അവനവൻ ശരികളുടെ
വ്യാജ ഇടതുപക്ഷം

ചരിത്രസന്ധികളിൽ തങ്ങളുടെ പങ്ക് തിരിച്ചറിയുക എന്നതിന് കമ്യൂണിസ്റ്റുകാർക്ക്, ഇടതുപക്ഷത്തിന് പ്രാപ്തി നൽകുന്നത് അതിനെ സാധ്യമാക്കുന്ന രാഷ്ട്രീയമാണ്. അത് നഷ്ടമായ ഇടതുപക്ഷ കക്ഷികൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മറുവശത്താണ് നിൽക്കുന്നത്- പ്രമോദ് പുഴങ്കര എഴുതുന്നു.

നൂറ്റാണ്ടു പിന്നിട്ടൊരു യാത്രയിൽ, അനുതാപരഹിതമായൊരു അന്തരീക്ഷത്തിൽ അവസാനവും കാത്ത്, ദുരന്തസമാനമായ ദുർബ്ബല ഞെരുക്കങ്ങളോടെ ഇനിയെന്തന്നറിയാതെ കിടക്കുകയാണ് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾ. വാസ്തവവിരുദ്ധവും യാഥാർത്ഥ്യ ബോധമില്ലാത്തതുമായ കപടോക്തികളും വാഴ്ത്തുകളും മടങ്ങിവരവിനെക്കുറിച്ചുള്ള പൊള്ളയായ വാചാടോപവും കൊണ്ടാണ് ഈ അവസ്ഥയെ നേരിടുന്നതെങ്കിൽ ഇതുവരെ സംഭവിച്ചതിന്റെ യുക്തിസഹമായ അന്ത്യം ഒന്നുകൂടി വേഗത്തിലാവുക മാത്രമാണുണ്ടാവുക.

ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനവും ഇടപെടലും അതിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ദുർബ്ബലമായ അവസ്ഥയിലാണിപ്പോൾ. ശത്രുക്കൾക്കുപോലും അവഗണിക്കാവുന്ന വിധത്തിലേക്ക് അത് അതിവേഗം ചുരുങ്ങുകയാണ്. നിലനില്പിനുവണ്ടി നടത്തുന്ന പലതരം പിടച്ചിലുകൾ മാത്രമായി അത് മാറിയിരിക്കുന്നു.

ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിലപാടുകൾ ഉറക്കെപ്പറയേണ്ട ഘട്ടത്തിൽ തങ്ങളുടെ സ്വയം വരിച്ച അപ്രസക്തിയുടെ ഗുഹകളിൽ നിന്ന് ‘ഗ്വാ ഗ്വാ’ വിളിക്കുന്ന വിദൂഷകരായി മാറിയിരിക്കുന്നു അതിന്റെ നേതൃത്വം. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഒപ്പം നിൽക്കുന്നവർ കൂടി ഈ യാഥാർത്ഥ്യനിഷേധത്തിന്റെ പ്രതിന്യായം കാണാപ്പാഠം പറയുന്നതോടെ വിലാപശൂന്യമായൊരു ആത്മഹത്യയുടെ അവസാന അങ്കങ്ങളിലൊന്ന് നമുക്കുമുന്നിൽ അരങ്ങേറുകയാണ്.

മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഈ സംഘയാത്രയിൽ ഇനി അധികമൊന്നും ചെയ്യാനില്ല.
മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഈ സംഘയാത്രയിൽ ഇനി അധികമൊന്നും ചെയ്യാനില്ല.

മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഈ സംഘയാത്രയിൽ ഇനി അധികമൊന്നും ചെയ്യാനില്ല. എന്നാൽ അതുയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയത്തെ ഇന്ത്യ ഒഴിവാക്കിക്കൂടാ. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ ചുമതലയും സാധ്യതയും എന്നത്തേക്കാളും പ്രസക്തമായൊരു കാലത്താണ് ഇന്ത്യയിപ്പോൾ നിൽക്കുന്നത് എന്നതുകൊണ്ടുകൂടിയാണത്.

ഇന്ത്യൻ ചരിത്രത്തിലുണ്ടൊരു
ഇടതുപക്ഷം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മുതലുള്ള ഇന്ത്യയുടെ ചരിത്രത്തിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സാന്നിധ്യം അതിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളെ മാത്രം അടിസ്ഥാനമാക്കിയല്ല വിലയിരുത്തേണ്ടത്. ഒരു രാഷ്ട്രീയപ്രയോഗമെന്ന നിലയിലും പ്രത്യയശാസ്ത്രസമീപനം എന്ന നിലയിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആധുനിക ഇന്ത്യയുടെ ചരിത്രയാത്രയിലെ നിർണായക സാന്നിധ്യങ്ങളും പങ്കാളികളുമായിരുന്നു. അതിന്റെ ഏറ്റക്കുറച്ചിലുകളിൽ പലതരം വിശകലനങ്ങൾക്കും അതിനെച്ചൊല്ലിയുള്ള ഭിന്നതകൾക്കും ഇടമുണ്ടെങ്കിലും ഇടതുപക്ഷത്തെയും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെയും നിസ്സാരവത്ക്കരിച്ചുകൊണ്ടുള്ള ഒരു ചരിത്രപദ്ധതി ഇന്ത്യക്ക് പാകമാവില്ല എന്നതാണ് വസ്തുത. എന്നാൽ ഈ ചരിത്രസാന്നിധ്യത്തിന്റെ അന്ത്യത്തിലാണ് ഇന്ത്യൻ ഇടതുപക്ഷം ഇപ്പോൾ നിൽക്കുന്നത്. അതിനെ തിരിച്ചറിയാനോ അങ്ങനെ എന്തെങ്കിലും തരത്തിൽ തിരിച്ചറിഞ്ഞാൽത്തന്നെ ആ പ്രതിസന്ധിയെ നേരിടാനോ പാകമല്ലാത്ത വിധത്തിൽ പ്രത്യശാസ്ത്രത്തെളിച്ചവും സംഘടനാരോഗ്യവും നഷ്ടപ്പെട്ട ഒരു പൂതലിച്ച രാഷ്ട്രീയശരീരമാണ് ഇന്ന്, ഇന്ത്യൻ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച്, മുഖ്യധാരാ ഇടതുപക്ഷത്തിനുള്ളത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷ പ്രസ്ഥാനവും രൂപപ്പെടുന്നത് കൊളോണിയൽ വിരുദ്ധ ദേശീയ സ്വാതന്ത്യ സമരത്തിന്റെ പശ്ചാത്തലത്തിലും ഒപ്പം സാർവ്വദേശീയ തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുമാണ്. ഒരേസമയം അത് ദേശീയ വിമോചന സമരത്തിന്റെയും സാർവ്വദേശീയ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെയും ഭാഗമായിരുന്നു.

കമ്യൂണിസ്റ്റ് ഇന്റർനാഷനൽ രണ്ടാം കോൺഗ്രസിലെ സഖാക്കൾ
കമ്യൂണിസ്റ്റ് ഇന്റർനാഷനൽ രണ്ടാം കോൺഗ്രസിലെ സഖാക്കൾ

അതത്ര എളുപ്പമുള്ള പരിപാടിയായിരുന്നില്ല. ദേശീയ സ്വാതന്ത്ര്യ സമരത്തിൽ എടുക്കുന്ന നിലപാടുകളും കൊളോണിയൽ വിരുദ്ധ സമരവും ഒപ്പം രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവപരിപാടിയുമെല്ലാം നാനാതലങ്ങളിൽ അതിന്റേതായ വൈരുധ്യങ്ങളെയും സംഘർഷങ്ങളെയും ഉത്പ്പാദിപ്പിച്ചുകൊണ്ടിരുന്നു.

1920-ൽ തന്നെ കൊളോണിയൽ വിരുദ്ധ ദേശീയ വിമോചന സമരങ്ങളിൽ എന്ത് നിലപാടാണ് ആ രാജ്യങ്ങളിലെ തൊഴിലാളി വർഗവും കമ്യൂണിസ്റ്റ് പാർട്ടിയും കൈക്കൊള്ളേണ്ടതെന്ന കാര്യത്തിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അഭിപ്രായഭിന്നതകളുണ്ടായിരുന്നു. ദേശീയ, കൊളോണിയൽ പ്രശ്നങ്ങളെക്കുറിച്ചുള്ള തന്റെ കരട് രേഖയിൽ (1920, കമ്യൂണിസ്റ്റ് ഇന്റർനാഷണൽ, രണ്ടാം കോൺഗ്രസ്) കൊളോണിയൽ ഭരണക്രമത്തിനു കീഴിലുള്ള പ്രദേശങ്ങളിൽ ദേശീയ-ബൂർഷ്വാ വിമോചന സമര പ്രസ്ഥാനങ്ങളുമായി സഹകരിച്ച് അതാതിടങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ കൊളോണിയൽ വിരുദ്ധ സമരത്തിൽ പങ്കാളികളാകണമെന്ന ലെനിന്റെ നിർദ്ദേശത്തിനെതിരെ ഇന്ത്യയിൽ നിന്നുള്ള എം. എൻ. റോയ് ബദൽ തീസിസ് അവതരിപ്പിച്ചു.

ഇടതുപക്ഷ രാഷ്ട്രീയമെന്നത് പഴയകാല തമിഴ് സിനിമയുടെ സെറ്റിട്ട പോലൊരു പരിപാടിയാണെന്ന് തോന്നിപ്പിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ജനാധിപത്യ വിരുദ്ധതയുടെ സംഘപരിവാർ പാഠങ്ങളെ പകർത്തിവെക്കുന്നവരായി മാറുന്നു.

കമ്യൂണിസ്റ്റ് പാർട്ടികൾ കൊളോണിയൽ വിരുദ്ധ സമരത്തിൽ ദേശീയ ബൂർഷ്വാസിയുമായി കൈകോർക്കേണ്ടതില്ലെന്നും സ്വന്തം നിലയ്ക്ക് രാഷ്ട്രീയാധികാരത്തിനായി ശ്രമിക്കുകയും അതിനെ ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്തുണയ്ക്കുകയുമാണ് വേണ്ടതെന്നുമായിരുന്നു റോയിയുടെ നിലപാട്. റോയ് പിന്നീട് സാർവ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത നേതാക്കളിലൊരാളാവുകയും ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും മാർക്സിസ്റ്റ് ലോകവീക്ഷണത്തിൽ നിന്നുതന്നെ വിട്ടുപോവുകയും ചെയ്തു.

എന്നാൽ റോയ് ഉയർത്തിയ ഈ പ്രശ്നവും ലെനിന്റെ തീസിസിനെതിരായ രാഷ്ട്രീയ നിലപാടും വാസ്തവത്തിൽ പല രൂപത്തിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെ പിന്തുടർന്നു. ദേശീയ ബൂർഷ്വാസിയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കാര്യത്തിൽ പിളർന്നു തകർന്നുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്ക് തീർപ്പുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും കമ്യൂണിസ്റ്റുകാരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കാര്യത്തിൽ ഇന്ത്യയിലെ ദേശീയ ബൂർഷ്വാസി കാലാകാലം തീർപ്പുകളുണ്ടാക്കിയിരുന്നു.

എം.എൻ. റോയ് ഉയർത്തിയ പ്രശ്നവും ലെനിന്റെ തീസിസിനെതിരായ രാഷ്ട്രീയ നിലപാടും വാസ്തവത്തിൽ പല രൂപത്തിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെ പിന്തുടർന്നു.
എം.എൻ. റോയ് ഉയർത്തിയ പ്രശ്നവും ലെനിന്റെ തീസിസിനെതിരായ രാഷ്ട്രീയ നിലപാടും വാസ്തവത്തിൽ പല രൂപത്തിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെ പിന്തുടർന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ ദശകളിലും കമ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും അതിന്റെ ഗതിവിഗതികളിൽ നിർണായക സാന്നിധ്യവും സ്വാധീനവുമായിരുന്നു. 1920-കളിൽത്തന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്കെതിരെ വലിയ അടിച്ചമർത്തലുകൾക്ക് ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തെ നിർബന്ധിതമാക്കുന്ന വിധത്തിൽ അത് ശക്തിപ്രാപിക്കാനും തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് പെഷവാർ (1922-27), (1919-24), മീററ്റ് (1929) ഗൂഢാലോചനക്കേസുകൾ ഉണ്ടാകുന്നതും കമ്യൂണിസ്റ്റ് നേതൃത്വത്തിലെ പലരും ശിക്ഷിക്കപ്പെടുന്നതും.

