ശ്രീനാരായണഗുരുവിന്റെ 171-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ശ്രീനാരായണ ധർമ്മ പരിപാലനയോഗം ജനറൽ സെക്രട്ടറിയുടെ വിഷലിപ്തമായ വർഗ്ഗീയ പരാമർശങ്ങൾ ശ്രീനാരായണ ദർശനങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കേണ്ടതുണ്ട്. 2025 ഏപ്രിൽ 6 ന് വെള്ളാപ്പള്ളി നടേശൻ, നിലമ്പൂരിൽ നടത്തിയ പ്രസംഗത്തിൽ മലപ്പുറം ജില്ലയെ ഒന്നടങ്കം ആക്ഷേപിക്കുകയുണ്ടായി.
''നിങ്ങൾ ഒരു പ്രത്യേക രാജ്യത്തിനിടയിൽ ഭയന്നുജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി അഭിപ്രായം പറയാൻ പോലുമാകില്ല’’.
മലപ്പുറം ജില്ലയിലെ മുസ്ലീം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗ്ഗീയ പ്രസംഗത്തിൽ ഒരു പോലീസ് കേസു പോലും എടുത്തില്ല. മാത്രമല്ല, വെള്ളാപ്പള്ളി നടേശൻ മുസ്ലീം ലീഗിനെ ഉദ്ദേശിച്ചാണ് പ്രസംഗിച്ചതെന്ന ന്യായീകരണം ചമയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ലഭിക്കുക കൂടി ചെയ്തതോടെ മുസ്ലിം സമുദായത്തെ കടന്നാക്രമിച്ച് വർഗ്ഗീയവാദികളുടെ സ്നേഹഭാജനമായി വെള്ളാപ്പള്ളി നടേശൻ മാറി.
ഇതാദ്യമായല്ല വെള്ളാപ്പള്ളി വിദ്വേഷവിഷം ചീറ്റുന്നത്. 2015- ൽ മാൻഹോളിൽ വീണ അന്തർ സംസ്ഥാന തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കാനും നഷ്ടപരിഹാരത്തുക നൽകാനും സർക്കാർ തീരുമാനിച്ച സന്ദർഭത്തിൽ വെള്ളാപ്പള്ളി അറപ്പുളവാക്കും വിധം വർഗ്ഗീയ പ്രയോഗം നടത്തുകയുണ്ടായി. നൗഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും ഭാര്യയ്ക്ക് ജോലി നൽകാനും സർക്കാർ തീരുമാനിച്ചതിനുകാരണം മുസ്ലീം ആയതാണെന്നും ഒരു മുസ്ലീം ആയി മരിക്കാൻ താൻകൊതിയ്ക്കുകയാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. വെള്ളാപ്പള്ളിയ്ക്കെതിരെ കേരളത്തിന്റെ പുരോഗമന മനസ്സ് വലിയ പ്രതിഷേധം ഉയർത്തിയപ്പോൾ, വിദ്വേഷ പരാമർശത്തിനെതിരെ യു.ഡി.എഫ് സർക്കാർ പേരിനൊരു കേസെടുത്ത് ജനരോഷത്തെ തണുപ്പിക്കുകയാണുണ്ടായത്. ഇന്ന് വെള്ളാപ്പള്ളിയെ പ്രകീർത്തിക്കുന്ന പിണറായി വിജയൻ അന്ന് പ്രതിപക്ഷത്തായിരുന്നു. എസ്.എൻ.ഡി.പി, ബി.ഡി.ജെ.എസ് രൂപീകരിക്കുന്ന ഘട്ടത്തിലും ആയിരുന്നു. ബി. ഡി.ജെ.എസിന്റെ കടന്നുവരവ് തങ്ങൾക്ക് ഭീഷണിയാണെന്ന് സി.പി.എം കരുതിയിരുന്ന കാലമായതിനാൽ പിണറായി വിജയൻ വെള്ളാപ്പള്ളിയ്ക്കെതിരെ ഉറഞ്ഞുതുള്ളി:
"എല്ലാ വർഗീയ ഭ്രാന്തന്മാരെയും തോൽപിക്കുന്ന തരത്തിലാണ് വെള്ളാപ്പള്ളി നടേശൻ നൗഷാദിന്റെ ജീവത്യാഗത്തെ അപഹസിക്കാൻ തയ്യാറായത്. വർഗീയതയുടെ ഏറ്റവും പ്രകടമായ രൂപമാണിത്. വെള്ളാപ്പള്ളിയുടെ സ്വരം എപ്പോഴും വർഗീയതയുടെ ഭാഗമായാണ് ഉയരുന്നത്. ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കുമെതിരെ അങ്ങേയറ്റം മോശപ്പെട്ട ഭാഷയാണ് വെള്ളാപ്പള്ളി ഉപയോഗിക്കുന്നത്."

