പൊലീസിനെ എനിക്ക് പേടിയായിരുന്നു,
ആ കൊടും പീഡനത്തോടെ പേടി പോയി
പൊലീസിനെ എനിക്ക് പേടിയായിരുന്നു, ആ കൊടും പീഡനത്തോടെ പേടി പോയി
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അതിക്രൂരമായ പീഡനത്തിനിരയായ 'ഡയറ്റ്' അധ്യാപകന്‍ കെ.കെ. സുരേന്ദ്രന്‍, 17 വര്‍ഷത്തിനുശേഷം ലഭിച്ച നീതിയെക്കുറിച്ചും ആദിവാസി സമൂഹത്തിന്റെ വര്‍ത്തമാനകാല സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു
18 Jan 2021, 10:00 AM
‘‘നീയും പണിയനാണോടാ, നിന്റെ അമ്മയ്ക്കുണ്ടായ മറ്റു മക്കളൊക്കെ പൊലീസുകാര്‍ക്ക് ഉണ്ടായതാണോ, അതുകൊണ്ടാണോ നീ പൊലീസുകാരെ വെട്ടാന്‍ ആദിവാസികള്‍ക്ക് ക്ലാസെടുത്തത്’’; 2003 ഫെബ്രുവരി 22ന് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്‌റ്റേഷനിലെ HC വസന്തകുമാര്‍ കെ. കെ. സുരേന്ദ്രനെ നോക്കി ആക്രോശിച്ചു. ശരീരത്തിനും ആത്മാഭിമാനത്തിനും ഏറ്റ കൊടും പീഡനത്തെതുടര്‍ന്ന് ഉറങ്ങാതെ കിടന്ന ആ രാത്രിയും ശരീരത്തിന്റെ ഓരോ ഇഞ്ചിലും അനുഭവപ്പെട്ട കഠിനവേദനയും മറക്കാനാവുന്നില്ലെന്ന്, 17 വര്‍ഷത്തിനുശേഷവും സുരേന്ദ്രന്‍ പറയുന്നു. വയനാട്ടിലെ മുത്തങ്ങയില്‍ 2003ൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ ഭൂസമരവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സുല്‍ത്താന്‍ ബത്തേരി ‘ഡയറ്റ്' സീനിയര്‍ ലക്ചറര്‍ ആയിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബത്തേരി സബ് കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആദിവാസികള്‍ക്കെതിരായ അതിക്രമം അന്വേഷിക്കണമെന്ന ആവശ്യം അട്ടിമറിക്കുകയും ഇനിയൊരു മൂവ്‌മെന്റിനുള്ള സാധ്യത ഇല്ലാതാക്കാന്‍ ആ ജനതയെ ആകെ ക്രൂരനടപടികളാല്‍ ഭീതിയിലാക്കുകയും ചെയ്ത ഭരണകൂടത്തിനും പൊലീസിനും എതിരായ ചെറുത്തുനില്‍പ്പിന്റെ അനുഭവമാണ് സുരേന്ദ്രന്‍ പറയുന്നത്, ഒപ്പം, മുത്തങ്ങ സമരം വയനാട്ടിലെ ആദിവാസി സമൂഹത്തിലുണ്ടായ ആഘാതത്തെക്കുറിച്ചും.
കെ. കണ്ണന്‍: 17 വര്‍ഷത്തിനുശേഷമാണെങ്കില്‍ കൂടി താങ്കള്‍ക്കരികിലേക്ക് നീതിയുടെ നേരിയ ഒരാശ്വാസമെത്തി. ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഓര്‍മ വന്നത്, വാര്‍ത്തയില്‍ ഇല്ലാതിരുന്ന ചിലരെയാണ്. അതായത്, 2003 ഫെബ്രുവരി 22 ന് താങ്കളെ പിടികൂടി മര്‍ദ്ദിച്ച് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ അവിടെ താങ്കള്‍ കണ്ട, മര്‍ദ്ദനമേറ്റ് കരയുന്ന കുഞ്ഞുങ്ങളെയും സ്ത്രീകളെയും. അവര്‍ക്കെന്തു സംഭവിച്ചു?
കെ.കെ. സുരേന്ദ്രന്‍: അവരെല്ലാം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. കുറെപേരെ പിന്നീട് സി.ബി.ഐയും പ്രതി ചേര്‍ത്തിട്ടുണ്ടാകാം. കുട്ടികളെ ജയിലില്‍ റിമാന്റു ചെയ്ത സംഭവത്തില്‍ ഇടപെടലുണ്ടാകുകയും കുട്ടികളെ ജയിലിലയച്ച മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പക്ഷെ, തുടര്‍ന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു, കുട്ടികള്‍ക്ക് സഹായം കൊടുക്കണമെന്നുപറഞ്ഞ്. പക്ഷെ, ആ കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തതായി അറിയില്ല. അന്ന് മര്‍ദ്ദനമേറ്റ ചില കുട്ടികള്‍ക്ക് മാനസികമായും മറ്റും ബുദ്ധിമുട്ടുണ്ടായിരുന്നു. ആ കുട്ടികള്‍ സര്‍ക്കാരാശുപത്രികളില്‍ പോയി ചികിത്സ നേടി എന്നതല്ലാതെ സര്‍ക്കാര്‍ സഹായം കിട്ടിയില്ല.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആദിവാസികള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന് ദേശീയതലത്തില്‍ തന്നെ ആവശ്യമുയര്‍ന്നിരുന്നുവല്ലോ. അതിന്റെ തുടര്‍നടപടികളെന്തായിരുന്നു?
ആദിവാസികള്‍ക്കുനേരെ അന്നുണ്ടായ അതിക്രമങ്ങള്‍ അന്വേഷിക്കപ്പെട്ടില്ല. ചീഫ് സെക്രട്ടറിയും അന്നത്തെ ഡി.ജി.പിയും കൊടുത്ത റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട്, മുത്തങ്ങ സംഭവത്തെ തുടര്‍ന്നുണ്ടായ പൊലീസ് അതിക്രമം അടക്കമുള്ളവ കൂടി അന്വേഷിക്കണമെന്ന് ദേശീയ മനുഷ്യവകാശ കമീഷനും പട്ടികവര്‍ഗ കമീഷനും ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്. പക്ഷെ, ടേംസ് ഓഫ് റഫറന്‍സില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന വിനോദിന്റെ മരണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രമേ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയുള്ളൂ. മനുഷ്യവകാശ കമീഷന്റെയും പട്ടികവര്‍ഗ കമീഷന്റെയും ഉത്തരവുകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണുണ്ടായത്.

അതുകൊണ്ടുതന്നെ ആ കാര്യം ഇന്നുവരെ അന്വേഷിക്കപ്പെട്ടിട്ടില്ല. ഞാനടക്കമുള്ളവര്‍ അനുഭവിച്ച പീഡനങ്ങള്‍ക്കെതിരായ ഒരേയൊരു പ്രതിഷേധം എന്നു പറയുന്നത് സത്യത്തില്‍ എന്റെ ഈ കേസുകളാണ്. ഞാന്‍ സിവില്‍ കേസിനോടൊപ്പം അന്ന് ഒരു ക്രിമിനല്‍ കേസുകൂടി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ക്രിമിനല്‍ കേസിന്റെ നടപടിക്രമങ്ങളിലേക്ക് വന്നപ്പോഴേക്കും പൊലീസ് സുപ്രീംകോടതിയെ സമീപിച്ചു, അവര്‍ക്കുള്ള സുരക്ഷയെ ചൂണ്ടിക്കാട്ടി അത് തള്ളി. അതുകൊണ്ടുതന്നെ മുത്തങ്ങയില്‍ ആദിവാസികള്‍ക്കും എന്നെപ്പോലുള്ളവര്‍ക്കും നേരെയുണ്ടായ എല്ലാവിധ അതിക്രമങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള ഒരേയൊരു കേസായി ഇത് മാറി. എന്റെ കേസിന്റെ പ്രസക്തി തന്നെ അതാണ്. കേരളീയ സമൂഹം ആദിവാസികളോട് കാണിച്ച അതിക്രമങ്ങളും അന്യായങ്ങളും അന്വേഷിക്കപ്പെട്ടില്ല, അവയ്ക്ക് തുടര്‍നടപടികളുണ്ടായില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.
