കേരളത്തിൽ പുതിയ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരമേൽക്കുന്ന സാഹചര്യത്തിൽ, അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും ഭാവി കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെക്കുകയുമാണ് ട്രൂ കോപ്പി വെബ്‌സീൻ പുതിയ പാക്കറ്റ്.
സർക്കാറിന്റെ രാഷ്ട്രീയ ദിശ എന്തായിരിക്കണം, മുന്നിലുള്ള വെല്ലുവിളികൾ, തുല്യതയും സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട കാര്യങ്ങൾ, പുതിയ സാമൂഹിക സംഘർഷങ്ങളെ അഭിമുഖീകരിക്കുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്. അനാമിക അജയ്, രേഖാ രാജ്, ജെ. ദേവിക, സിദ്ദിഹ, ജി. ഉഷാകുമാരി എന്നിവർ എഴുതുന്നു.
പിണറായി വിജയൻ അടക്കം ഇരുമുന്നണികളിലെയും ഐക്കോണിക് നേതാക്കളുടെ പേരിൽ ആഘോഷിക്കപ്പെടുന്ന ‘സംരക്ഷകനായ അച്ഛൻ ഫിഗർ' കേരളത്തിലെ സ്ത്രീകൾക്കും ഇതര ദുർബല വിഭാഗങ്ങൾക്കും കാര്യമായ ഗുണം ചെയ്യും എന്ന് കരുതുന്നില്ലെന്ന് രേഖാ രാജ് എഴുതുന്നു. സ്വതന്ത്ര സ്ത്രീകളെ സൃഷ്ടിച്ച ഫെമിനിസ്റ്റ് രാഷ്ട്രീയ ഇടങ്ങളെയാകും അത് മോശമായി ബാധിക്കുക. സ്ത്രീകൾക്ക്, മറ്റു ദുർബല വിഭാഗങ്ങൾക്ക് ആവശ്യം സംരക്ഷകരെയല്ല തുല്യ അവസരവും അധികാരത്തിൽ പങ്കാളിത്തവും പ്രതിനിധാനവും ആണ്.
ഭൂസമരങ്ങളും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും ഉയർത്തിക്കൊണ്ടുവന്ന ഭൂമിയുടെ രാഷ്ട്രീയത്തെ, വെറും പാർപ്പിട പ്രശ്നമായി ചുരുക്കിക്കണ്ടു എന്നതാണ് കഴിഞ്ഞ സർക്കാർ ചെയ്ത തെറ്റെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വിദേശ തോട്ടമുടമകൾ നിയമവിരുദ്ധമായി കയ്യടക്കിവെച്ചിരിക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി സമഗ്ര നിയമനിർമാണത്തിലൂടെ ഏറ്റെടുക്കുകയും കാർഷിക യോഗ്യവും വാസയോഗ്യവുമായ ഭൂമി ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുകയും വേണം.
ബഹുരാഷ്ട്ര കുത്തകകൾ കയറ്റുമതി, ടൂറിസം എന്നിവ ലക്ഷ്യമാക്കി വൻകിട നിർമാണങ്ങൾ തീരദേശങ്ങളിൽ നടത്തുന്നത് അവിടുത്തെ പാരിസ്ഥിതിക സംതുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് രേഖാ രാജ് ചൂണ്ടിക്കാട്ടുന്നു. ഇത് വൻതോതിൽ കടൽക്കയറ്റത്തിനും, വർഷക്കാലത്തെ കടലാക്രമണത്തിനും കാരണമാകുന്നു. മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്തുള്ള പൂർണ അവകാശം ഇല്ലാതായതുമുതൽക്കാണ് കടൽക്കയറ്റം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കേരളം കണ്ടുതുടങ്ങിയത്.
വനവകാശം പോലെ തന്നെ തീരത്തിന്റെയും കടലിന്റെയും പൂർണ അവകാശം തദ്ദേശീയ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന നിയമനിർമാണം ആവശ്യമാണ്.
