‘അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരനു സുഖത്തിനായി വരേണം'
ശ്രീനാരായണ ഗുരുവിൻ്റെ ഈ വാക്യം സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ധാരാളമായി ഷെയർ ചെയ്യപ്പെടുകയാണിപ്പോൾ. കാലികമായി വളരെ പ്രാധാന്യമർഹിക്കുന്നതുകൊണ്ടാകാമത്. സാമൂഹ്യനീതിയ്ക്കും തുല്യതയ്ക്കും വരേണ്യ വർണ്ണാധികാരത്തിനുമെതിരായി രൂപപ്പെട്ടൊരു സംഘടന, വർത്തമാനകാലത്ത് എത്തപ്പെട്ടിരിക്കുന്ന ജീർണ്ണതയുടെ ആഴം ചെറുതല്ല. അപര വിദ്വേഷവും വെറുപ്പും വംശീയതയും ഇടതടവില്ലാതെ പറയുന്നൊരു ജനറൽ സെക്രട്ടറി, 1903 മുതലുള്ള ആ സംഘടനയുടെ ചരിത്രത്തിൽ വേറെയാരുമുണ്ടാകില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുക. വെറുപ്പ് പരത്തുക, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കെതിരെ.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിൻ്റെ പരാജയം സംബന്ധിച്ച എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ കണ്ടെത്തിയതും വിശദീകരിച്ചതും മുസ്‍ലിം വെറുപ്പാണ്. അത് സ്ഥലജലവിഭ്രാന്തി ബാധിച്ചിട്ടൊന്നുമല്ല. ബോധപൂർവ്വമായ ഈ വിദ്വേഷത്തിൻ്റെ ദിശാസൂചിക എങ്ങോട്ടേയ്ക്കാണെന്നത് സാമാന്യബുദ്ധിയിൽ തന്നെ തെളിയുന്നതാണ്. വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുളള മുസ്‍ലിം വിരുദ്ധ പ്രസ്താവനകളും അദ്ദേഹത്തിൻ്റെ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള കൂറും രാഷ്ട്രീയമായി ഈഴവരെ സംഘപരിവാറുമായി അടുപ്പിക്കുന്നതിൽ വിജയിക്കുന്നുവെന്ന് ഓരോ തെരഞ്ഞെടുപ്പ് ഫലവും സൂചിപ്പിക്കുന്നു. ഈഴവ വിഭാഗങ്ങളുടെ ഈ പൊളിറ്റിക്കൽ പാരഡൈംഷിഫ്റ്റ് ഏറ്റവുമധികം രാഷ്ട്രീയമായി തകർക്കുക സി പി എം ഉൾപ്പെടുന്ന ഇടതുപക്ഷത്തെയായിരിക്കും.
മുസ്‍ലിം പ്രീണനമാണ് ഇടതുപക്ഷത്തിൻ്റെ പരാജയ കാരണമെന്ന് പറയുമ്പോൾ, പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് ഉപരിപഠനത്തിന് ആവശ്യമായ സീറ്റില്ലെന്ന കാരണത്തിൽ മലബാറിൽ സമരം നടക്കുന്ന സമയമാണിതെന്നോർക്കണം.
ലൗ ജിഹാദ് വിഷയത്തിൽ മധ്യകേരളത്തിലെ ചില സിറിയൻ ക്രൈസ്തവ സഭകൾ നടത്തിയിരുന്ന ആരോപണങ്ങൾക്ക് സമാനമാണ് വെള്ളാപ്പള്ളിയുടെ വെളിപാടുകൾ. കണക്കുകളോ തെളിവുകളോ ഇല്ലാതെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് അപരരായ മനുഷ്യരെ ശത്രുവത്ക്കരിക്കുക എന്ന ഫാഷിസ്റ്റ് തന്ത്രമാണ് വെളളാപ്പള്ളിയും പയറ്റുന്നതെന്നത് എന്ന് വ്യക്തം. സാധാരണക്കാരായ സമുദായ അംഗങ്ങളുടെ മനസ്സിലേക്ക് പരമാവധി മുസ്‍ലിം വിരുദ്ധത സൃഷ്ടിക്കുക. ദൗർഭാഗ്യവശാൽ ഇതൊക്കെ വിജയം കാണുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്. തൃശൂരിലെ ബി ജെ പിയുടെ വിജയവും സംസ്ഥാനത്ത് അവരുണ്ടാക്കിയ മുന്നേറ്റവും ഇത്തരം വെറുപ്പൂട്ടി വളർത്തലിൻ്റെ പരിണിതി കൂടിയാണ്. ദൗർഭാഗ്യവശാൽ ഭരണകൂടവും പ്രതിപക്ഷവും കട്ടപിടിച്ച മൗനം തുടരുകയാണ്.
ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയങ്ങൾ ഉന്നയിച്ചപ്പോൾ എന്തെങ്കിലും കണക്കുകൾ നിരത്തിയല്ല ക്രൈസ്തവസഭകൾ നുണകൾ പരത്തിയത്. ഊഹാപോഹങ്ങളും സംഘപരിവാർ വാദങ്ങളും ഏറ്റുപിടിച്ചുള്ള ഉരുണ്ടുകളികളാണ്. സമാനമായ രീതിയിലാണ് വെള്ളാപ്പള്ളിയുടെ മുസ്‍ലിം പ്രീണന ആക്ഷേപം.
കേരളത്തെക്കാൾ എണ്ണത്തിലും വിഭവങ്ങളിലും മുസ്‍ലിംകൾ പിന്നാക്കമായ ഗുജറാത്തിൽ രണ്ടര പതിറ്റാണ്ടായി ബി ജെ പി അധികാരത്തിലിരിക്കുന്നത് ഇസ്‌ലാമിനെ ഭീകരവത്ക്കരിച്ച് ഭയം സൃഷ്ടിച്ചാണ്. മതേതരത്വം അവിടെ ഇന്ന് ആർക്കും വേണ്ടാത്ത ചരക്കാണ്. ഗുജറാത്തിൽ അങ്ങനെ സാധിക്കുമെങ്കിൽ, നാലിലൊന്നിൽ കൂടുതൽ മുസ്‍ലിം ജനസംഖ്യയുള്ള, മെച്ചപ്പെട്ട സാമ്പത്തികശേഷിയും അധികാര പങ്കാളിത്തവുമുള്ള കേരളത്തിൽ, മുസ്‍ലിമിനെ പ്രതിസ്ഥാനത്താക്കി ഒരു ഹിന്ദു ഏകീകരണം നടത്തുകയെന്നത് ഇന്ത്യയിലെ ഹിന്ദുത്വയ്ക്ക് ഒരാകാശ കുസുമമൊന്നുമല്ല. അത്തരമൊരു ഏകീകരണത്തിൻ്റെ പകുതിയെങ്കിലും വിജയിച്ചാൽ, ഏത് അധികാര കേന്ദ്രത്തോടും ചേർന്നുനിൽക്കുന്ന, സംരക്ഷിക്കാൻ ധാരാളം ഭൗതിക സംരംഭങ്ങളുള്ള കേരളത്തിലെ ക്രൈസ്തവ സഭകൾ ഹിന്ദുത്വക്കൊപ്പം ചേരാൻ പിന്നെ വലിയ കാലതാമസമൊന്നും വേണ്ടിവരില്ല.
സംസ്ഥാന രൂപീകരണത്തിനുശേഷം ഓരോ ജാതി മത സമൂഹങ്ങളിലും ഉണ്ടായിട്ടുള്ള പുരോഗതിയും അവരുടെ യഥാർത്ഥ ജനസംഖ്യയും സംബന്ധിച്ച വിശദമായ ഒരു കണക്കെടുപ്പ് എന്ന നിലയിലാണ് സാമൂഹ്യ - സാമ്പത്തിക ജാതി സെൻസെസ് ചർച്ച ചെയ്യപ്പെട്ടത്. ജനാധിപത്യപരമായ ഈ ആവശ്യത്തെ തള്ളിക്കളഞ്ഞ പിന്നാക്ക സമുദായ നേതാവാണ് വെള്ളാപ്പള്ളി നടേശൻ. ആ വിഷയത്തിൻ്റെ മെരിറ്റും അതിൻ്റെ സാമൂഹ്യമായ പ്രസക്തിയും ചർച്ച ചെയ്യുന്നതിനു പകരം, കോൺഗ്രസിൻ്റെ ഇലക്ഷൻ സ്റ്റണ്ടാണ് എന്ന് പറഞ്ഞ് ആ ആശയത്തെപ്പോലും നിരാകരിച്ച വ്യക്തിയാണദ്ദേഹം. ഇപ്പോൾ, പിന്നാക്കരുടേയും പട്ടിക വിഭാഗങ്ങളുടേയും മിശിഹ ചമയാൻ ശ്രമിക്കുന്നത്.
