മലയാളമില്ലാത്ത Chief Secretary Office,
കഷ്ടം, നമ്മുടെ ഭരണഭാഷ

നവംബർ 1 മുതൽ 7 വരെ സംസ്ഥാന സർക്കാരും സാംസ്കാരിക സംഘടനകളും വിപുലമായി മലയാള ദിനം, ശ്രേഷ്ഠഭാഷാ ദിനം, കേരളപ്പിറവി ദിനം, ഭരണഭാഷാദിനം, ഔദ്യോഗിക ഭാഷാവാരാചരണം തുടങ്ങി പല ചെല്ലപേരുകളിൽ ആഘോഷിച്ചുപോരുന്നു. മലയാളത്തെ എല്ലാവരും ആഘോഷത്തോടെ ചേർത്തുപിടിക്കുമ്പോൾ സന്തോഷിക്കുമ്പോഴും, വർഷത്തിലൊരിക്കൽ മാത്രമുള്ള സർക്കാർ സംവിധാനങ്ങളുടെ മലയാള സ്നേഹം കാണുമ്പോൾ നിസ്സംഗതയാണ് അനുഭവപ്പെടുന്നത് - വൈഷ്ണവി വി. എഴുതുന്നു.

കേരളത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും മാതൃഭാഷയാണ് (Mother Tongue) മലയാളം (Malayalam). ദൈനംദിന ജീവിതത്തിലും പ്രവർത്തന മേഖലയിലും ഈ മനുഷ്യരിൽ ഏറിയപങ്കും മലയാളം മാത്രമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളുടെ കൂട്ടത്തിൽ മലയാളവും ഉൾപ്പെടുന്നു. നവംബർ 1 മുതൽ 7 വരെ സംസ്ഥാന സർക്കാരും സാംസ്കാരിക സംഘടനകളുമടക്കം വളരെ വിപുലമായി മലയാള ദിനം, ശ്രേഷ്ഠഭാഷാ ദിനം, കേരളപ്പിറവി ദിനം, ഭരണഭാഷാ ദിനം, ഔദ്യോഗിക ഭാഷാവാരാചരണം തുടങ്ങി പല ചെല്ലപേരുകളിൽ ആഘോഷിച്ചുപോരുന്നു. മലയാളത്തെ എല്ലാവരും ആഘോഷത്തോടെ ചേർത്തുപിടിക്കുമ്പോൾ സന്തോഷിക്കുമ്പോഴും, വർഷത്തിലൊരിക്കൽ മാത്രമുള്ള സർക്കാർ സംവിധാനങ്ങളുടെ മലയാള സ്നേഹം കാണുമ്പോൾ നിസ്സംഗതയാണ് അനുഭവപ്പെടുന്നത്.

സർക്കാരിന്റെ ഭരണഭാഷയാണ്, മാതൃഭാഷയായ മലയാളം. ഭരണഭാഷയുടെ പ്രോത്സാഹനത്തിനും ഉപയോഗത്തിനും സർക്കാർ തലത്തിൽ തുടർച്ചയായ ഇടപെടലുകൾ ഒന്നും നടക്കുന്നില്ല എന്നാണ് അനുഭവം തെളിയിക്കുന്നത്. എന്നാൽ നവംബർ ഒന്ന് മുതൽ വിപുലമായ ആഘോഷങ്ങളും ഭരണഭാഷാ പുരസ്കാരങ്ങളും സെമിനാറുകളും ഭരണഭാഷാ പ്രതിജ്ഞയും തുടങ്ങി അതുവരെ ഇല്ലാത്ത ശുഷ്കാന്തിയാണ് കാണുന്നത്. ഈ കാര്യങ്ങളിൽ ആത്മാർത്ഥതയുണ്ടോ എന്നതാണ് വിഷയം.

ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ഓഗസ്റ്റ് മുതൽ ഇറങ്ങുന്ന ഉന്നതതല യോഗങ്ങളുടെ നടപടിക്കുറിപ്പുകൾ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് മാറിയിട്ടുണ്ട്.

മലയാളത്തിന് വേണ്ടത്ര പ്രാധാന്യം മലയാളികളായ നമ്മൾ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എല്ലാ നാട്ടിലും അവരവരുടെ മാതൃഭാഷയ്ക്കാണ് കൂടുതൽ പ്രാധാന്യം. മലയാളഭാഷയ്ക്ക് കേരള സമൂഹത്തിൽ മതിയായ പ്രാധാന്യം ലഭിച്ചിട്ടില്ലെന്നതാണ് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കുന്നത്. കുറച്ച് ഉദാഹരണങ്ങളോടെ അത് പറയാം.

ബോർഡിലിപ്പോഴും ‘Office of Chief Secretary’

ആദ്യ ഇ.എം.എസ് സർക്കാരിന്റെ കാലം മുതൽ ആരംഭിച്ച ഭരണഭാഷാ ചർച്ചകൾ, ഭരണഭാഷ കമ്മിറ്റി റിപ്പോർട്ടുകൾ, തീരുമാനങ്ങൾ, ഭരണഭാഷ മലയാളമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിരന്തര ജനകീയ ഇടപെടലുകൾ, സമരപോരാട്ടങ്ങൾ തുടങ്ങി എത്രയോ ഇടപെടലുകളിലൂടെയാണ് പല മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും കൂട്ടിചേർക്കലുകൾക്കും തിരുത്തലുകൾക്കും വിധേയമായി ഇന്ന് കാണുന്ന സർക്കാരിന്റെ ഭരണഭാഷാനയം പരുവപ്പെട്ടത്. എത്രയോ മനുഷ്യരുടെ വർഷങ്ങൾ നീണ്ട നിരന്തര ഇടപെടലുകളുടെ ഫലമാണിത്.

ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ഇംഗ്ലീഷ് ബോര്‍ഡ്.
ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ഇംഗ്ലീഷ് ബോര്‍ഡ്.

2015-ലും അനുബന്ധമായി 2017-ലും കേരള സർക്കാർ ഭരണഭാഷ നിർബന്ധമായും മാതൃഭാഷയായ മലയാളമാണെന്ന ഉത്തരവിറക്കി. വിജ്ഞാപനപ്രകാരം സർക്കാരാഫീസുകളുടെ ബോർഡുകൾ, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര്, ഓഫീസ് മുദ്രകൾ, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയും അടങ്ങുന്ന തസ്തികമുദ്ര, വാഹനങ്ങളുടെ ബോർഡുകൾ എന്നിവ മലയാളത്തിൽ തയ്യാറാക്കണമെന്ന് നിർദ്ദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2024-ലും പല സർക്കാർ വകുപ്പുകളും സർക്കാർ ഉത്തരവുകൾ പാലിക്കാൻ തയ്യാറായിട്ടില്ല.

സർക്കാരാഫീസുകളുടെ ബോർഡുകൾ, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര്, ഓഫീസ് മുദ്രകൾ, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയും അടങ്ങുന്ന തസ്തികമുദ്ര, വാഹനങ്ങളുടെ ബോർഡുകൾ എന്നിവ മലയാളത്തിൽ തയ്യാറാക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല

ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ഓഗസ്റ്റ് മുതൽ ഇറങ്ങുന്ന ഉന്നതതല യോഗങ്ങളുടെ നടപടിക്കുറിപ്പുകൾ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് ഈ വിഷയത്തിൽ പരാതി നൽകാൻ പോയപ്പോൾ, കയറിചെല്ലുമ്പോൾ തന്നെ ‘Office of Chief Secretary, PS to Chief Secretary’ എന്നീ ബോർഡുകളാണ് ക്ഷണിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ പ്രവർത്തനങ്ങൾ മലയാളത്തിലല്ലെന്ന വസ്തുത ഒറ്റനോട്ടത്തിൽ ബോധ്യപ്പെട്ടതാണ്. ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ അങ്ങനെയാണ് അവരുടെ പ്രവർത്തനമെന്ന് മനസ്സിലായി. കയറിച്ചെല്ലുമ്പോൾ ആദ്യമേ കാണുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഫയലുകളും സന്ദർശകരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന കൈപ്പുസ്തകവും അവർ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പേപ്പറുകളും ഫയലുകളും തുടങ്ങി ഒറ്റനോട്ടത്തിൽ കാണുന്ന എല്ലാ കാര്യങ്ങളും ഇംഗ്ലീഷിലായിരുന്നു.

ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഉന്നതതല യോഗങ്ങളുടെ മലയാളത്തിലുള്ള നടപടിക്കുറിപ്പുകള്‍.
ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഉന്നതതല യോഗങ്ങളുടെ മലയാളത്തിലുള്ള നടപടിക്കുറിപ്പുകള്‍.

ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അവിടത്തെ ഉദ്യോഗസ്ഥ, ഏറ്റവും മുകളിൽ 'ഭരണഭാഷ മാതൃഭാഷ', ചീഫ് സെക്രട്ടറിയുടെ പേര്, സ്ഥാനം എന്നിവ മലയാളത്തിൽ എഴുതിയിരിക്കുന്നത് അഭിമാനപൂർവ്വം കാണിച്ചുതന്നു, അതിലെ ഉള്ളടക്കം ഇംഗ്ലീഷിൽ എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ കേന്ദ്രത്തിന് കൊടുക്കണ്ടേതാണെന്ന മറുപടിയും. ബാക്കി ഫയലുകളുടെയും കത്തുകളുടെയും കാര്യത്തിൽ അവിടെയുള്ള ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. വരുന്നവരുടെ സന്ദർശക വിവരങ്ങൾ രേഖപ്പെടുത്തുന്ന കൈപുസ്തകം മുൻപ് ഇംഗ്ലീഷിലായിരുന്നു, പുതിയതായി അച്ചടിച്ചിട്ടില്ല എന്നൊക്കെയാണ് മറുപടി. ഭരണഭാഷ ഉത്തരവിന് വർഷങ്ങളുടെ പഴക്കമുണ്ട്. അത് ഇതുവരെ പാലിച്ചിട്ടില്ലെന്നു പറഞ്ഞാൽ മതിയല്ലോ. കേന്ദ്ര സർക്കാരിന് കൊടുക്കുന്ന പകർപ്പുകൾ മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ തയ്യാറാക്കാമല്ലോ. ഡിജിറ്റൽ കാലഘട്ടത്തിൽ അത് അതീവശ്രമകരമായി മാറുകയില്ലെന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.

2024 ഓഗസ്റ്റിന് ശേഷം മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്ക് മാറിയ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഉന്നതതല യോഗങ്ങളുടെ നടപടിക്കുറിപ്പ്.
2024 ഓഗസ്റ്റിന് ശേഷം മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്ക് മാറിയ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഉന്നതതല യോഗങ്ങളുടെ നടപടിക്കുറിപ്പ്.

ഇംഗ്ലീഷ് സന്ദർശക പാസ്,
പുറകിൽ മലയാളം

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നവംബർ ഒന്നിന് സർക്കാരിന്റെ ഭരണഭാഷാ പ്രതിജ്ഞ ഉദ്യോഗസ്ഥർക്ക് ചൊല്ലിക്കൊടുക്കുന്നത് സംസ്ഥാനത്തെ ഏറ്റവും സുപ്രധാന പദവിയിൽ ഇരിക്കുന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്. എല്ലാ സർക്കാർ സംവിധാനങ്ങളും ഭരണഭാഷയായ മലയാളത്തിൽ പ്രവർത്തിക്കണമെന്നു പറഞ്ഞുകൊണ്ട് സംസാരിക്കുന്നതിനു മുമ്പ്, ചീഫ് സെക്രട്ടറി ആത്മ പരിശോധന നടത്തുകയും, സ്വന്തം ഓഫീസ് അത്തരത്തിലാണോ പ്രവർത്തിക്കുന്നതെന്നും ഉറപ്പാക്കണം. നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ഉത്തരവിടുന്ന ഉദ്യോഗസ്ഥരും അത് പാലിക്കാൻ ബാധ്യസ്ഥരാണല്ലോ. സെക്രട്ടറിയേറ്റിൽ ഇംഗ്ലീഷിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പല ബോർഡുകളുണ്ട്, നിർദ്ദേശങ്ങളുണ്ട്.

സെക്രട്ടറിയേറ്റിൻ്റെ ഇംഗ്ലീഷിലുള്ള സന്ദർശക പാസ്
സെക്രട്ടറിയേറ്റിൻ്റെ ഇംഗ്ലീഷിലുള്ള സന്ദർശക പാസ്

സെക്രട്ടറിയേറ്റിന്റെ സന്ദർശക പാസ് ഇംഗ്ലീഷിലാണ്. അതിന്റെ പുറകുവശത്ത് ഒരു ഭംഗിക്ക് സർക്കാർ പരാതി പരിഹാര കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരം മലയാളത്തിൽ കൊടുത്തിട്ടുണ്ടെന്ന് മാത്രം. പാർക്കിങ് സ്ഥലത്ത് Chief Secretary, Additional Chief Secretary, തുടങ്ങി ഉദ്യോഗസ്ഥരുടെ പദവികൾ ഇംഗ്ലീഷിൽ അടയാളപ്പെടുത്തിയിട്ടുള്ളതുകാണാം. സർക്കാർ വാഹനങ്ങളുടെ മുമ്പിലെ ബോർഡുകൾ മലയാളത്തിൽ വേണമെന്നാണ് സർക്കാർ നിർദ്ദേശം, സെക്രട്ടറിയേറ്റിലെ പല ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങളിലും ഇംഗ്ലീഷിൽ മാത്രമാണ് ബോർഡുകൾ.