ദളിതർക്കും ആദിവാസികൾക്കും 10 സെന്ററിൽ കുറയാത്ത ഭൂമിയിൽ 850 സ്‌ക്വയർ ഫീറ്റിൽ കുറയാത്ത സ്വതന്ത്രഭവനങ്ങൾ നിർമിച്ച് നൽകണം, ഒരു ജനതയെ ഒന്നാകെ തലമുറകളോളം കോളനികളിൽ തളയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
സവർണ സംവരണ ബിൽ റദ്ദാക്കുക, സർക്കാർ ഫണ്ട് നൽകുന്ന എയിഡഡ് അടക്കമുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമനങ്ങളിൽ 10 ശതമാനം പട്ടികജാതി- വർഗ സംവരണം നടപ്പിലാക്കുക, സ്വകാര്യ എയ്ഡഡ് കോളേജ് നിയമനത്തിൽ ജനസംഖ്യാനുപാതിക സംവരണം നടപ്പിൽ വരുത്തുകയും നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിടുകയും ചെയ്യുക, ദളിതർക്കും ആദിവാസികൾക്കും മറ്റു അതി പിന്നാക്ക സമുദായങ്ങൾക്കും കൂടുതൽ എയ്ഡഡ് കോളേജുകൾ അനുവദിക്കുക തുടങ്ങി നിരവധി നിർദേശങ്ങളാണ് വ്യക്തമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ രേഖാ രാജ് മുന്നോട്ടുവെക്കുന്നത്.
ജാതി- ലിംഗാധികാര ഘടനകൾ ഏതൊക്കെ രീതിയിലാണ് മുതലാളിത്തത്തിന് ശക്തമായ പിന്തുണ നൽകുന്നത് എന്നും, ഇത് എങ്ങനെയാണ് സാമൂഹിക തലത്തിൽ പുതിയ സംഘർഷം സൃഷ്ടിക്കുന്നത് എന്നുമാണ് അനാമിക അജയ് പരിശോധിക്കുന്നത്.
ഉയർന്ന ഉൽപാദനക്ഷമതയുള്ള സമ്പദ്വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്റെ പരിവർത്തനം ഇനിയും മൂലധനത്തിന്റെ വൻതോതിലുള്ള പ്രവേശന സാധ്യതക്കിടയാക്കും. സ്വാഭാവികമായും ഇത് സാമൂഹിക വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും മൂർച്ഛിപ്പിക്കും.
മുതലാളിത്ത മുന്നേറ്റം, കുടുംബ ബന്ധങ്ങളിൽ മാത്രമല്ല, സമുദായങ്ങൾ തമ്മിലുള്ള ഇടപെടലുകളിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിൽ നടന്ന സ്വകാര്യവത്കരണത്തിൽനിന്ന് ഏറെ ലാഭം ഉണ്ടാക്കിയ രണ്ടു മേഖലകളാണ് വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും. ഈ മേഖലകളിൽ സമുദായ സ്ഥാപനങ്ങൾ കൂടുതൽ ശക്തരായി. മറുവശത്ത് ദളിത്- ആദിവാസി സമുദായങ്ങൾക്കോ അവരുടെ സ്ഥാപനങ്ങൾക്കോ ഇതുപോലുള്ള മുന്നേറ്റങ്ങൾ നേടാനായിട്ടില്ല എന്നത് കേരളത്തിലെ ജാതിയുടെ ശക്തി സൂചിപ്പിക്കുന്നു. ഈ കാരണങ്ങൾ കൊണ്ടുതന്നെ ജാതിയും മുതലാളിത്ത വ്യവസ്ഥകളും തമ്മിലുള്ള എല്ലാത്തരം ഇടപെടലുകളെയും പഠിക്കേണ്ടത് ഇന്നത്തെ സാമ്പത്തിക - സാമൂഹിക - രാഷ്ട്രീയ സാഹചര്യത്തിൽ മുതലാളിത്തത്തിന്റെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വളർച്ച തടയാൻ അത്യന്താപേക്ഷിതമാണെന്ന വാദമാണ് അനാമിക അജയ് മുന്നോട്ടുവെക്കുന്നത്.
കോവിഡുകാലത്ത്, ആരോഗ്യമേഖലയിലെ കേരളത്തിന്റെ ഇടപെടലുകളെക്കുറിച്ചാണ് സിദ്ദിഹ എഴുതുന്നത്.
