truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 02 February 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 02 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Venugopal 4

Crime against women

ഹാഥറസ്, വാളയാര്‍, പാലത്തായി:
സാമൂഹ്യസദാചാരവും
ഭരണഘടനാസദാചാരവും

ഹാഥറസ്, വാളയാര്‍, പാലത്തായി: സാമൂഹ്യസദാചാരവും ഭരണഘടനാസദാചാരവും

സൈബര്‍ ബുള്ളിയിങിലൂടെ സ്ഥിരമായി സ്ത്രീകളെ ആക്രമിക്കുന്നതും സ്വഭാവഹത്യ നടത്തുന്നതും കുറ്റകരമായ പ്രവൃത്തികളായി അംഗീകരിക്കാന്‍ ഫലത്തില്‍ വിസമ്മതിക്കുന്ന അതേ ഭരണകൂടം, സൈബര്‍ ഇടങ്ങളില്‍ ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കുന്ന ഒറ്റപ്പെട്ട വ്യക്തികള്‍ക്കെതിരെ നിസ്സാരകാരണങ്ങള്‍ക്ക് സൈബര്‍ കേസുകള്‍ ചുമത്തുന്നത് വിരോധാഭാസമാണ്. സ്ത്രീവിരുദ്ധതയും വിദ്വേഷരാഷ്ട്രീയവും ജാതീയതയും വര്‍ഗീയയതയും തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നവര്‍ക്ക് പതിവായി ഭരണകൂടപരിരക്ഷ ലഭിക്കുന്നതിന്റെ രാഷ്ട്രീയകാരണങ്ങളെന്തായാലും അതില്‍ അന്തര്‍ലീനമായ പ്രത്യയശാസ്ത്രം ആധുനികതയുടെ നിരാകരണമാണ്

25 Nov 2020, 10:00 AM

കെ.എം. വേണുഗോപാലൻ

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആദര്‍ശങ്ങളുടെ തുടര്‍ച്ചയും അവ സാക്ഷാല്‍കരിക്കുന്ന പ്രക്രിയയെ മുന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ലിംഗസമത്വമെന്ന ആശയം. സാമൂഹ്യപ്രതിലോമപരതയെയും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തേയും, വംശ-ജാതി വെറികളെയും ‘സാധാരണത്വ'ത്തിന്റെ നിരുപദ്രവമായ ലേബലുകള്‍ ചാര്‍ത്തി പൊതുബോധത്തിനുമുന്നില്‍ സ്വീകാര്യമാക്കുന്നതില്‍ ആണ്‍കോയ്മയുടെ പ്രത്യയശാസ്ത്രം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

എല്ലാ സ്വാതന്ത്ര്യസങ്കല്‍പങ്ങളുടെയും അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് ആധുനികതയുടെ ലോകവീക്ഷണമാണ്. അതുകൊണ്ടുതന്നെ ലിംഗസമത്വത്തിന് വേണ്ടിയും ആണ്‍കോയ്മക്കെതിരായും പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന ഓരോ വാക്കും പ്രവൃത്തിയും ആധുനികതയുടെ ഊര്‍ജം പുതിയ ഒരു നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതായിരിക്കുക എന്നത് സ്വാഭാവികവും അനിവാര്യവുമാണ്.

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (NCRB) 2019ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇന്ത്യയിലാകെ കഴിഞ്ഞ വര്‍ഷം ഉണ്ടായ സ്ത്രീപീഡനക്കേസുകളുടെ എണ്ണം 4,05,861 ആണ്. ദിവസവും ശരാശരി 87 ലൈംഗികാക്രമണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2018ലുണ്ടായ സ്ത്രീപീഡനക്കേസുകള്‍ 3,78,236 ആണെന്ന് കാണുമ്പോള്‍ ഒരു വര്‍ഷം കൊണ്ട് ഉണ്ടായ വര്‍ദ്ധനവ് 7% ആണെന്ന് മനസ്സിലാക്കാം. 2019 ലുണ്ടായ മൊത്തം ബലാത്സംഗക്കേസുകളുടെ എണ്ണമായ 32,033 എന്നത് ആ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്ന സ്ത്രീപീഡനക്കേസുകളുടെ എണ്ണത്തിന്റെ 7.3% ആയിരുന്നു. 2017, 2018, 2019 എന്നീ വര്‍ഷങ്ങളില്‍ സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അനുക്രമമായി വര്‍ദ്ധിച്ചു.

മേല്‍പ്പറഞ്ഞ കണക്കുകള്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് മാത്രമാണ്. എത്രയോ പരാതികള്‍ എഫ്.ഐ.ആര്‍ പോലുമില്ലാതെ ദുര്‍ബലരുടെ വനരോദനങ്ങളായി ഒടുങ്ങുന്നതുകൂടി കണക്കിലെടുത്താല്‍ യഥാര്‍ത്ഥചിത്രം ഇതിലും ഭയാനകമാണ്.

ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ 2020 സെപ്റ്റംബര്‍ 14ന് ഠാക്കൂര്‍ സമുദായത്തില്‍ പെട്ട നാലുപേര്‍ ലൈംഗികാക്രമണത്തിനിരയാക്കി നട്ടെല്ല് തകര്‍ത്തും കഴുത്ത് ഞെരിച്ചും അബോധാവസ്ഥയില്‍ ചോളവയലില്‍ ഉപേക്ഷിച്ച ദലിത് യുവതി പതിനഞ്ച് ദിവസത്തിന് ശേഷം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരിച്ചതിനെത്തുടര്‍ന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഇന്ത്യയിലെ ജാതി-ലിംഗ അധികാരവ്യവസ്ഥയുടെ ഹിംസാത്മകമായ ഉള്ളടക്കമാണ്. അതിന്റെ പ്രതിനിധാനമായ തീവ്രഹിന്ദുത്വ വലത് ഭരണകൂടം ലൈംഗികാക്രമണത്തെയും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളേയും ജാതീയമേല്‍ക്കോയ്മയെയും സ്ഥാപനവല്‍ക്കരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് കാണിക്കുന്ന വാര്‍ത്തകളാണ്, കുറ്റവാളികളെ രക്ഷിക്കാനും ഇരകളുടെ പക്ഷത്തുനിന്ന് ശബ്ദമുയര്‍ത്തുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്താനും ഭരണസംവിധാനമാകെ ഉപയോഗിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 14ന്റെ സംഭവം നടക്കുന്നതിന് മുമ്പ് ആറുമാസക്കാലം യുവതിയെയും കുടുംബാംഗങ്ങളെയും ഠാക്കൂര്‍മാര്‍ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. ദളിത് കുടുംബത്തിന്റെ കയ്യിലുള്ള ഭൂമി തട്ടിയെടുക്കാന്‍ അവരെ ഗ്രാമത്തില്‍ നിന്നുതന്നെ ആട്ടിപ്പായിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിതെന്നും നിയമത്തെ ഉള്ളടക്കത്തിലും സത്തയിലും പാലിക്കാനുള്ള ഒരു താല്‍പര്യവും ഇല്ലെന്നുമാണ് യു.പി മുഖ്യമന്ത്രിയുടെയും ബി.ജെ.പി നേതാക്കളുടെയും ആവര്‍ത്തിച്ച പ്രസ്താവനകള്‍ സൂചിപ്പിക്കുന്നതെന്നും ഹാഥറസ് സന്ദര്‍ശിച്ച ശേഷം ഒക്ടോബര്‍ 7ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമെന്‍ (NFIW), പ്രഗതിശീല്‍ മഹിളാ സംഗഠന്‍ (PMS), ആക്റ്റ് നൗ ഫോര്‍ ഹാര്‍മണി ഏന്റ് ഡെമോക്രസി (ANHAD) എന്നീ സംഘടനകളുടെ നേതാക്കളായ ആനി രാജ, പൂനം കൗശിക്, ശബ്‌നം ഹാഷ്മി എന്നിവര്‍ ചൂണ്ടിക്കാട്ടി.

യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഒരു ആംബുലന്‍സ് പോലും ഏര്‍പ്പാടാക്കാന്‍ കൂട്ടാക്കാത്ത പൊലീസ് ‘ടെംപൊ' വിളിച്ച് പോകാന്‍ ഉപദേശിക്കുകയായിരുന്നുവെന്നും, ആ ദിവസം രാത്രി ഒന്‍പതരക്ക് അമ്മയും സഹോദരനും ചേര്‍ന്ന് മോട്ടോര്‍സൈക്കിളില്‍ കയറ്റിയാണ് അബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും സ്ത്രീസംഘടന നേതാക്കള്‍ വെളിപ്പെടുത്തി. ബന്ധുക്കളും നാട്ടുകാരുമായും പിന്നീട് അലിഗഢിലെ ജവഹര്‍ലാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമായും സംസാരിച്ചതില്‍ നിന്ന് ബോധ്യപ്പെട്ട കാര്യങ്ങളാണ് അവര്‍ വെളിപ്പെടുത്തിയത്.

അലിഗഢ് ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലെ AIIMS ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടുപോയതും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സംശയമുണ്ടാക്കിയിരുന്നു. അലിഗഢില്‍ തന്നെ എല്ലാ ചികിത്സാസൗകര്യവും ലഭ്യമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സെപ്റ്റംബര്‍ 14ന് നടന്ന സഭവത്തിനുശേഷം, ബോധംവന്ന സമയത്ത് പൊലീസിന് നല്‍കിയ മൊഴിയില്‍, തന്നെ ലൈംഗികമായി ആക്രമിച്ച നാല് ആളുകളുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. ഇതനുസരിച്ച് എഫ്.ഐ.ആറില്‍ നാല് പേരും ചേര്‍ക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെങ്കിലും പരാതി ലഭിച്ചശേഷം 24 മണിക്കൂറിനകം നടക്കേണ്ട വൈദ്യപരിശോധന നടന്നത് ഏകദേശം 10 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു.

സ്വാഭാവികമായും അങ്ങിനെയുള്ള പരിശോധനയുടെ റിപ്പോര്‍ട്ടില്‍ ലൈംഗികാക്രമണം നടന്നതിനുള്ള ഒരു തെളിവും ലഭിക്കുമായിരുന്നില്ല. അലിഗഢില്‍ നിന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയതിന്റെ പിറ്റേ ദിവസമായിരുന്നു യുവതി മരിച്ചത്. 

ഹാഥറസ് ലൈംഗികാക്രമണ-കൊലപാതകക്കേസ്, ജാതീയ അതിക്രമങ്ങള്‍ക്കെന്നപോലെ സ്ത്രീവിരുദ്ധ ഹിംസാത്മകതയ്ക്കും അനുകൂലമായി ആള്‍ക്കൂട്ടങ്ങളെ ഉണ്ടാക്കുന്നതില്‍ തീവ്ര ഹിന്ദു വലത് ഭരണകൂടം വഹിക്കുന്ന പരസ്യമായ പങ്ക് വ്യക്തമാക്കുന്നു.

ക്രിമിനല്‍ അന്വേഷണനടപടിയില്‍, ആക്രമിക്കപ്പെട്ടവരുടെ മരണമൊഴിക്ക് നിയമം നല്‍കുന്ന പരമമായ പ്രാധാന്യവും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ബന്ധുക്കളുടെ മൊഴിയുടെയും പ്രാധാന്യവുമെല്ലാം ഒറ്റയടിക്ക് റദ്ദാക്കുന്ന തരത്തിലാണ് ആക്രമണം നടന്ന് ഒരാഴ്ചയിലധികം കഴിഞ്ഞ് നടത്തിയ വൈദ്യപരിശോധനയില്‍ ലഭിച്ച സാംപിളിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ മാത്രം ബലത്തില്‍ കേസ് തേച്ചുമായ്ച്ചുകളയാന്‍ തീവ്രഹിന്ദുത്വഭരണകൂടത്തിന്റെ നടത്തിപ്പുകാര്‍ ഹാഥറസ് കേസില്‍ ശ്രമിച്ചത്.

ഇത്രയേറെ സംശയങ്ങളും ചോദ്യങ്ങളും തുടക്കം മുതല്‍ ഉയര്‍ന്നുവന്നപ്പോഴും, യാതൊരു കൂസലുമില്ലാതെ യുവതിയുടെ മൃതദേഹത്തോടും അവരുടെ കുടുംബാംഗങ്ങളോടും അവഹേളനം കാട്ടിക്കൊണ്ട് പൊലീസ് രാത്രിയില്‍ ആ ശരീരം പെട്രോള്‍ ഒഴിച്ച് കത്തിച്ചുകളഞ്ഞപ്പോള്‍ അതിനെതിരെ സ്വാഭാവികമായും രാജ്യവ്യാപക പ്രതിഷേധം ഉണ്ടായി. മൃതദേഹം അടുത്ത ബന്ധുക്കളെപ്പോലും കാണിക്കാതെ, അന്തസ്സായ രീതിയില്‍ സംസ്‌കാരം നടത്താനുള്ള അവകാശം അവര്‍ക്ക് നിഷേധിക്കുകയായിരുന്നു ഉത്തര്‍പ്രദേശ് ഭരണകൂടവും പൊലീസും. നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന ഹിംസാത്മക, സവര്‍ണജാതീയതയ്ക്കും സ്ത്രീവിരുദ്ധതയ്ക്കും പരസ്യമായി പിന്തുണ നല്‍കുന്നതാണ് ഹാഥറസ് സംഭവത്തില്‍ കണ്ടത്.

ഹാഥറസ് ഒരു വഴിത്തിരിവ്

ഹാഥറസ്, പല അര്‍ത്ഥത്തിലും നിര്‍ണായക വഴിത്തിരിവാണ്. സ്ത്രീകള്‍ക്കെതിരെ പെരുകുന്ന സംഘടിത കുറ്റകൃത്യങ്ങളുടെയും ജാതീയ ആക്രമണങ്ങളുടേയും കാര്യത്തില്‍ ഇരകള്‍ക്ക് നിയമാനുസൃതമായി ലഭിക്കേണ്ട സംരക്ഷണവും അവകാശങ്ങളും നടപ്പാക്കുന്നതിനുപകരം, കുറ്റവാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഒരു ഭരണകൂടം കാട്ടിയ അസാധാരണമായ ഉത്സാഹമാണ് ഹാഥറസില്‍ ദൃശ്യമായത്. അതിനുമപ്പുറം ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും വിയോജിക്കാനുള്ള അവകാശത്തേയും അടിച്ചമര്‍ത്തുന്ന നീക്കങ്ങളും ശക്തമായി.