സർക്കാർ ഉത്തരവ് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത്, ഔദ്യോഗിക ഭാഷാ വകുപ്പാണ്. ഉദ്യോഗസ്ഥ - ഭരണപരിഷ്കരണ (ഔദ്യോഗിക ഭാഷാ) വകുപ്പിൽ നിലവിൽ ചുമതല വഹിക്കുന്ന സ്പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ. മാധവനെ ഐക്യ മലയാള പ്രസ്ഥാനത്തിന്റെ ഭാഗമായി നേരിൽ കാണുകയും ഈ വിഷയങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ക്യാബിനിൽ, മേശയിലുള്ള പേര് രേഖപ്പെടുത്തിയിരിക്കുന്ന ബോർഡ്, മേശയിലുള്ള സെക്രട്ടറിയേറ്റ് കോൺടാക്ട് വിവരങ്ങൾ അടങ്ങിയ പേപ്പർ എന്നിവയടക്കം ഇംഗ്ലീഷിലാണ്. ഭരണഭാഷാ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന ആവശ്യം നന്നായി തന്നെ കേൾക്കുകയും, സാങ്കേതികമായ പദം എന്ന രീതിയിൽ 'പരിശോധിക്കാം' എന്നു പറഞ്ഞെങ്കിലും, അടുത്ത വരി കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ ജനങ്ങളെ ഇട്ട് വട്ടം കറക്കുന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്.

"അങ്ങനെ ഒറ്റയടിക്ക്, ഒരു തവണ വന്നാൽ കാര്യങ്ങൾ നടക്കില്ലല്ലോ, അങ്ങനെയല്ലല്ലോ അതിന്റെ രീതി.. അപ്പോ വീണ്ടും വീണ്ടും ഒരു വിഷയത്തിൽ കയറിയിറങ്ങേണ്ടിവരും… എന്തായാലും ഇത് ഞാൻ നോക്കട്ടെ’’, സർക്കാർ ഉത്തരവ് പാലിക്കാൻ സർക്കാർ സംവിധാനങ്ങളെ ഓർമ്മിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അതിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥയുടെ ഇത്തരത്തിലുള്ള മറുപടി. ഔദ്യോഗിക ഭാഷാവകുപ്പിലും സെക്രട്ടറിയേറ്റിലും ഒറ്റനോട്ടത്തിൽ ഇംഗ്ലീഷിൽ മാത്രമുള്ള കാര്യങ്ങൾ അവിടുത്തെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.

സന്ദര്‍ശക പാസിന്റെ പുറകു വശത്തുള്ള മലയാളം.
സന്ദര്‍ശക പാസിന്റെ പുറകു വശത്തുള്ള മലയാളം.

ഭരണഭാഷ മലയാളം,
ഉത്തരവ് ഇംഗ്ലീഷ്

സർക്കാർ ഉത്തരവ് പ്രകാരം, നിയമപരമായി ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെയുള്ള (നടപടിക്കുറിപ്പ് മലയാളത്തിൽ ആയിരിക്കണം) എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം മാത്രം ഉപയോഗിക്കണമെന്നതാണ് വ്യവസ്ഥ എന്നതിനാൽ മലയാളം ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് നിയമപരമായ ബാധ്യതയുണ്ട്. അതിനാൽ 2017 മെയ് -1 മുതൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളിൽ ഔദ്യോഗികഭാഷയായി മലയാളം ഉപയോഗിക്കണമെന്നാണ് സർക്കാരിന്റെ ഭരണഭാഷ പ്രഖ്യാപനം. അതായത് ഉത്തരവ് പാലിക്കാൻ സെക്രട്ടറിയേറ്റും ബാധ്യസ്ഥമാണ്. ഒ എൽ-3/154/2023/പി&എ ആർ ഡി പ്രകാരം 2023 ഡിസംബർ 5ന് ജോയിന്റ് സെക്രട്ടറി എസ്.ആർ. ഉദയകുമാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അതാത് വകുപ്പുകളുടെ മേധാവികൾ 2023 ഡിസംബർ 30നകം ഭരണഭാഷ സംബന്ധമായ വിഷയങ്ങൾ നടപ്പിലാക്കണമെന്നും പറയുന്നുണ്ട്, ഇതുവരെയും അത്തരത്തിലുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിച്ചതായി കാണുന്നില്ല.
കഴിഞ്ഞാഴ്ചയാണ് വിജിലൻസിന്റെ ഉന്നതതലത്തിൽ ഇരിക്കുന്നവർ, ഡിപ്പാർട്ട്മെന്റിനുള്ളിൽ തന്നെ സർക്കാറിന്റെ ഉത്തരവിന് വിപരീതമായി ഇംഗ്ലീഷിൽ റിപ്പോർട്ടുകൾ തയ്യാറാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

സർക്കാർ ഉത്തരവിൽ ഭരണഭാഷാ വിഷയങ്ങൾ പരിശോധിക്കുന്നതിനായി ഔദ്യോഗിക ഭാഷാ സമിതികൾ രൂപീകരിക്കണമെന്നും നിശ്ചിത ഇടവേളകളിൽ യോഗം ചേരാനും നിർദ്ദേശിക്കുന്നുണ്ട്. എല്ലാ ഓഫീസുകളിലും എല്ലാമാസങ്ങളിലും പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, കൃത്യമായ പരിശോധനകൾ നടക്കുന്നില്ല എന്നാണ് ഔദ്യോഗിക ഭാഷാവകുപ്പ് തന്നെ വിലയിരുത്തുന്നത്.

നിയമസഭയുടെ ഭരണഭാഷാകമ്മിറ്റി യോഗം ചേരാറില്ലെന്നും, ഭരണഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും അറിയാനായി.

ധനകാര്യം, സഹകരണം, എക്സൈസ് കമ്മീഷണർ, ദുരന്തനിവാരണം, സിവിൽ സപ്ലൈസ്, കൃഷി , തദ്ദേശസ്വയംഭരണം, ആഭ്യന്തരം, വ്യവസായം, ടൂറിസം, വനിത-ശിശുവികസന വകുപ്പ് തുടങ്ങി എത്രയോ വകുപ്പുകൾ അടുത്തിടെ പുറത്തിറക്കിയ ഒരുപാട് ഉത്തരവുകൾ ഇംഗ്ലീഷിൽ മാത്രമാണ്.

കഴിഞ്ഞാഴ്ച എസ്.സി.ഇ.ആർ.ടിയിൽ പോയപ്പോൾ അവിടെ ഇംഗ്ലീഷിലും മലയാളത്തിലും ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് സെക്ഷൻ എന്ന് മലയാളത്തിലും Administrative Section എന്ന് ഇംഗ്ലീഷിലും. ഇത്തരത്തിലാണ് പല ഡിപ്പാർട്ട്മെന്റുകളിലെയും കാര്യങ്ങൾ. ഈ വിഷയങ്ങൾ സർക്കാർ പരിശോധിക്കുകയും നടപടിയെടുക്കുകയും വേണം. ഉദ്യോഗസ്ഥരുടെ മനോഭാവത്തിലെ മാറ്റമില്ലായ്മ കൊണ്ടുകൂടിയാണ് ഒക്ടോബർ 10-നു ചേർന്ന മന്ത്രിസഭായോഗത്തിൽ പരിഭാഷാസെൽ രൂപീകരിക്കണമെന്ന കാര്യം തീരുമാനിച്ചത്. എല്ലാ ഓഫീസുകളിലും പരിഭാഷാവിഭാഗം വേണമെന്ന് നേരത്തെ നിർദ്ദേശം ഉണ്ടായിരുന്നു. പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. നിയമസഭയുടെ ഭരണഭാഷാകമ്മിറ്റി യോഗം ചേരാറില്ലെന്നും, ഭരണഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും അറിയാനായി. ഉടൻ ബന്ധപ്പെട്ട കമ്മറ്റിയുടെ യോഗം വിളിച്ചു ചേർക്കുകയും ഭരണഭാഷാസംബന്ധമായ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ സ്വീകരിക്കുകയും വേണം.