എന്നാൽ, ഒരേസമയം സി.പി.എമ്മിനോടും ബി.ജെ.പിയോടും പ്രതിപത്തി പുലർത്തുന്ന വെള്ളാപ്പള്ളിയെപ്പറ്റി ഇപ്പോൾ പിണറായി വിജയൻ പറയുന്നതെന്താണ്?
വെള്ളപ്പള്ളി നടേശനെ ആദരിച്ചുകൊണ്ട് 2025 ഏപ്രിൽ 12 ന് ചേർത്തലയിൽ നടത്തിയ പ്രസംഗത്തിൽ പിണറായി ഇങ്ങനെ പറഞ്ഞു:
"ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വിജയിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എല്ലാ ഘട്ടത്തിലും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച സാമുദായിക നേതാവാണ്."
സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരത്ത് വെള്ളാപ്പള്ളിയെ ആദരിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ പിണറായി ഇങ്ങനെ പറഞ്ഞു:
"എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിൽ മുപ്പത് വർഷം പൂർത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. ഒരു പ്രസ്ഥാനത്തെ നിരന്തരമായി മുന്നോട്ടുനയിക്കാനും, അതിന്റെ ലക്ഷ്യങ്ങൾ നേടാനും, പുതിയ തലമുറയ്ക്ക് വഴികാട്ടാനും ഒരു നേതാവിന് എത്രത്തോളം ദൃഢനിശ്ചയം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി കാണിച്ചുതരുന്നുണ്ട്."
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രാവർത്തികമാക്കിയ നേതാവാണ് വെള്ളാപ്പള്ളി നടേശൻ എന്ന് ഒരുളുപ്പുമില്ലാതെ പിണറായി വിജയൻ പറയുന്നു. ഇത്തരം അപദാനങ്ങളുടെ ലക്ഷ്യം ഈഴവവോട്ടുകൾ മാത്രമാണ്.
ശ്രീനാരായണ ദർശനങ്ങളുടെ അന്തഃസത്തയെപ്പറ്റി അവബോധം ഇല്ലാത്തതിനാലല്ല, പിണറായി വിജയൻ നാടുനീളെ നടന്ന് വെള്ളാപ്പള്ളിയെ പുകഴ്ത്തുന്നത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രാവർത്തികമാക്കിയ നേതാവാണ് വെള്ളാപ്പള്ളി നടേശൻ എന്ന് ഒരുളുപ്പുമില്ലാതെ പിണറായി വിജയൻ പറയുന്നു. ഇത്തരം അപദാനങ്ങളുടെ ലക്ഷ്യം ഈഴവവോട്ടുകൾ മാത്രമാണ്.