എത്രമാത്രം വൈരുദ്ധ്യവും കാപടവുമാണിത്.
13 ശതമാനത്തിനുതാഴെ മാത്രമുള്ള വേറൊരു സമുദായം, സംസ്ഥാനത്തെ 50 ശതമാനം ക്യാബിനറ്റ് പദവികളിലിരിക്കുന്നതിനെക്കുറിച്ച് വെള്ളാപ്പള്ളിക്ക് മിണ്ടാട്ടമില്ല. കാരണം അങ്ങോട്ടുകയറി വിമർശിച്ചാൽ ഹിന്ദുത്വവാദികൾ കണ്ണുരുട്ടും. മകൻ്റെ കേന്ദ്രമന്ത്രി സ്ഥാനമോഹത്തിന് മങ്ങലേൽക്കും. ചിലപ്പോ ഇ ഡി വീട്ടിലും വന്നേയ്ക്കാം.
വെള്ളാപ്പള്ളിയുടെ ലക്ഷ്യം വ്യക്തിപരമായതും മാർഗ്ഗം സമുദായത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയവുമാണ്. താല്പര്യം ഈഴവ സമുദായത്തിൻ്റെതല്ല. ആണെങ്കിൽ അദ്ദേഹം പറയണം. ഈഴവരുടെ എന്തവകാശമാണ് പിണറായിയെ സമ്മർദ്ദത്തിലാക്കി മുസ്‍ലിം സമൂഹം തട്ടിയെടുത്തതെന്ന്. അർദ്ധസത്യങ്ങളേയും അസത്യങ്ങളേയും വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുകയെന്ന ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ തന്ത്രമാണ് വെള്ളാപ്പളളി നടപ്പാക്കുന്നത്. അദ്ദേഹത്തെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ വീഴ്ത്താനുള്ള വാരിക്കുഴികൾ തീർക്കുകയാണ് സംഘപരിവാർ. ഒരു നൂറ്റാണ്ടോടടുക്കുന്ന ഹിന്ദുത്വ നാളിതുവരെ ചെയ്ത രാഷ്ട്രീയവും ഇതുതന്നെയാണ്.
മറ്റു പിന്നാക്ക വിഭാഗങ്ങളിലും പട്ടിക വിഭാഗങ്ങളിലും ചാരിനിന്നാണ് വെള്ളാപ്പള്ളി മുസ്‍ലിം വിരുദ്ധത പ്രചരിപ്പിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം.പിമാരിൽ അഞ്ചുപേർ മുസ്‍ലിംകളാണ് എന്നതാണ് ഏറ്റവും പുതിയ പ്രചാരണം. അവർ രണ്ടു മുന്നണിയിൽപ്പെട്ടവരാണെന്നത് മറച്ചു പിടിക്കുന്നു. 27 ശതമാനത്തോളം വരുന്ന ഒരു സമുദായത്തിന് റൊട്ടേഷനിൽ അഞ്ചു എം പി മാരുണ്ടായത് മഹാ അപരാധമായാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ. 13 ശതമാനത്തിനുതാഴെ മാത്രമുള്ള വേറൊരു സമുദായം, സംസ്ഥാനത്തെ 50 ശതമാനം ക്യാബിനറ്റ് പദവികളിലിരിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് മിണ്ടാട്ടമില്ല. കാരണം അങ്ങോട്ടുകയറി വിമർശിച്ചാൽ ഹിന്ദുത്വവാദികൾ കണ്ണുരുട്ടും. മകൻ്റെ കേന്ദ്രമന്ത്രി സ്ഥാനമോഹത്തിന് മങ്ങലേൽക്കും. ചിലപ്പോ ഇ ഡി വീട്ടിലും വന്നേയ്ക്കാം.
സംസ്ഥാനം ജനാധിപത്യത്തിന് വഴിമാറിയ കാലം മുതൽ ഒരു സർക്കാരുകളിലും പട്ടിക വിഭാഗങ്ങൾക്ക് ഒന്നിൽ കൂടുതൽ പ്രാതിനിധ്യം ലഭ്യമായിട്ടില്ല. 2011- ലെ ഉമ്മൻചാണ്ടി സർക്കാരിൽ എ.പി. അനിൽകുമാറും പി.കെ. ജയലക്ഷ്മിയും ഒരുമിച്ച് മന്ത്രിമാരായതൊഴിച്ചാൽ.