അക്കാലത്തിനുശേഷം ഇന്ത്യയിലുണ്ടായ നിരവധി കർഷക സമരങ്ങളിലും തൊഴിലാളി മുന്നേറ്റങ്ങളിലും നിർണായക നേതൃശക്തിയായത് കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ ആശയങ്ങളുമാണ്. ജന്മിത്തത്തിനെതിരായി നടന്ന കേരളത്തിലടക്കമുള്ള വലിയ സമരങ്ങൾ ഈ രാഷ്ട്രീയത്തിന്റെ തുടർച്ചയായിരുന്നു. കോൺഗ്രസിനകത്ത് ജവഹർലാൽ നെഹ്റു അടക്കമുള്ള വലിയൊരു വിഭാഗവും ഇടതുപക്ഷ ചിന്താധാരയുടെ ഒപ്പം വലിയൊരളവോളം നിന്നു. കോൺഗ്രസിനകത്തുതന്നെ ഇടതു രാഷ്ട്രീയധാരയിൽപ്പെട്ടവർ കോൺഗ്രസ് സോഷ്യലിസ്റ്റുകാരായി മാറുകയും കേരളത്തിലൊക്കെ പിന്നീട് സംഭവിച്ച പോലെ കോൺഗ്രസിനകത്തെ സോഷ്യലിസ്റ്റ് വിഭാഗം വലിയ തോതിൽ കമ്യൂണിസ്റ്റ് പാർട്ടി സംഘടനയായി മാറുകയും ചെയ്തു.

അപ്പോഴൊക്കെയും കമ്യൂണിസ്റ്റ് പാർട്ടിക്ക് അതിന്റെ സാർവ്വദേശീയ നിലപാടുകളും ദേശീയ സാഹചര്യങ്ങളിലെ നിലപാടുകളുമായുള്ള വൈരുധ്യവും സംഘർഷവും പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കമ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ ആറാം കോൺഗ്രസിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോലുള്ള ദേശീയ ബൂർഷ്വാസിയുടെ രാഷ്ട്രീയകക്ഷികളുമായി സഹകരിക്കാതിരിക്കാൻ മാത്രമല്ല അവയുമായി കൊളോണിയൽ വിരുദ്ധ സമരങ്ങളിലെ പങ്കാളിത്തം അവസാനിപ്പിക്കാനും കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു.

മീററ്റ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായവർ, മീററ്റ് ജയിലിന് പുറത്തുനിന്ന് എടുത്ത ചിത്രം / Photo: The Hindu Archives
മീററ്റ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായവർ, മീററ്റ് ജയിലിന് പുറത്തുനിന്ന് എടുത്ത ചിത്രം / Photo: The Hindu Archives

വൈരുധ്യങ്ങൾ,
നയപ്രതിസന്ധികൾ

സ്വന്തം നിലയിൽ തൊഴിലാളി സംഘടനകളും ജനകീയ പ്രക്ഷോഭങ്ങളും കൊളോണിയൽ വിരുദ്ധ സമരങ്ങളുമൊക്കെ പാർട്ടി ഇക്കാലത്ത് നടത്തുകയുണ്ടായി. എന്നാൽ ദേശീയ ബൂർഷ്വാസിയും ദേശീയ, കൊളോണിയൽ പ്രശ്നങ്ങളും സാർവ്വദേശീയ സാഹചര്യങ്ങളിലെ വൈരുദ്ധ്യങ്ങളും ഒക്കെത്തന്നെ വീണ്ടും വലിയ നയപ്രതിസന്ധികൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുമുന്നിൽ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഫാഷിസത്തിന്റെ ഭീഷണി കൂടുതൽ രൂക്ഷവും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ നേരിട്ടുതന്നെ ഭീകരമായും ആക്രമിക്കാൻ തുടങ്ങിയതോടെ 1935-ലെ കമ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ ഏഴാം കോൺഗ്രസ് ദേശീയ ബൂർഷ്വാസിയുടെ ഫാഷിസ്റ്റ്, കൊളോണിയൽ വിരുദ്ധ സമരങ്ങളിൽ പങ്കുചേരുന്ന തരത്തിലേക്ക് സാർവ്വദേശീയ നിലപാട് മാറ്റി. ദത്ത്-ബ്രാഡ്‌ലി തീസിസ് (1936) ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഈ നയാടിസ്ഥാനത്തിലുള്ള പ്രധാന കക്ഷിയായി കാണുകയും ചെയ്തു.

എന്നാൽ ക്വിറ്റിന്ത്യാ സമരകാലത്ത് വീണ്ടും കമ്യൂണിസ്റ്റ് പാർട്ടി പ്രതിസന്ധിയിലായി. നാസി ജർമ്മനിക്കതിരെയും ഫാഷിസ്റ്റുകളുടെ അച്ചുതണ്ടിനെതിരെയും സോവിയറ്റ് യൂണിയൻ യുദ്ധം ആരംഭിക്കുകയും ബ്രിട്ടനടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങളുമായി അതിൽ സഖ്യകക്ഷിയാവുകയും ചെയ്തതോടെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ ദേശീയവിമോചനസമരത്തിൽ നിന്ന് മാറിനിൽക്കുകയും സാർവ്വദേശീയ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ശക്തി പകരാനായി ബ്രിട്ടീഷ് സർക്കാരിനെ എതിർക്കാതിരിക്കുകയും ചെയ്തു. ഇത് വാസ്തവത്തിൽ അതിന്റേതായ ന്യായങ്ങൾ കണ്ടെത്താൻ കഴിയുന്ന ഒന്നാണെങ്കിലും ഒരു കൊളോണിയൽ വിരുദ്ധ സമരത്തിലേക്ക് എടുത്തു ചാടിയ ഒരു ജനതയുടെ മുന്നിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങാനാകുന്ന ഒരു നിലപാടായിരുന്നില്ല. അതിന്റെ വലിയ ദോഷങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശേഷകാലത്തേക്ക് പിന്തുടരുകതന്നെ ചെയ്തു.

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടി നേരിട്ടുള്ള സായുധ സമരത്തിന്റെ പാത തെരഞ്ഞെടുക്കുകയും ദേശീയ ബൂർഷ്വാസിയുടെ സർക്കാരിനെ അട്ടിമറിക്കുക എന്ന സായുധ പരിപാടി (രണദിവെ തീസിസ്) നടപ്പാക്കാൻ ഇറങ്ങുകയും ചെയ്തു. വലിയ ഭരണകൂട അടിച്ചമർത്തൽ നേരിട്ട പാർട്ടി ഈ പരിപാടി പിന്നീട് ഉപേക്ഷിക്കുകയും തെരഞ്ഞെടുപ്പടക്കമുള്ള മുഖ്യധാരാ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് സമ്പൂർണമായി പ്രവേശിക്കുകയും ചെയ്തു.

അക്കാലത്തിനു ശേഷം ഇന്ത്യയിലുണ്ടായ നിരവധി കർഷക സമരങ്ങളിലും തൊഴിലാളി മുന്നേറ്റങ്ങളിലും നിർണ്ണായക നേതൃശക്തിയായതും കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ ആശയങ്ങളുമാണ്. / Photo:  Godavari Parulekar ddressing the The Warli Revolt, led by the Kisan Sabha against oppression by landlords, was launched in 1945. | Margaret Bourke-White / The Hindu Archives.
അക്കാലത്തിനു ശേഷം ഇന്ത്യയിലുണ്ടായ നിരവധി കർഷക സമരങ്ങളിലും തൊഴിലാളി മുന്നേറ്റങ്ങളിലും നിർണ്ണായക നേതൃശക്തിയായതും കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ ആശയങ്ങളുമാണ്. / Photo: Godavari Parulekar ddressing the The Warli Revolt, led by the Kisan Sabha against oppression by landlords, was launched in 1945. | Margaret Bourke-White / The Hindu Archives.

ദേശീയ ബൂർഷ്വാസിയുമായുള്ള സമീപനത്തിന്റെയും ബന്ധത്തിന്റെയും പേരിൽ, 1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. പിന്നീട് സായുധ വിപ്ലവത്തിന്റെ സാധ്യതകളെ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നതും പാർലമെന്ററി പാതയുടെ പേരിലുമുള്ള തർക്കങ്ങളുടെയും പേരിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം നിരവധി ശകലങ്ങളായി ഭിന്നിച്ചുകൊണ്ടിരുന്നു. പാർലമെന്ററി തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്ന മുഖ്യധാരാ കമ്യൂണിസ്റ്റ് കക്ഷികളും അതിന് പുറത്തുനിന്നുകൊണ്ട് സായുധ സമരം നടത്തുന്ന മാവോവാദികളുമായി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവകാശികൾ എന്ന് വിളിക്കുന്നവർ ഇന്നിപ്പോൾ ഭാഗം പിരിഞ്ഞുനിൽക്കുന്നു.

ഇടതുപക്ഷത്തിന്റെ ഭാവി?

2024-ലെ ദേശീയ പൊതുതെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇതിലെ തെരഞ്ഞെടുപ്പ് ഇടതുപക്ഷകക്ഷികൾ തീർത്തും അപ്രസക്തമായ സാന്നിധ്യമായി മാറിയിരിക്കുന്നു. കേരളത്തിലെ മാത്രം ഭരണമുള്ള സി പി ഐ (എം)ക്ക് ദേശീയ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു സീറ്റിലാണ് വിജയിക്കാനായത്. കോൺഗ്രസിന്റെയും പ്രാദേശിക കക്ഷിയായ ഡി എം കെയുടെയും സഹായത്തോടെ ലഭിച്ച മൂന്ന് സീറ്റുകളാണ് ബാക്കിയുള്ളത്. സി പി ഐയുടെയും അവസ്ഥ തമിഴ്നാട്ടിലെ മുന്നണി ഉദാരതയിൽ ലഭിച്ച രണ്ടു സീറ്റിൽ ഒതുങ്ങുന്നു.

എന്തായിരിക്കും കേരളത്തിലെ പ്രധാന ഭരണകക്ഷി കൂടിയായ സി പി ഐ (എം) നയിക്കുന്ന ഈ ഇടതുപക്ഷത്തിന്റെ ഭാവി?

അസാധാരണമായ വിധത്തിൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ കൈയൊഴിഞ്ഞു എന്നതാണ് ഇടതുപക്ഷത്തെ ഈ കനത്ത തോൽവിയുടെ ചരിത്രസന്ധിയിലേക്കെത്തിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യയിലെ സവിശേഷ സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള രാഷ്ട്രീയ പരിപാടി നടപ്പാക്കുന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടത്ര മുന്നോട്ടു പോകാനായില്ല. എന്നാൽ അതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു എന്നത് വസ്തുതയാണ്. എങ്ങനെയാണ് ഇന്ത്യയിലെ ദേശീയ ബൂർഷ്വാസിയെ കൈകാര്യം ചെയ്യണ്ടത്തെന്ന തർക്കത്തിൽ നിന്ന് നൂറ്റാണ്ടു കഴിഞ്ഞിട്ടും മോചനം കിട്ടാതെ നിന്ന ഇടതുപക്ഷം സാവകാശത്തിൽ ദേശീയ ബൂർഷ്വാസിയുടെ അതേ സ്വഭാവസവിശേഷതകളുടെ ഗുണഭോക്താക്കൾ മാത്രമായ നിഴലുകളായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം ജയിച്ച മണ്ഡലങ്ങൾ
ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം ജയിച്ച മണ്ഡലങ്ങൾ

നീണ്ട മുപ്പത്തിനാല് കൊല്ലം സി പി ഐ (എം) നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിലിരുന്ന പശ്ചിമ ബംഗാളിൽ പാർട്ടിക്ക് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ ഒരു സ്ഥാനാർത്ഥിയെപ്പോലും ജയിപ്പിക്കാനായിട്ടില്ല, ഈ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എന്നതാണ് വസ്തുത. വോട്ടു ശതമാനം ഓരോ തെരഞ്ഞെടുപ്പിലും താഴേക്കു പോവുകയാണ്. മറ്റാരെ വിജയിപ്പിച്ചാലും സി പി എമ്മിന് വോട്ടു ചെയ്യില്ല എന്ന നിലപാടിലേക്ക് ജനങ്ങളെ എത്തിച്ചു, സി പി ഐ (എം). സുദീർഘമായ ഭരണകാലയളവിൽ ഒപ്പം നിന്ന ജനവിഭാഗങ്ങളെ കേവലം വിധേയവോട്ടുകുത്തിയന്ത്രങ്ങളായി കണ്ടു എന്നുമാത്രമല്ല, മൂർത്തമായ സാഹചര്യങ്ങളെ ഒട്ടും കണക്കിലെടുക്കാതെ ആഗോളീകരണത്തിന്റെ ആദ്യത്തെ വണ്ടി പിടിക്കാൻ ഓടിയതും സി പി എം നേതൃത്വമായിരുന്നു.

