പൗരത്വം, ദേശീയത, ജനകീയ മുന്നേറ്റം...ഒന്നും കുട്ടികൾ പഠിക്കരുത്​

കേന്ദ്രഗവൺമെന്റിന് തങ്ങളുടെ പ്രത്യയശാസ്ത്രരാഷ്ട്രീയത്തിനു ചൊൽപ്പടി നിൽക്കുന്ന പുസ്തകങ്ങൾ എഴുതിയുണ്ടാക്കണമെങ്കിൽ ഇനിയും രണ്ടോ മൂന്നോ വർഷം കഴിയണം. സമയനഷ്ടവും ഊർജ്ജനഷ്ടവും കണക്കിലെടുക്കുമ്പോൾ നിലവിലെ പുസ്തകങ്ങളിൽ നടത്തുന്ന സർജിക്കൽ സ്‌ട്രൈക്ക് തന്നെയാണ് മെച്ചം

കരിക്കുലം ഒരിക്കലും പാഠപുസ്തകങ്ങളിലും ക്ലാസ് മുറികളിലും എങ്ങനെയോ എത്തിച്ചേരുന്ന നിഷ്പക്ഷ വിജ്ഞാനത്തിന്റെ കൂട്ടമല്ല. അത് എപ്പോഴും ഒരു പ്രത്യേക തിരഞ്ഞെടുപ്പ് പാരമ്പര്യത്തിന്റെ ഭാഗമോ, അംഗീകൃത വിജ്ഞാനത്തെക്കുറിച്ചുള്ള ഭരണകൂടവീക്ഷണമോ ആയിരിക്കും. ചില വിഭാഗങ്ങളുടെ വിജ്ഞാനത്തെ ഔദ്യോഗിക വിജ്ഞാനമായി നിർവചിക്കാൻ തീരുമാനിക്കുമ്പോൾ, മറ്റൊരു വിഭാഗത്തിന്റെ വിജ്ഞാനം തമസ്‌ക്കരിക്കുന്നുവെന്നത് സമൂഹത്തിൽ ആർക്കാണ് അധികാരം എന്നതിനെക്കുറിച്ചുള്ള സുപ്രധാനമായ ചില കാര്യങ്ങൾ വ്യക്തമാക്കുന്നു.
(Michael Apple- Ideology and Curriculum)

ലോകമെങ്ങും കരിക്കുലം രൂപീകരണ പ്രക്രിയയിൽ പ്രവർത്തിക്കുന്ന പ്രത്യയ ശാസ്ത്രപദ്ധതികളെക്കുറിച്ചാണ് മൈക്കേൽ ആപ്പിൾ സൂചിപ്പിക്കുന്നത്. എന്നാൽ കരിക്കുലം നിർമിതിക്കുമാത്രമല്ല തിരുത്തലിനും, ഒഴിവാക്കലിനും മുൻകൂട്ടി തീരുമാനിക്കപ്പെട്ട അജണ്ടകൾ ബാധകമാവാമെന്നാണ് കോവിഡ്​ കാലത്തെ, ഒമ്പതു മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ 30% സിലബസ് വെട്ടിച്ചുരുക്കലിലൂടെ കേന്ദ്രഭരണ കൂടം പ്രഖ്യാപിക്കുന്നത്.

പുസ്തകങ്ങളിൽ സർജിക്കൽ സ്‌ട്രൈക്ക് തന്നെയാണ് മെച്ചം
സിലബസ് തിരുത്തിയും, വെട്ടിക്കുറച്ചും, ഗ്രീക്ക് മിത്തോളജിയിലെ പ്രൊക്രൂസ്റ്റസിന്റെ കട്ടിൽ പോലെ, നിലവിലുള്ള പാഠപുസ്തകങ്ങളെ തങ്ങളുടെ പ്രത്യയശാസ്ത്ര വരുതിയിലേക്ക് കൊണ്ടുവരാനുള്ള, മുൻകൂട്ടി തീരുമാനിക്കപ്പെട്ട തന്ത്രമാണിത്. അത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആവശ്യമായി അവതരിപ്പിക്കുമ്പോൾ പൊതുസമ്മതിയുമുണ്ടാകുന്നു.