മൃതപ്രായയായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടശേഷം യുവതിയെ പതിനാല് ദിവസം കൊണ്ട് മരണത്തിലേക്ക് തള്ളവിടുന്നതുവരേയും എല്ലാം നിയന്ത്രിച്ചിരുന്ന ഒരു ഭരണകൂടത്തിന് ജനങ്ങളുടെ സ്വാഭാവികമായ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നു. ലൈംഗികാക്രമണം എന്ന കുറ്റകൃത്യം നിഷേധിക്കുക, പിന്നീട് മാധ്യമപ്രവര്‍ത്തകരെ ഇരയുടെ ബന്ധുക്കളുമായി സംസാരിക്കുന്നതില്‍ നിന്ന് തടയുക, അതിനുശേഷം കേസ് അപ്പാടെ ‘അഭിമാനവധം' എന്ന മറ്റൊരു ലൈംഗികകുറ്റകൃത്യത്തിന്റെ രൂപത്തില്‍ പെണ്‍കുട്ടിയുടെ ഉറ്റ ബന്ധുക്കള്‍ ചെയ്ത കൊലപാതകമാക്കി മാറ്റിയെഴുതാനുള്ള നിഗൂഢമായ നീക്കങ്ങള്‍ എന്നിങ്ങനെ ഘട്ടംഘട്ടങ്ങളായി ചിത്രം മാറുന്നതിനിടയില്‍ ബ്രാഹ്മണിക്കല്‍ ജാതി-ലിംഗാധിപത്യ വ്യവസ്ഥയുടെ കാര്യക്ഷമമായ നടത്തിപ്പിന് അവകാശികള്‍ മറ്റാരേക്കാളും തങ്ങളാണെന്ന് ഹിന്ദുവലതുപക്ഷം സ്ഥാപിക്കുകയാണ്.

കൊല്ലപ്പെട്ട യുവതിയുടെ അച്ഛനമ്മമാര്‍ക്ക് ജില്ല മജിസ്‌ട്രേറ്റ് നല്‍കിയ ഉപദേശം (അഥവാ പരസ്യമായ ഭീഷണിപ്പെടുത്തല്‍) അവര്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി : ‘സര്‍ക്കാര്‍ തരുന്ന 25 ലക്ഷം രൂപ വാങ്ങി ഞങ്ങളോട് സഹകരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. മാധ്യമപ്രവര്‍ത്തകര്‍ ഇവിടെനിന്ന് പോയാല്‍ പിന്നെയും ഇവിടെ ജീവിക്കണമെന്ന് നിങ്ങള്‍ക്കാഗ്രഹമില്ലേ? നിങ്ങളുടെ മകള്‍ മരിച്ചത് കോവിഡ് രോഗം മൂലമായിരുന്നുവെങ്കില്‍ ഇതുപോലുള്ള സഹായം സര്‍ക്കാറില്‍ നിന്ന് കിട്ടുമായിരുന്നോ?'' (ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്, 01-10-2020).

വാളയാറിൽ നടന്നത്​

ജാതീയഹിംസയും ക്രൂരമായ ലൈംഗികാക്രമണങ്ങളും ഒന്നിക്കുന്ന വിദ്വേഷക്കുറ്റകൃത്യങ്ങളും ബാലപീഡനങ്ങളും കൂട്ട ലൈംഗികാക്രമണങ്ങളും ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിലെ വാളയാറില്‍ 2017 ജനുവരിയിലും മാര്‍ച്ചിലും ആയി 13, 9 വയസ്സുള്ള രണ്ട് ദളിത് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവങ്ങളില്‍, പൊലീസ് അവ ‘ആത്മഹത്യ'കളായി പരിഗണിച്ച് ഒരു തുടരന്വേഷണവും നടത്താതിരുന്നപ്പോള്‍, കൗമാരപ്രായക്കാരായ ഈ സഹോദരിമാരുടെ മാതാപിതാക്കള്‍ നല്‍കിയ വിവരങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയ സംഗതികളും പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തത്.

മൂത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന നാലുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ മാതാപിതാക്കളും, അവള്‍ മരിച്ച നിലയില്‍ കാണുന്നതിനു മുമ്പ് രണ്ടുപേര്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടിപ്പോകുന്നത് കണ്ടുവെന്ന് ഇളയകുട്ടിയും പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് മനഃപൂര്‍വം കാണിച്ച അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായതിനുശേഷം മാത്രമാണ് പോക്‌സൊ നിയമപ്രകാരം ലൈംഗികാക്രമണത്തിനും ആത്മഹത്യാപ്രേരണയ്ക്കും അഞ്ചുപേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അധികാരികള്‍ തയ്യാറായത്.

എന്നാല്‍, പോക്‌സൊ കോടതിയില്‍ കുട്ടിയുടെ അമ്മയുടേതെന്ന് അവകാശപ്പെട്ട് പൊലീസ് ഹാജരാക്കിയ മൊഴി താന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായിരുന്നുവെന്ന് അമ്മ പറഞ്ഞത് ഉള്‍പ്പെടെ പ്രോസിക്യൂഷന്റേയും പൊലീസിന്റേയും ഭാഗത്ത് ശക്തമായ തെളിവുകള്‍ ഹാജരാക്കുന്നതിലുണ്ടായ ഗുരുതര വീഴ്ച എടുത്തുപറഞ്ഞ് പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി എല്ലാവരേയും കോടതി വിട്ടയക്കുകയായിരുന്നു.

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതിയാവശ്യപ്പെട്ട് മറൈന്‍ ഡ്രൈവില്‍ നടന്ന പ്രതിഷേധം
വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതിയാവശ്യപ്പെട്ട് മറൈന്‍ ഡ്രൈവില്‍ നടന്ന പ്രതിഷേധം

പോക്‌സൊ കോടതി വാളയാര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ വിട്ടയച്ചശേഷം ഉണ്ടായ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ കേരള സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് വാളയാര്‍ കേസ് പുനരന്വേഷണത്തിന് അനുമതി നേടുകയായിരുന്നു. അതേത്തുടര്‍ന്ന് നേരത്തെ പോക്‌സൊ കോടതി വിട്ടയച്ച പ്രതികളില്‍ മൂന്നുപേരെ വീണ്ടും അറസ്റ്റ് ചെയ്ത് പുനരന്വേഷണം കാര്യക്ഷമമാക്കാനുള്ള സര്‍ക്കാറിന്റെ ആവശ്യത്തിനും ഹൈക്കോടതി അനുമതി നല്‍കി. (ദ ഹിന്ദു, 2020 മാര്‍ച്ച് 17).

പാലത്തായ്​; മറ്റൊരു ഉദാഹരണം

വാളയാര്‍ കേസിലേതിന് സമാനമായ പോലീസ് അവഗണനയും കൃത്യവിലോപവും കേരളത്തില്‍ പോലും ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ സൂചന നല്‍കുന്ന മറ്റൊരു കേസാണ് ബാല ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ പാലത്തായിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ട്യൂഷന്‍ നല്‍കാന്‍ എന്ന പേരില്‍ സ്‌കൂളില്‍ വിളിച്ചുവരുത്തി അനേകം തവണ പീഡിപ്പിച്ച അധ്യാപകസംഘടനാനേതാവും ഹിന്ദു വലതുരാഷ്ട്രീയത്തിന്റെ വക്താവുമായ പ്രതിയെ, കുട്ടിയും, മാതാപിതാക്കളും, സഹപാഠികളും, വൈദ്യപരിശോധന നടത്തിയ ഡോക്ടറും നല്‍കിയ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സൊ നിയമപ്രകാരം പെട്ടെന്ന് അറസ്റ്റ് ചെയ്യുന്നതിനുപകരം, മനഃപൂര്‍വം അറസ്റ്റ് വൈകിപ്പിച്ച പോലീസ് നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടവരുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസം കഴിഞ്ഞായിരുന്നു അറസ്റ്റ്.