ദേശീയതലത്തിൽ പ്രത്യേക സാമ്പത്തിക മേഖലകൾക്കെതിരായ നിലപാടെടുത്തപ്പോൾ ബംഗാളിൽ അത്തരം മേഖലകൾ തുടങ്ങാനും അതിനുവേണ്ടി കർഷകരുടെ കൃഷിയിടങ്ങൾ പിടിച്ചെടുക്കാനും മറ്റേതൊരു ബൂർഷ്വാ ഭരണകൂടത്തെക്കാളും ഭീകരമായി സി പി ഐ (എം) സർക്കാർ മുന്നിട്ടിറങ്ങി. നന്ദിഗ്രാമിലും സിംഗൂരിലും പ്രതിഷേധിച്ച സാധാരണക്കാരായ കർഷകരെ വെടിവെച്ചുകൊന്ന് വ്യവസായവത്ക്കരണത്തിന്റെ അനിവാര്യത നടപ്പാക്കാനിറങ്ങിയ സി പി ഐ (എം) ന് പിന്നീട് ബംഗാളിൽ ഇടമുണ്ടായിട്ടില്ല.

ഇന്ത്യയിലെ ഇടതുപക്ഷം അതിന്റെ രാഷ്ട്രീയ പരിപാടിയെ വെറും തെരഞ്ഞെടുപ്പ് പരിപാടിയാക്കി മാറ്റിയതോടെ, എന്തിനാണ് ഒരു കമ്യൂണിസ്റ്റ് പാർട്ടി എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ലാതായി.

ഒരു നയപ്രശ്‌നം മാത്രമായിരുന്നില്ല അത്. ജനങ്ങളെ കേവലം വിധേയസംഘങ്ങളായി കാണുന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിന്റെ ഫലമായിരുന്നു അത്. ഒരു കൂട്ടം പാർട്ടി നേതൃത്വത്തിന്റെ കീഴിൽ അനുസരണയുള്ള സംഘമായി ജനത്തെ ചുരുക്കുന്ന പ്രവണതയ്ക്കാകട്ടെ ബംഗാളിൽ മാത്രമല്ല, തകർന്നുപോയ ലോക സോഷ്യലിസ്റ്റ് ചേരിയിലെ രാജ്യങ്ങളിലെ രാഷ്ട്രീയാധികാരത്തിന്റെ ചരിത്രഭ്രാതൃത്വമുണ്ട്. ഈ ജനാധിപത്യവിരുദ്ധതയുടെ പ്രശ്നം പുറത്തേക്ക് മാത്രമല്ല പാർട്ടിയുടെ അകത്തും അതിരൂക്ഷമായി പ്രതിഫലിക്കുകയാണ്. ഉൾപ്പാർട്ടി ജനാധിപത്യമെന്നത് ഒരു ആചാരവാക്കായി മാറിയതിന്റെ പരിണതിയാണ് നമ്മളിന്ന് സി പി എമ്മിൽ കാണുന്നത്.

ഇന്ത്യയിലെ ഇടതുപക്ഷം അതിന്റെ രാഷ്ട്രീയ പരിപാടിയെ വെറും തെരഞ്ഞെടുപ്പ് പരിപാടിയാക്കി മാറ്റിയതോടെ, എന്തിനാണ് ഒരു കമ്യൂണിസ്റ്റ് പാർട്ടി എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ലാതായി. ഇന്ത്യയിൽ പാർലമെന്ററി തെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ സമരമായി കാണുകയും അതിൽ പങ്കെടുക്കുകയും ജനങ്ങളോട് രാഷ്ട്രീയം സംസാരിക്കുകയും പാർലമെന്ററി വഴികളിൽ ഇടതുപക്ഷ രാഷ്ട്രീയം പറയുകയും ചെയ്യുക എന്നതൊന്നും തീർത്തും ഒഴിവാക്കേണ്ട കാര്യമാകുന്നില്ല. എന്നാൽ, പാർലമെന്ററി പ്രവർത്തനങ്ങൾ മാത്രമായി ഇടതുപക്ഷ രാഷ്ട്രീയം മാറി എന്നതാണ് സംഭവിച്ചത്. പാർലമെന്റിനു പുറത്തുള്ള എല്ലാ രാഷ്ട്രീയ സമരങ്ങളും പാർലമെന്ററി, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ താത്പര്യങ്ങൾക്ക് കീഴ്‌പ്പെട്ടു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാകട്ടെ ബൂർഷ്വാ കക്ഷികളുമായുണ്ടാക്കുന്ന അവസരവാദ കൂട്ടുകെട്ടുകൾക്കുപരി എന്തെങ്കിലുമൊരു പ്രസക്തി തങ്ങൾക്കുണ്ടെന്ന് തെളിയിക്കാൻ ഇടതുകക്ഷികൾക്ക് കഴിഞ്ഞില്ല.

ഇതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഇടതുപക്ഷം അതിന്റെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചു എന്നതാണ്. ഒരു കമ്യൂണിസ്റ്റ് പാർട്ടി മൂർത്തമായ സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ടായിരിക്കണം അതിന്റെ രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടത്. അതുകൊണ്ടുതന്നെ ആഗ്രഹചിന്തകളുടെ അടിസ്ഥാനത്തിലല്ല അത് നയങ്ങളും പരിപാടിയുമുണ്ടാക്കേണ്ടത്. വിപ്ലവപാർട്ടി എന്ന് പറയുമ്പോഴും അത് എക്കാലത്തും ഒരേതരത്തിൽ രാഷ്ട്രീയാധികാരത്തിനുവേണ്ടി ഒരു മാറ്റവുമില്ലാത്ത തന്ത്രവും അടവുകളുമൊക്കെയായി നീങ്ങുന്ന ഒന്നാണ് എന്നല്ല അർത്ഥം. മറ്റെല്ലാ രാഷ്ട്രീയ സംവിധാനങ്ങളെയും പോലെ കമ്യൂണിസ്റ്റ് പാർട്ടികൾക്കും അതാത് കാലത്തിനൊത്ത് സംവദിക്കുകയും അതിന്റെ സമ്മർദ്ദങ്ങളിൽ പല തരത്തിൽ പ്രവർത്തനമാറ്റങ്ങൾ വരുത്തുകയും രാഷ്ട്രീയ അജണ്ടകൾ രൂപപ്പെടുത്തുകയും ഒക്കെ ചെയ്യേണ്ടിവരും. ഇതിലൊന്നും തർക്കമില്ല. എന്നാൽ അപ്പോഴൊക്കെയും കമ്യൂണിസ്റ്റ് പാർട്ടി കൈവിടാൻ പാടില്ലാത്ത അടിസ്ഥാനപരമായ ഒരു രാഷ്ട്രീയബോധം എന്നത് അത് വിപ്ലവരാഷ്ട്രീയത്തിന്റെ അടിത്തറയിലാണ് നിൽക്കുന്നത് എന്നാണ്. ഈ വിപ്ലവ രാഷ്ട്രീയം എന്ന് കേൾക്കുമ്പോഴേ കാല്പനികമായ എടുത്തുചാട്ടം എന്ന അർത്ഥത്തിലൊന്നും കാണേണ്ടതില്ല. നാളെ രാവിലെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ പോകണമെന്നൊന്നുമല്ല ഇതിനർത്ഥം. പലപ്പോഴും സി പി ഐ (എം) നേതൃത്വമൊക്കെ വിപ്ലവം എന്ന വാക്കിനെ പരിഹസിക്കുന്ന തലത്തിലേക്കെത്തിയത് ഇത്തരം വികൃതധാരണകളെ പ്രചരിപ്പിച്ചുകൊണ്ടാണ്.

ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് അവരുടെ രാഷ്ട്രീയ പരിപാടിയുടെ കാതലാകേണ്ട വിപ്ലവ രാഷ്ട്രീയബോധം നഷ്ടപ്പെട്ടുപോയി. അതുകൊണ്ടാണ് മറ്റേത് ബൂർഷ്വാ രാഷ്ട്രീയകക്ഷിയെയും പോലെ സി പി ഐ (എം) അടക്കമുള്ള ഭരണപക്ഷ ഇടതുപക്ഷം വികസനത്തിന്റെ മുതലാളിത്ത വ്യാമോഹങ്ങൾ വിൽക്കാനിറങ്ങുന്നത്.

വിപ്ലവരാഷ്ട്രീയം എന്നത് ഒരു നിരന്തര രാഷ്ട്രീയ പ്രക്രിയയാണ്. അത് നിലവിലുള്ള രാഷ്ട്രീയക്രമത്തിൽ നടത്തുന്ന നിരന്തരസമരം കൂടിയാണ്. അതായത് കമ്യൂണിസ്റ്റ് രാഷ്ട്രീയ കക്ഷി എടുക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിത്തറ ഈ വിപ്ലവ രാഷ്ട്രീയബോധമാകണം. അത് ഉടനടി വിപ്ലവം വരുമെന്നുള്ള വ്യാമോഹമല്ല, മറിച്ച് വിപ്ലവ രാഷ്ട്രീയത്തിന്റെ നൈരന്തര്യമാണ്. മാർക്സിസ്റ്റ് ചിന്തകൻ ഗ്രിഗറി ലൂക്കാച് പറയുന്ന “Actuality of revolution” ഇങ്ങനെ പ്രവർത്തിക്കുന്നതാണ്. വിപ്ലവത്തിന്റെ വാസ്തവികതയെ തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അഭേദ്യഭാഗമാക്കാത്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു കമ്യൂണിസ്റ്റ് പാർട്ടിയായി നിലനിൽക്കാനാവില്ല. വിപ്ലവമെന്നാൽ നിരന്തരമായ ഒരു രാഷ്ട്രീയ സമരപ്രക്രിയാണെന്നും അതിനെ ഏതെങ്കിലും തരത്തിൽ ഒരു പ്രത്യേകതരം സമരരൂപമായി ചുരുക്കിക്കാണേണ്ടതില്ലെന്നും നമ്മൾ അംഗീകരിക്കുമ്പോൾത്തന്നെ അതിന്റെ അടിസ്ഥാനം എന്നത് വർഗ്ഗരാഷ്ട്രീയത്തലധിഷ്ഠിതമായ സമരങ്ങളാണ്. ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് അവരുടെ രാഷ്ട്രീയ പരിപാടിയുടെ കാതലാകേണ്ട ഈ വിപ്ലവ രാഷ്ട്രീയബോധം നഷ്ടപ്പെട്ടുപോയി എന്നതാണ് വസ്തുത. അതുകൊണ്ടാണ് മറ്റേത് ബൂർഷ്വാ രാഷ്ട്രീയകക്ഷിയെയും പോലെ സി പി ഐ (എം) അടക്കമുള്ള ഭരണപക്ഷ ഇടതുപക്ഷം വികസനത്തിന്റെ മുതലാളിത്ത വ്യാമോഹങ്ങൾ വിൽക്കാനിറങ്ങുന്നത്.