പി.കെ. ജയലക്ഷ്മി മന്ത്രിയായത് യു ഡി എഫിൽ വേറെ സ്ത്രീകളാരും ജയിച്ചുവരാത്ത സാഹചര്യത്തിലാണെന്നുകൂടി ഓർക്കണം. ഇന്ത്യയിൽ പട്ടിക വിഭാഗങ്ങളെ, ഭരണഘടനാപരമായ പ്രാതിനിധ്യം നോക്കിമാത്രം മന്ത്രിമാരാക്കുന്ന ഏക സംസ്ഥാനവും 'പുരോഗമന' കേരളമാണ്. ഇതര സംസ്ഥാനങ്ങളിലെ മന്ത്രിസഭകളെ പരിശോധിച്ചാൽ പ്രാതിനിധ്യത്തിൻ്റെ ജനാധിപത്യ സ്വഭാവം മനസ്സിലാകും. മറ്റെല്ലാ സംസ്ഥാനങ്ങളിലും പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം കേരളത്തിനേതിനെക്കാൾ മുകളിലാണ്. പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിൽ എട്ടുപേർ പട്ടിക വിഭാഗക്കാരാണ്. കേരളത്തിൽ നിങ്ങൾക്കുവേണ്ടി ഞങ്ങൾ ഭരിച്ചോളാം എന്ന പോളിസിയാണ് ഇടതു - വലതു മുന്നണികളുടെ നയം. വിശ്വകർമ്മ, വണിക വൈശ്യ, ധീരവ തുടങ്ങിയുള്ള ധാരാളം മറ്റു ഹിന്ദു പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട എത്ര പേരെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നിയമസഭ കാണിച്ചിട്ടുണ്ട്.? മന്ത്രിമാരാക്കിയിട്ടുണ്ട്.?
അവർ യോഗ്യരല്ലാത്തതുകൊണ്ടാണോ? ഈ ജനാധിപത്യവിരുദ്ധതയെയാണ് കേരളം മുന്നണി രാഷ്ട്രീയം എന്ന പേരിൽ ആഘോഷിക്കുന്നത്. തൃശൂരിൽ നിന്ന് ഈ വിഭാഗത്തിൽപ്പെട്ട ഒരാൾ 2019- ൽ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2024-ൽ അതുംകൂടി ഒഴിവാക്കി കോൺഗ്രസ് നേതൃത്വം. പട്ടിക വിഭാഗങ്ങളുടേയും മറ്റു പിന്നാക്ക വിഭാഗങ്ങളുടേയും അധികാര പങ്കാളിത്ത കാര്യങ്ങളിലൊന്നും വായ തുറക്കാത്ത, പിന്നാക്കക്കൂറ് കാണിക്കാത്ത വെള്ളാപ്പള്ളി നടേശൻ ഇപ്പോഴെന്തിനാണ് മറ്റു പിന്നാക്കരേയും പട്ടിക വിഭാഗങ്ങളേയും ചാരി മുസ്‍ലിം വിരുദ്ധത പറയുന്നത്. ഇതൊരു സംഘപരിവാർ ശൈലിയാണ്. വിശാല ഹിന്ദു ഐക്യമെന്ന രാഷ്ട്രീയ പൊള്ളത്തരത്തിൻ്റെ രീതിയാണിത്.
ഇന്ത്യയിൽ ദലിത് വിഭാഗങ്ങൾ ഏറ്റവുമധികം കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടുള്ളതും ആക്രമിക്കപ്പെട്ടിട്ടുള്ളതും സവർണ്ണ ഹിന്ദുക്കളാലാണ്. ആ ഘട്ടങ്ങളിലെല്ലാം പ്രത്യക്ഷമായും പരോക്ഷമായും സവർണ ഹിന്ദുക്കളോട് ചേർന്നുനിൽക്കുന്ന നിലപാടാണ് ഹിന്ദുത്വവാദികൾ സ്വീകരിച്ചിട്ടുള്ളത്. ഏതെങ്കിലും വിഷയങ്ങളിൽ മുസ്‍ലിംകൾ പ്രതിസ്ഥാനത്താണെങ്കിൽ ഹിന്ദു ഐക്യ കാർഡും ഭൂരിപക്ഷ വികാരവും പുറത്തെടുക്കും.