സെക്രട്ടറിയേറ്റിലെ പല ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങളിലും ഇംഗ്ലീഷിൽ മാത്രമാണ് ബോർഡുകൾ.
സെക്രട്ടറിയേറ്റിലെ പല ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങളിലും ഇംഗ്ലീഷിൽ മാത്രമാണ് ബോർഡുകൾ.

സർക്കാർ നൽകുന്ന ഭരണഭാഷാ പുരസ്കാരം, ലഭിക്കുന്ന എൻട്രികളുടെ അടിസ്ഥാനത്തിലുള്ളതാണ്. കേരള സർക്കാരിന് 94 വകുപ്പുകളാണുള്ളത്. എല്ലാ വകുപ്പുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ഗ്രേഡിങ് നടത്തുകയും ചെയ്യുന്ന രീതിയല്ല നിലവിൽ സ്വീകരിച്ചിട്ടുള്ളത്. ലഭിക്കുന്ന എൻട്രികളിൽ നിന്ന് പരിശോധനയും മറ്റു മാനദണ്ഡങ്ങളും പാലിച്ച് പുരസ്കാരം നൽകുന്നു. യഥാർത്ഥത്തിൽ സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും പ്രവർത്തനം വിലയിരുത്തുന്ന ഗ്രേഡിങ് രീതി നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം. മികച്ച വകുപ്പ്, മികച്ച ഉദ്യോഗസ്ഥർ തുടങ്ങിയുള്ള അവാർഡുകൾ നൽകുന്നതുപോലെ തന്നെ, എല്ലാ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും ഗ്രേഡിങ് ആവശ്യമാണ്. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വകുപ്പിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഒപ്പം, ഭരണഭാഷയുമായി ബന്ധപ്പെട്ട അവലോകന യോഗങ്ങളിൽ ജനങ്ങളെ സംബന്ധിക്കുന്ന വിഷയമായതുകൊണ്ടുതന്നെ, ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തണം.

ഭാഷാസ്നേഹികളായ ഓരോ മനുഷ്യരും ആഗ്രഹിച്ച പോലുള്ള പ്രവർത്തനങ്ങളല്ല, ശ്രേഷ്ഠ സെന്ററിൽ നടക്കുന്നത്. സംസ്ഥാന സർക്കാരും സെന്ററും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല.

ശ്രേഷ്ഠഭാഷയുടെ ഗതികേട്

2013-ലാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. എത്രയോ മനുഷ്യരുടെ വർഷങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലമായാണ് ആ പദവി ലഭിക്കാനിടയായത്. എല്ലാ നവംബർ ഒന്നിനും ശ്രേഷ്ഠഭാഷാദിനം ആഘോഷിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ശ്രേഷ്ഠഭാഷാ പദവി മാത്രമല്ല, സാമ്പത്തികവിഹിതവും ഇതിന്റെ ഭാഗമായി മലയാള ഭാഷയ്ക്ക് ലഭിക്കും. ശ്രേഷ്ഠഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന് ആദ്യഘട്ടത്തിൽ 100 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കുക. എന്നാൽ, ഇത് വാങ്ങിയെടുക്കുന്നതിന് ആവശ്യമായ പ്രൊപ്പോസലുകൾ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ, മലയാള സർവകലാശാലയോട് ചേർന്ന് സർവകലാശാല നൽകിയ ക്വാർട്ടേഴ്സിൽ പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിൽ ശ്രേഷ്ഠഭാഷാ സെന്റർ പ്രവർത്തിക്കുന്നുണ്ട്. അതിനോട് ചേർന്ന് നിർമ്മിച്ച കെട്ടിടത്തിലേക്ക് ശ്രേഷ്ഠഭാഷാ സെന്ററിന്റെ പ്രവർത്തനങ്ങൾ മാറിയിട്ടില്ല.

കൃത്യമായ ഘടനയിലേക്ക് സെന്ററിന്റെ പ്രവർത്തനങ്ങൾ ഇനിയും പരുവപ്പെട്ടിട്ടില്ല. ഭാഷാസ്നേഹികളായ ഓരോ മനുഷ്യരും ആഗ്രഹിച്ച പോലുള്ള പ്രവർത്തനങ്ങളല്ല, ശ്രേഷ്ഠ സെന്ററിൽ നടക്കുന്നത്. സംസ്ഥാന സർക്കാരും സെന്ററും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാണ് സന്ദർശനവേളയിൽ അറിയാനായത്. ശ്രേഷ്ഠഭാഷാ സെന്ററിന്റെ ഭാഗമായി നൽകുന്ന പ്രൊപ്പോസലുകൾ അകാരണമായി മൈസൂരിലെ ക്ലാസിക്കൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തള്ളുന്നുവെന്നും പ്രവർത്തനത്തിനാവശ്യമായ ഫണ്ട് ലഭിക്കുന്നില്ലെന്നും പ്രോജക്ട് ഡയറക്ടർ പറഞ്ഞു. ലഭിക്കുന്ന താളിയോലകളോ കുറിപ്പുകളോ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും അത് ഇ-മെയിൽ രൂപത്തിൽ മൈസൂരിലേക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവിടുത്തെ ജേണലിൽ പോലും ഇത് പ്രസിദ്ധീകരിക്കപ്പെടുന്നില്ല. എന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെടും എന്ന പ്രതീക്ഷയിൽ ഒരു പ്രൊജക്റ്റ് ഡയറക്ടറും കൂടെയുള്ള 23 ഗവേഷകരും ഒരു മൾട്ടി ടെക്നിക്കൽ സ്റ്റാഫും പ്രവർത്തിക്കുന്നു. യഥാർത്ഥത്തിൽ ശ്രേഷ്ഠഭാഷാ സെന്ററിന്റെ ഭാഗമായിത്തന്നെ, ജേണൽ രൂപത്തിൽ മലയാളത്തിൽ തന്നെ പ്രസിദ്ധീകരിക്കാനുള്ള നടപടി ആരംഭിക്കുകയാണ് വേണ്ടത്.

 മലയാള സർവകലാശാലയോട് ചേർന്ന് സർവകലാശാല നൽകിയ ക്വാർട്ടേഴ്സിൽ പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിൽ ശ്രേഷ്ഠഭാഷാ സെന്റർ പ്രവർത്തിക്കുന്നുണ്ട്.
മലയാള സർവകലാശാലയോട് ചേർന്ന് സർവകലാശാല നൽകിയ ക്വാർട്ടേഴ്സിൽ പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിൽ ശ്രേഷ്ഠഭാഷാ സെന്റർ പ്രവർത്തിക്കുന്നുണ്ട്.