 ഗ്രിഗറി ലൂക്കാച്
ഗ്രിഗറി ലൂക്കാച്

നന്ദിഗ്രാമിലും സിഗൂരിലും സംഭവിച്ചത്, ഒരു ബൂർഷ്വാ ഭരണകൂടം എങ്ങനെയാണോ വൻകിട കുത്തക മൂലധനത്തിന് വേണ്ടി ദല്ലാൾപ്പണിയെടുക്കുകയും അത് നടപ്പാക്കാൻ ഭരണകൂടത്തിന്റെ എല്ലാവിധ മർദ്ദക സംവിധാനങ്ങളെയും ഉപയോഗിക്കുകയും ചെയ്യുന്നത് എന്നതിന്റെ നേർപ്പകർപ്പായിരുന്നു. ഒരു പാർലമെന്ററി ഭരണസംവിധാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിലെത്തുമ്പോൾ വ്യവസ്ഥയെ മാറ്റിമറിക്കാമെന്ന വ്യാമോഹം അവർ വിൽപ്പനയ്ക്ക് വെക്കുന്നില്ല, മറിച്ച് എങ്ങനെയാണ് ഈ ബൂർഷ്വാ ഭരണവ്യവസ്ഥയുടെ മർദ്ദക സംവിധാനങ്ങളെയും ചൂഷണരൂപങ്ങളെയും പരമാവധി ചെറുക്കുക എന്നതാണ് അവർ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം. എന്നാൽ ബംഗാളിൽ സംഭവിച്ചത് ഇതിന്റെ വിപരീതമാണ്. ബി ജെ പി സർക്കാർ പിന്നീട് കൊണ്ടുവരാൻ ശ്രമിച്ചു പരാജയപ്പട്ട ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതിയുടെ ലക്ഷ്യമെന്താണോ അതുതന്നെയായിരുന്നു ബംഗാളിൽ അന്ന് നടപ്പാക്കിയത്.

ഒരു ജനാധിപത്യ സമൂഹത്തിൽ ഏറ്റവും മർദ്ദിതരായ ജനസമൂഹങ്ങൾക്ക് തങ്ങളുടെ സാമൂഹ്യക്രമത്തിന്റെ നടത്തിപ്പിൽ യാതൊരു പങ്കാളിത്തവും നൽകാതിരിക്കുക എന്നതൊരു ബൂർഷ്വാ ഭരണവർഗ പരിപാടിയാണ്. ജനങ്ങളുടെ ഇച്ഛയെ ഭരണവർഗത്തിന്റെ ന്യായങ്ങൾ കൊണ്ട് അടിച്ചമർത്തുക എന്നത് ധനികവർഗ്ഗത്തിന്റെ പരിപാടിയാണ്. ജനാധിപത്യം ഒരു ജൈവപ്രക്രിയയായി മാറണമെങ്കിൽ മഹാഭൂരിപക്ഷം മനുഷ്യരെയും സാമൂഹ്യ, രാഷ്ട്രീയാധികാരത്തിന്റെ മണ്ഡലത്തിൽ നിരന്തര പങ്കാളികളാക്കണം. ജാത്യാധികാരം മുതൽ രാഷ്ട്രീയാധികാരം വരെയുള്ള ഭരണവർഗവ്യവസ്ഥകൾ ഇതിനെതിരാണ്. ഇതേ ഭരണവർഗന്യായം തങ്ങൾക്ക് അധികാരം ലഭിച്ചപ്പോഴും പ്രയോഗിക്കുന്നു എന്നിടത്ത് ഇന്ത്യയിലെ ഇടതുപക്ഷ കക്ഷികൾ ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് വഴിപിരിഞ്ഞു. അതാണ് ബംഗാളിൽ, പിന്നീടിപ്പോൾ കേരളത്തിൽ സംഭവിച്ചതും സംഭവിക്കുന്നതും.

നന്ദിഗ്രാം, സംഘർഷങ്ങൾക്കുശേഷം / Photo: Wikimedia Commons
നന്ദിഗ്രാം, സംഘർഷങ്ങൾക്കുശേഷം / Photo: Wikimedia Commons

ബംഗാൾ പാഠങ്ങൾ

ഇത്തരത്തിലൊരു വഴിപിരിയൽ സംഭവിക്കുന്നു എന്നത് തിരിച്ചറിയുകയും അതിനെ തിരുത്താൻ വേണ്ട ശ്രമങ്ങളുണ്ടാക്കുകയും വേണമെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി രണ്ടുതരത്തിൽ സദാ സജ്ജമായിരിക്കേണ്ടതുണ്ട്.
ഒന്ന്: പ്രത്യയശാസ്ത്ര തെളിച്ചം.
രണ്ട്: സംഘടനാ ശരീരത്തിന്റെ ജനാധിപത്യാരോഗ്യം.
സി പി ഐ (എം) - നെ എടുത്താൽ നമുക്ക് കൃത്യമായി കാണാനാകുന്നത്, ഇത് രണ്ടും തൊട്ടുകൂട്ടാനില്ലാത്തൊരു തെരഞ്ഞെടുപ്പ് അവസരവാദ സംഘടനയായി അതിന്റെ പരിണാമം പൂർത്തിയായി എന്നാണ്. ബംഗാളിൽ മൂന്നരപ്പതിറ്റാണ്ട് കാലം നീണ്ട ഭരണത്തിനുശേഷം ജനങ്ങൾ ഏതാണ്ട് സമ്പൂർണ്ണമായും തിരസ്കരിച്ച രാഷ്ട്രീയ സംഘടനയായി മാറിയപ്പോൾ, അതിന്റെ കാരണങ്ങൾ പരിശോധിക്കുകയും വിലയിരുത്തുകയും തിരുത്തൽ ശ്രമം നടത്തുകയുമൊക്കെ ചെയ്യേണ്ട ഘട്ടത്തിൽ അതൊക്കെയും അവനവൻ ശരികളും അശ്ലീലമായ ഏമ്പക്കം വിടലുമായി മാറിയത് സി പി ഐ (എം)- ന് അത്തരത്തിലൊരു തെറ്റുതിരുത്തലിനോ സ്വയം വിമർശനത്തിനോ വേണ്ട കമ്യൂണിസ്റ്റ് ആരോഗ്യം നഷ്ടപ്പെട്ടതുകൊണ്ടാണ്.

ശത്രുക്കളുടെ നിരന്തര ആക്രമണം മൂലമാണ് തങ്ങൾ തകരുന്നത് എന്ന ന്യായത്തിലാണ് എക്കാലത്തും അത് തങ്ങളുടെ ഇടതുപക്ഷ രാഷ്ട്രീയശൂന്യതയെ മറച്ചുവെയ്ക്കാൻ ശ്രമിക്കാറ്. ഏതൊരു രാഷ്ട്രീയകക്ഷിയും നേരിടുന്ന തെരഞ്ഞെടുപ്പധികാര സംഘർഷങ്ങളാണ് സി പി ഐ (എം) നേരിട്ടതും നേരിടുന്നതും. എന്തെങ്കിലും തരത്തിൽ കുത്തക മൂലധനത്തെയോ ധനികവർഗ രാഷ്ട്രീയാധികാരത്തെയോ വെല്ലുവിളിക്കാത്തതുകൊണ്ട് അത്തരത്തിലുള്ള ഒരു സംഘർഷവും അവർക്ക് നേരിടേണ്ടതില്ല.

ബംഗാളിൽ സംഭവിച്ചതും അങ്ങനെത്തന്നെയായിരുന്നു. വർഗശത്രുക്കളുടെ ആക്രമണം മൂലമല്ല ബംഗാളിലെ സി പി എമ്മിന് ചരിത്രത്തിലെ അപ്രസക്തിയുടെ പാതാളക്കുഴിയിൽ ഒളിക്കേണ്ടിവന്നത്, വർഗ്ഗശത്രുക്കളുടെ രാഷ്ട്രീയത്തെ തങ്ങളുടെ രാഷ്ട്രീയമാക്കി അവർ സ്വീകരിച്ചതുകൊണ്ടാണ്. ബംഗാളിൽ സി പി എം നിലകൊണ്ടത് പ്രത്യേക സാമ്പത്തിക മേഖലയ്ക്കും വൻകിട കുത്തക മൂലധനത്തിനും വേണ്ടി കർഷകരെയും സാധാരണ ജനങ്ങളെയും ഭരണകൂട മർദ്ദക സംവിധാനങ്ങളുപയോഗിച്ച് അടിച്ചമർത്തുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നതിനായിരുന്നു.

നന്ദിഗ്രാമിൽ അക്രമം നടക്കുമ്പോൾ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ
നന്ദിഗ്രാമിൽ അക്രമം നടക്കുമ്പോൾ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ

ഒരു ജനാധിപത്യ സാമൂഹ്യക്രമത്തിൽ വേണ്ട സാമാന്യമായ നീതി പോലും ജനങ്ങൾക്ക് അവരുടെ ഉപജീവനമാർഗ്ഗങ്ങൾക്കുമേൽ നിഷേധിച്ചുകൊണ്ടായിരുന്നു. അത്തരമൊരു നീതിനിഷേധത്തിനെതിരായ നിലവിളികൾ ജനങ്ങളിൽനിന്നുയരുന്നു എന്ന് ആദ്യം തിരിച്ചറിയേണ്ടത് ഒരു കമ്യൂണിസ്റ്റ് പാർട്ടിയാണ്. കാരണം അനീതിക്കെതിരായ നിരന്തരമായ ജാഗ്രതയായിരിക്കണം ഒരു കമ്യൂണിസ്റ്റ് പാർട്ടി. അനീതിക്കെതിരായ ഒരു ജനതയുടെ ക്ഷോഭത്തെ രാഷ്ട്രീയബോധമുള്ള കലാപമാക്കി മാറ്റുക എന്നതാണ് അതിന്റെ ചരിത്ര രാഷ്ട്രീയദൗത്യം. എന്നാൽ ജനങ്ങളുടെ നീതിക്കുവേണ്ടിയുള്ള നിലവിളികൾക്കുനേരെ വെടിയുണ്ടകളും നാവടക്കാനുള്ള ആക്രോശവുമായി വരുന്ന ഒരു പാർട്ടിയായി സി പി ഐ (എം) മാറി.

അധികാരം നഷ്ടപ്പെട്ട മറ്റേതൊരു രാഷ്ട്രീയകക്ഷിയെയും പോലെ എതിരാളികളെ ജനങ്ങൾക്ക് മടുക്കുമ്പോൾ തങ്ങൾക്ക് മറ്റാരവസരം കിട്ടിയേക്കാം എന്നുള്ള ലളിതമോഹങ്ങളും തുന്നിപ്പിടിപ്പിച്ചു കഴിഞ്ഞുകൂടുക മാത്രമാണ് സി പി ഐ (എം) ചെയ്യുന്നത്.

അവരുടെ വർഗ്ഗപക്ഷം മാറിപ്പോയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് സാമാന്യമായ ഒരു കാഴ്ചയിൽപ്പോലും മനസിലാകുമ്പോൾ, സി പി ഐ (എം) അലമുറയിടുന്നത് വർഗ്ഗശത്രുക്കളാണ് തങ്ങളെ ആക്രമിക്കുന്നത് എന്നാണ്. ഒരിത്തിരി മണ്ണിലെടുക്കുന്ന പ്രാകൃതമായ കായികാധ്വാനം കൊണ്ടല്ലാതെ മറ്റൊന്നും ജീവിക്കാനായില്ലാത്ത മനുഷ്യർ ആട്ടിപ്പായിച്ചപ്പോഴാണ് തങ്ങൾ അധികാരത്തിൽനിന്നും രാഷ്ട്രീയ മേൽക്കോയ്മയിൽ നിന്നും താഴേക്ക് വീണതെന്ന് അവരൊരിക്കലും അംഗീകരിച്ചതേയില്ല. അതുകൊണ്ടുതന്നെ അധികാരം നഷ്ടപ്പെട്ട മറ്റേതൊരു രാഷ്ട്രീയകക്ഷിയെയും പോലെ എതിരാളികളെ ജനങ്ങൾക്ക് മടുക്കുമ്പോൾ തങ്ങൾക്ക് മറ്റാരവസരം കിട്ടിയേക്കാം എന്നുള്ള ലളിതമോഹങ്ങളും തുന്നിപ്പിടിപ്പിച്ചു കഴിഞ്ഞുകൂടുക മാത്രമാണ് സി പി ഐ (എം) ചെയ്യുന്നത്. അതല്ലാതെ ജനങ്ങൾക്കു മുന്നിൽ തങ്ങളുടെ പിഴവുകളെയും ഗതിമാറ്റങ്ങളെയും സമൂലമായി തിരുത്തുന്ന ഒരു പ്രായോഗിക പദ്ധതി വെക്കാൻ അവർക്ക് കഴിയുന്നേയില്ല.

