ഹരിതകർമ്മസേനയുടെ തൊഴിലും
സാമൂഹിക അംഗീകാരവും,
ചില കേരള പ്രതികരണങ്ങൾ

ഈയിടെ കോട്ടയത്ത് ഒരു പച്ചക്കറിക്കടയിൽ, ഹരിതകർമ്മസേനാംഗങ്ങൾക്കെതിരെ കടയുടമ അസഭ്യം പറഞ്ഞുവെന്ന ആരോപണമുയർന്നു. സേനാംഗങ്ങൾ കടയ്ക്കുമുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ഹരിതകർമ്മസേനയുടെ തൊഴിൽ സാഹചര്യങ്ങളും അവർക്ക് സമൂഹത്തിൽ ലഭിക്കുന്ന സാമൂഹിക അംഗീകാരവും സംബന്ധിച്ച ഗുരുതര ചോദ്യങ്ങളുയർത്തുന്ന സംഭവമാണിത്- ഷൈൻ കെ. എഴുതുന്നു.

2025 സെപ്റ്റംബർ 16-ന് കോട്ടയത്ത് ഒരു പച്ചക്കറിക്കടയിൽ വെച്ച് ഹരിതകർമ്മസേനാംഗങ്ങൾക്കെതിരെ കടയുടമ അസഭ്യം പറഞ്ഞുവെന്ന ആരോപണമുയർന്നു. സേനാംഗങ്ങൾ കടയ്ക്കുമുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ഈ സംഭവം പൊതുചർച്ചക്ക് വഴി തുറന്നു. ഇതോടെ ഹരിതകർമ്മസേനയുടെ തൊഴിൽ സാഹചര്യങ്ങളും അവർക്ക് സമൂഹത്തിൽ ലഭിക്കുന്ന സാമൂഹിക അംഗീകാരവും വീണ്ടും ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.

തൊഴിലും പരിസ്ഥിതിയും തമ്മിൽ

കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ ചരിത്രത്തിൽ തൊഴിലും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം എല്ലായ്പ്പോഴും നിർണ്ണായക ഘടകമായിരുന്നു. തൊഴിലാളി അവകാശങ്ങൾ, തൊഴിൽ സുരക്ഷ, സാമൂഹിക ബഹുമാനം, സംഘടനാപരമായ ശക്തീകരണം എന്നിവ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും പ്രധാന ചർച്ചാ വിഷയങ്ങളാണ് (Kannan, 2018). തൊഴിൽ മേഖലയെ പോലെ തന്നെ പരിസ്ഥിതി സംരക്ഷണത്തെയും രാഷ്ട്രീയത്തോട് ചേർത്താണ് ഇക്കാലമത്രയും കേരള സമൂഹം പരിഗണിച്ചിട്ടുള്ളത്. ചരിത്രത്തിൽ വികസനം എന്ന ആശയം സർക്കാരുകളുടെ ക്യാപിറ്റലിസ്റ്റ് താൽപ്പര്യങ്ങളോട് ചേർന്ന് മുന്നേറിയപ്പോൾ, സിവിൽ സൊസൈറ്റി പലപ്പോഴും പ്രതിഷേധ നിലപാടുകൾ സ്വീകരിച്ചു (Chatterjee, 2004). ഈ സാഹചര്യത്തിൽ, തൊഴിലും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ ഒരേസമയം സംഘർഷവും സഹകരണവും അടയാളപ്പെടുത്തിയതായി കാണാം.

ഹരിതകർമ്മസേനയും
സാമൂഹികാംഗീകാരവും

‘ഹരിതകേരളം മിഷന്റെ’ ഭാഗമായി 2017-ൽ രൂപം കൊണ്ട ഹരിതകർമ്മസേന, ഇന്ന് കേരളത്തിലെ ശുചിത്വ- മാലിന്യ സംഭരണ രംഗത്തെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയാണ്. 36,000-ത്തിലധികം അംഗങ്ങൾ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തിച്ച് വീടുകളിലും സ്ഥാപനങ്ങളിലുമെത്തി മാലിന്യ ശേഖരണവും വേർതിരിവും നടത്തുന്നു. ശേഖരിച്ച മാലിന്യം മെറ്റീരിയൽ കളക്ഷൻ​ ഫെസിലിറ്റികൾ വഴി റിസോഴ്സ് റിക്കവറി സംവിധാനത്തിലേക്ക് എത്തിച്ച് റീസൈക്കിൾ ചെയ്യുന്നു. കുടുംബശ്രീ, ക്ലീൻ കേരള കമ്പനി, പഞ്ചായത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ സ്ത്രീ സേനയുടെ പ്രവർത്തനം പ്രാദേശിക സ്വയംഭരണത്തിന്റെ മാതൃകയായി മാറിയിട്ടുണ്ട്.

ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ മാത്രമല്ല, അംഗങ്ങളുടെ സാമൂഹ്യ അംഗീകാരവും ഈ കൂട്ടായ്മയുടെ സവിശേഷതകളിലൊന്നാണ്. ഭൂരിഭാഗവും സ്ത്രീകൾ മാത്രം ചേർന്ന ഈ പദ്ധതിയിൽ, പലർക്കും വിദ്യാഭ്യാസം പത്താം ക്ലാസ്സിനു താഴെയാണ്, എന്നിട്ടും അവർക്ക് ലഭിക്കുന്ന തൊഴിൽ പരിശീലനവും ജോലിയിലൂടെ കൈമാറിക്കിട്ടുന്ന പരിചയവും അവരവരുടെ തൊഴിൽ കഴിവുകളെയും ആത്മവിശ്വാസത്തെയും ഊട്ടിയുറപ്പിക്കുന്നു. ദൈനംദിന പ്രവർത്തനങ്ങൾ ഗ്രാമങ്ങളുടെ ശുചിത്വനിലയിൽ നേരിട്ട് പ്രതിഫലിക്കുകയും, പൊതുജനങ്ങളുമായുള്ള ഇടപെടലിലൂടെ പരിസ്ഥിതി ചിന്താവിഷയങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കുന്നതുമായ രീതിയിലാണ് ഇന്ന് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. ഹരിതകർമ്മസേനാ അംഗങ്ങളുടെ പ്രവർത്തനം, പ്രാദേശിക സ്ഥാപനങ്ങളുമായി ചേർന്നുള്ള സഹകരണത്തിലൂടെ മാത്രമല്ല, മറിച്ച് ഇന്നതൊരു പരിസ്ഥിതി- തൊഴിലാളി രാഷ്ട്രീയത്തിന്റെ മാതൃകയായി മാറുകയും ചെയ്യുന്നുണ്ട്. സമരങ്ങളും അവകാശപ്രതിഷേധങ്ങളും ഈ സേനയുടെ രാഷ്ട്രീയ പശ്ചാത്തലത്തെ ശക്തിപ്പെടുത്തുകയും, സാമൂഹിക അംഗീകാരവും തൊഴിലാളി അവകാശവും പരസ്പരം ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായി ഈ പദ്ധതി നിലവിൽ വർത്തിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, ഹരിതകർമ്മസേനയെ ശുചിത്വ തൊഴിലാളിസംഘം എന്നു മാത്രം വിശേഷിപ്പിക്കാനാവില്ല. മറിച്ച് പരിസ്ഥിതിനീതി, തൊഴിലാളി അവകാശ സംരക്ഷണം, സാമൂഹിക അംഗീകാരം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു കളക്ടീവ് ഏജൻസി ആയി കാണേണ്ടതുണ്ട്. സൈലന്റ് വാലി മുതൽ അതിരപ്പിള്ളി വരെയുള്ള സമരങ്ങളിൽ രൂപം കൊണ്ട ആശയധാര വേസ്റ്റ് മാനേജ്മെന്റ് പൊളിറ്റിക്സിലേക്കെത്തുമ്പോൾ, പ്രകൃതിയുമായി ബന്ധപ്പെട്ടതുകൊണ്ടുതന്നെ ഹരിതകർമ്മസേന തുടക്കമെന്നോണം കേരളത്തിലെ പരിസ്ഥിതി-തൊഴിലാളി രാഷ്ട്രീയത്തിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കുന്നു എന്നു പറയാം.

ഹരിതകർമ്മസേനാ അംഗങ്ങളുടെ പ്രവർത്തനം, പ്രാദേശിക സ്ഥാപനങ്ങളുമായി ചേർന്നുള്ള സഹകരണത്തിലൂടെ മാത്രമല്ല, മറിച്ച് ഇന്നതൊരു പരിസ്ഥിതി- തൊഴിലാളി രാഷ്ട്രീയത്തിന്റെ മാതൃകയായി മാറുകയും ചെയ്യുന്നുണ്ട്.
ഹരിതകർമ്മസേനാ അംഗങ്ങളുടെ പ്രവർത്തനം, പ്രാദേശിക സ്ഥാപനങ്ങളുമായി ചേർന്നുള്ള സഹകരണത്തിലൂടെ മാത്രമല്ല, മറിച്ച് ഇന്നതൊരു പരിസ്ഥിതി- തൊഴിലാളി രാഷ്ട്രീയത്തിന്റെ മാതൃകയായി മാറുകയും ചെയ്യുന്നുണ്ട്.

ഹരിതകർമ്മസേന:
തൊഴിലാളി ഐക്യവും
സാമൂഹിക- രാഷ്ട്രീയ ശക്തിയും

കേരള സർക്കാർ സംരംഭമായതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളിൽ ഹരിതകർമ്മസേനാ തൊഴിലാളികൾ നേരിട്ട വെല്ലുവിളികളും തകർച്ചകളും മാധ്യമങ്ങളിലൂടെ വലിയ രീതിയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പല തവണ, മാലിന്യ ശേഖരണത്തിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ സാധാരണ ജനങ്ങളുടെയോ സ്ഥാപനങ്ങളുടെയോ അസഭ്യ പെരുമാറ്റങ്ങൾ മൂലം സാമൂഹിക ബഹുമാന, അവകാശലംഘനത്തിന് വിധേയരായിട്ടുണ്ട് എന്നത് ഈ വാർത്തകളിൽ നിന്ന് വ്യക്തമാണ്. സമകാലിക സമൂഹത്തിൽ ഇവർക്ക് നേരിടേണ്ടിവന്നിട്ടുള്ള ഈ മോശം സാഹചര്യങ്ങൾ ഇന്ന്, ഇവരുൾക്കൊള്ളുന്ന തൊഴിലാളികളുടെ സാമൂഹിക- രാഷ്ട്രീയ പ്രതിനിധാനത്തിനും അവകാശ സംരക്ഷണത്തിനും വേണ്ട ഒരു സംഘടനാ ആവശ്യകതയെ ജനിപ്പിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.

ഈ സാഹചര്യത്തിലാണ്, 2025 സെപ്റ്റംബർ 16-ന് കോട്ടയം ജില്ലയിൽ കടയുടമയുടെ അസഭ്യ പെരുമാറ്റത്തിനെതിരെ ഹരിതകർമ്മസേനാ തൊഴിലാളികൾ പൊതുപ്രകടനവും പ്രതിഷേധവും നടത്തിയത് ചർച്ചയാവുന്നത്. തൊഴിലാളികളുടെ ഈ നീക്കം പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, സേനയുടെ മോശമായ ജോലി സാഹചര്യങ്ങളും സാമൂഹിക ബഹുമാനവും വീണ്ടും ചർച്ചാവിഷയമാകുകയും ചെയ്തു.

സേനയിലെ അംഗങ്ങൾ അവരുടെ അവകാശങ്ങൾക്കും സാമൂഹിക ബഹുമാനത്തിനുമായി സജീവമായി രംഗത്ത് എത്തി എന്നത്, സംഘടനാപരമല്ലെങ്കിൽ പോലും, ഇത്തരമൊരു ഇടപെടൽ ഈ തൊഴിലാളികൾ മുന്നോട്ടുവയ്ക്കുമ്പോൾ, അവർ പടിപടിയായി ഒരു collective consciousness പോലെ, സാമൂഹിക-രാഷ്ട്രീയശക്തിയായി ഉയർന്നുവരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതേ പ്രവണത ബ്രസീലിലെ Catadores de Materiais Recicláveis waste pickers-ന്റെ അനുഭവത്തിലും കാണാം. ദശലക്ഷക്കണക്കിന് അനൗപചാരിക തൊഴിലാളികളെ ഏകോപിപ്പിച്ച ഇവർ നഗരസഭകളുമായുള്ള ഔദ്യോഗിക കരാറുകൾ, സാമൂഹികസുരക്ഷാ പദ്ധതി, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ സംഘടിച്ച് നേടിയെടുത്തിട്ടുണ്ട് (Dias, 2016).

പൂണെയിലെ SWaCH സംഘടന, KKPKP തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ, അനൗപചാരിക മാലിന്യ ശേഖരണ തൊഴിലാളികളെ ഔദ്യോഗിക മാലിന്യ ശേഖരണ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തി, സ്ഥിരമായ വേതനം, പരിശീലനം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കി. അതുപോലെ, ദക്ഷിണാഫ്രിക്കയിലെ Reclaimers ദേശീയ നിയമങ്ങൾക്കും സാമൂഹിക അംഗീകാരത്തിനും വേണ്ടി സമരങ്ങൾ നടത്തി, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗത്തിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കി.

ഈ സംഭവങ്ങൾ, കേരളത്തിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, മാലിന്യ തൊഴിലാളികളുടെ ഐക്യവും സംഘടനാപരമായ ഇടപെടലുകളും ഉപയോഗിച്ച് തൊഴിലവകാശങ്ങൾക്കും മാന്യമായ തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി രാഷ്ട്രീയ-സാമൂഹിക ശക്തിയായി മാറുന്ന ഒരു വ്യക്തമായ ആഗോള പ്രവണതയെ ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ.

ഈ പ്രകടനങ്ങൾ നിലവിലെ സാഹചര്യത്തിൽ ഒരു ഗ്രാസ്‌റൂട്ട് ലെവൽ ഏജൻസി വികസനത്തിന്റെ ഉദാഹരണങ്ങളായി ചേർത്തുവായിക്കാൻ സാധിക്കുന്നു. തന്നെയുമല്ല ഹരിതകർമ്മസേന വർക്ക് ഫോഴ്സ് ഇത്തരത്തിൽ നേരിട്ട് രാഷ്ട്രീയ-സാമൂഹിക ഇടപെടലുകൾ നടത്തുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും ഒപ്പം തൊഴിലാളി അവകാശങ്ങളും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുന്നു. Bottom-up governance, labor politics, collective action എന്നിവയുമായി ബന്ധപ്പെട്ട നിലപാടുകൾ സ്വീകരിക്കാനുള്ള കഴിവ്, ഹരിതകർമ്മസേനയുടെ പ്രവർത്തനരീതിയിൽ ഗൗരവമുള്ള മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ളതായും ഇന്ന് വിലയിരുത്താൻ സാധിക്കുന്നു.

ഇത് സേനയെ പാരമ്പര്യ ശുചിത്വ തൊഴിലാളി കൂട്ടായ്മ എന്ന സാമൂഹിക ഭാവനയിൽ നിന്ന് ഉയർന്ന തലത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകുന്നു, കൂടാതെ ഇതിനെ മറ്റൊരു തലത്തിലെന്നോണം സാമൂഹിക- രാഷ്ട്രീയ ഘടകമായി മാറ്റുന്നുമുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരണം, കേരളമൊട്ടുക്കുമല്ലെങ്കിൽ പോലും ജനങ്ങളിൽനിന്ന് ലഭിക്കുന്ന പിന്തുണ; ഒരു തരത്തിൽ പറഞ്ഞാൽ സാമൂഹിക അംഗീകാരം എന്നിവയുടെ സംയോജനം, ഹരിതകർമ്മസേനാ വർക്ക് ഫോഴ്സിന് പരിസ്ഥിതി- തൊഴിലാളി രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധികളെയും സാധ്യതകളെയും മറികടക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഈ മാറ്റം, തൊഴിലാളി ഏജൻസി, പൊതുജന പിന്തുണ, പരിസ്ഥിതി നീതി എന്നിവ സംയോജിപ്പിക്കുന്ന പ്രക്രിയയായി പ്രതിഫലിക്കുകയും ചെയ്യുമെന്ന് നിസംശയം പറയാം.

 2025 സെപ്റ്റംബർ 16-ന് കോട്ടയം ജില്ലയിൽ കടയുടമയുടെ അസഭ്യ പെരുമാറ്റത്തിനെതിരെ ഹരിതകർമ്മസേനാ തൊഴിലാളികൾ നടത്തിയ പ്രതിഷേധം.
2025 സെപ്റ്റംബർ 16-ന് കോട്ടയം ജില്ലയിൽ കടയുടമയുടെ അസഭ്യ പെരുമാറ്റത്തിനെതിരെ ഹരിതകർമ്മസേനാ തൊഴിലാളികൾ നടത്തിയ പ്രതിഷേധം.

ആഗോള വനിതാ മാലിന്യ തൊഴിലാളികൾ: ഐക്യവും സാമൂഹിക- രാഷ്ട്രീയ ശക്തിയും

അന്താരാഷ്ട്ര തലത്തിൽ, അനൗപചാരിക മാലിന്യ ശേഖരണ തൊഴിലാളികൾ നേരിടുന്ന സാമൂഹിക-രാഷ്ട്രീയപരമായ വെല്ലുവിളികളും അവരുടെ അവകാശ സമരങ്ങളും ശ്രദ്ധേയമാണ്. ഫിലിപ്പീൻസിലെ വേസ്റ്റ് വർക്കേഴ്‌സ് അലയൻസ് (Waste Workers’ Alliance) എന്ന സംഘടനയിലെ വനിതാ അംഗങ്ങൾ, അനൗപചാരിക മേഖലയിലെ നിസ്സഹായമായ അവസ്ഥകളിൽ നിന്ന് പുറത്തുവന്ന്, നഗരഅധികൃതരുമായി സൗഹൃദപരമായ കരാറുകൾ ഒപ്പുവെച്ച്, തൊഴിലാളികളുടെ വേതനവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാൻ ശ്രമിച്ചു. അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണയോടെ ഇവർ പ്ലാസ്റ്റിക് മാലിന്യശേഖരണത്തിലും റീസൈക്ലിംഗ് സംവിധാനങ്ങളിലും സ്ത്രീകളുടെ തൊഴിൽപങ്ക് വർദ്ധിപ്പിച്ചു.

നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമായ ലാഗോസിൽ വനിതാ തൊഴിലാളികളുടെ സംഘടിത മുന്നേറ്റം ഉജ്ജ്വല മാതൃകയായി ഇന്നും നിലകൊള്ളുന്നു. നൈജീരിയയിലെ ലാഗോസ് വേസ്റ്റ് പിക്കേഴ്‌സ് നെറ്റ്‌വർക്ക് (Lagos Waste Pickers Network) സ്ത്രീകളെ മുൻനിരയിൽ നിർത്തി, നഗരപ്രദേശങ്ങളിൽ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾ നടപ്പിലാക്കി. ഇത് സ്ത്രീകളുടെ ഐക്യവും സംഘാടനശേഷിയും തൊഴിലാളി അവകാശങ്ങൾ ഉറപ്പാക്കുന്ന പ്രക്രിയയിൽ നിർണായക ഘടകമായി പ്രവർത്തിച്ചു.

പെറുവിലെ അസോസിയേഷൻ ഡി റെസിക്ലാഡോറസ് ഡെൽ പെറു (Asociación de Recicladores del Perú - ARP) നഗരമാലിന്യ ശേഖരണ രംഗത്ത് വനിതാ നേതാക്കളെ പ്രോത്സാഹിപ്പിക്കുകയും പ്രവർത്തന പ്രക്രിയകളിൽ അവരെ സജീവമായി ഉൾപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ അവർ തങ്ങളുടെ തൊഴിൽ അവകാശങ്ങൾ മുൻനിരയിലേക്ക് കൊണ്ടുവരികയും സാമൂഹിക അംഗീകാരവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്തു. ഹോണ്ടുറാസിലെ കോർഡിനഡോറ ഡി റെസിക്ലാഡോറസ് ഡി ഹോണ്ടുറാസ് (Coordinadora de Recicladores de Honduras) എന്ന സംഘടനയും സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ട്, മോശമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പരിശീലനം, മേൽനോട്ടം, സ്ഥിരമായ വേതനം എന്നിവ ഉറപ്പാക്കുകയും നഗരസഭകളുമായി ഔദ്യോഗിക കരാറുകൾ നേടുകയും ചെയ്തു.

ശ്രദ്ധേയമായ വസ്തുത, ലോകമെമ്പാടുമുള്ള മാലിന്യ തൊഴിലാളികളുടെ അന്താരാഷ്ട്ര സഖ്യം (Global Alliance of Waste Pickers - GAWP) പോലുള്ള സംഘടനകൾ ഈ അനൗപചാരിക തൊഴിലാളി പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയും, പ്രാദേശിക സർക്കാരുകളുടെ മാലിന്യ സംസ്കരണ പദ്ധതികളിൽ ഇവരെ ഔദ്യോഗിക പങ്കാളികളായി അംഗീകരിക്കാൻ ശക്തമായി വാദിക്കുകയും ചെയ്യുന്നുണ്ട്. ഇത്, തൊഴിലാളികൾക്ക് നിയമപരമായ അംഗീകാരവും ആരോഗ്യ ഇൻഷുറൻസ് പോലുള്ള സാമൂഹിക ആനുകൂല്യങ്ങളും നേടാൻ സഹായകമാകുന്നു.

ലോകമെമ്പാടുമുള്ള മാലിന്യ തൊഴിലാളികളുടെ അന്താരാഷ്ട്ര സഖ്യം പോലുള്ള സംഘടനകൾ ഈ അനൗപചാരിക തൊഴിലാളി പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയും, പ്രാദേശിക സർക്കാരുകളുടെ മാലിന്യ സംസ്കരണ പദ്ധതികളിൽ ഇവരെ ഔദ്യോഗിക പങ്കാളികളായി അംഗീകരിക്കാൻ ശക്തമായി വാദിക്കുകയും ചെയ്യുന്നുണ്ട്.
ലോകമെമ്പാടുമുള്ള മാലിന്യ തൊഴിലാളികളുടെ അന്താരാഷ്ട്ര സഖ്യം പോലുള്ള സംഘടനകൾ ഈ അനൗപചാരിക തൊഴിലാളി പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയും, പ്രാദേശിക സർക്കാരുകളുടെ മാലിന്യ സംസ്കരണ പദ്ധതികളിൽ ഇവരെ ഔദ്യോഗിക പങ്കാളികളായി അംഗീകരിക്കാൻ ശക്തമായി വാദിക്കുകയും ചെയ്യുന്നുണ്ട്.

ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്, ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ, അനൗപചാരിക മാലിന്യ ശേഖരണ രംഗത്ത് പ്രവർത്തിക്കുന്ന വനിതാ തൊഴിലാളികൾ, അവരുടെ ഐക്യവും സംഘാടനശേഷിയും ഉപയോഗിച്ച്, തൊഴിലാളി അവകാശങ്ങൾക്കും സാമൂഹിക ബഹുമാനത്തിനും വേണ്ടി പുതിയ രീതിയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ്. അവർ പരിസ്ഥിതി സംരക്ഷണവുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ, താഴെത്തട്ടിൽ നിന്നുള്ള ഭരണം (bottom-up governance), കൂട്ടായ പ്രവർത്തനം (collective action), തൊഴിലാളി രാഷ്ട്രീയം (labor politics) എന്നിവയുടെ പ്രാധാന്യം വർധിക്കുകയും, തൊഴിലാളികളുടെ സാമൂഹിക- രാഷ്ട്രീയപരമായ ശക്തി വർദ്ധിക്കുകയും ചെയ്യുന്നു.

ഇത്തരം ആഗോള അനുഭവങ്ങൾ കേരളത്തിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹരിതകർമ്മസേനയുടെ സ്ത്രീ പ്രാമുഖ്യമുള്ള തൊഴിൽശക്തി, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച്, തൊഴിലാളി അവകാശങ്ങളും സാമൂഹിക അംഗീകാരവും ഉറപ്പാക്കുന്നതിന്റെ ഒരു ആഗോള മാതൃകയാണ്. ഈ പശ്ചാത്തലത്തിൽ, ലിംഗപരമായ നേതൃത്വം (Gender Leadership), തൊഴിലാളി ഐക്യം, സംഘടനാപരമായ ഇടപെടലുകൾ എന്നിവ മിക്കവാറും എല്ലാ വികസ്വര / ദാരിദ്ര്യ രാജ്യങ്ങളിലെയും മാലിന്യ തൊഴിലാളികളിൽ കാണപ്പെടുന്ന ഒരു പ്രവണതയാണെന്ന് തിരിച്ചറിയാൻ കഴിയുന്നു.

References:

1. Harriss-White, B. (2023). Women and waste: The question of shit-work. Indian Journal of Gender Studies, 30(3). https://doi.org/10.1177/09715215231183

2. DEAL Team. (2024, October 31). SWaCH: Doughnut design case study. Doughnut Economics. https://doughnuteconomics.org/stories/swach-doughnut-design-case-study.

3. Amoah, J. O., Britwum, A. O., Essaw, D. W., & Mensah, J. (2023). Solid waste management and gender dynamics: Evidence from rural Ghana. Research in Globalization, 6, 100111. https://doi.org/10.1016/j.resglo.2023.100111


Summary: In Kottayam, abuse of Haritha Karma Sena workers sparked protest, raising questions on their work and dignity – writes Shine K writes.


ഷൈൻ. കെ

ഗവേഷക വിദ്യാർഥി, ​സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് & ഡെവലപ്മെൻറ് സ്റ്റഡീസ് , മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം.

Comments