രോഗശമനത്തിനുശേഷം ശാരീരിക ബലക്ഷയങ്ങളിൽ പരാശ്രിതരായവരെ തിരികെ സ്വതന്ത്രവ്യക്തികളാക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന വേണം. അപകടത്തിൽപെട്ടും സ്ട്രോക്ക് വന്നും അപ്രതീക്ഷിതമായി വീണുപോകുന്നവർക്ക് തിരിച്ചുവരവ് സാധ്യമാക്കുന്ന അതിനൂതന ഒക്ക്യുപേഷനൽ തെറാപ്പി ഉപകരണങ്ങളുടെ അഭാവം വലിയൊരു ജനവിഭാഗത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നുണ്ട്. വിപുലമായ റീഹാബിലിറ്റേഷൻ യൂണിറ്റുകൾ കേരളത്തിൽ ആശുപത്രികളുടെ ഭാഗമല്ലാതെ വേറെത്തന്നെ നിർമിക്കേണ്ടതുണ്ട്. കേരളത്തിന്റെ ആരോഗ്യമേഖലയുടെ അമരത്ത് ലക്ഷ്യബോധമുള്ള ശക്തയായ ഒരു സ്ത്രീയുടെ സാന്നിധ്യം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഏതൊരു പ്രതിസന്ധിയെയും സമഗ്രമായികാണുന്ന, സൂക്ഷ്മ- സ്ഥൂല പ്രതിവിധികളെ തുല്യപ്രാധാന്യത്തോടെ നടപ്പിലാക്കുന്ന ഇടതിന്റെ തുടർഭരണത്തിൽ പ്രത്യാശയുണ്ടെന്നും സിദ്ദിഹ എഴുതുന്നു.
പുതിയ ഇടതുപക്ഷസർക്കാർ ഒരിടത് രാഷ്ട്രീയ ദിശയിലൂടെയാണ് സഞ്ചരിക്കേണ്ടതെന്ന് ജെ. ദേവിക എഴുതുന്നു. ബി.ജെ.പിയുടെ വോട്ടുഷെയർ കാര്യമായി കുറഞ്ഞില്ല. അതുകൊണ്ടുതന്നെ ഇടതിന്റെ ധാർമിക സമൂഹത്തെ വികസിപ്പിക്കുക എന്നത് വരുന്ന അഞ്ചുവർഷത്തിലെ ഏറ്റവും പ്രധാന ലക്ഷ്യമായി മാറണമെന്നും ആ ലക്ഷ്യത്തിന് ഉതകുംവിധം ഭരണകൂട സംവിധാനത്തെ ഉപയോഗിക്കൻ ഇടതുപക്ഷത്തിനുകഴിയണമെന്നും അവർ എഴുതുന്നു.
ആദിവാസികൾക്ക് കാര്യമായ സാന്നിധ്യമുള്ള ഇടങ്ങളിൽ വനാവകാശ നിയമം നടപ്പാക്കണം. കൊളോണിയൽ ഫോറസ്റ്ററിയുടെ ദുഷ്ഫലങ്ങളെ ഒഴിവാക്കി ദീർഘകാലത്തിൽ ആദിവാസിസമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കണം.
കിറ്റ് വഴി ധാരാളം അരി ലഭിക്കുമ്പോൾ സ്വാഭാവികമായും അതിന്റെ ഫലം വിപണിയിൽ പതിയാതിരിക്കില്ല. ജെ.എൽ.ജി. ഗ്രൂപ്പുകളായും ഒറ്റക്കും ധാരാളം കുടുംബശ്രീ വനിതകളും മറ്റുള്ളവരും പാലുൽപാദനം നടത്തുന്നുണ്ട്, പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ഇത് മാർക്കറ്റ് ചെയ്യാനുള്ള സംവിധാനം ശക്തിപ്പെടുത്തണം.
മത്സ്യബന്ധന സമൂഹവുമായി പുതിയൊരു ബന്ധമുണ്ടാക്കാൻ ശ്രമം നടക്കണം. ഇവിടെയും ഒരു വലിയ സാമൂഹ്യ ഇക്കോളജീയ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലങ്ങൾ വ്യക്തികളെ മാത്രമല്ല, സാമൂഹ്യവിഭാഗങ്ങളെ തന്നെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ മീൻവറുതി. ഈ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കരുത് എന്ന് ഉറക്കെയുറക്കെ ബഹളം വെയ്ക്കുന്ന ഒരു വിഭാഗമുണ്ട്. ആ വിഭാഗത്തിന്റെ ബഹളത്തെ അവഗണിച്ച് ഇടതുപക്ഷ നേതൃത്വം മത്സ്യബന്ധന സമൂഹവുമായി ഈ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് നേരിട്ട് ചർച്ച നടത്തണം, പരിഹാരം കാണണം.
