അഗ്നിപഥ് പദ്ധതിക്കെതിരെ കോഴിക്കോട് നടന്ന പ്രതിഷേധം / Photo: Agasthya Surya

ഇനിയുള്ള സമരങ്ങൾ പ്രാഥമിക
​ജനാധിപത്യത്തിനു വേണ്ടിയാവും

സർക്കാറിന്റെ ഉടമസ്ഥവകാശം ഒരു വിഭാഗം കൈയാളുകയും അവർ സർക്കാർ പിന്തുണയോടെ സാമൂഹിക ജീവിതത്തിൽ പ്രശ്‌നം സൃഷ്​ടിക്കുകയും ചെയ്യുന്നു. കോടതി ഇടപെടൽ പോലും ഇത്തരം സമാന്തര അധികാരത്തോട് ചേർന്നുനിൽക്കുന്നു. ഇത്തരം മുന്നേറ്റങ്ങളെല്ലാം ജനാധിപത്യത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ ചോദ്യം ചെയ്യുന്നുണ്ട്​.

ബി.ജെ.പി വക്താവിന്റെ പ്രവാചകനിന്ദ വലിയതോതിൽ അന്താരാഷ്ട്ര വിമർശനങ്ങൾക്ക് വിധേയമായി, ഒരുപക്ഷെ കേന്ദ്രസർക്കാർ പ്രതീക്ഷിച്ചതിനപ്പുറം മാനങ്ങൾ ഈ വിമർശനത്തിനുണ്ടായി. എന്നാൽ, നവമാധ്യമങ്ങളിലെ വലതു-പക്ഷത്തിന്റെ ഇസ്​ലാം വിമർശനത്തിന്റെയും അധിക്ഷേപത്തിന്റെയും സ്വഭാവം വച്ചുനോക്കിയാൽ ബി.ജെ.പി വക്താവിന്റെ പരാമർശം ലളിതമാണ് എന്ന് പറയേണ്ടിവരും. ഇത്തരം അഭിപ്രായങ്ങൾ രാഷ്ട്രീയനേട്ടത്തിനും മേധാവിത്വത്തിനും വേണ്ടി പ്രയോഗിക്കേണ്ടിവരുന്നിടത്താണ് ഈ പ്രശ്​നത്തിന്റെ മർമം.

മതങ്ങൾ വലിയ തോതിൽ വിമർശിക്കപ്പെടുന്ന കാലമാണ്. എന്നാൽ, എല്ലാ വിമർശനങ്ങളും ജനാധിപത്യമൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല. സമൂഹമാധ്യമങ്ങളിലെ ഇസ്​ലാം വിമർശനം പലപ്പോഴും ജനാധിപത്യമര്യാദകളെ പോലും ഇല്ലാതാക്കുന്നു എന്നതും വസ്തുതയാണ്. ജനാധിപത്യമില്ലാത്ത എല്ലാ വിമർശനങ്ങളും സർക്കാർ ഇടപെടലുകളും ചോദ്യം ചെയ്യപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യും എന്നാണ് ധാരണ. എന്നാൽ, പലപ്പോഴും അത്തരം ഒരു തോന്നലുണ്ടാകുന്നില്ല എന്നത് വസ്തുതയാണ്. എന്തുകൊണ്ട്​ ഉണ്ടാകുന്നില്ല എന്ന ചോദ്യം വർത്തമാനകാലത്തെ ജനാധിപത്യത്തെ കുറിച്ചുള്ള ഗൗരവമായ അന്വേഷണത്തിന് കാരണമാകുന്നുണ്ട്.

നുപുർ ശർമ ടൈം നൗ ചാനലിന്റെ ചർച്ചയിൽ

രാഷ്ട്രീയാധികാരം കേന്ദ്രീകരിക്കുന്ന നിലവിലെ ഫെഡറൽ സംവിധാനങ്ങളെ ദുർബലമാക്കുന്ന ഒരു രാഷ്ട്രീയപദ്ധതി നടപ്പിലാക്കപ്പെടുന്നുണ്ട്. യു.പിയിലും ഡൽഹിയിലും നടന്ന ഇടിച്ചുനിരത്തലുകൾ ഇതിനുദാഹരണമാണ്. ഈ പ്രവൃത്തി എന്ത് ജനാധിപത്യവിരുദ്ധതയാണ് സൃഷ്​ടിക്കുന്നത് എന്ന ചോദ്യമുണ്ടാകാം. ഇത്തരം ജനാധിപത്യവിരുദ്ധത എങ്ങനെ തിരിച്ചറിയാം എന്നാണ് പരിശോധിക്കേണ്ടത്.