പിന്നീട് സര്‍ക്കാര്‍ പതിനൊന്ന് അംഗങ്ങളുള്ള ഒരു പ്രത്യേകാന്വേഷണ സംഘത്തെ നിയമിച്ച ശേഷവും പോക്‌സൊ കേസില്‍ ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട ജാമ്യമില്ലാവകുപ്പുകള്‍ ഒഴിവാക്കിയുള്ള ഒരു ‘ഇടക്കാല കുറ്റപത്രം' കോടതിയില്‍ സമര്‍പ്പിച്ച് പ്രതിയെ ജാമ്യം കിട്ടാന്‍ സഹായിക്കുകയാണ് പ്രസ്തുത എസ്.ഐ.ടി ചെയ്തത്. പോക്‌സൊ നിയമത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി യൂണിഫോമിട്ട പൊലീസുകാര്‍ പെണ്‍കുട്ടിയേയും കൂട്ടി പല സ്ഥലത്തേക്കും തെളിവെടുപ്പിന് കൊണ്ടുപോയത് പരക്കെ വിമര്‍ശിക്കപ്പെട്ടു.

അതിനിടെ ‘ഇടക്കാല കുറ്റപത്ര'ത്തില്‍ ലൈംഗികപീഡന വകുപ്പുകള്‍ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിലെയും മറ്റും താരതമ്യേന നിസ്സാരമായ വകുപ്പുകള്‍ ചേര്‍ത്തത് സംബന്ധിച്ച ഒരു ചോദ്യത്തിന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടി പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു;  ‘‘നാട്ടില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാം വിശദമായി അന്വേഷിക്കേണ്ടിവരും'' എന്ന ഒരു പ്രസ്താവം ആയിരുന്നു അത് (ഏഷ്യാനെറ്റ് ന്യൂസ്, 19-07-2020).

നാട്ടില്‍ നിലനില്‍ക്കുന്ന വ്യത്യസ്തമായ അഭിപ്രായം എന്നുവച്ചാല്‍ പീഡിതയായ ഒരു നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയും അവളുടെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറും കുഞ്ഞിന്റെ ദരിദ്രരായ മാതാപിതാക്കളുമെല്ലാം കൂടി മാന്യനായ ഒരദ്ധ്യാപകനെ വെറുതേ കഷ്ടപ്പെടുത്തുകയാണ് എന്നാവുമോ? അതോ, കുട്ടി ലൈംഗികമായി അക്രമിക്കപ്പെട്ടു എന്നതുതന്നെ ഒരു കെട്ടുകഥയാണെന്നോ, പീഡനം യഥാര്‍ത്ഥത്തില്‍ നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ അത് അത്ര കാര്യമാക്കേണ്ട വിഷയമല്ല എന്നോ ആയിരിക്കുമോ? ഇവയില്‍ ഏതായാലും ‘നാട്ടിലെ വ്യത്യസ്തമായ അഭിപ്രായം' നിയമത്തിന്റെ പ്രക്രിയയെ അതിന്റെ സ്വാഭാവികമായ വഴിക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ ഉത്തരവാദിത്തമുള്ളവരെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്നത് ആരോഗ്യകരമായ ഒരു സൂചനയല്ല എന്നേ പറയാന്‍ പറ്റൂ.

അംബേദ്​കറുടെ മുന്നറിയിപ്പ്​

ഈ സന്ദര്‍ഭത്തില്‍, സാമൂഹ്യസദാചാരവും (social morality) ഭരണഘടനാപരമായ സദാചാരവും (constitutional morality) തമ്മില്‍ ഉണ്ടാകാനിടയുള്ള പൊരുത്തമില്ലായ്മയെക്കുറിച്ച് ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യുവൻറ്​അസംബ്ലിയില്‍ ഒരു ചര്‍ച്ചയ്ക്കിടയില്‍ അംബേദ്കര്‍ നല്‍കുന്ന മുന്നറിയിപ്പ് ഓര്‍ക്കാം: ‘ഭരണഘടനാപരമായ സദാചാരം ഒരു സ്വാഭാവിക വികാരമല്ല; ഇനിയും അത് പഠിച്ചുറപ്പിക്കേണ്ടതുണ്ട് എന്ന് നാം മനസ്സിലാക്കണം. ഇന്ത്യന്‍ ജനാധിപത്യമെന്നത് ഇന്ത്യന്‍ മണ്ണിന്റെ ഉപരിതലത്തിലെ ആവരണം മാത്രമാണ്. എന്നാല്‍ ആ മണ്ണ് സത്തയില്‍, ജനാധിപത്യം ഇനിയും വേരിറങ്ങിയിട്ടില്ലാത്ത ഒന്നാണ്. അപ്പോള്‍ സാമൂഹ്യസദാചാരവും ഭരണഘടനാസദാചാരവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ നീതിപീഠങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഭരണഘടനാപരമായ സദാചാരത്തെയായിരിക്കണം.' (Quoted by Kavita Krishnan, Fearless Freedom, p. 131, Penguine Books, Gurgaon:2020).

ഇന്ത്യന്‍ ഭരണഘടനയ്ക്ക് അന്തിമരൂപം നല്‍കുന്ന വേളയില്‍, എഴുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് അംബേദ്കര്‍ നല്‍കിയ മുന്നറിയിപ്പ് എത്രമാത്രം അര്‍ത്ഥവത്താണെന്ന് ബോധ്യമാകുന്ന കാര്യങ്ങളാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്.

മുതലാളിത്ത പൂര്‍വവ്യവസ്ഥകളുടെ സാമാന്യമായ ഒരു സവിശേഷത, സംഘടിതമായ വിശ്വാസസമ്പ്രദായങ്ങളും പൗരോഹിത്യവും, സ്വതന്ത്രചിന്തക്കും ആവിഷ്‌കാരങ്ങള്‍ക്കുമെതിരെ ഹിംസാത്മക ആധിപത്യം നടപ്പാക്കിയിരുന്നുവെന്നതാണ്. ഇതില്‍നിന്നും ഭിന്നമായി വ്യക്തികളുടെ ഉല്‍ക്കര്‍ഷ വാഞ്ഛകളെയും പുരോഗമനാഭിമുഖ്യത്തേയും ഒരളവോളം ആവിഷ്‌കരിക്കാനുള്ള പരിസരം സൃഷ്ടിച്ചത് ജനാധിപത്യത്തിന്റേയും ആധുനികതയുടേയും യുഗത്തിന് തുടക്കംകുറിച്ച മുതലാളിത്തമായിരുന്നു.

എന്നാല്‍, അവയെല്ലാം കര്‍ശനമായും സ്വകാര്യസ്വത്ത് എന്ന സ്ഥാപനത്തിന് വിധേയപ്പെടുത്താനുള്ള സംവിധാനങ്ങള്‍ മുതലാളിത്തം ഉറപ്പുവരുത്തി. സാര്‍വത്രികവോട്ടവകാശം ഔപചാരികമായി അംഗീകരിച്ച ശേഷവും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദം വരെ സ്ത്രീകളെ തുല്യപൗരരായും വോട്ടവകാശമുള്ളവരായും കണക്കാക്കാന്‍ പാശ്ചാത്യഭരണകൂടങ്ങള്‍ തയ്യാറായില്ല. മുതലാളിത്ത ആധുനികതയുടെ പ്രഭവസ്ഥാനങ്ങളില്‍ ഒന്നായ ഫ്രഞ്ച് റിപ്പബ്ലിക്കില്‍ 1948ല്‍ മാത്രമാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത്! അമേരിക്കയിലാകട്ടെ ആഫ്രിക്കന്‍ വംശജരായ പുരുഷന്മാര്‍ക്ക് വോട്ടവകാശം ലഭിച്ചത് 1870ലെ 15-ാം ഭരണഘടനാഭേദഗതിക്ക് ശേഷമായിരുന്നുവെങ്കില്‍ വെള്ളക്കാരായ സ്ത്രീകള്‍ അടക്കം എല്ലാ സ്ത്രീകള്‍ക്കും വോട്ടവകാശം ലഭിച്ചത് അരനൂറ്റാണ്ടിനുശേഷം ഉണ്ടായ 19-ാം ഭരണഘടനാഭേദഗതിയോടെ, അതായത് 1920ല്‍ ആയിരുന്നു. 

