ന്യൂനപക്ഷം
കൈയൊഴിഞ്ഞ
ഇടതുപക്ഷം

സിദ്ധാന്തതലത്തിലും പ്രചാരണത്തിലും ഇടതുപക്ഷം കാണിക്കുന്ന ന്യൂനപക്ഷ താല്പര്യം പ്രായോഗിക അനുഭവങ്ങളിലൂടെ പ്രതിഫലിപ്പിക്കാൻ അവർക്ക് സാധിക്കുന്നില്ല- മുജീബ് റഹ്മാൻ കിനാലൂർ എഴുതുന്നു.

ഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരു മുന്നണികളുടെയും ജയപരാജയങ്ങൾ വിശകലനം ചെയ്യുമ്പോൾ പ്രധാനമായും പരിഗണിക്കേണ്ട ഘടകം, മത ന്യൂനപക്ഷങ്ങൾ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടുകളും അവരുടെ സമ്മതിദാനത്തിൽ പ്രകടമാകുന്ന പ്രവണതകളുമാണ്.

കാരണം, കേരളത്തിലെ ജനസംഖ്യയുടെ 45% വും മുസ്‍ലിം- കൃസ്ത്യൻ വിഭാഗങ്ങളാണെന്നത് തന്നെ. വോട്ടു ബാങ്കിന്റെ ഈ പ്രത്യേകത കണക്കിലെടുത്താണ് കേരളത്തിൽ എല്ലാ മുന്നണികളും അവരുടെ സ്ട്രാറ്റജി തയ്യാറാക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടം തന്നെയായിരുന്നു. രണ്ടു തവണ രാജ്യം ഭരിച്ച ബി ജെ പി സർക്കാറിന് അനിഷേധ്യ ഭൂരിപക്ഷത്തോടെ ഒരു ഊഴം കൂടി കിട്ടിയാൽ, തങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും എന്ന ഭീതിയാണ് ന്യൂനപക്ഷങ്ങളുടെ സമ്മതിദാനത്തെ രൂപപ്പെടുത്തിയത്.

മുസ്‍ലിംകളാണ് ബി ജെ പിയുടെ രാഷ്ട്രീയ ആധിപത്യത്തെ കൂടുതൽ ഭയക്കുന്നത്. ബി ജെ പി സർക്കാർ വന്ന ശേഷം നടപ്പാക്കപ്പെട്ട നിരവധി നിയമങ്ങളും നയങ്ങളും രാജ്യത്തിന്റെ സെക്യുലർ പാരമ്പര്യത്തെ ഹനിക്കുന്നതും മതന്യൂനപക്ഷം എന്ന നിലയിൽ തങ്ങളുടെ അസ്തിത്വം ഇല്ലാതാക്കുന്നതുമാണെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. പൗരത്വ നിയമ ഭേദഗതി, സിവിൽ നിയമങ്ങളുടെ ഭേദഗതികൾ, മുസ്‍ലിംകളെ അദൃശ്യമാക്കുന്ന പല തലത്തിലുള്ള ആസൂത്രിത നീക്കങ്ങൾ, രാജ്യം ഒരു ഹിന്ദു രാഷ്ട്രമാകാൻ പോകുന്നു എന്ന പ്രതീതി ഉളവാക്കുന്ന ഭരണകൂട ഇടപെടലുകൾ, പ്രധാനമന്ത്രി ഉൾപ്പെടെ മുതിർന്ന ബി ജെ പി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അഴിച്ചു വിട്ട മുസ്‍ലിം വിരുദ്ധ ആരോപണങ്ങൾ തുടങ്ങിയവ അതിനു ന്യായമായ കാരണവുമാണ്.

