തൊഴിലുടമയുടെ വഞ്ചന,
അഭിഭാഷകരുടെ ചൂഷണം;
നീതി കിട്ടാതെ 'അതിഥി’ തൊഴിലാളികൾ
തൊഴിലുടമയുടെ വഞ്ചന, അഭിഭാഷകരുടെ ചൂഷണം; നീതി കിട്ടാതെ 'അതിഥി’ തൊഴിലാളികൾ
കിറ്റെക്സ് ഗാര്മെൻറ്സിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ തൊഴിലാളികള്‍ മൂന്നുമാസമായി ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ജാമ്യവ്യവസ്ഥയിലെ സങ്കീര്‍ണതകള്‍ കാരണം ജയിലില്‍ തന്നെ തുടരേണ്ടിവരുന്നത് 50-ലേറെ പേര്‍ക്കാണ്. ഒരു അന്വേഷണം.
22 Mar 2022, 10:15 AM
എറണാകുളം ജില്ലയിലെ കിഴക്കമ്പലം കിറ്റെക്സ് ഗാര്മെൻറ്സിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ തൊഴിലാളികള്‍ മൂന്നുമാസമായി ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥയിലെ സങ്കീര്‍ണത കാരണം ജയിലില്‍ തന്നെ തുടരേണ്ടിവരുന്നത് 50-ലേറെ പേര്‍ക്കാണ്. ജാമ്യം നില്‍ക്കാന്‍ എറണാകുളത്തുനിന്നുള്ളവർ തന്നെ വേണമെന്നാണ് മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ഉത്തരവിട്ടത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഈ തൊഴിലാളികള്‍ക്കുവേണ്ടി ജാമ്യം നില്‍ക്കാന്‍ ഇവിടെ ആരും തയ്യാറാകില്ലെന്ന് ഉറപ്പാണ്. കാരണം അവര്‍ക്ക് ഇവിടെയാരെയും പരിചയമില്ല. മാത്രമല്ല, "അതിഥി'കളെന്നൊക്കെ വിളിക്കുമെങ്കിലും ‘അന്യനാട്ടില്‍ നിന്ന്’ വന്നവരെന്ന രീതിയില്‍ മാറ്റിനിര്‍ത്തപ്പെടുന്നവരുമാണവര്‍. കൂടാതെ, ജോലിചെയ്യുന്ന സ്ഥാപനവും അവരെ പൂര്‍ണമായി കൈയൊഴിഞ്ഞിരിക്കുകയാണ്.
കിഴക്കമ്പലത്ത് സംഘര്‍ഷമുണ്ടായതിനുപിന്നാലെ, അതിഥികളായി സ്വീകരിച്ച നാടിനുനേരെ അക്രമം നടത്തിയവരാണ് ഈ തൊഴിലാളികള്‍ എന്ന രീതിയിലുള്ള പ്രസ്താവനകളും ചില രാഷ്ട്രീയനേതാക്കളില്‍ നിന്നുണ്ടായി. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് ഇവര്‍ ജയില്‍ കിടക്കട്ടെ എന്ന മനോഭാവമാണുണ്ടാവുക. പക്ഷെ, യഥാര്‍ഥത്തില്‍ കുറ്റം ചെയ്തിട്ടാണോ ഇവര്‍ ജയില്‍ കിടക്കുന്നതെന്നോ എന്താണ് കിറ്റെക്‌സില്‍ സംഭവിച്ചതെന്നോ അന്വേഷിക്കാന്‍ വിമര്‍ശിക്കുന്നവരാരും തയ്യാറായിട്ടുമില്ല.
സാധാരണക്കാരും സഹായത്തിന് ആരുമില്ലാത്തവരും അവസാന ആശ്രയമായി കാണുന്നത് നിയമസംവിധാനത്തെയാണ്. കോടതികളില്‍ പോയി നീതി തേടണമെങ്കില്‍ അഭിഭാഷകരുടെ സഹായം ആവശ്യമാണ്. കേസിലകപ്പെട്ട തൊഴിലാളികളെ സഹായിക്കേണ്ട ഉത്തരവാദിത്തമുള്ള അഭിഭാഷകര്‍, തൊഴിലാളികളുടെ നിസഹായവസ്ഥ, ചൂഷണം ചെയ്യാനുള്ള അവസരമായി കാണുകയാണ്.
ജയിലില്‍ കിടക്കുന്ന തൊഴിലാളികളെ കണ്ട് വക്കാലത്ത് ഒപ്പിട്ടുവാങ്ങിയ അഡ്വ. ബി.എ. ആളൂര്‍, പണം കൊടുക്കാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി ജാമ്യാപേക്ഷ പോലും നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും സൗജന്യമായി നിയമസഹായം നല്‍കാന്‍ തയ്യാറാകുന്നവരെ അതിന് അനുവദിക്കുന്നില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിലെ അഭിഭാഷകനായ അഡ്വ. ഷിയാസ് കെ.ആര്‍. പറയുന്നു. ഡല്‍ഹി ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്ക് കേസിലകപ്പെട്ട തൊഴിലാളികള്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
കിറ്റെക്‌സില്‍ സംഭവിച്ചത്
2021 ഡിസംബര്‍ 25-നാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തുള്ള കിറ്റെക്സ് ഗാര്‍മെന്റ്സില്‍ സംഘര്‍ഷമുണ്ടായത്. ക്രിസ്മസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. ക്രിസ്മസ് ആഘോഷിച്ച തൊഴിലാളികള്‍ മദ്യപിക്കുകയും ഡാന്‍സ് ചെയ്യുകയും ചെയ്തപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് വന്ന് അവരെ തടയുകയും തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയുമായിരുന്നു. സംഘര്‍ഷവാസ്ഥയായതിനെ തുടര്‍ന്ന് സെക്യൂരിറ്റി പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തിയതോടെ തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പിന്നീട് തൊഴിലാളികള്‍ പൊലീസ് വാഹനത്തിന് തീയിടുകയും ചെയ്തു.
