ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സർക്കാറിനോട് റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മീഷൻ. എത്ര ഉന്നത സ്ഥാനത്തുള്ള ആളാണെങ്കിലും നടപടിയെടുക്കണമെന്നും കമ്മീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. പരാതി ഉന്നയിച്ച് കഴിഞ്ഞാൽ അന്വേഷണം നടക്കണമെന്നും നടപടിയുണ്ടാവണമെന്നും സതീദേവി പറഞ്ഞു. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാൽ രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റണം. മാധ്യമങ്ങളിലൂടെയാണ് ശ്രീലേഖ മിത്രയുടെ ആരോപണത്തെ കുറിച്ച് അറിഞ്ഞത്. പരാതി വന്ന പശ്ചാത്തലത്തിൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നും നടപടി ഉണ്ടാവണമെന്നുമാണ് വനിതാ കമ്മീഷന്റെ നിലപാട്. കുറ്റം ചെയ്തതായി തെളിഞ്ഞാൽ അധികാരസ്ഥാനങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കരുതെന്നും സതീദേവി വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ആരോപണം തെളിയുന്ന പക്ഷം സ്ഥാനത്തുനിന്ന് മാറിനിൽക്കണം. പരാതിക്കാരിക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.
'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ രഞ്ജിത്ത് മോശമായി പെരുമാറിയെന്നും ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ച് കഴിയേണ്ടിവന്നെന്നുമായിരുന്ന ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ആരോപണം രഞ്ജിത്ത് തള്ളിയിരുന്നു. ശ്രീലേഖ മിത്ര ഓഡിഷന് വന്നിരുന്നതായും കഥാപാത്രത്തിന് അനുയോജ്യയല്ലാത്തതിനാൽ പരിഗണിച്ചിരുന്നില്ലെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. അതേസമയം താൻ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് വന്നത് ഓഡിഷന് വേണ്ടിയല്ലെന്നും സിനിമയിൽ അഭിനയിക്കാൻ വേണ്ടി ആയിരുന്നുവെന്നും ശ്രീലേഖ പ്രതികരിച്ചു. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും അവര്‍ വ്യക്തമാക്കി. ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ശക്തമാണ്.