ബി ജെ പി സർക്കാർ വന്ന ശേഷം നടപ്പാക്കപ്പെട്ട നിരവധി നിയമങ്ങളും നയങ്ങളും രാജ്യത്തിന്റെ സെക്യുലർ പാരമ്പര്യത്തെ ഹനിക്കുന്നതും മതന്യൂനപക്ഷം എന്ന നിലയിൽ തങ്ങളുടെ അസ്തിത്വം ഇല്ലാതാക്കുന്നതുമാണെന്ന് മുസ്ലിങ്ങൾ ഉറച്ചുവിശ്വസിക്കുന്നു.
ബി ജെ പി സർക്കാർ വന്ന ശേഷം നടപ്പാക്കപ്പെട്ട നിരവധി നിയമങ്ങളും നയങ്ങളും രാജ്യത്തിന്റെ സെക്യുലർ പാരമ്പര്യത്തെ ഹനിക്കുന്നതും മതന്യൂനപക്ഷം എന്ന നിലയിൽ തങ്ങളുടെ അസ്തിത്വം ഇല്ലാതാക്കുന്നതുമാണെന്ന് മുസ്ലിങ്ങൾ ഉറച്ചുവിശ്വസിക്കുന്നു.

രാഷ്ട്രീയമായ അന്യവൽക്കരണം മാത്രമല്ല, ശാരീരികമായ ആക്രമണങ്ങൾക്കും മാനസികമായ പീഡനങ്ങൾക്കും ഇരയാകുന്ന അനുഭവങ്ങൾ ഇന്ത്യയിൽ പതിവാകുകയും ചെയ്തു. ഈ അനുഭവ യാഥാർത്ഥ്യങ്ങൾക്കപ്പുറം സമ്മതിദാനത്തിന്റെ ദിശ തീരുമാനിക്കാൻ അവർക്ക് മറ്റൊന്നും ആവശ്യമായിരുന്നില്ല. 2024- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം മത ന്യൂനപക്ഷങ്ങൾ ബി ജെ പിയെ ദുർബലപ്പെടുത്തുക എന്ന പൊതു നിലപാട് തന്നെയാണ് സ്വീകരിച്ചത് എന്ന് തെരഞ്ഞെടുപ്പു ഫലം പരിശോധിച്ചാൽ വ്യക്തമാകും. ഈ പൊതുനിലപാട് കയ്യൊഴിയാതെ തന്നെ കേരളത്തിലെ ന്യൂനപക്ഷ വോട്ടുകൾ ചില സവിശേഷ പ്രവണതകൾ കൂടി കാണിക്കുന്നുണ്ട്.

കേരളത്തിലെ പ്രബല മുസ്‍ലിം മതസംഘടനകളോട് കലഹത്തിൽ ഏർപ്പെടുകയോ അവരുടെ അപ്രിയം നേടുകയോ ചെയ്ത സാരമായ സംഭവങ്ങൾ സി പി എമ്മിന്റെയോ മറ്റ് ഇടതുകക്ഷികളുടെയോ ഭാഗത്ത് നിന്ന് ഈ കാലയളവിലുണ്ടായിരുന്നില്ല.

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യം മുന്നിൽ വെച്ച്, ഇടതുപക്ഷം ശക്തമായ കേരളത്തിൽ ന്യൂനപക്ഷ വോട്ടുകൾ വിശിഷ്യാ മുസ്‍ലിം വോട്ടുകൾഅവർക്ക് കൂടുതൽ ലഭിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചിരുന്നു. പൗരത്വ പ്രക്ഷോഭം, മുത്തലാഖ് ഉൾപ്പെടെയുള്ള നിയമങ്ങൾ, ഏക സിവിൽകോഡ്, ഹിജാബ് വിവാദം, ലവ് ജിഹാദ്- ദ കേരള സ്റ്റോറി സിനിമ, പലസ്തീൻ ഐക്യദാർഢ്യം എന്നിങ്ങനെ മുസ്‍ലിം വൈകാരികതയെ ബാധിക്കുന്ന വിഷയങ്ങളിൽ എല്ലാം ശക്തമായ മുസ്‍ലിം അനുകൂല നിലപാടാണ് കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ചത്. മാത്രമല്ല, രാജ്യത്തിന്റെ നിയമ-ഭരണ- സാംസ്കാരിക സംവിധാനങ്ങളെ കാവിവല്ക്കരിക്കുന്നതിനു എതിരെയും മതേതര ഭരണഘടന സംരക്ഷിക്കുന്നതിനും തങ്ങൾക്കുള്ള പ്രതിബദ്ധത മറയില്ലാതെ പ്രകടിപ്പിക്കാൻ ഇടതുപക്ഷം തയ്യാറായിരുന്നു.

