ആശ വർക്കർ സമരത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച്, മധുരയിൽ നടക്കുന്ന CPM 24ാം പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്ക് സാംസ്കാരിക പ്രവർത്തകരുടെ തുറന്ന കത്ത്. സച്ചിദാനന്ദൻ, സാറാ ജോസഫ്, ബി. രാജീവൻ, കെ. അജിത, കെ.ജി.എസ്, എം.എൻ. കാരശ്ശേരി എന്നിവരുടേതാണ് തുറന്ന കത്ത്.
കത്തിന്റെ പൂർണ രൂപം:
സഖാക്കളേ, പാർട്ടി കോൺഗ്രസിന് വിജയങ്ങൾ നേരുന്നു.
ഇന്ത്യയിലെയും ലോകത്തെയും രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്യാനും പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്താനും സമ്മേളിക്കുന്ന ഈ വേളയിൽ കേരളത്തിലെ അടിസ്ഥാന ജനവിഭാഗമായ ആശാ വർക്കർമാർ കഴിഞ്ഞ 52 ദിവസമായി നടത്തുന്ന സമരത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ എഴുത്ത്.
2005- ൽ ഒന്നാം UPA സർക്കാർ ഗ്രാമീണാരോഗ്യ മേഖലയിൽ അടിസ്ഥാന സഹായങ്ങൾ ലഭ്യമാക്കാനായി ആവിഷ്കരിച്ച സ്കീം ആണ് അക്രഡിറ്റെഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിറ്റ് പദ്ധതി. ആദ്യകാലത്ത് ദിവസത്തിൽ ചുരുക്കം മണിക്കൂർ മാത്രം ചെയ്യേണ്ട ഒരു സേവന പ്രവൃത്തി മാത്രമായിരുന്നു ന്ദശമാരുടെ പ്രവർത്തനം. എന്നാൽ പിന്നീട് അവരുടെ ചുമതലകൾ വർധിക്കുകയും ഒരു മുഴുവൻ സമയ പ്രവൃത്തിയായി അത് പരിണമിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ASHA- മാർ ഇൻസൻ്റീവ്, ഓണറേറിയം വർധനക്കായും ലീവ്, വിരമിക്കൽ ആനുകൂല്യം പെൻഷൻ തുടങ്ങിയ അവകാശങ്ങൾക്കായും സമരരംഗത്തിറങ്ങി. ആന്ധ്ര, തെലങ്കാന, മഹാരാഷ്ട, കർണാടക പഞ്ചാബ്, ഹരിയാന, ഒറീസ, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പോണ്ടിച്ചേരി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാന സർക്കാർ പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയിൽ ഓണറേറിയം പല പ്രാവശ്യം വർധിപ്പിച്ചു. കേരളവും ഇക്കാര്യത്തിൽ മുൻ നിരയിലുണ്ടായിരുന്നു.

2023- വരെ വിവിധ ഘട്ടങ്ങളിലായി ഓണറേറിയം വിഹിതം സംസ്ഥാന ഗവർമെൻ്റ് 7000 രൂപയായി വർധിപ്പിച്ചു. എന്നാൽ ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ നൽകുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ പ്രധാനാവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ആശാ വർക്കർമാർ ഫെബ്രുവരി 10 -ന് ആരംഭിച്ച രാപ്പകൽ സമരത്തോടും 10 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാരത്തോടും അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് കേരളത്തിലെ LDF സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന സ്ത്രീകളെ അവഹേളിക്കാനും അവമതിക്കാനുമാണ് മന്ത്രിമാരടക്കമുള്ള CPM നേതാക്കൾ ശ്രമിക്കുന്നത്. കേന്ദ്ര ഗവർമെൻ്റിനോടാണ് സമരം ചെയ്യേണ്ടതെന്നും സംസ്ഥാന സർക്കാരിന് അതിൻ്റെ സാമ്പത്തിക പരിമിതിക്കുള്ളിൽ നിന്ന് പരിഹരിക്കാനാവാത്ത പ്രശ്നമാണെന്നുമുള്ള വാദഗതിയാണ് ഭരണനേതൃത്വം ഉന്നയിക്കുന്നത്.
സമ്മർദ്ദത്തെ തുടർന്ന് 3 തവണ സമരക്കാരെ ചർച്ചക്ക് വിളിച്ചുവെങ്കിലും ഫലവത്തായി ഒന്നും നടന്നില്ല. മേൽപറഞ്ഞ വാദങ്ങൾ ആവർത്തിച്ച് സമരം അവസാനിപ്പിക്കാനുള്ള ഉപദേശം മാത്രമാണ് കൂടിക്കാഴ്ചകളിലുണ്ടായത്.
