നഴ്സിന്റെ ശമ്പളവും അടയ്ക്കാത്ത നികുതിയും

10.31 ബില്യൺ ഡോളർ കൊല്ലം തോറും നികുതി വെട്ടിപ്പിലൂടെ ഇന്ത്യക്കു നഷ്ടപ്പെടുന്നു എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് നമ്മുടെ രാജ്യത്തെ ആരോഗ്യമേഖലയുടെ ബഡ്ജറ്റിന്റെ 44.70 ശതമാനം എന്നാണ്. അല്ലെങ്കിൽ വിദ്യാഭ്യാസത്തിനുളള ബഡ്ജറ്റിന്റെ 10.68 ശതമാനം. നിയോ -കൊളോണിയൽ ചൂഷണത്തിന്റെ നല്ല ദൃഷ്ടാന്തമാണ് നികുതി നഷ്ടത്തിന്റെ സംഘടാനവും ആസൂത്രണവുമെന്നു ഈ കണക്കുകൾ വ്യക്തമാക്കുന്നു

രു നഴ്സിന്റെ ഒരു വർഷത്തെ മൊത്തം ശമ്പളത്തിനു തുല്യമായ തുകയാണ് ആഗോളതലത്തിൽ ഒരോ നിമിഷവും വെട്ടിക്കപ്പെടുന്ന നികുതി. ഈ കണക്കു കേട്ടാൽ ഞെട്ടരുത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ലോകത്തെ 34 ദശലക്ഷം വരുന്ന നഴ്സുമാരുടെ ഒരു കൊല്ലത്തെ വേതനത്തിനു തുല്യമായ തുക, നികുതി ഒഴിവാക്കുന്നതു വഴി ലോകത്തെ അതിസമ്പന്നരായ സ്ഥാപനങ്ങളും, വ്യക്തികളും കൊല്ലം തോറും സ്വന്തം ആസ്തികളായി സംഭരിക്കുന്നു. നികുതി നീതിക്കായുള്ള ആഗോള കൂട്ടായ്മ (ഗ്ലോബൽ അലയൻസ് ഫോർ ടാക്സ് ജസ്റ്റിസ്) നവംബർ 20-ന്​ പുറത്തുവിട്ട റിപ്പോർട്ട്​ പ്രകാരം 427 ബില്യൺ ഡോളർ കൊല്ലംതോറും ഇത്തരത്തിലുള്ള നികുതി വെട്ടിപ്പിന്റെ ഫലമായി ലോക രാജ്യങ്ങൾക്ക് നഷ്ടപ്പെടുന്നു.

ഒരു ബില്യൺ സമം 100 കോടി. അതായത് 42,700 കോടി ഡോളർ. ഒരു ഡോളറിന് 70 രൂപ നിരക്കിൽ കണക്കുകൂട്ടിയാൽ എത്ര ലക്ഷം കോടി രൂപയാവും ഇതെന്നു ചോദിക്കുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. കാരണം അത്രയും ഭീമമായ തുക ഒരു മാതിരി മനുഷ്യരുടെ സങ്കൽപ്പങ്ങളിൽ മാത്രമല്ല വിഭ്രാന്തികളിൽ പോലും ഇടം പിടിക്കുമെന്നു തോന്നുന്നില്ല. ടാക്സ് അബ്യൂസ് എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ കൃത്യമായ പരിഭാഷയല്ല നികുതി വെട്ടിപ്പ് എന്ന പ്രയോഗം. പ്രത്യക്ഷവും, പരോക്ഷവുമായ നിലയിൽ തങ്ങളുടെ നികുതി ബാധ്യത പരമാവധി കുറയ്ക്കുകയും അതുപോലും പലവിധത്തിൽ നൽകാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് ടാക്സ് അബ്യൂസ് എന്ന പ്രയോഗം അർത്ഥമാക്കുന്നത്. നികുതി വെട്ടിപ്പിന്റെ പരിഷ്‌കൃത രൂപം എന്നു വേണമെങ്കിൽ പറയാം. അതുകൊണ്ടാണ് നികുതി വെട്ടിപ്പ് എന്ന പ്രയോഗം ഇവിടെ ഉപയോഗിക്കുന്നത്. നികുതി ഏറ്റവും കുറഞ്ഞതോ, ഇല്ലാത്തതോ ആയ സ്ഥലങ്ങളിൽ തങ്ങളുടെ നിയമപരമായ വിലാസങ്ങൾ നൽകുന്നതു വഴിയാണ് വൻകിട കോർപറേറ്റുകളും, അതിസമ്പന്നരായ വ്യക്തികളും യഥാർത്ഥത്തിൽ അവർ അർഹിക്കുന്ന നികുതി നൽകാതെ ഒഴിവാകുന്നത്.