‘‘ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടില്ല. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞത്. അത് ജാതി പറയരുതെന്ന രീതിയിൽ ചിലർ വ്യാഖ്യാനിക്കുകയായിരുന്നു’’- 2021 ആഗസ്റ്റ് 23 ന് വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനയാണിത്. എന്നാൽ, ‘ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്’ എന്ന മഹത്തായ സന്ദേശമാണ് ശ്രീനാരായണഗുരു നൽകിയത്. ശ്രീനാരായണഗുരുവിന്റെ ജാതിവിരുദ്ധ നിലപാടിനെ തള്ളിക്കളയുന്ന വെള്ളാപ്പള്ളി നടേശനും വെള്ളാപ്പള്ളിയെ ഗുരുവിന്റെ സന്ദേശവാഹകനായി പ്രകീർത്തിക്കുന്ന പിണറായി വിജയനും ഒരേ കാര്യമാണ് ചെയ്യുന്നത്; ഗുരുനിന്ദ.
ഇടതുപക്ഷമെന്ന പേരിൽ അറിയപ്പെടുന്ന സി.പി. എം വോട്ടിനുവേണ്ടി കേരളത്തിന്റെ പുരോഗമന പാരമ്പര്യങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുകയാണ് ചെയ്യുന്നത്.

ഗുരുവിന്റെ ജാതി
‘‘നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേകവർഗ്ഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യ വർഗ്ഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു’’.
1916- ൽ പ്രബുദ്ധ കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയ ശ്രീനാരായണഗുരുവിന്റെ വിഖ്യാതമായ ജാതി-മതമില്ലാ വിളംബരമാണിത്. ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജന്മദിനാഘോഷങ്ങൾ നടക്കുന്ന ഈ സന്ദർഭത്തിൽ, ശ്രീനാരായണ ദർശനങ്ങൾ ജീവിതത്തിൽ സ്വാംശീകരിക്കുവാനുള്ള പരിശ്രമങ്ങൾ അദ്ദേഹത്തിന്റെ അനുയായികൾ എന്നവകാശപ്പെടുന്നവരിൽ നിന്നെങ്കിലും ഉണ്ടാകുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. 2002- ൽ സുകുമാർ അഴിക്കോട് 'ഗുരുവിന്റെ മനസ്സറിയാത്ത ശിഷ്യർ' എന്നൊരു ലേഖനം എഴുതി. അതിൽ ശ്രീനാരായണ ദർശനത്തെ മനസ്സിലാക്കുന്നതിൽ അനുയായികൾ വരുത്തിയിട്ടുള്ള ഗുരുതര വീഴ്ചകളെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു:
"ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാൻ പണം മതി. നല്ല പണം പോലും വേണ്ട; കള്ളപ്പണം കൊണ്ടും പ്രതിമ തീർക്കാം. പക്ഷേ പ്രതിമ, ഗുരുധർമത്തിന്റെ പ്രബോധനം നടത്താൻ ശക്തമല്ല. കാലം കഴിയുന്തോറും പ്രതിമയുടെ കോലം കണ്ടാലറിയാത്തവിധം മലിനീഭവിച്ചുപോകും. നാരായണാദർശങ്ങൾ മാനവഹൃദയങ്ങളിലാണ് വിരിയേണ്ടത്. വഴിയോരങ്ങളിൽ വൻകാശ് ഇറക്കി കൂറ്റൻ പ്രതിമകൾ ഉണ്ടാക്കുക താരതമ്യേന എളുപ്പമാണ്. ഹൃദയത്തിൽ അവ വളർത്തിയെടുക്കുക എളുപ്പമല്ല. ഗുരുഭക്തന്മാർ എളുപ്പപ്പണി ചെയ്‌തുകൊണ്ടേയിരിക്കുന്നു".