യു.പി, ഡൽഹി സർക്കാരുകൾ നടപ്പിലാക്കുന്ന ഇടിച്ചുനിരത്തൽ നടപടി ഒരുതരത്തിൽ നിയമസംവിധത്തെ തന്നെ നിഷേധിക്കുന്നതാണ്.

ഒരു കലാപമുണ്ടായാൽ, ആ കലാപം നാട്ടിൽ അസ്വസ്​ഥത സൃഷ്​ടിച്ചാൽ അതിനെതിരെ നിയമം അനുശാസിക്കുന്ന നടപടി സ്വീകരിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, രാഷ്ട്രീയനയത്തിന്റെ അടിസ്ഥാനത്തിൽ ഭരണകൂടം നേരിട്ട്​ നിയമസംവിധാനങ്ങളെ മറികടന്ന്​ഇടപെടുന്നത് നേരത്തെ സൂചിപ്പിച്ച ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നതാണ്. യു.പി, ഡൽഹി സർക്കാരുകൾ നടപ്പിലാക്കുന്ന ഇടിച്ചുനിരത്തൽ നടപടി ഒരുതരത്തിൽ നിയമസംവിധത്തെ തന്നെ നിഷേധിക്കുന്നതാണ്. അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ സർക്കാരിന് അധികാരമുണ്ട്. മൂന്നാറിലെ അനധികൃത കെട്ടിടം ഇടിച്ചുനിരത്തിയതിനെ മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്ചുതാനന്ദൻ ന്യായീകരിച്ചത്, നിയമം മുൻനിർത്തിയാണ്. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ മൂലധശക്തികൾക്കുമുന്നിൽ പാർട്ടിയും സർക്കാരും കീഴടങ്ങി. എന്നാൽ ഡൽഹിയിലെയും യു.പി യിലെയും മനുഷ്യർക്ക് അത്തരം ഒരു ശക്തി ഇല്ലാതെപോയി.

ജഹാംഗിപുരിയിൽ പള്ളിയുടെ ഭാഗം പൊളിക്കാനൊരുങ്ങുന്ന ബുൾഡോസർ / Photo: Ashlin Mathew, Twitter

സർക്കാർ പറയുന്ന അനധികൃത കെട്ടിടങ്ങളിൽ ജീവിക്കുന്നവർക്ക് ഭരണഘടന പൗരാവകാശം നിഷേധിച്ചിട്ടില്ല. എന്നാൽ, സർക്കാർ തന്നെ മതപരമായി പൗരരെ വേർതിരിക്കുന്നതോടെ പൗരാവകാശം എന്നത് സർക്കാർ നിയന്ത്രണത്തിലാകുന്നു. നിയമവിരുദ്ധമായി ഒരു പ്രവൃത്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോൾ നിയമമായിരിക്കണം പ്രാഥമികമായി പരിഗണിക്കേണ്ടത്, അല്ലാതെ മതമല്ല. എന്നാൽ, മതാടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുന്നതും നടപ്പിലാക്കുന്നതും ഭരണഘടനക്കുമുകളിൽ സർക്കാറിന്റെ അധികാര രാഷ്ട്രീയം പ്രതിഷ്ഠിക്കുന്ന നടപടിയാണ്. കുറ്റം ആരോപിക്കപ്പെട്ടതുകൊണ്ടല്ല അവരുടെ കെട്ടിടം ഇടിച്ചുനിരത്തുന്നത് എന്ന് സർക്കാർ വാദിക്കുന്നുവെങ്കിലും പ്രയോഗത്തിൽ സർക്കാർനടപടി ഒരു വിഭാഗത്തിനുനേരെ മാത്രമായി ചുരുങ്ങുന്നു. ഇത്തരത്തിൽ പരിമിതമായ ഒരു രാഷ്ട്രീയനിലപാടിലേക്ക് സർക്കാർ മാറുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് അഗ്നിപഥ് പദ്ധതിയും.