Also Read: പൊലീസ് ഇടിച്ചുപിഴിഞ്ഞ ഒരു ജീവിതം ഇതാ, അധികാരത്തെ തോല്‍പ്പിച്ചിരിക്കുന്നു | കെ. കെ. സുരേന്ദ്രൻ
ആദിവാസി സമൂഹത്തെ ശ്രദ്ധിച്ചുതുടങ്ങിയത് എന്നുമുതലാണ്?
ബാല്യം മുതല്‍ ആദിവാസി സമൂഹവുമായി എനിക്ക് നല്ല ബന്ധമുണ്ട്. ഞാന്‍ താമസിക്കുന്ന കോളിയാടി ഗ്രാമത്തില്‍ കുറിച്യര്‍ ഒഴികെയുള്ളവരെല്ലാമുണ്ട്. കുറുമര്‍, കാട്ടുനായ്ക്കര്‍, പണിയര്‍, ഊരാളിമാര്‍ തുടങ്ങി എല്ലാ വിഭാഗം ആദിവാസികളും ഞാന്‍ താമസിച്ചിരുന്നതിന്റെ ചുറ്റുവട്ടത്തുമുണ്ടായിരുന്നു. ബാല്യത്തില്‍ കുറുമ വിഭാഗക്കാരല്ലാതെ മറ്റു ആദിവാസി വിഭാഗങ്ങളില്‍നിന്ന് സ്‌കൂളില്‍ പഠിച്ചിരുന്നില്ല. 1975നുശേഷമായിരിക്കും കുട്ടികള്‍ സ്‌കൂളില്‍ വരാനെങ്കിലും തുടങ്ങിയത്. എന്റെ അച്ഛന്റെ അച്ഛനാണ് തിരുവിതാംകൂറില്‍നിന്ന് ഇങ്ങോട്ടു കുടിയേറുന്നത്. തിരുവിതാംകൂറിലെ ദളിത് വിഭാഗക്കാരാണ് ഞങ്ങള്‍. ഇവിടെ വന്നിട്ടും കുടിയേറ്റക്കാരുടെ വീടുകളില്‍ ജോലിക്ക് പോയിരുന്നു. അതുകൊണ്ടുതന്നെ മറ്റു കുടിയേറ്റക്കാരെപ്പോലെ ഭൂമിയും കാര്യങ്ങളുമൊന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും കൃഷിപ്പണിക്കും കൂലിപ്പണിക്കും പോകുന്നവരാണ്. അമ്മയൊക്കെ ഞാറു നടാനും കൊയ്യാനും പോകുമ്പോള്‍ പണിയ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ഒപ്പമുണ്ടാകും. കറുപ്പി എന്ന സ്ത്രീയെ ഇപ്പോഴും ഞാനോര്‍ക്കുന്നു. അവര്‍ ഇപ്പോഴുമുണ്ട്. നമ്മളോടൊക്കെ വലിയ സ്‌നേഹമാണ്.

ദളിത് എന്ന നിലയില്‍ നമ്മള്‍ അനുഭവിച്ചിരുന്ന വിഷയങ്ങള്‍ തന്നെ സമാനമായോ അതിലും കൂടുതലോ അനുഭവിച്ചവരാണ് ആദിവാസികള്‍ എന്ന നിലക്ക് അവരോട് ചെറുപ്പം മുതല്‍ സഹഭാവം മനസ്സിലുണ്ടായിരുന്നു. പിന്നീട് അധ്യാപകനായ സമയത്തും ആദിവാസി കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. സ്‌കൂളിലും ‘ഡയറ്റി’ലും അധ്യാപകനായിരുന്നപ്പോള്‍ ട്രൈബല്‍ എഡ്യുക്കേഷനുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഡ്രോപ്പൗട്ടും മറ്റും അന്വേഷിക്കുമായിരുന്നു. ‘ഡയറ്റി’ലായതുകൊണ്ട് അത്തരത്തില്‍ ചില അധ്യാപക പരിശീലനങ്ങളൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്. അതൊക്കെ ഞാന്‍ ഇത്തരം അന്വേഷണങ്ങള്‍ക്കും പഠനത്തിനുമായി നീക്കിവെച്ചു. അതിനൊന്നും ഒരു തുടര്‍ച്ചയുണ്ടാക്കാനായില്ലെങ്കിലും ആത്മാര്‍ഥമായിട്ടാണ് ഇതെല്ലാം ചെയ്തത്. അതുകൊണ്ടുതന്നെ നമ്മള്‍ ആദിവാസികളുടെ ഒരാളാണ് എന്ന ഒരടുപ്പമുണ്ട്.
ഏതാണ്ട് രണ്ടു പതിറ്റാണ്ടുമുമ്പ് ഭരണഘടനാനുസൃതമായ ഒരാവശ്യം ഉന്നയിച്ച്, അതായത്, അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടി, ധീരമായ സമരമാണ് വയനാട്ടിലെ ആദിവാസികള്‍ നടത്തിയത്, ഭരണകൂടത്തിനെതിരായ സമരമെന്ന നിലക്ക്. അന്നത്തെ സമരകാലം ഓര്‍ക്കാമോ?
മുത്തങ്ങ സമരത്തിന് നേതൃത്വം നല്‍കിയ സി.കെ. ജാനുവിന്റെയൊക്കെ നിലപാട് ചരിത്രപരമായി തന്നെ രൂപപ്പെട്ടതാണ്. ജാനുവിന്റെ ജന്മസ്ഥലം തൃശ്ശിലേരിയാണ്. എ. വര്‍ഗീസിന്റെ പ്രവര്‍ത്തന മണ്ഡലം കൂടിയായിരുന്നു തൃശ്ശിലേരി. ജാനുവിന്റെ ബന്ധുക്കളൊക്ക അന്ന് വര്‍ഗീസിനൊപ്പം സമരരംഗത്തുണ്ടായിരുന്നവരാണ്. ആ സമരം ഇടതുതീവ്രവാദ നിലപാടിലേക്ക് വന്നു. ആദിവാസി മേഖലയിലെ ആദ്യ സമരം എന്നു പറയുന്നത് വര്‍ഗീസിന്റെ നേതൃത്വത്തിലുണ്ടായതാണ്. അതിനെ നിഷേധിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ല. അത്തരം ഒരനുഭവമൊക്കെ ജാനു ഉള്‍ക്കൊള്ളുകയും അവരുടേതായ രീതിയില്‍ വിശകലനം ചെയ്തിട്ടുമുണ്ട്. അവരുടെ നിലപാടുകളില്‍ മാറ്റം വന്നതായി എനിക്ക് തോന്നിയിട്ടില്ല. അടുത്ത കാലത്ത് സംസാരിച്ചപ്പോള്‍ പോലും ജാനുവിന് ഇക്കാര്യങ്ങളില്‍ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

വയനാട്ടിലെ ഏറ്റവും വലിയ ദുഃസ്ഥിതിയെന്നു പറയുന്നത്, ആദിവാസികളുടെ ഭൂമി വലിയ തോതില്‍ അന്യാധീനപ്പെട്ടുപോയി എന്നതാണ്. ഇടക്കാലത്ത് സര്‍ക്കാറില്‍നിന്ന് പണിയര്‍ക്ക് കിട്ടിയ ഭൂമി പോലും, അവരുടെ ശ്മശാനങ്ങളടക്കം, ഇപ്പോള്‍ അവരുടെ കൈവശമില്ല. ഈയടുത്ത കാലത്ത് വെള്ളമുണ്ടയില്‍ പണിയരുടെ ശ്മശാനം കൈയേറിയെന്ന വാര്‍ത്ത വായിച്ചു. ഭൂമി എന്നു പറയുന്ന സംഗതി ഇല്ല. പണിയര്‍ക്കും അടിയര്‍ക്കും അടിമപ്പണിയായിരുന്നു. വര്‍ഗീസിന്റെ കാലം വരെ ഇവര്‍ അടിമകളായിരുന്നു. വള്ളിയൂര്‍ക്കാവില്‍ നിന്നൊക്കെ ലേലം വിളിച്ചുകൊണ്ടുപോയിരുന്ന അടിമകള്‍. നെല്ലായിരുന്നു അന്ന് കൂലിയായി കൊടുത്തിരുന്നത്. ഒരു സേര്‍, രണ്ടു സേര്‍ നെല്ല് ഉച്ചക്ക് കൊണ്ടുപോയി കുത്തി അരിയാക്കി കഞ്ഞി വക്കും, അത് കുടിച്ച്വീണ്ടും വന്ന് പണിയെടുക്കുന്ന രീതി. അന്ന് അങ്ങനെയായിരുന്നുവെങ്കിലും പ്രകൃതിയില്‍ നിന്ന് കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് അവര്‍ക്ക് ജീവിക്കാന്‍ കഴിയുമായിരുന്നു. താള്, തകര, കാട്ടുകിഴങ്ങുകള്‍, തോടുകളില്‍നിന്നും ആറുകളില്‍നിന്നും പിടിക്കുന്ന മീന്‍, ഞണ്ട്...ഭക്ഷണത്തിന് ഇതെല്ലാമുണ്ടായിരുന്നു. ഇതൊക്കെ ആരോഗ്യം നിലനിര്‍ത്തിയിരുന്നു. അതുകൊണ്ട് പണിക്കൂലി അവരെ സംബന്ധിച്ച് ഒരു വിഷയമായിരുന്നില്ല.
