ജൂലൈ 30-ന് പുലർച്ചെയാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളിൽ ഉരുൾപ്പൊട്ടൽ ഉണ്ടാകുന്നത്. 400-ലധികം പേർ ഈ ദുരന്തത്തിൽ മരണപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം നിരവധി പേരുടെ ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തിൽ ജീവൻ മാത്രം ബാക്കി ലഭിച്ച 2514 മനുഷ്യരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അവർക്ക് ഭയമില്ലാതെ ജീവിക്കാൻ നല്ലൊരു ഭാവിയെങ്കിലും വാഗ്ദാനം ചെയ്യേണ്ടതുണ്ട്. പ്രദേശത്തെ മനുഷ്യരുടെ വീടുകളും കെട്ടിടങ്ങളും തുടങ്ങി ഒരായുഷ്കാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഉരുളെടുത്തു. ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. ദുരന്ത നിവാരണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംവിധാനങ്ങൾ സജ്ജമാക്കി ദുരന്തം മറികടക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളുമെല്ലാം ചേർന്ന് അതികഠിനമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്. ദുരന്തം കഴിഞ്ഞ് 52 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ഒരു രൂപ പോലും സഹായം ലഭിച്ചിട്ടില്ല. ബി.ജെ.പി ഇതര സംസ്ഥാനങ്ങളോടുള്ള കേന്ദ്രസർക്കാറിന്റെ വിവേചനം ദുരന്തത്തിൽ പോലും മാറ്റമില്ലാതെ തുടരുകയാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
മഴക്കെടുതിയുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപയും പ്രളയമുണ്ടായ ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപയും ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തന്നെ മുൻകരുതലായി ബിഹാറിന് 11500 കോടി രൂപയും സഹായമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാരാണ് കേരളത്തിനോട് വലിയ അവഗണന കാണിക്കുന്നത്. കേന്ദ്ര സർക്കാർ പ്രളയ ദുരന്തം നേരിടാനുള്ള സഹായപദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ബിഹാർ, അസം, ഹിമാചൽ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചത്. ദുരന്തത്തിന്റെ പത്താം ദിവസം കേന്ദ്ര ഉന്നതതല സംഘവും പതിനൊന്നാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും വയനാട് സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. കേരളത്തിനോടൊപ്പം ഉണ്ടാകും എന്ന് പ്രഖ്യാപിച്ചായിരുന്നു മടക്കം. കൽപറ്റയിൽ ചേർന്ന അവലോകനയോഗത്തിൽ സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം നൽകിയിരുന്നു. എന്നാൽ വിശദമായ നിവേദനം നൽകാൻ പ്രധാനമന്ത്രി നിർദേശിച്ചു.
നാശനഷ്ടത്തിന്റെ ആഘാതം വ്യക്തമാക്കുന്ന വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. തുടർന്നാണ് മുണ്ടക്കൈയിൽ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധി (എൻഡിആർഎഫ്) യുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയ്യാറാക്കി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയത്. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തിയാണ് കേരളം അടിയന്തര സഹായംതേടി കേന്ദ്രത്തിനു നിവേദനം നൽകിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. അതിനും മറുപടിയൊന്നുമുണ്ടായില്ല. കേന്ദ്ര സഹായത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം, സംസ്ഥാനം കണക്ക് തരൂ തന്നാൽ വേണ്ടത് ചെയ്യുമെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്ന, കേരളത്തിൽ നിന്നുള്ള ബി.ജെ.പി എംപിയും കേന്ദ്ര-സഹ മന്ത്രിയുമായ സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നെല്ലാം ഇപ്പോൾ ഒഴിഞ്ഞു മാറുകയാണ്.
മഴക്കെടുതിയുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപയും പ്രളയമുണ്ടായ ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപയും ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തന്നെ മുൻകരുതലായി ബിഹാറിന് 11500 കോടി രൂപയും സഹായമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാരാണ് കേരളത്തിനോട് വലിയ അവഗണന കാണിക്കുന്നത്.