20-ല്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് സംഘര്‍ഷത്തിലുണ്ടായിരുന്നത്. എന്നാല്‍ ലേബര്‍ ക്യാമ്പില്‍ ഉറങ്ങിക്കിടന്നവരടക്കം 174 പേരെയാണ് പൊലീസ് കൊണ്ടുപോയത്. ഇതില്‍ 51 പേര്‍ക്കെതിരെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടുള്ളത്. നിസാര വകുപ്പുകള്‍ ചുമത്തപ്പെട്ട 123 പേര്‍ക്കും റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയിട്ടും മോചനം ലഭിക്കുന്നില്ല. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബ് വ്യക്തമാക്കിയിട്ടുള്ളത്.
മോചനം സാധ്യമാകാത്തത് എന്തുകൊണ്ട്?
കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലെ തൊഴിലാളികളായ 174 പേരാണ് കേരളത്തിലെ അഞ്ച് ജയിലുകളിലായി തടവിലാക്കപ്പെട്ടത്. രണ്ട് എഫ്.ഐ.ആറുകളിലായാണ് ഈ തൊഴിലാളികള്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. പൊലീസിനെ വധിക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെയുള്ള ഗൗരവമുള്ള കുറ്റങ്ങളുള്‍പ്പെട്ട 307-ാം വകുപ്പ് ചുമത്തപ്പെട്ട എഫ്.ഐ.ആറില്‍ 51 തൊഴിലാളികളാണുള്ളത്. നിസാര വകുപ്പുകള്‍ ചുമത്തപ്പെട്ട 123 തൊഴിലാളികള്‍ രണ്ടാമത്തെ എഫ്.ഐ.ആറിലുമാണുള്ളത്. 124 മുതല്‍ 173 വരെയുള്ളവര്‍ രണ്ട് എഫ്.ഐ.ആറിലുമുണ്ട്. കേസ് ഏറ്റെടുത്ത അഭിഭാഷകന്‍ അഞ്ച് ജയിലുകളിലായി കഴിയുന്ന തൊഴിലാളികളെ കണ്ട് വക്കാലത്ത് വാങ്ങിയിരുന്നു. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് അവര്‍ വക്കാലത്ത് ഒപ്പിട്ടുകൊടുക്കുകയും ചെയ്തു. എന്നാല്‍, 10,000 രൂപ നല്‍കിയ 80 ഓളം തൊഴിലാളികള്‍ക്കുവേണ്ടി മാത്രമാണ് അഭിഭാഷകൻ ജാമ്യാപേക്ഷ നല്‍കിയത്.
ബാക്കിയുള്ളവരില്‍ 45 പേര്‍ക്കുവേണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിലെ അഭിഭാഷകര്‍ വക്കാലത്ത് നല്‍കി. അവര്‍ക്കും നേരത്തെ 10,000 രൂപ സ്വകാര്യ അഭിഭാഷകന് നല്‍കിയവര്‍ക്കും കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സെക്ഷന്‍ 307 ചുമത്തപ്പെട്ട 51 പേരില്‍ 19 പേര്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പക്ഷെ ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ജയിലില്‍ നിന്ന് മോചനം ലഭിക്കുന്നില്ല. മജിസ്‌ട്രേറ്റ് കോടതിയില്‍ 7000 രൂപയും സെഷന്‍സ് കോടതിയില്‍ 10000 രൂപയുമാണ് ജാമ്യം ലഭിക്കുന്നവര്‍ നിക്ഷേപിക്കേണ്ടത്. കൂടാതെ എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ ജാമ്യക്കാരായി വേണമെന്നും വ്യവസ്ഥയുണ്ട്. ഇതുരണ്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുവന്നിട്ടുള്ള തൊഴിലാളികളെ സംബന്ധിച്ച് അസാധ്യമാണ്. സാധാരണഗതിയില്‍ ജാമ്യം ലഭിക്കാന്‍ കോടതി നിര്‍ദേശിച്ചതാണ് ഈ വ്യവസ്ഥകള്‍. ഇതിനുപുറമെയാണ് ജാമ്യക്കാരെ കണ്ടെത്താൻ സ്വകാര്യ അഭിഭാഷകന്‍ 67,000 രൂപ ആവശ്യപ്പെടുന്നത്. അഭിഭാഷകന്‍ ആവശ്യപ്പെട്ട പണം നല്‍കിയവര്‍ക്ക് ഇവിടെ നിന്നുതന്നെ ജാമ്യക്കാരെ കണ്ടെത്തി അവരെ പുറത്തിറക്കിയിട്ടുണ്ട്. പല തൊഴിലാളികളുടെയും കുടുംബങ്ങള്‍ ഭൂമിയും പശുക്കളെയുമൊക്കെ വിറ്റിട്ടാണ് പണം കണ്ടെത്തിയത്.