സംഘടിതവും, ആസൂത്രിതവുമായ നിലയിൽ നികുതി ഏറ്റവും താഴ്ന്ന നിലയിൽ നിലനിർത്തുകയും അതു പോലും യഥാസമയം നൽകാതിരിക്കുകയും ചെയ്യുന്ന സംവിധാനം ലോകജനതക്ക് സൃഷ്ടിക്കുന്ന ഇല്ലായ്മകളുടെ കാഠിന്യം എത്ര തീവ്രമാണെന്ന് ബോധ്യപ്പെടുത്തുന്നതിലാണ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നഴ്സുമാരുടെ വേതനവും നികുതിവെട്ടിപ്പും തമ്മിലുള്ള താരതമ്യത്തിന്റെ പ്രസക്തി. കൊല്ലം തോറും നഷ്ടമാവുന്ന 427 ബില്യൺ ഡോളറിൽ 245 ബില്യൺ ഡോളറിന്റെ ഉത്തരവാദികൾ ബഹുരാഷ്ട്ര കോർപറേഷനുകളും, 185 ബില്യൺ ഡോളറിന്റെ ഉടമകൾ സ്വകാര്യ വ്യക്തികളുമാണ്. ആർഷഭാരതത്തിൽ നിന്നും കൊല്ലം തോറും ഇങ്ങനെ നഷ്ടമാവുന്ന നികുതി തുക 10.31 ബില്യൺ ഡോളർ ആണെന്നു റിപോർട്ട് രേഖപ്പെടുത്തുന്നു.

ഡോളർ ഒന്നിന്​ 70 രൂപ കണക്കാക്കിയാൽ ഒരു ബില്യൺ ഡോളർ സമം 7,000 കോടി രൂപ. 10 ബില്യൺ എന്നുവച്ചാൽ 70,000 കോടി രൂപ. ഇന്ത്യയിൽ നിന്നുള്ള നികുതി നഷ്ടത്തിൽ 10 ബില്യൺ ഡോളറും കോർപറേറ്റു സ്ഥാപനങ്ങളുടെ സംഭാവനയാണ്. വ്യക്തികൾ നടത്തുന്ന വെട്ടിപ്പിന്റെ ഫലമായ നികുതി നഷ്ടം 202 ദശലക്ഷം ഡോളർ. ഈ കണക്കുകളെ മറ്റൊരു വിധത്തിലും അവതരിപ്പിക്കാവുന്നതാണ്. അതായത് 100 കോടി ഭാരതീയരിൽ ഒരാൾക്ക് 8-ഡോളർ എന്ന നിരക്കിൽ കൊല്ലം തോറും നികുതി വെട്ടിപ്പിലൂടെ നഷ്ടമാവുന്നു. ദാരിദ്ര്യത്തിലും, പരമദാരിദ്ര്യത്തിലും ജീവിക്കുന്നവരുടെ ദിനംപ്രതി വരുമാനം 2-ഡോളറിൽ താഴെയാണെന്ന ലോക ബാങ്കിന്റെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് 8-ഡോളർ നഷ്ടം പ്രതിനിധാനം ചെയ്യുന്ന ചൂഷണത്തിന്റെ കാഠിന്യം എത്രയാണെന്നു ബോധ്യപ്പെടുക.

