മുസ്​ലിംകൾ ന്യൂനപക്ഷം മാത്രമല്ല പിന്നാക്കവുമാണ്​, ആ നിലയ്​ക്കാണ്​ ആനുകൂല്യങ്ങൾ- ഡോ. കെ.ടി. ജലീൽ

ന്യൂനപക്ഷ ക്ഷേമ വിഷയത്തിൽ സർക്കാർ ശക്തമായി തന്നെ കോടതിയിൽ പറഞ്ഞിട്ടുണ്ട്. സർക്കാറിനെ കോടതി എന്തൊക്കെ പറയുന്നുണ്ട്? അത് സർക്കാർ വേണ്ടതുപോലെ റപ്രസൻറ്​ ചെയ്യാത്തതുകൊണ്ടാണോ. എത്ര കേസുകളിൽ ഹൈക്കോടതി സർക്കാറിനെതിരായി വിധി പ്രസ്താവിച്ചിട്ടുണ്ട്. ഉറങ്ങുന്നവരെയല്ലേ നമുക്ക് വിളിച്ചുണർത്താൻ പറ്റൂ. ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താൻ കഴിയില്ലല്ലോ- മുൻ ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രി ഡോ.കെ.ടി. ജലീൽ സംസാരിക്കുന്നു

അലി ഹെെദർ :കേരളത്തിൽ ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കാനുണ്ടായ ചരിത്ര പശ്ചാത്തലം എന്തായിരുന്നു?

ഡോ.കെ.ടി. ജലീൽ: ഇടതുപക്ഷത്തിന് കൂടി സ്വാധീനമുള്ള, ഏകദേശം 60 എം.പിമാർ ഇടതുപക്ഷത്തിനുണ്ടായിരുന്ന കാലത്താണ് ഒന്നാം യു.പി.എ സർക്കാർ സച്ചാർ കമ്മിറ്റിയെ നിയോഗിച്ചത്​. ഇടതുപക്ഷവും കൂടി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്​, ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കുന്നതിന് കമ്മിറ്റിയെ നിയോഗിച്ചത്​. കമ്മിറ്റി സംസ്ഥാനങ്ങൾ സന്ദർശിച്ച് തെളിവുശേഖരിച്ച് പഠനം നടത്തുകയും സർക്കാറിന്റെ അവസാന കാലത്ത് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. രണ്ടാം യു.പി.എ സർക്കാറാണ് അതിൽ നടപടി തുടങ്ങുന്നത്.

സച്ചാർ കമീഷൻ റിപ്പോർട്ട്​ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച സാമൂഹ്യ പിന്നാക്കാവസ്ഥയുടെ പഠനമല്ല, മുസ്‌ലിം പിന്നാക്കാവസ്ഥയെ കുറിച്ച് മാത്രം പ്രതിപാദിക്കുന്ന റിപ്പോർട്ട് ആണ്. കാരണം അതായിരുന്നു അവരുടെ ടേംസ് ഓഫ് റഫറൻസ്. ഒരുപക്ഷെ ഇന്ത്യയിൽ ആദ്യമായാണ് മുസ്‌ലിം ജനവിഭാഗത്തിന്റെ സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകൃതമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യംപസ് പെരിന്തൽമണ്ണയിലെ ചേലാമ്പ്രയിൽ സ്ഥാപിച്ചത്. 380 ഏക്കർ സ്ഥലം അതിന് എടുത്തുകൊടുത്തു. അതോടൊപ്പം, ബംഗാളിലെ മുർഷിദാബാദിലും ബിഹാറിലെ കിഷൻകഞ്ചിലും ഇത് സ്ഥാപിക്കാൻ തീരുമാനിച്ചു. സച്ചാർ കമ്മിറ്റി മുന്നോട്ടുവെച്ചത്​, മുസ്‌ലിം ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിനുള്ള ശിപാർശകളായിരുന്നുവെന്നത് ഇതിൽ നിന്ന്​വ്യക്തമാണ്. എന്തുകൊണ്ടാണ് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാംപസ് കോട്ടയത്ത് തുടങ്ങണമെന്ന് കോടതി പറയാത്തത്. ന്യൂനപക്ഷങ്ങൾക്കാണ് ഈ ആനുകൂല്യം നൽകിയത് എങ്കിൽ ഒരെണ്ണം കോട്ടയത്തും തുടങ്ങണ്ടേ?.

മലപ്പുറത്തുള്ള അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കേന്ദ്രം

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളോട്​ കഴിയുന്ന നടപടി സ്വീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വകുപ്പ്​രൂപീകരിക്കണമെന്ന് പറഞ്ഞു. കാരണം, എല്ലാ സംസ്ഥാനങ്ങളിലുമുള്ള ന്യൂനപക്ഷം എന്ന് പറയുന്നത് മുസ്‌ലിംകളാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് 2010 ന്റെ അവസാനം ന്യൂനപക്ഷ വകുപ്പ്​ രൂപീകൃതമാകുന്നത്.