സി.പി.ഐ.എം. കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ നിന്ന്
സി.പി.ഐ.എം. കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ നിന്ന്

കേരളത്തിലെ പ്രബല മുസ്‍ലിം മതസംഘടനകളോട് കലഹത്തിൽ ഏർപ്പെടുകയോ അവരുടെ അപ്രിയം നേടുകയോ ചെയ്ത സാരമായ സംഭവങ്ങൾ സി പി എമ്മിന്റെയോ മറ്റ് ഇടതുകക്ഷികളുടെയോ ഭാഗത്ത് നിന്ന് ഈ കാലയളവിലുണ്ടായിരുന്നില്ല. മാത്രമല്ല, മതനേതൃത്വങ്ങളുമായി ഒരു ഹോട്ട്ലൈൻ സ്ഥാപിക്കുന്നതിൽ സി പി എം വിജയിക്കുകയും ചെയ്തിരുന്നു. മുസ്‍ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള സമസ്തയുമായും കാന്തപുരം വിഭാഗം സുന്നികളുമായും ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മറ്റ് മുസ്‍ലിം ഗ്രൂപ്പുകളുമായും അനുനയത്തിൽ പോകാൻ ഇക്കാലയളവിൽ ഇടതു സർക്കാരിന് സാധിച്ചു.

ഈ മതസംഘടനകളാകട്ടെ, സി പി എമ്മിനോടും ഇടതു സർക്കാരിനോടും ഊഷ്മള ബന്ധം പുലർത്തി. അതിനെ തുടർന്ന് സമസ്തയിൽ ഇടതു അനുകൂലമായ ഒരു ചേരി രൂപപ്പെട്ടതായും സംഘടന പിളർപ്പിലേക്ക് പോകുന്നതായും പോലും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ ഇതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമായിരുന്നു എന്നാണ് കാണാൻ കഴിഞ്ഞത്.

സി.എ.എയ്ക്കെതിരെ കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ പയ്യോളിയിൽ നടന്ന നൈറ്റ് മാർച്ച്
സി.എ.എയ്ക്കെതിരെ കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ പയ്യോളിയിൽ നടന്ന നൈറ്റ് മാർച്ച്

ഹിന്ദുത്വ രാഷ്ട്രീയത്തിനും വർഗീയതക്കും എതിരെ ശക്തമായി പൊരുതുന്ന ഇടതുപക്ഷത്തിന്റെ പ്രതിനിധികൾ ഇരുസഭകളിലും ഉണ്ടാകണമെന്ന് മുസ്‍ലിം സമൂഹം പൊതുവിൽ ആഗ്രഹിക്കാതിരിക്കില്ല. കഴിഞ്ഞ രാജ്യസഭയിലെ ഇടതുപ്രതിനിധികളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ നിന്ന് പോലും മുതിർന്ന കോണ്ഗ്രസ് നേതാക്കൾ ബി ജെ പിയിലേക്ക് ചേക്കേറിയപ്പോൾ, കോൺഗ്രസ് നേതാക്കളുടെ മതേതര പ്രതിബദ്ധത സംശയാസ്പദമാണെന്ന് ന്യൂനപക്ഷങ്ങളിൽ ധാരണ പടരുകയും ചെയ്തിരുന്നു.

പൊതുപ്രവണതയിൽ നിന്ന് ഭിന്നമായി കേരളത്തിലെ ഒരു വിഭാഗം ക്രൈസ്തവർ ബി ജെ പിക്കനുകൂലമായ നിലപാട് സ്വീകരിച്ചു.

