2021 മെയ് അഞ്ചിനാണ് അജ്മീർ ഷാ എന്ന മത്സ്യബന്ധന ബോട്ട് ബേപ്പൂർ തുറമുഖത്ത് നിന്ന് പുറപ്പെട്ടുപോയത്. ആ മാസം കേരളതീരത്ത് ആഞ്ഞുവീശിയ ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് മെയ് 12ന് അജ്മീർഷായെ കാണാതായി. മംഗലാപുരം കാർവാറിൽ നിന്ന് ഏകദേശം 60 നോട്ടിക്കൽമൈൽ അകലെയായിരുന്നു അജ്മീർഷായെ അവസാനമായി കണ്ടത്. അന്ന് ഉച്ചയോടെയാണ് ടൗട്ടേ ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് അറിയിച്ച് മുന്നറിയിപ്പ് സന്ദേശം എത്തിയത്. മുന്നറിയിപ്പ് വന്നയുടൻ കടലിലുണ്ടായിരുന്നു ബോട്ടുകൾ ഹാർബറിൽ അടുപ്പിച്ചിരുന്നു. എന്നാൽ അജ്മീർഷാ മാത്രം അപ്പോഴും തീരം തൊട്ടില്ല. മദ്ധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി 16-ാം തീയതിയോടെ കേരളം, കർണാടക, ഗോവ, മുംബൈ തീരങ്ങളിൽ നാശം വിതച്ചു. ടൗട്ടേ, തീരം വിട്ടുപോയിട്ടും അജ്മീർ ഷാ തിരിച്ചുവന്നില്ല. കോസ്റ്റ്ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ മാസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചതുമില്ല. കാണാതാകുമ്പോൾ 16 തൊഴിലാളികളുണ്ടായിരുന്നു അജമീർഷായിൽ. വർഷം മൂന്ന് കഴിഞ്ഞിട്ടും അജ്മീർ ഷായെക്കുറിച്ചും അതിലുണ്ടായിരുന്ന 16 തൊഴിലാളികളെക്കുറിച്ചും ഇപ്പോഴും ഒരു വിവരവുമില്ല. കാണാതായ ആ മനുഷ്യർ ഇപ്പോഴും ഏതോ തീരത്ത് ജീവിച്ചിരിപ്പുണ്ടാവും എന്ന പ്രതീക്ഷയിൽ തെക്കൻ തമിഴ്‌നാട്ടിലെ ഒരു ഗ്രാമം ഇപ്പോഴും കാത്തിരിക്കുന്നു. അവർ വരുന്നതും കാത്ത് ബേപ്പൂർ തുറമുഖത്ത് അജ്മീർഷായുടെ ഉടമകളും.