ജോജു, പെട്രോൾ, കോൺഗ്രസ് ; സമരം പാളിയതിന്റെ മൂന്ന് കാരണങ്ങൾ

ഇന്ധനവിലയിലെ സർക്കാർ നിയന്ത്രണങ്ങൾ എടുത്ത് ഒഴിവാക്കി എണ്ണ കമ്പനികൾക്ക് സ്വന്തം നിലയിൽ അത് ചെയ്യാവുന്ന അവസ്ഥയുണ്ടാക്കിയ മൻമോഹൻ സിങ്ങ് എന്ന കോൺഗ്രസുകാരൻ പ്രധാനമന്ത്രിയെ മറക്കാത്തപ്പോഴും കോൺഗ്രസ് നടത്തിയ സമരത്തിനൊപ്പം ആയിരുന്നു. സമരത്തിന്റെ കാരണത്തിനൊപ്പം തന്നെയാണ് ഇപ്പോഴും. എന്നാൽ സമര രീതിക്ക് ഒപ്പമല്ല. മൂന്ന് കാരണങ്ങളാണ് അതിനുള്ളത്.

നകീയ പ്രതിഷേധ മാർഗ്ഗങ്ങൾ എന്ന നിലയിൽ സമരങ്ങൾ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അന്തമില്ലാത്ത ഇന്ധന വിലവർദ്ധന പ്രതിഷേധം അർഹിക്കുന്ന ഒന്നാണ് എന്നതിലും സംശയമില്ല. അപ്പോൾ പിന്നെ കോൺഗ്രസ് സമരത്തിനൊപ്പമോ, ജോജുവിനൊപ്പമോ?

തീർച്ചയായും സമരത്തിനൊപ്പമായിരുന്നു. ഇന്ധനവിലയിലെ സർക്കാർ നിയന്ത്രണങ്ങൾ എടുത്ത് ഒഴിവാക്കി എണ്ണ കമ്പനികൾക്ക് സ്വന്തം നിലയിൽ അത് ചെയ്യാവുന്ന അവസ്ഥയുണ്ടാക്കിയ മൻമോഹൻ സിങ്ങ് എന്ന കോൺഗ്രസുകാരൻ പ്രധാനമന്ത്രിയെ മറക്കാത്തപ്പോഴും കോൺഗ്രസ് നടത്തിയ സമരത്തിനൊപ്പം ആയിരുന്നു. സമരത്തിന്റെ കാരണത്തിനൊപ്പം തന്നെയാണ് ഇപ്പോഴും. എന്നാൽ സമര രീതിക്ക് ഒപ്പമല്ല. മൂന്ന് കാരണങ്ങളാണ് അതിനുള്ളത്.

ഒന്ന്. നിരോധിക്കപ്പെട്ട ബന്ദും ഇന്നും നിലവിൽ ഉള്ള ഹർത്താലും ഉൾപ്പെടെയുള്ള സമര മാർഗ്ഗങ്ങൾക്കും ഒപ്പമാണ്. എന്നാൽ ഒന്നുരണ്ട് ഉപാധികൾ ഉണ്ട്. ഒന്ന്, സമരങ്ങൾ ജനങ്ങൾക്ക് എതിരെ അല്ല എന്നതുകൊണ്ട് തന്നെ അവരുടെ നിത്യജീവിതത്തിന് വെല്ലുവിളി ഉണ്ടാവാത്തവണ്ണം അത് മുൻ കൂട്ടി പ്രഖ്യാപിക്കുകയും പാൽ, പത്രം പോലെയുള്ള എസെൻഷ്യൽ സെർവിസിനെയും, ആശുപത്രി, ദീർഘ ദുര യാത്ര പോലെയുള്ള ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങൾ കൊണ്ട് ഉള്ള യാത്രകളെയും അതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തുകൊണ്ട് വേണം. ഇന്ന് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം നേരത്തെ പ്രഖ്യാപിച്ചത് തന്നെ. എന്നാൽ എറണാകുളം പോലെ മനുഷ്യർ യാത്രാ ക്ലേശം കൊണ്ട് പൊറുതിമുട്ടുന്ന ഒരു നഗരത്തിന്റെ ഹൈവേയ്ക്ക് കുറുകെ ആൾകൂട്ടം കൊണ്ട് അണകെട്ടി ഗതാഗതം തടഞ്ഞ് നിർത്തുമെന്ന് മുമ്പേ പ്രഖ്യാപിച്ചിരുന്നോ?

