സാഹിത്യത്തെ കുറിച്ചുള്ള മലയാളിയുടെ സങ്കല്പം എന്താണ് എന്ന് ചരിത്രപരമായി പരിശോധിക്കാൻ ഉപകരിക്കുന്ന പ്രധാന സ്രോതസ്സ് സാഹിത്യചരിത്രങ്ങളാണ്. ഭാഷയുടെ സവിശേഷമായ ഒരു പ്രയോഗമണ്ഡലമായി സാഹിത്യത്തെ എല്ലാ ഭാഷാജനതയും കണക്കാക്കുമെങ്കിലും വിശിഷ്യാ, ലിപിനിഷ്ഠ അഥവാ, ലിഖിത സ്രോതസ്സുകളെയാണ് സാഹിത്യരേഖകളായി നിശ്ചയിച്ചുറപ്പിക്കുന്നതെന്നു സാഹിത്യചരിത്രങ്ങൾ പരിശോധിച്ചാലറിയാം.
ഭാഷാചരിത്ര ഉപാദാനങ്ങളായി വാങ്മയങ്ങളെ കണക്കാക്കുമെങ്കിലും വാമൊഴി സാഹിത്യരൂപങ്ങളായി നിശ്ചയിച്ചുറപ്പിക്കുന്ന പതിവ് തുലോം കുറവാണ്. വാമൊഴിവഴക്കങ്ങളായി നിന്നവ പലതും പിൽക്കാലത്ത് ലിഖിതരൂപങ്ങളായി പരിവർത്തനപ്പെട്ടതോടെയാണ് അവയ്ക്ക് സാഹിത്യപദവി ലഭിച്ചത് എന്ന് നമുക്കറിയാം. പഴന്തമിഴ് പാട്ടുപാരമ്പര്യം സംഘസാഹിത്യമായി മാറിയതുതന്നെ ഉദാഹരണമാണ്. ദ്രാവിഡനിഷ്ഠമായ പാട്ടുപാരമ്പര്യം നാടൻപാട്ടുകളായി കേരളക്കരയിലും നിലനിൽക്കുന്നുണ്ട്. സമാഹരിച്ചിട്ടുള്ളവയും സമാഹരിക്കാൻ ബാക്കിയുള്ളവയുമായ, ഉപജീവനവൃത്തി മുതൽ അനുഷ്ഠാനവുമായി ബന്ധപ്പെട്ടവ വരെയുള്ള നാടൻപാട്ടുകൾ മലയാളത്തിലുണ്ട്.
വരേണ്യ കാവ്യപാരമ്പര്യത്തിന്റെ സൗന്ദര്യശാസ്ത്ര നിയമസംഹിതയുമായി പൊരുത്തപ്പെട്ടുള്ള രചനകൾ ആധിപത്യം നേടുകയും മുഖ്യധാരയായി പരിണമിക്കുകയുമാണ് ഉണ്ടായതെന്ന് സൂക്ഷ്മവിശകലനത്തിൽ വ്യക്തമാകും.
പാട്ടുപാരമ്പര്യത്തെ കുറിച്ചുള്ള സാഹിത്യചർച്ചകൾ രാമചരിതത്തിൽ അല്ലെങ്കിൽ തിരുനിഴൽമാലയിൽ കുടുങ്ങികിടപ്പാണ്. വാമൊഴിവഴക്കങ്ങളിലല്ല, പാട്ടിനെ തുടർന്നിങ്ങോട്ട് മണിപ്രവാള സാഹിത്യസരണിയാണ്. തുടർന്ന് ഗാഥ. അതിൽനിന്നുള്ള അടിമുടിമാറ്റം അളന്നുകുറിച്ചത് കിളിപ്പാട്ടും തുടർന്നുള്ള തുള്ളൽ സാഹിത്യവുമാണെന്നു നമുക്കറിയാം.
ചുരുക്കത്തിൽ, കാവ്യസരണിയുടെ ഗതി ഇരുപതാം നൂറ്റാണ്ടിലെത്തുമ്പോൾ കാവ്യവീക്ഷണത്തിലും രചനാതന്ത്രത്തിലും പ്രമേയസ്വീകരണത്തിലും ഭാഷാശൈലിയിലും അടിമുടി മാറ്റംവരുന്നു. കവിത്രയങ്ങളിൽ ഊളിയിട്ടിറങ്ങുന്ന നിരവധി ചർച്ചകൾ, ഗവേഷണങ്ങൾ, അതിൽത്തന്നെ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് ആശാനെ കേന്ദ്രീകരിച്ചാണ്. ഇതിവൃത്തം, കാവ്യഘടന, ആവിഷ്കാരശക്തി എന്നിവയുടെ അടിസ്ഥാനത്തിൽ ഏറെ നിരൂപകപ്രശംസ കവിയെന്ന നിലയിൽ അന്നും ഇന്നും ആശാന് ലഭിക്കുന്നുമുണ്ട്.
മലയാള പാട്ടു / കാവ്യ പാരമ്പര്യത്തിലുള്ള കർതൃത്വ നിർമിതി സാമൂഹ്യകർതൃത്വത്തിൽ (നാടൻപാട്ടുകൾ) നിന്ന് കവികർത്തൃത്വത്തിലേക്കും (വ്യക്തി) സവർണ കർതൃത്വത്തിൽ നിന്ന് അവർണ കർതൃത്വത്തിലേക്കുമൊക്കെ കാവ്യരചന വഴിമാറുന്നതും സാമൂഹിക മുന്നേറ്റമായി തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യധാരയായി കണക്കാക്കുന്ന ഈ കവിതാചരിത്രത്തിൽ തിരസ്കരിക്കപ്പെട്ടവരുണ്ടോ എന്ന് സവിശേഷമായി നാം അന്വേഷിക്കാറില്ല.

വരേണ്യ കാവ്യപാരമ്പര്യത്തിന്റെ സൗന്ദര്യശാസ്ത്ര നിയമസംഹിതയുമായി പൊരുത്തപ്പെട്ടുള്ള രചനകൾ ആധിപത്യം നേടുകയും മുഖ്യധാരയായി പരിണമിക്കുകയുമാണ് ഉണ്ടായതെന്ന് സൂക്ഷ്മവിശകലനത്തിൽ വ്യക്തമാകും. ഇവിടെ തെളിയുന്ന മറ്റൊരു കാര്യം, ലിഖിതവ്യവസ്ഥ, വാമൊഴിപ്പാട്ടുവഴക്കങ്ങളുടെ മേൽ ആർജിച്ച ആധിപത്യമാണ്. ഇതുവഴി കാവ്യപാത പൂർണമായും ലിഖിതകേന്ദ്രിതമായി സ്ഥാനമുറപ്പിച്ചു. ഭാഷയുടെ തനതായ വാമൊഴിഭേദത്തെ സാഹിത്യത്തറവാടിന്റെ പുറത്തുനിർത്തി അദൃശ്യമാക്കി. ഈ ലിപിനിഷ്ഠ സാഹിതീയത അദൃശ്യമാക്കിയതെന്ത് എന്ന് അന്വേഷിക്കാനാരും ഒരുമ്പെട്ടുമില്ല.
സാഹിത്യബാഹ്യമായ പാട്ടുവാങ്മയങ്ങൾ ഇരുപതാം നൂറ്റാണ്ടിലും നിലനിന്നിരുന്നോ? അവയും സാമൂഹ്യ കർതൃത്വത്തിൽനിന്ന് വ്യക്തി കർതൃത്വത്തിലേക്ക് വളർന്നിരുന്നോ? അതോ വരമൊഴി സാഹിത്യമായി മാറിയതോടെ വാമൊഴിപാട്ടുവഴക്കങ്ങളുടെ കൂമ്പടഞ്ഞോ എന്നൊക്കെയുള്ള ആലോചനകൾക്കും സാധ്യതയുണ്ടല്ലോ. അങ്ങനെ ആലോചിച്ചാൽ തെളിയുന്ന ചിത്രമെന്താണ്?