ഒരാളെ ദൈവമാക്കിയാൽ അദ്ദേഹത്തെ ദൂരെ നിന്ന് ആരാധിക്കുക എന്ന ഒരേയൊരു പ്രവൃത്തി ചെയ്താൽ മതിയെന്ന എളുപ്പമുണ്ട്. എന്നാൽ, സ്ഥല-കാല ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിയുടെ മൂല്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് ഉത്തരവാദിത്വഭാരം കൂടുതലാകും
സുകുമാർ അഴീക്കോട് പറഞ്ഞതിന്റെ പൊരുളറിയുന്നവരും അറിയാത്തവരും ഗുരുവിന്റെ പ്രതിമകൾ സ്ഥാപിച്ച്, പൂജകൾ ചെയ്ത് അദ്ദേഹത്തിന്റെ യഥാർത്ഥ മൂല്യത്തെ കെടുത്തിക്കളയുന്നതിൽ മത്സരിക്കുകയാണ്. ഒരാളെ ദൈവമാക്കിയാൽ അദ്ദേഹത്തെ ദൂരെ നിന്ന് ആരാധിക്കുക എന്ന ഒരേയൊരു പ്രവൃത്തി ചെയ്താൽ മതിയെന്ന എളുപ്പമുണ്ട്. എന്നാൽ, സ്ഥല-കാല ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിയുടെ മൂല്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് ഉത്തരവാദിത്വഭാരം കൂടുതലാകും. നവോത്ഥാന പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന വ്യക്തിമൂല്യങ്ങളെ സ്വജീവിതത്തിൽ സ്വാംശീകരിക്കുകയും സമകാലിക സാഹചര്യത്തിൽ പ്രയോഗിക്കുകയും ചെയ്യുകയെന്ന കടമയാണത്. അത് അനീതിയോടും അസത്യത്തോടും സന്ധി ചെയ്യാനാവാത്ത കഠിനതരമായ ജീവിതസമരമാണ്. ശ്രീനാരായണഗുരുവിന്റെ ശിഷ്യർ ആ സമരം കൈവെടിഞ്ഞുവെന്നതിന്റെ തെളിവാണ് ഗുരുവിന്റെ പേരിൽ നടത്തപ്പെടുന്ന ആരാധനകളും ഭക്തിനിർഭരമായ ചടങ്ങുകളും.
ശ്രീനാരയണഗുരു 1903- ൽ സ്ഥാപിച്ച എസ്. എൻ.ഡി.പി എന്ന മഹത്തായ പ്രസ്ഥാനത്തെ, അതിന്റെ മഹിമകളെല്ലാം തല്ലിക്കെടുത്തി, സ്വാർത്ഥലാഭത്തിനു വേണ്ടി ഉപയോഗിക്കുന്ന നേതൃത്വമാണ് ഇന്ന് അതിന്റെ തലപ്പത്തുള്ളത്. രാഷ്ട്രീയ പാർട്ടികളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി, വോട്ട് കച്ചവടത്തിന്റെ കുത്തക ഏറ്റെടുക്കുകയാണ് എസ്.എൻ.ഡി.പി നേതൃത്വം. രാഷ്ട്രീയാധികാരം ലഭിച്ചാലാണ് സാമൂഹ്യനീതി ഉറപ്പാക്കാനാവൂ എന്ന പല്ലവി പാടിയാണ് സമുദായാംഗങ്ങളെ നേതൃത്വം വോട്ട് ബാങ്കായി മാറ്റാൻ ശ്രമിക്കുന്നത്. എന്നാൽ, എസ്.എൻ.ഡി.പിയ്ക്ക് ലഭിക്കുന്ന അധികാരവും ആനുകൂല്യങ്ങളും ഈഴവ സമുദായത്തിലെ അതിസമ്പന്നർക്കാണ് നേട്ടമായി ഭവിക്കുന്നതെന്നും സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സാരമായ മാറ്റമൊന്നും വരുന്നില്ലെന്നതുമാണ് കണ്ടുവരുന്നത്. എല്ലാ സമുദായത്തിലുമുള്ള അവസ്ഥയാണിത്.

വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളാവട്ടെ, സമുദായ നേതൃത്വത്തെ കൂടെ നിർത്തുന്നതിനുവേണ്ടി, ജുഗുപ്സാവഹമായ പ്രീണനനയം അനുവർത്തിക്കുകയും ചെയ്യുന്നു.
