ഇതാ വരുന്നു ബി.ജെ.പി കേരളത്തിലേക്ക്​; കെ. സുധാകരനിലൂടെ

കേരളത്തിൽ ബി.ജെ.പിക്കെതിരായി നിൽക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. കോൺഗ്രസാണ് കേരളത്തിൽ ഇടതുപക്ഷ ദൗത്യം നിർവഹിക്കുന്നത് എന്ന് വി.ഡി. സതീശനുപോലും അവകാശപ്പെടാനാകുന്ന ഒരു പൊളിറ്റിക്കൽ സ്‌പെയ്‌സ്, ഇടതുപക്ഷത്തിന് ഇപ്പോഴും കേരളത്തിൽ നിലനിർത്തിപ്പോരാനാകുന്നുമുണ്ട്. സംഘ്പരിവാർ ഐഡിയോളജിയെ സ്വാംശീകരിക്കുന്നതിലൂടെ ബി.ജെ.പി വിരുദ്ധ പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമിനെ തകർത്തുകളയുകയാണ് കെ. സുധാകരന്റെ പാർട്ടി ചെയ്യുന്നത്.

ശ്യാമപ്രസാദ് മുഖർജി ആദ്യ നെഹ്‌റു മന്ത്രിസഭയിൽ അംഗമായ കഥ, കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ ഇപ്പോൾ വലിച്ചുപുറത്തിട്ടത്, ജവഹർലാൽ നെഹ്‌റുവിനുണ്ടായിരുന്ന ഉന്നതമായ ജനാധിപത്യബോധത്തിന് തെളിവു നൽകാനാണ് എന്നാണല്ലോ സുധാകരനും അദ്ദേഹത്തിന്റെ കോൺഗ്രസും പറയുന്നത്.

തന്റെ മേലുള്ള ആർ.എസ്.എസ് കറയെ, നെഹ്‌റുവിനെ മുൻനിർത്തി, "കറ നല്ലതാണ്' എന്നുറപ്പിക്കുകയാണ് യഥാർഥത്തിൽ സുധാകരൻ ചെയ്യുന്നത്. അതിനാണ്, 75 വർഷംമുമ്പ്, രാജ്യത്തിന്റെ രൂപീകരണഘട്ടത്തിൽ നടന്നതും ഇപ്പോൾ താരതമ്യങ്ങൾ അപ്രസക്തമായതുമായ ഒരു സംഭവത്തെ രാഷ്ട്രീയകൗശലത്തോടെ ഉദാഹരിക്കുന്നത്. സുധാകരന്റെ ആ കൗശലത്തെ പാർട്ടി നേതൃത്വം അപ്പടി സ്വീകരിക്കുകയും "സുധാകരൻ തികഞ്ഞ മതേതരവാദിയാണ്' എന്ന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരിക്കുന്നു.

ആർ.എസ്.എസിനുമുന്നിൽ കെ.പി.സി.സി പ്രസിഡന്റിന്റെ നാവ് എന്തുകൊണ്ടാണ് നിരന്തരമിങ്ങനെ പിഴച്ചുപോകുന്നത്? പ്രത്യേകിച്ച്, ബി.ജെ.പിയുടെ വർഗീയ- വിഭജന രാഷ്ട്രീയത്തിനെതിരെ, പാർട്ടിയുടെ ദേശീയനേതാവ് പദയാത്ര നടത്തികൊണ്ടിരിക്കുമ്പോൾ.

ബി.ജെ.പിയോട് മത്സരിച്ച്​ ദേശീയതലത്തിൽ കോൺഗ്രസ് പയറ്റുന്ന ഹൈന്ദവവർഗീയതയുടെ അവശിഷ്ടങ്ങൾ കൂടിയാണ്, രണ്ട് സംസ്ഥാനങ്ങൾ ഒഴിച്ചുള്ളിടങ്ങളിലെ പാർട്ടി ഘടകങ്ങൾ. വർഗീയതയുടേതടക്കമുള്ള കാര്യങ്ങളിൽ കേരളത്തിലെ കോൺഗ്രസ്, ഉത്തരേന്ത്യൻ കോൺഗ്രസിനോളം വരില്ല എന്നൊരു തോന്നൽ പലപ്പോഴും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പാർട്ടിയിൽ "തലമുറമാറ്റ'ത്തിലൂടെ രൂപപ്പെട്ട പുതുനേതൃത്വം, പ്രത്യേകിച്ച്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അങ്ങനെയൊരു നിലപാട് പ്രകടിപ്പിക്കാറുമുണ്ട്.

വർഗീയവാദികളുടെ വോട്ട് വേണ്ട എന്നും സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ കിടക്കില്ല എന്നുമൊക്കെ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിമർശനത്തിന് മറുപടിയായി കഴിഞ്ഞദിവസവും സതീശൻ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, വി.ഡി. സതീശനെ കേരളത്തിലെ പാർട്ടിയിൽ ന്യൂനപക്ഷമാക്കുന്ന ഒരു വലതുപക്ഷ രാഷ്ട്രീയം, സുധാകരന്റെ നേതൃത്വത്തിൽ പ്രബലമായി വരുന്നുണ്ട്.

ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ പറഞ്ഞതുപോലെ, ആ ആർ.എസ്.എസ് അനുകൂല രാഷ്ട്രീയം കേരളത്തിലെ കോൺഗ്രസുകാരുടെയാകെ മനസ്സാക്കിയെടുക്കുകയെന്ന സംഘ്പരിവാർ ലക്ഷ്യമാണ് കെ. സുധാകരനിലൂടെ എളുപ്പം സാക്ഷാൽക്കരിക്കപ്പെടുന്നത്. സംഘ്പരിവാർ രാഷ്ട്രീയത്തെ നിർവീര്യമാക്കാൻ ഏറ്റവും ശേഷിയുള്ള നെഹ്‌റു എന്ന പൊളിറ്റിക്കൽ ഐഡന്റിറ്റിയെ, വർഗീയ ഫാഷിസവുമായി കൂട്ടിക്കെട്ടുന്ന സുധാകരസൂത്രം, അംബേദ്കറെ വരെ സ്വാംശീകരിക്കാൻ കഴിഞ്ഞ സംഘ്പരിവാറിനുപോലും സാധ്യമാകാത്ത ഒന്നാണ്.

കേരളത്തിൽ, എൽ.ഡി.എഫും യു.ഡി.എഫും നിയന്ത്രിക്കുന്ന മുഖ്യധാരാ രാഷ്ട്രീയം വർഗീയതയുമായി പലതരം ഒത്തുതീർപ്പുകൾ നടത്താറുണ്ടെന്നത് വാസ്തവമാണ്. സി.പി.എമ്മിലൂടെയും കോൺഗ്രസിലൂടെയും പുലരുന്ന ഈ ഒത്തുതീർപ്പുരാഷ്ട്രീയത്തിലൂടെ, അടിത്തട്ടിൽ പ്രബലസാന്നിധ്യമുള്ള ഹിന്ദുത്വ വർഗീയത മുഖ്യധാരയിലേക്കുള്ള അതിന്റെ ദൂരം കുറച്ചുകൊണ്ടുവരികയുമാണ്. ബി.ജെ.പിയുടെ സംഘടനാപരമായ ശേഷിക്കുറവുകൊണ്ടാണ് കേരളം ഈ അപകടത്തിൽനിന്ന് രക്ഷപ്പെട്ടുനിൽക്കുന്നതെന്ന് ഒരു അതിവായനയിൽ പറയുകയും ചെയ്യാം.

കേരളത്തെ ഇന്നും ബി.ജെ.പിക്ക് അപ്രാപ്യമാക്കി നിർത്തുന്ന രാഷ്ട്രീയത്തിന്റെ പക്ഷത്തെ ബലപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്തം കോൺഗ്രസിനുമുണ്ട് എന്ന് ഓർമിപ്പിക്കേണ്ട ഒരു ഘട്ടം കൂടിയാണിത്.

കേരളത്തിൽ ബി.ജെ.പിക്കെതിരായി നിൽക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. കോൺഗ്രസാണ് കേരളത്തിൽ ഇടതുപക്ഷ ദൗത്യം നിർവഹിക്കുന്നത് എന്ന് വി.ഡി. സതീശനുപോലും അവകാശപ്പെടാനാകുന്ന ഒരു പൊളിറ്റിക്കൽ സ്‌പെയ്‌സ്, ഇടതുപക്ഷത്തിന് ഇപ്പോഴും കേരളത്തിൽ നിലനിർത്തിപ്പോരാനാകുന്നുമുണ്ട്. ആ പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമാണ്, കേരളം ബി.ജെ.പിക്ക് അസാധ്യമാക്കുന്നതും. എന്നാൽ, സംഘ്പരിവാർ ഐഡിയോളജിയെ സ്വാംശീകരിക്കുന്നതിലൂടെ ബി.ജെ.പി വിരുദ്ധ പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമിനെ തകർത്തുകളയുകയാണ് കെ. സുധാകരന്റെ പാർട്ടി ചെയ്യുന്നത്. കേരളത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമായ മതേതര- ജനാധിപത്യ രാഷ്ട്രീയത്തെ, സി.പി.എമ്മിനെതിരായ കായികമത്സരമായി ചുരുക്കുകയാണ് സുധാകരൻ ചെയ്തുവരുന്നത്.

തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ താൽക്കാലിക ലാഭമുണ്ടാക്കാൻ സഹായിക്കുമെങ്കിലും, ഫലത്തിൽ, ആർ.എസ്.എസിന്റെ സൗത്തിന്ത്യൻ പ്ലാനിലേക്കുള്ള വേഗം കൂട്ടലാണിത്. ബി.ജെ.പിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ യാത്ര, കേരളത്തിൽ സി.പി.എം വിരുദ്ധയാത്രയായി മാറ്റിയതിനുപുറകിലെ സൂത്രം സുധാകരന്റേതായിരുന്നുവെന്ന് ഓർക്കുക. അതിലൂടെ, കേരളത്തെ ലക്ഷ്യം വച്ച് ബി.ജെ.പിയും കേന്ദ്ര സർക്കാറും പയറ്റുന്ന ആക്രമണരാഷ്ട്രീയം മറച്ചുപിടിക്കാനായി.

സുധാകരൻ പ്രതിനിധാനം ചെയ്യുന്ന ഫ്യൂഡലും വർഗീയവും സ്വേച്ഛാധിപത്യപരവുമായ രാഷ്ട്രീയത്തിന് കേരളത്തിലെ പാർട്ടിയെ ഹൈജാക്ക് ചെയ്യാനാകുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. അത്, വെറും നാക്കുപിഴയല്ലെന്നും കോൺഗ്രസിനെ മാത്രമല്ല അത് നാമാവശേഷമാക്കുക എന്നും തിരിച്ചറിയാൻ ശേഷിയുള്ളവർ, ആ പാർട്ടിയിൽനിന്നുതന്നെ ഉണ്ടായിവരേണ്ടതുണ്ട്.

അതൊരു സ്വപ്‌നമായി അവശേഷിക്കാതിരിക്കട്ടെ.

Comments