കോർപറേറ്റു സൽഭരണത്തിന്റെ ഉദാത്ത മാതൃകകളായി പൊതുവെ കരുതപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങളും, അക്കൗണ്ടിംഗ്, നിയമസഹായ സ്ഥാപനങ്ങളുമാണ് ഇത്തരത്തിലുള്ള നികുതി വെട്ടിപ്പിനുള്ള എല്ലാ ഒത്താശകളും എല്ലായിടത്തും നൽകുന്നത്. നിയമലംഘനങ്ങൾ നിയമവിധേയമായെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ നടപ്പിലാക്കുന്നതിനുള്ള വൈദഗ്ധ്യമാണ് അത്തരത്തിലുള്ള സ്ഥാപനങ്ങളുടെ മേന്മയുടെ അടിത്തറ. നികുതി പരമാവധി ഒഴിവാക്കുന്നതിന്റെ സംഘാടനവും, ആസൂത്രണവും പുരാതനമായ കലയാണെങ്കിലും അതിന്റെ തോതും, വ്യാപ്തിയും കാലദേശങ്ങൾക്കതീതമായ പ്രവണതയായി മാറിയത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. ഭൗതിക സമൃദ്ധിയുടെ കാര്യത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന കുറ്റകരമായ അസമത്വത്തിന്റെ മറ്റൊരു പതിപ്പാണ് വെട്ടിപ്പിനു സമാനമായ നികുതി നഷ്ടത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഭൗതിക സമൃദ്ധിയുടെ കാര്യത്തിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളിൽ നികുതി വെട്ടിപ്പിന്റെ ഫലമായി ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങളെക്കാൾ പതിന്മടങ്ങു തീവ്രതയോടെയാണ് നികുതി വെട്ടിപ്പിന്റെ തിക്തഫലങ്ങൾ ഭൗതിക സമൃദ്ധി കുറഞ്ഞ രാജ്യങ്ങളിൽ അനുഭവപ്പെടുക.

നികുതി വെട്ടിപ്പിന്റെ ഫലമായി സംഭവിക്കുന്ന വരുമാനനഷ്ടത്തിന്റെ നല്ലൊരു പങ്കും സ്വാഭാവികമായും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിന്നാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും തിക്തഫലങ്ങളുടെ സ്ഥിതി അതല്ല. ആരോഗ്യ മേഖലയെ സൂചകമായി സ്വീകരിച്ചുകൊണ്ടുള്ള താരതമ്യങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന വറുതിയുടെ തീവ്രത മനസ്സിലാക്കുവാൻ പര്യാപ്തമാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ള 382 ബില്യൺ ഡോളർ നികുതി നഷ്ടം പ്രസ്തുത രാജ്യങ്ങളുടെ മൊത്തം ആരോഗ്യ ചെലവിന്റെ 8-ശതമാനം മാത്രമാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിൽ വരുമാനം കുറഞ്ഞ രാജ്യങ്ങളുടെ മൊത്തം ആരോഗ്യചെലവിന്റെ 52-ശതമാനമാണ് 45 ബില്യൺ ഡോളർ നികുതി നഷ്ടത്തിലൂടെ ഇല്ലാതാവുന്നത്.

10.31 ബില്യൺ ഡോളർ കൊല്ലം തോറും നികുതി വെട്ടിപ്പിലൂടെ ഇന്ത്യക്കു നഷ്ടപ്പെടുന്നു എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് നമ്മുടെ രാജ്യത്തെ ആരോഗ്യമേഖലയുടെ ബഡ്ജറ്റിന്റെ 44.70 ശതമാനം എന്നാണ്. അല്ലെങ്കിൽ വിദ്യാഭ്യാസത്തിനുളള ബഡ്ജറ്റിന്റെ 10.68 ശതമാനം. പ്രത്യക്ഷത്തിലുള്ള കൊളോണിയൽ ചൂഷണത്തിൽ നിന്നും പരോക്ഷമായ നിയോ -കൊളോണിയൽ ചൂഷണത്തിന്റെ നല്ല ദൃഷ്ടാന്തമാണ് നികുതി നഷ്ടത്തിന്റെ സംഘടാനവും ആസൂത്രണവുമെന്നു ഈ കണക്കുകൾ വ്യക്തമാക്കുന്നു.