ലിഖിതരാഷ്ട്രീയത്താൽ അദൃശ്യരാക്കപ്പെട്ട വാങ്മയ സർഗാത്മക പ്രതിഭകളും ഉണ്ടെന്നു വരില്ലേ?. ഇത്തരമൊരു സാധ്യതയേ തള്ളിക്കളയാനാവില്ല എന്നതിന് ഉത്തരമായി പാട്ടും പറച്ചിലുമായി (പ്രസംഗംങ്ങൾ) നടന്ന കീഴാള നവോത്ഥാന നായകനായ പൊയ്കയിൽ അപ്പച്ചന്റെ സാന്നിധ്യം തെളിഞ്ഞുകാണാം. അപ്പച്ചന്റെ സർഗാത്മക വ്യക്തിത്വത്തിലേക്കു കടക്കുന്നതിനു മുമ്പായി ഭാഷയുടെ വിനിമയ രാഷ്ട്രീയവും സർഗാത്മക മൂലധനവും എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.
ശൂദ്രവിഭാഗങ്ങളിലെ പുരോഗമനക്കാർ അക്ഷരം പങ്കിട്ടുനൽകിയതുകൊണ്ടാണ് ശ്രീനാരായണഗുരുവിനത് ലഭ്യമായത്. മിഷനറിമാർ അക്ഷരവ്യാപനം കൂടുതൽ സജീവമാക്കിയെന്നതും അയ്യൻകാളിയുടെ അക്ഷരാവകാശസമരവും കൊളോണിയൽ ആധുനികത സൃഷ്ടിച്ച അക്ഷരവ്യാപന പരിസ്ഥിതിയും സാക്ഷരതാ വ്യാപനത്തിന് ഊർജം പകർന്നു.
ഭാഷയുടെ വിനിമയ രാഷ്ട്രീയം
വാമൊഴി, വരമൊഴി, തിരമൊഴി എന്നിവയെല്ലാം ഭാഷയുടെ പ്രകാശനമാധ്യമങ്ങളാണ്. ഇവയിൽ ഭാഷയുടെ പ്രാഥമിക പ്രകാശനമാധ്യമം വാമൊഴി തന്നെയാണ്. വാമൊഴിസമൂഹങ്ങളിൽ ചിന്തയും ഭാവനയും സർഗത്മക ഇടങ്ങളും പറഞ്ഞും പാടിയും ഓർമകളായി നിലകൊള്ളുന്നു. വാമൊഴിസമൂഹങ്ങൾ വരമൊഴി സാങ്കേതികതയിലേക്കു വളരുന്നതോടെ, വിനിമയ സാധ്യതയും സർഗാത്മകരൂപങ്ങളും വ്യത്യസ്തമാകുന്നു. വാമൊഴി മാധ്യമത്തിന്റെ വിനിമയശേഷിയുടെ പരിമിതി വരമൊഴിയിലൂടെ ഇല്ലാതാകുന്നുവെന്നതും ലിപിരൂപം ആർജിക്കുന്നതിലൂടെ ഓർമകളിൽനിന്ന് സ്വതന്ത്രമായി ഭാഷയുടെ വിവരസംരക്ഷണശേഷി വർധിക്കുന്നതുകൊണ്ട് വിനിമയവ്യാപ്തി കൈവരുന്നുവെന്നതും സാങ്കേതികതാ മികവാണ്. ഭാഷയുടെ ദ്വിതീയമായി വികസിച്ച ലിഖിത സാങ്കേതികത ജ്ഞാനരാഷ്ട്രീയമാധ്യമാണെന്നു വരുന്നിടത്താണ് സാക്ഷരതാരാഷ്ട്രീയം ഉദയം ചെയ്യുന്നത്.
വാമൊഴിയിലൂടെ പ്രകാശിതമായിരുന്നതൊക്കെ ജനകീയവും സമൂഹത്തിന്റെ പൊതുസ്വത്തും ആയിരുന്നെങ്കിൽ ലേഖനസാങ്കേതികത പൊതുവിനെ സ്വകാര്യ ഉടമസ്ഥാവകാശത്തിലേക്കു മാറ്റുന്നു. അതോടെ സാക്ഷരവരേണ്യത അക്ഷരശൂന്യരെ ഭാഷാജനതയിൽ തന്നെ വിവേചനശരീരങ്ങളാക്കുന്നു. അക്ഷരഉടമകൾ അക്ഷരവ്യാപനത്തെ തടഞ്ഞ് ലിപിജ്ഞാന വരേണ്യവിഭാഗങ്ങളായി മേലാള സ്ഥാനമുറപ്പിക്കുന്നു. അറിവും ഭാവനയും സർഗാത്മകശേഷിയും നിയമവും നീതിയും എല്ലാമെല്ലാം ലിപിനിഷ്ഠ അധികാരമാക്കുന്നു.
കേരള സന്ദർഭത്തിൽ ത്രൈവർണികരിലും സവിശേഷമായി ബ്രാഹ്മണീയവും പിന്നീട് സംബന്ധവ്യവസ്ഥയിലുടെ ശൂദ്രാദികളിലും അക്ഷരവ്യാപനം നടന്നു. ശൂദ്രവിഭാഗങ്ങളിലെ പുരോഗമനക്കാർ അക്ഷരം പങ്കിട്ടുനൽകിയതുകൊണ്ടാണ് ശ്രീനാരായണഗുരുവിനത് ലഭ്യമായത്. മിഷനറിമാർ അക്ഷരവ്യാപനം കൂടുതൽ സജീവമാക്കിയെന്നതും അയ്യൻകാളിയുടെ അക്ഷരാവകാശസമരവും കൊളോണിയൽ ആധുനികത സൃഷ്ടിച്ച അക്ഷരവ്യാപന പരിസ്ഥിതിയും സാക്ഷരതാ വ്യാപനത്തിന് ഊർജം പകർന്നു.
വരമൊഴി മാധ്യമമികവ് സാക്ഷരസാംസ്കാരികതയെ ഒരു അധികാരസ്ഥാപനമാക്കി മാറ്റിയ പ്രവണത ഇന്നും നിലനിൽക്കുന്നു. സാക്ഷരവരേണ്യത നിശ്ചയിക്കുന്ന ഭാഷാകണക്കുകളാണ് സാഹിത്യമാനദണ്ഡമായി കാലാകാലങ്ങളായി നിലനിൽക്കുന്നതും ആസ്വാദനലോകത്തെ നയിക്കുന്നതും. മുഖ്യധാരാ പ്രവണതകളിങ്ങനെയാണെങ്കിലും പരീക്ഷണാത്മകമായ ഇടപെടലുകൾ കൊണ്ട് മലയാള സാഹിത്യലോകം ഇന്നേറെ വൈവിധ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട് എന്നത് നിഷേധിക്കാവുന്നതല്ല.

വരമൊഴി പ്രാമാണികതയ്ക്ക് അല്പമെങ്കിലും ഇടിവുണ്ടാക്കുന്നത് തിരമൊഴിസാന്നിധ്യമാണ്. മാധ്യമപരമായി ബഹുസാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതുകൊണ്ടും വാമൊഴി- വരമൊഴി പാരമ്പര്യങ്ങളെ സഹസ്ഥിതമാ ക്കാവുന്നതുകൊണ്ടും പുതുവിനിമയ സംസ്കാരം രൂപപ്പെട്ടുവരുന്നുണ്ട്. പശ്ചാത്തലമായി ഭാഷാ മാധ്യമരാഷ്ട്രീയം പറഞ്ഞത് പൊയ്കയിൽ അപ്പച്ചനെ ചർച്ചയിലേക്കാനയിക്കാനാണ്.