ആധുനികതയുടെ അജണ്ട ലോകത്ത് മുന്നോട്ടുവെച്ചത് മുതലാളിത്തക്രമം ആയിരുന്നുവെന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, അതിനെ മുന്നോട്ട് നയിക്കാന്‍ ഒരിക്കലും പ്രാപ്തമല്ലാത്ത തരത്തില്‍ മൂലധനശക്തികള്‍ സര്‍ക്കാറുകള്‍ നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യത്തോടും നിയമവാഴ്ചയോടും ഉള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധത കടലാസില്‍ ഒതുങ്ങുന്നുവെന്നു മാത്രമല്ല നേരെ എതിരായ ദിശയിലേക്ക് പൊതുബോധത്തെ തിരിച്ചുവിടാന്‍ ഉള്ള ശ്രമങ്ങളും കൂടുതല്‍ പ്രകടമായിത്തീരുന്നു.

കേരളത്തില്‍ സമീപകാലത്ത് നടന്ന സ്ത്രീപീഡനങ്ങളുടെ ചര്‍ച്ചയില്‍ സൈബര്‍ ആക്രമണം ഒട്ടും അപ്രധാനമല്ലാത്ത ഒരു വിഷയമാണ്. തിരുവനന്തപുരത്തെ ഒരു യുട്യൂബ് വീഡിയോ അപ് ലോഡര്‍ തന്റെ യുട്യൂബ് ചാനലിലൂടെ കേരളത്തിലെ സ്ത്രീ അവകാശപ്രവര്‍ത്തകര്‍ക്കെതിരായും സാമൂഹ്യ- സാംസ്‌കാരികരംഗത്ത് അറിയപ്പെടുന്ന ഏതാനും സ്ത്രീകള്‍ക്കെതിരായും വിദ്വേഷപ്രചരണവും ലൈംഗികാപവാദങ്ങളും കലര്‍ന്ന ഒരു വീഡിയോ പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളില്‍ അതില്‍ രണ്ടരലക്ഷത്തോളം ‘ലൈക്കു'കള്‍ വീഴുകയും അതിലുമെത്രയോ അധികം പേര്‍ ആ ചാനലിന്റെ സന്ദര്‍ശകരാവുകയും ചെയ്തു.

ഏതാനും സ്ത്രീകള്‍ക്കെതിരെ വ്യക്തിപരമായും, സ്ത്രീകള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും എതിരേ പൊതുവിലും വിദ്വേഷം പരത്തുന്ന പ്രസ്തുത വീഡിയോ ചെയ്തയാള്‍ക്കെതിരെ പോലീസിനും സൈബര്‍ സെല്ലിനും പരാതി സമര്‍പ്പിച്ചിട്ട് ഒരു നടപടിയുമില്ലാതിരുന്നതിനെത്തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ ആ വ്യക്തിയുടെ താമസസ്ഥലത്ത് പോയി നേരിട്ട് ‘കൈകാര്യം' ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമാണ്. സംഭവം ലൈവ് ആയി വീഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കിലും മറ്റും തത്സമയം പ്രചരിപ്പിക്കാനും ഈ സ്ത്രീ അവകാശപ്രവര്‍ത്തകര്‍ ധൈര്യം കാട്ടി. ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ട്രാന്‍സ്‌ജെന്റ ആക്റ്റിവിസ്റ്റായ ദിയ സനയും ഉള്‍പ്പെട്ട മൂന്നുപേരുടെ സംഘം നടത്തിയ ഈ ലൈവ് പ്രതിഷേധത്തിനൊടുവില്‍ അയാള്‍ കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് തന്റെ യു ട്യൂബ് ചാനല്‍ ഡിലീറ്റ് ചെയ്യാന്‍ തയ്യാറായി.

തങ്ങള്‍ ചെയ്യുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് തികച്ചും ബോധമുണ്ടെന്നും നിയമത്തിന്റെ മാര്‍ഗത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഈ വിഷയത്തെ അധികാരികളുടെയും ജനങ്ങളുടെയും മുമ്പില്‍ അവതരിപ്പിക്കാന്‍ അങ്ങനെ ഒരു പ്രതിഷേധം തിരഞ്ഞെടുക്കുകയായിരുന്നു എന്നും ഭാഗ്യലക്ഷ്മി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മേല്‍പ്പറഞ്ഞ സംഭവം സോഷ്യല്‍ മീഡിയയിലും വാര്‍ത്താമാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണെങ്കിലും ഇത്തരമൊരു പ്രതിഷേധത്തെ നിരുപാധികമായി പിന്തുണച്ചവരുടെ എണ്ണം അങ്ങിനെയല്ലാതെ, അതിലെ ഉള്ളടക്കം ശരിയാണെന്ന് അംഗീകരിക്കുക മാത്രം ചെയ്തവരേക്കാള്‍ എത്രയോ കുറവായിരുന്നു. സാമൂഹ്യപ്രവര്‍ത്തകരില്‍ തന്നെ ഒരു ചെറിയ വിഭാഗമെങ്കിലും പ്രതികരിച്ചത്, വാളയാര്‍ ഇരട്ടക്കൊലപാതകവും പെരുമ്പാവൂരിൽ യുവതിയുടെ കൊലപാതകവുമെല്ലാം നടന്ന സമയത്ത് ഇവരൊക്കെ എവിടെയായിരുന്നു എന്ന രീതിയിലായിരുന്നു.

സമൂഹത്തില്‍ താരതമ്യേന ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന സ്ത്രീകള്‍ പോലും പലതരത്തിലുള്ള ലൈംഗികാക്രമണങ്ങളുടേയും ആണ്‍കോയ്മകളുടെയും ജാതി-ലിംഗ വ്യവസ്ഥയുടേയും ഭീഷണിയില്‍ നിന്ന് മുക്തരല്ല എന്ന യാഥാര്‍ത്ഥ്യം പ്രാഥമികതലത്തില്‍ അംഗീകരിക്കാതെ നമ്മുടെ ചുറ്റുപാടില്‍ ലിംഗസമത്വത്തിനുവേണ്ടിയും ജാതീയതയ്‌ക്കെതിരായതുമായ പോരാട്ടങ്ങള്‍ മുന്നോട്ടുപോവുക അസാധ്യമാണ്. ഇത് തിരിച്ചറിയാതെയുള്ള വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ല എന്ന് ഉറപ്പിച്ച് പറയേണ്ടത് ആവശ്യമായിരിക്കുന്നു.

മനുവാദത്തില്‍ നിന്ന് സ്വാതന്ത്ര്യം

ജാതി- ലിംഗ ആധിപത്യഘടനകള്‍ ഇഴചേര്‍ന്നുനില്‍ക്കുന്ന ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രം ഇന്ത്യയിലാകെ പുനരുജ്ജീവിപ്പിക്കനുള്ള ഹിന്ദുവലതുപക്ഷത്തിന്റെ ശ്രമങ്ങള്‍ക്ക് കോര്‍പറേറ്റ് മൂലധനത്തിന്റെ പിന്തുണ എത്രതന്നെ കിട്ടിയാലും, അതിന് വിലങ്ങുതടിയായി നില്‍ക്കുന്ന രണ്ട് സംഗതികള്‍ അത്ര പെട്ടെന്നില്ലാതാക്കാന്‍ കഴിയില്ല. അവയിലൊന്ന്, പ്രത്യക്ഷവും സമൂര്‍ത്തവുമായ ഇന്ത്യന്‍ ഭരണഘടനയാണെങ്കില്‍ മറ്റൊന്ന് താരതമ്യേന അമൂര്‍ത്തമായ ഒരു തലത്തില്‍ വര്‍ത്തിക്കുന്ന ആധുനികതയുടെ പ്രത്യയശാസ്ത്രമാണ്. ഇവ രണ്ടിനേയും ഹിന്ദുവലതുപക്ഷത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് പുരോഗമനജനാധിപത്യശക്തികള്‍ ഇന്ന് പൊതുവായി നേരിടുന്ന വെല്ലുവിളി.