ഇതിനുമുമ്പ് ഏപ്രിലിലും, അതിനും മുമ്പ് കഴിഞ്ഞ അക്കാദമിക വർഷത്തിന്റെ തുടക്കത്തിലും നടത്തിയ സെലക്ടീവായ വെട്ടിക്കുറയ്ക്കലിന്റെയും ഒഴിവാക്കലിന്റെയും തുടർച്ചയാണിത്. 2017-18 കാലത്ത്​ ആറാം ക്ലാസ്​ മുതൽ പത്താംക്ലാസ്​ വരെ 182 പാഠപുസ്തകങ്ങളിൽ 1334 മാറ്റങ്ങളാണ് വരുത്തിയത്. ശാസ്ത്ര പുസ്തകങ്ങളിൽ 573, സാമൂഹ്യശാസ്ത്രപുസ്തകങ്ങളിൽ 316, സംസ്‌കൃത പുസ്തകങ്ങ ളിൽ 163 എന്നിങ്ങനെയാണ് അന്നു തിരുത്തലുണ്ടായത്.
സാമ്രാജ്യത്വം കോളനികളിലെ കാർഷിക മേഖലയിൽ നടത്തിയ യന്ത്രവത്കരണവും സാമ്പത്തിക ചൂഷണവും തദ്ദേശീയ കാർഷിക ജനവിഭാഗങ്ങളെയും തൊഴിലാളികളെയും ബാധിച്ചതെങ്ങനെയെന്നതിനൊപ്പം അവരുടെ ദൈന്യം നിറഞ്ഞ ജീവിതാവസ്ഥയും ദാരിദ്ര്യവും ചർച്ച ചെയ്യുന്ന ഒൻപതാം ക്ലാസ്സിലെ ആറാം അധ്യായവും, ക്രിക്കറ്റിന്റെ ചരിത്രവും വ്യാപനവും പുതിയ മാറ്റങ്ങളും, വാണിജ്യവത്കരണവും ദൃശ്യമാധ്യമ സ്വാധീനവും വ്യക്തമാക്കുന്ന ഏഴാം അധ്യായവും അന്നൊഴിവാക്കിയിരുന്നു.
വസ്ത്രം എങ്ങനെ ചൂഷണത്തിന്റെയും ചൂഷണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെയും സമരായുധമായി മാറിയെന്നതാണ് ഒഴിവാക്കപ്പെട്ട ഏഴാം അധ്യായത്തിലുണ്ടായിരുന്നത്. മാറുമറയ്ക്കാനുള്ള അവകാശത്തിന് തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന സമരവും അതേത്തുടർന്ന് താഴ്ന്ന ജാതിക്കാർക്കും ജാക്കറ്റും മേൽമുണ്ടും ധരിക്കാനുള്ള അവകാശം ലഭിച്ച സംഭവവും ഒഴിവാക്കപ്പെട്ടവയിൽ പെടുന്നു. സി. കേശവന്റെ ആത്മകഥയായ ‘ജീവിതസമര’ത്തിൽ നിന്നുള്ള ഭാഗവും ഇതിലുൾപ്പെടും. ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര പുസ്തകങ്ങളെയാണ് ഭരണകൂടം അന്നും ലക്ഷ്യമിട്ടതെന്ന് വ്യക്തം. എന്നാൽ ഇന്ന് കോവിഡ് പ്രതിസന്ധിയും ലോക്ക്​ഡൗൺ സാഹചര്യവും ഉപയോഗപ്പെടുത്തുന്നുവെന്നു മാത്രം.

ഓരോ ഘട്ടത്തിലും കൂട്ടി ആർജിക്കേണ്ട അറിവുകളുടെയും, ശേഷികളുടെയും ആഴവും വ്യാപ്തിയും പരിഗണിക്കുമ്പോൾ ഈ സിലബസ് ലഘൂകരണമാണോ ഏക പരിഹാരമെന്ന ചോദ്യവും ഉയരുന്നു

കേന്ദ്രഗവൺമെന്റിന് തങ്ങളുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിനു ചൊൽപ്പടി നിൽക്കുന്ന പുസ്തകങ്ങൾ എഴുതിയുണ്ടാക്കണമെങ്കിൽ ഇനിയും രണ്ടോ മൂന്നോ വർഷം കഴിയണം. ദേശീയനയത്തിന്റെ അന്തിമരൂപം പുറത്തുവരികയും, തുടർന്ന് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപീകരണവും പുസ്തകരചനയും ഉൾപ്പെടെയുള്ള നിരവധി നൂലാമാലകളുണ്ട്. അക്കാര്യങ്ങൾക്കുള്ള സമയനഷ്ടവും ഊർജ്ജനഷ്ടവും കണക്കിലെടുക്കുമ്പോൾ നിലവിലെ പുസ്തകങ്ങളിൽ നടത്തുന്ന സർജിക്കൽ സ്‌ട്രൈക്ക് തന്നെയാണ് മെച്ചം. ഒഴിവാക്കപ്പെട്ടവ തുടർ മൂല്യനിർണയത്തിനോ, വർഷാന്ത്യപരീക്ഷയ്‌ക്കോ പരിഗണിക്കുകയില്ലെന്നും സി.ബി.എസ്.ഇ. സർക്കുലറിൽ സൂചിപ്പിക്കുന്നുണ്ട്. അധ്യാപകർ അവ പഠിപ്പിക്കുകയില്ലായെന്നു തന്നെയാണ് ഇതിനർത്ഥം.

അക്കാദമിക ഫാസിസം
എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം 30% കുറച്ച്​ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച അധ്യയനനഷ്ടം പരിഹരിക്കാമെന്ന തീരുമാനത്തിന് പൊതുവേ കയ്യടി കിട്ടാനിടയുണ്ട്. പക്ഷേ, ഓരോ ഘട്ടത്തിലും കൂട്ടി ആർജിക്കേണ്ട അറിവുകളുടെയും, ശേഷികളുടെയും ആഴവും വ്യാപ്തിയും പരിഗണിക്കുമ്പോൾ ഈ സിലബസ് ലഘൂകരണമാണോ ഏക പരിഹാരമെന്ന ചോദ്യവും ഉയരുന്നു. പത്തിലും, പന്ത്രണ്ടിലും രാജ്യാന്തരനിലവാരവുമായി നമ്മുടെ ദേശീയ സിലബസിനെ താരതമ്യം ചെയ്യപ്പെടേണ്ട സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടാകാനിടയുണ്ട് എന്നതും പരിഗണിക്കേണ്ടതല്ലേ?
പൊതുസമൂഹത്തിൽ നിന്നുയർന്ന ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് കേന്ദ്രമാനവശേഷി വകുപ്പ് മന്ത്രി പറയുമ്പോഴും ഒഴിവാക്കേണ്ട പാഠഭാഗങ്ങൾ ഏതാണെന്നത് ആരാണ് നിർദ്ദേശിച്ചതെന്നും, അതിനൊരു വിദഗ്​ധ കമ്മിറ്റി ഉണ്ടായിരുന്നോ എന്ന ചോദ്യവും ഉയരുന്നു. ഏതു സാഹചര്യത്തിലായാലും ചില പ്രത്യേക ഉള്ളടക്കഭാഗങ്ങൾ ഒഴിവാക്കിയതിന്റെ പിന്നിൽ അക്കാദമികവും ബോധനശാസ്ത്രപരവുമായ കാരണവും വ്യക്തമാക്കേണ്ടതല്ലേ? എൻ.സി.ഇ.ആർ.ടി. യ്ക്കു പകരം കേവലം പരീക്ഷാബോർഡായ സി.ബി.എസ്.ഇ.യ്ക്ക് സർക്കുലർ പുറത്തിറക്കാനുള്ള അധികാരം ഉണ്ടോയെന്നതും പ്രധാനമാണ്.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പോഖ്രിയാൽ

ഏറ്റവും മോശപ്പെട്ടതെന്നു പറയുന്ന പാഠപുസ്തകം പോലും ഏറെ അന്വേഷണങ്ങ ളുടെയും ചർച്ചകളുടെയും സംവാദങ്ങളുടെയും, പഠനങ്ങളുടെയും സൃഷ്ടിയായിരിക്കും. എൻ.സി.ഇ.ആർ.ടി.യുടെ മുൻകാല ചരിത്രപുസ്തകങ്ങളിൽ മിക്കവയും എഴുതിയുണ്ടാക്കിയിട്ടുള്ളത് പ്രമുഖചരിത്രകാരും, ചരിത്രാധ്യാപകരുമാണ്. ഇന്ത്യ ചരിത്രത്തിലെ വർഗീയ ധ്രുവീകരണത്തേയും, വക്രീകരണത്തേയും ചെറുത്തുനിന്നതിൽ ആ പുസ്തകം വഹിച്ച പങ്ക് പ്രധാനമാണ്. രാജ്യം ഉയർത്തിപ്പിടിച്ച ജനാധിപത്യ മതേതര കാഴ്ചപ്പാടുകളുടേയും, ബഹുസ്വര ജീവിതത്തിന്റെയും, അക്കാദമിക അടിത്തറയിൽ നിന്നാണ് മറ്റു വിഷയങ്ങളിലുള്ള എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങളും നിലകൊണ്ടിട്ടുള്ളത്.

ഏതു സാഹചര്യത്തിലായാലും
ചില പ്രത്യേക ഉള്ളടക്കഭാഗങ്ങൾ ഒഴിവാക്കിയതിന്റെ പിന്നിൽ അക്കാദമികവും ബോധനശാസ്ത്രപരവുമായ കാരണവും വ്യക്തമാക്കേണ്ടതല്ലേ?

പഠനനേട്ടങ്ങളുടെ/ഉദ്ദേശ്യങ്ങളുടെ ഫലപ്രാപ്തിയ്ക്കായി, വിനിമയസമയവും വിദ്യാർത്ഥികളുടെ പ്രായവും പ്രകൃതവും പരിഗണിച്ചും, ലോകത്തെ വിവിധ പാഠ്യപദ്ധതികളെ താരതമ്യപഠനത്തിനു വിധേയമാക്കിയും, വിശ്വാസയോഗ്യമായ റഫറൻസുകളും, രേഖകളും, പുസ്തകങ്ങളും ഉപയോഗിച്ചുമാണ് എൻ.സി.ഇ.ആർ.ടിയും, എസ്.സി.ഇ. ആർ.ടി.യുമെല്ലാം പുസ്തക രൂപീകരണപ്രക്രിയ നിർവഹിക്കുന്നത്. യു.പി.എ. ഭരണ കാലത്ത്, 2005-ൽ പുറത്തിറക്കിയ NCFന്റെ ഫിലോസഫിക്കൽ, പെഡഗോജിക്കൽ സ്വാധീനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പാഠപുസ്തകങ്ങളെന്നതാവാം കേന്ദ്ര ഗവൺമെന്റിന്റെ തിരുത്തൽ, വെട്ടിച്ചുരുക്കൽ നടപടികൾക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയ കാരണം. എന്നാൽ അധ്യാപകരാലും കുട്ടികളാലും രക്ഷിതാക്കളാലും പൊതുവേ അംഗീകരി ക്കപ്പെട്ടവയാണ് നിലവിലുള്ള എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങൾ. സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങൾ ഒട്ടൊക്കെ സന്തുലിതവും, വ്യത്യസ്ത ആശയധാരകളെയും, ചിന്താസമീപനങ്ങളെയും പ്രതിഫലിപ്പിക്കുന്നവയുമാണ്. ഇന്ത്യയിലെ പ്രശസ്തരായ ചരിത്രകാരന്മാരും, അക്കാദമിക്കുകളും 2005-ലെ പുസ്തകനിർമ്മാണത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ട്. ഹരിവാസുദേവൻ, യോഗേന്ദ്രയാദവ്, സുഹാസ് പൽഷിക്കർ, നീലാദ്രി ഭട്ടാചാര്യ, മുകുൾ കേശവൻ, രാമചന്ദ്രഗുഹ, തനിക സർക്കാർ, ജാനകി നായർ, രാജീവ് ഭാർഗവ എന്നിങ്ങനെ ദേശീയതലത്തിലെ പ്രമുഖ അക്കാദമിക് വ്യക്തിത്വങ്ങൾ സെക്കണ്ടറി-ഹയർ സെക്കന്ററി പാഠപുസ്തകരചനയിൽ പങ്കാളികളായവരിൽ ചിലരാണ്.

ഇന്ത്യയൊട്ടുക്കും ബാധകമായ പുസ്തകങ്ങളെന്ന നിലയിൽ അവയുടെ വ്യാപക അംഗീകാരത്തിന് ഇവരുടെയെല്ലാം കയ്യൊപ്പുണ്ട്. പാഠപുസ്തകങ്ങളിലെ കൂട്ടിച്ചേർക്കലുകളായാലും, ഒഴിവാക്കലുകളായാലും, ഏറെ അന്വേഷണങ്ങൾക്കും പരിശോധനകൾക്കും കൂടിയാലോചനകൾക്കും ശേഷം മാത്രം ചെയ്യേണ്ട ഒന്നാണ്. ഇവിടെ അതുണ്ടായിട്ടില്ലെന്നു മാത്രമല്ല, സെക്കന്ററി- സീനിയർ സെക്കണ്ടറി വിദ്യാർത്ഥികൾ നിർബന്ധമായും കടന്നുപോകേണ്ട ഉള്ളടക്ക ഭാഗങ്ങൾ തിരഞ്ഞുപിടിച്ച് ഒഴിവാക്കിയിരിക്കുന്നു.

സെക്കന്ററി ക്ലാസ്സുകളിലെ സാമൂഹികശാസ്ത്ര പുസ്തകങ്ങളിൽനിന്ന്​ ജനാധിപത്യവും, ജനാധിപത്യഅവകാശങ്ങളും വൈവിധ്യവും, ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ഒഴിവാക്കിയതിലൂടെ ഭരണകൂടം നൽകുന്ന സന്ദേശം വ്യക്തമാണ്. ഈ വർഷം സെക്കണ്ടറി വിദ്യാഭ്യാസത്തിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് കുട്ടികൾ ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചും, സമീപനങ്ങളെക്കുറിച്ചും, ജീവിതരീതികളെക്കുറിച്ചും, ചർച്ച ചെയ്യേണ്ടതില്ല എന്നതാണത്. പതിനൊന്നാം ക്ലാസ്സിലെ പ്രധാന ചരിത്രപാഠങ്ങളും, തീമുകളും ഒഴിവാക്കലിന് വിധേയമായിട്ടുണ്ട്. മംഗോളിയനും ചെങ്കിസ്ഖാനും, തെക്കേ അമേരിക്കൻ സംസ്‌കാരങ്ങളെക്കുറിച്ചുള്ള അറിവുകൾ, പ്രദേശിക സംസ്‌കാരങ്ങളുടെ തകർച്ച, യൂറോപ്യൻ അധിനിവേശ ശക്തികളുടെ അടിച്ചമർത്തൽ നയം, മധ്യകാല ലോകത്തെ ഇസ്‌ലാമിക സംഭാവനകൾ, സബാൾട്ടൺ ചരിത്രരചനാരീതി പിന്തുടർന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ഗ്രാമീണ ഗോത്രകലാപങ്ങൾ, ഇന്ത്യയുടെ വിഭജനവും അതിന്റെ പ്രത്യാഘാതങ്ങളും എന്നിവയെല്ലാം ചരിത്രപുസ്തകങ്ങളിൽനിന്ന്​ മുറിച്ചു മാറ്റിയിട്ടുണ്ട്. Counter Factual History യിൽ വ്യഗ്രത കാണിക്കുന്ന ഭരണകൂടത്തിന്റെ അക്കാദമിക ഫാസിസ്റ്റ് സ്വഭാവമാണ് ചരിത്രപാഠങ്ങളുടെ ഒഴിവാക്കലിൽ വെളിവാകുന്നത്.

കോവിഡിന്റെ മറവിൽ ഭരണകൂട അജണ്ട
പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊളിറ്റിക്കൽ സയൻസിലെ ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം, പ്രാദേശിക സർക്കാരുകൾ, ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതികൾ, ഇന്ത്യയും അയൽരാജ്യങ്ങളുമായുള്ള ബന്ധം, ജനകീയമുന്നേറ്റങ്ങൾ എന്നിവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ദേശീയ പ്രസ്ഥാന പാരമ്പര്യത്തെയും, നെഹ്രുവീയൻ ലെഗസിയെയും ഇന്ത്യയിലുയരുന്ന യുവജനമുന്നേറ്റസാധ്യതകളേയും മായ്ച്ചുകളയാനുള്ള നീക്കമായി അക്കാദമിക്കുകൾ ഇതിനെ കാണുന്നുണ്ട്. ബിസിനസ് സ്റ്റഡീസിൽ നിന്ന് നോട്ടുനിരോധനവും, ജി.എസ്.ടി.യും, സ്വകാര്യ-ഉദാര-ആഗോളവത്ക്കരണനയങ്ങൾ വാണിജ്യക്രമത്തിലുണ്ടാക്കിയ മാറ്റവും, സാമ്പത്തികശാസ്ത്രത്തിലെ ഇന്ത്യയുടെ വിദ്യാഭ്യാസവളർച്ചയും, ബയോളജിയിലെ പരിണാമസിദ്ധാന്തവും സെൻസറിംഗിന് വിധേയമായ ഉള്ളടക്കമേഖലകളാണ്. അക്കാദമികമായ കാരണങ്ങളല്ല ഒഴിവാക്കലിനു പിന്നി ലെന്ന് മുറിച്ചുമാറ്റപ്പെട്ട പാഠഭാഗങ്ങൾ വിളിച്ചുപറയുന്നുണ്ട്.

പ്രദേശിക സംസ്‌കാരങ്ങളുടെ തകർച്ച, മധ്യകാല ലോകത്തെ ഇസ്‌ലാമിക സംഭാവനകൾ, ഗ്രാമീണ ഗോത്രകലാപങ്ങൾ, ഇന്ത്യ വിഭജനവും പ്രത്യാഘാതങ്ങളും എന്നിവയെല്ലാം
മുറിച്ചു മാറ്റിയിട്ടുണ്ട്

കാലികമല്ലാത്തതും, അപ്രസക്തമായതും, വ്യത്യസ്ത വിഷയങ്ങളിലായി ആവർത്തിക്കപ്പെടുന്നതുമായ നിരവധി ഉള്ളടക്കഭാഗങ്ങൾ ഉണ്ടെന്നിരിക്കെയാണ് സെക്കന്ററി, സീനിയർ സെക്കണ്ടറിതലത്തിലെ വിദ്യാർത്ഥി നിർബന്ധമായും കടന്നുപോകേണ്ട ആശയങ്ങളും വസ്തുതകളും പാടെ മുറിച്ചുമാറ്റിയിരിക്കുന്നത്. ഏറെക്കാലമായി കേന്ദ്രമാനവ ശേഷി മന്ത്രാലയം കാത്തിരുന്ന നടപടിയാണ് കോവിഡിന്റെ മറവിൽ ഇപ്പോൾ സാധിച്ചിരിക്കുന്നത്. യു.പി.എ. ഗവൺമെന്റിന്റെ കാലഘട്ടത്തിൽ തയ്യാറാക്കിയ പാഠപുസ്തകങ്ങൾ തിരുത്താനും മാറ്റാനും സംഘപരിവാർ കേന്ദ്രങ്ങൾ ഒന്നാം എൻ.ഡി.എ. ഗവൺമെന്റിന്റെ കാലത്തുതന്നെ ശ്രമിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ പൂർണമായും വിജയിക്കുകയുണ്ടായില്ല. ലോക്ഡൗൺ സാഹചര്യത്തിലെ അധ്യയനനഷ്ടത്തിന്റെ മറവിൽ ഇന്ത്യയുടെ ജനാധിപത്യ-മതേതരജീവിതത്തേയും ബഹുസ്വരസാമൂഹികക്രമത്തേയും പ്രതിനിധീകരിക്കുന്ന പാഠഭാഗങ്ങൾ ഒരു വർഷത്തേക്കാണെങ്കിലും ഒഴിവാക്കുന്നതിലൂടെ ഭരണകൂടത്തിന്റെ ദീർഘകാല അജണ്ടയ്ക്ക് താൽക്കാലിക ആശ്വസം ഉണ്ടായിരിക്കുന്നു. എന്നാൽ ആത്യന്തികമായി ഇവ എക്കാലത്തേക്കും ഒഴിവാക്കാനുള്ള അപകടകരമായ സാദ്ധ്യതയാണ് മുന്നിലുള്ളത്.

എസ്.സി.ഇ.ആർ.ടി. മുൻ റിസർച്ച് ഓഫീസറാണ് ലേഖകൻ

Comments