'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ആദർശവാക്യത്തിൽ കേരള നവോത്ഥാന പ്രസ്ഥാനത്തിന്റെ അന്ത:സത്ത ദർശിക്കാനാകും. ജനാധിപത്യമൂല്യസങ്കൽപ്പങ്ങളെ കേരളീയ പൊതുസമൂഹത്തിൽ പ്രതിഷ്ഠിക്കുന്നതിൽ ശ്രീനാരായണഗുരു വഹിച്ച പങ്ക് വളരെ വലുതായിരുന്നു. എല്ലാ മനുഷ്യരെയും തുല്യനിലയിൽ കണ്ടുകൊണ്ട് ചാതുർവർണ്ണ്യ വ്യവസ്ഥിതിക്കെതിരായ പോരാട്ടത്തിനാണ് ഗുരു നേതൃത്വം നൽകിയത്.
''മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന്ന് യാതൊരു ദോഷവുമില്ല’’- ജാതിയ്ക്കും മതത്തിനും അതീതമായി മനുഷ്യനെ മനുഷ്യനായി മാത്രം കണ്ട ശ്രീനാരായണ ഗുരുവിന് ജാതിയെപ്പറ്റി ഉണ്ടായിരുന്ന ധാരണ നോക്കുക.
ജാതിലക്ഷണം എന്ന കൃതിയിൽ ഗുരു എഴുതുന്നു:
"പുണർന്നു പെറുമെല്ലാമൊരിനമാം
പുണരാത്തതു ഇനമല്ലിനമാമിങ്ങോരിണയാർന്നൊത്തു
കാൺമതും
ഓരോ ഇനത്തിനും മെയ്യുമോരോമാതിരിയൊച്ചയും മണവും ചുവയും ചൂടും തണുവും നോക്കുമോർക്കണം.
തുടർന്നോരോന്നിലും
വേവ്വേറടയാളമിരിക്കയാൽ
അറിഞ്ഞീടുന്നു വെവ്വേറെ
പിരിച്ചോരോന്നുമിങ്ങു നാം’’.
സ്പീഷീസ് എന്ന് ആധുനിക ശാസ്ത്രം പ്രയോഗിക്കുന്ന ജീവജാതികളുടെ വിഭാഗം എന്ന അർത്ഥത്തിലാണ് ഗുരു ജാതിയെപ്പറ്റി പറയുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഗുരു, മനുഷ്യരെ മനസ്സിലാക്കുവാൻ സയൻസിനെ പ്രമാണമാക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്.
1917- ൽ ഗുരു വിഖ്യാതമായ മറ്റൊരു സന്ദേശം പുറപ്പെടുവിച്ചു:
"ഇനി ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തിൽ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം പണിയാൻ പണം ചെലവിട്ടത് ദുർവ്യയമായി എന്നു ദുഃഖിക്കാനിടയുണ്ട്. നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രങ്ങൾ വെച്ചുകൊള്ളട്ടെ. ശുചിയും മറ്റും ഉണ്ടാക്കുവാൻ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചു ചേർക്കുവാൻ ക്ഷേത്രങ്ങൾ വഴി കഴിയുമെന്ന് കരുതിയിരുന്നു. അനുഭവം മറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കണം. അവർക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്’’.