ബ്രാഹ്മണിക്കല്‍ അധീശഘടനയ്‌ക്കെതിരേ ശബ്ദിച്ച സാമൂഹ്യപരിഷ്‌കര്‍ത്താക്കളും നവോത്ഥാനനേതാക്കളും എല്ലാം അംബേദ്കറിനെയോ അയ്യങ്കാളിയെയോ ശ്രീനാരായണഗുരുവിനെയോ പോലെ ദളിതരോ അവര്‍ണജാതികളില്‍ പെട്ടവരോ ആയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ജ്യോതിബാഫൂലെയുടേയും സാവിത്രി ഫൂലെയുടേയും ജാതീയപശ്ചാത്തലം ശൂദ്ര (സവര്‍ണ)രുടേതും മറക്കുടയും ഘോഷയും ബഹിഷ്‌കരിക്കാന്‍ നേതൃത്വം നല്‍കിയ ആര്യാ പള്ളത്തിന്റേയും വി.ടി. ഭട്ടതിരിപ്പാടിന്റെയും ബ്രാഹ്മണരുടേതും, പെരിയാര്‍ ഇ.വി. രാമസ്വാമിയുടേത് ബലിജ (ശൂദ്ര) സവര്‍ണവിഭാഗത്തിന്റേതുമായിരുന്നു.

ഇന്ത്യ ഒരു പരമാധികാര റിപബ്ലിക്കായതിനെത്തുടര്‍ന്ന് ഒരു ഭരണഘടന നിലവില്‍ വന്നശേഷമുള്ള ഏഴ് ദശകങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും ഒടുവിലത്തെ മൂന്ന് ദശാബ്ദങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനപരമായ അംശങ്ങള്‍ വലതുപക്ഷ ഹിന്ദുത്വ ശക്തികളാല്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിടുകയും, ഭരണഘടന അനുശാസിക്കും വിധത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയവര്‍ തന്നെ അത്തരം ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനവും പരോക്ഷനേതൃത്വവും നല്‍കുകയും ചെയ്യുന്ന പുതിയ ഒരു പ്രതിസന്ധിഘട്ടത്തിലാണ് ലിംഗസമത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നമ്മള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ ജാതിവിരുദ്ധസമരങ്ങളും സ്ത്രീ അവകാശസമരങ്ങളും LGBT (Lesbian, Gay, Bisexual, Transgender) അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും എല്ലാം അവയോരോന്നിന്റേയും പ്രത്യേകമായ നിലയിലും സംയുക്തമായ പ്രക്ഷോഭവേദികളിലും സാധൂകരിക്കപ്പെടുന്നതില്‍ ഇന്ത്യന്‍ ഭരണഘടന വഹിച്ചുപോരുന്ന പങ്ക് എടുത്തുപറയേണ്ടതുണ്ട്. അതിനാല്‍ ഭരണഘടനയുടേയും നിയമവാഴ്ചയുടേയും എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന സമാന്തരമായ പ്രത്യയശാസ്ത്രമണ്ഡലം എന്ന നിലയില്‍ ബ്രാഹ്മണിക്കല്‍- മനുവാദ വ്യവഹാരങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഹിന്ദുവലതുപക്ഷത്തിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തണമെങ്കില്‍ നേരത്തേ സൂചിപ്പിച്ചതുപോലെ സാമൂഹ്യസദാചാരത്തിനു മുകളില്‍ ഭരണഘടനാസദാചാരത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള പരിശ്രമത്തില്‍ എല്ലാ പുരോഗമനശക്തികളും ബഹുജനപ്രസ്ഥാനങ്ങളും ഐക്യപ്പെടുക എന്നത് വളരെ അടിയന്തിരപ്രാധാന്യമുള്ള കാര്യമാണ്.

ഭരണഘടനയെ ഹിന്ദുവലതുപക്ഷത്തിന്റെുയും മനുവാദപ്രത്യയശാസ്ത്രങ്ങളുടെയും ആക്രമണത്തില്‍ നിന്ന് രക്ഷിക്കേണ്ടതുപോലെത്തന്നെ പ്രാധാന്യമുള്ള ഒരു കാര്യമാണ് ആധുനികതയുടെ മൂല്യങ്ങളെ പ്രതിരോധിക്കുന്നതും മുന്നോട്ട് കൊണ്ടുപോകുന്നതും.

തെറ്റദ്ധരിക്കപ്പെട്ട ആധുനികത

ആധുനികത (മോഡേണിറ്റി) എന്ന് കേള്‍ക്കുന്ന മാത്രയില്‍ അത് യൂറോകേന്ദ്രീകൃതചിന്തയുടെയോ കൊളോണിയല്‍ അധിനിവേശത്തിന്റേയോ ബാക്കിപത്രമായി നിലകൊള്ളുന്ന നിഷ്പ്രയോജനമായ ഒരു ഭാവനയായി കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ ആധുനികതയുടെ അന്തഃസത്ത, തുല്യമായ അന്തസ്സോടെയും അവകാശങ്ങളോടെയും ജീവിക്കാനുള്ള എല്ലാ മനുഷ്യരുടേയും അവകാശങ്ങളെ മാനിക്കല്‍ ആണ്.

സാംസ്‌കാരികമായ വൈചിത്ര്യങ്ങളോടും വ്യത്യസ്തതകളോടും ബഹുമാനം പുലര്‍ത്തിക്കൊണ്ടുതന്നെ അവയിലെ ആന്തരികവൈരുദ്ധ്യങ്ങളെ അഭിസംബോധന ചെയ്യാനും പരിവര്‍ത്തനോന്മുഖവും പുരോഗമനാത്മകവുമായ ഒരു പുതിയ ദിശയിലേക്ക് പൊതുബോധത്തെ നയിക്കുംവിധത്തില്‍ ചിന്തയിലൂടെയും പ്രവൃത്തികളിലൂടെയുമുള്ള ഇടപെടലാണ് ആധുനികത.

ഈയര്‍ത്ഥത്തില്‍ ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നിവ മുതല്‍ ലിംഗസമത്വം, എല്‍.ജി.ബി.ടി അവകാശങ്ങള്‍, യുദ്ധവിരുദ്ധപ്രസ്ഥാനങ്ങള്‍, സാര്‍വദേശീയ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ അന്തഃസത്ത അംഗീകരിക്കലും നടപ്പാക്കലും വരെ ആധുനികതയുടെ മണ്ഡലത്തില്‍ വരുന്ന ഉദാത്തമായ സങ്കല്‍പങ്ങളാണ്. ജനനംകൊണ്ട് മാത്രം ലഭിക്കുന്ന അനുകൂല/പ്രതികൂല നില ഒരു വ്യക്തിയുടെ ഉല്‍ക്കര്‍ഷസാധ്യതകളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകാതിരിക്കല്‍, പൊതുജീവിതത്തിലെ ഉത്തരവാദിത്തവും ചോദ്യം ചെയ്യപ്പെടാനുള്ള സന്നദ്ധതയും, വ്യക്തിയുടെ അന്തസ്സ് മാനിക്കപ്പെടല്‍ ഇതെല്ലാമാണ് ആധുനികതയുടെ കാതലായ മൂല്യങ്ങള്‍.

