെ നഗരസഭകളിൽ വസ്തുനികുതിനിർണയത്തിലും ചുമത്തലിലും പിരിവിലും കണക്കുസൂക്ഷിപ്പിലും ഗുരുതരമായ വീഴ്ചകളുണ്ടെന്നാണ്. സ്വന്തം വസ്തുനികുതി കൃത്യമായി പിരിക്കാൻ കഴിയാത്ത സ്ഥാപനങ്ങളെ വിപണിവായ്പകളിലേക്ക് തള്ളിവിടുമ്പോൾ, അവയുടെ ആശ്രയം ഭൂമി പരിവർത്തന വരുമാനത്തിലേക്ക് ചുരുങ്ങും.

ഓരോ നഗരസഭയും വിപണിയിൽ നിന്ന് വായ്പയെടുക്കും മുമ്പ് തങ്ങളുടെ വസ്തുനികുതി വരുമാനവും നിലവിലെ സാമ്പത്തിക ബാധ്യതകളും പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുന്നത് നിർബന്ധമാക്കണം.

ഇവിടെയാണ് കേരളം ഭൂമിയിൽ ഇതിനകം കൊടുത്ത വില പ്രസക്തമാകുന്നത്. കൃഷി വകുപ്പിന്റെയും 2024-ലെ സാമ്പത്തിക അവലോകനത്തിന്റെയും കണക്കനുസരിച്ച് 1970–71-ൽ 8.80 ലക്ഷം ഹെക്ടറിലായിരുന്ന കേരളത്തിലെ നെൽകൃഷി 2023–24-ൽ 1.78 ലക്ഷം ഹെക്ടറായി ചുരുങ്ങി. 2008-ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം ഈ ഇടിവിന്റെ വേഗം കുറച്ചെങ്കിലും നഷ്ടം നിർത്തിയില്ലെന്ന് 2024-ൽ എ.ജെ.എ.ഇ.ഇ.എസ്. ജേണലിൽ വന്ന പഠനം പറയുന്നു. ഏറ്റവും വലിയ നഷ്ടം എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ്. സംസ്ഥാനത്തെ 461 സെൻസസ് ടൗണുകളിൽ 128 എണ്ണം തൃശൂരിലും 47 എണ്ണം എറണാകുളത്തുമാണ് എന്നത് യാദൃച്ഛികമല്ല.

17-ാം അധ്യായം ഇവിടെ സ്വയം വിരുദ്ധമായ രണ്ട് കാര്യങ്ങൾ പറയുന്നു. നഗരപദ്ധതികൾ വെള്ളപ്പൊക്കം, ചൂട്, നീർവാർച്ച എന്നിവയുടെ അപകടസാധ്യത നോക്കി പരിശോധിക്കുമെന്നും തണ്ണീർത്തടങ്ങളും നീർച്ചാലുകളും അടിസ്ഥാനസൗകര്യമായി സംരക്ഷിക്കുമെന്നും അത് പ്രഖ്യാപിക്കുന്നു. അതേ അധ്യായത്തിൽ തന്നെയാണ് ഭൂമൂല്യവർധന വരുമാനമാക്കി വിപണി വായ്പ എടുക്കാനുള്ള നിർദേശവും.

ലോകബാങ്കിന്റെ ‘അർബൻ ചൈന’ പഠനം ചൂണ്ടിക്കാട്ടിയ അപകടം ഇതായിരുന്നു: ചൈനയിൽ ഭൂമിയുടെ നഗരവൽക്കരണം ജനങ്ങളുടേതിനേക്കാൾ വേഗത്തിലായി; അസന്തുലിതമായ ധനകാര്യ സംവിധാനം പ്രാദേശിക സർക്കാരുകളെ ഭൂമി പരിവർത്തന വരുമാനത്തെ ആശ്രയിക്കുന്നവയാക്കി മാറ്റി. നെൽവയൽ നികത്തി ഉയരുന്ന ഭൂമൂല്യത്തിൽ നിന്ന് വായ്പ തിരിച്ചടയ്ക്കേണ്ട ഒരു നഗരസഭ ആ വയൽ സംരക്ഷിക്കുമെന്ന് ആര് ഉറപ്പ് നൽകും?

17-ാം അധ്യായം ഇവിടെ സ്വയം വിരുദ്ധമായ രണ്ട് കാര്യങ്ങൾ പറയുന്നു. നഗരപദ്ധതികൾ വെള്ളപ്പൊക്കം, ചൂട്, നീർവാർച്ച എന്നിവയുടെ അപകടസാധ്യത നോക്കി പരിശോധിക്കുമെന്നും തണ്ണീർത്തടങ്ങളും നീർച്ചാലുകളും അടിസ്ഥാനസൗകര്യമായി സംരക്ഷിക്കുമെന്നും അത് പ്രഖ്യാപിക്കുന്നു.
17-ാം അധ്യായം ഇവിടെ സ്വയം വിരുദ്ധമായ രണ്ട് കാര്യങ്ങൾ പറയുന്നു. നഗരപദ്ധതികൾ വെള്ളപ്പൊക്കം, ചൂട്, നീർവാർച്ച എന്നിവയുടെ അപകടസാധ്യത നോക്കി പരിശോധിക്കുമെന്നും തണ്ണീർത്തടങ്ങളും നീർച്ചാലുകളും അടിസ്ഥാനസൗകര്യമായി സംരക്ഷിക്കുമെന്നും അത് പ്രഖ്യാപിക്കുന്നു.