കേരള പാഠങ്ങൾ

ഇതിന്റെ ബാക്കി വലിയ മാറ്റങ്ങളൊന്നുമില്ലാതെ കേരളത്തിലും ആവർത്തിക്കുന്നു എന്നാണ് നമ്മൾ കാണുന്നത്. രണ്ടു തരത്തിലും കേരളത്തിൽ ഈ പ്രശ്നം ചരിത്രത്തിന്റെ തനിയാവർത്തനമായി മാറുന്നുണ്ട്. പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും അതാവർത്തിക്കുകയാണ്. ആദ്യത്തേതിന്റെ ശൂന്യതയും രണ്ടാമത്തേതിന്റെ ജനവിരുദ്ധതയും.

ജനങ്ങളുടെ നീതിക്കു വേണ്ടിയുള്ള നിലവിളികൾക്കുനേരെ വെടിയുണ്ടകളും നാവടക്കാനുള്ള ആക്രോശവുമായി വരുന്ന ഒരു പാർട്ടിയായി സി പി ഐ (എം) മാറി.  / Photo:Muhammad Fasil
ജനങ്ങളുടെ നീതിക്കു വേണ്ടിയുള്ള നിലവിളികൾക്കുനേരെ വെടിയുണ്ടകളും നാവടക്കാനുള്ള ആക്രോശവുമായി വരുന്ന ഒരു പാർട്ടിയായി സി പി ഐ (എം) മാറി. / Photo:Muhammad Fasil

പ്രത്യയശാസ്ത്രദാർഢ്യം എന്നത് ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് അത് കാലത്തിന്റെ മാറ്റങ്ങളോട് സംവദിക്കുന്നില്ല എന്നല്ല അർത്ഥമാക്കുന്നത്, മറിച്ച് അത് തങ്ങൾ നിൽക്കുന്ന കാലത്തോട് സമൂർത്തമായി സംവദിക്കുന്നു എന്നാണ്. പ്രത്യയശാസ്ത്രം ഒരു മതപുസ്തകത്തിന്റെ വിശുദ്ധിയോടെ കാലാകാലങ്ങളിൽ പ്രത്യേക ആചാരാനുഷ്ഠാനങ്ങളോടെ പൂജയ്‌ക്കെടുക്കേണ്ട ഒന്നല്ല. അത് നിരന്തരമായ സംഘർഷങ്ങളുടെയും വൈരുധ്യങ്ങളുടെയും ചരിത്രപ്രസകതി തെളിയിക്കേണ്ട പരീക്ഷണങ്ങളിലൂടെയും കടന്നുപോവുകയും നിരന്തരമായി പുതുക്കിപ്പണിയുകയും ചെയ്യേണ്ട ഒന്നാണ്.

ഇവിടെ സംഭവിക്കുന്നത്, വർഗ്ഗരാഷ്ട്രീയത്തെ, മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ നിലവിലെ കാലവുമായി ബന്ധപ്പെടുത്താൻ കഴിയാത്ത ഒന്നാക്കി അവതരിപ്പിക്കുകയും പ്രായോഗികതയുടെ ജീവിതശാലകളിൽ നിലവിലെ വ്യവസ്ഥയെ സമ്പൂർണമായി സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. നിലവിലെ വ്യവസ്ഥയോടുള്ള മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രയോഗത്തിനല്ലെങ്കിൽപ്പിന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യമില്ല. അതിന് ആം ആദ്മി പാർട്ടി മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വരെയുള്ള ഏത് കക്ഷിയും മതിയാകും.

സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ സമഗ്രാധിപത്യ ഭരണകൂടത്തിന്റെ പ്രയോഗരീതികളെ ഏതാണ്ടതേപടി പകർത്തുന്നതിൽ ഒരു മടിയും കാണിക്കാത്ത സർക്കാരാണ് കേരളത്തിൽ സി പി ഐ (എം)-യുടെ നേതൃത്വത്തിലുള്ളത്.

ഈ പ്രത്യയശാസ്ത്ര പ്രയോഗങ്ങളുടെ പുതുക്കലും അതിന്റെ ജൈവസാന്നിധ്യവും ഉറപ്പാക്കേണ്ട സംഘടനയാകട്ടെ അത്തരത്തിലൊന്നിന്റെ അഭാവത്തിൽ അതിവേഗം സുദൃഢമായൊരു ജനാധിപത്യവിരുദ്ധ സംഘമായി മാറുകയാണ് ചെയ്യുക. കേരളത്തിൽ സംഭവിക്കുന്നത് അതാണ്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ അച്ചടക്കം എന്നു പറയുന്നത് കേവലമായ അച്ചടക്കമോ ചോദ്യം ചെയ്യലുകളില്ലാത്ത വിധേയത്വമോ നേതൃപൂജയോ അല്ല. അത് കമ്യൂണിസ്റ്റ് രാഷ്ട്രീയ പരിപാടി നടപ്പാക്കാനാവശ്യമായ അച്ചടക്കമാണ്. അത് ജനാധിപത്യത്തിന്റെ ഭാഷയും വ്യാകരണവുമാണ് ഉപയോഗിക്കേണ്ടത്. ധനികവർഗത്തിന്റെ കയ്യിൽനിന്ന് രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിന്റെ നേരിട്ടുള്ള ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് ഒരു പ്രായോഗിക പദ്ധതി എന്നതുകൂടിയായി നടപ്പാക്കുന്ന അച്ചടക്കമോ സംഘടനാഘടനയോ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉൾപ്പാർട്ടി ജനാധിപത്യത്തിലോ അതിന്റെ ജനാധിപത്യ സമീപനത്തിലോ തുടരാനാവില്ല. അത്തരത്തിലൊരു തുടർച്ചയുണ്ടാക്കിയ പ്രശ്നങ്ങൾ കൊണ്ടുചെന്നെത്തിച്ചത് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ വലിയൊരു തകർച്ചയിലേക്കാണെന്ന ചരിത്രപാഠവും നമ്മുടെ മുന്നിലുണ്ട്.

ഇത്തരത്തിൽ മാർക്സിസ്റ്റ് രാഷ്ട്രീയബോധത്തിന്റെ ജനാധിപത്യപാഠങ്ങൾക്കിടമില്ലാത്ത, വിപ്ലവത്തിന്റെ വാസ്തവികത തങ്ങളുടെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാകാത്ത കമ്യൂണിസ്റ്റ് പാർട്ടി എന്നവകാശപ്പെടുന്ന ഒരു സംഘടനയുടെ അച്ചടക്കം എന്നത് ജനാധിപത്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള ഒന്നാണ്. അത് ഉദാര ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളിൽപ്പോലും ജനാധിപത്യ സാധ്യത നൽകാത്ത ഒന്നായി മാറും. കേരളത്തിൽ നമ്മൾ അത് കാണുന്നുണ്ട്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ അച്ചടക്കം എന്ന് പറയുന്നത് കേവലമായ അച്ചടക്കമോ ചോദ്യം ചെയ്യലുകളില്ലാത്ത വിധേയത്വമോ നേതൃപൂജയോ അല്ല.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ അച്ചടക്കം എന്ന് പറയുന്നത് കേവലമായ അച്ചടക്കമോ ചോദ്യം ചെയ്യലുകളില്ലാത്ത വിധേയത്വമോ നേതൃപൂജയോ അല്ല.

സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ സമഗ്രാധിപത്യ ഭരണകൂടത്തിന്റെ പ്രയോഗരീതികളെ ഏതാണ്ടതേപടി പകർത്തുന്നതിൽ ഒരു മടിയും കാണിക്കാത്ത സർക്കാരാണ് കേരളത്തിൽ സി പി ഐ (എം)-ൻ്റെ നേതൃത്വത്തിലുള്ളത്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഇന്ത്യൻ ഭരണകൂടത്തിന്റെ ഒരു പ്രയോഗമായി മാറുന്ന കാലത്ത് കേരളത്തിൽ മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിൽ വെടിവെച്ചു കൊന്നതിന്റെ ആഘോഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയത്.

യു.എ.പി.എ എന്ന ജനാധിപത്യ വിരുദ്ധ നിയമത്തിനെതിരെ ദേശീയതലത്തിൽ സി പി ഐ (എം) അടക്കമുള്ള സംഘടനകൾ ശബ്ദമുയർത്തുമ്പോൾ കേരളത്തിൽ ഒരു മടിയുമില്ലാതെ യു.എ.പി.എ ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തകരെ തടവിലിടുകയായിരുന്നു പിണറായി സർക്കാർ. ഭരണകൂടത്തിന്റെ മർദ്ദക സംവിധാനങ്ങളെ പൂർണമായി മാറ്റാനൊന്നും അതിനുള്ളിൽനിന്നുകൊണ്ട് കഴിയില്ലെങ്കിലും പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ കൂടുതൽ ജനാധിപത്യവത്ക്കരിക്കുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ മാത്രമല്ല, ഉദാര ജനാധിപത്യ കക്ഷികളുടെ വരെ അജണ്ടയാണ്.

എന്നാൽ പിണറായി വിജയൻ നേരിട്ട് ഭരിക്കുന്ന ആഭ്യന്തര വകുപ്പ് കേരളത്തിലെ ഏറ്റവും ജനവിരുദ്ധമായ സ്വയംഭരണ മർദ്ദക റിപ്പബ്ലിക്കായി മാറിയ മട്ടാണ്. മുപ്പതോളം മനുഷ്യരെയാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ഇക്കാലയളവിൽ മർദ്ദിച്ചുകൊന്നത്. കസ്റ്റഡി കൊലപാതകങ്ങളും പോലീസ് മർദ്ദനങ്ങളും പൗരാവകാശങ്ങളുടെ മുകളിലുള്ള പോലീസിന്റെ നായാട്ടും നടക്കുമ്പോൾ അതിനെയെല്ലാം നിരന്തരം ന്യായീകരിക്കുകയും അനുവദിക്കുകയും ചെയ്യുകയാണ് പിണറായി വിജയനും സി പി ഐ (എം)-ഉം ചെയ്യുന്നത്. അതിന്റെ കാരണം അത്തരത്തിലൊരു ജനാധിപത്യവിരുദ്ധ പോലീസ് സംവിധാനം അവരുടെ രാഷ്ട്രീയ അജണ്ടയായി മാറി എന്നതാണ്.

2016-ൽ നിലമ്പൂർ കരുളായി വനത്തിൽ പൊലീസ് വെടിവെച്ചുകൊന്ന കുപ്പു ദേവരാജ്, അജിത
2016-ൽ നിലമ്പൂർ കരുളായി വനത്തിൽ പൊലീസ് വെടിവെച്ചുകൊന്ന കുപ്പു ദേവരാജ്, അജിത

അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ ആക്രമണം മോദി സർക്കാരിന്റെ രാഷ്ട്രീയ പരിപാടിയാണ്. അത് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരായ ആക്രമണങ്ങൾക്കും മോദി സർക്കാരിന് കീഴിൽ കുറവുണ്ടായിട്ടില്ല. എന്നാൽ കേവലമായ അടിച്ചമർത്തൽ മാത്രമല്ല അവർ നടത്തുന്നത്. സാമാന്യമായ ജനാധിപത്യ സ്വഭാവമുള്ള മാധ്യങ്ങൾ എന്ന ഉദാര ജനാധിപത്യ സമൂഹത്തിലെ മാധ്യമ സങ്കൽപ്പനത്തെത്തന്നെ അവർ ആക്രമിക്കുന്നു. മാധ്യമങ്ങളെയെല്ലാം പ്രചാരണയന്ത്രങ്ങൾ മാത്രമാക്കി മാറ്റുന്നു. തങ്ങൾക്കൊപ്പമില്ലാത്ത മാധ്യമങ്ങളെ “pressttitutes” എന്നാക്ഷേപിക്കുന്നു.