ASHA വർക്കർമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കാനും നിയമപ്രകാരമുള്ള സേവനം വേതന വ്യവസ്ഥകൾ ലഭ്യമാക്കാനും വിവിധ ട്രേഡ് യൂണിയനുകൾ കേന്ദ്ര ഗവർമെൻറിനോട് സമരം ചെയ്യുമ്പോൾ തന്നെ, സംസ്ഥാനത്ത് സമാശ്വാസ പദ്ധതികൾ നടപ്പിലാക്കാനും സമരം ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ CITU അടക്കമുള്ള ട്രേഡ് യൂണിയനുകൾ വേതവർധനവ്, അവധി, വിരമിക്കൽ ആനുകൂല്യം എന്നിവക്കു വേണ്ടി സമരം ചെയ്തു കൊണ്ടിരിക്കുന്നുമുണ്ട്. 60:40 വിഹിതത്തിൽ കേന്ദ്ര ഗവർമെൻ്റ് ആവിഷ്കരിച്ച പദ്ധതിയാണെങ്കിലും സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ കീഴിൽ അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവർ എന്ന നിലയിൽ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും ചെലവിൻ്റെ ഭാരം 80% ത്തിനടുത്ത് വഹിക്കുന്നത് സംസ്ഥാന സർക്കാറുകൾ തന്നെയാണ്. കേരളത്തിലെ ആശാ വർക്കർമാർ ഇപ്പോൾ ഉന്നയിക്കുന്ന ഓണറേറിയം വർധനക്കായി CITU തന്നെ കഴിഞ്ഞ ജനു. 20ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയിട്ടുണ്ട്.

ആശാ വർക്കർമാർ ഉന്നയിക്കുന്ന പ്രധാന മൂന്ന് ആവശ്യങ്ങളും പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണ്. സംസ്ഥാന സർക്കാരുകൾ ഏകോപിച്ച് ഒരു സമീപനം സ്വീകരിച്ച് ദേശീയാരോഗ്യ ദൗത്യം കേന്ദ്രവിഹിതം വർധിപ്പിച്ച് ലഭിക്കുന്നതിന് ശ്രമിക്കണം. വളരെ വിശാലമായ ഒരു സമര ഐക്യനിര അക്കാര്യത്തിൽ കെട്ടിപ്പടുത്തുകൊണ്ട് പ്രശ്നപരിഹാരമുണ്ടാകുന്നതുവരെ സംസ്ഥാന സർക്കാർ ഒരാശ്വാസ നടപടിയും സ്വീകരിക്കില്ലെന്ന് വാശി പിടിക്കുന്നത് ഇടതുപക്ഷ മൂല്യങ്ങൾക്ക് ഒട്ടും നിരക്കുന്നതല്ല. മറ്റ് സംസ്ഥാനങ്ങളിൽ ആശ്വാസ നടപടികൾക്കുവേണ്ടി സമരം ചെയ്യുന്ന CITU- വിലടക്കം അഫിലിയേറ്റു ചെയ്ത സംഘടനകളുടെ Bargaining capacity- ക്ക് വലിയ ഇടിവ് ഉണ്ടാക്കുന്നതാണ് ഇക്കാര്യത്തിൽ LDF ഭരിക്കുന്ന കേരള സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക സമീപനം
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ആശാ വർക്കർമാർ സംസ്ഥാന സർക്കാരുകളിൽ നിന്നും ആനുകൂല്യം പിടിച്ചുപറ്റാൻ സമരം ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഫലമായി പല സംസ്ഥാനത്തും 10,000 രൂപ വരെ ഓണറേറിയം ലഭിച്ചിട്ടുമുണ്ട്. ഇതൊന്നും കേന്ദ്ര ഗവ. നൽകിയതല്ല. സംസ്ഥാനത്ത് വിരമിക്കൽ പ്രായം 62 ആയി നിശ്ചയിച്ചത് സംസ്ഥാന സർക്കാറാണ്. ആനുകൂല്യം നൽകാതെ വിരമിപ്പിക്കരുത് എന്നാണ് സമരത്തിൻ്റെ മറ്റൊരാവശ്യം.
