ക്ലാവുപിടിച്ച ഹുക്കകളിലില്ല തൊഴിലാളികൾ കൊത്തിയ ജീവിതങ്ങൾ

കൊച്ചീന്ന് കൊയിലാണ്ടി വരെയല്ല, കൊയിലാണ്ടീന്ന് സൗദി അറേബ്യ വരെ...
കോഴിക്കോട് കൊയിലാണ്ടിയിലെ ഗ്രാമപ്രദേശങ്ങളിലുള്ള പണിശാലകളിൽ നിന്ന് കടലും കടന്ന് അറേബ്യൻ ആഢംബരങ്ങളിലേക്ക് ചേക്കേറിയ കൊയിലാണ്ടി ഹുക്കയ്ക്ക് പറയാനുള്ളത് നൂറ്റാണ്ടുകൾ പിന്നിട്ട വൈദേശിക ബന്ധത്തിന്റെ കഥകളാണ്...

അറബിക് കൊത്തുപണികളോട് കൂടിയ കൊയിലാണ്ടി ഹുക്ക എന്ന മലബാർ ഹുക്ക, കൊയിലാണ്ടിയിലെ മൂശാരി മൂശകളിലേക്ക് എങ്ങനെയെത്തിയെന്നത് വ്യക്തമല്ല. നാടൻ ഭാഷയിൽ തൊണ്ടു പണി എന്നറിയപ്പെട്ട ഹുക്കാ പണി ഒരു കാലഘട്ടത്തിൽ പ്രദേശത്തെ വിശ്വകർമാ സമുദായത്തിന്റെ മാത്രം തൊഴിലായിരുന്നു. പിന്നീട് ജാതി മത ഭേദമെന്യ എല്ലാ സമുദായങ്ങളും ഹുക്കാ പണിയിൽ ഏർപ്പെടാൻ തുടങ്ങി. സാമൂഹികമായി ഏറെ പിന്നിൽ നിന്നിരുന്ന ജനങ്ങളുടെ ജീവിതത്തിൽ അത് മാറ്റങ്ങളുണ്ടാക്കി. കൊയിലാണ്ടി ദേശത്തിന്റെ സമ്പദ്ഘടനയെ വരെ മാറ്റിയെഴുതാൻ കൊയിലാണ്ടി ഹുക്കയ്ക്കായി. അക്കാലത്ത് അറേബ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഹുക്കയ്ക്ക് ലാഭത്തോട് കൂടിയ ന്യായമായ തുക തൊഴിലാളികൾക്ക് കിട്ടിയിരുന്നു.

നാടിന്റെ സാംസ്‌ക്കാരിക തനിമ സൂചിപ്പിക്കാൻ കൊയിലാണ്ടി നഗരസഭയുടെ എംപ്ലത്തിൽ പോലും ഹുക്കയുടെ ചിത്രം നൽകിയിട്ടുണ്ട്. കൊയിലാണ്ടി ഹുക്കാ നിർമാണത്തിന്റെ ആ സുവർണ കാലത്തിന് ക്ലാവ് പിടിക്കാൻ തുടങ്ങിയത് കഴിഞ്ഞ ഒരു ദശകത്തിനിടയിലാണ്.

ഹുക്കാ നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വർധന, ഹുക്കാ തൊഴിലാളികൾക്ക് ഏർപ്പെട്ടുത്തിയ കേന്ദ്ര സർക്കാർ സഹായങ്ങൾ പിൻവലിച്ചത്, സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള അവഗണന ഇവയെല്ലാം തൊഴിലാളികളെ സാരമായി ബാധിക്കുകയും ഈ മേഖലയിൽ നിന്നുള്ള അവരുടെ കൊഴിഞ്ഞു പോക്കിന് കാരണമാവുകയും ചെയ്തു.
പലരും ജീവിക്കാനായി പല തൊഴിലുകളിലേക്ക് തിരിഞ്ഞെങ്കിലും ഹുക്കാപ്പണി മാത്രമറിയുന്ന ചിലരെങ്കിലും തൊഴിലില്ലാത്തവരായി മാറി. കൊവിഡ് കൂടി വന്നതോടെ ഹുക്കാ നിർമാണം പൂർണമായും നിശ്ചലാവസ്ഥയിലായി. നിലവിൽ വിരലിലെണ്ണാവുന്ന ഹുക്കാ തൊഴിലാളികൾ മാത്രമാണ് കൊയിലാണ്ടിയിലുള്ളത്. ആഭ്യന്തര വിപണിയടക്കമുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തി ഹുക്കാ തൊഴിലാളികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഇനിയും നടന്നില്ലെങ്കിൽ, ഇന്ത്യയുടെ വൈദേശിക കച്ചവട ബന്ധത്തിന്റെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന, കരവിരുതിന്റെ കൊയിലാണ്ടി ഹുക്കകൾ ഓർമകളിൽ നിന്ന് പോലും മൺമറഞ്ഞുപോവാൻ ഇനി അധികനാൾ വേണ്ടി വരില്ല.

Comments