ആശാവർക്കർമാരുടെ ഇൻസെൻ്റീവ് 2000 രൂപയിൽ നിന്നും 3500 രൂപയായും വിരമിക്കൽ ആനുകൂല്യം 20000 രൂപയിൽ നിന്നും 50000 രൂപയായും കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത് കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിൻ്റെ വിജയമാണ്. കേന്ദ്രമന്ത്രിമാരും എം.പിമാരും ആശമാരുടെ പ്രശ്നം പാർലമെൻ്റിൻ്റെ ഇരു സഭകളിലും ഉന്നയിക്കുകയുണ്ടായി. ഭീകരമായ വിലക്കയറ്റത്തിൻ്റെ കാലത്ത് ചെറിയ വർദ്ധനവാണ് ലഭിച്ചതെങ്കിലും രാജ്യത്തെ 10 ലക്ഷത്തോളം വരുന്ന ആശാവർക്കർമാർക്ക് വർദ്ധനവ് ആശ്വാസമാകും. അടിത്തട്ടിലെ സ്ത്രീ തൊഴിലാളികളായ ആശമാർ നടത്തുന്ന പ്രക്ഷോഭം തെളിയിക്കുന്നത്, വിട്ടുവീഴ്ചയില്ലാത്ത ജനാധിപത്യ സമരത്തിലൂടെ അവകാശങ്ങൾ നേടാനാകുമെന്നതാണ്. കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കീം ഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻസെൻ്റീവ് വർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് രണ്ട് തവണ പാർലമെൻ്റ് മാർച്ച് നടത്തിയത് ഈ സന്ദർഭത്തിൽ പ്രസക്തമാകുന്നു.
ആശാസമരത്തെ ആക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്തുപോന്ന സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്ജും സി.പി.എം നേതാക്കളും ആവർത്തിച്ചു പറഞ്ഞത്, ആദ്യം കേന്ദ്രസർക്കാർ ഇൻസെൻ്റീവ് വർദ്ധിപ്പിക്കട്ടെ, അതിനുശേഷം ഓണറേറിയം വർദ്ധനവ് ആലോചിക്കാം എന്നാണ്. കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) അംഗങ്ങളായ ആശമാർ നേതൃത്വത്തിൻ്റെ തൊഴിലാളി വഞ്ചനയെ തിരിച്ചറിഞ്ഞ് രംഗത്ത് വരേണ്ട സന്ദർഭമാണിത്. ആശമാരെ തൊഴിലാളികളായി അംഗീകരിക്കുകയാണ് പ്രധാന ആവശ്യം എന്നു പറഞ്ഞ് ഓണറേറിയം, ഇൻസെൻ്റീവ് വർദ്ധനവ് അടക്കമുള്ള വിഷയങ്ങളിൽ സി.ഐ.ടി.യു നേതൃത്വം കൈക്കൊണ്ട ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടണം. സെക്രട്ടേറിയറ്റിനു മുന്നിൽ ആശാവർക്കർമാർ സഹനസമരം നടത്തുമ്പോൾ സമരത്തെ തകർക്കുന്നതിനുവേണ്ടി സി.ഐ.ടി.യു നേതൃത്വം നടത്തിയ നീക്കങ്ങൾ കേരളത്തിൻ്റെ അവകാശ സമര പാരമ്പര്യത്തിന് കളങ്കം ചാർത്തും വിധം തൊഴിലാളി വിരുദ്ധമായിരുന്നു.

“സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി നോക്കണം, ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ല,” മന്ത്രിതല ചർച്ചയ്ക്കു മുന്നേ സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻ്റ് എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞതാണിത്. ഒരു ദിവസം 233 രൂപയ്ക്ക് ജോലി ചെയ്യുന്ന ആശാ വർക്കർമാരുടെ വേതന വർദ്ധനവ് സി.ഐ.ടി.യു നേതൃത്വത്തിൻ്റെ പരിഗണനാ വിഷയം പോലുമല്ല എന്നതാണ് ഇതിലൂടെ വ്യക്തമായത്. ഓണറേറിയം 15000 രൂപയായി വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്, 2024 ഒക്ടോബർ 13-നും 2025 ജനുവരിയിലും ഫെബ്രുവരി 7-ന്റെ രാപ്പകൽ സമരവും നടത്തിയവരാണ് ഓണറേറിയം വർദ്ധനവ് ആവശ്യപ്പെടില്ല എന്നു പറയുന്നതെന്നോർക്കണം. പിന്നെന്തിനായിരുന്നു പാവപ്പെട്ട ആശാവർക്കർമാരെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിൻ്റെ പേരിൽ അണിനിരത്തിയത്? സി.ഐ.ടി.യു നേതൃത്വം മറുപടി പറയേണ്ട കാര്യമാണ്.