മൂലധനച്ചെലവ് കുറക്കാനുള്ള ഒരു പദ്ധതി കൂടിയാണ് അസംഘടിതവൽക്കരണം. ഇതുമൂലം തൊഴിലാളികൾ വലിയ തോതിൽ നിയന്ത്രണത്തിന് വിധേയമാകും

പട്ടാളത്തിലെ അസംഘടിതവൽക്കരണം

2007ലെ അസംഘടിത മേഖലയിലെ തൊഴിലാളികളെ കുറിച്ചുള്ള കമ്മിറ്റി (National commission for enterprises in the unorganized​ sector- 2007) റിപ്പോർട്ട് വ്യക്തമായി സൂചിപ്പിച്ച വസ്തുത, സംഘടിത തൊഴിൽമേഖലയിൽ സംഭവിക്കുന്ന അസംഘടിതവൽക്കരണമാണ്. അതായത്, തൊഴിൽസുരക്ഷയോ വരുമാന സുരക്ഷയോ സാമൂഹികസുരക്ഷാ പദ്ധതികളുടെ പിൻബലമോ ഇല്ലാതെ കരാർ തൊഴിലാളികളായി മാറുന്നതിനെയാണ് അസംഘടിതവൽക്കരണം എന്നുപറയുന്നത്.

ഈ അടുത്തകാലംവരെ നമ്മുടെ പ്രതിരോധമേഖല, പ്രത്യകിച്ച്​ പട്ടാളത്തിൽ, ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി അസംഘടിതവൽക്കരണം നടക്കും എന്ന് ആരും കരുതിയിരുന്നില്ല. രാജ്യസ്‌നേഹവും ദേശീയതയും നിലനിൽക്കുമ്പോഴും സംഘടിതമേഖലയിൽ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കികൊണ്ടുള്ള ഒരു തൊഴിൽ കൂടിയാണ് പ്രതിരോധമേഖല. അടിസ്ഥാന വിദ്യാഭ്യാസമുള്ള ഒരാൾക്ക് സംഘടിതമേഖലയിൽ കിട്ടുന്ന ഒരു തൊഴിൽ കൂടിയാണ് പട്ടാള സേവനം. റെയിൽവേ, പ്രതിരോധം ഒക്കെ സമുഹത്തിൽ ഇടപെടുന്നതും ഒരു തൊഴിൽദാതാവ് എന്ന നിലക്കു കൂടിയാണ്.

അടുത്തകാലംവരെ പട്ടാളത്തിൽ, ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി അസംഘടിതവൽക്കരണം നടക്കും എന്ന് ആരും കരുതിയിരുന്നില്ല. / Photo: Pushkar Vijayaram

അസംഘടിതവൽക്കരണം പ്രതിസന്ധി സൃഷ്​ടിച്ചത് തൊഴിലാളികൾക്കാണ്. സ്ഥിര വേതനമോ സാമൂഹിക ക്ഷേമപദ്ധതി സംരക്ഷണമോ ഇല്ലാതെ തൊഴിലാളികൾക്ക് പണിയെടുക്കേണ്ടിവരുന്നു. മൂലധനച്ചെലവ് കുറക്കാനുള്ള ഒരു പദ്ധതി കൂടിയാണ് അസംഘടിതവൽക്കരണം. ഇതുമൂലം തൊഴിലാളികൾ വലിയ തോതിൽ നിയന്ത്രണത്തിന് വിധേയമാകും, കുറഞ്ഞകൂലിക്ക് തൊഴിൽ ചെയ്യേണ്ടിവരുന്ന തൊഴിലാളികളുടെ എണ്ണം കൂടിവരുന്നതിന്റെ ഒരു കാരണം, ഇത്തരം അസംഘടിതവൽക്കരമാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി ഒരുതരത്തിൽ പട്ടാളത്തിലെ അസംഘടിതവൽക്കരണമാണ്. നാലുവർഷത്തെ പട്ടാളസേവനം ഒരു വ്യക്തിക്ക് പരിമിതമായ തൊഴിൽസ്വാതന്ത്ര്യമാണ് നൽകുന്നത്​. കൂടാതെ, ഇത്തരം പട്ടാളക്കാർ ഏതെങ്കിലും തരത്തിൽ മനുഷ്യാവകാശലംഘനം നടത്തിയാൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമോ എന്നത് ഒരു സാമൂഹിക പ്രശ്‌നം കൂടിയാണ്.

എല്ലാ മേഖലയിലും സർക്കാർ അധികാരകേന്ദ്രീകരണം നടത്തുന്നുണ്ട്, എന്നാൽ, ക്ഷേമരാഷ്ട്ര സങ്കൽപ്പം അവസാനിച്ച ഒരു സമൂഹത്തിൽ ഭരണകൂടത്തിന് എന്തിനാണ് അമിതമായ അധികാരം?