മുത്തങ്ങ സമരത്തിലേക്ക് ആദിവാസികളെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്?
ഗോത്ര മഹാസഭക്ക് പ്രത്യേകിച്ച് സ്ത്രീകളെയും യുവാക്കളെയും നന്നായി സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. അവര്‍ മുഴുവനായി മുത്തങ്ങയിലേക്ക് നീങ്ങി. മുമ്പത്തെ സമരങ്ങളില്‍ ആദിവാസികള്‍ക്കുവേണ്ടി കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് പുറത്തുള്ളവരാണ്. മുത്തങ്ങ സമരത്തിന്റെ പ്രത്യേകത, അവരുടെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് അവര്‍ തന്നെയായിരുന്നു എന്നതാണ്; ജാനുവിന്റെയൊക്കെ നേതൃത്വത്തില്‍. ഗീതാനന്ദനൊക്കെ കോ ഓര്‍ഡിനേറ്റായി ഉണ്ടായിരുന്നുവെങ്കില്‍ പോലും പ്രധാന തീരുമാനങ്ങള്‍ എടുക്കുകയും മുന്നോട്ടുപോകുകയും ചെയ്തിരുന്നത് ആദിവാസി യുവാക്കളുടെ പ്രാതിനിധ്യത്തിലും ജാനുവിനെപ്പോലുള്ളവരുടെ നേതൃത്വത്തിലുമായിരുന്നു. ജൈവികമായി ഉയര്‍ന്നുവന്ന ഒരു പ്രസ്ഥാനമാണത്.
അന്ന് ആദിവാസികളുയര്‍ത്തിയ ആവശ്യങ്ങള്‍ക്കും മുത്തങ്ങ സമരത്തിനും കേരളീയ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടായിരുന്നില്ല എന്ന് അന്നത്തെ റിപ്പോര്‍ട്ടുകള്‍ വായിച്ചാലറിയാം.
പൊതുസമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറും ചേര്‍ന്ന് ആ സമരത്തെ വല്ലാത്ത രീതിയില്‍ അന്യവല്‍ക്കരിക്കുകയും അടിച്ചമര്‍ത്തുകയും അതിക്രമങ്ങളിലൂടെ ഈ ജനതയെ വല്ലാതെ ഭീതിയിലാഴ്ത്തുകയും ചെയ്തു. അതില്‍നിന്ന് ഗോത്രമഹാസഭയും അവര്‍ക്കൊപ്പമുണ്ടായിരുന്നവരും ഒന്നും മോചിതരായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യമായി ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ച സമൂഹമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, തികച്ചും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ രീതിയിലാണ് മുത്തങ്ങ സമരത്തെ ഭരണകൂടവും അധികാരികളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും കൈകാര്യം ചെയ്തത്.

ഭൂമി എന്ന ആവശ്യത്തെ ജനകീയ യുദ്ധവും സ്വയംഭരണവുമൊക്കെയായി വിശേഷിപ്പിച്ച്, ആ രീതിയില്‍ വലിയ തീവ്രവാദ പ്രസ്ഥാനമാക്കി മുദ്ര കുത്താന്‍ കഴിഞ്ഞു. ആദിവാസി സമരങ്ങള്‍ക്ക് നക്‌സലൈറ്റ് പാരമ്പര്യമുള്ളത് ഒരു ദോഷമായി എന്നുവേണമെങ്കില്‍ പറയാം. അതുകൊണ്ടുതന്നെ അതിനെ എളുപ്പം അടിച്ചമര്‍ത്താനും പൊതുസമൂഹത്തിനെ അതിനെതിരാക്കാനും കഴിഞ്ഞു. കേരളത്തിലെ ബുദ്ധിജീവികളും മറ്റും സമരത്തെ വേണ്ട രീതിയില്‍ മനസ്സിലാക്കിയില്ല, മാത്രമല്ല, ഇവര്‍ കാട്ടിലാണ് സമരം നടത്തുന്നത് എന്ന് വ്യാപകമായി പ്രചാരണം അഴിച്ചുവിട്ടു, പരിസ്ഥിതി പ്രവര്‍ത്തകര്‍ എതിരായി നിന്നു. ഒ.വി. വിജയനെക്കൊണ്ടുപോലും സമരത്തിനെതിരെ അഭിപ്രായം പറയിക്കുകയും പിന്നീട് അദ്ദേഹം മാറ്റിപ്പറയുകയും ചെയ്തിട്ടുണ്ട്.
കേവലമായ പരിസ്ഥിതി എന്നൊന്നില്ലല്ലോ. ആദിവാസിയെയും പരിസ്ഥിതിയെയും എങ്ങനെയാണ് വേര്‍തിരിക്കാന്‍ കഴിയുക?
ആദിവാസിയാണ് കാട് നിലനിര്‍ത്തിയിരുന്നത്. കുടിയേറ്റവും സര്‍ക്കാറും ചേര്‍ന്നാണ് വയനാട്ടില്‍ കാടുകള്‍ ഇല്ലാതാക്കിയത്. നല്ല വനം വെട്ടിവെളുപ്പിച്ച് അവിടെ തേക്ക് നട്ടുപിടിപ്പിച്ചു. കുടിയേറ്റക്കാര്‍ കാട് കൈയേറി.
ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കാടിന്റെ ഓരങ്ങളില്‍ 2004 മുതല്‍ സമരത്തിന്റെ ഭാഗമായി കുറെ കുടിലുകൾ വച്ചിട്ടുണ്ട്. അവിടെയുള്ള ഒരു മരം പോലും അവര്‍ വെട്ടിയിട്ടില്ല.

പെട്ടെന്ന് ശ്രദ്ധ കിട്ടുമെന്ന് കരുതിയിട്ടാകാം മുത്തങ്ങ സമരകാലത്ത് കാടിനോടുചേര്‍ന്ന ഭൂമിയില്‍ കുടില്‍ കെട്ടി സമരം ചെയ്തത്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാനും പിന്തുണക്കാനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുപോലും കഴിഞ്ഞില്ല. സമരത്തെ തെറ്റിധരിപ്പിക്കാനും അപമാനവീകരിക്കാനും കഴിഞ്ഞു. ഭരണകൂടം ശക്തമായ ടെറര്‍ അഴിച്ചുവിട്ട് ഒരു ജനതയെ ആകെ ഭയപ്പെടുത്തി.