ആശമാരുടെ പ്രശ്നങ്ങളെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചർച്ച ചെയ്യുവാൻ മന്ത്രി വീണാ ജോർജ്ജ് മാർച്ച് 20-ന് ഡൽഹിയ്ക്കു പോയത് എന്തിനായിരുന്നു എന്നത് ഇപ്പോൾ ആലോചിക്കേണ്ടതുണ്ട്. യാത്രയുടെ യഥാർത്ഥ ഉദ്ദേശ്യം ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്ച ആയിരുന്നില്ല, ക്യൂബൻ സംഘത്തെ സ്വീകരിക്കുകയായിരുന്നു എന്ന് വെളിപ്പെടുകയുണ്ടായി. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുവാൻ പോകുന്നുവെന്നാണ് വീണാ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞത്. താൽക്കാലികമായ നിലനിൽപ്പിനുവേണ്ടി നുണ പറയുന്നത്, സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ട മന്ത്രിയാണെന്നത് ഗൗരവമുള്ള കാര്യമാണ്. ജൂലൈ 25-ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പാർലമെൻ്റിൽ ഉന്നയിച്ച ചോദ്യത്തിന് ആരോഗ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇൻസെൻ്റീവും വിരമിക്കൽ ആനുകൂല്യവും വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു എന്നറിയിക്കുന്നത്. '2025 മാർച്ച് 4 ന് ചേർന്ന NHM ൻ്റെ 9-ാമത് മിഷൻ സ്റ്റിയറിംഗ് ഗ്രൂപ്പ് യോഗത്തിൽ, ആശമാരുടെ ഇൻസൻ്റീവ് 3500 രൂപയായി വർദ്ധിപ്പിക്കുവാനും, 10 വർഷം സർവ്വീസ്സ് ഉള്ളവർ പിരിഞ്ഞ് പോകുമ്പോൾ 50,000 രൂപ വിരമിക്കൽ ആനുകൂല്യം നൽകുവാനും തീരുമാനിച്ചിരുന്നു.' എന്നാണ് രേഖാമൂലം ലഭ്യമായ മറുപടിയിൽ ഉള്ളത്. മാർച്ച് 4 നാണ് NHM വർദ്ധനവ് തീരുമാനിക്കുന്നത്. എന്നാൽ, മാർച്ച് 20-ന് കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ഇൻസെൻ്റീവ് വർദ്ധനവ് അടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെടുവാൻ വീണാ ജോർജ്ജ് ഡൽഹിയ്ക്ക് പുറപ്പെട്ടുപോയി എന്നത് വിരോധാഭാസം തന്നെയാണ്.

ഓണറേറിയത്തെ സംബന്ധിച്ച് സർക്കാരും സി.പി.എമ്മും ആവർത്തിച്ചു പറയുന്ന നുണയുടെ കുറ്റിയറ്റു പോകും വിധത്തിലുള്ള പുതിയ രേഖയും പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലഭിച്ചിട്ടുണ്ട്. ആശമാർക്ക് കേരളത്തിലാണ് ഏറ്റവും കൂടുതൽ ഓണറേറിയം ലഭിക്കുന്നതെന്ന വാദം KAHWA സെക്രട്ടേറിയറ്റിനു മുന്നിൽ സമരമാരംഭിച്ച കാലം മുതൽ സർക്കാർ - സി.പി.എം വൃത്തങ്ങൾ ഉയർത്തുന്നതാണ്. എന്നാൽ, സിക്കിം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 10000 രൂപയും ആന്ധ്രാപ്രദേശിൽ 7200-ഉം പുതുച്ചേരിയിൽ 7000 രൂപയുമാണ് നിലവിലെ ഓണറേറിയം. സത്യം ഇങ്ങനെ ആയിരിക്കവേയാണ് ഓണറേറിയത്തിൻ്റെ പേരിൽ സർക്കാരും സി.പി.എമ്മും നിരന്തരം നുണക്കഥകൾ പടച്ചുവിടുന്നത്.
നിലവിലുണ്ടായിരുന്ന 7000 രൂപ പോലും വെട്ടി കുറയ്ക്കുന്ന ക്രൂര നടപടികളാണ് ഏതാനും മാസങ്ങളായി സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. ഇൻസന്റീവിലൂടെ ഓണറേറിയത്തിന് പുതിയ ഉപാധി ഏർപ്പെടുത്തിക്കൊണ്ട് നിലവിലുണ്ടായിരുന്ന 7000 രൂപ ഓണറേറിയം 3500 രൂപയാക്കി വെട്ടിക്കുറച്ചിരിക്കുന്നു. എല്ലാ ജില്ലകളിലും വലിയൊരു വിഭാഗം ആശമാർക്ക് 3500 രൂപ മാത്രമാണ് ഓണറേറിയം ലഭിച്ചത്. ഓണറേറിയത്തിന് ഉണ്ടായിരുന്ന 10 മാനദണ്ഡങ്ങൾ എടുത്തുകളഞ്ഞ് ഉപാധിരഹിത ഓണറേറിയം നടപ്പാക്കുമെന്ന് ചർച്ചകൾക്കിടയിൽ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഉത്തരവിൽ ഓണറേറിയത്തിന് ഇൻസെന്റീവിലൂടെ പുതിയ ഉപാധികൾ ഏർപ്പെടുത്തുകയാണുണ്ടായത്. ഫിക്‌സഡ് ഇൻസെൻ്റീവ് 1000 രൂപ ലഭിക്കുന്നവർക്കും പെർഫോമൻസ് ഇൻസെന്റീവ് 500 രൂപയിൽ കുറവ് വരുന്നവർക്കും 3500 രൂപ മാത്രമേ ഓണറേറിയം ലഭിക്കുകയുള്ളൂ എന്നതാണ് പുതിയ ഉപാധി. ഇതനുസരിച്ച് ഓരോ ജില്ലയിലും നിരവധി ആശമാർക്ക് ഏതിനും മാസമായി 3500 രൂപ മാത്രമേ ഓണറേറിയം ലഭിച്ചിട്ടുള്ളൂ. തികച്ചും വൈരാഗ്യ ബുദ്ധിയോടെ സ്ത്രീതൊഴിലാളികളെ ദ്രോഹിക്കുന്നത് ഇടതുപക്ഷ ലേബലിൽ അധികാരത്തിലെത്തിയവരാണ്.