ഈ സാഹചര്യത്തിൽ കോൺഗ്രസ് നയിക്കുന്ന ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ ഇടതുസ്ഥാനാർഥികളെ വിജയിപ്പിച്ചാൽ അത് ബി ജെ പി വിരുദ്ധ ബ്ലോക്കിനെ ശക്തിപ്പെടുത്തുകയും ബി ജെ പിക്കെതിരെ ശബ്ദിക്കുന്ന കുറച്ചുപേരെ ലോക്സഭയിൽ ഉറപ്പാക്കുകയും ചെയ്യാമായിരുന്നു. ഇടതുമുന്നണി ആകട്ടെ, അവർക്ക് നൽകാവുന്ന ഏറ്റവും പ്രഗത്ഭരുടെ നിര തന്നെയാണ് സ്ഥാനാർഥികളായി അവതരിപ്പിച്ചതും. എന്നിട്ടും ഇടതുപക്ഷത്തിനനുകൂലമായ ജനവിധി കേരളത്തിൽ ലഭിക്കാതെ പോയത് എന്തുകൊണ്ടാണ്? ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ കയ്യൊഴിഞ്ഞത് എന്തുകൊണ്ടാണ്?

രണ്ടു കാരണങ്ങൾ ആണ് പ്രധാനമായും ചൂണ്ടിക്കാണിക്കാവുന്നത്.
ഒന്ന്, സിദ്ധാന്തതലത്തിലും പ്രചാരണത്തിലും ഇടതുപക്ഷം കാണിക്കുന്ന ന്യൂനപക്ഷ താല്പര്യം പ്രായോഗിക അനുഭവങ്ങളിലൂടെ പ്രതിഫലിപ്പിക്കാൻ അവർക്ക് സാധിക്കുന്നില്ല എന്നതാണ്. പൗരത്വ പ്രക്ഷോഭാകർക്കെതിരെയുള്ള കേസ് മുതൽ കാസർകോട് റിയാസ് മൗലവി വധക്കേസ് വരെയുള്ള ഒട്ടനവധി സംഭവങ്ങൾ നിരത്തി ഈ വാദം ഉയർത്തപ്പെടുന്നുണ്ട്. കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇടതു നയങ്ങൾക്ക് വിരുദ്ധമായി പല സന്ദർഭങ്ങളിലും പ്രവർത്തിച്ചിട്ടുണ്ടെന്ന് മുസ്‍ലിം വിഭാഗങ്ങൾ കരുതുന്നു.

കൊല്ലപ്പെട്ട റിയാസ് മൗലവി, കേസിൽ വെറുതെ വിട്ട പ്രതികൾ (ഇൻസെറ്റിൽ)
കൊല്ലപ്പെട്ട റിയാസ് മൗലവി, കേസിൽ വെറുതെ വിട്ട പ്രതികൾ (ഇൻസെറ്റിൽ)

നേരത്തെ ചില ക്രിസ്ത്യൻ സംഘടനകളും ഈയിടെ എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും മുസ്‍ലിംകൾ അവിഹിതമായി പലതും നേടുന്നു എന്ന് നിരന്തരമായി ആരോപിക്കുമ്പോൾ, കണക്കുകൾ നിരത്തി നിജസ്ഥിതി ജനങ്ങളെ അറിയിക്കുന്ന കാര്യത്തിൽ ഇടതുപക്ഷം അലംഭാവം പുലർത്തുന്നു എന്ന വാദവും തള്ളിക്കളയാനാകില്ല. കടുത്ത മുസ്‍ലിം വിരുദ്ധത പരസ്യമായി പറഞ്ഞവരെ നിലക്കുനിർത്തുന്നതിനുപകരം അവരെ പിന്തുണയ്ക്കുന്നതിന് സമാനമായ പ്രതികരണം ഇടതുമന്ത്രിമാരിൽ നിന്നുണ്ടായത് ഏറെ ചർച്ചയായിരുന്നു.