മുത്തങ്ങ സമരത്തിനുനേരെയുണ്ടായ പൊലീസ് അതിക്രവും അതിനുശേഷമുണ്ടായ കേസുകളുമെല്ലാം ഇനിയൊരു മൂവ്‌മെന്റ് ഇല്ലാതാക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ആസൂത്രിയ ശ്രമം കൂടിയായിരുന്നുവെന്ന് ഇന്ന് നോക്കുമ്പോള്‍ വ്യക്തമാകുന്നു
ഗോത്രമഹാസഭ നേതാക്കളെല്ലാം ക്രൂര മര്‍ദ്ദനത്തിനിരയായി, അവര്‍ക്കെതിരെ കേസുകളായി. സി.ബി.ഐ ചാര്‍ജുചെയ്ത കൊലപാതകക്കേസ് ഇപ്പോഴും നടക്കുകയാണല്ലോ, പൊലീസുകാരന്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍. മൂന്ന് ക്രിമിനല്‍ കേസുകള്‍ ഗോത്രമഹാസഭ നേതാക്കള്‍ക്കും സമരത്തില്‍ പങ്കെടുത്തവര്‍ക്കും എതിരെയുണ്ട്. എറണാകുളം സി.ബി.ഐ കോടതി കേസ് കല്‍പ്പറ്റയിലേക്ക് മാറ്റി; അതിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സമരത്തിനുശേഷം സംഘടനയെ ഒന്നിപ്പിക്കാനോ തുടര്‍പ്രവര്‍ത്തനം നടത്താനോ ആളുകള്‍ക്ക് ആത്മവിശ്വാസം കൊടുക്കാനോ ഒന്നും ഗോത്രമഹാസഭ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതുകൊണ്ടുകൂടിയാണ് ആ രീതിയില്‍ മുന്നോട്ടുവരാന്‍ കഴിയാതിരുന്നത്. ആദിവാസി ക്ഷേമ സമിതിയെന്നൊക്കെ പറഞ്ഞ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംഘടനയുണ്ടാക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഇടപെടലുണ്ടായിട്ടില്ല. സമരത്തിനുശേഷം അവരുടെ രണ്ട് സര്‍ക്കാറുകള്‍ വന്നു. എന്നിട്ടും കൈവശരേഖ കൊടുപ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. വയനാട്ടില്‍ ആദിവാസികളുടെ വോട്ട് ഏറ്റവും കൂടുതല്‍ കിട്ടുന്നത് സി.പി.എമ്മിനാണ്. അത് നിലനിര്‍ത്താന്‍ ചില ഗിമ്മിക്കുകള്‍ കാട്ടുന്നുവെന്നതൊഴിച്ചാല്‍ വലിയ ആത്മാര്‍ഥതയൊന്നും ഇവര്‍ക്കുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഈ ജനതക്ക് അതിജീവിക്കണമെങ്കില്‍ ഭൂമി കിട്ടിയേ തീരൂ. അതുകൊണ്ടുതന്നെ ഇനിയും മൂവ്‌മെന്റുകള്‍ ഉണ്ടാകും എന്നുതന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് നിലനില്‍ക്കാനാകില്ല. ഉണ്ടായേ മതിയാകൂ.
ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം ‘ആഘോഷിച്ച' സമയത്ത് അതിന്റെ പിതൃത്വത്തെ ചൊല്ലിയായിരുന്നു തര്‍ക്കം, ഭൂപരിഷ്‌കരണം റദ്ദാക്കിക്കളഞ്ഞ അടിസ്ഥാനവര്‍ഗങ്ങളുടെ ഭൂമി പ്രശ്‌നം ആരും ഉന്നയിച്ചില്ല
ഇനിയൊരു ഭൂപരിഷ്‌കരണത്തിന് പ്രസക്തിയില്ല എന്നാണ് ഡോ. തോമസ് ഐസക്കിനെപ്പോലുള്ളവര്‍ പറയുന്നത്. പണ്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മിച്ചഭൂമി സമരമൊക്കെ നടന്ന സ്ഥലമുണ്ട് വയനാട്ടില്‍; തോണ്ടിമല. അവിടെ സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാറിന്റെ ഭൂ സമരവേദി എന്ന സംഘടനയുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി സമരം ചെയ്തിരുന്നു. അവരെ മുഴുവന്‍ ഇറക്കിവിട്ടു. പിന്നെ അവര്‍ വയനാട് കലക്ടറേറ്റിനുമുന്നില്‍ മാസങ്ങളോളം സമരം ചെയ്തു. അവരുമായി ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. കോവിഡ് വന്നതോടെ അവര്‍ക്ക് സമരം നിര്‍ത്തി പോകേണ്ടിവന്നു. ഭൂമി എന്ന അടിസ്ഥാന പ്രശ്‌നത്തോടുള്ള ഭരണകൂടത്തിന്റെ സമീപനത്തില്‍, ഇത്രയും കാലമായിട്ടും ഒരു മാറ്റവുമുണ്ടായിട്ടില്ല എന്നതിന്റെ ഉദാഹരണം.
മുഖ്യധാരാ ജീവിതം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് നാം ബോധവാന്മാരാണ്. എന്നാല്‍, അടിസ്ഥാന പ്രശ്‌നങ്ങള്‍ വരെ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ആദിവാസി സമൂഹം എങ്ങനെ ജീവിക്കുന്നു എന്നത് ഇന്നും, അതായത്, പുതിയ കേരള മോഡലിനെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും സംസാരിക്കുന്ന കാലത്തും നമ്മുടെ അജണ്ടകളിലില്ല. ആദിവാസികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
കേരളത്തിന്റെ ചരിത്രം നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും. ദളിതരുടെ അംഗസംഖ്യ കൂടുതലുള്ളതുകൊണ്ട് പാര്‍ലമെൻററി പാര്‍ട്ടികള്‍ക്ക് അവരുടെ ചില ആവശ്യങ്ങള്‍ കാണാനും അംഗീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. ദളിത് സമൂഹങ്ങള്‍ അമ്പതുകള്‍ക്കുശേഷം വിദ്യാഭ്യാസം നേടുകയും സംവരണത്തിലൂടെ തൊഴിലുകളിലും അധികാര സ്ഥാനങ്ങളിലും എത്തുകയും ചെയ്തതിന്റെയൊക്കെ ഫലമായി അവരെ ഒരു സമൂഹം എന്ന നിലയില്‍ പരിഗണിച്ചിരുന്നു. എന്നാല്‍, ആദിവാസികള്‍ മനുഷ്യരാണ് എന്നുപോലും അംഗീകരിച്ചിരുന്നില്ല. ഇവര്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്നത് ആരുടെയും പരിഗണനാവിഷയമായിരുന്നില്ല. കേരളത്തിന്റെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ആദിവാസി ജനസംഖ്യ. അതുകൊണ്ടുതന്നെ ഇവരെ ആരും പരിഗണിച്ചിട്ടില്ല.
എന്റെ കാര്യം പറയാം. എനിക്ക് അറുപത് വയസ്സിനടുത്തുണ്ട്, അമ്പതുവര്‍ഷത്തെ കാര്യങ്ങള്‍ ഓര്‍മയിലുമുണ്ട്. ഞങ്ങളൊക്കെ ആദിവാസി ഊരുകളില്‍ പോകുകയോ അവരുമായി ഇടപഴകുകയോ അവരുടെ കാര്യങ്ങള്‍ അന്വേഷിക്കുകയോ എന്തിന് അവരുടെ ചായ കുടിക്കുകയോ ചെയ്യാറില്ല. അവര്‍ അംഗസംഖ്യയില്‍ വളരെ കുറവാണ്. ഓരോ ഗോത്രവും ഓരോ രീതിയിലാണ്. അതുകൊണ്ടുതന്നെ ഇവരുടെ കാര്യം ആരും ആലോചിച്ചില്ല. വിദ്യാഭ്യാസമില്ലാത്തതിനാല്‍ പണിയര്‍ക്കും അടിയര്‍ക്കും സംവരണത്തിലൂടെ തൊഴില്‍ കിട്ടുകയെന്ന പ്രശ്‌നമേയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കൊക്കെ എല്ലാ പാര്‍ട്ടികളും കുറുമരെയും കുറിച്യരെയും മാത്രമാണ് തെരഞ്ഞെടുക്കുക. അവരുടെ പ്ലസ് പോയിന്റ് എന്നു പറയുന്നത്, അവര്‍ക്ക് സ്വന്തമായി കൃഷിഭൂമിയുണ്ടായിരുന്നു, കന്നുകാലി വളര്‍ത്തലുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ വളരെ വേഗം വിദ്യാഭ്യാസത്തിലേക്കുവന്നു. സംവരണം വളരെ കുറഞ്ഞ അളവിലാണെങ്കില്‍ പോലും അതിന്റെ ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞത് ഈ വിഭാഗങ്ങള്‍ക്കുമാത്രമാണ്.