ജാതിഭേദം കൂടാതെ ജനങ്ങളെ ഒന്നിച്ചു ചേർക്കുവാൻ ക്ഷേത്രങ്ങൾക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് ശ്രീനാരായണഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചത്. 1888- ൽ അരുവിപ്പുറം പ്രതിഷ്ഠയുടെ കൂടെ സ്ഥാപിച്ച ബോർഡിൽ എഴുതിവച്ച വാചകങ്ങളിൽ മാതൃകയാക്കാവുന്ന സ്ഥലങ്ങൾ എപ്രകാരമായിരിക്കണം എന്ന് വ്യക്തമാക്കുന്നു. "ജാതിഭേദം മതദ്വേഷം,
ഏതുമില്ലാതെ സർവരും,
സോദരത്വേന വാഴുന്ന,
മാതൃകാസ്ഥാനമാണിത്"
ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനിടയിൽ, തന്റെ പ്രവൃത്തിയ്ക്ക് വിപരീതഫലമുണ്ടാകുന്നു എന്നത് ഗുരു തിരിച്ചറിയുന്നു. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പുലയർ തുടങ്ങിയ ജാതി വിഭാഗങ്ങൾക്ക് ഈഴവർ പ്രവേശനം തടയുന്ന സംഭവം ഗുരുവിനെ വിഷമിപ്പിക്കുന്നുണ്ട്. ക്ഷേത്രങ്ങൾ ജാതിവ്യത്യാസത്തെ വർദ്ധിപ്പിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ‘ഇനി ക്ഷേത്രങ്ങൾ വേണ്ട’ എന്ന തീരുമാനത്തിൽ ഗുരു എത്തിച്ചേരുന്നത്.
എന്നാൽ, കാലാന്തരത്തിൽ ഗുരുവിന്റെ പ്രതിമകൾ നിർമ്മിക്കപ്പെടുന്നത് അദ്ദേഹത്തിന് തന്നെ സാക്ഷ്യം വഹിക്കേണ്ടിവന്നു. ഗുരുപ്രതിമകളെ മുൻനിർത്തി ഗുരുമന്ദിരങ്ങളും തുടർന്ന് മന്ദിരത്തിന് മാറ്റ് പോരെന്ന് തോന്നിയ എസ്.എൻ.ഡി.പി നേതൃത്വം ഗുരുമന്ദിരങ്ങളെ ഗുരുദേവക്ഷേത്രങ്ങളായി പുനർനാമകരണം ചെയ്ത് കടുത്ത ക്ഷേത്രാരാധനകളിലൂടെ ഗുരുനിന്ദ യഥേഷ്ടം തുടരുകയും ചെയ്തുവരുന്നു.
വർഗ്ഗീയ പരാമർശങ്ങൾ നടത്തി ജനൈക്യത്തെ തകർക്കുവാനുള്ള വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങൾ സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തിനാണ് കരുത്ത് പകരുന്നതെന്ന് സി.പി.എം തിരിച്ചറിയണം.
ഗുരുവും എസ്.എൻ.ഡി.പിയും
ഗുരുവിനെ ഹിന്ദുമത സന്യാസിയായി പ്രതിഷ്ഠിക്കാനുള്ള സംഘപരിവാർ ശക്തികളുടെ അജണ്ടയ്ക്ക് പിൻബലമായി വർത്തിക്കുകയാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്.എൻ.ഡി.പി നേതൃത്വം. ശ്രീനാരായണഗുരുവിനെ ദൈവമാക്കിയതിലൂടെ സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഈഴവർക്കിടയിൽ കാലൂന്നുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഗുരു ജീവിച്ചിരുന്ന കാലത്തെല്ലാം ഹിന്ദുമത നിയമങ്ങളെ ഉല്ലംഘിക്കുന്ന നടപടികളാണ് സ്വീകരിച്ചുപോന്നത്. ഹിന്ദുമത നിയമപ്രകാരം ഭരണം നടത്തിവന്ന തിരുവിതാംകൂറിൽ ചാതുർവർണ്ണ്യ നിയമങ്ങളെ ചോദ്യം ചെയ്യുകയും ലംഘിക്കുകയും ചെയ്യുന്നത് ഗുരുവിന്റെ ജാതിയ്ക്കെതിരായ പ്രവർത്തനത്തിന്റെ പ്രധാന ഭാഗമായിരുന്നു. സി.വി. കുഞ്ഞുരാമൻ ഗുരുവുമായി നടത്തിയ സംഭാഷണത്തിൽ ഗുരു പറയുന്നു: "ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ? ഹിന്ദുസ്ഥാനവാസികളെ വിദേശിയർ ഹിന്ദുക്കൾ എന്നു പറഞ്ഞുവന്നു..."
