നിരാശാജനകമായ നിശബ്ദതയെ ഭേദിക്കുന്ന ഉത്തരവ്; കണ്ടെത്തലുകൾ സുതാര്യതയോടെ പുറത്തുവരണം - ഡബ്ല്യു.സി.സി.

‘‘തുറന്ന് പറച്ചിലുകൾ നടത്തിയ അതിജീവരുടെ സ്വകാര്യതയെ സംരക്ഷിച്ചുകൊണ്ട് തന്നെ കമ്മീഷന്റെ നിർദേശങ്ങളും നിലവിൽ സിനിമാ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും നിർബന്ധമായും പുറത്തുവരേണ്ടതുണ്ട്’’ - വിമെൻ ഇൻ സിനിമാ കലക്ടീവ്

Think

സ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് വിമെൻ ഇൻ സിനിമ കളക്ടീവ്. നിരാശാജനകമായ നിശബ്ദതയെ ഭേദിക്കുന്ന ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നുവെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ഡബ്ല്യു.സി.സി പറഞ്ഞു. കണ്ടെത്തലുകൾ പുറത്തുവിടാതെ നിർദ്ദേശങ്ങൾ നടപ്പിലാക്കാം എന്ന വാദം ഇവിടുത്തെ സംവിധാനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും കുറിപ്പിൽ പറയുന്നു.

വരും തലമുറക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പ് വരുത്താൻ ഉതകുന്ന, ജനങ്ങളുടെ നികുതി പണം കൊണ്ട് നടത്തിയ സുപ്രധാനപഠനം, തുറന്ന് പറച്ചിലുകൾ നടത്തിയ അതിജീവരുടെ സ്വകാര്യതയെ സംരക്ഷിച്ചുകൊണ്ട് തന്നെ കമ്മീഷന്റെ നിർദേശങ്ങളും നിലവിൽ സിനിമാ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും നിർബന്ധമായും പുറത്തുവരേണ്ടതാണെന്നും സംഘടന പറഞ്ഞു. സിനമാമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളും അനീതികളും തുറന്ന് കാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലെയുള്ള പഠനങ്ങൾനടത്തി, ബെസ്സ് പ്രാക്ടീസ് സംവിധാനം നടപ്പിലാക്കണമെന്ന നിർദ്ദേശം സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും സംഘടന പറഞ്ഞു.

തങ്ങൾക്ക് പിന്തുണ നൽകിയ മാധ്യമ പ്രവർത്തകർക്കും നന്ദിയറിയിച്ചു. വിവരാവകാശ കമ്മീഷന്റെ ഇടപെടലോടു കൂടിയെങ്കിലും അതിജീവിതർക്ക് നീതി ലഭിക്കുമെന്നും ഭാവിയിൽ നിർഭയരായി, വിവേചനവും വേർതിരിവും ചൂഷണങ്ങളുമില്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകാൻ സാധിക്കുമെന്ന് പ്രത്യാശിക്കുമെന്നും കളക്ടീവ് പറഞ്ഞു.

2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് രൂപീകരിച്ച ഹേമ കമീഷൻ രണ്ട് വർഷത്തെ പഠനത്തിനുശേഷം 2019 ഡിസംബർ 31നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി) ഉൾപ്പടെയുള്ള സംഘടനകൾ സർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരായിരുന്നു കമീഷൻ അംഗങ്ങൾ. സിനിമാ വ്യവസായത്തിന്റെ ആന്തരിക പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇന്ത്യയിൽ ഇത്തരമൊരു കമീഷൻ രൂപീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. എന്നാൽ 2019-ൽ സമർപ്പിച്ച റിപ്പോർട്ട് ഇതുവരെയും സർക്കാർ പുറത്തുവിട്ടിട്ടില്ല.

നാലര വർഷത്തിനുശേഷമാണ് റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് വന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളും സിനിമാ മേഖലയിലടക്കമുള്ളവരും വിവരാവകാശ കമീഷനെ സമീപിച്ചിരുന്നു. എന്നാൽ, പുറത്തുവിടില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. റിപ്പോർട്ട് പുറത്തുവിടരുതെന്നാണ് ഹേമ കമ്മറ്റി തന്നെ ആവശ്യപ്പെട്ടത് എന്നാണ് മന്ത്രി സജി ചെറിയാൻപ്രതികരിച്ചത്. സർക്കാർ നിലപാടിന് വിരുദ്ധമായാണ് വിവരാവകാശ കമീഷൻ ഉത്തരവ്.

തൊഴിലിടത്തിന്റെ ഗുണനിലവാരം, ജോലി സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അവയുടെ സ്വഭാവവും തുടങ്ങിയവ വിഷയങ്ങളിലാണ് ഹേമ കമ്മീഷൻഅന്വേഷണം നടത്തിയത്. അതിന്റെ ഭാഗമായി അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ ചലച്ചിത്ര രംഗത്തുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമീഷൻ അഭിമുഖം നടത്തുകയും ചെയ്തിരുന്നു. നിരവധി അഭിനേതാക്കൾ, തങ്ങളുടെ പേര് രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിൽ സെറ്റിൽ നേരിടേണ്ടിവന്ന പീഡനാനുഭവങ്ങൾ കമീഷനോട് വെളിപ്പെടുത്തിയതായാണ് വിവരം. ലിംഗാടിസ്ഥാനത്തിലുള്ള വേതന വിവേചനം, സെറ്റിൽ സ്ത്രീകൾക്ക് മതിയായ സൗകര്യങ്ങൾ നൽകാത്ത പ്രശ്‌നങ്ങൾ, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം എന്നിവയും കമീഷൻ പരിശോധിച്ചു.

Comments