മലയാളത്തെ കുറിച്ചുള്ള പഠനങ്ങൾ മലയാളത്തിലാണല്ലോ ആദ്യം വേണ്ടത്. തമിഴിന്റെ ശ്രേഷ്ഠഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി അവരുടെ പഠനങ്ങളും സാഹിത്യകൃതികളും ആധുനികീകരിക്കാനും ലോകഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനുമുള്ള നടപടികൾ നടന്നു വരുന്നുണ്ട്. ഇവിടെ അത്തരം ശ്രമം നടക്കുന്നില്ല. മലയാളത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തെക്കുറിച്ച് പഠനങ്ങൾ നടത്തുന്ന ഭാഷാ വിദഗ്ധരെ ഏകോപിപ്പിക്കാനോ കൂട്ടായ പരിശ്രമത്തിലൂടെ ക്ലാസിക്കൽ കാലഘട്ടം മുതൽ ആധുനികീകരണം വരെയുള്ള മലയാളത്തിന്റെ ഘട്ടങ്ങളെ പരിശോധിക്കാനോ ഉള്ള ശ്രമങ്ങളില്ല. വല്ലപ്പോഴും, അക്കാദമികമായി നടക്കുന്ന സെമിനാറുകളിലെ പേപ്പർ പ്രസന്റേഷനുകളിൽ ക്ലാസിക്കൽ ഭാഷയെ കുറിച്ച് പഠിക്കുന്ന വിദഗ്ധരെ വിളിച്ച് അവതരിപ്പിക്കാറുണ്ട് എന്നാണ് അറിയാനായത്. ഇത്തരം പേപ്പർ പ്രസന്റേഷനുകൾക്ക് മറ്റനേകം സ്ഥാപനങ്ങളുണ്ട്, അതിൽ മാത്രം ഒതുങ്ങരുത് പ്രവർത്തനങ്ങൾ. ക്ലാസിക്കൽ ഘട്ടം മുതൽ ആധുനികീകരണം വരെയുള്ള വിഷയങ്ങൾ സമഗ്രമായി പഠനവിധേയമാക്കാൻ ഭാഷാ വിദഗ്ധരുടെ ഏകോപനം അനിവാര്യമാണ്. സെന്ററിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ദീർഘവീക്ഷണത്തോടെയുള്ള കൃത്യമായ നയരേഖ തയ്യാറാക്കണം.

പെരുമുടിയൂർ ഗവ. ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ പട്ടാമ്പി, പാഠശാല സംസ്കൃത ഹൈസ്കൂൾ ചിറ്റൂർ തുടങ്ങിയ കേരളത്തിലെ എത്രയോ സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നില്ല.

സ്ഥാപനത്തിന്റെ പേരിൽ വെബ്സൈറ്റ് തുടങ്ങാൻ പോലും മൈസൂരിൽ നിന്ന് അനുവാദമില്ലെന്നാണ് അറിയാനായത്. പ്രൊജക്റ്റ് ഡയറക്ടറുടെ വ്യക്തിഗത അക്കൗണ്ടിലേക്കാണ് നിലവിൽ മൈസൂരിലെ ശ്രേഷ്ഠഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനങ്ങളുടെ തുക അയക്കുന്നതെന്നും ശ്രേഷ്ഠഭാഷ സെന്ററിന്റെ പേരിൽ ട്രാൻസ്പരന്റ് ആയ അക്കൗണ്ട് തുടങ്ങാൻ അവർ അനുവദിക്കുന്നില്ലെന്നും പ്രോജക്ട് ഡയറക്ടർ സന്ദർശന വേളയിൽ പറഞ്ഞിരുന്നു. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ അത്തരത്തിലല്ല നടക്കേണ്ടത്, കൃത്യമായി ഇത് ഓഡിറ്റ് ചെയ്യപ്പെടണം. അക്കൗണ്ട് തുടങ്ങാൻ സാങ്കേതികമോ അല്ലാത്തതോ ആയ കാരണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ഉടനടി പരിഹരിക്കാൻ സംസ്ഥാന സർക്കാറിന്റെ ഇടപെടലുണ്ടാവണം. ശ്രേഷ്ഠഭാഷാ സെന്റർ പുനഃസംഘടിപ്പിക്കണം. ശ്രേഷ്ഠഭാഷാ സെന്ററിന്റെ കാര്യങ്ങൾ അവലോകനം ചെയ്യാനുള്ള ബോർഡിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതിനിധികൾ ഉണ്ടാവുകയും കൃത്യമായ ഇടപെടലുകൾ ഉണ്ടാവുകയും വേണം.

ഏറ്റവും കുറവ് ഫണ്ട് കിട്ടുന്ന ശ്രേഷ്ഭാഷ

കേന്ദ്ര ബജറ്റിൽ ഏറ്റവും കുറവ് ശ്രേഷ്ഠഭാഷാഫണ്ട് ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. 2023-24 സാമ്പത്തിക വർഷത്തിൽ, കന്നട 154.50, തെലുഗ് 154.50, തമിഴ് 142.00, ഒഡിയ 138.50, മലയാളം 112.50 (ലക്ഷത്തിൽ) എന്നിങ്ങനെയാണ് കേന്ദ്ര വിഹിതത്തിൽ ക്ലാസിക്കൽ ഭാഷകൾക്കായി മാറ്റിവെച്ചിട്ടുള്ളത്. ഏറ്റവും കുറവ് തുക ബഡ്ജറ്റിൽ മാറ്റിവെച്ചിട്ടുള്ളത് മലയാളഭാഷക്കാണ്. 2019-20ൽ ഒന്നും തന്നെ മാറ്റിവെച്ചിട്ടില്ല, 2020-21 ൽ 8.00, 2021-22ൽ 63.97, 2022-23ൽ 186.75 (തുക ലക്ഷത്തിൽ) എന്നിങ്ങനെയാണ് മലയാളത്തിനായി മാറ്റി വെച്ചിട്ടുള്ളത്. നീക്കിവെക്കുന്ന തുക പൂർണ്ണമായും ലഭിക്കാത്ത സാഹചര്യമാണുള്ളത്.

കേന്ദ്ര ബജറ്റിൽ ഏറ്റവും കുറവ് ശ്രേഷ്ഠഭാഷാഫണ്ട് ലഭിക്കുന്ന സംസ്ഥാനം കേരളമാണ്.
കേന്ദ്ര ബജറ്റിൽ ഏറ്റവും കുറവ് ശ്രേഷ്ഠഭാഷാഫണ്ട് ലഭിക്കുന്ന സംസ്ഥാനം കേരളമാണ്.