കേരളത്തിൽ സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് കേന്ദ്രം നിർദേശിച്ച ഘട്ടത്തിൽ കേരളത്തിലെ മത- സാമുദായിക ബന്ധങ്ങളുടെ ഊഷ്മളത തകരാതെ ഈ നിർദേശം എങ്ങനെ നടപ്പിലാക്കാം എന്നത്​ പഠിക്കുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും അന്നത്തെ തദ്ദേശ സ്വയംവരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി ചെയർമാനായി എട്ടംഗ സമിതിയെ നിശ്ചയിച്ചു. സമിതി ജില്ലകളിൽ സിറ്റിംഗുകൾ നടത്തി മുസ്‌ലിം സംഘടനകളിൽ നിന്ന് അഭിപ്രായം സ്വരൂപിച്ച് സർക്കാറിന് ശുപാർശ സമർപ്പിച്ചു. അവയിൽ ഒന്നായിരുന്നു, മലബാർ മേഖലയിൽ, അതായത്​ മലപ്പുറം ജില്ലയിൽ നിന്നങ്ങോട്ട് പ്ലസ്ടുവിന് പഠിക്കാൻ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതുകൊണ്ട്​ ഹയർസെക്കണ്ടറി സ്‌കൂളുകൾ സ്ഥാപിക്കണം എന്നത്​. അതിന്റെ അടിസ്ഥാനത്തിൽ മലബാർ മേഖലയിൽ 185 ഓളം പുതിയ ഗവൺമെൻറ്​ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകൾ സ്ഥാപിച്ചു. തൃശൂർ മുതൽ തിരുവനന്തപുരം വരെ ഒരു സ്‌കൂൾ പോലും സ്ഥാപിച്ചിട്ടില്ല. ഇതെല്ലാം ന്യൂനപക്ഷങ്ങൾക്കും ആയിരുന്നുവെങ്കിൽ കേരളം ഒട്ടുക്കും നടപ്പിലാക്കണ്ടേ?. ചുരുങ്ങിയത് കോട്ടയവും എറണാകുളവും പത്തനംതിട്ടയിലെങ്കിലും നടപ്പിലാക്കണ്ടേ. അതുണ്ടായിട്ടില്ലല്ലോ. എം.എ ബേബിയാണ് അതിന് മുൻകൈ എടുത്തത്. കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെ സ്ഥാപനങ്ങൾ അനുവദിക്കുമ്പോൾ കേരളത്തെ മൊത്തമായി കാണാതെ ‘പിന്നാക്കം’ എന്ന പരിഗണന മാത്രം വെച്ച്​ സ്ഥാപനങ്ങൾ അനുവദിച്ചത്.

രജിന്ദർ സച്ചാർ

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് ഗവൺമെൻറ്​ ഐ.ടി.ഐകൾ മുസ്‌ലിം സാന്ദ്രീകൃത മേഖലയിൽ സ്ഥാപിക്കണമെന്നത് രണ്ടാമത്തെ ശുപാർശയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഐ.ടി.ഐ മാത്രമുണ്ടായിരുന്ന മലപ്പുറം ജില്ലയിൽ പുതിയതായി മൂന്ന് ഗവൺമെൻറ്​ ഐ.ടി.ഐകൾ സ്ഥാപിച്ചത്- മക്കരപ്പറമ്പ്, ചെറിയമുണ്ടം, മാറഞ്ചേരി എന്നിവിടങ്ങളിൽ.

കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്​ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന അനുപാതത്തിലെത്തിയതിനു പിന്നിലെ അടിസ്ഥാന കാരണം എന്തായിരുന്നു?