വയനാട്ടില്‍ കുടിയേറിയവരുടെ ചരിത്രം പറയുമ്പോള്‍, കാട്ടുമൃഗങ്ങളോട് പോരടിച്ചുവെന്നൊക്കെ പറയുന്നവര്‍ തന്നെ എല്ലാ ജോലിയും ചെയ്യിച്ചിരുന്നത് ആദിവാസികളെക്കൊണ്ടാണ്. വയനാട്ടില്‍ കൃഷി മോശമായപ്പോള്‍ കുടകിലൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങി. അവിടെയും ഇവര്‍ ആദിവാസികളെ കൊണ്ടുപോയാണ് പണിയെടുപ്പിക്കുന്നത്. അങ്ങനെയുള്ള ഈ മനുഷ്യര്‍ക്ക് ഭൂമി കിട്ടുക എന്നത് അടിസ്ഥാന പ്രശ്‌നം തന്നെയാണ്.
ആദിവാസി സമൂഹത്തോടുള്ള പൊതുസമൂഹത്തിന്റെ അവഗണന ഇപ്പോഴും തുടരുന്നതായി തോന്നിയിട്ടുണ്ടോ?
ആദിവാസി ജീവിതം കേരളീയ പൊതുസമൂഹത്തിന് ഒരു കാലത്തും വിഷയമായിട്ടില്ല. ആ അവഗണനയെ ബ്രേക്ക് ചെയ്ത സംഭവമാണ് കൊടികെട്ടല്‍ സമരം, നില്‍പ്പുസമരം, മുത്തങ്ങ സമരം എന്നിവ. ആദിവാസി കേരളത്തിലുണ്ട്, അവര്‍ക്ക് ജീവിതം ഒരു പ്രശ്‌നമാണ് എന്ന രീതിയിലേക്ക് വന്നത് ഈ സമരങ്ങളോടെയാണ്. അതാണ് ഈ സമരങ്ങളുടെ ഏറ്റവും വലിയ വിജയമായി ഞാന്‍ കാണുന്നത്. മേലില്‍ ആദിവാസി പ്രശ്‌നങ്ങളെ അവഗണിച്ച് കേരളീയ പൊതുസമൂഹത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. ആദിവാസി ഗോത്രമഹാ സഭ നടത്തിയ ഈ പ്രവര്‍ത്തനങ്ങളാണ് ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. മാധ്യമങ്ങളും പുരോഗമനപരമായി ചിന്തിക്കുന്നവരെല്ലാം ഈ കോസിനെ അംഗീകരിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇല്ല എങ്കിലും, ജനാധിപത്യപരമായ സംവാദങ്ങള്‍ ആദിവാസി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.
ഇത്തവണ സംസ്ഥാന ബജറ്റിന് മുന്നോടിയായി ഇറങ്ങിയ സാമ്പത്തിക സര്‍വേയില്‍ പറയുന്നത്, പട്ടികജാതി- വര്‍ഗം അടക്കമുള്ളവര്‍ക്കിടയില്‍ ദാരിദ്ര്യം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ്. തൊഴില്‍ പ്രാതിനിധ്യം, കച്ചവട- വ്യവസായ സംരംഭങ്ങള്‍, ആസ്തി വികസനം, വിഭവങ്ങളുടെ പുനര്‍വിതരണം തുടങ്ങി ആദിവാസികളക്കമുള്ള വിഭാഗങ്ങള്‍ക്കായി ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ഇവയില്‍ പലതിനും ബജറ്റ് അലോക്കേഷനും ഫണ്ടും ഉണ്ട്. എന്നാല്‍, സൗജന്യമായി നല്‍കുന്ന ആനുകൂല്യങ്ങളിലൂടെ ദാരിദ്ര്യവല്‍ക്കരണം സ്ഥായിയായ ഒരു പ്രതിഭാസമാക്കുകയാണ് ഭരണകൂടങ്ങള്‍ എന്ന് പറയേണ്ടിവരുന്നു. ആദിവാസികള്‍ക്കിടയിലെ ദാരിദ്ര്യവല്‍ക്കരണം എത്രത്തോളം രൂക്ഷമാണ്?
വയനാട്ടിലൊക്കെ കാര്‍ഷിക മേഖലയുടെ തകര്‍ച്ച ആദിവാസികളെ നന്നായി ബാധിച്ചിട്ടുണ്ട്. ആളുകള്‍ പറയാന്‍ മടിക്കുന്ന ഒരു കാര്യം, പുരുഷന്മാരുടെ വരുമാനം പൂര്‍ണമായും മദ്യപാനത്തിനാണ് ഉപയോഗിക്കുന്നത് എന്നതാണ്. ചാരായ നിരോധനം ആദിവാസികളെ നന്നായി ബാധിച്ചു. വലിയ നികുതിയൊക്കെ കൊടുത്ത് ഏറ്റവും മോശം മദ്യമാണ് ഇവര്‍ വാങ്ങിക്കുടിക്കുന്നത്. മുമ്പ് ആദിവാസികള്‍ മദ്യപിച്ചിരുന്നവരല്ല. ചൂഷണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇവരെ മദ്യത്തിന് അടിമകളാക്കുന്നത്. സ്ത്രീകള്‍ പോലും മദ്യത്തിന് അടിമകളായി പോകുന്ന സ്ഥിതിയുണ്ട്.

റേഷന്‍ ഉള്ളതുകൊണ്ടാണ് ഒരു പരിധി വരെ അവര്‍ പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍, പണിയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ല. ഒരു വീട് എന്നു പറഞ്ഞാല്‍, അച്ഛന്‍, അമ്മ, അഞ്ചോ ആറോ മക്കള്‍, അവരുടെ മക്കള്‍ എല്ലാവരും ചേര്‍ന്ന വലിയൊരു കുടുംബമാണ്. ഇവരില്‍ ഏറ്റവും മുതിര്‍ന്നവര്‍ക്കും അവരുടെ മക്കള്‍ക്കും മാത്രമേ കാര്‍ഡില്‍ പേരുണ്ടാകൂ. അവരുടെ ഭാര്യമാരുടെയും മക്കളുടെയും പേരുണ്ടാകില്ല. 20 പേരുള്ള വീട്ടില്‍ രണ്ടുപേര്‍ക്കായിരിക്കും റേഷന്‍ കിട്ടുക. അതുകൊണ്ട് ദാരിദ്ര്യം തന്നെയാണ്. സ്ത്രീകളും കുട്ടികളുമാണ് ഇത് ഏറ്റവും തീവ്രമായി അനുഭവിക്കുന്നത്. ഏത് പണിയ ഊരില്‍ പോയി നോക്കിയാലും വിളര്‍ച്ച ബാധിക്കാത്ത കുട്ടിയെയോ സ്ത്രീയെയോ കാണാന്‍ കഴിയില്ല. ഉള്ള വീടും സ്ഥലവും പങ്കുവെച്ച് തിങ്ങിപ്പാര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, പൊതുസമൂഹത്തിന്റെ കുടിയേറ്റ മനസ്സ് പറയുന്നത് ആദിവാസിക്ക് വലിയ സൗകര്യങ്ങള്‍ നല്‍കുന്നുവെന്നാണ്.
അവര്‍ ജീവിക്കുന്ന ഊരുകളുടെ അവസ്ഥ ഇപ്പോള്‍ നാം കാണേണ്ടതാണ്. അര ഏക്കര്‍ ഭൂമിയില്‍, ഇപ്പോള്‍ എനിക്കുതോന്നുന്നത്, നൂറിലധികം വീടുകളൊക്കെയുണ്ട്. ഒരാളുടെ വീട്ടില്‍നിന്ന് ഒന്ന് നീട്ടിത്തുപ്പിയാല്‍ അടുത്ത വീട്ടിലെത്തുന്ന അത്ര അടുത്താണ്. പണ്ട്, മുളയും മണ്ണും കൊണ്ട് നന്നായി വീടുവച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ കരാറുകാരെ ഏല്‍പ്പിച്ചു. 200- 250 സ്‌ക്വയര്‍ ഫീറ്റില്‍, വീടുകള്‍ എന്നു പറയാന്‍ തന്നെ കഴിയാത്തവ നിര്‍മിച്ചുകൊടുക്കുകയാണിപ്പോൾ ചെയ്യുന്നത്. പലരും ഇത്തരം വീടുകള്‍ ഒഴിവാക്കി ഷീറ്റ് മേഞ്ഞ കൂരകളിലാണ് താമസിക്കുന്നത്. ഭൂമി, വിഭവങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലേക്ക് ഈ ജനതയെ കൊണ്ടുവരാതെ അവര്‍ക്കുവേണ്ടി പലതും ചെയ്യുന്നു എന്നു പറയുന്നതില്‍ കാര്യമില്ല.