ലോകത്തിലെ ചെറിയ ചില ദ്വീപു രാജ്യങ്ങളാണ് നികുതി നഷ്ടത്തിന്റെ സുപ്രധാന കേന്ദ്രങ്ങൾ എന്ന പൊതുധാരണ പൂർണമായും ശരിയല്ല എന്നും ‘ദ സ്റ്റേറ്റ് ഓഫ് ടാക്സ് ജസ്റ്റിസ്-2020' എന്നു പേരിലുള്ള റിപ്പോർട്ട്​ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക ഘടനയിൽ മർമപ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന സമ്പന്ന രാജ്യങ്ങളും, അവരുടെ ആശ്രിതരുമാണ് നികുതി വെട്ടിപ്പിന്റെ സിരാകേന്ദ്രങ്ങൾ. ലോകരാജ്യങ്ങളുടെ 98-ശതമാനം നികുതി നഷ്ടത്തിനമുള്ള ഉത്തരവാദികൾ ഈ സമ്പന്ന രാഷ്ട്രങ്ങൾ മാത്രമാണ്. മൊത്തം 427 ബില്യൺ നികുതി വെട്ടിപ്പിൽ 419 ബില്യൺ ഡോളറും അഞ്ചു മേഖലകളിൽ സ്ഥിതി ചെയ്യുന്ന അതിസമ്പന്ന രാജ്യങ്ങൾ വഴിയാണ് വിപണനം ചെയ്യുന്നത്. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള കെയ്മൻ നികുതി വെട്ടിപ്പിന്റെ 16.5 ശതമാനം അഥവാ 70 ബില്യൺ ഡോളർ കയ്യാളുമ്പോൾ 10-ശതമാനം ഇടപാടുകൾ അഥവാ 42 ബില്യൺ ഡോളർ ബ്രിട്ടൻ നേരിട്ടു തന്നെ കൈകാര്യം ചെയ്യുന്നു. ഹോളണ്ട് മൊത്തം ഇടപാടിന്റെ 8.5 ശതമാനം (36 ബില്യൺ ഡോളർ) കൈകാര്യം ചെയ്യുമ്പോൾ 6.5 ശതമാനവുമായി (27 ബില്യൺ) ലക്സംബർഗും, 5.53 ശതമാനവുമായി (23 ബില്യൺ) അമേരിക്കയും നികുതി വെട്ടിപ്പിനു വേണ്ടിയുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ മുൻനിരയിൽ സ്ഥാനം നേടുന്നു.

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി- 20 (പഴയ ജി- 7) രാജ്യങ്ങളാണ് നികുതി നഷ്ടത്തിന്റെ 26.7 ശതമാനത്തിനും ഉത്തരവാദികൾ. കൊല്ലം തോറും 427 ബില്യൺ ഡോളർ നികുതി നഷ്ടമാവുന്നതിന്റെ പശ്ചാത്തലത്തിൽ നികുതി സംവിധാനം മൊത്തം തകരാറിലാണെന്ന ധാരണ രൂപപ്പെട്ടാൽ അതിശയിക്കാനില്ല. എന്നാൽ അത്തരം വിലയിരുത്തലുകൾ പൂർണ്ണമായും ശരിയല്ലെന്നാണ് ടാക്സ് ജസ്റ്റിസ് നെറ്റ്​വർക്കിന്റെ മേധാവിയായ അലക്സ് കൊഭാം അഭിപ്രായപ്പെടുന്നു. തെറ്റുകൾ പറ്റുന്നതിനായി ബോധപൂർവ്വം പ്രോഗ്രം ചെയ്തിട്ടുള്ള സംവിധാനമാണ് കുഴപ്പങ്ങളുടെ അടിസ്ഥാനം കാരണം എന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു പകരം അതിസമ്പന്നരായ വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും ഇംഗിതങ്ങൾക്കു വഴങ്ങുന്ന സംവിധാനങ്ങളാണ് ഇപ്പോഴത്തെ ദുരവസ്ഥയുടെ കാരണമെന്നും അദ്ദേഹം പറയുന്നു. അതിസമ്പന്നരായ വ്യക്തികളുടെയും കോർപറേറ്റുകളുടെയും നികുതി ബാധ്യത നിരന്തരം വെട്ടിക്കുറയ്ക്കുകയും സ്ഥിരവരുമാനക്കാരായ സാധാരണക്കാരുടെ നികുതി ബാധ്യത അതുപോലെ നിലനിർത്തുകയും ചെയ്യുന്ന നയങ്ങളുടെ ഗുണം പരമാവധി അനുഭവിക്കുന്ന കൂട്ടർ തന്നെയാണ് നികുതി വെട്ടിപ്പിന്റെ നൂതനമായ സൂത്രവാക്യങ്ങൾ കണ്ടെത്തുന്നതും പ്രയോഗത്തിൽ വരുത്തുന്നതും. ആഗോളതലത്തിലെ ധനവിപണികളിലെ ഗതിവഗതികൾ പിന്തുടരുന്ന എല്ലാവരും ഇക്കാര്യം സമ്മതിക്കും.