2023-ൽ ലോക്സഭയിലും രാജ്യസഭയിലും സാംസ്കാരിക വകുപ്പ് മന്ത്രി നൽകിയ മറുപടി അനുസരിച്ച് കേരളത്തിന്റെ ഭാഗത്തുനിന്ന് പ്രൊപ്പോസലുകൾ ലഭിക്കുന്നില്ല എന്നാണ് പറയുന്നത്. സംസ്ഥാന സർക്കാരും ശ്രേഷ്ഠഭാഷാ സെന്ററും ഉടനടി ഇതിൽ പരിഹാരം കണ്ടാൽ മാത്രമാണ് ഫെബ്രുവരിയിൽ വരുന്ന ഇടക്കാല ബഡ്ജറ്റിൽ മലയാളത്തിന് അർഹമായ ഫണ്ട് ലഭിക്കുകയുള്ളൂ. ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോൾ ശ്രേഷ്ഠഭാഷാ സെന്റർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണോ സാംസ്കാരിക വകുപ്പിന്റെ കീഴിലാണോ പ്രവർത്തിക്കുന്നത് എന്നതിൽ ഇനിയും ധാരണ വന്നിട്ടില്ലെന്ന് മനസ്സിലായി. ഇതിൽ സർക്കാർ വ്യക്തത വരുത്തുകയും ക്ലാസിക്കൽ ഭാഷയുമായി ബന്ധപ്പെട്ട ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുകയും വേണം.

സി.ബി.എസ്.ഇയിൽ
എവിടെ മലയാളം?

കേരളത്തിലുണ്ടായ സുപ്രധാനമായ തീരുമാനങ്ങളിൽ ഒന്നാണ് 2017-ൽ നിലവിൽ വന്ന മലയാള പഠനനിയമം. മലയാള പഠനനിയമനുസരിച്ച് കേരളത്തിലെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധമായും പഠിപ്പിക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിലുള്ള എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുണ്ടോ എന്ന് അദ്ധ്യയന വർഷം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ അദ്ധ്യാപകരുടെ പാനൽ പരിശോധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകേണ്ടതാണെന്നും ചട്ടത്തിന്റെ വിജ്ഞാപനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ പാഠപുസ്തകം തയ്യാറാക്കുകയും പഠിപ്പിക്കുകയും വേണമെന്നും പറയുന്നു. സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ അടക്കം കേരളത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത് ബാധകമാണ്. മലയാള ഭാഷാപഠനം ഏർപ്പെടുത്തിയിട്ടില്ലാത്ത സ്കൂളുകളുടെ നിരാക്ഷേപപത്രം റദ്ദാക്കേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു. എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കേണ്ടത്.

പെരുമുടിയൂർ ഗവ. ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ പട്ടാമ്പി, പാഠശാല സംസ്കൃത ഹൈസ്കൂൾ ചിറ്റൂർ തുടങ്ങിയ കേരളത്തിലെ എത്രയോ സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നില്ല.
പെരുമുടിയൂർ ഗവ. ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ പട്ടാമ്പി, പാഠശാല സംസ്കൃത ഹൈസ്കൂൾ ചിറ്റൂർ തുടങ്ങിയ കേരളത്തിലെ എത്രയോ സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നില്ല.

പെരുമുടിയൂർ ഗവ. ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ പട്ടാമ്പി, പാഠശാല സംസ്കൃത ഹൈസ്കൂൾ ചിറ്റൂർ തുടങ്ങിയ കേരളത്തിലെ എത്രയോ സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നില്ല. ബഹുഭൂരിപക്ഷം സി.ബി.എസ്.ഇ സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നില്ല. മലയാളപഠനനിയമം അനുസരിച്ച് എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കേണ്ടത്.

കേരളത്തിന് പുറത്തും വിദേശത്തുമുള്ള വിദ്യാർത്ഥികൾക്കും വ്യക്തികൾക്കും മലയാളം പഠിക്കാനുള്ള സംവിധാനമാണ് മലയാളം മിഷൻ. ഇതിന് വിരുദ്ധമായി മലയാളം മിഷന്റെ നേതൃത്വത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ സ്കൂളുകൾ തുടങ്ങിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലൈസൻസ് റദ്ദാക്കപ്പെടാതിരിക്കാനായി മലയാളം മിഷന്റെ നേതൃത്വത്തിൽ ചെറിയ കാലയളവിലേക്കുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ കുറച്ച് മാസങ്ങളായി പഠിപ്പിച്ചുവരുന്നത് മലയാളപഠന നിയമത്തിന് എതിരാണ്. ഈ നാട്ടിലെ ഒരു വിദ്യാഭ്യാസ ഘടനയെ ചോദ്യം ചെയ്യുന്ന രീതിയിലാണ്, അതിന് തതുല്യമായി മലയാളം മിഷൻ ഇത്തരം ‘അതിസാഹസിക’ പ്രവർത്തനം നടത്തുന്നത്. സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾ പത്താം ക്ലാസ് വരെ പഠിക്കുന്നതും ഈ ചെറിയ കോഴ്സും തുല്യമായി പരിഗണിക്കപ്പെടുന്നതിൽ എന്തു യുക്തിയാണ് ഉള്ളത്? പി.എസ്.സി അടക്കമുള്ള മത്സരപരീക്ഷകളിൽ ഇത്തരം സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ആനുകൂല്യം ലഭിക്കുന്നത് ശരിയാണോ? ഒപ്പം, സംസ്ഥാനത്തിലെ ഓരോ വിദ്യാർത്ഥിക്കും മാതൃഭാഷ പഠിക്കാനുള്ള അവകാശമുണ്ട്. മലയാളം മിഷൻ നൽകുന്ന മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുന്നതിന് ഫീസ് വാങ്ങിക്കുന്നത് ഒരു പുരോഗമന സമൂഹത്തിലെ മാതൃഭാഷാനയത്തിന് വിരുദ്ധമാണ്. ഇതിൽ നിന്ന് മലയാളം മിഷൻ പിന്മാറുകയും, കൃത്യമായ ഘടനയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ നടക്കുന്നതുപോലെ കൃത്യമായ ഭാഷാ പഠനം നടത്തുകയും വേണം. അല്ലാത്തപക്ഷം മലയാള പഠനനിയമത്തിൽ പറയുന്നതുപോലെ ഇതിന് തയ്യാറാകാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണം.

പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം ഗ്രാമക്കോടതി ഒഴികെയുള്ള കോടതികൾ ഇംഗ്ലീഷിലാണ് പ്രവർത്തിക്കുന്നത്.

കാലിക്കറ്റിൽ പരീക്ഷ
ഇംഗ്ലീഷിൽ മാത്രം

കാലിക്കറ്റ് സർവകലാശാലയിലെ ബികോം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ അക്കാദമിക വർഷം വരെ മലയാളത്തിൽ പരീക്ഷ എഴുതാൻ അവസരമുണ്ടായിരുന്നു. മലയാളത്തിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ അതിനനുവദിക്കാതെ, കാലിക്കറ്റ് സർവകലാശാല പരീക്ഷ ഇംഗ്ലീഷിൽ മാത്രം എഴുതണമെന്നു പറഞ്ഞ് ഇറക്കിയ വിജ്ഞാപനം പിൻവലിക്കണം. മലയാളത്തിൽ പരീക്ഷ എഴുതിക്കൊണ്ടിരുന്ന കുട്ടികളുടെ പേപ്പറുകൾ സ്പെഷ്യൽ കേസായി പരിഗണിക്കുമെന്നും അധ്യാപകർക്ക് മലയാളത്തിലുള്ള മൂല്യനിർണയം സങ്കീർണ്ണമാണെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. മലയാളത്തിൽ പരീക്ഷ എഴുതാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ഇംഗ്ലീഷിൽ എഴുതാൻ നിർബന്ധിക്കുന്നത് അവരുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണ്. സർവകലാശാല ഇതിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട്, വിദ്യാർഥി മലയാളവേദി നിരന്തരം ഈ വിഷയത്തിൽ ഇടപെടുന്നുണ്ട്.

കഴിഞ്ഞ ആഗസ്റ്റ് 17ന് ചേർന്ന സർവകലാശാല അക്കാദമിക് കൗൺസിൽ, മെയിൽ നൽകിയ കത്തിന് കഴിഞ്ഞദിവസം നൽകിയ മറുപടി അനുസരിച്ച്, ബികോം പ്രോഗ്രാമിന് കീഴിലുള്ള കോഴ്സുകൾക്ക് സ്റ്റഡി മെറ്റീരിയലുകൾ വികസിപ്പിക്കേണ്ടതുണ്ടെന്നും ബി-കോം പഠിപ്പിക്കുന്നതിനും പരീക്ഷ നടത്തുന്നതിനും നിലവിലെ രീതിയായ ഇംഗ്ലീഷ് തുടരുമെന്നും, ഭാവിയിൽ മതിയായ സ്റ്റഡി മെറ്റീരിയലുകൾ വികസിപ്പിക്കുന്ന മുറയ്ക്ക് ബികോം പഠിപ്പിക്കുന്നതും പരീക്ഷ എഴുതുന്നതും മലയാളത്തിൽ പരിഗണിക്കാവുന്നതാണെന്നും അറിയിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ ബികോം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ അക്കാദമിക വർഷം വരെ മലയാളത്തിൽ പരീക്ഷ എഴുതാൻ അവസരമുണ്ടായിരുന്നു.
കാലിക്കറ്റ് സർവകലാശാലയിലെ ബികോം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ അക്കാദമിക വർഷം വരെ മലയാളത്തിൽ പരീക്ഷ എഴുതാൻ അവസരമുണ്ടായിരുന്നു.

ഉത്തരവാദിത്തപ്പെട്ട സർവകലാശാല ഇത്തരം നടപടി സ്വീകരിക്കുന്നത് ശരിയല്ല. പൂർണ്ണമായും ഒരു കോഴ്സിൽ പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കുമ്പോൾ, എങ്ങനെയാണ് സ്റ്റഡി മെറ്റീരിയലുകൾ മലയാളത്തിൽ രൂപപ്പെട്ടുവരുക? ആരാണ് സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുക? സർവകലാശാല ഈ വിഷയത്തിൽ എന്തൊക്കെ നടപടി സ്വീകരിക്കും? ഇത്രയും വർഷം മലയാളത്തിൽ പരീക്ഷയെഴുതിയ കുട്ടികൾ എങ്ങനെയാണ് പഠിച്ചത്? അവരെ സഹായിക്കാനായി സർവകലാശാല എന്തു നടപടി സ്വീകരിച്ചു? ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർവകലാശാല ബാധ്യസ്ഥമാണ്. യു ജി സി പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ വിദ്യാർഥികൾക്ക് അവരുടെ പ്രാദേശിക ഭാഷയിൽ പരീക്ഷകൾ എഴുതാമെന്ന് പറയുന്നുണ്ട്.

മലയാളം സ്കോളർഷിപ്പിന് കാശില്ല

സംസ്ഥാനത്തെ സ്കൂളുകളിൽ മലയാള പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പത്താംതരത്തിൽ മലയാളത്തിന് മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾ തുടർന്നുള്ള രണ്ട് വർഷക്കാലം മലയാളം ഒരു വിഷയമായി പഠിക്കുന്നപക്ഷം, ഓരോ സ്കൂളിലും മലയാളം പഠിക്കുന്ന അഞ്ച് ശതമാനം കുട്ടികൾക്ക് സർക്കാർ അതതുസമയം നിശ്ചയിക്കുന്ന നിരക്കുകളിൽ ഒരു തുക സ്കോളർഷിപ്പ് നൽകേണ്ടതുമാണെന്ന മലയാള പഠന നിയമത്തിന്റെ ഭാഗമായുള്ള ചട്ടം ഇതുവരെ സർക്കാർ പാലിച്ചിട്ടില്ല. ഇത് നിലവിൽ വന്നത് മുതൽ ഇതുവരെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചിട്ടില്ല. ഐക്യ മലയാള പ്രസ്ഥാനം ഈ വിഷയത്തിൽ ഇടപെടലുകൾ നടത്തിവരുന്നുണ്ട്.

1973-ലെ GO. (Ms.) No. 77/73/Home പ്രകാരം കീഴ്ക്കോടതികളുടെ നടപടിക്രമങ്ങളും വിധിന്യായങ്ങളും മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കാൻ ആവശ്യപ്പെടുന്നുണ്ട്. ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ, മലയാളത്തിലാവണം കീഴ്കോടതികൾ പ്രവർത്തിക്കേണ്ടതെന്ന് നിർദ്ദേശിച്ചിരുന്നു.

നിയമസഭാ സമ്മേളനത്തിന് മുമ്പായി സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ, സർക്കാറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഈ സ്കോളർഷിപ്പ് ഭേദഗതിയിലൂടെ റദ്ദാക്കാനുള്ള ആലോചനകൾ നടക്കുന്നതായി പറഞ്ഞിരുന്നു. ഇതിന്റെ രേഖാമൂലമുള്ള മറുപടി വൈകാതെ നൽകാമെന്നും അറിയിച്ചിട്ടുണ്ട്. അങ്ങനെയൊരു ചർച്ച നടക്കുന്നുണ്ടെങ്കിൽ അത്, സംസ്ഥാനത്തെ മലയാളം പഠിക്കുന്ന വിദ്യാർത്ഥികളോട് കാണിക്കുന്ന അനീതിയാണ്. അനാവശ്യമായ ചെലവുകൾക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലെങ്കിലും ഭാഷാപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാർഥികൾക്ക് ഒരു ചെറിയ തുക സ്കോളർഷിപ്പായി നൽകാൻ സർക്കാറിന് കാശില്ലെന്നു പറയുന്നത് എന്തൊരു അപഹാസ്യമായ മറുപടിയാണ്.

2018 മുതൽ ഈ നിമിഷം വരെ ഒരു തുകയും അനുവദിച്ചിട്ടില്ല. അതിനുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാതെ, എങ്ങനെയാണ് ഇത്തരത്തിൽ മറുപടി നൽകുന്നതെന്നു മനസ്സിലാകുന്നില്ല. സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് പിൻവലിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറുകയും 2018 മുതൽ നൽകാനുള്ള സ്കോളർഷിപ്പ് തുക ഉടനടി അനുവദിക്കുകയും ചെയ്യണം.

കോടതിയുടെ ഭാഷയോ?