സമരം ചെയ്യുന്ന ആശാവർക്കർമാരുമായി ഇനി ചർച്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് മറക്കാറിയിട്ടില്ല. തൊഴിലാളി സമരങ്ങളിലുടെ വളർന്നുവന്ന ഒരു പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗത്തിൻ്റെ സമരത്തോടുള്ള മനോഭാവമാണ് പ്രസ്തുത പ്രഖ്യാപനത്തിലൂടെ വെളിവാകുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന നവലിബറൽ നയങ്ങൾക്കിണങ്ങുന്ന മുദ്രാവാക്യത്തിൻ്റെ കേരളത്തിലെ പതാകവാഹകനായ പിണറായി വിജയന് സമരം ചെയ്യുന്നവർ ചതുർത്ഥിയാകുന്നത് സ്വാഭാവികം മാത്രമാണ്. സി.പി.എമ്മിലെ സമരപാരമ്പര്യത്തിൻ്റെ അവശേഷിപ്പുകളെ തുടച്ചു നീക്കുന്നതിനിടയിലാണ് ആശാവർക്കർമാരുടെ സമരം ആളിക്കത്തുന്നത്. കോർപ്പറേറ്റ് മൂലധനത്തിന് സുഗമമായ പാതയൊരുക്കുമ്പോൾ അവകാശബോധത്തോടെ തൊഴിലാളികൾ തലയുയർത്തുന്നത് അംഗീകരിക്കാനാവുന്നതല്ലല്ലോ. സമരത്തിനെതിരെ ചതുരോപായങ്ങളും പ്രയോഗിച്ചെങ്കിലും കേരളീയ പൊതുസമൂഹം ഒന്നടങ്കം അണിനിരന്നുകൊണ്ട് ആശാ സമരത്തെ മുന്നോട്ടു കൊണ്ടുപോകുന്നു. ആഗോളവത്കരണ നയങ്ങളുടെ കെടുതിയിൽ കൈകാലിട്ടടിയ്ക്കുന്ന സാധാരണ ജനങ്ങൾക്ക് തലയുയർത്തി പൊരുതാനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നു എന്നതാണ് ആശാസമരത്തിൻ്റെ സവിശേഷത.

കേരള നവോത്ഥാന പ്രക്ഷോഭ ചരിത്രത്തിലും പിന്നീട് നടന്ന അവകാശ സമരങ്ങളിലുമൊക്കെ സ്ത്രീമുന്നേറ്റത്തിൻ്റെ കതിരൊളികൾ നമുക്ക് കാണാനാകും. എന്നാൽ, ആശാസമരം അക്ഷരാർത്ഥത്തിൽ സ്ത്രീമുന്നേറ്റത്തിൻ്റെ ഇതിഹാസമായി മാറുകയാണ്. അടുക്കളകൾ അടച്ചുപൂട്ടി, തെരുവുകളിൽ അന്തിയുറങ്ങി, മുദ്രാവാക്യം വിളിച്ച്, പ്രസംഗിച്ച്, പ്രതിയോഗികളെ സംവാദങ്ങളിൽ മലർത്തിയടിച്ച് ഒരുമയോടെ സഹനപർവ്വം താണ്ടിക്കടന്ന് സ്ത്രീകൾ ചരിത്രം രചിക്കുന്നു. ചൂഷണവും അടിച്ചമർത്തലും അനുഭവിക്കുന്ന തൊഴിലാളികളും സാധാരണ മനുഷ്യരും അഴക്കു നിറഞ്ഞ മണ്ണിൽ നിന്നും ചെറുതായൊന്നു കുതറി, പുക കയറിത്തുടങ്ങിയെങ്കിലും പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ തിരുവനന്തപുരത്തെ സമരപ്പന്തലിലേക്ക് ഉറ്റു നോക്കുന്നുണ്ട്. ട്രേഡ് യൂണിയൻ പ്രക്ഷോഭമായി ആരംഭിച്ച് സാമൂഹ്യമുന്നേറ്റമായി രൂപന്തരപ്പെടുന്ന തികച്ചും ആശാഭരിതമായ കാഴ്ചയാണ് ആശാസമരം.