ഏതൊരു പൗരനും സൗജന്യ നിയമസഹായം ലഭിക്കാന്‍ അവകാശമുണ്ടെന്നിരിക്കെയാണ് നിസാര കുറ്റങ്ങള്‍ ചുമത്തപ്പെട്ടവര്‍ക്ക് പണില്ലാത്തതിന്റെ പേരില്‍ മാത്രം തടവറയില്‍ കഴിയേണ്ടിവരുന്നത്. ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തമായി അഭിഭാഷകനെ വെക്കാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് നിയമസഹായം ഉറപ്പാക്കാനാണ്. പക്ഷെ കിറ്റെക്‌സ് തൊഴിലാളികളുടെ കാര്യത്തില്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റിയും കാര്യമായി ഇടപെട്ടില്ല. ആദ്യഘട്ടത്തില്‍ കേസ് ഏറ്റെടുത്ത ജില്ലാ ലീഗല്‍ സര്‍വീസ് അതോറ്റി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തയ്യാറായില്ല. കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ പലതവണ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് കേസിന്റെ സ്ഥിതി അറിയാന്‍ ശ്രമിച്ചിരുന്നു.
അപ്പോഴൊക്കെ തൊഴിലാളികള്‍ക്കുവേണ്ടി ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും അത് കോടതി പരിഗണിക്കുമെന്നുമാണ് അവര്‍ അറിച്ചിരുന്നതെന്ന് പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് മാത്യു പറഞ്ഞു. എന്നാല്‍ പിന്നീട് കോലഞ്ചേരി കോടതിയില്‍ അന്വേഷിച്ചപ്പോഴാണ് ലീഗല്‍ സര്‍വീസ് അതോറിറ്റി ഒരു ജാമ്യാപേക്ഷ പോലും നല്‍കിയിട്ടില്ലെന്ന് മനസ്സിലാക്കാനായതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ലോ അതോറിറ്റിയിലെ അഭിഭാഷകന്‍ പറഞ്ഞു. പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷനും ഹ്യൂമന്‍ റൈറ്റ്‌സ് ലോ അതോറിറ്റിയുമാണ് തൊഴിലാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കാൻ ശ്രമം നടത്തുന്നത്.
കേസിന്റെ വഴി, ചൂഷണത്തിന്റെ വഴി
കിഴക്കമ്പലത്ത് സംഘര്‍ഷമുണ്ടായി തൊഴിലാളികള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ത്രിപുരയില്‍ നിന്നുള്ള ഒരു തൊഴിലാളിയുടെ കുടുംബം ഡല്‍ഹിയിലെ ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിന്റെ ഓഫീസില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് കേരളത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് മാത്യുവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കാന്‍ തയ്യാറാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിലെ അഭിഭാഷകനായ അഡ്വ. ഷിയാസ് കെ.ആര്‍. അറിയിച്ചു. ""കേസിന്റെ സ്റ്റാറ്റസ് അറിയുന്നതിന് ജോര്‍ജ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍, അവര്‍ പറഞ്ഞത് അവര്‍ തൊഴിലാളികള്‍ക്കുവേണ്ടി ജാമ്യാപേക്ഷ നല്‍കുന്നുണ്ട് എന്നാണ്. ലീഗല്‍ സര്‍വീസ് അതോറിറ്റി കേസ് ഏറ്റെടുത്തിട്ടുണ്ടെന്ന് ജോര്‍ജ് എന്നെ അറിയിച്ചു. അവര്‍ എന്താണ് ചെയ്യുന്നത് അറിയാന്‍ ഞങ്ങള്‍ രണ്ടാഴ്ച കാത്തിരുന്നു. ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ജോര്‍ജിനെ സമീപിച്ചു. ജോര്‍ജ് വീണ്ടും ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിച്ചപ്പോള്‍, ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും അത് കോടതി പരിഗണിക്കുമെന്നും പറഞ്ഞു. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോള്‍ പല തൊഴിലാളികളുടെയും കുടുംബങ്ങള്‍ ഞങ്ങളെ ബന്ധപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് കേസിന്റെ കാര്യങ്ങള്‍ നീക്കുവാന്‍ വേണ്ടി ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ച് ഞാന്‍ ജനുവരി 30-ന് കേരളത്തിലേയ്ക്ക് വന്നു. തൊട്ടടുത്ത ദിവസം കോലഞ്ചേരി കോടതിയില്‍ പോയപ്പോഴാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അഭിഭാഷകൻ ഒറ്റ ജാമ്യാപേക്ഷ പോലും കോടതിയില്‍ നല്‍കിയിട്ടില്ലെന്ന് അറിയുന്നത്. കേസ് നടത്താതെ സ്വകാര്യ അഭിഭാഷകന് കേസ് കൈമാറുകയാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയ്തത്.''- ഷിയാസ് പറയുന്നു.
അഡ്വ. ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകരാണ് അഞ്ച് ജയിലുകളില്‍ പോയി തൊഴിലാളികളുടെ വക്കാലത്ത് ഒപ്പിട്ടുവാങ്ങിയത്. ജയിലില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഇവിടെ ആരെയും അറിയാത്തതിനാല്‍ നിയമസഹായം നല്‍കാമെന്നുപറഞ്ഞ് ഏതുവക്കീല്‍ വന്നാലും ഒപ്പിട്ടുകൊടുക്കാന്‍ മാത്രമെ കഴിയൂ. 10,000 രൂപ നല്‍കിയ 80 ഓളം തൊഴിലാളികള്‍ക്കുവേണ്ടി മാത്രമാണ് ആളൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അവര്‍ക്കുതന്നെ പുറത്തിറങ്ങണമെങ്കില്‍ വീണ്ടും പണം നല്‍കണം.