രണ്ട്, വൈദേശിക ആധിപത്യത്തിനെതിരെ, അവർ അടിച്ചെല്പിച്ച നിയമങ്ങൾക്ക് എതിരെ അല്ല, ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണ, പ്രതിപക്ഷ തലങ്ങളിൽ നിന്നുകൊണ്ടുള്ള സമരം എന്ന നിലയിൽ രാജ്യത്തിലെ നിയമങ്ങൾ അനുസരിച്ച് കൊണ്ട്, അതിന്റെ പരിധിയ്ക്കുള്ളിൽ നിന്നുകൊണ്ടാവണം സമരം. ഹൈവേയ്ക്ക് അരികിൽ ഗതാഗതം തടസപ്പെടുന്ന രീതിയിൽ സമ്മേളനങ്ങൾ പോലും പാടില്ല എന്ന് കോടതി പറയേ ഹൈവേയിൽ ഒരു മണിക്കൂർ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് നടത്താനിരിക്കുന്ന ഒരു സമരത്തിന് അനുമതി കിട്ടുമോ? ഇല്ല എന്ന് തന്നെയാണ് എറണാകുളത്തിന്റെ ഉത്തരവാദപ്പെട്ട ഒരു ഐ പി എസ് ഉദ്യോഗസ്ഥചുമതലയുള്ളയാൾ വ്യക്തമാക്കിയത്. ആ നിലയിൽ മുൻകുട്ടി പ്രഖ്യാപിക്കുകയോ, നിയമ സംവിധാനങ്ങളുടെ അനുമതി വാങ്ങുകയോ ചെയ്യാത്ത ഒരു സമര രീതിയെ ചോദ്യം ചെയ്യാൻ പൗരന് അവകാശമില്ലേ? പ്രതിപക്ഷ നേതാവ് തന്നെ ഇത്തരം സമരങ്ങളോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ല, അത് അവരെ അറിയിച്ചിരുന്നു എന്നാണ് പറഞ്ഞത്. തങ്ങളുടെ പാർട്ടിയുടെ അസംബ്ലിയിലെ നേതാവിന് പോലും വിയോജിപ്പ് ഉള്ള, അത് അയാൾ എക്സ്പ്രസ് ചെയ്ത ഒരു സമര രീതിയുമായി ഒരു പൗരന് വിയോജിപ്പ് ഉണ്ടാവാനോ, അത് പ്രകടിപ്പിക്കാനോ പാടില്ല എന്നത് എന്ത് യുക്തിയാണ്? ആ കാരണം കൊണ്ട് മാത്രം അയാളെ "ഗുണ്ട' എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത് എന്ത് രാഷ്ട്രീയ നൈതികതയാണ്?