പരിസ്ഥിതിലോല പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് 'ക്ലൈമറ്റ് ചെയ്ഞ്ച് റസലിയൻ ഹൗസിങ്' നൽകാനുള്ള ശ്രമം സർക്കാറിൽ നിന്നുണ്ടാവണം. ഇനി മുതൽ കാലാവസ്ഥാ വ്യതിയാനം എന്ന യാഥാർഥ്യം അവഗണിച്ച് ഒന്നും ചെയ്യാൻ കഴിയില്ല.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തനിക്കുണ്ടായ ഏറ്റവും വലിയ നിരാശ, വലതുപക്ഷത്തിന്റെ സ്ത്രീവിരുദ്ധതയെ അങ്ങേയറ്റം തലോടിക്കൊടുക്കുന്ന ഒരു നയം സർക്കാർ കൈക്കൊണ്ടുവെന്നതാണ് എന്ന് ദേവിക എഴുതുന്നു. വലതുപക്ഷത്തിന്റെ സ്ത്രീവിരുദ്ധത കണ്ടില്ലെന്ന് നടിക്കരുത്.
ശബരിമല വിഷയത്തിൽ പന്ത് വലതുപക്ഷത്തിന്റെ കോർട്ടിലേക്ക് ഇട്ടുകൊടുക്കുന്നതിനു പകരം, ഇടതുപക്ഷത്തിന് താങ്ങാൻ പറ്റാത്തതുപോലത്തെ നാടകം നടത്തുകയായിരുന്നു സർക്കാർ. ഭരണഘടനയിൽ സ്ത്രീകൾക്ക് നൽകിയ അവകാശങ്ങൾ നിശ്ശബ്ദമായി നടപ്പാക്കിയാൽ മാത്രം മതിയെന്ന് അവർ എഴുതുന്നു. ലിംഗനീതിയെ ഒരു വലിയ നാടകമായിട്ടൊന്നും കാണേണ്ട, ലിംഗനീതിയെ സാധാരണ മനുഷ്യരുടെ അടിയന്തരമായ, പ്രാണവായുപോലെ അത്യാവശ്യമായ കാര്യമായി കണക്കാക്കി നോർമലായ രീതിയിൽ അതിനുവേണ്ട സാഹചര്യങ്ങൾ ഉണ്ടാക്കണം. ലിംഗനീതിയെ അതിലംഘിക്കുന്നത് ഇടതായാലും ശരി, വലതായാലും ശരി ഞങ്ങൾ അത് അനുവദിക്കില്ല എന്ന് വളരെ സൗമ്യമായി പറയുകയും പ്രവർത്തിക്കുകയും ചെയ്താൽ മാത്രം മതി- ദേവിക എഴുതുന്നു.
പ്രബുദ്ധതയുടെ ഇന്ത്യൻ മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തിൽ ഒരു വനിതാമുഖ്യമന്ത്രിയെ വിഭാവനം ചെയ്യാൻ എന്താണ് തടസ്സം എന്ന സ്വാഭാവികമായ ചോദ്യം അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന് ജി. ഉഷാകുമാരി എഴുതുന്നു. കെ.കെ. ശൈലജ വരെയെത്തി നിൽക്കുന്ന സ്ഥാനപരിഗണനകളെ നേതൃത്വപദവിയിലേക്ക് എത്തിക്കുന്നതിനുള്ള തടസ്സത്തെയാണ് അവർ സൂചിപ്പിക്കുന്നത്.
ഭരണവകുപ്പുകൾ ഏറെക്കുറെ സ്വയംപൂർണമായ അധികാരപരിധി കയ്യാളുമ്പോഴും അവയെല്ലാം സാമൂഹികശാസ്ത്രത്തിന്റെയും സാംസ്‌കാരിക ചിന്തകരുടെയും ഉൾക്കാഴ്ചകളെ ഉപയോഗിക്കാൻ തക്കവണ്ണമായാൽ എത്രയോ ശുഭകരമായിരിക്കും. എല്ലാ വകുപ്പുകളിലും തന്നെ കഴിവുള്ള തഴക്കവും പഴക്കവും ചെന്ന സാമൂഹികശാസ്ത്രജ്ഞരുടെ നിരന്തരസാന്നിധ്യമുണ്ടാവുന്നത് പലപ്പോഴും കാര്യങ്ങളെ കുറച്ചുകൂടി ജനാധിപരമാകാൻ സഹായിക്കും. ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം, വ്യവസായം തുടങ്ങിയ എല്ലാ വകുപ്പുകളിലും നിർവഹണതലത്തിൽ മുതിർന്ന സാമൂഹിക ശാസ്ത്രജ്ഞരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സമിതികൾക്ക് രൂപം കൊടുക്കണം.
ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനമാണ് കഴിഞ്ഞ സർക്കാരിന് ഏറ്റവും കൂടുതൽ ചീത്തപ്പേരുണ്ടാക്കിയത്. പലപ്പോഴും ഇസ്ലാമോഫോബിയയുടെ ഏറ്റവും നിർലജ്ജമായ പ്രകടനമായിരുന്നു ഈ വകുപ്പിന്റേത്. രാഷ്ട്രീയ നേതൃത്വം എന്തൊക്കെ അവകാശപ്പെട്ടാലും താഴെത്തലത്തിൽ സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പുകാരായി മാറുന്നുവെന്നത് സിവിൽ സർവീസിൽ വന്നുചേർന്ന വംശീയചിന്തയുടെ ഫലമാണ്. പുതിയ സർക്കാർ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു ഇടമാണ്.
സാമ്പത്തികസംവരണം എന്ന പുതിയ വാദവുമായി നീങ്ങുമ്പോൾ തുല്യത എന്ന ആശയം അട്ടിമറിക്കപ്പെടുന്നു. അവ പിൻവലിച്ച് പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ കൂടുതൽ കൃത്യമാക്കുന്ന ഘടനകൾ സ്വരൂപിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസരംഗത്ത് മാനവികവിഷയങ്ങളെ കൂടുതലളവിൽ കേന്ദ്രീകരിക്കുന്ന ഇന്റർഡിസിപ്ലിനറി സമീപനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്ത്രീകൾക്കു നേരെ വർധിച്ചുവരുന്ന അസഹിഷ്ണുത പോലെതന്നെ പ്രധാനമായി ദളിത്, മുസ്ലിം, ക്വിയർ, ഭിന്നശേഷി വിഭാഗങ്ങൾക്കു നേരെയുള്ള സമീപനങ്ങളെയും കാണേണ്ടതുണ്ട്. കൃത്യമായ നിയമനിർമാണവും അവ നടപ്പിലാക്കാനുള്ള ഔപചാരികമായ നിയമസംവിധാനങ്ങളും ശക്തമാകണം.
വലിയൊരു തൊഴിൽ മേഖലയായ എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ നിയമനരീതികൾ പി.എസ്.സിക്കു വിടണം.
ഭൂപ്രശ്‌നത്തെ വാസസ്ഥലത്തിന്റെ പ്രശ്‌നമായി ചുരുക്കുന്ന സമീപനം കേരളത്തിൽ ശക്തമാണ്. ഏറ്റവും പരിഗണന അർഹിക്കുന്ന ഒരു പ്രശ്‌നങ്ങളിലൊന്നാണ് ഇത്- ജി. ഉഷാകുമാരി എഴുതുന്നു.
കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ അടിസ്ഥാന പ്രശ്‌നങ്ങളെയും പുതിയ പരിപ്രേക്ഷ്യത്തോടെയാണ് അവതരിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികൾ, ദളിത്- ആദിവാസി വിഭാഗങ്ങൾ, ട്രാൻസ്‌ജെന്റർ സമൂഹം, സ്ത്രീകൾ, വിദ്യാർഥികൾ, ഭൂരഹിതർ, ദരിദ്ര കർഷകർ, തോട്ടം തൊഴിലാളികൾ തുടങ്ങി അടിയന്തര ശ്രദ്ധ പതിയേണ്ട സാമൂഹിക വിഭാഗങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകുന്ന ഭാവിയുടെ മാനിഫെസ്‌റ്റോ മുന്നോട്ടുവക്കുന്നു.
രേഖാരാജ്:സംരക്ഷകരെ വേണ്ട, വേണം തുല്യ അവസരം, അധികാര പങ്കാളിത്തം.
സിദ്ദിഹ:ആരോഗ്യം ഭരണകൂടങ്ങളുടെ തലവര വരയ്ക്കും.
അനാമിക അജയ്:പുതിയ സാമൂഹിക സംഘർഷങ്ങളെ സർക്കാർ എങ്ങനെ അഭിമുഖീകരിക്കും?
ജെ. ദേവിക:വേണം, ഒരിടതു ദിശ.
ജി. ഉഷാകുമാരി:പലിശയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രതീക്ഷ.