രണ്ട്, ഇടതുപക്ഷം രാജ്യത്ത് നിരന്തരം ക്ഷയിച്ചു പോകുന്നു എന്ന സത്യമാണ്. നേരത്തെ ഇടതു പക്ഷം ഭരണം കയ്യാളിയിരുന്ന സംസ്ഥാനങ്ങളിൽ കേരളം ഒഴികെ മറ്റെല്ലാം അവർക്ക് നഷ്ടപ്പെട്ടു. മൂന്നര പതിറ്റാണ്ടോളം കമ്യൂണിസ്റ്റ് പാർട്ടി ഭരിച്ച പശ്ചിമ ബംഗാളിൽ പാർട്ടി നാമാവശേഷമായി. ഇന്ത്യ എന്ന വലിയ രാജ്യത്തെ ഉൾക്കൊള്ളാനുള്ള സംഘടനാപരവും ആശയപരവുമായ വിഭവശേഷി ഇടതുകക്ഷികൾക്കില്ല എന്ന ധാരണ ന്യൂനപക്ഷങ്ങൾ പുലർത്തുന്നു. അതുകൊണ്ട് മുസ്‍ലിം ജനസാന്ദ്രതയുള്ള രാജ്യത്തെ മിക്ക മണ്ഡലങ്ങളിലും കോൺഗ്രസിന് അനുകൂലമായ തരംഗമാണ് കാണാനായത്.

വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ

രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളും ഇത്തവണ കോൺഗ്രസിൽ വിശ്വാസമർപ്പിച്ചാണ് സമ്മതി നൽകിയത്. മണിപ്പുർ കലാപവും ഹിന്ദുത്വ തീവ്രവാദികൾ ക്രൈസ്തവ ആരാധനാലയങ്ങൾ തകർത്ത സംഭവങ്ങളും ഈ വോട്ട് ഏകീകരണത്തിന്ന് കാരണമായിട്ടുണ്ട്‌. ക്രിസ്ത്യൻ വോട്ട് നിർണായകമായ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാൻഡ്‌, മണിപ്പുർ എന്നിവിടങ്ങളിൽ ബി ജെ പി ആധിപത്യം തകർന്ന് കോൺഗ്രസ് മടങ്ങിവന്നു.

അതേസമയം, ഈ പൊതുപ്രവണതയിൽ നിന്ന് ഭിന്നമായി കേരളത്തിലെ ഒരു വിഭാഗം ക്രൈസ്തവർ ബി ജെ പിക്കനുകൂലമായ നിലപാട് സ്വീകരിച്ചു. കേരളത്തിലെ ജനസംഖ്യാപരമായ പ്രതിസന്ധി മറികടക്കാൻ കുറെ കാലമായി ബി ജെ പി ആവിഷ്കരിച്ച തന്ത്രം ക്രൈസ്തവ സഭയുമായി ചങ്ങാത്തം സ്ഥാപിക്കുക എന്നതായിരുന്നു. കേരളത്തിൽ 26 ശതമാനം വരുന്ന മുസ്‍ലിം വോട്ടു ബാങ്കിനെ തൊടാൻ കഴിയാത്ത സാഹചര്യത്തിൽ , 18 ശതമാനം വരുന്ന ക്രൈസ്തവ വോട്ടുകളിൽ കടന്നുകയറാനുള്ള ചതുരുപായങ്ങളാണ് ബി ജെ പി പയറ്റിയത്.

ബി ജെ പി കേന്ദ്രത്തിൽ അധികാരശക്തിയായി വന്നശേഷം മാധ്യമങ്ങളിൽ അവർക്ക് കിട്ടിയ ദൃശ്യത, വർഗീയ പ്രചാരണത്തിന് ആക്കം കൂട്ടി. 'ഹിന്ദുക്കൾ' കേരളത്തിൽ അവഗണിക്കപ്പെടുന്ന വിഭാഗമാണ്‌, ഹിന്ദു സംസ്കാരത്തെയും ആചാരങ്ങളെയും ഇടതുപക്ഷവും ന്യൂനപക്ഷങ്ങളും അപമാനിക്കുന്നു, ഹിന്ദുവിശ്വാസങ്ങൾക്കും ക്ഷേത്രങ്ങൾക്കും പരിഗനണന ലഭിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ വാദിച്ചുറപ്പിക്കാനാണ് മാധ്യമ ഇടങ്ങൾ അവർ ഉപയോഗിച്ചത്. കേരളത്തിൽ സ്യൂഡോ സെക്യുലറിസമാണ് നിലനിൽക്കുന്നത് എന്ന ഒരു പൊതുധാരണ പരത്താൻ അവർ ആവുന്നത്ര ശ്രമിച്ചുപോരുന്നുണ്ട്.