സംസ്ഥാനത്തിന് സഹായം നൽകാതിരിക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കൾ തന്നെ ശ്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല. മറിച്ച് അവകാശമാണെന്നും റിയാസ് പറഞ്ഞു. ദുരന്തത്തിൽ നിന്നും അതിജീവിക്കാൻ പ്രയത്നിക്കുന്ന കേരളത്തെ പാടെ അവഗണിക്കുകയും സഹായധനത്തിന് കണക്ക് കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന കേന്ദ്രം യാതൊരു കണക്കുമില്ലാതെ തന്നെ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ അടിയന്തര സഹായം ഉറപ്പുവരുത്തുന്നുണ്ട്. ഇതിന് പിന്നിലെ രാഷ്ട്രീയം ഫെഡറൽ തത്വങ്ങൾക്കെതിരാണെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും സംസ്ഥാനങ്ങൾക്ക് നൽകേണ്ട, ദുരന്തമുണ്ടാകുമ്പോൾ വേഗത്തിൽ നൽകിയിരുന്ന തുകയാണ് എൻ.ഡി.ആർ.എഫ് ഫണ്ട്. ഇത് പൂർണമായും കേന്ദ്രമാണ് നൽകുന്നത്. സാധാരണ നിലയിൽ സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട വിഹിതമാണ് എസ്.ഡി.ആർ.എഫ്. എസ്.ഡി.ആർ.എഫിൽ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്.
2021 - 26 വർഷത്തേക്കുള്ള കേരളത്തിന്റെ എസ്.ഡി.ആർ.എഫ് വിഹിതം 1852 കോടി രൂപയാണ്. എല്ലാ ജൂൺ മാസവും ആ വർഷത്തേക്കുള്ള ആദ്യ വിഹിതം നൽകും. ഡിസംബറിൽ രണ്ടാം ഗഡുവും നൽകും. ഈ കാലയളവിൽ ആന്ധ്രപ്രദേശിന് 6591 കോടി രൂപയും ഗുജറാത്തിന് 7802 കോടി രൂപയും യു.പിക്ക് 11369 കോടി രൂപയുമാണ് കേന്ദ്രം നൽകുന്ന എസ്.ഡി.ആർ.എഫ് വിഹിതം. കേരളത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ ലഭിക്കേണ്ട 291 കോടി രൂപയിൽ ആദ്യ ഗഡുവായ 145.6 കോടി രൂപ മാത്രമാണ് ഇതുവരെ നൽകിയത്. വയനാട് ദുരന്തമുണ്ടായിട്ടും രണ്ടാം ഗഡു പിടിച്ചുവെച്ചുവെന്നത് കേന്ദ്ര അവഗണനയുടെ ആഴം കൂട്ടുന്നുണ്ട്.
ദുരന്തത്തിൽ നിന്നും അതിജീവിക്കാൻ പ്രയത്നിക്കുന്ന കേരളത്തെ പാടെ അവഗണിക്കുകയും സഹായധനത്തിന് കണക്ക് കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന കേന്ദ്രം യാതൊരു കണക്കുമില്ലാതെ തന്നെ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ അടിയന്തര സഹായം ഉറപ്പുവരുത്തുന്നുണ്ട്.
2024 - 25 വർഷത്തെ മറ്റ് സംസ്ഥാനങ്ങളുടെ എസ്.ഡി.ആർ.എഫ് വിഹിതം കൂടി നോക്കുമ്പോൾ ഇതിലെ വൈരുദ്ധ്യം കൃത്യമാകും. ആന്ധ്രപ്രദേശ് 1036 കോടി, ബിഹാർ 1311 കോടി, ഗുജറാത്ത് 1226 കോടി, മധ്യപ്രദേശ് 1686 കോടി, മഹാരാഷ്ട്ര 2984 കോടി, ഒഡീഷ 1485 കോടി, രാജസ്ഥാൻ 1372 കോടി, ഉത്തർപ്രദേശ് 1791 കോടി എന്നിങ്ങനെ മറ്റ് സംസ്ഥാനങ്ങൾക്ക് ഈ സാമ്പത്തികവർഷം എസ്.ഡി.ആർ.എഫിൽ കേന്ദ്ര വിഹിതമായി നൽകുമ്പോഴാണ് കേരളത്തിന് 291 കോടി രൂപ ലഭിക്കുന്നത്. ഇതേ കണക്കിൽ ഉത്തർപ്രദേശിന് 1791 കോടി രൂപ കേന്ദ്ര വിഹിതം പ്രഖ്യാപിച്ചതിൽ 1748 കോടി രൂപയും ആദ്യ വിഹിതമായി നൽകിയിട്ടുമുണ്ട്.