യഥാർത്ഥത്തിൽ നൂറ് ശതമാനവും മുസ്‌ലിംകൾക്ക് എന്ന നിലക്കാണ് ശുപാർശ ചെയ്യപ്പെട്ടത്. കാരണം സച്ചാർ കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് പാലോളി കമ്മിറ്റി ക്രിസ്ത്യൻ സംഘടനകളിൽ നിന്ന് തെളിവെടുപ്പ് നടത്തിയിട്ടില്ലല്ലോ. മുസ്‌ലിം സംഘടനകളിൽ നിന്ന്​ തെളിവെടുപ്പ് നടത്താനാണല്ലോ കേന്ദ്രസർക്കാർ പറഞ്ഞത്. അതുകൊണ്ട് തന്നെ മുസ്ലിം സമൂദായത്തിന്റെ സാമൂഹിക പശ്ചാത്തലം അധികരിച്ചായിരുന്നു ശുപാർശകൾ. അങ്ങനെ നൂറ് ശതമാനവും മുസ്‌ലികൾക്ക് നൽകേണ്ട, ക്രിസ്ത്യൻ വിഭാഗത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ലത്തീൻ കത്തോലിക്കർക്കും പരിവർത്തിത ക്രൈസ്​തവർക്കും ഇതേ ആനുകൂല്യങ്ങൾ നൽകാം എന്ന് അന്ന് തീരുമാനിച്ചു. സാമൂദായിക സൗഹൃദം കാത്തുസൂക്ഷിക്കുക എന്ന കാഴ്ചപ്പാടിൽ എടുത്ത തീരുമാനമാണത്​.

ആരാണ് അത് തീരുമാനിച്ചത് ?

അന്നത്തെ സർക്കാർ എടുത്ത തീരുമാനമാണത്. 22-02-2011 ൽ സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ന്യൂനപക്ഷങ്ങൾക്കും അതേസമയം പിന്നാക്കക്കാർക്കും നൽകുന്ന അവകാശങ്ങളായിരുന്നു. ന്യൂനപക്ഷമാണ് ക്രൈസ്തവരെങ്കിലും അവരിൽ പിന്നാക്കക്കാർ 20 ശതമാനമേയുള്ളു. ലത്തീൻ കത്തോലിക്കരും പരിവർത്തിത ​ക്രൈസ്​തവരും മാത്രമാണ് സംവരണാനുകൂല്യത്തിന് അർഹർ. ക്രിസ്​ത്യൻ വിഭാഗത്തിൽ ഭൂരിപക്ഷവും മുന്നാക്കക്കാരാണ്​, നായന്മാരെയും നമ്പൂതിരമാരെയും പോലുള്ള വിഭാഗമായിട്ടാണ് ഗണിക്കപ്പെടുന്നത്. അവർക്ക് അങ്ങനൊരു പിന്നാക്കാവസ്ഥ ഇല്ലാത്തതുകൊണ്ടുതന്നെ അവർക്ക് നൽകേണ്ട കാര്യമില്ല.

പാലോളി കമ്മിറ്റി നിർദേശപ്രകാരം പി.എസ്.സി കോച്ചിംഗ് സെന്ററുകൾ തുടങ്ങാൻ തീരുമാനിച്ചു. സർക്കാർ സർവീസിൽ സംവരാണുകൂല്യത്തിന്റെ അത്രപോലും പല മേഖലകളിലും മുസ്‌ലിം പ്രാതിനിധ്യം ഇല്ലാത്തതതുകൊണ്ടായിരുന്നു ഈ തീരുമാനം. മത്സര പരീക്ഷയിൽ മുസ്‌ലിം കുട്ടികൾ ജയിച്ചുവന്നിരുന്നില്ല. അവരെ അതിന് പ്രാപ്തമാക്കുന്നതിന് മുസ്‌ലിം മേഖലകളിൽ പി.എസ്.സി കോച്ചിംഗ് സെന്ററുകൾ സ്ഥാപിക്കണം എന്നായിരുന്നു ശുപാർശ. അവിടെ അഡ്മിഷൻ 80 : 20 അനുപാതത്തിലാണ്. കേരളത്തിലെ മുസ്​ലിംകൾ മൊത്തം പിന്നാക്കക്കാരായിട്ടാണല്ലോ ജനിക്കുന്നത്. അവർ മുഴുവൻ റിസർവേഷന് അർഹരാണല്ലോ. അതുകൊണ്ടാണ് ഇങ്ങനൊരു അനുപാതം സ്വീകരിച്ചത്. ഇത് ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ മാത്രം നൽകുന്ന ആനുകൂല്യങ്ങളല്ല. minority as well as backward. അവർക്ക് നൽകുന്ന ആനുകൂല്യങ്ങളാണ്.

പാലോളി മുഹമ്മദ്കുട്ടി

ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം എങ്ങനെ കാണുന്നു. എന്തുകൊണ്ടായിരിക്കും കോടതി ഇങ്ങനെയൊരു വിലയിരുത്തലിലേക്ക് എത്തിയത് ?