തീർത്തും അസത്യമായ ലവ് ജിഹാദ് പ്രൊപ്പഗാൻഡ സജീവമായി ഉന്നയിക്കുകവഴി, സാധാരണക്കാരായ ഹിന്ദുക്കളിൽ മുസ്‍ലിംകൾക്കെതിരെ സംശയം നിർമിച്ചെടുക്കാൻ അവർക്ക് സാധിച്ചു എന്നതാണ് വാസ്തവം. ‘കേരള സ്റ്റോറി' എന്ന വിദ്വേഷ ചിത്രം ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ സ്ക്രീൻചെയ്തത് കേരളത്തിലാണെന്നത് വിസ്മരിച്ചുകൂടാ. ഉത്തരേന്ത്യയിൽ ഹിന്ദു വോട്ട് ഏകീകരണത്തിനും വർഗീയ ധൃവീകരണത്തിനും ഫലപ്രദമായി ഉപയോഗിക്കുന്ന 'വാട്ട്സാപ്പ് യൂണിവാഴ്സിറ്റി' വലിയ തോതിൽ കേരളത്തിലും അവർ ഉപയോഗിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്ന വിദ്വേഷ ജനകമായ വീഡിയോകൾ കേരളത്തിലും അവർ ഉപയോഗിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ നിരന്തരം കെട്ടിച്ചമയ്ക്കുന്ന അടിസ്ഥാനരഹിതമായ കഥകൾ തൽക്ഷണം കേരളത്തിലും പടരുന്നു. കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കപ്പെടുന്ന വർഗീയ പാഷാണങ്ങൾ കോൺഗ്രസ്, മാർക്സിസ്റ്റ് അനുഭാവികളിൽ പോലും അങ്കലാപ്പുണ്ടാക്കാൻ കാരണമാകുന്നുണ്ട്. ഫേക്ക് വാർത്തകളുടെ നിജസ്ഥിതി പുറത്തുവരുമ്പോഴേക്കും പതിനായിരങ്ങളുടെ മനസ്സിൽ വിഷബീജം വിതയ്ക്കപ്പെട്ടിരിക്കും.

ദേശീയ തലത്തിൽ കാലങ്ങളായി മുസ്‍ലിംകൾക്കെതിരെ സംഘപരിവാരം ആവർത്തിക്കുന്ന വർഗ്ഗീയവാദ പരമായ ആരോപണങ്ങൾ ക്രൈസ്തവ സമൂഹത്തിനകത്ത് പടർത്തുകയാണതിനുള്ള ഒരു മാർഗ്ഗമായി അവർ കണ്ടത്‌. കേരളത്തിൽ സാമൂഹ്യമായും രാഷ്ട്രീയമായും നിലനിന്ന ക്രിസ്ത്യൻ- മുസ്‍ലിം സാഹോദര്യം ഇല്ലാതാക്കി അവർക്കിടയിൽ ശാത്രവം വളർത്തുക എന്ന കുടിലബുദ്ധി എറെക്കുറെ വിജയകരമായി അവർക്ക് നടപ്പാക്കാനായി. കഴിഞ്ഞ പതിറ്റാണ്ടിൽ സോഷ്യൽ മീഡിയയുടെ സഹായത്തോടെ മുസ്‍ലിം അപരവൽക്കരണം ഏറെക്കുറെ വിജയകരമായി നടത്താൻ സംഘപരിവാറിനു സാധിച്ചിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊടിക്കുകീഴിൽ വരാത്ത, വിവിധ പാർട്ടിക്കാരായ സാധാരണ ഹിന്ദുക്കളെ പോലും സാംസ്കാരികമായി ഏകീകരിക്കാൻ അവർക്ക് കഴിഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃശൂർ ലൂർദ് പള്ളിയിൽ പ്രാർഥനക്കെത്തിയ സുരേഷ് ഗോപി
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃശൂർ ലൂർദ് പള്ളിയിൽ പ്രാർഥനക്കെത്തിയ സുരേഷ് ഗോപി