നികുതി വെട്ടിപ്പിന്റെ തിക്തഫലങ്ങൾ ഏതെല്ലാം നിലയിൽ പ്രതിഫലിക്കുന്നുവെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഈ റിപ്പോർട്ട്​മുന്നോട്ടു വയ്ക്കുന്നു. വിയറ്റ്നാമിൽ ഒക്ടോബറിൽ വീശിയടിച്ച ചുഴലിക്കാറ്റ് വരുത്തിയത് 430 ദശലക്ഷം ഡോളറിന്റെ നാശനഷ്ടങ്ങളാണ്. നികുതി വെട്ടിപ്പിലൂടെ ഒരു കൊല്ലം വിയറ്റ്നാമിന്​ നഷ്ടം 420 ദശലക്ഷം ഡോളറാണ്. 20-കൊല്ലത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനു തുല്യമാണ് കൊല്ലം തോറും അരങ്ങേറുന്ന നികുതി നഷ്ടം. ഒരുകൊല്ലം നികുതി വെട്ടിപ്പിലൂടെ നഷ്ടമാവുന്ന 3.39 ബില്യൺ ഡോളർ ദക്ഷിണാഫ്രിക്കയിൽ 3-ദശലക്ഷം മനുഷ്യരെ ദാരിദ്ര്യത്തിന്റെ കെടുതിയിൽ നിന്നും കരകയറ്റുന്നതിന് ഉപകരിക്കും.

കടംകൊണ്ടു മുടിഞ്ഞ ഗ്രീസിന്റെ നികുതി നഷ്ടമായ 1.36 ബില്യൺ ഡോളർ 2020-ൽ അവർ കൊടുത്തു തീർക്കാനുള്ള തിരിച്ചടവിന്റെ 27-ശതമാനം വരും. നീതിയുക്തമായ നികുതി സംവിധാനത്തിനായി ആഗോളതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ മൂന്നു മുദ്രാവാക്യങ്ങളാണ് ഇപ്പോൾ ഉയർത്തിയിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അമിതലാഭം കൈവരിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തക, ഏറ്റവും കുറഞ്ഞ നിരക്കിൽ നികുതി ചുമത്തുന്ന ഇടങ്ങളിൽ സമ്പത്ത് കേന്ദ്രീകരിച്ചവർക്ക് പ്രത്യേക സമ്പന്ന നികുതി ഏർപ്പെടുത്തുക, ആഗോളതലത്തിൽ കോർപറേറ്റുകളുടെ നികുതി ക്രമീകരിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നികുതി കൺവെൻഷൻ വിളിച്ചു ചേർക്കുക എന്നിവയാണ് ഈ മുദ്രാവാക്യങ്ങൾ. ഈ മുദ്രാവാക്യങ്ങളുടെ പ്രസക്തി അംഗീകരിക്കുമ്പോൾ തന്നെ ധനകാര്യ മേഖലയിൽ നടക്കുന്ന സംഘടിതമായ ഇത്തരം ചൂഷണങ്ങളാണ് നവലിബറൽ സമ്പദ്ഘടനയുടെ അടിസ്ഥാന ശിലയെന്ന വസ്തുത കൂടി മനസ്സിലാക്കേണ്ടതുണ്ട്.

Comments