തൊഴിലാളി പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ (കെ.എസ്.കെ.ടി.യു) മുഖമാസികയായ കർഷക തൊഴിലാളി ഏർപ്പെടുത്തിയ തൊഴിലാളി പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ നിന്നാണ് സൃഷ്ടികൾ ക്ഷണിക്കുന്നത്. 40001 രൂപയും പുരസ്‌കാര പത്രവും ഫലകവുമാണ് മൂന്നുവിഭാഗങ്ങളിലേയും പുരസ്‌കാര ജേതാക്കൾക്ക് ലഭിക്കുക. പ്രോത്സാഹനമായി 20001 രൂപയും പുരസ്‌കാര പത്രവും ഫലകവുമാണ് ഏർപ്പെടുത്തുന്നത്.

Think

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ (കെ.എസ്.കെ.ടി.യു) മുഖമാസികയായ കർഷക തൊഴിലാളിയുടെ ആഭിമുഖ്യത്തിൽ 2023 മുതൽ എല്ലാ വർഷവും തൊഴിലാളി പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് കർഷക തൊഴിലാളി മാസിക ചീഫ് എഡിറ്റർ എം.വി. ഗോവിന്ദൻ മാസ്റ്ററും മാനേജർ ആനാവൂർ നാഗപ്പനും കെ.എസ്.കെ.ടി.യു ജനറൽ സെക്രട്ടറി എൻ. ചന്ദ്രനും അറിയിച്ചു.

മലയാള സാഹിത്യ മേഖലയിലാണ് തൊഴിലാളി പുരസ്‌കാരം ഏർപ്പെടുത്തുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കരുതലും പിന്തുണയും അവരുടെ അവകാശ പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യവും സാഹിത്യ-സാംസ്‌കാരിക മേഖലകളിൽ നിന്നും ഇനിയും ഉയർന്നുവരേണ്ടതുണ്ട്. അത്തരത്തിലുള്ള പ്രകാശനങ്ങൾക്ക് കേരളത്തിലെ അധ്വാനിക്കുന്ന തൊഴിലാളി വിഭാഗം നൽകുന്ന ആദരവായിരിക്കും തൊഴിലാളി പുരസ്‌കാര വിതരണമെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

രാജ്യത്ത് ഭരണകൂടവും കോർപ്പറേറ്റുകളും കൈകോർത്ത് നടപ്പിലാക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ആസുരതയിൽ സാധാരണക്കാർക്ക് ജീവിതം നഷ്ടപ്പെടുകയാണ്. ആ സമയത്ത് പ്രതിഷേധത്തിന്റെ തീനാളം പോലുള്ള രചനകൾ സാഹിത്യ- സാംസ്‌കാരിക മേഖലയിൽ നിന്നും ഉണ്ടാവേണ്ടതുണ്ട്. അത്തരം രചനകൾക്ക് പ്രോത്സാഹനം നൽകുവാനാണ് കർഷക തൊഴിലാളി മാസിക, തൊഴിലാളി പുരസ്‌കാരം ഏർപ്പെടുത്തുന്നതെന്ന് ചീഫ് എഡിറ്റർ പറഞ്ഞു.

സ്വന്തം സാഹിത്യ ജീവിതത്തിലൂടെ സമൂഹത്തോട് പ്രതിബദ്ധതയുള്ള സൃഷ്ടികൾ പ്രകാശിപ്പിക്കുന്ന എഴുത്തുകാരുടെ പുതുരചനകളിൽ നിന്ന് മികച്ചതായി തെരഞ്ഞെടുക്കുന്നവയ്ക്കാണ് തൊഴിലാളി പുരസ്‌കാരം നൽകുന്നതെന്ന് കർഷക തൊഴിലാളി മാസിക മാനേജർ ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ നിന്നാണ് സൃഷ്ടികൾ ക്ഷണിക്കുന്നത്. 40001 രൂപയും പുരസ്‌കാര പത്രവും ഫലകവുമാണ് മൂന്നുവിഭാഗങ്ങളിലേയും പുരസ്‌കാര ജേതാക്കൾക്ക് ലഭിക്കുക. പ്രോത്സാഹനമായി 20001 രൂപയും പുരസ്‌കാര പത്രവും ഫലകവുമാണ് ഏർപ്പെടുത്തുന്നത്. "സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തിയഞ്ച് വർഷങ്ങൾ' എന്ന വിഷയത്തിലാണ് ലേഖനങ്ങൾ എഴുതേണ്ടത്. കഥ, കവിത വിഭാഗങ്ങൾക്ക് ഏത് വിഷയവും സ്വീകരിക്കാം. തപാലിലും കൊറിയറിലും ഇ - മെയിലിലും സൃഷ്ടികൾ സ്വീകരിക്കും. ഇ മെയിലിൽ അയക്കുമ്പോൾ യുനികോഡ് ഫോണ്ടായിരിക്കണം. സബ്ജക്റ്റിൽ തൊഴിലാളി പുരസ്‌കാരം എന്ന് രേഖപ്പെടുത്തണം. തപാലിലും കൊറിയറിലും അയക്കുന്നവർ എഡിറ്റർ, കർഷക തൊഴിലാളി മാസിക, കെ എസ് കെ ടി യു സംസ്ഥാന കമ്മറ്റി ഓഫീസ്, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയക്കണം. ഏപ്രിൽ 30ന് മുമ്പായി സൃഷ്ടികൾ ലഭ്യമാക്കണം.

Comments