2011- ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയെ ഉൾപ്പെടുത്തിയപ്പോൾ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇതേ ഭൂരിപക്ഷ വികാരം പറഞ്ഞ് കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷത്തെ മലീമസമാക്കി. അന്നും മുസ്‍ലിം വിരുദ്ധതയായിരുന്നു ആയുധം. ആ ഭൂരിപക്ഷ പ്രേമം എങ്ങനെയാണ് ഒത്തുതീർപ്പായതെന്ന് എല്ലാവർക്കുമറിയാം.
ബി ഡി ജെ എസിന് ഒരു ആശയരാഷ്ട്രീയത്തിൻ്റെ പിൻബലമില്ല. മറിച്ച് ഗുരു ജീവിതത്തിലുടനീളം എതിർത്ത സവർണ ഹിന്ദുവിൻ്റെ രാഷട്രീയബോധത്തെ ബി ഡി ജെ എസ് സ്വന്തം ആശയമാക്കി മാറ്റുകയാണ് ചെയ്തത്.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലം മുതൽ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്ന വെള്ളാപ്പള്ളി വ്യക്തിപരമായ നേട്ടങ്ങളൊക്കെ നേടിയെടുത്തു. ഇന്ന് ഇടതുപക്ഷം കേരളത്തിൽ ദുർബലപ്പെടുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇടത് രാഷ്ട്രീയ വോട്ടുകളിൽ വ്യതിയാനം സംഭവിക്കുന്നു. പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയചിന്തയിൽ മാറ്റം ഉണ്ടാകുന്നതായി തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ബദലാകുന്നത് ഹിന്ദുത്വയാണെന്ന് വെള്ളാപ്പള്ളി കണക്കുകൂട്ടുന്നു. ഒപ്പം കേരള രാഷ്ട്രീയത്തിൽ മകൻ്റെ ബി ഡി ജെ എസ് എന്ന അസ്ഥിത്വമില്ലാത്ത രാഷ്ട്രീയ പാർട്ടിയും.
ശ്രീനാരായണ ദാർശനികതയിലാണ് പാർട്ടി ഉണ്ടാക്കിയതെങ്കിലും ഹെഡ്ഗേവാറിൻ്റെ ദർശനങ്ങളിലാണ് അവർക്ക് താല്പര്യം. എന്നാൽപ്പിന്നെ അതിലങ്ങ് ചേർന്നാൽ പോരെയെന്നത് വേറെ ചോദ്യം.
ദേശീയ തലത്തിൽ ബി ജെ പി നേതൃത്വം കൊടുക്കുന്ന എൻ ഡി എ യിൽ അംഗങ്ങളായ ധാരാളം കക്ഷികളുണ്ട്. ബിഹാറിൽ ജെ ഡി യു. ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), മഹാരാഷ്ട്രയിൽ അജിത് പവാറിൻ്റെ എൻ സി പി, ആന്ധ്രയിൽ ടി ഡി പി, കർണ്ണാടകയിൽ ജെ ഡി എസ്, തമിഴ്നാട്ടിൽ പി എം കെ, 2019- ൽ എ ഡി എം കെ അങ്ങനെ ധാരാളം കക്ഷികൾ. ഈ പാർട്ടികൾക്കെല്ലാം അവരുടേതായ ആശയവും രാഷ്ട്രീയവുമുണ്ട്. അധികാരത്തിനായും പ്രാദേശികമായ രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ടും ബി ജെ പിയുമായി കൂട്ടുകൂടിയവരാണവർ. പക്ഷെ അവിടെയാണ് ബി ഡി ജെ എസിൻ്റെ അസ്ഥിത്വമില്ലായ്മ വേറിട്ടുനിൽക്കുന്നത്.
ബി ജെ പി യെപ്പോലെ അപര വിദ്വേഷവും മുസ്‍ലിം വിരോധവുമാണ് ബി ഡി ജെ എസിൻ്റെയും രാഷ്ട്രീയം. ഹിന്ദുത്വയുടെ വടക്കേപ്പുറത്ത് കുടിൽ കെട്ടിക്കിടക്കുന്ന കുടികിടപ്പുകാരാണ് നടേശ - തുഷാർ വെള്ളാപ്പള്ളിമാർ.