ഒരു ആദിവാസി വിദ്യാര്‍ഥി സിവില്‍ സര്‍വീസ് പാസാകുമ്പോഴോ എസ്.ഐ ആകുമ്പോഴോ മാധ്യമങ്ങളൊക്കെ അത് ആഘോഷിക്കാറുണ്ട്. തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ ആദിവാസികള്‍ക്കിടയില്‍ ഇപ്പറയുന്ന മുന്നേറ്റമുണ്ടായിട്ടുണ്ടോ? പ്ലസ് വണ്‍ സീറ്റിനുവേണ്ടി ആദിവാസി വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്ന ഒരു കാലം കൂടിയാണിത് എന്നും ഓര്‍ക്കണം. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികള്‍ക്ക്, എസ്.എസ്.എല്‍.സിക്കുശേഷം പഠനം അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ടെന്ന് ആദിവാസി ഗോത്രമഹാസഭ ചീഫ് കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആദിശക്തി സമ്മര്‍ സ്‌കൂള്‍ എന്ന കുട്ടികളുടെ കൂട്ടായ്മയാണ് ഈ സമരം ചെയ്യുന്നത്. വയനാട്ടില്‍ 2000ഓളം കുട്ടികള്‍ പത്താം ക്ലാസ് പാസാകുന്നതില്‍ 400 ഓളം പേര്‍ക്കേ പ്ലസ് വണ്‍ സീറ്റുള്ളൂ. എല്ലാ ജില്ലകളിലും സീറ്റുണ്ടെങ്കിലും മറ്റു ജില്ലകളിലേക്ക് അവര്‍ക്ക് പോകാനാകില്ലല്ലോ. പാലക്കാട്, വയനാട്, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രമാണ് ആദിവാസി കുട്ടികള്‍ ധാരാളമുള്ളത്. അധികം കുട്ടികള്‍ ഇല്ലാത്ത ആലപ്പുഴയിലും വയനാട്ടിലും ഒരേ എണ്ണം സീറ്റാണുള്ളത്. സമരത്തിന്റെ ഫലമായി കുറച്ച് സീറ്റുകള്‍ വര്‍ധിപ്പിച്ചു എന്നതല്ലാതെ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു ശ്രമവും വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടില്ല.

മറ്റു സ്ഥലങ്ങളിലെ അഡ്മിഷന്റെ കണക്കുനോക്കി, ബാക്കിയുള്ളവ വയനാട്ടിലും മറ്റും നല്‍കാന്‍ കഴിയേണ്ടതാണ്. അത് ചെയ്യുന്നില്ല.
കുറുമര്‍ക്കും കുറിച്യര്‍ക്കും കുറച്ചൊക്കെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്കേ ആനുകൂല്യങ്ങളും സംവരണാവകാശങ്ങളും കിട്ടുന്നുള്ളൂ, മറ്റുള്ളവര്‍ക്ക് കിട്ടുന്നില്ല. എസ്.ടി- എസ്.സി സംവരണം പത്തുശതമാനമാണ്, അതില്‍ രണ്ടു ശതമാനമാണ് എസ്.ടി സംവരണം. അതിലേക്ക് ഈ വിഭാഗക്കാരാണ് വരുന്നത്. അധികാര സ്ഥാനങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റു വിഭാഗക്കാരെ പരിഗണിക്കുകയുമില്ല.
ആദിവാസികളിലെ പുതിയ തലമുറയുമായി സംസാരിക്കാറുണ്ടോ?
മുത്തങ്ങ സമരപ്രഖ്യാപനം നടത്തുന്ന സമയത്ത്, അതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരു പ്രകടത്തിനൊരുങ്ങുമ്പോള്‍ ഞാനവരെ കണ്ടിരുന്നു. ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് അന്ന് അവര്‍ക്ക് വളരെ വ്യക്തതയുണ്ടെന്നാണ് തോന്നിയത്. ആവശ്യങ്ങളെക്കുറിച്ച് അവര്‍ക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു, അത് ആരും കൊണ്ടുതരില്ല എന്നും സമരം ചെയ്ത് നേടിയെടുക്കേണ്ട ഒന്നാണ് എന്നും അവര്‍ക്ക് അറിയാമായിരുന്നു. ഇപ്പോള്‍ നടക്കുന്ന സ്‌കൂള്‍ സമരത്തിലെ കുട്ടികളുമായും ഞാന്‍ സംസാരിച്ചിരുന്നു, അവര്‍ക്കും കാര്യങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്, സമരത്തിലേക്ക് വരാന്‍ സന്നദ്ധരാണ്. ഡിഗ്രിക്ക് പഠിക്കുന്നവര്‍ അവര്‍ക്കുവേണ്ടിയല്ല സമരം ചെയ്യുന്നത്. അത് വലിയ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമാണ്. മറ്റുള്ളവര്‍ക്ക് സീറ്റ് കിട്ടാനാണ്, സീറ്റ് കിട്ടി പഠിക്കുന്ന ഈ കുട്ടികള്‍ സത്യഗ്രഹമിരിക്കുന്നത്. ആ രീതിയിലുള്ള മുന്നേറ്റം അവര്‍ക്കിടയിലുണ്ട്.
കേരളത്തിലെന്നല്ല എവിടെയും അവകാശങ്ങളുടെയും ജീവിതബോധ്യങ്ങളുടെയും രാഷ്ട്രീയബോധത്തിന്റെയും കാര്യത്തില്‍ ഏറ്റവും പൊട്ടന്‍ഷ്യലുള്ള ഒരു പോരാട്ട സമൂഹമാണ് ആദിവാസികള്‍. ഇന്നും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കാത്തിരിക്കുകയും അവഗണനകള്‍ അനുഭവിക്കുകയും ചെയ്യുന്നവരെന്ന നിലക്ക് കേരളത്തില്‍ ആദിവാസികളുടെ പോരാട്ടഭാവി എന്താണ്? ഒരു സഹനജനത എന്ന നിലയില്‍നിന്ന് ഒരു സമരജനത എന്ന നിലയിലേക്കുള്ള വികാസത്തിന് അനുയോജ്യമായ സാഹചര്യം ഇപ്പോഴും അവര്‍ക്കിടയിലുണ്ടോ?
അതെ, ഭാവിയുണ്ട്. ചെറുപ്പക്കാര്‍ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പണിയ വിഭാഗത്തില്‍ നിന്നൊക്കെയുള്ള കുട്ടികള്‍ ഇപ്പോള്‍ കോളജുകളിലേക്ക് വരുന്നുണ്ട്. അവരുമായി സംസാരിക്കുമ്പോള്‍, ഈ അവസ്ഥയെ അതിജീവിക്കേണ്ടതാണ്, അതിനുള്ള പ്രവര്‍ത്തനം നടത്തണം എന്ന് വിചാരിക്കുന്നവരാണ് അവര്‍ എന്നുതോന്നാറുണ്ട് എന്നാല്‍, മറ്റൊരു പ്രശ്‌നമുണ്ട്. എല്ലാ സമരങ്ങളിലും ദളിത്- ആദിവാസി പ്രാതിനിധ്യമുണ്ടാകാറുണ്ടെങ്കിലും നേതൃത്വത്തിലേക്കുവരുമ്പോള്‍ അത് കാണാറില്ല. അങ്ങനെയല്ലാത്ത രീതിയിലേക്ക് കാര്യങ്ങള്‍ മാറേണ്ടതുണ്ട്. അധികാരത്തിന്‍േറതായ തലത്തിലേക്ക് കാര്യങ്ങള്‍ പോകണം, അത് പിടിച്ചുപറ്റണം എന്നൊരു ബോധ്യത്തിലേക്ക് കാര്യങ്ങള്‍ വികസിക്കുന്നുണ്ട്. ആശ്രിതത്വം എന്ന നിലയില്‍നിന്ന് ഇവര്‍ കൂടുതലായി മുക്തരായി വരുന്നുണ്ട്.
ഇത്തരം ഇടപെടലുകള്‍ സാധ്യമാക്കുന്ന തരത്തില്‍ കേരളത്തില്‍ ഒരു ദളിത് ഇന്റലിജന്‍ഷ്യ രൂപപ്പെട്ടിട്ടുണ്ട് എന്ന വിശകലനത്തെക്കുറിച്ച് എന്തു പറയുന്നു?
ശരിയാണ്. എന്നാല്‍, ഇതിനെ ഒരു രാഷ്ട്രീയ മുന്നേറ്റമായി വികസിപ്പിക്കാന്‍ കഴിയുന്നില്ല. കല്ലറ സുകുമാരന്‍ മുതലുള്ള രാഷ്ട്രീയ പ്രവര്‍ത്തനാനുഭവം നമുക്കുണ്ട്. അതിന് ഒരു ഏകീകരണമോ തുടര്‍ച്ചയോ ഉണ്ടായില്ല. നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണെങ്കില്‍, ആദിവാസി ഭൂ നിയമം ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം ചേര്‍ന്ന് അട്ടിമറിക്കുന്ന സമയത്ത്, ഗൗരിയമ്മ മാത്രമാണ് അതില്‍നിന്ന് വിട്ടുനിന്നത്. ആദിവാസി മണ്ഡലത്തില്‍നിന്ന് ഒരു എം.എല്‍.എയുണ്ടായിരുന്നു- കോണ്‍ഗ്രസിലെ രാധാ രാഘവന്‍, മാനന്തവാടി എം.എല്‍.എ. അവര്‍ നിയമം അട്ടിമറിക്കാനാണ് വോട്ട് ചെയ്തത്. ഇപ്പോള്‍, ദളിത്- ആദിവാസി വിഷയങ്ങളുണ്ടാകുമ്പോള്‍ മന്ത്രി എ.കെ. ബാലനെപ്പോലുള്ളവരുടെയൊക്കെ നിലപാടുകള്‍ എന്ത് പരിഹാസ്യമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ള ദളിതര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നില്‍ക്കാന്‍ കഴിയുന്നില്ല. മറ്റുള്ള സമുദായങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ തന്നെ അവരുടെ ഒരു ഭാഗം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദളിതര്‍ക്ക് ഇതിന് കഴിഞ്ഞിട്ടില്ല, പിന്നെ ആദിവാസികളുടെ കാര്യം പറയാനുണ്ടോ.
ദളിത് മണ്ഡലങ്ങളില്‍നിന്ന് 14 എം.എല്‍.എമാര്‍ കേരളത്തിലുണ്ട്. അവര്‍ അവരുടെ പാര്‍ട്ടി പരിപാടി നടപ്പാക്കുകയല്ലാതെ അവരെ തെരഞ്ഞെടുത്ത കോണ്സ്റ്റിറ്റ്യൂവൻസിയോടോ അതിന്റെ ആവശ്യങ്ങളോടോ നീതി പുലര്‍ത്തുന്നില്ല. കേരളത്തിലെ ദളിത്- ആദിവാസി എം.എല്‍.എമാര്‍ മാത്രം വിചാരിച്ചാല്‍ ഈ ഭൂമി പ്രശ്‌നമൊക്കെ പരിഹരിക്കാന്‍ പറ്റില്ലേ? മാത്രമല്ല, ആദിവാസി വികസനത്തിനുമാത്രം 500 കോടിയിലേറെ രൂപ ഓരോ വര്‍ഷവും ചെലവഴിക്കുന്നു. 1975ല്‍ പ്രത്യേക ഘടകപദ്ധതി രൂപീകരിച്ച കാലത്ത് എന്ത് പദ്ധതിയാണുള്ളത്, അതേ പദ്ധതി തന്നെയല്ലേ ഇപ്പോഴുമുള്ളത്? അത് ഇവരുടെ കുഴപ്പം തന്നെയാണ്.
വ്യക്തിപരമായി ഒരു കാര്യം ചോദിക്കട്ടെ. 17 വര്‍ഷം മുമ്പത്തെ പൊലീസ് മര്‍ദ്ദനം വ്യക്തിയെന്ന നിലക്ക് അവശേഷിപ്പിക്കുന്ന ആഘാതം എന്താണ്?
സത്യം പറഞ്ഞാല്‍ എനിക്ക് അന്നൊക്കെ പൊലീസിനെ വലിയ പേടിയായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് നക്‌സല്‍ അനുഭാവികള്‍ എന്നു പറഞ്ഞ്, എന്നെ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകരെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. സിവിക് ചന്ദ്രന്‍ അന്ന് എന്റെ വീടിനടുത്തുള്ള ഒരു സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. അവരെയൊക്കെ പൊലീസ് പിടിച്ചുകൊണ്ടുപോയി തിരിച്ചുവന്നപ്പോഴുണ്ടായ അവസ്ഥ ഞാന്‍ നേരിട്ടു കാണുന്നുണ്ട്. അത് എന്നില്‍ വല്ലാത്തൊരു ഭീതിയുണ്ടാക്കിരുന്നു. പിന്നീട് ജനകീയ സാംസ്‌കാരികവേദിയുമൊക്കെയായി ബന്ധപ്പെട്ട് കുറെ പ്രശ്‌നങ്ങളുണ്ടായത് വയനാട്ടിലാണല്ലോ. കേണിച്ചിറ ഉന്മൂലനം ഒക്കെയുണ്ടായി. എന്റെ സുഹൃത്തുക്കളൊക്കെയാണ് പൊലീസ് പിടിയിലായത്. അവര്‍ അതിക്രൂര മര്‍ദ്ദനത്തിനിരയായി. ഏതുതരം രാഷ്ട്രീയ വിശ്വാസങ്ങളുണ്ടെങ്കില്‍ പോലും, പ്രത്യേകിച്ച് ആദിവാസി മേഖലയില്‍ അഭിപ്രായം പറഞ്ഞാല്‍ ഇത്തരം അനുഭവങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ഞാന്‍ നേരിട്ട പീഡനം, എന്നില്‍നിന്ന് ആ ഭയം ഇല്ലാതാക്കി. അത് എനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു നേട്ടമാണ്. പക്ഷെ, എന്റെ കുടുംബം, ഭാര്യ, കുട്ടികള്‍, അച്ഛന്‍, അമ്മ എന്നിവരെല്ലാം വല്ലാത്ത രീതിയില്‍ അനുഭവിച്ചു. മൂത്ത മകന്‍ എട്ടാം ക്ലാസിലായിരുന്നു, രണ്ടാമത്തെ മകന്‍ ചെറിയ കുട്ടിയായിരുന്നു, പിന്നെ ഭാര്യ... അവരെല്ലാം വല്ലാത്ത മാനസികാവസ്ഥയിലായി.

ജാനു, ഗീതാനന്ദന്‍, മറ്റ് ആദിവാസികള്‍ ഇവരൊക്കെ വലിയ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായി. പക്ഷെ, കസ്റ്റഡിയില്‍ വച്ച്, ശരീരം നുറുങ്ങുന്ന വേദനയിലും ഞാന്‍ ആലോചിച്ചത് ഇങ്ങനെയാണ്: ഇവരൊക്കെ സമരം ചെയ്തവരാണ്, ഈ മനുഷ്യര്‍ക്കൊപ്പം ഇരിക്കുന്നത് മോശം കാര്യമല്ല. എന്നെ അതിക്രൂരമായി മര്‍ദ്ദിക്കുമ്പോഴും എനിക്ക് ആത്മധൈര്യം തന്നത് ഈയൊരു ചിന്തയായിരുന്നു ഇത്. അത് വലിയൊരു ആത്മവിശ്വാസം എന്നിലുണ്ടാക്കി. അപ്പോള്‍, അടി കൊണ്ടതൊന്നും എന്നെ വല്ലാതെ ബാധിച്ചില്ല. ജോലി പോയാലും കേസിലുള്‍പ്പെട്ടാലും അതിന്റെ പേരില്‍ ജീവിതം ഹോമിക്കേണ്ടിവന്നാലുമൊന്നും ഒരു പ്രശ്‌നവുമില്ല, എന്തോ ചരിത്രപരമായ ഒരു നിയോഗമാണ് എന്‍േറത് എന്ന വിചാരമാണുണ്ടായത്. അതിനുശേഷം ഞാന്‍ ഭയപ്പെട്ടിട്ടില്ല, വേദനയൊന്നും കാര്യമായി എടുത്തുമില്ല. പുറത്തിറങ്ങിയ ഉടന്‍ പൊലീസുകാര്‍ക്കെതിരെ കേസ് കൊടുത്തത് ഈയൊരു ധൈര്യത്തിലാണ്.