കോടതി പറഞ്ഞിരിക്കുന്നത് ഇതിലൊരു അനീതി ഉണ്ടെന്നാണല്ലോ എന്നാണ്​. അങ്ങനെയാണെങ്കിൽ, ഹിന്ദുക്കളിലെ ഈഴവർ, എസ്.സി, എസ്.ടി വിഭാഗം ഇവർക്കൊക്കെ ആനുകൂല്യവും സംവരണവുമുണ്ട്. മുന്നാക്ക ഹിന്ദു കമ്യൂണി റ്റിയിലെ ഒരാൾ കോടതിയെ സമീപിക്കുന്നുവെന്നിരിക്ക​ട്ടെ. ഞങ്ങളും ഹിന്ദുക്കളാണ്, അവർക്ക് കിട്ടുന്ന ആനുകൂല്യം ഞങ്ങൾക്കൂ കൂടി പങ്കുവെയ്ക്കണം എന്ന് പറയുകയാണെങ്കിൽ ഭരണഘടന നൽകുന്ന നീതി ഉറപ്പുവരുത്താൻ എസ്.സി- എസ്.ടി വിഭാഗത്തിനും ഈഴവർക്കും നൽകുന്ന അതേ ആനുകൂല്യങ്ങളും അവകാശങ്ങളും നായന്മാർക്കും നമ്പൂതിരിമാർക്കും നൽകണം എന്ന് കോടതി ഉത്തരവിടുമോ.. ? ഇല്ല. എന്തുകൊണ്ട് കോടതി ഉത്തരവിടില്ല എന്ന് ആലോചിച്ചാൽ മനസിലാകും. ഇക്കാര്യത്തിൽ എന്താണ് ഇങ്ങനൊരു ഉത്തരവ് വന്നത്? ഇതും അതുമാതിരി തന്നെയല്ലേ.

അന്ന് അങ്ങനെ ഒരു അനുപാതം നിശ്ചയിച്ചതിൽ വീഴ്ച വന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ ?

ഒരിക്കലുമില്ല. ഹിയറിംഗ് എയ്ഡ് കൊടുക്കുന്നതാർക്കാണ്, അത്​ ഇല്ലാത്താൾക്കാണ്. വഴിയിലൂടെ നടന്നുപോകാൻ അന്ധന്മാർക്ക് വടി കൊടുക്കും. അതുകണ്ട് വേറൊരാൾ എനിക്കും വടി വേണം, അന്ധന്മാർക്ക് മാത്രം വടി കൊടുത്താൽ പോരാ എന്നു പറഞ്ഞ് കോടതിയെ സമീപിച്ചാൽ എങ്ങനെയിരിക്കും. ആവശ്യമുള്ളവർക്കല്ലേ കൊടുക്കുക.

ജനസംഖ്യാനുപാതം അനുസരിച്ച്​ ക്രൈസ്തവർക്ക് അർഹമായതു കണക്കിലെടുക്കാതെ, മുസ്‌ലിം വിഭാഗത്തിന് 80 ശതമാനം സ്‌കോളർഷിപ്പു നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി പറഞ്ഞത്. ഈ വാദം സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയും അതിനോടനുബന്ധിച്ച് നടപ്പിലാക്കിയ പാലോളി കമ്മിറ്റിയുടെയും അടിസ്ഥാന ആശയത്തിനു വിരുദ്ധമല്ലേ ? ഇക്കാര്യം എന്തുകൊണ്ടാണ് സർക്കാറിന് കോടതിക്കുമുന്നിൽ ബോധ്യപ്പെടുത്തിക്കൊടുക്കാൻ കഴിയാതെ പോയത്. ?

ഉറങ്ങുന്നവരെയല്ലേ നമുക്ക് വിളിച്ചുണർത്താൻ പറ്റൂ. ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താൻ കഴിയില്ലല്ലോ. ഈ വിഷയത്തിൽ സർക്കാർ ശക്തമായി തന്നെ കോടതിയിൽ പറഞ്ഞിട്ടുണ്ട്. സർക്കാറിനെ കോടതി എന്തൊക്കെ പറയുന്നുണ്ട്. അത് സർക്കാർ വേണ്ടതുപോലെ റപ്രസൻറ്​ ചെയ്യാത്തത് കൊണ്ടാണോ. എത്ര കേസുകളിൽ ഹൈക്കോടതി സർക്കാറിനെതിരായി വിധി പ്രസ്താവിച്ചിട്ടുണ്ട്.

പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റിയിലെ അംഗമായിരുന്നല്ലൊ താങ്കൾ. കമ്മിറ്റി ശിപാർശപ്രകാരം ആരംഭിച്ച പി എസ് സി പരിശീലന കേന്ദ്രങ്ങളുടെ ആദ്യ പേര് കോച്ചിങ് സെന്റർ ഫോർ മുസ്​ലിം യൂത്ത് എന്നായിരുന്നെന്നും പിന്നീടത് കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് എന്നാക്കി മാറ്റിയെന്നും താങ്കൾ പറയുന്നുണ്ട്. മുസ്​ലിം കുട്ടികൾക്ക് മാത്രമായി എന്ന നയം വേണ്ട എന്ന് എന്തുകൊണ്ടാണ് തീരുമാനിച്ചത്.?

ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കക്കാരായ 20 ശതമാനം പേർക്കുകൂടി ആനുകൂല്യം കൊടുത്തിട്ടുണ്ടല്ലോ, അപ്പോൾ ഈ സെൻററുകൾ ഈ 20 ശതമാനം കുട്ടികൾക്കു കൂടി അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് വിശാലമായ കാഴ്ചപ്പാടിന്റെ പുറത്ത് പേര്​ മാറ്റിയത്​. ഈ 20 ശതമാനത്തിന് അപേക്ഷിക്കാൻ പേര് തടസമാകരുത് എന്ന ഉദ്ദേശ്യത്തിലാണ് അത് ചെയ്തത്.

പാലോളി കമ്മിറ്റി നിർദേശിച്ച പദ്ധതികൾക്കുപുറമേ, കേന്ദ്ര സർക്കാരിന്റെ ചില സ്‌കോളർഷിപ്പുകളും കേരളത്തിലെത്തുമ്പോൾ 80:20 അനുപാതത്തിലേക്ക് മാറ്റപ്പെടുന്നു എന്നൊരു ആരോപണം ചിലർ ഉയർത്തുന്നുണ്ട്. അതിൽ വസ്തുതയുണ്ടോ ?

ഒരിക്കലുമല്ല, ഒന്നാമതായി മനസിലാക്കേണ്ടത്, എം.എച്ച്.ആർ.ടിയാണ് എല്ലാ വിദ്യാഭ്യാസ സ്‌കോളർഷിപ്പും കൊടുക്കുന്നത്. അതിന്റെ കേരളത്തിലെ നോഡൽ ഏജൻസി പൊതുവിദ്യാഭ്യാസ വകുപ്പാണ്​. ന്യൂനപക്ഷ ക്ഷേമവകുപ്പിലൂടെ ഒരു വിദ്യാഭ്യാസ ആനുകൂല്യവും കേന്ദ്രസർക്കാർ കൊടുക്കുന്നില്ല. പത്താം ക്ലാസിലും പ്ലസ്ടുവിലുമൊക്കെ പഠിക്കുന്നവർക്ക്​ കേന്ദ്രസർക്കാർ നേരിട്ടാണ് കൊടുക്കുന്നത്. ന്യൂനപക്ഷ വകുപ്പല്ല, അതിന്റെ നോഡൽ ഏജൻസി പൊതുവിദ്യാഭ്യാസ വകുപ്പാണ്​. അപേക്ഷകർ എത്രയുണ്ട്​, യോഗ്യർ എത്രയുണ്ട്​ എന്നതിലൊന്നും അനുപാതമേ നോക്കുന്നില്ല. അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ഇന്നേവരെ ഒരു ലോൺ അപ്ലിക്കേഷനും മാറ്റിനിർത്തിയിട്ടില്ല.

കേന്ദ്ര സ്‌കോളർഷിപ്പുകളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടോ? അതിൽ 80:20 അനുപാതം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിനോ സംസ്ഥാനത്തെ ന്യൂനപക്ഷ വകുപ്പിനോ കഴിയുകയുമോ ?

സംസ്​ഥാന ഗവൺമെന്റിന് അധികാരമില്ല. നേരിട്ട് പോർട്ടലിലൂടെ അല്ലേ അപേക്ഷ കൊടുക്കേണ്ടത്. അല്ലാതെ സംസ്​ഥാന സർക്കാർ പോർട്ടലിൽ അല്ലല്ലോ.

""ഇടതുപക്ഷ സർക്കാറിനെ താറടിക്കാനും ക്രൈസ്തവ സമൂഹത്തിൽ ഒറ്റപ്പെടുത്താനും ബി.ജെ.പിയും യു.ഡി.എഫും ചില ക്ഷുദ്ര ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചരണങ്ങളാണ് മുസ്​ലിം - ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയത്'' എന്നാണ് താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ? അങ്ങനെ ആണെങ്കിൽ ഈ പ്രചാരണത്തെ വസ്​തുകൾ മുന്നിൽവെച്ച്​ പ്രതിരോധിക്കാൻ താങ്കളടക്കമുള്ള ഇടതുപക്ഷത്തിന് കഴിയേണ്ടതായിരുന്നില്ലേ ?

തീർച്ചയായും. കാരണം, 80 : 20 അനുപാതം തന്നെയാണ് 2011 മുതൽ 2016 വരെയുള്ള യു.ഡി.എഫ് സർക്കാറിന്റെ കാലത്തും ഉണ്ടായിരുന്നത്. എന്തേ ഈ പറയുന്ന സംഘടനകൾ അപ്പോൾ എതിർത്തില്ല. അഞ്ചാം മന്ത്രിപദം ലീഗ് കടിപിടി കൂടി നേടിയെടുത്ത അതേ സർക്കാർ അല്ലേ 80 : 20 അനുപാതം നടപ്പിലാക്കിയത്. എന്തേ ഈ സംഘടന കോടതിയിൽ കേസ് കൊടുത്തില്ല?. 2011 ൽ ഇറങ്ങിയ ഉത്തരവിനെതിരെ പത്ത് കൊല്ലം കഴിഞ്ഞാണ് അവർ കേസ് കൊടുക്കുന്നത്. അതും എപ്പോഴാണ്? ഒന്നാം പിണറായി സർക്കാർ കാലാവധി തികച്ച്​ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതിന്റെ ഒന്നോ രണ്ടോ മാസങ്ങൾക്കുമുമ്പ്​. പരാതി കൊടുത്തതിന്റെ പിന്നിൽ ലീഗിന്റെയും കോൺഗ്രസിന്റെയും കള്ളക്കളിയുണ്ട്. അവർ നടപ്പിലാക്കിയതല്ലെ ഞാനും നടപ്പിലാക്കിയത്. ലീഗിന്റെ മഞ്ഞളാംകുഴി അലി ന്യൂനപക്ഷ വുകുപ്പ് മന്ത്രിയെന്ന നിലയിൽ നടപ്പിലാക്കിയ അതേ കാര്യമാണ് ഞങ്ങളും പിന്തുടർന്നത്. ഇതിൽ അധികമായി ഞാൻ ഒന്നും ചെയ്തിട്ടില്ല.

ഫോട്ടോ : മുഹമ്മദ് ഹനാൻ

മുസ്‌ലിം സമുദായം അനർഹമായതെന്തോ പിടിച്ചു വാങ്ങുന്നു എന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. അപ്പോഴൊന്നും എന്തു കൊണ്ടാണ് ഡാറ്റ സഹിതം വസ്തുത പറഞ്ഞ് അതിനെ നേരിടാതിരുന്നത്​?

മാധ്യമം പത്രത്തിൽ മൈനോരിറ്റി വിഭാഗത്തിന്റെ ഡയരക്ടർ പ്രൊ.വി.മൊയ്തീൻ കുട്ടി ഞാൻ പറഞ്ഞ കാര്യങ്ങൾ മുഴുവനും ദീർഘമായി കൊടുത്തിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലവിൽ വന്ന സമയമാണ്. ആ സമയത്ത് നമുക്ക്​ ഇടപെടാൻ കഴിയാതിരുന്നതിനാലാണ്​ മൊയ്തീൻ കുട്ടിയോട് വിശദീകരണ കുറിപ്പ് കൊടുക്കാൻ പറഞ്ഞത്. അതിൽ കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇവർ കാര്യങ്ങൾ മനസിലാക്കനല്ല, സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ശ്രമിച്ചത്.

"ഭീമന്റെ വേഷം ധരിച്ച് അർഹർക്ക് നീതി നിഷേധിക്കുന്ന കീചകൻ’ എന്നൊരു പരാമർശം താങ്കളുടെ ഒടുവിലത്തെ ഫേസ്ബുക്​ കുറിപ്പിൽ കാണാം. ഇതിനെ, ഇപ്പോഴത്തെ സാഹചര്യവുമായി ചേർത്തുവായിക്കാൻ കഴിയുമോ?

അതൊരു കഥ പറഞ്ഞതല്ലേ. അരവിന്ദന്റെ സിനിമ കണ്ടിറങ്ങുന്നവർക്ക് നൂറ് അഭിപ്രായം ഉണ്ടാകും എന്നതുപോലെ ഒരു രചന നടത്താനുള്ള ശ്രമം നമ്മളും നടത്തിയതാണ്. അത് വായനക്കാർക്ക് വിട്ടതാണ്. ലീഗുകാർക്ക് അത് മനസിലാകണമെന്നില്ല. കാരണം ഭീമനാരാണെന്നും കീചകനാരാണെന്നും അറിഞ്ഞാലല്ലേ സംഭവം മനസിലാകൂ.

ഹൈക്കോടതി വിധിക്കെതിരെ മുസ് ലീഗ് അപ്പീലിന് പോകുമെന്ന് പറഞ്ഞിട്ടുണ്ട്. സർക്കാർ അപ്പീൽ നൽകണമെന്ന് ഐ.എൻ.എല്ലും ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്​ലിം സമുദായ സംഘടനകളെല്ലാം ഇതേ നിലപാടുള്ളവരാണ്. എന്താണ് താങ്കളുടെ നിലപാട് ?

സർക്കാർ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഉചിത നടപടിയെടുക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ലീഗ് അപ്പീലിന് പോകേണ്ടത് ഇപ്പോഴല്ല. ലീഗ് എന്ത്‌കൊണ്ടാണ് ഈ കേസിൽ കക്ഷി ചേരാതിരുന്നത്? എനിക്കെതിരെ കേസുകെട്ടുകളുമായി നടന്നതിന്റെ നൂറിലൊരു താൽപര്യം ഈ കാര്യത്തിൽ എന്തേ ഇവർ കാണിച്ചില്ല. അവർ പ്രതിനിധാനം ചെയ്യുന്നൊരു വിഭാഗത്തിന്റെ പ്രശ്‌നത്തിൽ ഇപ്പോഴാണോ കാര്യങ്ങൾ ചെയ്യേണ്ടത്. ഒരാൾ ഇക്കാര്യത്തിൽ പരാതി കൊടുത്തിട്ടുണ്ടെന്ന് അറിയുമ്പോൾ കക്ഷി ചേരാൻ ബാധ്യതപ്പെട്ടവരായിരുന്നില്ലേ അവർ?

ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പിന്നാക്കാവസ്ഥ പഠിക്കാൻ ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ടല്ലോ. ക്ഷേമപദ്ധതികളുടെ കാര്യത്തിൽ മുസ്​ലിം- ക്രിസ്ത്യൻ സമീകരണത്തിന് പകരം ഇത്തരം നടപടികളല്ലേ ആവശ്യം ?

ചില ക്രിസ്ത്യൻ സംഘടനകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് മുസ്​ലിംകൾക്കുള്ള അതേ കാര്യം ഞങ്ങൾക്കും വേണം, ഞങ്ങൾക്കും പിന്നാക്കാവസ്ഥയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ആനുകൂല്യങ്ങളൊന്നും സർക്കാർ ഉത്തരവിലൂടെ കൊടുത്തതല്ല. ഒരു കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയതാണ്. ആ ശിപാർശകളാണ് കഴിഞ്ഞ ഗവൺമെൻറ്​ വരെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മുസ്​ലിം സമുദായത്തെപ്പോലെ അവരും പിന്നാക്കമാണോ, സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും അവരുടെ അവസ്ഥയെന്താണ് എന്നതിനെ കുറിച്ച് പഠിക്കാനാണ് പാലോളി കമ്മിറ്റിക്ക് സമാനമായ സമിതി റിട്ടയേഡ്​ ജഡ്​ജി ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ രൂപീകരിച്ചത്. ഈ കമ്മിറ്റി നിർദേശിക്കുന്ന ശുപാർശ 80 : 20 അനുപാതത്തിലായിരിക്കും നടപ്പിലാക്കുക. 80 ശതമാനം ക്രിസ്ത്യൻ കമ്യൂണിറ്റിയും 20 ശതമാനം മുസ്‌ലിം കമ്യൂണിറ്റിയിലെ അർഹരുമാകും.

ജെ. ബി. കോശി

ഹഗിയ സോഫിയ, ഇസ്രായേൽ, പലസ്തീൻ തുടങ്ങിയ വിഷയങ്ങളിലും ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ടും മുസ്​ലിം- ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. പുതിയ കോടതി വിധിയുടെ സാഹചര്യത്തിൽ ഇതിനെ എങ്ങനെ കാണുന്നു ?

സത്യത്തിൽ ക്രിസ്ത്യൻ- മുസ്ലിം- ഹിന്ദു വിഭാഗങ്ങൾ സൗഹൃദത്തിൽ കഴിയുന്ന സ്ഥലമാണ് കേരളം. അതിന് ഭംഗം വരുത്താനുള്ള ആസൂത്രിത നീക്കം തീവ്രമായി ചിന്തിക്കുന്ന മുസ്ലിം വിഭാഗങ്ങളിൽ നിന്നും ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും ഒരേസമയം ഉണ്ടാകുന്നു. ഒരു സംസ്‌ക്കാരവുമില്ലാത്ത ഭാഷയാണ് ഇവർ പരസ്പരം ഉപയോഗിക്കുന്നത്.

ഈ വിദ്വേഷം ശക്തമാക്കാൻ നിലവിലെ മാധ്യമ റിപ്പോർട്ടിംഗ് സഹായകരമാകുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ടോ ?

പലപ്പോഴും മാധ്യമങ്ങൾ വസ്തുതകൾ വേണ്ടതുപോലെ പറയുന്നില്ല. എപ്പോഴും മാധ്യമങ്ങൾ ഏകപക്ഷീയമായാണ് നിൽക്കാറ്. മുസ്ലിംകൾ അനർഹമായതെന്തോ വാങ്ങുന്നുയെന്ന് ധാരണ പരത്താൻ അറിഞ്ഞോ അറയാതെയോ അവർ കാരണമാകുന്നുണ്ട്. മാധ്യമങ്ങൾ അഴിച്ചുവിടുന്ന ഇത്തരം ദുഷ്​പ്രചാരണം തുറന്നുകാട്ടാൻ സോഷ്യൽ മീഡിയയിലൂടെ ഞാൻ ശ്രമിക്കാറുണ്ട്.

സ്‌കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും ഒരു മത വിഭാഗത്തിൽപ്പെട്ടവർക്കു മാത്രം കൈമാറുന്നുവെന്ന ക്രിസ്ത്യൻ വിഭാഗത്തിന്റെ ആരോപണത്തെ തുടർന്നാണോ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇത്തവണ മുഖ്യമന്ത്രി ഏറ്റെടുത്തത് ?

അദ്ദേഹത്തിന്റെ കയ്യിലാണല്ലോ വകുപ്പ്. ഏറ്റെടുത്തതല്ലല്ലോ. മുഖ്യമന്ത്രിയാണ് വകുപ്പ് വിഭജിച്ച് കൊടുക്കുന്നത്.

കേരളത്തിൽ, മുസ്​ലിംകളുടെ സാമ്പത്തിക- വിദ്യാഭ്യാസ അടിത്തറയിൽ എന്തുമാറ്റമാണ് ഉണ്ടായിട്ടുള്ളത് ?

മലപ്പുറം തൊട്ട് കാസർഗോഡ് വരെ ആറ് ജില്ലകളിൽ മാത്രമായി 180 ഹയർ സെക്കണ്ടറി സ്‌കൂളുകൾ പുതുതായി അനുവദിച്ചു, അതി​െൻറ ഗുണഭോക്​താക്കൾ ആരാണ്​? അതൊരു വലിയ വിപ്ലവമല്ലേ. ഈ ആനുകൂല്യം കിട്ടുന്നതിലൂടെ എത്രയോ പാവപ്പെട്ട കുട്ടികൾക്ക്​ ഉയർന്ന സ്ഥാപനങ്ങളിൽ പഠിക്കാൻ പറ്റുന്നുണ്ട്.

പാലോളി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങളുടെ ഭാവി എന്തായിരിക്കും ?

അതിൽ 75 ശതമാനവും നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്. നടപ്പിലാക്കാത്ത നിർദേശങ്ങൾ 25 ശതമാനം മാത്രമേ ഉണ്ടാകൂ. ന്യൂനപക്ഷ വകുപ്പ്​നടപ്പിലാക്കിയ കാര്യമുണ്ട്. വരുന്ന തലമുറകളിലെ മുസ്ലിംകളിൽ അരക്ഷിതബോധം വളർന്നുവരുന്നു എന്നും അത് ഇല്ലാതാക്കാനുള്ള പരിപാടികൾ ആവിഷ്‌ക്കരിക്കണം എന്നും പറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി വ്യക്തിത്വ വികസന ക്യാമ്പ്​ സംഘടിപ്പിച്ചു. പതിനായിരം കുട്ടികളാണ് പങ്കെടുത്തത്. അതിൽ നിന്ന്​ 120 കുട്ടികളെ തെരഞ്ഞെടുത്തു, മെറിറ്റിന്റെയും പെർഫോമൻസിന്റെയും അടിസ്ഥാനത്തിൽ. അതും 80 : 20 അനുപാതത്തിലാണ്. ഈ കുട്ടികളെ ഡൽഹിയിലെ പ്രസിഡൻറ്​ ഹൗസ്, സാംസ്‌ക്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൊണ്ടുപോയി. ദേശീയോദ്​ഗ്രഥനത്തെക്കുറിച്ച്​ സംബന്ധിച്ച് വലിയൊരു അവബോധം അവരിൽ ഉണ്ടാക്കാനുള്ള പദ്ധതിയായിരുന്നു അത്- എക്‌സ്‌പ്ലോറിംഗ് ഇന്ത്യ പ്രോഗ്രാം. ദേശീയോദ്​ഗ്രഥന പ്രധാനമായ വിഷയങ്ങളിൽ ഗവേഷണം ചെയ്യാൻ താൽപര്യമുള്ള കുട്ടികൾക്ക് അവിടെ താമസിച്ച് ഗവേഷണം ചെയ്യാൻ വലിയ ലൈബ്രറിയോടുകൂടിയുള്ള സംവിധാനം ആലോചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പാലോളി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ അതിന്റേതായ വഴിയിൽ നടക്കും.


Comments