എല്ലാ സാഹിത്യസംസ്കാരങ്ങളും സ്ഥലകാല ബന്ധം നിലനിർത്തുന്നു. അവയെല്ലാം കാലക്രമികമായി ഭാഷ ഉപയോഗിക്കുകയും അതുവഴി സാഹിത്യഭാഷ സൃഷ്ടിക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നുണ്ട്. എഴുത്തധിഷ്ഠിത സാഹിത്യപരമ്പരയിൽ അദൃശ്യരാക്കപ്പെടുന്ന ചിലരുണ്ടെന്നും അവർ വാമൊഴി പൈതൃകത്തിൽനിന്ന് മാറാതെ നിൽക്കുന്നവരാണെന്നും അത്തരമുള്ള ഗോത്രപൈതൃകങ്ങൾ അപരവൽക്കരിക്കപ്പെടുന്നുണ്ടെന്നും അവർ അദൃശ്യരാക്കപ്പെടുന്നുണ്ടെന്നും സാമൂഹികമായ അരികുവൽക്കരണത്തിന് വിധേയരാകുമെന്നുമുള്ളത് നമുക്കറിയുന്ന സാമൂഹ്യപാഠമാണ്.
എല്ലായ്പ്പോഴും ജന്മിത്വവും അധിനിവേശങ്ങളും മാത്രമല്ല, ഭാഷയുടെ മാധ്യമരൂപങ്ങളും തിരസ്കാരത്തിനും അരികുവൽക്കരണത്തിനും കാരണമാകുന്നുവെന്നും മനസിലാക്കേണ്ടതുണ്ട്. അധികാരഘടനയുടെ പ്രതിനിധാനമാണ് ലിഖിതഭാഷ. അധികാരരൂപമെന്ന നിലയിൽ സാക്ഷരതയും ലിഖിതസമ്പത്തും എല്ലായ്‌പ്പോഴും പ്രതിനിധാനങ്ങളുടെയും അദൃശ്യതാ സാധുകരണത്തിന്റെയുമായ ബാഹ്യ ആന്തരിക ഘടനാഭേദം ഉൾക്കൊണ്ട് സാധാരണമായി നിലകൊള്ളുന്നുണ്ട്. ഇത് മാധ്യമപരമായ വാസ്തവമാണെന്നിരിക്കേ, ലിഖിതസാന്നിധ്യം അദൃശ്യവൽക്കരിക്കുന്ന ഇടങ്ങളെന്തെന്നും ആരെയെന്നും അന്വേഷണവിധേയമാകേണ്ടതുണ്ട്.
സമൂഹത്തെ രൂപപ്പെടുത്തുന്നതിലും ആളുകൾ ചിന്തിക്കുന്നതിലും പ്രവർത്തിക്കുന്നതിലും പരസ്പരം സ്വാധീനിക്കുന്നതിലും സാഹിത്യം എല്ലായ്‌പ്പോഴും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ആശയങ്ങൾ, മൂല്യങ്ങൾ, സാംസ്കാരിക മാനദണ്ഡങ്ങൾ എന്നിവ കൈമാറുന്നതിനുള്ള ശക്തമായ ഉപകരണമാണ് സാഹിത്യം എന്നത് അവിതർക്കിതമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിൽ സാഹിത്യത്തിന്റെ സ്വാധീനം ആഴമേറിയതും ദൂരവ്യാപകവുമാണ്. അത് ഓരോ കാലത്തും, നമ്മൾ നമ്മളെ എങ്ങനെ കാണുന്നുവെന്നും ലോകത്തിൽ നമ്മുടെ സ്ഥാനം എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും അടയാളപ്പെടുത്തുന്നു.
വാമൊഴിയല്ല സാഹിത്യമെന്ന മുൻധാരണ നമുക്കെങ്ങനെയുണ്ടായി?. എഴുത്തധികാരം സൃഷ്ടിച്ച പ്രാമാണികതയാണ് അതിനുകാരണം. വാമൊഴിയിൽനിന്ന് വരമൊഴിയിലേക്കുള്ള മാധ്യമപരിണതി അനുബന്ധ മൂല്യവ്യവസ്ഥകളെയും സൃഷ്ടിക്കുന്നു. അധികാരവുമായി ബന്ധപ്പെട്ട മാധ്യമസാങ്കേതികത എഴുത്തിലൂടെ സ്ഥിരത കൈവരിക്കുന്നു. അതുകൊണ്ടുതന്നെ സാഹിത്യം എഴുത്താണെന്നു അംഗീകരിക്കപ്പെടുന്നു.
മലയാള സാഹിത്യം കേരള സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എന്താണെന്ന് ഇതുവരെയും വിശദമായി അന്വേഷണവിധേയമാക്കിയിട്ടില്ല. ഇത്തരമൊരു അന്വേഷണത്തിന് സാഹിത്യചരിത്രത്തിന്റെ പുനരവലോകനത്തിലൂടെ തുടക്കം കുറിക്കേണ്ടതുണ്ട്. സാഹിത്യ സംസ്കാരത്തെ ചരിത്രപരമായി നോക്കേണ്ടതിന്റെ പൊരുൾ എന്താണ്? അത് കേവലമായ കാലഗണനയുടെ കാര്യമല്ല. ഓരോ കാലത്തുമായി ഒറ്റപ്പെട്ടുപോയ സാഹിത്യഭേദങ്ങളെ, കാലഭേദമെന്യേ സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ വ്യവഹാരങ്ങളുടെ ബഹുത്വത്തിൽ പുനഃസ്ഥാപിക്കണം. അങ്ങനെ ആലോചിക്കുമ്പോൾ തെളിഞ്ഞുവരുന്ന വസ്തുതയാണ് വാമൊഴി സാഹിത്യ തിരസ്കാരം.
ഇത്തരത്തിൽ പ്രകടമായി തിരസ്കരിക്കപ്പെട്ടിരിക്കുന്ന ഒരു ധാര പൊയ്കയിൽ അപ്പച്ചൻ പ്രതിനിധാനം ചെയ്തു. ദ്രാവിഡ പൈതൃകത്തിന്റെ തുടർച്ചയായി ജന്മമെടുത്ത കീഴാള വാമൊഴി സാഹിത്യപാതയാണ്. ഓരോ രചനയുടെയും സാമൂഹികപശ്ചാത്തലം വിലയിരുത്തി, ആ രചന നിറവേറ്റിയ ഭാഷാപരവും സാമൂഹികവും സാഹിതീയവുമായ ധർമ്മങ്ങൾ ഇഴപിരിച്ചു മനസിലാക്കുകയും സമ്പർക്കാത്മകവും തദ്ദേശീയവുമായ ഈടുവയ്പുകൾ അടയാളപ്പെടുത്തി മലയാളസർഗാത്മകതയുടെ ധൈഷണികനില വെളിപ്പെടുത്തുകയാണ് വേണ്ടത്. മറിച്ച്, അംഗീകരിക്കപ്പെട്ട മുഖ്യധാരാവഴികൾ വീണ്ടും വീണ്ടും ഉരുവിട്ടുറപ്പിക്കുകയല്ല ചരിത്രഗതി എന്നറിയേണ്ടതുണ്ട്.
തിരസ്കാരത്തിന്റെ സൂക്ഷ്മരാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നത് മാധ്യമപരമായ അടിമത്തത്തിലും പ്രതിനിധാന നിഷേധത്തിലുമാണെന്ന് ബോധ്യപ്പെടേണ്ടതുണ്ട്. വ്യത്യസ്ത ധാരകൾ സാഹിത്യ സംസ്കാരത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നറിയാൻ ഇത് സഹായകമാണ്. സാഹിത്യത്തെ ലിപിനിഷ്ട സംസ്കാരത്തിൽമാത്രം ഒതുക്കാതെ ഒരു ജനതയുടെ വാമൊഴി- വരമൊഴി ഭേദമന്യേയുള്ള സർഗാത്മകവൃത്തിയായി പുനർനിർണയം ചെയ്യുന്നത് നവസമീപനമാണ്. വാങ്മയ സാഹിത്യമാനദണ്ഡങ്ങൾ വിപുലപ്പെടുത്തി സഹിഹ്യചരിത്രത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്.

സാഹിത്യചരിത്രത്തിലെ വിടവ്
സാഹിത്യചരിത്രം ഒഴിവാക്കുന്ന ഒരു സർഗാത്മക ധാര വാമൊഴി വഴക്കങ്ങളാണ്. ഈ തിരസ്കരയുക്തി വെളിപ്പെടുത്താനായി സമകാലത്തു ജീവിച്ചിരുന്ന, സാഹിത്യവൃത്തിയിൽ ഏർപ്പെട്ടിരുന്ന കുമാരനാശാൻ (1873 -1924 ), പൊയ്കയിൽ അപ്പച്ചൻ (1879 -1939 ) എന്നിവരെ കുറിച്ച്, മുഖ്യധാരാ പരിഗണനകളെ കുറിച്ച് ആലോചിക്കാവുന്നതാണ്. ഇവരെ താരതമ്യം ചെയ്യുന്നത് അംഗീകരിക്കപ്പെടില്ല എന്നതുറപ്പാണ്. ഇതിനുകാരണം ആശാൻ അംഗീകരിക്കപ്പെട്ടിരിക്കുന്ന കവിയാണ്. അപ്പച്ചന് ഈ സ്ഥാനമില്ല. അതുകൊണ്ടുതന്നെ ഇവരെ തമ്മിൽ താരതമ്യം ചെയ്യാനുള്ള ചിന്ത പോലും അസംബന്ധമായേ പൊതുവെ കരുതുകയുള്ളൂ. ആശാൻ ലിഖിതപാരമ്പര്യത്തിൽ അംഗീകൃത കാവ്യമാനദണ്ഡം പാലിച്ച് കവിതാപ്രവർത്തനം നടപ്പാക്കിയ ആളാണ്. വരേണ്യ കാവ്യസൗന്ദര്യശാസ്ത്രവുമായി പൊരുത്തപ്പെട്ടിരിക്കുന്ന ഒരാളെ അങ്ങനെയല്ലാത്ത, കവിസ്ഥാനം പോലുമല്ലാത്ത ഒരാളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല തന്നെ. മലയാളഭാഷയിൽ ഇടപെട്ടു പ്രവർത്തിച്ച ആശാനെ കവിയാക്കുന്നതും അപ്പച്ചനെ കവിയല്ലാതാക്കുന്നതും എന്താണ്? കാവ്യസംസ്കാര മൂലധനമാണ്. അതായത്, സാക്ഷരതാ മൂലധനം; ചുരുക്കത്തിൽ ലിഖിതാധികാരം.
ഭാഷാ പ്രാഥമികമായി വാചികമാണെങ്കിലും ഭാഷാമൂലധനമുറപ്പിക്കുന്നത് എഴുത്താണ് എന്നതാണ് ഈ രണ്ടു ഭാഷാപ്രവർത്തകരെയും ഉൾക്കൊള്ളാനും തിരസ്കരിക്കാനും നമ്മെ പ്രാപ്തരാക്കുന്നത്. വാമൊഴിയല്ല സാഹിത്യമെന്ന മുൻധാരണ നമുക്കെങ്ങനെയുണ്ടായി?. എഴുത്തധികാരം സൃഷ്ടിച്ച പ്രാമാണികതയാണ് അതിനുകാരണം. വാമൊഴിയിൽനിന്ന് വരമൊഴിയിലേക്കുള്ള മാധ്യമപരിണതി അനുബന്ധ മൂല്യവ്യവസ്ഥകളെയും സൃഷ്ടിക്കുന്നു. അധികാരവുമായി ബന്ധപ്പെട്ട മാധ്യമസാങ്കേതികത എഴുത്തിലൂടെ സ്ഥിരത കൈവരിക്കുന്നു. അതുകൊണ്ടുതന്നെ സാഹിത്യം എഴുത്താണെന്നു അംഗീകരിക്കപ്പെടുന്നു. സാഹിത്യചരിത്രങ്ങളൊക്കെ ഇത് ശരിവെയ്ക്കുകയും ചെയ്യുന്നു. വാങ്മയരൂപങ്ങളുടെ സർഗാത്മകത സാഹിതീയമല്ലാതായി തീരുകയും എഴുത്തുൽപന്നങ്ങൾ സാഹിത്യമാവുകയും ചെയ്യുന്നു.
വാമൊഴിയും വരമൊഴിയും ഭാഷയുടെ പ്രാഥമികവും ദ്വിതീയവുമായ മാധ്യമരൂപങ്ങളായി കണ്ടാൽ വാങ്മയ സർഗാത്മകതയും സാഹിത്യരൂപങ്ങളാവും . അവയുടെ ജനകീയാടിത്തറയും സർഗാത്മക സങ്കേതങ്ങളും സാഹിത്യചരിത്രത്തിലും ഇടം നേടും. എന്നാൽ വരമൊഴികേന്ദ്രിതമായി സാഹിത്യഭാഷ നിർണയിച്ചുറപ്പിക്കുമ്പോൾ വാങ്മയ പൈതൃകം തിരസ്കരിക്കപ്പെടുന്നു. സാഹിത്യം എന്നത് ലിഖിത മൂലധനമായും സാക്ഷരസമൂഹത്തിന്റെ സാംസ്കാരിക മൂലധനമായും പദവി ഉറപ്പിക്കുന്നു. വാമൊഴിയിലും വരമൊഴിയിലും സർഗാത്മക ആവിഷ്കാര സാധ്യതയുണ്ടെന്ന് അംഗീകരിച്ചാൽ സാഹിത്യം ഇരു മാധ്യമങ്ങളുടെയും സംഭാവനകളാൽ സമ്പന്നമാകും.
മറ്റേതൊരു ഭാഷയേയും പോലെതന്നെ മലയാളവും സാഹിത്യഭാഷ ഉറപ്പിച്ചിരിക്കുന്നത് സാക്ഷരസാംസ്കാരികതയിലാണ്. അപ്പോൾ പിന്നെ ഭാഷാപ്രവർത്തകരായ ആശാൻ കവിയാകുന്നതും അപ്പച്ചൻ കവിയല്ലാതാകുന്നതും മാധ്യമഭേദം കൊണ്ടാണെന്നുറപ്പിക്കാം.
എന്നാൽ അത്തരമൊരു സാധ്യത അന്വേഷിച്ചുറപ്പിക്കാൻ നാം മുതിരാറില്ല. സാക്ഷരസമൂഹത്തിന്റെ സംസ്കാരിക മൂലധനമായേ സാഹിത്യത്തെ വിലയിരുത്താറുള്ളൂ. വാമൊഴി- വരമൊഴി വിച്ഛേദം നിലനിർത്തിക്കൊണ്ട് സാക്ഷരസംസ്കാരികത നിർവചിച്ചെടുക്കുന്നതിലൂടെ ലിപിബാഹ്യ സമൂഹങ്ങളെ സർഗാത്മക സാംസ്കാരിക ശൂന്യരാക്കി പുറംതള്ളാൻ എളുപ്പം കഴിയുന്നു. ലിപി വികാസം നടന്നിട്ടില്ലാത്ത ഗോത്രസമൂഹങ്ങൾ പൂർണമായും സാക്ഷരസംസ്കാരികതയിൽ നിന്ന് ഇന്നും പുറത്തുനിൽക്കുന്നത് അവർക്ക്, ഭാഷയും സർഗാത്മകതയും ഇല്ലാഞ്ഞിട്ടല്ല. ലിപിരേഖകളായി അടയാളപ്പെടാത്തതുകൊണ്ടാണ്. മറ്റേതൊരു ഭാഷയേയും പോലെതന്നെ മലയാളവും സാഹിത്യഭാഷ ഉറപ്പിച്ചിരിക്കുന്നത് സാക്ഷരസാംസ്കാരികതയിലാണ്. അപ്പോൾ പിന്നെ ഭാഷാപ്രവർത്തകരായ ആശാൻ കവിയാകുന്നതും അപ്പച്ചൻ കവിയല്ലാതാകുന്നതും മാധ്യമഭേദം കൊണ്ടാണെന്നുറപ്പിക്കാം. ലിഖിതമുറയ്ക്കു വ്യത്യസ്തമായ വാങ്മയ സർഗാത്മക മാനദണ്ഡങ്ങൾ വെച്ച് അളന്നാൽ അപ്പച്ചനും കവിയാകും. അതുവഴി സർഗാത്മക കർതൃത്വം അപ്പച്ചനും നേടാനാവും.