ചാതുർവർണ്ണ്യത്തെ അടിസ്ഥാനപ്പെടുത്തിയ ഹിന്ദുമത നിയമപ്രകാരം തിരുവിതാംകൂറിൽ നായാടി മുതൽ നമ്പൂതിരി വരെയുള്ള ജാതികളും ഉപജാതികളുമാണ് ഉണ്ടായിരുന്നത്. മനുഷ്യർ ജാതികളായി ജീവിച്ചിരുന്ന കാലത്തെ അവസ്ഥയെ സംബന്ധിച്ച് കുമാരനാശാൻ 'ദുരവസ്ഥ' യിൽ എഴുതി:
"തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ".
അത്രയും പരിതാപകരമായ ജീവിതസാഹചര്യം ഉണ്ടായിരുന്നത്, ഹിന്ദുമതനിയമത്താൽ ഭരണനിർവ്വഹണം നടന്നുവന്ന തിരുവിതാംകൂറിലായിരുന്നു എന്നോർക്കണം. ഇപ്പോൾ, സംഘപരിവാർ പ്രസ്ഥാനങ്ങളും വെള്ളാപ്പള്ളി നടേശനും നായാടി മുതൽ നമ്പൂതിരി വരെ ഹിന്ദുക്കളാണെന്ന ഭാഷ്യം ചമയ്ക്കുന്നതിന്റെ പിന്നിൽ രാഷ്ട്രീയ താൽപ്പര്യത്തിനപ്പുറം മറ്റൊന്നുമല്ല. സമൂഹത്തെയാകമാനം പ്രാകൃതമായ ഉച്ചനീചത്വത്തിലേയ്ക്ക് തിരിച്ചുനടത്തുവാനാണ് സംഘപരിവാർ ശക്തികൾ പരിശ്രമിക്കുന്നത്. അതിനെ പ്രതിരോധിക്കുവാൻ കേരള നവോത്ഥാനപ്രസ്ഥാനം മുന്നോട്ടുവച്ച മൂല്യങ്ങളെ മനസ്സിലാക്കുകയും ജീവിതത്തിൽ സ്വാംശീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

വർഗ്ഗീയ പരാമർശങ്ങൾ നടത്തി ജനൈക്യത്തെ തകർക്കുവാനുള്ള വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങൾ സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തിനാണ് കരുത്ത് പകരുന്നതെന്ന് സി.പി.എം തിരിച്ചറിയണം. ശ്രീനാരായണ ദർശനങ്ങൾക്ക് കടകവിരുദ്ധമായ പ്രസ്താവനകൾക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ, ജനങ്ങൾക്കിടയിൽ സ്വാഭാവികമായി നിലനിൽക്കുന്ന സാഹോദര്യം തകർക്കുക എന്നതാണത്. സമൂഹത്തിൽ മതാധിഷ്ഠിതവും ജാതിയധിഷ്ഠിതവുമായ ധ്രുവീകരണം സൃഷ്ടിച്ചാണ് ബി.ജെ.പിയും സംഘപരിവാറും വളർന്നുവന്നത്. അവരുടെ തെരഞ്ഞെടുപ്പ് താൽപ്പര്യങ്ങളെ സംരക്ഷിക്കുവാനുള്ള സാർത്ഥവാഹക സംഘത്തിന്റെ തലവനാണ് വെള്ളാപ്പള്ളി നടേശൻ. വോട്ട് ലക്ഷ്യംവച്ച് വെള്ളാപ്പള്ളിയെ ആദരിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്ന പിണറായി വിജയൻ യഥാർത്ഥത്തിൽ ഹിന്ദുത്വ ആശയങ്ങൾ വളരുവാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