563 കീഴ്ക്കോടതികളാണ് കേരളത്തിലുള്ളത്. 30 ഗ്രാമീണ കോടതികൾ പ്രവർത്തിക്കുന്നു. ഗ്രാമീണ കോടതികളെ സംബന്ധിച്ച 2008-ലെ ഗ്രാമ ന്യായാലയ നിയമത്തിന്റെ 29-ാം വകുപ്പിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായിരിക്കണം ഗ്രാമീണ കോടതികളുടെ ഭാഷയെന്നും ഇംഗ്ലീഷ് അല്ലാത്ത ഭാഷയാവണമെന്നും പറഞ്ഞിട്ടുണ്ടെങ്കിലും പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം ഗ്രാമക്കോടതി ഒഴികെയുള്ള കോടതികൾ അതിനു വിരുദ്ധമായി ഇംഗ്ലീഷിലാണ് പ്രവർത്തിക്കുന്നത്. 1973-ലെ GO. (Ms.) No. 77/73/Home പ്രകാരം കീഴ്ക്കോടതികളുടെ നടപടിക്രമങ്ങളും വിധിന്യായങ്ങളും മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കാൻ ആവശ്യപ്പെടുന്നുണ്ട്. ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ, മലയാളത്തിലാവണം കീഴ്കോടതികൾ പ്രവർത്തിക്കേണ്ടതെന്ന് നിർദ്ദേശിച്ചിരുന്നു. ഈ റിപ്പോർട്ട് നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം. ഭരണഘടനയുടെ ആർട്ടിക്കിൾ 348 (1) പ്രകാരം സുപ്രീംകോടതിയിലും ഹൈക്കോടതികളിലും നടപടിഭാഷ ഇംഗ്ലീഷ് ആയിരിക്കുമെന്നാണ് പറയുന്നത്. ഇതിൽ മറ്റു കോടതികളുടെ കാര്യം പരാമർശിക്കാത്തതിനാൽ തന്നെ കീഴ് കോടതികളിലടക്കം ഇംഗ്ലീഷ് മാത്രമേ ഉപയോഗിക്കൂവെന്ന പിടിവാശി അവസാനിപ്പിക്കണം.

ഭരണഘടനയുടെ ആർട്ടിക്കിൾ 348 (1) പ്രകാരം സുപ്രീംകോടതിയിലും ഹൈക്കോടതികളിലും നടപടിഭാഷ ഇംഗ്ലീഷ് ആയിരിക്കുമെന്നാണ് പറയുന്നത്. ഇതിൽ മറ്റു കോടതികളുടെ കാര്യം പരാമർശിക്കാത്തതിനാൽ തന്നെ കീഴ് കോടതികളിലടക്കം ഇംഗ്ലീഷ് മാത്രമേ ഉപയോഗിക്കൂവെന്ന പിടിവാശി അവസാനിപ്പിക്കണം.
ഭരണഘടനയുടെ ആർട്ടിക്കിൾ 348 (1) പ്രകാരം സുപ്രീംകോടതിയിലും ഹൈക്കോടതികളിലും നടപടിഭാഷ ഇംഗ്ലീഷ് ആയിരിക്കുമെന്നാണ് പറയുന്നത്. ഇതിൽ മറ്റു കോടതികളുടെ കാര്യം പരാമർശിക്കാത്തതിനാൽ തന്നെ കീഴ് കോടതികളിലടക്കം ഇംഗ്ലീഷ് മാത്രമേ ഉപയോഗിക്കൂവെന്ന പിടിവാശി അവസാനിപ്പിക്കണം.

കോടതിയെ സമീപിക്കുന്ന ഓരോ വ്യക്തികൾക്കും വിചാരണ നേരിടുന്നവർക്കും തങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ തങ്ങളുടെ ഭാഷയിൽ അറിയാനുള്ള ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ട്. അവിടെ ഇംഗ്ലീഷ് അറിയാത്തതിനാൽ കാഴ്ചക്കാരായി നിൽക്കേണ്ട അവസ്ഥ അവർക്കുണ്ടാവരുത്. സുപ്രീംകോടതിയടക്കം വിധിന്യായങ്ങൾ മറ്റ് ഇന്ത്യൻ ഭാഷകളിൽ നൽകി തുടങ്ങിയിട്ടുണ്ട്. ബാങ്കുകളടക്കം ജനങ്ങൾ നിരന്തരം ഇടപെടുന്ന എല്ലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും ഫോമുകളും നിർദ്ദേശങ്ങളും ലഭ്യമാക്കണം. അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയാത്തതുകൊണ്ട് പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുന്നതാണ് കണ്ടുവരുന്നത്, അത് ശരിയായ പ്രവണതയല്ല. ജനങ്ങളുമായി വളരെ അടുത്തുനിൽക്കുന്ന കെഎസ്ഇബി ബില്ലുകൾ അടുത്തിടെ മലയാളത്തിൽ നൽകി തുടങ്ങിയത് വളരെ ആവേശത്തോടെ കൂടിയാണ് ജനങ്ങൾ സ്വീകരിച്ചത്. മാവേലി സ്റ്റോറുകൾ അടക്കമുള്ള എല്ലായിടങ്ങളിലും മലയാളഭാഷയിലും അവ ലഭ്യമാകാനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണം.

കടകളുടെ ബോർഡ്?

ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന വിഷയമാണ് കടകളുടെ ബോർഡുകളിൽ പേര്, സ്ഥലനാമം എന്നിവ മലയാളത്തിലും വേണമെന്ന് നിർദേശിക്കുന്ന സർക്കാർ വിജ്ഞാപനം. പുതിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കാനും പുതുക്കാനും ഇത് ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനായി സമീപിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് ഇതിനെക്കുറിച്ച് ധാരണയില്ല. തങ്ങൾക്ക് ഇതേക്കുറിച്ചറിയില്ലെന്നും, അടുത്തുള്ള പഞ്ചായത്തിലോ കോർപ്പറേഷനിലോ അന്വേഷിക്കണമെന്നും ഇത് പുറത്തിറക്കിയ ഡിപ്പാർട്ട്മെന്റ് തന്നെ പറയുന്നു. സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും കൃത്യമായി ഉദ്യോഗസ്ഥർക്ക് പറഞ്ഞുകൊടുക്കാൻ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിക്കണം. അല്ലെങ്കിൽ സർക്കാർ ഒരു ഉത്തരവിറക്കും, ഉദ്യോഗസ്ഥൻ അത് അറിയാതെ മറ്റെന്തെങ്കിലും ചെയ്യും..

കുറച്ച് ഉദാഹരണങ്ങൾ പറഞ്ഞുവെന്ന് മാത്രം. മലയാളദിനം ആഘോഷിക്കുമ്പോൾ ആത്മപരിശോധന ആവശ്യമാണ്. ജനങ്ങളുടെ ഭാഷയിൽ ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ ഓരോ കാര്യങ്ങളും ലഭ്യമാവണം. അതുറപ്പ് വരുത്താൻ സർക്കാർ ബാധ്യസ്ഥമാണെന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ.

Comments