സാമൂഹ്യപദവിയും
സാംസ്കാരിക മൂലധനവും
ആശാനെയും അപ്പച്ചനെയും രണ്ടു മാധ്യമസംസ്കാരങ്ങളുടെ പ്രതിനിധികളായി കണ്ട് അവരുടെ രചനകളുടെ രസതന്ത്രവും അവ നിർവഹിച്ച ധർമവും വിലയിരുത്തുന്നതിനു മുമ്പായി, ഇരുവരുടെയും സാംസ്കാരിക മൂലധനത്തെ കുറിച്ചൊന്നു ആലോചിക്കുന്നത് നന്നായിരിക്കും.
ഇരുവരും സാമൂഹികശ്രേണിയിൽ ചാതുർവർണ്യബാഹ്യരായിരുന്നുവെങ്കിലും സമാനപദവിയിലുണ്ടായിരുന്നവരല്ല. ചില കാര്യങ്ങളിൽ സമാനരും മറ്റു ചില കാര്യങ്ങളിൽ വ്യത്യസ്തരുമായിരുന്നു. ഇരുവരുടെയും സമുദായങ്ങളുടെ സാമ്പത്തിക- സാമൂഹ്യ ഭിന്നതയുടെ അകലം ചരിത്രപരമായിത്തന്നെ കീഴാള ഘടനയിൽ മേൽത്തട്ട്- കീഴ്ത്തട്ട് പ്രതിനിധാനപദവി കല്പിച്ചേകിയിരുന്നു. ആശാന് ഔപചാരിക വിദ്യാഭ്യാസം നേടാനായി. സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ വികസിത ഭാഷകളിൽ നൈപുണ്യം, ശ്രീനാരായണഗുരുവുമായുള്ള അടുപ്പം, സംഘടനാ നേതൃത്വം, വരേണ്യ കാവ്യസംസ്കാരവുമായുള്ള ബന്ധം എന്നിങ്ങനെ സാംസ്കാരിക മൂലധനാഘടകങ്ങളായി പലതും തൊട്ടറിയാം. ആശാൻ ആർജിച്ചിരുന്ന സാക്ഷരതാ സാംസ്കാരിക മൂലധനം വരേണ്യതുല്യമായിരുന്നു.
അപ്പച്ചന്റ കാര്യത്തിൽ ബൈബിൾ പരിചയം, അടിസ്ഥാന അക്ഷരജ്ഞാനം, മിഷനറി ബന്ധം, അടിമസമുദായ നേതൃത്വം എന്നിവയും ചുണ്ടിക്കാണിക്കാം. ഇരുവരും ശ്രീമൂലം സഭയിൽ അംഗങ്ങളായിരുന്നുവെന്നതും ആശാന് സമുദായതാല്പര്യവും അപ്പച്ചന് വംശതാല്പര്യവും പ്രകടമായി ഉണ്ടായിരുന്നുവെന്നതും ചില പ്രവർത്തന സമാനതകളായി കാണാം. മറ്റെല്ലാ അർത്ഥത്തിലും ഇരുവരും അസാമാന്യ വ്യക്തിത്വത്തിനുടമകളായിരുന്നു.

ആശാന്റെ പാത
മലയാളത്തിൽ ഏറ്റവും കൂടുതൽ പഠനങ്ങളുണ്ടാകുകയും ഇന്നും ശോഭ കെടാതെ അംഗീകരിക്കപ്പെടുന്നതുമായ കവിയാണ് കുമാരനാശാൻ എന്നത് അവിതർക്കിതമാണ്. അദ്ദേഹത്തിന് ചാർത്തിക്കിട്ടിയിട്ടുള്ള വിശേഷങ്ങളേറെയുണ്ട്. വിപ്ലവത്തിന്റെ ശുക്രനക്ഷത്രം, യുഗസ്രഷ്ടാവ്, കാല്പനികകവി, ദിവ്യകോകിലം, നവോത്ഥാന കവി, സ്നേഹഗായകൻ, ആത്മീയകവി, ജനകീയകവി, വിപ്ലവകവി എന്നിങ്ങനെ ഒട്ടേറെയുണ്ട്. ദാർശനികത, സ്നേഹം, വിപ്ലവബോധം എന്നിവ പ്രകാശിക്കുന്ന കാവ്യശൈലി. മലയാള കാവ്യഭാഷയിൽ തിടംവെച്ചിരുന്ന ശൃംഗാരഭാവത്തെ പ്രണയംകൊണ്ട് നേരിട്ടതോടെ പ്രേമം, കരുണ, സ്നേഹം തുടങ്ങിയ ഭാവങ്ങളുടെ ആവിഷ്കരണം കാവ്യഭാഷയ്ക്കു പുതിയ മാനങ്ങൾ നൽകി. ബുദ്ധ ദർശനം, പ്രണയഭാവങ്ങൾ, വിപ്ലവബോധം, ആശയസമ്പത്ത്, സൂക്ഷ്മമായ പ്രകൃതിനിരീക്ഷണം എന്നിവയെല്ലാം മുറ്റിനില്ക്കുന്ന കാവ്യഭാഷയാണ് ആശാന്റേതെന്ന് പരക്കെ നിരീക്ഷിച്ചിട്ടുണ്ട്. കൂടാതെ ആശാൻകവിതകളിൽ പൊതുവെ ആത്മീയമായ ഒരു സന്ദേശത്തിന്റെ പിൻബലവും കാണാം.
ആശാന്റെ കാലത്ത് പ്രാധാന്യത്തോടുകൂടി ചർച്ച ചെയ്തിരുന്ന ജാതീയത, അയിത്തം, തൊട്ടുകൂടായ്മ, തീണ്ടൽ എന്നിവയൊക്കെ ആ കവിതയിൽ കടന്നുവരുന്നുണ്ട്. സ്വാതന്ത്ര്യം, മരണം, സ്നേഹം, സുഖം, അസമത്വം, ജാതിവിമർശനം, പെൺമ, വിമോചനം തുടങ്ങിയ വിഖ്യാത ആശാൻ പ്രമേയങ്ങൾ വിപുലമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇമേജുകളിൽനിന്ന് ഇമേജുകളിലേക്ക് പടരുന്ന ആഖ്യാനമാണ് ആശാന്റേതെന്നും മനുഷ്യമനസ്സിന്റെ ഉള്ളനുഭവങ്ങളുടെ ആഖ്യാനം കൃതികളിലെ കാവ്യബിംബങ്ങൾ സാക്ഷ്യപ്പെടുത്തുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭക്തി, ലൗകികവും ആത്മീയവുമായ വ്യക്ത്യനുഭവങ്ങൾ കഴിഞ്ഞിട്ട് സാമൂഹികപ്രശ്നങ്ങളിലേക്ക് ആശാന്റെ കാവ്യഭാവുകത്വം പരിണമിക്കുന്നുവെന്നത് വാസ്തവമാണ്.
'തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ’
എന്നും
‘നെല്ലിൻചുവട്ടിൽ മുളയ്ക്കും കാട്ടു-
പുല്ലല്ല സാധുപുലയൻ’
എന്നിങ്ങനെ അന്നത്തെ കേരളീയാവസ്ഥ ആശാൻ ആവിഷ്കരിക്കുന്നുണ്ടെങ്കിലും തീവ്രമായ അടിമാനുഭവമൊന്നും ആശാന്റെ പ്രമേയങ്ങളാവുന്നില്ല. സാക്ഷര വരേണ്യതയ്ക്കുൾക്കൊള്ളാവുന്ന അത്രയുമൊക്കെ വിപ്ലവവീര്യം ബുദ്ധദർശനത്തിന്റെ അകമ്പടി ബിംബാവലികളിലൂടെ ആവിഷ്കരിക്കുന്നതുതന്നെ വിപ്ലവകരമായ ഇടപെടലായിരുന്നുവെന്നതിൽ സംശയമില്ല. സമാന്തരമായി അപ്പച്ചൻ സ്വീകരിച്ച പാത മറ്റൊന്നായിരുന്നു.
അപ്പച്ചന്റെ പാത
അപ്പച്ചനെ സാഹിത്യചരിത്രങ്ങളോ സാഹിത്യ ലോകമോ കവിയായി കാണുന്നില്ല. ഇതിനെ സാക്ഷരവരേണ്യതയുടെ മാത്രം പ്രശ്നമായി കാണാനാവില്ല. വാമൊഴി വാങ്മയങ്ങളിൽനിന്നും അപ്പച്ചന്റെ ലിഖിതമൂലധനം അടുത്തകാലത്താണ് ലഭ്യമായത്. അതിനുശേഷം ദലിത് സാഹിത്യ ശാഖയിലെ ആദ്യ കവികളിലൊന്നായി അപ്പച്ചൻ പ്രേമികൾ നിർവചിക്കുന്നു എന്നല്ലാതെ സാഹിത്യപ്രവേശനം ഇനിയും നടന്നിട്ടില്ല. വരേണ്യസാഹിത്യബോധത്തിൽ ഇടം അനുവദിച്ചിട്ടില്ലെങ്കിലും അപ്പച്ചന്റെ പാട്ടുവാങ്മയങ്ങളെ നിരസിക്കാനാവില്ല. സാക്ഷരവരേണ്യത നിശ്ചയിച്ചിട്ടുള്ള സാഹിത്യവഴിയായിരുന്നില്ല അപ്പച്ചൻ പിന്തുടർന്നത്. അടിമത്തം അടിച്ചേൽപ്പിച്ച അധമസ്വത്വത്തിന്റെ തിരിച്ചറിയലും അതിൽനിന്നുള്ള മോചനത്തിനായുള്ള പ്രതിക്രിയയുമായിരുന്നു അപ്പച്ചന്റെ സർഗാത്മകവൃത്തി. വാമൊഴിയുടെ താളനിബദ്ധതയുണ്ടായിരുന്നതു കൊണ്ടുതന്നെ അവ പാട്ടായി പാടാൻ പര്യാപ്തമായിരുന്നു. വരേണ്യസാഹിത്യ ലോകത്തിൽ ഇടം കണ്ടെത്താനല്ല, എല്ലാ വരേണ്യാധികാരങ്ങളെയും പ്രതിരോധിക്കുന്ന സ്വത്വാവിഷ്കാരങ്ങളായിരുന്നു അപ്പച്ചന്റെ പാട്ടുകൾ.
സാക്ഷരസാംസ്കാരികതയുടെ പ്രതിനിധിയല്ലാത്ത അപ്പച്ചന് സാക്ഷരനിയമങ്ങൾ പാലിക്കേണ്ട ബാധ്യതയോ കാവ്യഭാണ്ഡം പേറേണ്ടതോ ഉണ്ടായിരുന്നില്ല. മറിച്ച് തന്റെ വർഗത്തെ പ്രതിനിധീകരിച്ചുണ്ടാകാത്ത പ്രതിനിധാനശൂന്യത തിരിച്ചറിഞ്ഞ് ഭാഷാവാങ്മയങ്ങൾ സ്വത്വാവിഷ്കാരങ്ങളായി നിർമിച്ചെടുക്കേണ്ട ബാധ്യതയായിരുന്നു ഉണ്ടായിരുന്നത്.
പ്രതിരോധ സ്വത്വനിർണയവചനങ്ങളായിരുന്നു ആ പാട്ടുകൾ. പ്രാഥമിക അക്ഷരജ്ഞാനം മാത്രമുണ്ടായിരുന്ന അപ്പച്ചൻ പ്രതിനിധീകരിക്കുന്ന ജനതയുമായുള്ള വിനിമയബന്ധം ഉറപ്പിക്കാനും അവരിൽ സ്വത്വബോധത്തിന്റെ ജ്ഞാനപരിസരം ഒരുക്കാനും അടിമചരിത്രം പേറുന്ന പ്രതിരോധ ശരീരങ്ങളായി സജ്ജമാക്കാനും ചരിത്രത്തിലേക്ക് സംവദിക്കാനും, അതായത് തങ്ങൾ ആരായിരുന്നുവെന്നും നമ്മൾ ഇപ്പോഴുള്ളവരായി മാറിയതെങ്ങനെയെന്നും ഓർമലോകത്തെ പുനരാനയിച്ചു ബോധ്യപ്പെടുത്തി പ്രതിരോധം ഉൾക്കൊള്ളാനും മാത്രം, ഭയരഹിത സ്വത്വബോധശരീരങ്ങളാക്കി അവമാനവീകരണത്തെ ചെറുത്തുനിൽക്കാൻ സ്വന്തം വംശത്തെ പ്രാപ്തമാക്കുക എന്ന ഉത്തരവാദിത്തമാണ് അപ്പച്ചനെ സർഗാത്മക വൃത്തിയിലെത്തിച്ചത്.
സാക്ഷരസാംസ്കാരികതയുടെ പ്രതിനിധിയല്ലാത്ത അപ്പച്ചന് സാക്ഷരനിയമങ്ങൾ പാലിക്കേണ്ട ബാധ്യതയോ കാവ്യഭാണ്ഡം പേറേണ്ടതോ ഉണ്ടായിരുന്നില്ല. മറിച്ച് തന്റെ വർഗത്തെ പ്രതിനിധീകരിച്ചുണ്ടാകാത്ത പ്രതിനിധാനശൂന്യത തിരിച്ചറിഞ്ഞ് ഭാഷാവാങ്മയങ്ങൾ സ്വത്വാവിഷ്കാരങ്ങളായി നിർമിച്ചെടുക്കേണ്ട ബാധ്യതയായിരുന്നു ഉണ്ടായിരുന്നത്. അപ്പച്ചന്റെ ആദ്യത്തെ തിരിച്ചറിവ് തന്റെ വംശത്തിന്റെ പ്രതിനിധാന ശൂന്യതയായിരുന്നു.
‘‘കാണുന്നില്ലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേകം
വംശത്തിൻ ചരിത്രങ്ങൾ’’
..........
‘‘എന്റെ വംശത്തിൻ കഥ
എഴുതിവെച്ചീടാൻ പണ്ടീ
ഉറവിയിലാരുമില്ലാതെ പോയല്ലോ
ഓര്‍ത്തിടുമ്പോള്‍ ഖേദമുള്ളില്‍
ആരംഭിക്കുന്നേ അവ-
ചേര്‍ത്തിടട്ടേ സ്വന്തരാഗത്തില്‍
ചിലതെല്ലാം’’.