ഇതിനെ അപ്പാടെ പകർത്തുകയാണ് കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷം ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യത്തെ നേരിട്ടാക്രമിക്കുന്ന രീതിയിൽ കേരള പോലീസ് നിയമത്തിൽ 118 A എന്ന വകുപ്പ് ഓർഡിനൻസിലൂടെ കൊണ്ടുവരികയും അഭിപ്രായപ്രകടനത്തിന്റെ പേരിൽ പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാവുന്ന ജനാധിപത്യ വിരുദ്ധതയുടെ മാരകമായ ഭീഷണി കേരളത്തിനുമുന്നിൽ വെക്കുകയും ചെയ്തു, പിണറായി സർക്കാർ. അത് പിൻവലിക്കേണ്ടിവന്നത് കേരളത്തിലെ പൊതുസമൂഹം വലിയ പ്രതിഷേധമുയർത്തിയപ്പോഴാണ്.

മാധ്യമങ്ങളുടെ കോർപ്പറേറ്റ് മൂലധന ഉടമസ്ഥതയെയും അവയുടെ താത്പര്യങ്ങളെയും എതിർക്കുന്നതും മാധ്യമങ്ങൾ എന്ന സങ്കൽപ്പനത്തെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും രണ്ടും രണ്ടാണ്. പക്ഷേ സി പി ഐ (എം) കേരളത്തിൽ നടത്തുന്നത്, തങ്ങളെ വിമർശിക്കുന്നതിന്റെ പേരിൽ മാധ്യപ്രവർത്തനമെന്ന ജനാധിപത്യ പരിപാടിയെ ആക്രമിക്കലാണ്. വാസ്തവത്തിൽ മാധ്യമ മൂലധന താത്പര്യങ്ങളോട് ഭരണപക്ഷ ഇടതുപക്ഷത്തിന് യാതൊരു വിപ്രതിപത്തിയുമില്ല.

വൈത്തിരി ഉപവൻ റിസോട്ടിൽ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ സി.പി. ജലീൽ
വൈത്തിരി ഉപവൻ റിസോട്ടിൽ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ സി.പി. ജലീൽ

ബി ജെ പിക്കെതിരെ പലപ്പോഴും നിലപാടെടുത്തിരുന്ന എൻ ഡി ടി വിയെ അദാനി ഗ്രൂപ്പ് വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കി നിശ്ശബ്ദമാക്കി. അതേ അദാനിക്ക് വേണ്ടി, വിഴിഞ്ഞത്തുള്ള അദാനി തുറമുഖ പദ്ധതിമൂലം ഉപജീവനമാർഗവും അവകാശങ്ങളും ഹനിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾ സമരം ചെയ്തപ്പോൾ അവരെ തീവ്രവാദികളും ഗൂഢാലോചനക്കാരുമായി ചിത്രീകരിച്ച് ചിത്രസഹിതം ഒന്നാം പേജിൽ വാർത്ത നൽകി സി പി ഐ (എം) മുഖപത്രം ദേശാഭിമാനി.

വൈതാളിക സംഘങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖങ്ങളായി സമൂഹത്തിന്റെ പല തട്ടുകളിലും നിറയുമ്പോൾ ‘അടിസ്ഥാന വർഗം’ എന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ജൈവബോധം അന്യം നിന്നുപോകുന്നു.

കേരളത്തിൽ അദാനിക്ക് ഓഹരിയില്ലാതെത്തന്നെ നിയന്ത്രിക്കാവുന്ന മാധ്യമസ്ഥാപനങ്ങളിലൊന്ന് തങ്ങളുടേതാണ് എന്നുള്ളപ്പോഴാണ് സി പി ഐ (എം) ‘മാ പ്ര’ വിളികളുമായി കളം നിറയുന്നത്. പ്രശ്നം ജനാധിപത്യ സമൂഹത്തോടുള്ള അസഹിഷ്ണുതയാണ്. മോദിക്കും സംഘ്പരിവാറിനും ജനാധിപത്യത്തോട് തോന്നുന്ന അതേ അസഹിഷ്ണുതയാണ് പിണറായി വിജയനും കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷത്തിനുമുള്ളത്.

കേരളത്തിലെ ഇടതുപക്ഷ പാർട്ടി സംവിധാനമാകട്ടെ ഇതിനെയൊന്നും അറിയാനോ പ്രതിരോധിക്കാനോ കഴിയാത്തവണ്ണം അവസരവാദികളുടെ ആലയമായി മാറിക്കഴിഞ്ഞു. അതിന്റെ ഏറ്റവും ജീർണ്ണമായ പ്രതീകമായി പിണറായി വിജയൻ മാറിയത് അയാളെ സാധ്യമാക്കിയ ഈ പൂതലിച്ച പാർട്ടിശരീരം മൂലമാണ്.

അധികാരവും സ്വാധീനവും ഉപയോഗിച്ച് പിണറായി വിജയന്റെ മകൾ വീണ വിജയൻ സി.എം.ആർ.എൽ എന്ന കമ്പനിയുമായി സേവന ഇടപാടുണ്ടാക്കുകയും ആദ്യനോട്ടത്തിൽപ്പോലും മനസിലാകുന്ന വിധത്തിൽ അത് നിയമപരമായി കുറ്റകരമല്ലാത്ത വിധത്തിൽ കോഴ നൽകാനുള്ള ഇടപാടാണ് എന്ന് തെളിയുകയും ചെയ്തു. എന്നാൽ അതിനെ ന്യായീകരിക്കുന്നതിന് പാർട്ടിയുടെ പി ബി അംഗങ്ങൾ വരെയുള്ളവരെ അണിനിരത്തി, ഈ പാർട്ടിക്ക് ഒരു സാധാരണ രാഷ്ട്രീയകക്ഷിയുടെ നേതൃത്വത്തിനുവേണ്ട വിശ്വാസ്യത പോലും കളഞ്ഞുകുളിച്ചു.

ഒരു സ്വകാര്യ കമ്പനിയുടെ പേരിലുയർന്ന ആരോപണത്തിൽ ആ കമ്പനിയുടെ ഉടമയായ, മുഖ്യമന്ത്രിയുടെ മകൾ കൂടിയായ വീണ വിജയൻ ഒരിക്കലും പ്രത്യക്ഷപ്പെട്ടില്ലെങ്കിലും പാർട്ടിയുടെ പി ബി അംഗങ്ങൾ മുതലുള്ള പാർട്ടി സംവിധാനം മുഴുവൻ അവരുടെ അധികാരാഴിമതിയെ ന്യായീകരിച്ചുകൊണ്ട് നിരന്നു.
ഒരു സ്വകാര്യ കമ്പനിയുടെ പേരിലുയർന്ന ആരോപണത്തിൽ ആ കമ്പനിയുടെ ഉടമയായ, മുഖ്യമന്ത്രിയുടെ മകൾ കൂടിയായ വീണ വിജയൻ ഒരിക്കലും പ്രത്യക്ഷപ്പെട്ടില്ലെങ്കിലും പാർട്ടിയുടെ പി ബി അംഗങ്ങൾ മുതലുള്ള പാർട്ടി സംവിധാനം മുഴുവൻ അവരുടെ അധികാരാഴിമതിയെ ന്യായീകരിച്ചുകൊണ്ട് നിരന്നു.

പാർട്ടി സംവിധാനത്തെ ഒരു നേതൃരൂപത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും അശ്ലീലമായ ഉദാഹരണമായിരുന്നു അത്. ഒരു സ്വകാര്യ കമ്പനിയുടെ പേരിലുയർന്ന ആരോപണത്തിൽ ആ കമ്പനിയുടെ ഉടമയായ, മുഖ്യമന്ത്രിയുടെ മകൾ കൂടിയായ വീണ വിജയൻ ഒരിക്കലും പ്രത്യക്ഷപ്പെട്ടില്ലെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ പി ബി അംഗങ്ങൾ മുതലുള്ള പാർട്ടി സംവിധാനം മുഴുവൻ അവർക്കുവേണ്ടി സാമാന്യയുക്തിക്ക് നിരക്കാത്ത രീതിയിൽ, അവരുടെ അധികാരാഴിമതിയെ ന്യായീകരിച്ചുകൊണ്ട് നിരന്നു. എന്തിനാണ് ഒരാൾ കമ്യൂണിസ്റ്റാകുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ഇങ്ങനെയൊക്കെയാണ് കേരളത്തിലെ സി പി ഐ (എം) നൽകിയത്.

ഇതിനെയെല്ലാം വളരെ ആവേശത്തോടെ പിന്താങ്ങുകയും നേതൃപൂജയുടെ വാഴ്ത്തുപാട്ടുകളിൽ അഭിരമിക്കുകയും ചെയ്യുന്ന ഒരു ‘പുത്തൻ വർഗം’ സി പി ഐ (എം)നും ഭരണ ഇടതുപക്ഷത്തിനൊപ്പവുമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയമോ കമ്യൂണിസ്റ്റ് രാഷ്ട്രീയമോ നഷ്ടമാകുന്നത് അവരെയൊരുതരത്തിലും ബാധിക്കുന്ന ഒന്നല്ല.

സാമാന്യമായ സാമ്പത്തിക സുരക്ഷിതത്വവും രാഷ്ട്രീയ, സാമൂഹ്യാധികാര മണ്ഡലങ്ങളിലെ നിയാമകമായ സ്വാധീനവും നിലവിലെ സംവിധാനങ്ങളിൽ തങ്ങൾക്കുള്ള സ്ഥാനവും കൊണ്ടും അവർക്ക് ഇത്തരത്തിലൊരു ഇടതുപക്ഷത്തെ ഇടതുപക്ഷമെന്ന പേരിൽ കൊണ്ടുനടക്കേണ്ടത് അനിവാര്യമാണ്. ഈ ഭരണപക്ഷ ഇടതുപക്ഷത്തിന്റെ ജീർണ്ണതയുടെ ഗുണഭോക്താക്കളാണവർ. നാനാവിധ രാഷ്ട്രീയ, സാംസ്ക്കാരിക വേദികളുപയോഗിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തെ ഒരുതരം ഭൂതാഭിരതിയാക്കി അവർ മാറ്റുന്നു.

ഇടതുപക്ഷ രാഷ്ട്രീയമെന്നത് പഴയകാല തമിഴ് സിനിമയുടെ സെറ്റിട്ട പോലൊരു പരിപാടിയാണെന്ന് തോന്നിപ്പിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ജനാധിപത്യ വിരുദ്ധതയുടെ സംഘപരിവാർ പാഠങ്ങളെ പകർത്തിവെക്കുന്നവരായി മാറുന്നു. അത്തരത്തിലുള്ള വൈതാളിക സംഘങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖങ്ങളായി സമൂഹത്തിന്റെ പല തട്ടുകളിലും നിറയുമ്പോൾ ‘അടിസ്ഥാന വർഗം’ (Basic class) എന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ജൈവബോധം അന്യം നിന്നുപോകുന്നു. കേരളത്തിലെ പാർട്ടിയിലും അതിന്റെ പരിസരത്തിലും നമുക്കിത് കാണാം.

മോദിക്കും സംഘ്പരിവാറിനും ജനാധിപത്യത്തോട് തോന്നുന്ന അതേ അസഹിഷ്ണുതയാണ് പിണറായി വിജയനും കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷത്തിനുമുള്ളത്.
മോദിക്കും സംഘ്പരിവാറിനും ജനാധിപത്യത്തോട് തോന്നുന്ന അതേ അസഹിഷ്ണുതയാണ് പിണറായി വിജയനും കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷത്തിനുമുള്ളത്.

ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ നിരന്തരമായ പുതുക്കലുകളുടെ ഭാഗമായി ലോകത്താകെ തിരിച്ചറിയുന്ന ഒന്നാണ് പാരിസ്ഥിതിക രാഷ്ട്രീയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വർഗ്ഗസമരമെന്നത് ഭൂമിക്കു വേണ്ടിയുള്ള സമരമാണ് എന്നുകൂടി തിരിച്ചറിയാത്ത ഒരാൾക്ക് മാർക്സിസ്റ്റ് രാഷ്ട്രീയം കൈകാര്യം ചെയ്യാനാകില്ല. എന്നാൽ കേരളത്തിലെ പാർട്ടി നേതൃത്വം മുതലാളിത്ത വികസന സങ്കൽപ്പനങ്ങളുടെ സുവിശേഷ പ്രചാരകരായി മാറി. പരിസ്ഥിതി രാഷ്ട്രീയം പറയുന്നവരെ വികസനം മുടക്കുന്നവരെന്നും അവരെ ഗുണ്ടാ നിയമമുപയോഗിച്ച് കൈകാര്യം ചെയ്യണമെന്നുമാണ് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടത്.

സ്ത്രീപക്ഷ രാഷ്ട്രീയമടക്കമുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളോട് അടഞ്ഞ സമീപനമാണ് ഭരണപക്ഷ ഇടതുപക്ഷം സ്വീകരിക്കുന്നത്. പാർട്ടി സമിതികളിലെല്ലാം നാമമാത്ര പ്രാതിനിധ്യം മാത്രമാണ് സ്ത്രീകൾക്കുള്ളത്.

പാരിസ്ഥിതിക രാഷ്ട്രീയമെന്നത് മനുഷ്യരെ പുറത്തുനിർത്തിക്കൊണ്ടുള്ള ഒരു പരിപാടിയല്ലെന്നും അത് മുതലാളിത്ത ചൂഷണംകൊണ്ടു മാത്രം ഉരുത്തിരിഞ്ഞുവന്ന ഈ മഹാപ്രതിസന്ധിയെ നേരിടുന്നതിനും ഭൂമിയെ തിരിച്ചുപിടിക്കുന്നതിനുമുള്ള മഹാഭൂരിപക്ഷം വരുന്ന മനുഷ്യരുടെ രാഷ്ട്രീയ പരിപാടിയാണെന്നും തിരിച്ചറിയുന്നതാണ് മാർക്സിസ്റ്റ് രാഷ്ട്രീയം. ധനിക മുതലാളിമാരുടെ പരസ്യവണ്ടിയായി അവരുടെ ആതിഥ്യവും ഔദാര്യവും സ്വീകരിച്ചു ജീവിക്കുന്ന ഒരു നേതൃത്വമുള്ള കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷത്തിന് അത്തരത്തിലുള്ള രാഷ്ട്രീയസംവേദനം സാധ്യമാകാത്തതിൽ അത്ഭുതമൊന്നുമില്ല.

സ്ത്രീപക്ഷ രാഷ്ട്രീയമടക്കമുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളോട് ഇതേ തരത്തിലുള്ള അടഞ്ഞ സമീപനമാണ് ഭരണപക്ഷ ഇടതുപക്ഷം സ്വീകരിക്കുന്നത്. പാർട്ടി സമിതികളിലെല്ലാം നാമമാത്ര പ്രാതിനിധ്യം മാത്രമാണ് സ്ത്രീകൾക്കുള്ളത്. സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ പ്രാതിനിധ്യത്തെയും അവരുടെ അവകാശസമരത്തെയും മുന്നോട്ടുകൊണ്ടുപോകുന്ന ഒരു നടപടിയും സി പി ഐ (എം) അടക്കമുള്ള ഇടതുപക്ഷം സ്വീകരിച്ചിട്ടില്ല. സാമാന്യമായി മറ്റേതൊരു ബൂർഷ്വാകക്ഷിയും പറയുകയും നടപ്പാക്കുകയും ചെയ്യുന്ന ചില മിനുക്കുപണികൾ മാത്രമാണ് അവരും ചെയ്തത്. എന്നാൽ കടുത്ത പുരുഷാധികാര അച്ചടക്കത്തിന്റെ മേൽനോട്ടത്തിൽ തങ്ങളുടെ വനിതാ സംഘങ്ങളെ നിലനിർത്തുന്നതുകൊണ്ട് ഇതിനെതിരായ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ എതിർപ്പ് പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും ഉയർന്നുവരുന്നതിനെ ഫലപ്രദമായി തടയുകയും ചെയ്യുന്നു.

Photo: Muhammad Fasil
Photo: Muhammad Fasil

ജാത്യാധികാരത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ബന്ധങ്ങളെ എങ്ങനെയാണ് കമ്യൂണിസ്റ്റ് പാർട്ടി കൈകാര്യം ചെയ്യേണ്ടതെന്നും നേരിടേണ്ടതെന്നുമുള്ള കാര്യത്തിൽ ഇന്ത്യയിൽ വലിയ തർക്കങ്ങളുണ്ട്. അത് മറ്റൊരു വിശദ ചർച്ചയുടെ വിഷയമാണ്. അക്കാര്യത്തിൽ പാർട്ടിക്ക് പിഴവുകൾ പറ്റിയിട്ടുണ്ട്. അതേസമയം അംബേദ്ക്കർ ചിന്താധാരയെ പൂർണ്ണമായി ഉൾക്കൊള്ളുന്ന രാഷ്ട്രീയ സമീപനം കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനുണ്ടാകില്ല. കാരണം അംബേദ്ക്കർ ചിന്താധാരയെ ഗുണപരമായി, പുരോഗമനപരമായി, ജാതിക്കെതിരായ വിപ്ലവകരമായ സമരമായി കാണുമ്പോൾത്തന്നെ വർഗ്ഗരാഷ്ട്രീയത്തിന്റെയും മുതലാളിത്ത വ്യവസ്ഥയുടെയും വിശാല പരിപ്രേക്ഷ്യത്തിലും അതിന്റെ രാഷ്ട്രീയ, സാമ്പത്തിക ഘടനയുടെ വിശകലനത്തിലും കൂടിയുമേ കമ്യൂണിസ്റ്റുകാർക്ക് ആ വിഷയത്തെ സമീപിക്കാനാകൂ. അതാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയ നിലപാടും.

ഇന്ത്യയിൽ പല രൂപത്തിലും പിന്നാക്ക ജാതിവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം വർധിച്ചപ്പോഴും സി പി എമ്മിൽ അതത്രയെളുപ്പം ഉണ്ടായില്ല എന്നത് അത്ഭുതകരമായിത്തോന്നാം.

എന്നാൽ ഇതൊന്നും തങ്ങൾ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന സമൂഹത്തിലെ ജാതിവിരുദ്ധ സമരത്തിന്റെ പ്രാഥമിക സമരവഴികളെ തമസ്ക്കരിക്കാൻ ഇടയാക്കുന്ന ഒന്നാകേണ്ടതില്ല. എന്നാൽ സി പി ഐ (എം) അടക്കമുള്ള ഭരണപക്ഷ ഇടതുപക്ഷം അതാണ് ചെയ്യുന്നത്. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ പാർട്ടി സമിതികളിലും അവരുടെ ജനപ്രതിനിധികളിലും മന്ത്രിമാരിലുമൊക്കെയുള്ള ദലിത്, ആദിവാസി പ്രാതിനിധ്യം തന്നെ ഇതിനു തെളിവാണ്. ഈ പ്രശ്നത്തെ യാതൊരു തരത്തിലും നേരിടാൻ അവർ തയ്യാറുമല്ല. ഇത് പുറത്തുള്ള ജാതിക്കോളനികൾ ഇടതുപക്ഷ പാർട്ടികൾക്കകത്തും പ്രവർത്തിക്കുന്നു എന്നതുകൊണ്ടാണ്.

ഇന്ത്യയിൽ പല രൂപത്തിലും പിന്നാക്ക ജാതി വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം വർധിച്ചപ്പോഴും സി പി ഐ എമ്മിൽ അതത്രയെളുപ്പം ഉണ്ടായില്ല എന്നത് അത്ഭുതകരമായിത്തോന്നാം. ബംഗാളിൽ 1977-ൽ സി ഐ ഐ (എം) നേതൃത്വത്തിൽ സർക്കാർ വന്നപ്പോൾ മൊത്തം സാമാജികരുടെ 46% സവർണ വിഭാഗത്തിൽ നിന്നായിരുന്നു. 1996-ൽ അത് 49%-ആയി കൂടി. 1977 മുതൽ 1996 വരെ ബംഗാളിലെ ഇടതുപക്ഷ സാമാജികരിൽ 42 മുതൽ 45% വരെ സവർണ്ണ വിഭാഗക്കാരായിരുന്നു. ഇടതു മന്ത്രിസഭയിൽ 1982-ൽ 81.8% സവർണ്ണ വിഭാഗങ്ങളിൽ നിന്നായിരുന്നു. 2001-ൽ അത് 51%. 1977 മുതൽ 1996 വരെ ഒരൊറ്റ ആദിവാസി പോലും ബംഗാൾ മന്ത്രിസഭയിലുണ്ടായില്ല. ജനസംഖ്യയുടെ 6% വരുന്നവരാണ് ബംഗാളിൽ ആദിവാസികൾ എന്നോർക്കണം.
ബംഗാളിലെ ആദ്യത്തെ രണ്ട് ഇടതു മന്ത്രിസഭയിലും ജനസംഖ്യയുടെ 24% വരുന്ന ദലിതരിൽ നിന്ന് ഒരാളെപ്പോലും മന്ത്രിയാക്കിയില്ല. ഈ പ്രശ്നം ഏറിയും കുറഞ്ഞും കേരളത്തിലും ആവർത്തിക്കുന്നുണ്ട്. ആദിവാസിയായ കേളുവിനെ മന്ത്രിയാക്കുമ്പോൾ അദ്ദേഹത്തിന് പട്ടികവർഗ / ജാതി ക്ഷേമ വകുപ്പ് മാത്രം മതിയെന്ന് തീരുമാനിക്കുന്നത്, ഇടതുമന്ത്രിസഭയിലെ ജാതിക്കോളനിയിലേക്കാണ് അയാളെ കയറ്റിയിരുത്തുന്നത് എന്നതുകൊണ്ടാണ്.

വിശക്കുന്നവർക്ക് ഭക്ഷണം വേണമെന്നതിന് ഒരു രാഷ്ട്രീയമുണ്ട്. അത് പ്രാഥമികമായ നീതിയുടെ ഏറ്റവും വലിയ രാഷ്ട്രീയ മുദ്രാവാക്യമാണ്. ആ മുദ്രാവാക്യത്തെ ഒരു രാഷ്ട്രീയ ബോധമാക്കി മാറ്റുന്നതിനാണ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കേണ്ടത്.
വിശക്കുന്നവർക്ക് ഭക്ഷണം വേണമെന്നതിന് ഒരു രാഷ്ട്രീയമുണ്ട്. അത് പ്രാഥമികമായ നീതിയുടെ ഏറ്റവും വലിയ രാഷ്ട്രീയ മുദ്രാവാക്യമാണ്. ആ മുദ്രാവാക്യത്തെ ഒരു രാഷ്ട്രീയ ബോധമാക്കി മാറ്റുന്നതിനാണ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കേണ്ടത്.