ആശാ വർക്കർമാർ സെക്രട്ടറിയേറ്റിൻ്റെ മുന്നിൽ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്നത് ആദ്യമായിട്ടല്ല. CITU അടക്കമുള്ള ട്രേഡ് യൂണിയനുകൾ നിരവധി തവണ സമരം ചെയ്തിട്ടു തന്നെയാണ് ഓണറേറിയം സംസ്ഥാന വിഹിതം 7000 രൂപയായി ഉയർന്നത്. കഴിഞ്ഞ ജനവരി 20നും സംസ്ഥാന സർക്കാർ ഓണറേറിയം 15,000 രൂപയായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് CITU കേരളത്തിലെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയിട്ടുണ്ട്.
മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമ്പോൾ ഇവിടുത്തെ പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് പുനരാവിഷ്കരിക്കാനും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനും കേരള സർക്കാർ മുമ്പും തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഭവന നിർമ്മാണ സഹായം LIFE മിഷനുമായി സംയോജിപ്പിച്ച് വർധിപ്പിച്ച് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടുണ്ട്.
ഇടതുമുന്നണി 2021- ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടനപത്രികയിലൂടെ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നു കൂടി ആവശ്യപ്പെട്ടാണ് ആശാ വർക്കർമാർ സമരം ചെയ്യുന്നത്.
താഴെപ്പറയുന്നതാണ് പ്രകടനപത്രികാ വാഗ്ദാനം:
‘‘സാമൂഹ്യ പെൻഷനുകൾ ഘട്ടംഘട്ടമായി 2500 രൂപയായി ഉയർത്തും. അംഗനവാടി, ആശാ വർക്കർ, റിസോഴ്സ് അധ്യാപകർ, പാചകത്തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീ പ്രൈമറി അധ്യാപകർ, NHM ജീവനക്കാർ, സ്കൂൾ സോഷ്യൽ കൗൺസിലർമാർ തുടങ്ങി എല്ലാ സ്കീം വർക്കേഴ്സ് ന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തും. മിനിമം കൂലി 700 രൂപയാക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഗാർഹികത്തൊഴിലാളികൾക്ക് പ്രത്യേക സ്കീമുകൾ ആരംഭിക്കും’’.

ഇത് നടപ്പിലാക്കാനുള്ള ബാധ്യത നിറവേറ്റണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാറിന് നൽകാൻ പാർട്ടി കോൺഗ്രസ് തയ്യാറാകണം.
ആശാ വർക്കർമാർ വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യത്യസ്ത സന്ദർഭങ്ങളിൽ സമരം ചെയ്യുകയും സംസ്ഥാന സർക്കാരുകളെ കൊണ്ട് അവരുടെ വേതന - സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കർണാടക, തമിഴ്നാട്, ഹരിയാന, ആന്ധ്ര തുടങ്ങി പല സംസ്ഥാനങ്ങളിലും CITU തന്നെ ഇത്തരം സമരങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. കേന്ദ്രം ഫിനാൻഷ്യൽ വിഭവങ്ങൾ കൂടുതൽ കയ്യടക്കുന്നുവെന്നതും, സാമൂഹ്യ സുരക്ഷാ മേഖലയിൽ നിന്ന് പിന്മാറുന്നുവെന്നതും തൊഴിൽ അവകാശങ്ങൾ വെട്ടിക്കുറക്കുന്നുവെന്നതും യാഥാർത്ഥ്യമാണ്.
സംസ്ഥാനത്തിൻ്റെ വിഭവമുപയോഗിച്ചു കൊണ്ടുതന്നെ സാധ്യമായ ആശ്വാസനടപടികൾ ആശാ വർക്കർമാർക്ക് നൽകുവാൻ നിങ്ങളുടെ സമ്മേളനം സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകണം. ലോകത്തെ എല്ലാ ഗവൺമെൻ്റുകളും തീവ്ര വലതുപക്ഷത്തേക്ക് കളം മാറുമ്പോൾ കേരളത്തിൽ ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങളുടെ കൂടെ നിന്ന് ഇടതു പ്രതിബദ്ധത തെളിയിക്കാൻ പാർട്ടി കോൺഗ്രസ് സംസ്ഥാന സർക്കാരിൽ പ്രേരണ ചെലുത്തണം.
കേരളം വ്യത്യസ്തമാണെന്ന് ലോകത്തിനു കാണിച്ചു കൊടുക്കാനുള്ള ഒരവസരമാണിത്. ഇങ്ങേയറ്റത്തുള്ള സ്ത്രീകളടക്കമുള്ള തൊഴിലാളികളുടെ ശബ്ദം നാം പരിഗണിക്കുമെന്നും അവരെയും care ചെയ്യുമെന്നും തെളിയിക്കാനുള്ള അവസരം ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകണമെന്ന് സമ്മേളന പ്രതിനിധികളോട് അഭ്യർഥിക്കുന്നു.