തന്റെ സർഗാത്മക പ്രവർത്തനം എന്തിനുവേണ്ടിയുള്ളതാണെന്ന തിരിച്ചറിവാണ് അപ്പച്ചൻ അടയാളപ്പെടുത്തിയത്, ഭാഷയുടെ കാവ്യപൈതൃകത്തിൽ അടയാളപ്പെടാനല്ല. അനുദിനം ഭയബോധത്തിൽ കുടുങ്ങി ജീവിതം നയിക്കുന്ന ജനതയ്ക്ക് തങ്ങളുടെ ദൈനംദിന പണിക്കാലമേയുള്ളൂ. ഭൂതവും ഭാവിയുമില്ല. അന്യവൽക്കരണത്തിന്റെ ശേഷി അത്രയും തീവ്രവും അഗാധവുമാണ്. ജന്തുബോധത്തിൽനിന്ന് മനുഷ്യബോധത്തിലേക്കു വളരാൻ അനുവദിക്കാത്ത അടിമജീവിതം. എതിർക്കാനാവില്ല. പീഡനത്തിലൂടെ വിധേയത്വവും അനുസരണയും മാത്രമുള്ളവരാക്കപ്പെട്ടവർ. വികാരങ്ങൾപോലും പണയപ്പെടുത്തിയ ശരീരങ്ങൾ. അവരോട് സംവദിക്കുന്നതെങ്ങനെ?. അടിമയനുഭവങ്ങളുടെ ഓർമ്മകളുണർത്തിക്കൊണ്ടാണ് വേണ്ടതെന്ന് അപ്പച്ചൻ തീരുമാനിച്ചു. സ്വന്തമായി വ്യക്തിബോധം പോലും അന്യമായിരുന്ന ഒരു വർഗത്തോട് അവരെ ആത്മബോധമുള്ളവരാക്കി മാറ്റിക്കൊണ്ടേ വിവേകത്തിന്റെ ഭാഷ മനസിലാക്കിക്കാനാവൂ, സ്വന്തമായി സ്വത്വബോധമുള്ളവരാക്കാനാവൂ എന്ന് മനസിലാക്കി, ഉടമകളായിരുന്ന തങ്ങളെ അടിമകളാക്കിയതാണെന്ന് ഓർമപ്പെടുത്തി, അടിമബോധത്തിന്റെ കാഠിന്യം എന്തെന്ന് ഓർമകളിലൂടെ ബോധ്യപ്പെടുത്തി, വർഗബോധം നിറച്ച് ഐക്യപ്പെടാനുള്ള ആഹ്വാനമായാണ് തന്റെ രചനാവഴി അപ്പച്ചൻ നിശ്ചയിച്ചത്.

പീഡനതെളിവുകൾ വഹിക്കുന്ന അടിമശരീരത്തെ ജീവനുള്ള സാക്ഷ്യമായി മാറ്റി. ഓർമ്മകളെ അസ്തിത്വമുദ്രകളാക്കി മനസ്സിനെയും ശരീരത്തെയും പരസ്പരം ബന്ധിപ്പിച്ചു. അതിലൂടെ ഭൂതകാലത്തെയും ഉത്തരവാദിത്വങ്ങളെയും രൂപപ്പെടുത്തിയെടുത്തു. പാമരജനതയിൽ അഭിമാനം, പ്രതിരോധശേഷി, സ്വത്വം എന്നിവ വളർത്തുകയും ചെയ്തു. തൊട്ടുകൂടാത്തവരെ സംഘടിപ്പിക്കുന്നതിലും ജാതീയതയുടെ ചങ്ങലകളിൽനിന്ന് അവരെ മോചനത്തിലേക്ക് നയിക്കുന്നതിലും കൂട്ടായ പ്രവർത്തനത്തിന്റെയും സാമൂഹിക മാറ്റത്തിന്റെയും ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു.
അടിച്ചമർത്തുന്ന ജാതി -മത വ്യവസ്ഥകളെ വെല്ലുവിളിക്കാൻ അവരെ ശാക്തീകരിക്കുന്നതിനും വേണ്ട അവബോധനിർമിതി നടത്താനും അപ്പച്ചൻ പാട്ടുവഴിയിലൂടെ ശ്രമിച്ചു. തീവ്രമായ അടിമാനുഭവങ്ങളും ജൈവികമായ ദുരന്തചിത്രങ്ങളും പാട്ടുകളുടെ ശില്പഘടന നിർണയിച്ചു. പ്രതീകാത്മകമല്ല, യാഥാർഥ്യത്തിന്റെ തെളിമയുള്ളവയായിരുന്നു അവ. അവർക്ക ന്യമായതൊന്നും ഭാവനാസാക്ഷ്യങ്ങളായില്ല. മാതാപിതാക്കളിൽ നിന്ന് വേർപ്പെട്ട മക്കൾ, മക്കളിൽ നിന്നും പങ്കാളികളിൽ നിന്നും വേർപെടുന്നവർ, കാളകൾക്കും പോത്തുകൾക്കും ഇണയായി കൂട്ടിക്കെട്ടിയവർ, പട്ടിയെ കൊല്ലും പോലെ കൊല്ലപ്പെട്ട, കാളയെ വിൽക്കും പോലെ വിൽക്കപ്പെട്ടവർ എന്നിങ്ങനെ സാമൂഹിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന അനുഭവചിത്രങ്ങളാണ് പാട്ടുകളിൽ നിറഞ്ഞത്.
ആശാന്റെ കാവ്യഭാവന തേടിയലഞ്ഞ പ്രമേയഘടനയും കാവ്യഭാഷയുമല്ല അപ്പച്ചന്റേത് എന്നതുകൊണ്ട് അപ്പച്ചൻ സർഗാത്മക പ്രവർത്തകൻ അല്ലാതാകുന്നില്ല.
മുഖ്യധാരാ സാഹിത്യചരിത്രത്തിന് അപ്പച്ചനെ സാഹിത്യകാരനായി അംഗീകരിക്കാൻ കഴിയാത്തതിന്റെ മാധ്യമപരമായ പ്രശ്നം ലിഖിതരാഷ്ട്രീയം മാത്രമാണോ? അല്ലെന്നും പറയേണ്ടിവരും. വാമൊഴിയിൽ പറഞ്ഞും പാടിയും പതിഞ്ഞതുമൊക്കെ പിൽക്കാലത്ത് ലിഖിതമൂലധമാവുകയും സാഹിത്യപദവി ലഭിക്കുകയും ചെയ്തിട്ടുണ്ട്. വൈകിയാണെങ്കിലും അപ്പച്ചന്റെ ലിഖിതസാന്നിധ്യം ഇന്ന് ലഭ്യമാണ്. അപ്പച്ചന്റെ ആൾക്കാർ അദ്ദേഹത്തെ കീഴാള സർഗാത്മക പ്രവർത്തകനായി കാണുന്നെങ്കിലും മുഖ്യധാരയ്ക്ക് അപ്പച്ചൻ ഇപ്പോഴും അന്യനാണ്. ഇതിനു കാരണമായി കണ്ടെത്താവുന്നത് മുഖ്യധാര പങ്കിടുന്ന സാക്ഷരവരേണ്യതയാണ്. സാക്ഷരവരേണ്യർ ഉയർത്തിക്കാണിക്കുന്ന സാഹിത്യമാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അപ്പച്ചനെ ഉൾക്കൊള്ളുക എളുപ്പമല്ല. ആസ്വാദകരെ സൃഷ്ടിക്കുന്ന, ആസ്വാദനത്തിന്റെ പരകോടിയിലേക്ക് ആനയിക്കുന്ന സാഹിത്യപ്രപഞ്ചം എന്നൊക്കെ നിശ്ചയിച്ചിരിക്കുന്ന സാഹിത്യലോകത്തിന്റെ പ്രതിനിധിയല്ല അപ്പച്ചൻ. അപ്പച്ചന്റെ സംവേദനലോകവും ഭാഷയും മാധ്യമവും സാക്ഷരതാവരേണ്യരുടെതല്ല. സാക്ഷരതാ വരേണ്യസാംസ്കാരികതയോട് പ്രതിഷേധിക്കുന്ന അപ്പച്ചനെ ഉൾക്കൊള്ളാൻ മുഖ്യധാരയുടെ പാരായണശീലം പോരാതെ വരുന്നുവെന്നതാണ് വാസ്തവം.