ദുരന്തമുണ്ടാകുമ്പോൾ അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതമാണ് എൻ.ഡി.ആർ.എഫ് ഫണ്ട്. ഇത് പൂർണമായും കേന്ദ്ര വിഹിതമാണ്. കേന്ദ്രമാണ് ഈ ഫണ്ട് മുഴുവനായും നൽകുന്നത്. ഒരു ദുരന്തം സംഭവിച്ചാൽ കേന്ദ്രത്തിന് വളരെ പെട്ടന്ന് നൽകാൻ കഴിയുന്ന വിഹിതമാണ് ഇത്. എന്നാൽ എൻ.ഡി.ആർ.എഫിൽ നിന്നും കേരളത്തിന് ഇതുവരെ ഒന്നും നൽകിയിട്ടില്ല. കർണാടകയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ 3454.22 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം എൻ.ഡി.ആർ.എഫിൽ നിന്ന് നൽകിയത്. സിക്കിമിന് 221.122 കോടി രൂപയും തമിഴ്നാടിന് 276.10 കോടി രൂപയും ഹിമാചൽ പ്രദേശിന് 66.92 കോടി രൂപയും ഈ സാമ്പത്തിക വർഷത്തിൽ എൻ.ഡി.ആർ.എഫ് ഫണ്ടിൽ നിന്ന് പ്രഖ്യാപിച്ചു. അത് കൂടാതെയാണ് ഇപ്പോൾ തെലങ്കാനയ്ക്കും ആന്ധ്ര പ്രദേശിനും പ്രഖ്യാപിച്ച 3448 കോടി രൂപ.
ദുരന്തമുണ്ടാകുമ്പോൾ അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതമാണ് എൻ.ഡി.ആർ.എഫ് ഫണ്ട്. എന്നാൽ എൻ.ഡി.ആർ.എഫിൽ നിന്നും കേരളത്തിന് ഇതുവരെ ഒന്നും നൽകിയിട്ടില്ല.
വയനാട് ദുരന്തം ഉണ്ടായ ആദ്യഘട്ടത്തിൽ തന്നെ കേരളത്തിൽ നിന്നുള്ള എം.പിമാർ രാജ്യസഭയിലും പാർലമെന്റിലും അടിയന്തിര കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനൊന്നും കൃത്യമായൊരു മറുപടി കേന്ദ്രസർക്കാറിന് ഉണ്ടായിരുന്നില്ല. ദുരന്തങ്ങളിൽ സംസ്ഥാനങ്ങളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്നും വയനാട് ദുരന്തത്തിൽ നാളിത് വരെ കേന്ദ്ര സഹായം ലഭിക്കാത്തത് പ്രതിഷേധാർഹമാണെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി. ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“സംസ്ഥാനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറത്തുള്ള ധനബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്തങ്ങളിൽ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. പാർലമെന്റ് പാസാക്കിയ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിൽ തന്നെ വ്യക്തമായ വ്യവസ്ഥകളുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ നടക്കാത്തത് കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ സഹായവും ലഭ്യമാക്കേണ്ട ആവശ്യം വരുന്നത്. ദുരന്തത്തിന് ശേഷം ഉണ്ടായിട്ടുള്ള നഷ്ടവും, നഷ്ടത്തിന്റെ തോതും അതിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ പരിധിയുമെല്ലാം നാഷണൽ ഡിസാസ്റ്റർ മാനെജ്മെന്റ് ആക്ടിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. ആ ആക്ടിന്റെ പിൻബലത്തിൽ വന്നിട്ടുള്ള ചട്ടങ്ങളുടെയും റെഗുലേഷൻസിന്റെയും അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചു കൊടുക്കുന്നത്. ആ മാനദണ്ഡത്തിനനുസരിച്ച് സംസ്ഥാനങ്ങൾ നിവേദനം നൽകുകയും ചെയ്യുന്നു. നിവേദനങ്ങൾ നൽകാതെ തന്നെ കേന്ദ്രത്തിന് അടിയന്തര സാഹചര്യം പരിഗണിച്ച് താൽക്കാലിക ധന സഹായം നൽകുകയും ചെയ്യാം. പക്ഷെ സ്വാഭാവികമായ നടപടി ക്രമമനുസരിച്ച് സംസ്ഥാനങ്ങൾ നൽകുന്ന നിവേദനം കൂടി പരിഗണിച്ചാണ് ഫണ്ട് നൽകുന്നത്. വയനാട് ഉണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് നാളിത് വരെ ഒരു തരത്തിലുള്ള ധന സഹായവും നൽകിയില്ലെന്നത് പ്രതിഷേധാർഹമായ കാര്യമാണ്” - എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ഇത്ര വലിയൊരു ദുരന്തത്തെ അതിജീവിച്ചിട്ടും മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന അടിയന്തിര സഹായം പോലും കേരളത്തിന് നൽകിയില്ലെന്നും, ഇത്തരം വിഷയങ്ങളെ ജനങ്ങളുടെ പ്രശ്നമായി കണക്കാക്കി അവർക്ക് സഹായം ഉറപ്പിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും രാജ്യസഭാഗം എ.എ റഹീം ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു. “പുരോഗമന സ്വഭാവം നിലനിർത്തുന്ന കേരളത്തോടും മലയാളികളോടും സംഘപരിവാറിന് കടുത്ത വെറുപ്പാണുള്ളത്. ബജറ്റ് അലോക്കേഷനിലും റെയിൽവേ വികസനത്തിലും കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിലും കേരളത്തിന് സഹായം അനുവദിക്കുന്നതിലും ആ വെറുപ്പ് കാണാൻ കഴിയും. ആ വെറുപ്പിന്റെ തുടർച്ചയാണ് ഇപ്പോഴും കാണുന്നത്,” റഹീം പറഞ്ഞു.
