പഞ്ചാബിൽ കർഷകസമരങ്ങൾ ശക്തമാക്കാൻ ആഹ്വാനം ചെയ്ത് ഓൾ ഇന്ത്യ കിസാൻ സഭ (AIKS), ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേേഴ്സ് യൂണിയൻ (AIAWU) സംയുക്ത സംസ്ഥാന കൺവെൻഷൻ തീരുമാനം. ജലന്ധറിൽ നടന്ന കൺവെൻഷനിൽ പഞ്ചാബിലെ 23 ജില്ലകളിൽ നിന്നായി 1200-ലധികം കർഷകരും കർഷക തൊഴിലാളികളുമാണ് പങ്കെടുത്തത്. 300-ലധികം സ്ത്രീ തൊഴിലാളികളും സമ്മേളനത്തിൻെറ ഭാഗമായി. എഐകെഎസ് ദേശീയ പ്രസിഡൻറ് അശോക് ധാവ്ളെ, AIAWU ദേശീയ ജോയൻറ് സെക്രട്ടറി വിക്രം സിങ് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കർഷകരെയും കാർഷിക തൊഴിലാളികളെയും ബാധിക്കുന്ന പഞ്ചാബിലെ കർഷക പ്രശ്നങ്ങളാണ് പ്രധാനമായും സമ്മേളനത്തിൽ ചർച്ചയായത്. വളം ഇന്ധന പ്രതിസന്ധി, എംഎസ്‌പി നൽകാതിരിക്കൽ, കടം എഴുതിത്തള്ളൽ, എംഎൻആർഇജിഎ നിർത്തലാക്കി പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയ നടപടി, വൈദ്യുതിനിരക്ക് വർധനവ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻെറ നിയോ - ലിബറൽ, മുതലാളിത്ത സാമ്രാജ്യത്വ അനുകൂല വർഗീയ നിലപാടുകളെ സമ്മേളനം വിമർശിച്ചു. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻെറ വീട്ടിൽ നടന്ന ഇഡി റെയ്ഡിനെ സമ്മേളനം അപലപിച്ചു. പഞ്ചാബിലെ നിലവിലെ എഎപി സർക്കാർ കാർഷിക വിഷയങ്ങളിൽ കാര്യക്ഷമമായ നിലപാടുകൾ എടുക്കുന്നില്ലെന്നും വിമർശനമുണ്ടായി.
പ്രാദേശികമായി കാർഷിക സമരങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ദേശീയതലത്തിലുള്ള പ്രക്ഷോഭങ്ങൾക്കും സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ആഗസ്ത് 10-ന് രാജ്യത്തെ കർഷകരുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജയിൽ നിറയ്ക്കൽ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇത് വിജയിപ്പിക്കാൻ പറ്റുന്ന തരത്തിൽ പിന്തുണ നൽകാനും സമ്മേളനം തീരുമാനിച്ചു.
സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായ പണ്ഡിറ്റ് കിഷോരിലാലിൻെറ പ്രതിമയ്ക്ക് മുന്നിൽ അഭിവാദ്യം അർപ്പിച്ചതിന് ശേഷമാണ് സമ്മേളനം ആരംഭിച്ചത്. ഭഗത് സിങ്ങിൻെറ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയ പ്രവർത്തനം നടത്തിയ ലാഹോർ ഗൂഢാലോചനക്കേസിൽ 18 വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. ജയിൽ മോചിതനായ ശേഷം അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് സിപിഐഎമ്മിലും പ്രവർത്തിച്ച് നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