ജീവശാസ്ത്രപരമായുള്ള ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ (sex) പെരുപ്പിച്ച് കാട്ടുന്ന ലിംഗപദവി (gender) ഒരു സാമൂഹ്യനിര്‍മിതിയാണ് എന്ന് ഫെമിനിസ്റ്റ് ചിന്തകര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. ഉടുപ്പിലും നടപ്പിലും ശരീരഭാഷകളിലും ഈ വ്യത്യാസത്തെ അടിവരയിട്ട് ആചരിക്കുന്നതിന്റെ അടിസ്ഥാനം ഭിന്നവര്‍ഗ (heterosexual) കുടുംബത്തെയും ലൈംഗികതയേയും ആദര്‍ശമാക്കുന്നതിലുള്ള സ്ഥാപിതതാല്‍പര്യമാണെന്ന് ജൂഡിത് ബട്‌ലര്‍ വാദിക്കുന്നു.

ഭിന്നവര്‍ഗലൈംഗികത (heterosexuality) അടിസ്ഥാനപ്രമാണമായി ആചരിക്കുന്ന സമൂഹത്തില്‍ ആണ്‍കോയ്മ നിലനില്‍ക്കുമെന്നത് കൂടാതെ, സ്ത്രീ/പുരുഷന്‍ എന്ന കള്ളികളില്‍ ഒതുങ്ങാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വമുള്ള മനുഷ്യര്‍ പുറന്തള്ളപ്പെടുകയും അവഹേളനങ്ങള്‍ക്ക് പാത്രമാവുകയും ചെയ്യുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സാമൂഹ്യജീവിതത്തില്‍ തുല്യഅവകാശങ്ങളോടെ വര്‍ത്തിക്കാനുമുള്ള ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കല്‍ ആധുനികതയുടെ ലോകവീക്ഷണത്തിന്റെ വികാസത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടം കുറിക്കുന്നു. അതിനാല്‍ ഫെമിനിസ്റ്റ് ചിന്തയുടെ തന്നെ സവിശേഷദിശയിലുള്ള ഒരു വികാസത്തിന്റെ ഫലമാണ് ജൂഡിത് ബട്‌ലര്‍ ആവിഷ്‌കരിച്ച ക്വിയര്‍ സിദ്ധാന്തമെന്ന് കരുതാം.
ആണ്‍കോയ്മക്കെതിരായ ഉറച്ചതും അസന്ദിഗ്ദ്ധവുമായ നിലപാടുകള്‍ അക്കാദമിക് വൃത്തങ്ങളില്‍ പോലും അസുലഭമായ ഒരു കാലഘട്ടത്തിലാണ് സാധാരണജനങ്ങള്‍ അവരുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മനുവാദത്തിന്റെ സംഘടിതരൂപങ്ങളെ തിരിച്ചറിയുന്നതും അവയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതും. അതുകൊണ്ടുതന്നെ പുരോഗമനകാരിയായ ആശയങ്ങള്‍ക്ക് പൊതുബോധത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള സുപ്രധാനമായ പങ്ക് ഒരു കാരണവശാലും ലഘൂകരിച്ച് കാണാന്‍ പറ്റില്ല.

ഭരണകൂടപിന്‍ബലത്തോടെയുള്ള സംഘടിതവും പരസ്യവുമായ ജാതീയ ആക്രമണത്തിന്റെ ലൈംഗികമാതൃകയാണ് ഹാഥ്രസില്‍ നമ്മള്‍ കണ്ടത്. ആധുനികതയുടെ ഓരോ അംശത്തെയും പൊതുബോധത്തില്‍ നിന്ന് ഉച്ചാടനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ ഭരണഘടനയുടേയും നിയമവ്യവസ്ഥയുടേയും സ്ഥാനത്ത് ഖാപ് പഞ്ചായത്തുകളേയും അതിന്റെ പ്രത്യയശാസ്ത്ര ഉറവിടമായ മനുസ്മൃതിയെയും പുനരുജ്ജീവിപ്പിക്കാനുള്ള വലത് ഹിന്ദു രാഷ്ട്രീയത്തിന്റെ നിര്‍ലജ്ജമായ നീക്കങ്ങള്‍.

ഹാഥ്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിതാഭസ്മം ശേഖരിക്കുന്ന സഹോദരി.
ഹാഥ്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിതാഭസ്മം ശേഖരിക്കുന്ന സഹോദരന്‍.

ഹാഥറസ് സംഭവത്തെത്തുടര്‍ന്ന് കേരളമുള്‍പ്പെടെ രാജ്യവ്യാപകമായി ഉണ്ടായ പ്രതിഷേധങ്ങള്‍ ആധുനികതയുടെ മൂല്യങ്ങള്‍ തിരിച്ചുപിടിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ജനകീയ അഭിലാഷത്തിന്റെ പ്രതിഫലനമാണ്. 
വാളയാറിലെ ഇരട്ടക്കൊലപാതക കേസിലും പാലത്തായിയിലെ ബാലലൈംഗികപീഡനക്കേസിലും അധികാരികള്‍ മനഃപൂര്‍വം കാട്ടിയ ജാഗ്രതയില്ലായ്മക്കെതിരെയുണ്ടായ ശക്തമായ ജനവികാരമാണ് ആധുനികത.

അവയെ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളായി കാണാതിരിക്കാനും, സര്‍ക്കാറിന്റെ പ്രതിനിധികളായി നിന്ന് കൃത്യവിലോപവും വീഴ്ചയും വരുത്തുന്ന ഉദ്യോഗസ്ഥന്മാരെ അര്‍ഹിക്കുന്ന വിധത്തില്‍ നിയമാനുസൃതമായി ശിക്ഷിക്കാനും സര്‍ക്കാര്‍ കാണിക്കുന്ന ആര്‍ജവമായിരിക്കണം ആധുനികതയുടെ മാനദണ്ഡം.

അതുപോലെ, സൈബര്‍ ബുള്ളിയിങിലൂടെ സ്ഥിരമായി സ്ത്രീകളെ അക്രമിക്കുന്നതും സ്വഭാവഹത്യ നടത്തുന്നതും കുറ്റകരമായ പ്രവൃത്തികളായി അംഗീകരിക്കാന്‍ ഫലത്തില്‍ വിസമ്മതിക്കുന്ന അതേ ഭരണകൂടം, സൈബര്‍ ഇടങ്ങളില്‍ ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കുന്ന ഒറ്റപ്പെട്ട വ്യക്തികള്‍ക്കെതിരെ നിസ്സാരകാരണങ്ങള്‍ക്ക് സൈബര്‍ കേസുകള്‍ ചുമത്തുന്നത് ഒരു വിരോധാഭാസമാണ്.

ഒരു നിയമത്തേയും പേടിയില്ലാതെ പരിഷ്‌കൃതസമൂഹത്തിനിടയില്‍ സ്ത്രീവിരുദ്ധതയും വിദ്വേഷരാഷ്ട്രീയവും ജാതീയതയും വര്‍ഗീയയതയും തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നവര്‍ക്ക് പതിവായി ഭരണകൂടപരിരക്ഷ ലഭിക്കുന്നതിന്റെ രാഷ്ട്രീയകാരണങ്ങളെന്തായാലും അതില്‍ അന്തര്‍ലീനമായ പ്രത്യയശാസ്ത്രം ആധുനികതയുടെ നിരാകരണമാണ്.

Padmarajan_0.jpg
പാലത്തായ് കേസിലെ പ്രതി പത്മനാഭന്‍.