മുഖ്യധാരയെ നിർമിച്ചിരിക്കുന്ന ലാവണ്യശാസ്ത്രത്തിന്റെ ഭ്രമലോകത്തെ മാധ്യമപരമായും സർഗാത്മകപരമായും അംഗീകരിക്കാതെ, വാചികഭാഷയിൽ തനത് സർഗാത്മകലോകം സൃഷ്ടിക്കുന്നുവെന്നത് വിനിമയവിഛേദം ആയതുകൊണ്ടും കൂടിയാണ്. മുഖ്യധാരയിൽ ആശാൻ കവിയാകുന്നതും അപ്പച്ചൻ കവിയല്ലാതാകുന്നതും സാഹിത്യവരേണ്യതയുടെ അംഗീകാരവും തിരസ്കാരവുമാണ്. ഈ സന്ദർഭത്തിൽ എളുപ്പം പറഞ്ഞുവയ്ക്കുന്ന കീഴാളത്ത വിവേചനം യുക്തിഭദ്രമാണോ?
ആശാൻ സാക്ഷരവരേണ്യ വിഭാഗങ്ങളുമായാണ് സംവദിച്ചത്. ആശാന്റെ ജാതിക്കാരുമായല്ല, വിദ്യാഭ്യാസം കൊണ്ടും സാമൂഹിക സമ്പർക്കം കൊണ്ടും ആശാൻ വരേണ്യസാക്ഷരതയുടെ ഭാഗമായി കഴിഞ്ഞിരുന്നു. അപ്പച്ചൻ സംവദിച്ചത് സ്വന്തം വംശത്തോടാണ്. അതുകൊണ്ട് എഴുത്തധികാരത്തിലൂടെ അക്ഷരശൂന്യരോട് സംവദിക്കാനാവില്ല.
ആശാനും അപ്പച്ചനും അവർണരാണ്. ഒരാളെ ദലിതനായിട്ടും മറ്റെയാളെ പിന്നാക്കക്കാരനായിട്ടും പറയുന്നത് എളുപ്പമാണ്. എന്നാൽ ജാതിസ്വത്വമല്ല ആശാനെ കവിയാക്കിയതും അപ്പച്ചനെ അല്ലാതാക്കുന്നതും. സാക്ഷരസാമ്യൂഹ്യ വ്യക്തിത്വങ്ങളിലെ ഭിന്നതയാണ്. പ്രാഥമിക അക്ഷരജ്ഞാനമുള്ള അപ്പച്ചൻ സാക്ഷരവരേണ്യതയുടെ ഭാഗമല്ല. അതാകാത്തതിനു പിന്നിൽ കീഴാള പ്രാതിനിധ്യം മാത്രമല്ല എന്നാണിവിടെ ഉദ്ദേശിക്കുന്നത്. പ്രകാശന മാധ്യമത്തിന്റെയും അതിലേറെ സാക്ഷരവരേണ്യവിരുദ്ധതയുടെയും വേരുകളുണ്ട്.
സാക്ഷരവരേണ്യതയുടെ സാഹിത്യപ്രതിനിധിയായി ആശാൻ എഴുതുന്നത് കവിതയും അപ്പച്ചന്റെ വാങ്മയങ്ങൾ പാട്ടുകളുമാകുന്നു. മാധ്യമപരമായ വിവേചനവും കൂടിയാണ്. ഇരുവരുടെയും സർഗാത്മകവൃത്തിയുടെ വിനിമയക്ഷമതയെ കുറിച്ചുള്ള ആലോചനയും ആവശ്യമാണ്. ആശാൻ ആരോടാണ് സംവദിച്ചത്? തിരിച്ച്, അപ്പച്ചൻ ആരോടാണ് സംവദിച്ചത്?
ആശാൻ സാക്ഷരവരേണ്യ വിഭാഗങ്ങളുമായാണ് സംവദിച്ചത്. ആശാന്റെ ജാതിക്കാരുമായല്ല, വിദ്യാഭ്യാസം കൊണ്ടും സാമൂഹിക സമ്പർക്കം കൊണ്ടും ആശാൻ വരേണ്യസാക്ഷരതയുടെ ഭാഗമായി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം വരേണ്യസാക്ഷരതയുടെ മാനകഭാഷ തന്റെ കാവ്യഭാഷയാക്കി.
അപ്പച്ചൻ സംവദിച്ചത് സ്വന്തം വംശത്തോടാണ്. അതുകൊണ്ട് എഴുത്തധികാരത്തിലൂടെ അക്ഷരശൂന്യരോട് സംവദിക്കാനാവില്ല. വാമൊഴി മാധ്യമമേ അപ്പച്ചന് മുന്നിൽ വിനിമയ ഉപാധിയായി ഉണ്ടായിരുന്നുള്ളൂ. വാമൊഴിയെ സർഗാത്മകമാധ്യമാക്കി ഉപയോഗിക്കുകയാണ് അപ്പച്ചൻ തെരഞ്ഞെടുത്ത പോംവഴി. വിനിമയം സുഗമമാകാനും ദീർഘകാലമായി അപമാനവീകരിച്ച അടിമവംശക്കാരെ ചേർത്തുനിർത്താനും അവരിലെ ഭയബോധം മായ്ച്ചുകളയാനും സമാന ജനഭാഷ നിർബന്ധമായിരുന്നു. വ്യത്യസ്തമായ ഭാഷയിലാണെങ്കിൽ വിനിമയ വിടവുണ്ടാകും. അപ്പച്ചൻ ഉദ്ദേശിക്കുന്ന ഒരുമയുടെയും സാഹോദര്യത്തിന്റെയും ഭാഷയാകില്ല അത്. അതുകൊണ്ടുതന്നെ വിനിമയക്ഷമത അധികവും പങ്കാളിത്തപരവുമായിരുന്നു, അപ്പച്ചന്റെ കാവ്യഭാഷയ്‌ക്ക്. വ്യഖ്യാതാക്കൾ അർഥം പറഞ്ഞറിയിക്കേണ്ടതില്ല.
‘പൊയ്കയില്‍ അപ്പച്ചനിസം: കേരളത്തിന്റെ അടിമ ജനത നവോത്ഥാന മാനിഫെസ്റ്റോ’ പഠനപരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാം,കേൾക്കാം
മറിച്ച് ആശാന്റെ കാവ്യഭാഷ സംവദിച്ചത് സാക്ഷരവരേണ്യരുമായാണ്. മുഖ്യധാരയിൽ കാവ്യാർഥ വ്യാഖ്യാനം ഇന്നും തുടരുന്നുമുണ്ട്. വ്യാഖ്യാന ബഹുത്വമാണ് കാവ്യഗുണം എന്നു വിശ്വസിക്കുന്നവർക്ക് അപ്പച്ചന്റെ പ്രത്യക്ഷവിനിമയഭാഷ അംഗീകരിക്കാൻ വിമുഖതയുണ്ടാകും. ഇരുവരുടെയും വിനിമയ ലോകം രണ്ടായിരുന്നുവെന്ന് അംഗീകരിക്കുന്നതോടെ, അവരുടെ സർഗാത്മക വഴികളും അവ നിർവഹിച്ച ധർമവും വ്യത്യസ്തമാണെന്നും ബോധ്യപ്പെടും. അതോടെ അപ്പച്ചനും സാഹിത്യചരിത്രത്തിൽ ഇടം കിട്ടുമെന്നുറപ്പിക്കാം.