ഇത്തരത്തിലുള്ള പിന്തിരിപ്പൻ പ്രവണതകളെ എതിർക്കേണ്ട വിഭാഗമായി മാറേണ്ടവരാണ് യുവാക്കളും വിദ്യാർത്ഥികളുമടക്കമുള്ളവർ. എന്നാൽ കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷത്തിന്റെ വിദ്യാർത്ഥി, യുവജന സംഘടനകളെ നോക്കൂ. കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ പാകത്തിൽ എന്തെങ്കിലും കോലാഹലങ്ങളുണ്ടാക്കുക എന്നതിലുപരി വിദ്യാഭ്യാസരംഗത്തോ മാറ്റ് രാഷ്ട്രീയ, സാമൂഹ്യാധികാര പ്രശ്നങ്ങളിലോ ഒരു നവനൂതന രാഷ്ട്രീയോർജ്ജം നിറയ്ക്കുന്ന ഇടപെടലുകൾക്ക് സാധ്യതയില്ലാത്തവണ്ണം നിർവീര്യമാക്കപ്പെട്ടിരിക്കുന്നു അവ.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും അധികാര സൗഭാഗ്യങ്ങളിലും തങ്ങളുടെ പങ്കുപറ്റാൻ പാകത്തിൽ നേതൃസേവ ചെയ്യുന്ന പതിനാറാം തരം ചവറുകൾ മാത്രമായി അതിന്റെ നേതൃത്വം മാറുന്നത് അങ്ങനെയാണ്.

കേരളത്തിൽ ഡി.വൈ.എഫ്.ഐയുടെ ഏറ്റവും വലിയ പരിപാടിയായി ഘോഷിക്കപ്പെടുന്ന പൊതിച്ചോർ വിതരണം ഇതിന്റെ മറ്റൊരു രൂപമാണ്. വിശക്കുന്നവർക്ക് ഭക്ഷണം വേണമെന്നതിന് ഒരു രാഷ്ട്രീയമുണ്ട്. അത് പ്രാഥമികമായ നീതിയുടെ ഏറ്റവും വലിയ രാഷ്ട്രീയ മുദ്രാവാക്യമാണ്. ആ മുദ്രാവാക്യത്തെ ഒരു രാഷ്ട്രീയ ബോധമാക്കി മാറ്റുന്നതിനാണ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കേണ്ടത്. പൊതിച്ചോറ് പരിപാടിയുടെ വൈകാരിക കഥാപ്രസംഗം ആഫ്രിക്കയിലോ ലാറ്റിനമേരിക്കയിലോ ഒക്കെ ക്രിസ്ത്യൻ സഭകൾ ചെയ്യുന്ന, അല്ലെങ്കിൽ നാട്ടിലെ ധനികർ മുത്തച്ഛന്റെ ഓർമനാളിൽ നൽകുന്ന ഭക്ഷണ വിതരണത്തിന്റെ മാഹാത്മ്യത്തിനപ്പുറം ഒരു രാഷ്ട്രീയവും സംസാരിക്കാത്തത് അതുകൊണ്ടാണ്.

കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ വോട്ടുകൾ ലഭിക്കാനുള്ള ഒരു വഴിയായി പലസ്തീൻ വിഷയവും പൗരത്വ ഭേദഗതി പ്രശ്നവും ഉപയോഗിക്കാൻ സി പി ഐ (എം) ശ്രമിച്ചു.

ഇന്ത്യയിലൊട്ടാകെ തീവ്ര ഹിന്ദുത്വ വലതുപക്ഷ രാഷ്ട്രീയം ശക്തിപ്രാപിച്ചപ്പോൾ അതിനെതിരായ, ഫാഷിസ്റ്റ് വിരുദ്ധ ഐക്യ മുന്നണിയുടെ രാഷ്ട്രീയം ഏറ്റവും കൃത്യമായി പറയുകയും അത് നടപ്പാക്കുന്നതിൽ മുന്നിട്ടു നിൽക്കുകയും ചെയ്യേണ്ട സി പി ഐ (എം), സി പി ഐ കക്ഷികൾ എത്രത്തോളം മൂകവേഷക്കാരായിപ്പോയി എന്നത് ഈ തെരഞ്ഞെടുപ്പുകാലത്ത് നാം കണ്ടതാണ്.

മത, ജാതി രാഷ്ട്രീയത്തെ എങ്ങനെയാണ് നേരിടേണ്ടത് എന്നതിൽ യാതൊരു തരത്തിലുള്ള വ്യക്തതയും അവർക്കില്ല എന്നതാണ് വസ്തുത. കേരളത്തിൽ മത, സാമുദായിക ശക്തികളുമായുള്ള തങ്ങളുടെ ഇടപാടുകളെല്ലാം കേവലമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി മാത്രം ബന്ധപ്പെടുത്തിയാണ് അവർ കാണുന്നത്. അതുകൊണ്ടാണ് ‘ലവ് ജിഹാദ്’ പോലുള്ള കൊടും വർഗീയവിഷം സംഘ്പരിവാറിനൊപ്പം ചേർന്ന് പ്രചരിപ്പിച്ച കേരളത്തിലെ ക്രിസ്ത്യൻ ബിഷപ്പുമാരുടെ കൈമുത്താൻ സി പി ഐ (എം) മന്ത്രിമാർ ഓടിപ്പാഞ്ഞുനടന്നത്.

പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമ്പോൾ മുസ്‌ലിം മതസംഘടനകളുടെ സമ്മതംകൂടി വാങ്ങും എന്ന മട്ടിൽ സർക്കാർ ഉറപ്പു നൽകുന്നത് അതുകൊണ്ടാണ്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ വോട്ടുകൾ ലഭിക്കാനുള്ള ഒരു വഴിയായി പലസ്തീൻ വിഷയവും പൗരത്വ ഭേദഗതി പ്രശ്നവും ഉപയോഗിക്കാൻ സി പി ഐ (എം) ശ്രമിച്ചു. തെരഞ്ഞെടുപ്പിനപ്പുറവും ഇപ്പുറവുമില്ലാത്ത വിധത്തിൽ നാടകീയമായി ഉപയോഗിക്കാനാകുന്ന ഒന്നായി പലസ്തീൻ പ്രശ്നത്തെയും പൗരത്വ നിയമ ഭേദഗതിയെയുമൊക്കെ ഉപയോഗിച്ച തട്ടിപ്പ് മുസ്‍ലിംകൾ ഒരു വിഭാഗം എന്ന നിലയിൽത്തന്നെ തിരിച്ചറിഞ്ഞു എന്നുവേണം കരുതാൻ.

സി.പി.ഐ-എം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ നിന്ന്
സി.പി.ഐ-എം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ നിന്ന്

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ നിലനിൽപ്പും ഭാവിയും എങ്ങനെയാകും എന്ന ചർച്ചയിൽ കേരളം പ്രധാന വിഷയമായി കയറിവരുന്നത് ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ അവസാന ശക്തികേന്ദ്രം എന്ന നിലയിൽക്കൂടിയാണ്. ഇവിടെയാകട്ടെ അത് കാണിക്കുന്നതെല്ലാം ഈ മുഖ്യധാരാ ഇടതുപക്ഷത്തെ അപ്രസക്തമാക്കിയ അതേ രോഗാതുരതകളാണ്.

‘തിരിച്ചുവരും’ എന്ന വാക്കിനേയും അതിന്റെ രാഷ്ട്രീയ നിശ്ചയദാർഢ്യത്തെയും ഇത്രയേറെ കാപട്യത്തോടെ, ജനങ്ങളെ വഞ്ചിക്കാനായി ഉപയോഗിക്കുന്ന ഒരു നേതൃത്വം ബൂർഷ്വാ പാർട്ടികളിൽപ്പോലും കാണാൻ ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ മുഖ്യധാരാ ഇടതുപക്ഷം തകർന്നതും തോറ്റതുമായ ഒരിടത്തും അത് തിരിച്ചുവന്നിട്ടില്ല എന്നതാണ് ചരിത്രം. ലോകത്തെവിടെയും അത്തരത്തിലൊരു തിരിച്ചുവരവ്, ദീർഘകാല രാഷ്ട്രീയാധികാര പ്രയോഗത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സാധ്യമായിട്ടില്ല. ഒരു പക്ഷെ നാനാതരം അവസരവാദ കൂട്ടുകെട്ടുകളിലൂടെ ചെറിയ തെരഞ്ഞെടുപ്പുവിജയങ്ങൾ കേരളത്തിൽ സാധ്യമായേക്കാം. എന്നാൽ ഒരു ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റമായി തിരിച്ചുവരുമോ എന്നതാണ് ചോദ്യവും സമസ്യയും.

ഇടതുപക്ഷ രാഷ്ട്രീയത്തെ അതിന്റെ മുഖ്യധാരാ നേതൃത്വം ധനികവർഗത്തിന്റെ ആലയിൽ കെട്ടിയതുകൊണ്ടാണ് ഇടതുപക്ഷമെന്നത് ഒരു ഭൂതഭിരതിയായി മാറിയത്.

കേരളത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പരമ്പരാഗത കേന്ദ്രങ്ങളിലേക്കും അവരുടെ ഒപ്പം നിൽക്കുന്ന പുത്തൻ വർഗ്ഗത്തിലേക്കും ഒരുപോലെ കടന്നുകയറുകയാണ് ഹിന്ദുത്വ വലതുപക്ഷ രാഷ്ട്രീയം. ഇതിനെ തിരിച്ചറിയാനോ നേരിടാനോ കഴിയാതെ ‘കോൺഗ്രസ് വോട്ട് മറിച്ചു’ തുടങ്ങിയ വമനേച്ഛ വരുത്തുന്ന ന്യായങ്ങളിൽ ഊഞ്ഞാലാടുകയാണ് ഭരണപക്ഷ ഇടതുപക്ഷം.

ചരിത്രസന്ധികളിൽ തങ്ങളുടെ പങ്ക് തിരിച്ചറിയുക എന്നതിന് കമ്യൂണിസ്റ്റുകാർക്ക്, ഇടതുപക്ഷത്തിന് പ്രാപ്തി നൽകുന്നത് അതിനെ സാധ്യമാക്കുന്ന രാഷ്ട്രീയമാണ്. അത് നഷ്ടമായ ഇടതുപക്ഷ കക്ഷികൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മറുവശത്താണ് നിൽക്കുന്നത്. ഒക്ടോബർ വിപ്ലവത്തെകുറിച്ച് ട്രോട്സ്കി പറയുന്നുണ്ട്, ഒക്ടോബർ വിപ്ലവം ഇല്ലായിരുന്നുവെങ്കിൽ ഫാഷിസം എന്നത് ഒരു ഇറ്റാലിയൻ വാക്കല്ല മറിച്ച് ഒരു റഷ്യൻ വാക്കാകുമായിരുന്നു എന്ന്. വിപ്ലവത്തിന്റെ വാസ്തവികതയെ ഓരോ ദിവസവും തങ്ങളുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമാക്കുമ്പോൾ മാത്രമാണ് ചരിത്രത്തിൽ കമ്യൂണിസ്റ്റുകാർക്ക് ഇടപെടാനാവുന്നത്. അങ്ങനെ ഇടപെട്ടതുകൊണ്ടാണ് ഫാഷിസം ഒരു റഷ്യൻ വാക്കാകാതിരുന്നത്.

ഇടതുപക്ഷ രാഷ്ട്രീയത്തെ അതിന്റെ മുഖ്യധാരാ നേതൃത്വം ധനികവർഗത്തിന്റെ ആലയിൽ കെട്ടിയതുകൊണ്ടാണ് ഇടതുപക്ഷമെന്നത് ഒരു ഭൂതാഭിരതിയായി മാറിയത്. അവർക്കത് തിരുത്താനാവില്ല. അതവരുടെ സ്വഭാവമായി മാറിക്കഴിഞ്ഞു. അവരടക്കമുള്ള പൊതുരാഷ്ട്രീയ കക്ഷികൾ ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കുന്നുവെന്നും അത്തരത്തിലൊരു സാമാന്യ ജനാധിപത്യ സമൂഹം നിലനിൽക്കുന്നു എന്നും ഉറപ്പുവരുത്തുന്നതിന് ഇടതുപക്ഷ രാഷ്ട്രീയം ഉണ്ടായേ മതിയാകൂ. അതിന്റെ സമരം എളുപ്പമല്ല. ചരിത്രത്തിലും കാലത്തിലും എളുപ്പവഴിയിൽ തീർക്കാവുന്ന ഒരു കണക്കുമില്ല.

Comments