എറണാകുളം തൃപ്പൂണിത്തുറയിൽ പുതിയകാവ് ക്ഷേത്രത്തിന് സമീപം കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന പടക്ക ശേഖരം പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. പെട്ടന്നുണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്. ഇവർ എറണാകുളം മെഡിക്കൽ കോളേജജിൽ ചികിത്സയിൽ കഴിയുകയാണ് ഇപ്പോൾ. പെട്ടന്നുണ്ടായ സ്‌ഫോടനത്തിൽ രണ്ട് കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനവുമുണ്ടായെന്നാണ് പറയപ്പെടുന്നത്. പെട്ടന്നുണ്ടായ പൊട്ടിത്തെറിയിൽ ചുറ്റുമുണ്ടായിരുന്ന വീടുകൾ ഉൾപ്പെടെ ഇരൂന്നൂറിലധികം കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. നാല് വീടുകളുടെ മേൽക്കൂര തകർന്നു. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടവും പടക്കങ്ങൾ കൊണ്ടുവന്ന വാഹനവും സമീപത്ത് നിർത്തിയിട്ടിരുന്ന കാറും ഉൾപ്പടെയുള്ളവയും സ്‌ഫോടനത്തിൽ കത്തി നശിച്ചു.
പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും സ്‌ഫോടനത്തിൽ സാരമായ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അര കിലോമീറ്റർ അകലെ വരെ സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ചു വീണു. ജനങ്ങൾ ദുരിതത്തിലായിരിക്കുന്നു. വീടുകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും അടർന്നു വീണുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് വൈദ്യുതിയും വെള്ളവും മുടങ്ങി. പരിസരത്തുള്ളവർ പലരും വീടൊഴിഞ്ഞു പോകുന്നു. പലർക്കും ഇപ്പോൾ തന്നെ ശ്വാസതടസവും ചുമയും അനുഭവപ്പെട്ടു തുടങ്ങി. പലരും ചികിത്സ തേടുന്നു. അപകടങ്ങൾ പറ്റിയവരെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ് നഗരസഭ.
പേമാരിയിൽ മാത്രം ദുരിതാശ്വാസ ക്യാമ്പുകളെ കണ്ടു പരിചയിച്ചിരുന്ന പുതിയകാവിലെ ജനങ്ങൾ ഇത്തവണ മഴയെത്തും മുമ്പേ ക്യാമ്പുകളിലായിരിക്കുന്നു. എന്നാൽ താത്കാലിക ആശ്വാസത്തിനായി നഗരസഭ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യമ്പുകളിൽ നിന്ന് പുതിയകാവ് നിവാസികൾക്ക് ഇനി എന്ന് മടങ്ങി പോകാൻ കഴിയും ? നഷ്ടപ്പെട്ട അവരുടെ വീടുകൾ ആര് തിരിച്ചു നൽകും ? അവരെ ആര് പുനരധിവസിപ്പിക്കും ? പലരും ലോണെടുത്തും മറ്റും വർഷങ്ങൾ സമയമെടുത്ത് ഉണ്ടാക്കിയ വീടാണ് നിമിഷങ്ങൾ കൊണ്ട് തകർന്ന് വീണത്. തകർന്നുപോയ ആ സ്വപന്ങ്ങൾ ഇനി ആര് തിരികെ കൊടുക്കും ? വർഷങ്ങളുടെ ആ അധ്വാനം ഒരു നിമിഷം കൊണ്ട് തകർത്തതിന് ആരാണ് ഉത്തരം പറയേണ്ടത് ?അങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധിയാണ് പുതിയകാവ് നിവാസികൾക്ക് മുന്നിൽ.
സ്‌ഫോടനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്ര കമ്മറ്റിക്ക് മാത്രമാണെന്ന നിലപാടിലാണ് തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലർമാർ. വീടും മറ്റും നഷ്ടപ്പെട്ടവർക്കും മറ്റ് സാമ്പത്തിക നഷ്ടങ്ങൾ സംഭവിച്ചവർക്കും ക്ഷേത്രം കമ്മറ്റി നഷ്ടപരിഹാരം നൽകണം. തുടരെത്തുടരെ ആറ് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. വെടിക്കെട്ട് നടത്തരുതെന്ന് ക്ഷേത്രം കമ്മറ്റിക്കും പടക്ക കരാറുകാർക്കും പൊലീസ് നിർദേശം നൽകിയിരുന്നു. വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിൽ നിന്നും അനുമതി ഉണ്ടായിരുന്നില്ലെന്ന് കളക്ടറും വ്യക്തമാക്കി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. നിലവിൽ എട്ടു വീടുകൾ പൂർണമായും തകർന്നെന്നാണ കണക്കുകൾ. ബലക്ഷയമുണ്ടായതും സാരമായ മറ്റ് കേടുകൾ സംഭവിച്ചതുമായ കെട്ടിടങ്ങളുടെ എണ്ണം കൂടെ കണക്കാക്കിയാൽ പരിക്കേറ്റ കെട്ടിടങ്ങളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. ഈ പൊളിഞ്ഞ കെട്ടിടങ്ങളും വീടുകളുമെല്ലാം പൂർവസ്ഥിതിയിലാക്കാൻ കോടികൾ ചെലവ് വരും. സ്‌ഫോടനത്തിന്റെ ഉത്തരവാദികൾ ആരാണോ അവർ നഷ്ടപരിഹാരം തരണമെന്നാണ് വീട് നഷ്ടപ്പെട്ടവരുടെ ആവശ്യം.