കേരളത്തിലെ ഒരു വിഭാഗം ശ്രീനാരായണീയരെ കൂട്ടിയാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ്റെ പിന്തുണയിൽ മകൻ തുഷാർ വെള്ളാപ്പള്ളി ബി ഡി ജെ എസ് രൂപീകരിച്ചത്. സ്വാഭാവികമായും ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത മാനവികതയുടെയും ചാതുർവർണ്യത്തിനെതിരായതുമായ ഒരു രാഷ്ട്രീയ ദാർശനികതയാണ് മലയാളി പ്രതീക്ഷിച്ചതെങ്കിൽ, അതെല്ലായെന്നുമാത്രമല്ല, ഗുരു അദ്ദേഹത്തിൻ്റെ ജീവിതധാരയിലുടനീളം എതിർത്ത ചാതുർവർണ്യ രാഷ്ട്രീയത്തിൻ്റെ വാഴ്ത്തുപാട്ടുകാരായി ബി ഡി ജെ എസ് അധഃപതിക്കുകയും ചെയ്തു. അതായത് ബി ഡി ജെ എസിന് ഒരു ആശയരാഷ്ട്രീയത്തിൻ്റെ പിൻബലമില്ല. മറിച്ച് ഗുരു ജീവിതത്തിലുടനീളം എതിർത്ത സവർണ ഹിന്ദുവിൻ്റെ രാഷട്രീയബോധത്തെ ബി ഡി ജെ എസ് സ്വന്തം ആശയമാക്കി മാറ്റുകയാണ് ചെയ്തത്. യാതൊരു അസ്ഥിത്വവുമില്ലാതെ ഹിന്ദുത്വയുടെ രാഷട്രീയ മേൽവിലാസങ്ങളിൽ നീതിവിചാരം നഷ്ടപ്പെട്ട കൂട്ടരാണ് ബി ഡി ജെ എസ്.
ബി ജെ പി യെപ്പോലെ അപര വിദ്വേഷവും മുസ്‍ലിം വിരോധവുമാണ് ബി ഡി ജെ എസിൻ്റെയും രാഷ്ട്രീയം. ഹിന്ദുത്വയുടെ വടക്കേപ്പുറത്ത് കുടിൽ കെട്ടിക്കിടക്കുന്ന കുടികിടപ്പുകാരാണ് നടേശ - തുഷാർ വെള്ളാപ്പള്ളിമാർ. ഒരു സമൂഹത്തിൻ്റെ ജീർണ്ണതയ മാനവികതയുടെ മൂല്യങ്ങൾ ഉയർത്തി കെട്ടിപ്പടുക്കുന്ന പ്രക്രിയയെയാണ് നവോത്ഥാനമെന്ന് പറയുന്നത്. സമൂഹത്തെ മുന്നോട്ട് നടത്തലാണത്. അത്തരം പ്രക്രീയയ്‌ക്ക് തുടർച്ചയുണ്ടാവണം. എങ്കിലേ നീതിവിചാരം സമൂഹത്തിൻ്റെ ചാലകശക്തിയാകൂ എന്ന ധാരണയിലാണ് നവോത്ഥാന സംരക്ഷണ സമിതി രൂപം കൊണ്ടത്. രൂപം കൊടുത്തവർ തന്നെ തകിടം മറിഞ്ഞപ്പോൾ ഉറച്ചുനിന്നവർ വിട്ടുപോയി. സർക്കാരിൻ്റെ നയമാറ്റത്തിൽ പ്രതിഷേധിച്ച് ആദ്യം പുന്നല ശ്രീകുമാർ വിട്ടുപോയി. ഒപ്പമിരുന്ന് വെറുപ്പ് തുപ്പുന്ന ചെയർമാനെ തള്ളി ഹുസൈൻ മടവൂരും ഇപ്പോൾ പുറത്തേക്ക് വഴിതേടി. ആത്മാവ് നഷ്ടപ്പെട്ട ഒരു സംവിധാനമാണിന്ന് നവോത്ഥാന സംരക്ഷണ സമിതി. സർക്കാർ അനുവദിച്ച് നൽകിയ സ്ഥാനത്തിരുന്ന് മനുഷ്യരെ വെറുക്കാൻ പഠിപ്പിക്കുന്ന ചെയർമാനെ പുറത്താക്കാൻ സർക്കാർ തയ്യാറാകണം. വെളിച്ചത്തിനകത്തേക്ക് ഇരുട്ടുകയറ്റുന്ന പ്രതിലോമകാരിയാണ് വെള്ളാപ്പള്ളി നടേശനെന്ന് സർക്കാർ തിരിച്ചറിയണം.