സെക്ഷന്‍ 307 ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് 50,000 രൂപയാണ്. ജാമ്യക്കാരെ ലഭിക്കാന്‍ ഒരു കക്ഷിയില്‍ നിന്ന് 67,000 രൂപയാണ് വാങ്ങുന്നത്. 67,000 രൂപ കൊടുക്കുന്നവര്‍ക്ക് രണ്ട് ജാമ്യക്കാരെ കൊടുക്കും. ജാമ്യം ലഭിക്കുമ്പോള്‍ 7000 രൂപ കോടതിയില്‍ നിക്ഷേപിക്കണമെന്നും വ്യവസ്ഥയുണ്ട്. അതായത് ഒരാള്‍ 74,000 രൂപ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട് ചെലവാക്കണം. 10,000 രൂപ അഭിഭാഷകന് നല്‍കുകയും വേണം. അതായത് ലോവര്‍ കോടതിയിലുള്ള കേസില്‍ ജാമ്യം ലഭിക്കാന്‍ ഒരു കക്ഷി 84,000 രൂപ ചെലവാക്കണം. ആകെയുള്ള 174 കക്ഷികളും ജാമ്യം ലഭിക്കാന്‍ 84,000 രൂപ ചെലവാക്കേണ്ടിവരുമായിരുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്ക് ഇടപെട്ടതുകൊണ്ട് 45 പേരെയെങ്കിലും ഇതില്‍ നിന്ന് രക്ഷപ്പെടുത്താനായതായി ഷിയാസ് പറഞ്ഞു.
വാദിക്കില്ല, വാദിക്കാന്‍ അനുവദിക്കുകയുമില്ല!
മുതിര്‍ന്ന അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ലാത്ത തൊഴിലാളികള്‍ക്കുവേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് താന്‍ അനുമതി തേടിയതെന്നും എന്നാല്‍ കേസ് ഏറ്റെടുത്ത അഭിഭാഷകന്‍ അതിന് അനുവദിക്കുന്നില്ലെന്നുമാണ് അഡ്വ. ഷിയാസ് പറയുന്നത്. തൊഴിലാളികളുടെ മുഴുവന്‍ വക്കാലത്ത് തന്റെ കൈയിലാണെന്നും അതിനാല്‍ മറ്റാര്‍ക്കും അവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നുമാണ് ആളൂരിന്റെ വാദം.
വക്കാലത്ത് കൈയിലില്ലെങ്കിലും ഒരു അഭിഭാഷകന് മെമോ ഓഫ് അപ്പിയറന്‍സ് ഫയല്‍ ചെയ്ത് കക്ഷിക്കുവേണ്ടി കോടതിയില്‍ ഹാജരാകാമെന്ന് വ്യവസ്ഥയുണ്ട്. അടുത്ത ഹിയറിങ്ങിന് മുമ്പോ അല്ലെങ്കില്‍ കോടതി പറയുന്ന നിശ്ചിതസമയത്തിനകമോ വക്കാലത്ത് നേടിയാല്‍ മതി. ജാമ്യാപേക്ഷ നല്‍കാത്ത 89 തൊഴിലാളികള്‍ക്കുവേണ്ടി കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ. ഷിയാസ് മെമോ ഓഫ് അപ്പിയറന്‍സ് നല്‍കിയി ഹാജരായി. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വാദം കേള്‍ക്കല്‍.
‘‘ഒരേ കുറ്റം ചാര്‍ത്തപ്പെട്ട എല്ലാവരുടെയും വക്കാലത്ത് കൈയിലുള്ളപ്പോള്‍ വിവേചനപരമായി ചിലര്‍ക്ക് മാത്രം വേണ്ടി ജാമ്യാപേക്ഷ നല്‍കുകയാണ് ആളൂര്‍ ചെയ്തത്. മറ്റുള്ളവരുടെ വക്കാലത്ത് ഓഫീസില്‍ വെക്കുകയും മുള്ള അഭിഭാഷകരെ അവര്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് തടയുകയുമാണ് ചെയ്തത്. ഇത് പ്രൊഫഷണല്‍ എത്തിക്‌സിന് എതിരാണ്’’- അഡ്വ. ഷിയാസ് ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളിക്ക് സൗജന്യമായി നിയമസഹായം ലഭിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി താന്‍ ഹാജരാകുമെന്ന് ഷിയാസ് മുതിര്‍ന്ന അഭിഭാഷകനെ അറിയിച്ചു. കുറ്റാരോപിതര്‍ക്ക് കേസിന്റെ ഏത് ഘട്ടത്തിലും അവരുടെ വക്കീലിനെ മാറ്റാനുള്ള അധികാരമുണ്ടെന്ന് സുപ്രീം കോടതി തന്നെ മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ആളൂര്‍ കോടതിയില്‍ പ്രതിഷേധിച്ചു. താത്പര്യമുള്ള തൊഴിലാളികളുടെ വക്കാലത്ത് അദ്ദേഹത്തില്‍ നിന്ന് തിരിച്ചുവാങ്ങാനുള്ള അപേക്ഷ നല്‍കാമെന്ന് കോടതിയെ അറിയിച്ച ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിലെ അഡ്വ. ഷിയാസും അഡ്വ. ഭാരതിയും തൊട്ടടുത്ത ദിവസം തൊഴിലാളികളെ കാണാൻ ജയിലുകളില്‍ പോയി. അഡ്വ. ഷിയാസ് വിയ്യൂര്‍ ജയിലിലും അഡ്വ. ഭാരതി കാക്കനാട് ജയിലിലുമാണ് പോയത്.
തൊഴിലാളികളെ കാണാന്‍ ജയിലധികൃതര്‍ അവരെ അനുവദിച്ചില്ല. മുതിര്‍ന്ന അഭിഭാഷകന്റെ ജൂനിയേഴ്‌സ് വക്കാലത്ത് എടുത്തിട്ടുണ്ട്, ഒരേ കേസില്‍ ഒന്നിലധികം അഭിഭാഷകര്‍ക്ക് വക്കാലത്ത് എടുക്കാന്‍ ജയിലില്‍ അവസരം കൊടുക്കില്ല എന്നു പറഞ്ഞാണ് അവര്‍ ഇവരെ തടഞ്ഞത്. ഇക്കാര്യം കോടതിയെ ധരിപ്പിച്ചപ്പോള്‍, കക്ഷികളെ കാണാന്‍ അനുവദിച്ചുകൊണ്ടുള്ള ഓര്‍ഡര്‍ കോടതി ഷിയാസിനും ഭാരതിക്കും നല്‍കി. ആ ഓര്‍ഡറുമായി അടുത്ത ദിവസം വീണ്ടും പോയപ്പോള്‍ ജയിലധികൃതര്‍ തൊഴിലാളികളെ കാണാന്‍ സമ്മതിച്ചു. കേസ് നടത്താനുള്ള സാമ്പത്തികശേഷിയില്ലെങ്കില്‍ സൗജന്യമായി നിയമസഹായം നല്‍കാമെന്ന് തൊഴിലാളികളെ അറിയിച്ചു. ജാമ്യാപേക്ഷയില്‍ മാത്രമല്ല, ഈ കേസിന്റെ എല്ലാ ഘട്ടത്തിലും, അതായത് ലോവര്‍ കോടതി മുതല്‍ ഭരണഘടനാ കോടതി വരെ ഏതുതലം വരെയും കേസ് നടത്താന്‍ തയ്യാറാണെന്നും അവരെ ധരിപ്പിച്ചു. മറ്റൊരു വക്കീലിന് ഒപ്പിട്ട് കൊടുത്തിട്ടുണ്ടെന്നും അത് പ്രശ്‌നമാകുമോ എന്നുമായിരുന്നു തൊഴിലാളികളുടെ ആശങ്ക. ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയും കോടതിയില്‍ സമര്‍പ്പിക്കാനുള്ള അപേക്ഷ കക്ഷികളുടെ ഭാഷയിലേക്ക് തര്‍ജമ ചെയ്ത് അവരെ കാണിക്കുകയും ചെയ്തു. യാതൊരു സമ്മര്‍ദവുമില്ലെന്നും നിങ്ങളുടെ വക്കീല്‍ ഇതുവരെ ജാമ്യാപേക്ഷ നല്‍കിയിട്ടില്ലെന്നും വക്കീലിനെ മാറ്റണമെന്ന് താത്പര്യമുള്ളവര്‍ക്ക് ഇതില്‍ ഒപ്പുവെക്കാമെന്നും പറഞ്ഞു. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ട തൊഴിലാളികള്‍ അഭിഭാഷകനെ മാറ്റണമെന്ന അപേക്ഷയില്‍ ഒപ്പിടുകയും വക്കാലത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിലെ അഭിഭാഷകര്‍ക്ക് കൊടുക്കുകയും ചെയ്തു. നിസാര വകുപ്പുകള്‍ ചുമത്തിയിട്ടുള്ള എഫ്.ഐ.ആര്‍. 1588-ലുള്ള 68 തൊഴിലാളികളാണ് വക്കാലത്ത് കൊടുത്തത്.
വക്കാലത്ത് മാറ്റുന്നതിനുള്ള വാദം മൂന്നുനാല് ദിവസം നീണ്ടുനിന്നപ്പോള്‍ അഭിഭാഷകനെന്ന നിലയില്‍ താന്‍ വലിയ സംഘര്‍ഷത്തിലായെന്ന് അഡ്വ. ഷിയാസ് പറയുന്നു. തന്റെ അപേക്ഷ പരിഗണിക്കണമെന്നും അതില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ബാര്‍ കൗണ്‍സിലില്‍ പോകട്ടെയെന്നും ഷിയാസ് കോടതിയോട് പറഞ്ഞു.
ആളൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാത്ത തൊഴിലാളികള്‍ക്കുവേണ്ടി മെമ്മോ ഓഫ് അപ്പിയറന്‍സ് നല്‍കി ഹാജരായ അഡ്വ. ഷിബിക്കും സമാനമായ അനുഭവമാണുണ്ടായത്. ""ഈ തൊഴിലാളികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ഹാജരായതെന്നും എന്നാല്‍ കോടതിയില്‍ വെച്ച് ആളൂര്‍ താന്‍ അദ്ദേഹത്തിന്റെ കക്ഷികളെ തട്ടിയെടുത്തുവെന്ന് പരാതിപ്പെട്ടുവെന്നും അഡ്വ.ഷിബി പറഞ്ഞു. കോടതിയില്‍ കെട്ടിവെക്കാനുള്ള പണവും യാത്രാച്ചെലവായി 1000 രൂപയും മാത്രമാണ് ഞങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ആളൂര്‍ ഒരുലക്ഷത്തിലേറെ രൂപ വരെ ആവശ്യപ്പെടുന്നുണ്ട്.""- അഡ്വ. ഷിബി പറഞ്ഞു. കോടതിയില്‍ വാദം നടക്കുന്നതിനിടയിലും ആളൂര്‍ ഭീഷണിപ്പെടുത്തിയതായി ഷിബി പറഞ്ഞു. ആളൂരിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കാന്‍ തീരുമാനിച്ചതായും അവര്‍ പറഞ്ഞു.
""മനുഷ്യാവകാശ സംഘടനയുടെ ആളുകള്‍ വന്ന് പെറ്റീഷന്‍ നല്‍കിയതുകൊണ്ടാണ് കേസ് നീണ്ടുപോകുന്നതെന്നും കക്ഷികള്‍ ജയിലിലില്‍ തുടരുന്നതെന്നുമാണ് കോടതി പറഞ്ഞത്. എന്നാല്‍ സത്യമതല്ല, ഞങ്ങള്‍ ഇടപെട്ടതുകൊണ്ടുമാത്രമാണ് കേസ് പരിഗണിക്കപ്പെട്ടത്. ഞങ്ങളിവിടെ വന്നില്ലെങ്കില്‍ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കുകയില്ലായിരുന്നു. മറ്റൊരു വക്കീലിനെ ഹാജരാകാന്‍ അനുവദിക്കുകയുമില്ല. ഞങ്ങള്‍ കാരണമാണ് തൊഴിലാളികള്‍ ജയിലില്‍ തുടരേണ്ടിവരുന്നതെന്ന കോടതിയുടെ പരാമര്‍ശം വലിയ മാനസിക സംഘര്‍ഷത്തിനിടയാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ള കക്ഷികളുടെ വക്കാലത്തിനുവേണ്ടിയുള്ള അപേക്ഷ ഇപ്പോള്‍ മുന്നോട്ടുവെക്കുന്നില്ലെന്നും ഒബ്ജക്ഷന്‍ ഇല്ലാത്ത അപേക്ഷകളില്‍ രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. വക്കാലത്ത് മാറ്റാന്‍ സമര്‍പ്പിച്ചിട്ടുള്ള ഒറ്റ അപേക്ഷ പോലും പിന്‍വലിക്കില്ലെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്ന് 45 പേരുടെ വക്കാലത്ത് കോടതി ഞങ്ങള്‍ക്ക് അനുവദിച്ചു. ബാക്കി ഇരുപതോളം പേരുടെ കാര്യത്തില്‍ കോടതി ഞങ്ങളുടെ വാദങ്ങളെ അംഗീകരിച്ചില്ല. അത് മുതിര്‍ന്ന അഭിഭാഷകന് കൊടുക്കുകയാണ് ചെയ്തത്.''- ഷിയാസ് വിശദീകരിച്ചു.
വക്കാലത്ത് മാറ്റുന്നതിനുള്ള നടപടികളെക്കുറിച്ചും കേസ് നടത്തിപ്പിനെക്കുറിച്ചും തൊഴിലാളികള്‍ക്ക് ഒന്നുമറിയില്ല. അതുകൊണ്ടാണ് അവര്‍ മുതിര്‍ന്ന അഭിഭാഷകന്റെ പേര് കോടതി പറഞ്ഞപ്പോള്‍ അത് അംഗീകരിച്ചത്.
""ആളുകളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് താത്പര്യമുള്ള നിരവധി അഭിഭാഷകര്‍ കേരളത്തിലുണ്ട്. പക്ഷെ ഇത്തരത്തിലുള്ള ചില അഭിഭാഷകരുടെ ഇടപെടല്‍ മൂലം അഭിഭാഷക സമൂഹം മൊത്തമായി അപമാനിക്കപ്പെടുകയാണ്. കക്ഷികളെ ചൂഷണം ചെയ്യുന്നവരായിട്ട് പൊതുസമൂഹം അഭിഭാഷകരെ തെറ്റിദ്ധരിക്കുകയാണ്.''- അഡ്വ. ഷിയാസ് പറയുന്നു.
അഡ്വ. ആളൂരില്‍ നിന്ന് മോശം അനുഭവമുണ്ടായതായി ചില അഭിഭാഷകര്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.
സുപ്രീം കോടതിവിധി പോലും ബാധകമല്ല
തൊഴിലാളികൾക്ക് ജാമ്യം കിട്ടാൻ എറണാകുളത്തുനിന്നുള്ള ജാമ്യക്കാര്‍ വേണമെന്ന വ്യവസ്ഥ യഥാര്‍ഥത്തില്‍, അവർക്ക് ജാമ്യം നിഷേധിക്കുന്നതിന് തുല്യമാണ്. കാരണം, അവര്‍ക്ക് ഇവിടെനിന്ന് ജാമ്യക്കാരെ കിട്ടുക അസാധ്യമാണ്.

മോത്തി റാം കേസില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സുപ്രീം കോടതിയില്‍ പുറപ്പെടുവിച്ച വിധിന്യായത്തിലുള്ളത്, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവരുടെ നാട്ടില്‍ നിന്ന് ജാമ്യക്കാരെ കൊണ്ടുവരാൻ അവസരം കൊടുക്കണമെന്നാണ്. ഒരാള്‍ക്കും മറ്റൊരു സംസ്ഥാനത്ത് പോയാല്‍ അവിടെ നിന്ന് ജാമ്യക്കാരെ ലഭിക്കില്ല. ഈ വിധിന്യായം മജിസ്‌ട്രേറ്റ് കോടതിയെ ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിലെ അഭിഭാഷകര്‍ ധരിപ്പിച്ചിരുന്നു.
സെഷന്‍സ് കോടതിയില്‍ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട വാദത്തില്‍ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അംഗീകരിക്കുകയും തൊഴിലാളിക്ക് എവിടെ നിന്നു വേണമെങ്കിലും ജാമ്യക്കാരെ കൊണ്ടുവരാമെന്നുള്ള വ്യവസ്ഥ വെക്കുകയും ചെയ്തു. പൊലീസിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ഗൗരവതരമായ കുറ്റകൃത്യമാണ് സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ളത്. എന്നിട്ടും അവിടെ സുപ്രീംകോടതിയുടെ വിധി പരിഗണിച്ച് ഇങ്ങനെയൊരു തീരുമാനമെടുത്തു. ഈയൊരു ഘട്ടത്തില്‍ ജാമ്യവ്യവസ്ഥ ലഘൂകരിക്കാന്‍ ആവശ്യപ്പെട്ട് ഉയര്‍ന്ന കോടതിയില്‍ പോവുക എന്നുള്ളതാണ് ചെയ്യാനുള്ളത്. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്‍ അത് ചെയ്യാതെ കക്ഷികളില്‍ നിന്ന് പണം നേടിയെടുക്കാനാണ് ശ്രമിച്ചത്.
മജിസ്‌ട്രേറ്റ് കോടതിയുടെ വ്യവസ്ഥ മാറ്റാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് ഹരിപാലിന്റെ സിംഗിള്‍ ബെഞ്ച് അപേക്ഷ അംഗീകരിച്ച് എറണാകുളത്തുനിന്നുള്ള ജാമ്യക്കാര്‍ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊടുത്തു.
""പാലിക്കാന്‍ പറ്റാത്ത തരത്തിലുള്ള ജാമ്യവ്യവസ്ഥയുള്ള അവസ്ഥയുണ്ടാകുമ്പോള്‍ ഏതൊരു വക്കീലും ചെയ്യേണ്ടത് ഉയര്‍ന്ന കോടതിയില്‍ പോവുക എന്നതാണ്. തൊഴിലാളികള്‍ക്ക് പണമില്ലാത്തതുകൊണ്ട് ചിലപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കില്ല. അപ്പോള്‍ അവര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് സൗജന്യ നിയമസഹായം ലഭ്യമാക്കാന്‍ വക്കീലിന് കക്ഷികളെ സഹായിക്കാനാകും. പക്ഷെ ഇത്തരത്തില്‍ ജാമ്യവ്യവസ്ഥ ലഘൂകരിക്കാനുള്ള ഒരു നീക്കവും ഞങ്ങളൊഴികെയുള്ള അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഞങ്ങള്‍ സമീപിച്ചപ്പോള്‍ ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തു. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ്. രാജീവാണ് സൗജന്യമായിട്ട് ഹൈക്കോടതിയില്‍ കേസ് വാദിച്ചത്. കേസിന്റെ എല്ലാ ഘട്ടത്തിലും സഹായം ചെയ്യാമെന്ന് അദ്ദേഹം ഏറ്റിട്ടുണ്ട്.''- അഡ്വ. ഷിയാസ് പറഞ്ഞു.
94,000-ലധികം രൂപ വക്കീല്‍ വാങ്ങിയതായാണ് കിറ്റെക്‌സ് സംഘര്‍ഷത്തില്‍ പെട്ട കക്ഷികളിലൊരാള്‍ പറഞ്ഞത്. അഭിഭാഷകര്‍ ഫീസ് വാങ്ങേണ്ട എന്നല്ല, പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്ന നിസ്സഹായരായ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യമായാണ് കാണേണ്ടത്. പണമുണ്ടെങ്കില്‍ മാത്രമെ നീതി കിട്ടുകയുള്ളൂ എന്നത് വളരെ വ്യക്തമാണ്. വക്കീലിന് നല്‍കാന്‍ പണമില്ലാത്തവര്‍ക്ക് നീതി കിട്ടില്ല. നീതി തേടി ഉയര്‍ന്ന കോടതികളില്‍ പോകാനും സാധിക്കില്ല. നീതിന്യായ വ്യവസ്ഥയുടെ പരാജയത്തിന്റെ വലിയൊരു ഉദാഹരണമായി ഈ കേസിനെ കാണാം.
ജാമ്യവ്യവസ്ഥ ലഘൂകരിച്ചു, പക്ഷെ
ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിന്റെയും പ്രോഗ്രസീവ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്റെയും ഇടപെടലുകളുടെ ഫലമായി ജാമ്യവ്യവസ്ഥ ലഘൂകരിക്കാനുള്ള ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് നേടിയെടുക്കാനായി. ഹൈക്കോടതി ജാമ്യവ്യവസ്ഥ ലഘൂകരിച്ചപ്പോള്‍ ജയിലില്‍ കഴിയുന്ന എല്ലാവരുടെയും കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് വിവരം അറിയിച്ചതായി അഡ്വ. ഷിയാസ് പറഞ്ഞു. കേസ് ഇത്തരത്തിലാണെന്നും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അവരെ അറിയിച്ചു. മജിസ്‌ട്രേറ്റ് കോടതിയില്‍ കേസുള്ളവര്‍ക്ക് 7000 രൂപയും സെഷന്‍സ് കോടതിയില്‍ കേസുള്ളവര്‍ക്ക് 10,000 രൂപയും നിക്ഷേപിക്കണമെന്നും നാട്ടില്‍ നിന്ന് ജാമ്യാക്കാരെ കൊണ്ടുവരാമെന്നുമാണ് പുതിയ വ്യവസ്ഥ. സെഷന്‍സ് കോടതിയുടെ വ്യവസ്ഥ പ്രകാരം ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വത്തുള്ള രണ്ടുപേരാണ് ഒരാള്‍ക്ക് ജാമ്യത്തിന് വേണ്ടത്. മജിസ്‌ട്രേറ്റ് കോടതിയില്‍ 50,000 രൂപ മൂല്യമുള്ള സ്വത്തുള്ള രണ്ടാളുകളാണ് വേണ്ടത്. എന്നാല്‍ ഈ വ്യവസ്ഥയും ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ കുടുംബങ്ങളെ സംബന്ധിച്ച് അസാധ്യമാണ്.
ഈ തൊഴിലാളികളുടെ നാട്ടില്‍ ഒരുലക്ഷം രൂപ മൂല്യമുള്ള ഭൂമിയുള്ള ആരും ഉണ്ടാകാനിടയില്ലെന്നതാണ് യാഥാര്‍ഥ്യം. അഥവാ അങ്ങനെയാരെങ്കിലുമുണ്ടെങ്കില്‍ അവരുടെ ബന്ധുക്കള്‍ കേരളത്തിലേക്ക് ഒരിക്കലും ജോലി തേടി വരികയുമില്ല. അതായത് അവരുടെ നാട്ടില്‍ നിന്ന് ജാമ്യത്തിന് വേണ്ടി ഒരാളെ കൊണ്ടുവരാനോ അല്ലെങ്കില്‍ കേരളത്തിലെ അഭിഭാഷകര്‍ക്ക് പണം നല്‍കി ജാമ്യക്കാരെ നേടാനുള്ള ശേഷിയോ ഈ തൊഴിലാളികള്‍ക്കില്ല. ഈ ഘട്ടത്തില്‍ കേരളത്തിലെ അഭിഭാഷകരും സര്‍ക്കാരും പൊതുപ്രവര്‍ത്തകരുമൊക്കെയാണ് ഇടപെടേണ്ടത്. എന്നാല്‍ ‘അന്യരായ’, വോട്ട് ബാങ്കുകളല്ലാത്ത ഈ തൊഴിലാളികളുടെ കാര്യത്തില്‍ ഇവിടെയാര്‍ക്കും ഒരു താത്പര്യവുമില്ല.

മൂന്നുമാസമായി തടവറയില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളുടെ മോചനത്തിനായി എന്ത് ചെയ്യാന്‍ കഴിയുമെന്ന ആലോചനയിലാണെന്നും ഇക്കാര്യം കേരളത്തിലെ ചില അഭിഭാഷരുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അഡ്വ. ഷിയാസ് പറഞ്ഞു. സുപ്രീം കോടതി വരെയാണെങ്കിലും തൊഴിലാളികള്‍ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം നാട്ടില്‍ ജോലിയില്ലാത്തതിനാല്‍ ജീവിതമാര്‍ഗം തേടി കേരളത്തിലെത്തിയ തൊഴിലാളികള്‍ എല്ലാതരത്തിലും വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേസ് നടത്താതെയും പണം ആവശ്യപ്പെട്ടും നിരന്തരം വഞ്ചിക്കുന്ന ചില അഭിഭാഷകര്‍ ഒരു ഭാഗത്ത്. തൊഴില്‍ദാതാവിന്റെ ഭാഗത്തുനിന്നുള്ള വഞ്ചന മറുഭാഗത്ത്. തൊഴിലാളികളുടെ പേരില്‍ കേസെടുത്തിരിക്കുന്നത് അന്യായമായാണെന്ന് കിറ്റെക്സ് ഗാര്‍മെന്റ്‌സ് ഉടമ സാബു എം. ജേക്കബ് നേരത്തെ പറഞ്ഞിരുന്നെങ്കിലും തൊഴിലാളികള്‍ക്ക് ജാമ്യം ലഭിക്കാനോ ജയിലില്‍ കഴിയുന്ന തഴിലാളികളുടെ കുടുംബാംഗങ്ങളുടെ ആശങ്ക പരിഹരിക്കാനോ ഇത്രകാലമായിട്ടും ഒന്നും ചെയ്തിട്ടില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അഭിഭാഷകര്‍ക്ക് തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള അവസരമുണ്ടാക്കിക്കൊടുത്തതില്‍ സ്ഥാപനത്തിന് ഉത്തരവാദിത്തമുണ്ടെന്നും പറയേണ്ടിവരും. തൊഴിലാളികള്‍ ജയിലിലാണെന്നറിഞ്ഞപ്പോള്‍ ചിലരുടെ കുടുംബാംഗങ്ങള്‍ കിറ്റെക്‌സില്‍ ബന്ധപ്പെട്ടിരുന്നു. അവിടെ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാണ് അവര്‍ അഭിഭാഷകനുമായി ബന്ധപ്പെട്ടത്.
അഭിഭാഷകരുടെ ചൂഷണത്തിനും തൊഴിലുടമയുടെ അവഗണയ്ക്കുമൊപ്പം, തൊഴിലാളികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സര്‍ക്കാരും നീതിന്യായ സംവിധാനവും ഫലത്തിൽ അവരെ കൈയൊഴിഞ്ഞ അവസ്ഥയാണിപ്പോൾ.
ഷഫീഖ് താമരശ്ശേരി
Jun 09, 2022
5 Minutes Watch
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
ദില്‍ഷ ഡി.
May 26, 2022
9 Minutes Watch
സിവിക് ചന്ദ്രൻ
May 03, 2022
1.7 minutes Read
കെ.വി. ദിവ്യശ്രീ
Apr 21, 2022
14.1 minutes Read
മനില സി.മോഹൻ
Mar 29, 2022
28 Minutes Watch
കെ.വി. ദിവ്യശ്രീ
Feb 23, 2022
10 Minutes Watch
റ്റോറി
22 Mar 2022, 12:34 PM
പ്രശ്നം ആര് പരിഹരിക്കും