ഏത് വിപരീത പരിതസ്ഥിതിയിലും കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളും ഭാവനകളും സൂക്ഷിക്കാന്‍ കഴിയുന്നതോടൊപ്പം ആ ദിശയിലേക്ക് എല്ലാ മാനുഷികവ്യവഹാരങ്ങളേയും ആകര്‍ഷിക്കാന്‍ പ്രാപ്തമായ ഉള്ളടക്കമാണ് പുരോഗമനരാഷ്ട്രീയത്തിന്റേത്. മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയ പോലെ, ‘തത്വചിന്തകര്‍ നാളിതുവരെ പല രീതിയിലും ലോകത്തിനെ പല പ്രകാരത്തിലും വ്യാഖ്യാനിച്ചിട്ടേയുള്ളൂ. എന്നാല്‍ പ്രശ്‌നം മാറ്റിത്തീക്കല്‍ ആണ്.' (ഫോയര്‍ബാഹിനെക്കുറിച്ചുള്ള തീസീസുകള്‍, 11).

ശരിയായ ഭാവനകളില്‍ നിന്നേ മാറ്റിത്തീര്‍ക്കാനുള്ള ശരിയായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയൂ. ആണ്‍കോയ്മയുടേയും ജാതിമേധാവിത്തത്തിന്റേയും പ്രതിലോമപരതയെ നേര്‍ക്കുനേരെ അഭിസംബോധന ചെയ്യുന്ന ആധുനികതയുടെ ഭാവനകള്‍ക്ക് മാത്രമേ സമൂഹത്തെ വിശാലാടിസ്ഥാനത്തില്‍ മാറ്റിത്തീര്‍ക്കാന്‍ കഴിയൂ. വ്യാപകമായി ഭാവനകള്‍ ഉണ്ടാകുന്നതില്‍ സംഭവിക്കുന്ന ഏത് കാലവിളംബവും അധീശപ്രത്യയശാസ്ത്രത്തിന്റെ ഹിംസാത്മകമായ സ്വാധീനത്തെ കൂടുതല്‍ മോശപ്പെട്ടതും അസഹനീയവുമായ നിലയിലെത്തിക്കുമെന്നതിന്റെ സൂചനയാണ് ഹാഥറസ് സംഭവവികാസങ്ങള്‍.

 

ഗ്രന്ഥസൂചി

Kavita Krishnan, Fearless Freedom, Penguin Books, Gurgaon, 2020
Kate Millett, Sexual Politics, Doubleday&Co., New York, 1970
Perry Anderson, The Indian Ideology, Three Essays Collective, Gurgaon, 2012
Maria Mies, Patriarchy and Accumulation on a World Scale, London,
1986
എ.കെ. രാമകൃഷ്ണന്‍, കെ.എം. വേണുഗോപാലന്‍, സ്ത്രീവിമോചനം ചരിത്രം സിദ്ധാന്തം സമീപനം, പ്രസക്തി ലൈബ്രറി, പത്തനംതിട്ട, 2016.
കെ.എം. വേണുഗോപാലന്‍ (എഡിറ്റര്‍), കേരളം, ലൈംഗികത, ലിംഗനീതി, സൈന്‍ ബുക്‌സ്, തിരുവനന്തപുരം, 2006.
ഫാത്തിമ മെര്‍നീസ്സി (പരിഭാഷ - കെ.എം. വേണുഗോപാലന്‍), ഇസ്ലാമും സ്ത്രീകളും, ഒലിവ് ബുക്‌സ്, കോഴിക്കോട്, 2009.
Ann Oakley, Subject women, Fontana Press, UK, 1982.
Joan D. Mandle, How Political is the Personal?: Identity Politics, Feminism and Social Change
http://archives.evergreen.edu/webpages/curricular/2006-2007/languageofpolitics/how-political-is-the-personal/index.html  (accessed on 10-10-2020)
Angela Davis, Women, Race and Class, Women's Press. London, 1982
Editors: Pamela Sardar and Braj Ranjan Mani, A Forgotten Liberator: The Life and Struggle of Savitribai Phule, Mountain Peak, New Delhi
, 2010
കെ.എം. വേണുഗോപാലന്‍, ഫെമിനിസം, ആധുനികത - ജ്ഞാനസിദ്ധാന്തപരമായ ഒരന്വേഷണം, മലയാളം റിസര്‍ച് ജേണല്‍, വാല്യം 5, ലക്കം 2, കോട്ടയം, മെയ്-ഓഗസ്റ്റ് 2012, പേജ് 1479-1492.
Dipankar Gupta, Mistaken Modernity: India Between Worlds, HarperCollins Publishers, India, 2004
Women's Movement and Communist Party: Ideology, Programme, Practice, CPI(ML) Publications New Delhi
, 2008.

  • Tags
  • #Women Abuse
  • #POCSO
  • #Crime
  • #K.M Venugopalan
  • #Walayar Case
  • #Hathras Case
  • #Palathayi Case
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

സുകന്യ

25 Nov 2020, 01:13 PM

നന്നായി പറഞ്ഞു ... വേണുവാട്ടാ

Bhagaval Singh

Crime

ഡോ. ടി.എസ്. ശ്യാംകുമാര്‍

ഇന്നും തുടരുന്ന നരബലിയും മന്ത്രവാദവും

Oct 11, 2022

2 Minutes Read

 Sathnam-Sing-Matha-Amrithanandamayi-Madam.jpg

Crime

ഷഫീഖ് താമരശ്ശേരി

സത്നാം സിങ്: പത്തുവര്‍ഷമായിട്ടും മഠത്തില്‍ തൊടാത്ത അന്വേഷണം

Aug 05, 2022

14 Minutes Read

Phoolan

Delhi Lens

Delhi Lens

ഇതുപോലൊരുത്തിക്ക് ജന്മം കൊടുക്കാതിരിക്കാന്‍ ഫൂലന്റെ ഗര്‍ഭപാത്രം നീക്കം ചെയ്ത ജാതി ഇന്ത്യ

Jul 31, 2022

8.6 minutes Read

KM Basheer

Crime

കെ.പി. റജി

ഐ.എ.എസ്​ ലോബിയുടെ കപടസിദ്ധാന്തങ്ങളാണോ പിണറായിയെ ഭരിക്കുന്നത്​?

Jul 26, 2022

5 Minutes Read

Pocso

POCSO

കെ.വി. ദിവ്യശ്രീ

പോക്‌സോയ്ക്ക്​ പത്തുവർഷം​; എന്തുകൊണ്ട്​ കേസുകൾക്കിപ്പോഴും ശൈശവം?

Jun 20, 2022

20 Minutes Read

 Palakkad-meenakshipuram-Murders-2.jpg

Casteism

ഷഫീഖ് താമരശ്ശേരി

ഒരേ കിണറ്റില്‍ അമ്മയും മകളും, മീനാക്ഷിപുരത്തെ ജാതിഗ്രാമം മൂടിവെക്കുന്ന തുടര്‍ക്കൊലകള്‍

May 25, 2022

9 Minutes Watch

Vijay Babu  facebook Live

Crime against women

മനില സി.മോഹൻ

വിജയ്​ബാബുമാരുടെ ഷോ ഓഫും ഗെയിം പ്ലാനുകളും

Apr 28, 2022

6 Minutes Read

rima

Gender

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

സ്​ത്രീകളെ കാണുമ്പോൾ അവരുടെ കാലിനിടയിലേക്ക്​ നോക്കുന്നവരോട്​...

Apr 07, 2022

9 Minutes Read

Next Article

നിവാർ കേരളത്തിൽ ആഞ്ഞുവീശില്ല

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster