സ്ത്രീകൾ ചെയ്യുന്ന തൊഴിലിനും അതിനായി അവർ ചെലവഴിക്കുന്ന സമയത്തിനും ഊർജ്ജത്തിനും അവർ പൊതുജീവിതത്തിന് നൽകുന്ന സംഭാവനകൾക്കും എന്താണ് നമ്മൾ കൽപ്പിക്കുന്ന മൂല്യം എന്നാണ്, ആശാ വർക്കർമാരുടെ സമരം കാണുമ്പോൾ ഞാൻ ആലോചിച്ചുപോകുന്നത്. അവർ ചെയ്യുന്ന തൊഴിൽ അവരുടെ കടമയും അവർ ചെയ്യുന്ന ഒരുതരം വൈകാരികമായ അധ്വാനത്തിന്റെ ഭാഗവും മാത്രമാണ് എന്ന നിലയ്ക്കാണ് സമൂഹം ഇപ്പോഴും കണക്കാക്കുന്നത്. സാംസ്കാരികമായും സാമൂഹികമായും നമ്മൾ അങ്ങനെത്തന്നെയാണ് സ്ത്രീകളുടെ തൊഴിലിനെ കാണുന്നത്.
കോവിഡിന്റെയും പ്രളയത്തിന്റെയും സമയത്തും അല്ലാത്തപ്പോഴും ആശാ വർക്കർമാർ നമ്മുടെ സമൂഹത്തിൽ ഒഴിച്ചുകൂടാനാവാത്ത ഇടപെടൽ നടത്തിയവരാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങൾ പിന്നിട്ടുകഴിയുമ്പോൾ എന്തുകൊണ്ടാണ് ഇവർക്ക് ലഭിക്കേണ്ട dignity അവർക്ക് നൽകാത്തതും അവർ പറയുന്നത് കേൾക്കാൻ നമ്മൾ തയാറാകാത്തതും?

ഇപ്പോൾ ലഭിക്കുന്ന പ്രതിഫലത്തിൽ വളരെ ചെറിയ വർധനവ് മാത്രമാണ് ആശാ വർക്കർമാർ ആവശ്യപ്പെടുന്നത്. യഥാർത്ഥത്തിൽ അവർ സ്വന്തം അവകാശമാണ് ചോദിക്കുന്നത്. അത് കേൾക്കാൻ തയ്യാറാവുകയും ബഹുമാനത്തോടെ അവരുടെ വിഷയങ്ങൾ പരിഗണിക്കുകയുമാണ് വേണ്ടത്. എന്തുകൊണ്ട് ഈ സമരം വേണ്ട രീതിയിൽ പരിഗണിക്കപ്പെടുന്നില്ല എന്നത് ഏറെ നിരാശപ്പെടുത്തുന്നു. നമ്മൾ എങ്ങനെയാണ് സ്ത്രീകളെയും അവരുടെ തൊഴിലിനെയും കാണുന്നത് എന്നതിന്റെ പ്രതിഫലനം കൂടിയാണ് ഈ സമരത്തിനെതിരായ സമീപനങ്ങൾ.