“ദുരന്തങ്ങൾക്ക് മുൻകരുതലെടുക്കാനായി ചെയ്യേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഈ അവഗണനയുണ്ട്. കേരളത്തിൽ അതിതീവ്രമഴയെ പ്രവചിക്കാനുള്ള പ്രാദേശികമായ അത്യാതുനിക സംവിധാനങ്ങൾ നിലവിലില്ല. ഇതുണ്ടായിരുന്നെങ്കിൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നു. കൊച്ചിയിൽ ഒരു റഡാറാണ് ആകെയുള്ളത്. അത് തന്നെ സാങ്കേതികമായി പഴക്കമുള്ളതാണ്. പിന്നെയുള്ളത് തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒ-യുടെ റഡാറാണ്. മലബാർ മേഖലയിൽ ഒരു റഡാർ പോലും നിലവിലില്ല. ഇടുക്കി, കോട്ടയം പോലെയുള്ള മലയോര മേഖലയിലേക്ക് മിനി ഡോക്ളർ റഡാർ അനുവദിക്കണമെന്ന് എത്രയോ കാലമായി ചോദിക്കുന്നുണ്ട്. 2013 മുതൽ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണിത്. പക്ഷെ തന്നിട്ടില്ല” റഹീം വ്യക്തമാക്കി.
2012 മുതൽ ദുരന്തങ്ങളുടെ പേരിൽ സംസ്ഥാനം ആകെ ആവശ്യപ്പെട്ടത് 16000 കോടിയിലധികം രൂപയാണ്. അതിൽ ആകെ ഇത്രയും വർഷങ്ങൾക്കിടയിൽ കിട്ടിയത് 3146 കോടി രൂപ മാത്രമാണ്. ഇതിനിടയിലാണ് ദുരന്ത മേഖലയിൽ ചെലവഴിച്ച പെരുപ്പിച്ച തുകയുടെ കള്ളക്കണക്കെന്ന വാർത്ത പുറത്തുവന്നത്. മാധ്യമങ്ങൾ തന്നെ തള്ളിപ്പറഞ്ഞ ആ വാർത്തയുടെ ചുവടുപിടിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ പറഞ്ഞത് ദുരന്തത്തെ കൊള്ളയടിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാണ്. കേന്ദ്ര സർക്കാരിൽ നിന്ന് നോംസ് അനുസരിച്ച് സാധ്യമായതിന്റെ പരമാവധി ചോദിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ഈ രീതിയാണ് കാലങ്ങളായി എല്ലാ സംസ്ഥാനവും ചെയ്യുന്നതെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റി അംഗമായ ഡോ.ശേഖർ ലൂക്കോസ് കുര്യാക്കോസ് പ്രതികരിച്ചത്.
“2018-ലെ പ്രളയത്തിൽ എയർഫോഴ്‌സുമായി ബന്ധപ്പെട്ട ബിൽ വന്നത് 2019-ലാണ്. 102 കോടി രൂപയായിരുന്നു ബിൽ. ഇത് ക്ലെയിം ചെയ്തപ്പോൾ കിട്ടിയത് 70 കോടി രൂപയാണ്. ഇത്തരത്തിലുള്ള വ്യത്യാസം സംസ്ഥാന സർക്കാരിന് എൻ.ഡി.ആർ.എഫിൽ നിന്ന് ചോദിക്കാം. സെർച്ച് ആൻഡ് റെസ്‌ക്യൂ കോസ്റ്റിൽ വരുന്ന ചെലവുകൾ ആക്ച്വൽസിൽ ക്ലെയിം ചെയ്യാം എന്നാണ് മാനദണ്ഡം. ബില്ല് വരുമ്പോൾ എന്താണോ കോസ്റ്റ് അതാണ് ആക്ച്വൽസ്. ഇത്രയും തുകയാണ് ബിൽ വരുന്നതെന്ന് എങ്ങനെ അറിയാൻ പറ്റും. അത് കൊണ്ട് ചട്ടങ്ങളോടെ പ്രവർത്തിക്കുന്ന പ്രക്രിയകളോടുള്ള മുഖം തിരിഞ്ഞ സമീപനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് നോംസ് അനുസരിച്ച് സാധ്യമായതിന്റെ പരമാവധി ചോദിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഈ രീതിയാണ് കാലങ്ങളായി എല്ലാ സംസ്ഥാനവും ചെയ്യുന്നതും” - ഡോ.ശേഖർ ലൂക്കോസ് കുര്യാക്കോസ് പറഞ്ഞു.