മുസ്‍ലിം യുവാക്കൾ ക്രിസ്ത്യൻ യുവതികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നു, സി പി എം മുസ്‍ലിം പ്രീണനം നടത്തുന്നു, കേരളം തീവ്രവാദികളുടെ ഒളികേന്ദമായി മാറിയിരിക്കുന്നു, മുസ്‍ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്‍ലിംകൾ എന്തൊക്കെയോ അനധികൃതമായി വാരിക്കൂട്ടുന്നു തുടങ്ങിയ അസംബന്ധങ്ങൾ ബി ജെ പി പാനലിസ്റ്റുകൾക്ക് ഒപ്പം ചില ക്രൈസ്തവ സംഘടന നേതാക്കളും ഒരേ സ്വരത്തിലാണ് ചാനലുകളിൽ അഴിച്ചുവിട്ടത്. അത്തരം പ്രോപ്പഗാന്റകൾ കുറേയേറെ വിജയിച്ചു എന്നാണ് ലോക്സഭാ ഫലം കാണിക്കുന്നത്.

രാജ്യത്തെ 14 ശതമാനം വരുന്ന മുസ്‍ലിംകളിൽ നിന്ന് ഒരാൾ പോലുമില്ലാത്ത ബി ജെ പി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ജോർജ്ജ് കുര്യനെ മന്ത്രിയാക്കിയത് വെറുതെയല്ല.

തൃശൂരിൽ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യൻ വോട്ടുകളുടെ ബലത്തിലാണ്. വിജയം പ്രഖ്യാപിച്ച ഉടനെ അദ്ദേഹം ആദ്യം നന്ദി പറഞ്ഞത് ലൂർദ് മാതവിനായിരുന്നു എന്നതിൽ കാര്യം വ്യക്തമാണ്. 2019-ൽ ലഭിച്ചതിനേക്കാൾ 1,18,516 വോട്ടുകളാണ് തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥിക്ക് കൂടുതൽ ലഭിച്ചത്. ആലപ്പുഴയിൽ 1,13,370 വോട്ടും ആലത്തൂരിൽ 98,393 വോട്ടും കൊല്ലത്ത് 59,871 വോട്ടും ഇത്തവണ അധികമായി ബി ജെ പി സ്ഥാനാർത്ഥികൾ നേടി. മൂന്നിടങ്ങളിലൊഴികെ കേരളത്തിലെ 18 മണ്ഡലങ്ങളിലും വോട്ടുവിഹിതം വർധിപ്പിക്കാനും ബി ജെ പിക്ക് കഴിഞ്ഞു. കേരളത്തിൽ 20 ശതമാനത്തോളം വോട്ട് നേടുന്ന പാർട്ടിയായി ബി ജെ പി ഇപ്പോൾ കേരളത്തിൽ മാറി. അതിന്റെ പ്രധാന ക്രെഡിറ്റ് ചില ക്രൈസ്തവ സഭകൾക്ക് കൂടി അവകാശപ്പെട്ടതാണ്.

രാജ്യത്തെ 14 ശതമാനം വരുന്ന മുസ്‍ലിംകളിൽ നിന്ന് ഒരാൾ പോലുമില്ലാത്ത ബി ജെ പി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ജോർജ്ജ് കുര്യനെ മന്ത്രിയാക്കിയത് വെറുതെയല്ല. ഇനി കേരളത്തിൽ ബി ജെ പി കളിക്കാൻ പോകുന്ന രാഷ്ട്രീയ ഗെയിമിന്റെ സൂചനയായി അതിനെ കാണണം.

Comments