Also Read: 118- A: വായടപ്പന്‍ നിയമത്തെ തോല്‍പിച്ച പ്രതിഷേധത്തിന്റെ വായ്ക്കുരവകള്‍ | പ്രമോദ് പുഴങ്കര
മാനസികമായി ഇത്തരം ചെറുത്തുനില്‍പ്പുകള്‍ നടത്താനാകുമെങ്കിലും ശരീരം എന്നത് ഒരു യാഥാര്‍ഥ്യമാണല്ലോ. അതിനേല്‍ക്കുന്ന കൊടും പീഡനങ്ങളുടെ കാര്യമോ? ചെവിയില്‍ കാറ്റു കയറ്റിയുള്ള അടിയെക്കുറിച്ചൊക്കെ താങ്കള്‍ എഴുതിയിട്ടുണ്ട്
ശാരീരിക പീഡ എന്നു പറയുന്നത് വലിയൊരു വിഷയം തന്നെയാണ്. ആദ്യം കൊണ്ടുപോയി ചവിട്ടുകയാണ് ചെയ്തത്. ചവിട്ട് എന്നു പറയുന്നത് ഒന്നും രണ്ടുമല്ല. ഊരക്കുമുകളില്‍ ബൂട്ട് വന്ന് പതിക്കുകയാണ്, നിര്‍ത്താതെ ചവുട്ടിക്കൊണ്ടിരിക്കുകയാണ്. അന്ന് അവിടെ കിടന്നിരുന്ന ഏതാണ്ട് എല്ലാവര്‍ക്കും ഇതേ അനുഭവം പൊലീസില്‍നിന്നുണ്ടായിട്ടുണ്ട്. പുറത്തുചവിട്ടുന്നത് പൊലീസുകാരുടെ സ്ഥിരം പരിപാടിയാണ്, കാരണം കുറെ കഴിഞ്ഞാല്‍ കാല് തളര്‍ന്നുപോകും. അന്നത്തെ ചവിട്ടിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. അത് ഉള്ളില്‍നിന്നുള്ള ഒരുതരം വേദനയാണ്, കുറച്ചുനേരം ഇരുന്നാലോ നിന്നാലോ വേദന വരും. ഒരു സൈഡില്‍നിന്ന് ഒച്ച കുറച്ചു പറഞ്ഞാല്‍ കേള്‍ക്കാനാകില്ല. കമ്യൂണിസ്റ്റുകാരായ പഴയ തടവുകാര്‍ക്ക് ഏറ്റതിനേക്കാള്‍ ക്രൂരമായ ഭേദ്യങ്ങളാണ് ഈ കാലഘട്ടങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും അനുഭവിക്കേണ്ടിവന്നിട്ടുളളത്. അതും നക്‌സലിസവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പോലും പിടിച്ചുകൊണ്ടുപോയവരെയാണ് ഇത്തരം ഉരുട്ടലുകള്‍ക്കൊക്കെ ഇരകളാക്കിയത് എന്നും ഓര്‍ക്കണം. ഇവരുടെ മേല്‍ ആരോപിച്ച ഒരു കുറ്റവും ഇവര്‍ ചെയ്യാത്തവയാണ്. ഏറ്റവുമൊടുവില്‍ താഹ- അലന്‍ വിഷയം എടുക്കാം. എന്തോ ലഘുലേഖയൊക്കെ വായിച്ചു എന്നാണവരുടെ ‘കുറ്റം'. ആ കുട്ടികള്‍ നന്നായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്, പൊലീസിന് ആവശ്യമായത് ഇവരില്‍നിന്ന് കിട്ടാന്‍. എന്നെ വല്ലാതെ അലട്ടിയ സംഭവമാണിത്. ആ കുട്ടികളെ കാണുമ്പോള്‍, വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം വരാറുണ്ട്.
അടിയന്തരാവസ്ഥക്കാലത്തൊക്കെ അതിക്രൂരമായ മര്‍ദ്ദനമേറ്റ അനുഭവം പറയാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇക്കാര്യങ്ങളിലുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് അല്‍ഭുതം തോന്നാറുണ്ട്. പൊലീസ് കസ്റ്റഡിയില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ അനുഭവിച്ച ആള്‍ക്ക് എങ്ങനെയാണ് പൊലീസിനെ ഡിഫന്റ് ചെയ്യാന്‍ കഴിയുന്നത് എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഭരണാധികാരിയാകുമ്പോള്‍ അങ്ങനെയൊക്കെയാകുമായിരിക്കും.
മുത്തങ്ങ വെടിവെപ്പ് നടക്കുന്ന ദിവസം, ആ സമയം ഞാന്‍ തിരുവനന്തപുരത്താണ്. യൂണിയന്‍ പരിപാടിക്ക് മൂന്നുനാല് അധ്യാപകരുമായി പോയതാണ്. വെടിവെപ്പ് നടക്കുന്നത് സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാണ് അറിയുന്നത്. ഇതുപോലെയാണ് തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റുചെയ്യപ്പെടുന്നവരില്‍ ഏറെയും പേരുടെയും കാര്യം. കേരളത്തില്‍ ഇങ്ങനെ പീഡിപ്പിക്കപ്പെട്ട് പുറത്തുവന്നവര്‍ക്ക് പൊലീസിനും ഭരണകൂടങ്ങള്‍ക്കും എതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതുതന്നെയാണ് എന്റെ കേസിലുണ്ടായ വിധിയുടെ പ്രാധാന്യം എന്നു ഞാന്‍ കരുതുന്നു. ഇങ്ങനെയൊക്കെ ചെയ്തുകഴിഞ്ഞാല്‍, ഇത്രയുമെങ്കിലും സംഭവിക്കുമെന്ന ഒരു തോന്നല്‍ ഇവരിലുണ്ടാക്കാന്‍ കഴിയുമല്ലോ എന്നാണ് എന്റെ ആശ്വാസം.

കൽപ്പറ്റ നാരായണൻ / ഒ.പി. സുരേഷ്
Mar 01, 2021
1 hour watch
കെ.കെ. സുരേന്ദ്രൻ
Feb 26, 2021
54 Minutes Watch
പ്രിയംവദ ഗോപാല്‍ / ഷാജഹാന്‍ മാടമ്പാട്ട്
Feb 24, 2021
60 Minutes Watch
ഡോ : വി. രാമചന്ദ്രൻ / അലി ഹെെദർ
Feb 23, 2021
7 Minutes Read
ഒ. രാജഗോപാല്‍ / മനില സി.മോഹൻ
Feb 21, 2021
27 Minutes Watch
കെ.കെ. സുരേന്ദ്രൻ
Feb 20, 2021
38 Minutes Listening
ഡോ. നിതിഷ് കുമാര്‍ കെ. പി. / മനില സി. മോഹന്‍
Feb 11, 2021
43 Minutes Watch
കെ.കെ. സുരേന്ദ്രൻ
Feb 04, 2021
40 Minutes Watch
AJITHAN RADHAKRISHNAN
29 Jan 2021, 05:29 PM
ഉദ്യോഗസ്ഥ അപ്രമാദിത്തത്തിനെതിരെ ശബ്ദമുയർത്താൻ താങ്കൾക്ക് തുടർന്നും കഴിയട്ടെ.....