വെടിക്കെട്ട് നടക്കുന്ന മേഖലയിൽ ഇൻഷൂറൻസ് എടുക്കണമെന്നാണ് നിയമം. എന്നാൽ പുതിയകാവിൽ അപകടം നടന്ന സ്ഥലം ഇൻഷൂറൻസ് പരിധിക്ക് പുറത്താണ്. അതുകൊണ്ട് വീട് നഷ്ടപ്പെട്ടവർക്ക് ഇൻഷുറൻസ് തുകയും ലഭിക്കില്ലെന്ന സ്ഥിതിയാണ്. നഗരസഭയും കൈയ്യൊഴിഞ്ഞതോടെ തങ്ങളുടെ കുറ്റം കൊണ്ടല്ലാതെ അപകടത്തിൽ പെട്ട് പോയ പുതിയകാവ് നിവാസികൾക്ക് ആര് നഷ്ടപരിഹാരം നൽകുമെന്ന വലിയ ചോദ്യമാണ് ഇനി അവശേഷിക്കുന്നത്. ക്ഷേത്രം കമ്മറ്റി നഷ്ടപരിഹാരം നൽകാമെന്ന് ഏറ്റാൽ തന്നെ കേസിൽ ക്ഷേത്രം ഭാരവാഹികൾ പൊലീസ് പിടിയിലായാൽ ക്ഷേത്ര കമ്മറ്റിയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിവരും. തങ്ങളിറിഞ്ഞിട്ടില്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടേണ്ടവരല്ല പുതിയകാവിലെ ജനങ്ങൾ എന്ന് ഉത്തരവാദിത്തപ്പെട്ടവർ മനസിലാക്കണം.
പടക്ക സാമഗ്രികൾ പൊട്ടിത്തെറിച്ചോ വെടിക്കെട്ടിനിടെയോ ഉണ്ടാകുന്ന ആദ്യത്തെ അപകടമല്ല ഇത് എന്നുകൂടെ ഓർക്കണം. 2016 ൽ കൊല്ലം പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടം പുതിയകാവിലെ അപകടത്തിന്റെ ഗണത്തിൽ പെടുത്താവുന്നതാണ്. 110 ൽ അധികം ആളുകളാണ് അന്ന് അവിടെ കൊല്ലപ്പെട്ടത്. അതേവർഷം തന്നെ എറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലിക്ക് വെടിക്കെട്ട് തയ്യാറാക്കുന്ന തെക്കേ ചേരുവാരം വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിലും 2 മരണം സംഭവിക്കുന്നുണ്ട്. വെടിക്കെട്ട് അപകടങ്ങളുടെയോ പടക്ക ശേഖരം പൊട്ടിത്തെറിച്ചോ ഉണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടമായവരുടെ എണ്ണം ഏറെയാണ്.
സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവിറങ്ങിയത് കഴിഞ്ഞ വർഷം നവംബറിലാണ്. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഇപ്പോൾ പുതിയകാവ്് ക്ഷേത്രവും വെടിക്കെട്ടിന് തയ്യാറായെതെന്ന് വേണം മനസിലാക്കാൻ. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലായിരുന്നെന്നാണ് കള്ക്ടർ വ്യക്തമാക്കുന്നത്. ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കോടതി ഉത്തരവ് മറികടന്ന് ക്ഷേത്രം കമ്മറ്റി കൊണ്ടുവന്ന പടക്കശേഖരം പൊട്ടിത്തെറിച്ച് വീടു നഷ്ടപ്പെട്ട ജനങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ്. അത് പുതിയകാവിലെ ജനങ്ങളുടെ അവകാശമാണ്. അത് നിറവേറുക തന്നെ വേണം.