മൂന്ന്. ഒരു വ്യക്തിയുടെ ന്യായമായ പ്രതിഷേധത്തെ സംഘടനാ ബലം ഉപയോഗിച്ച് അന്യായമായ ആരോപണ മഴയിൽ കുളിപ്പിച്ച് കിടത്താൻ ശ്രമിക്കുന്നത് എന്ത് രാഷ്ട്രീയമാണ്? ജോജുവിനെതിരേ എന്താണ്, ഏതാണ് എന്ന് ഒരു വിവരവും കിട്ടുന്നതിനുമുമ്പേ കേട്ടപാതി കേൾക്കാത്ത പാതി ഉത്തരവാദിത്തപ്പെട്ട പാർട്ടി അദ്ധ്യക്ഷൻ ഉൾപ്പെടെ നേരെ മദ്യപിച്ച് വന്ന് സമരത്തെ അലങ്കോലപ്പെടുത്തി , വനിതകളോട് അപമര്യാദയായി പെരുമാറി എന്നൊക്കെ ആരോപണം ഉന്നയിക്കുകയാണ്. അയാൾ മദ്യപിച്ചിട്ടില്ല എന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. രണ്ടാമത്തെ ആരോപണമോ? കണ്ണിൽ കണ്ട മാധ്യമങ്ങൾ ഒക്കെയും ക്യാമറ കണ്ണും തുറിച്ച് നിൽക്കുന്ന ഒരു സമരമുഖത്തേക്ക് വന്ന ജോജുവിനെ കുറിച്ചാണ് വനിതകൾക്ക് എതിരെ അപമര്യാദയായി പെരുമാറി എന്ന ഈ ഉണ്ടയില്ലാവെടി!

പൊതുരംഗത്തായാലും ഇനി കുടുംബത്തിൽ തന്നെ ആയാലും സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുവാനായി ഉണ്ടാക്കപ്പെട്ടിട്ടുള്ള പ്രത്യേക സ്ത്രീപക്ഷ നിയമങ്ങളും അവയുടെ കർശന സ്വഭാവവും ലിംഗപരമായ തുല്യത എന്ന വലിയൊരു സാമൂഹ്യ-രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തി ഉണ്ടാക്കപ്പെട്ടവയാണ്. തുല്യത, ലിംഗ നീതി എന്നൊക്കെ പറഞ്ഞാൽ ആചാരം ആചാരം എന്ന് മറുപടി പറയുന്നവരാണ് കോൺഗ്രസുകാർ എന്ന് അറിയാത്തതല്ല.

പറഞ്ഞുവരുമ്പോ സംഗതി വി ഡി സതീശൻ സൂചിപ്പിച്ചത് പോലെ ലളിതമാണ്. ഇന്ധന വിലവർദ്ധന പോലെയുള്ള അസംഖ്യം ജനകീയ പ്രശ്നങ്ങളിൽ ഒന്നിനെയും വേണ്ടപോലെ ഏറ്റെടുക്കാനും ജനങ്ങളെ അണിനിരത്തി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനും കോൺഗ്രസിന് അഖിലേന്ത്യാ തലത്തിൽ ഒരിടത്തും കഴിയുന്നില്ല എന്ന വിമർശനം നാലുപാടുനിന്നും ഉയരുന്നുണ്ട്. എങ്കിൽ പിന്നെ ഇത്തിരി കടുപ്പിച്ചെക്കാം എന്ന് വിചാരിച്ചപ്പോ അതും പ്രശ്നമായോ?

ബ്രോ, നിങ്ങൾ സമരം കടുപ്പിക്കേണ്ടത് സാധാരണ പൗരന്മാരുടെ നെഞ്ചത്തല്ല, സ്വന്തം രാഷ്ട്രീയ നിലപാടിലും അതിന്റെ എക്സിക്യുഷനിലും ആണ്. അതുകൊണ്ട് സമരത്തിന്റെ കോസിനൊപ്പം നിൽക്കുമ്പോൾ തന്നെ കേരള പ്രദേശ് കോൺഗ്രസ് ഏത് മഹത്തായ കോസിനുവേണ്ടി സമരം ചെയ്താലും ഒടുക്കം അവർ തനിനിറം കാണിക്കും എന്ന പതിറ്റാണ്ടുകൾ നീണ്ട അനുഭവത്തിന് പിന്നെയും ഒരു കയ്യൊപ്പ് മാത്രമേ ആയുള്ളൂ ഇതും.

Comments