2012 മുതൽ ദുരന്തങ്ങളുടെ പേരിൽ സംസ്ഥാനം ആകെ ആവശ്യപ്പെട്ടത് 16000 കോടിയിലധികം രൂപയാണ്. അതിൽ ആകെ ഇത്രയും വർഷങ്ങൾക്കിടയിൽ കിട്ടിയത് 3146 കോടി രൂപ മാത്രമാണ്.
പ്രധാനമന്ത്രി കേരളത്തിൽ വരുന്നതിന് തൊട്ട് തലേ ദിവസം കേന്ദ്രസംഘം കേരളത്തിൽ വന്നിരുന്നു. അവരോട് ചർച്ച ചെയ്ത് തീരുമാനിച്ചതിന്റെ ഭാഗമായാണ് മെമ്മോറാണ്ടം നൽകേണ്ടത്. മെമ്മോറാണ്ടത്തിൽ ഒരു പ്രൊജക്ടഡ് സഖ്യ പറഞ്ഞാൽ അതിന് ഫീൽഡിൽ അത്രയും ചെലവ് വരുമോയെന്നും മറ്റ് കാര്യങ്ങൾക്ക് എത്ര ചെലവ് വരുമെന്നും പരിശോധിക്കാനാണ് കേന്ദ്രത്തിൽ നിന്ന് ഒരു സംഘം വരുന്നത്. ആ സംഘം ഫീൽഡിൽ പോയിട്ടുണ്ട്. അവർ കാര്യങ്ങൾ മനസിലാക്കിയതിന്റെ വെളിച്ചത്തിൽ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. ആ ശുപാർശയുടെ ഫലമായാണ് ദേശീയ ദുരന്ത നിധിയിൽ നിന്ന് സംസ്ഥാന ദുരന്ത നിധിയിലേക്ക് എത്ര തുകയാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നത്. നിയമപരമായാണ് ഇതെല്ലാം നടക്കേണ്ടത്. മെമ്മോറാണ്ടം കൊടുക്കുന്നത് അടിയന്തര സഹായത്തിന് വേണ്ടിയാണ്. ആ സഹായം പോലും ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടില്ല.
ഓരോ ദുരന്തത്തിന്റെയും വ്യാപ്തി, തീവ്രത, ആവശ്യമായ ദുരിതാശ്വാസ സഹായത്തിന്റെ അളവ്, വിഷയം കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ കഴിവ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണു കേന്ദ്രം ഒരു ദുരന്തത്തെ അതീവഗൗരവമുള്ള ദുരന്തമായി പരിഗണിക്കുക. ഏതെങ്കിലും ദുരന്തത്തെ ദേശീയ ദുരന്തമായി നിർവചിക്കാൻ നിശ്ചിത മാനദണ്ഡവുമില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട്, പത്താം ധനകാര്യ കമ്മീഷൻ (1995-2000) നിർദേശത്തിൽ, സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുകയാണെങ്കിൽ ദുരന്തത്തെ 'അപൂർവമായ തീവ്രതയുള്ള ദേശീയ ദുരന്തം' എന്ന് വിളിക്കാമെന്നുണ്ട്. എന്നാൽ, 'അപൂർവ തീവ്രതയുടെ ദുരന്തം' എന്താണെന്ന് പ്രത്യേകമായി നിർവചിച്ചിട്ടില്ല. 2013-ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014-ലെ ആന്ധ്രാപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും തീവ്രമായ ദുരന്തങ്ങളായി തരംതിരിച്ചിട്ടുണ്ട്. ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് പിന്തുണ നൽകേണ്ടി വരും. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായവും കേന്ദ്രം പരിഗണിക്കേണ്ടി വരും. അതിനാലാണ് വയനാട് ദുരന്തത്തെ ആ ഗണത്തിൽ പെടുത്താനും കേന്ദ്ര സർക്കാർ മടിക്കുന്നത്.