ലേബലിനുമുമ്പ് വേണ്ട
നാല് തിരുത്തലുകൾ

നഗരവൽക്കരണം യാഥാർഥ്യമാണ്; അതിന് അനുയോജ്യമായ ഭരണ- ധനകാര്യ സംവിധാനങ്ങൾ കേരളത്തിന് വേണം. എന്നാൽ അതിലേക്കുള്ള വഴി എക്സിക്യൂട്ടീവ് വിജ്ഞാപനങ്ങളല്ല, വ്യക്തമായ നിയമ-സ്ഥാപന ക്രമീകരണങ്ങളാണ്.

2027 ഫെബ്രുവരിയിലെ സെൻസസ് ഫലം വരുന്നതുവരെ ഒരു പഞ്ചായത്തിനെയും നഗരസഭയാക്കി വിജ്ഞാപനം ചെയ്യരുത്. ഗ്രാമ-നഗര പരിവർത്തനനയം ഓരോ സെൻസസ് ടൗണിനെയും ആർട്ടിക്കിൾ 243Q(2)-ലെ അഞ്ച് ഘടകങ്ങളിൽ (ജനസംഖ്യ, ജനസാന്ദ്രത, തദ്ദേശ വരുമാനം, കാർഷികേതര തൊഴിൽ, സാമ്പത്തിക പ്രാധാന്യം) വിലയിരുത്തുന്ന പ്രസിദ്ധീകൃത ഓഡിറ്റോടെ മാത്രമേ നടപ്പാക്കാവൂ. കേരള മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതി വരുത്തി ആർട്ടിക്കിൾ 243Q(1)(a) പ്രകാരമുള്ള ‘നഗർ പഞ്ചായത്ത്’ എന്ന ഇടഘടന ഉൾപ്പെടുത്തണം.

പഞ്ചായത്തുകൾ നഗരസഭകളാകുമ്പോൾ വി.ബി.-ജി റാം ജി നിയമപ്രകാരമുള്ള 125 ദിവസത്തെ തൊഴിലുറപ്പ് നഷ്ടമാകുമോ എന്നതിൽ കേന്ദ്രത്തിൽ നിന്ന് രേഖാമൂലം വ്യക്തത നേടാതെ ഒരു ലയനവും പാടില്ല. ഓരോ പുനർവർഗീകരണവും ജില്ലയിലെ ഗ്രാമ-നഗര ജനസംഖ്യാനുപാതത്തെ എങ്ങനെ ബാധിക്കുമെന്ന് ആർട്ടിക്കിൾ 243ZD പ്രകാരം ജില്ലാ ആസൂത്രണ സമിതിക്ക് മുന്നിൽ വെക്കണം. ലയനത്തിന് പകരം, കൊച്ചിക്കും കോഴിക്കോടിനും ആർട്ടിക്കിൾ 243P(c)-ഉം 243ZE-ഉം പ്രകാരം മെട്രോപൊളിറ്റൻ ആസൂത്രണ സമിതികൾ വിജ്ഞാപനം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.

പുതിയ നഗരസഭകൾ രൂപീകരിക്കും മുമ്പ്, 2022-ലെയും 2024-ലെയും CAG റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ വീഴ്ചകൾ പരിഹരിക്കണം. നിലവിലെ നഗരസഭകളിൽ ഒഴിഞ്ഞുകിടക്കുന്ന 982 തസ്തികകൾ നികത്താനും, പന്ത്രണ്ടാം ഷെഡ്യൂളിലെ ശേഷിക്കുന്ന ചുമതലകൾ പൂർണമായി കൈമാറാനും, വസ്തുനികുതി നിർണയവും പിരിവും കുറ്റമറ്റതാക്കാനും സമയബന്ധിത പദ്ധതി വേണം.

2008-ലെ നെൽവയൽ- തണ്ണീർത്തട നിയമത്തിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുടെ മൂല്യം ഭൂമൂല്യ വരുമാനത്തിലോ (ലാൻഡ് വാല്യൂ ക്യാപ്ചർ) വായ്പയുടെ ഈടിലോ കണക്കാക്കുന്നത് നിയമത്തിലൂടെ വിലക്കണം. ഓരോ നഗരസഭയും വിപണിയിൽ നിന്ന് വായ്പയെടുക്കും മുമ്പ് തങ്ങളുടെ വസ്തുനികുതി വരുമാനവും നിലവിലെ സാമ്പത്തിക ബാധ്യതകളും പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുന്നത് നിർബന്ധമാക്കണം.

ആസൂത്രണ ബോർഡിന് തെറ്റിയത് ലക്ഷ്യത്തിലല്ല, ക്രമത്തിലാണ്. ചൈനയുടെ അനുഭവം കാണിക്കുന്നതുപോലെ, നഗരപദവി ആദ്യം നൽകി അവകാശങ്ങൾ പിന്നീട് പരിഗണിക്കുന്നതിനു പകരം, ആർട്ടിക്കിൾ 243Q(2) ആവശ്യപ്പെടുന്ന മാനദണ്ഡങ്ങളും തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങളും ഉറപ്പാക്കിയ ശേഷമേ പുനർവർഗീകരണം നടത്താവൂ.

Comments