കുപ്രസിദ്ധമായ ഛത്തീസ്​ഗഢ്​ മാതൃക

ഛത്തീസ്​ഗഢിൽ നടപ്പിലാക്കിയ സ്‌പെഷ്യൽ പോലീസ് ഓഫീസർ പദ്ധതി മനുഷ്യാവകാശലംഘനത്തിന് കുപ്രസിദ്ധി നേടിയത് അവർ കരാർ പൊലീസുകാരായതുകൊണ്ടുകൂടിയാണ്. സർക്കാർ അവരെ കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിച്ചു എന്നും പറയാം. നിരവധി പഠനങ്ങൾ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഈ പദ്ധതിയെ കുറിച്ചുള്ള വാർത്തക​ളെല്ലാം സൂചിപ്പിക്കുന്നത്​, ഇതുവഴി സർക്കാർ പ്രതിരോധച്ചെലവിൽ വലിയൊരു കുറവ് പ്രതീക്ഷിക്കുന്നുണ്ട് എന്നതാണ്. മറ്റെതൊരു സാമ്പത്തിക സ്ഥാപനത്തെയും പോലെ കാണാൻ കഴിയുന്നതല്ല പ്രതിരോധമേഖല എന്ന സാമാന്യധാരണയെ സർക്കാർ ഇല്ലാതാക്കുന്നുണ്ട്. പട്ടാള ദേശീയതയെ കൃത്യമായി ഉപയോഗിച്ച ഒരു സർക്കാർ തന്നെയാണ് സാമ്പത്തിക യുക്തികൊണ്ട് അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതും.

ഷേമരാഷ്ട്ര സങ്കൽപ്പം അവസാനിച്ച ഒരു സമൂഹത്തിൽ ഭരണകൂടത്തിന് എന്തിനാണ് അമിതമായ അധികാരം? / Photo: Pushkar Vijayaram

ഇവിടെയാണ് സർക്കാർ എന്ന സ്ഥാപനത്തെ കുറിച്ചുള്ള പുതിയ വിശകലനത്തിന് പ്രാധാന്യം കിട്ടുന്നത്. എല്ലാ മേഖലയിലും സർക്കാർ അധികാരകേന്ദ്രീകരണം നടത്തുന്നുണ്ട്, എന്നാൽ, ക്ഷേമരാഷ്ട്ര സങ്കൽപ്പം അവസാനിച്ച ഒരു സമൂഹത്തിൽ ഭരണകൂടത്തിന് എന്തിനാണ് അമിതമായ അധികാരം? ഇത്തരം അധികാരങ്ങൾ സാമൂഹിക വിഭജനത്തിന് കാരണമാകുന്ന രീതിയിൽ പ്രയോഗിക്കപ്പെടുന്നു എന്നതാണ് ഗൗരവമായ വസ്തുത. സാമൂഹിക അപരവൽക്കരണം ന്യൂനപക്ഷങ്ങളിൽ പ്രശ്‌നം സൃഷ്​ടിക്കുന്നുണ്ട്.

സർക്കാറിന്റെ ഉടമസ്ഥവകാശം ഒരു വിഭാഗം കൈയാളുകയും അവർ സർക്കാർ പിന്തുണയോടെ സാമൂഹിക ജീവിതത്തിൽ പ്രശ്‌നം സൃഷ്​ടിക്കുകയും ചെയ്യുന്നു. ഹിജാബ് വിവാദവും, മുസ്​ലിം പള്ളികളുടെ ചരിത്രം അന്വേഷിക്കലും എല്ലാം ഉണ്ടാകുന്നത് ഭരണകൂടത്തിന്റെ ഭാഗമായിട്ടല്ല, പകരം ഒരു വിഭാഗം ചില ഇടപെടലുകൾ നടത്തുന്നതുമൂലമാണ്​, പിന്നീട് സർക്കാർ അവരെ പിന്തുണക്കുന്നു, കോടതി ഇടപെടൽപോലും ഇത്തരം സമാന്തര അധികാരത്തോട് ചേർന്നുനിൽക്കുന്നു. ഇത്തരം മുന്നേറ്റങ്ങളെല്ലാം ജനാധിപത്യത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ ചോദ്യം ചെയ്യുന്നുണ്ട്​. ഒരുപക്ഷെ വരാൻ പോകുന്ന കാലത്തെ രാഷ്ട്രീയം പ്രാഥമിക ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയാവും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments