കോവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും കാലത്ത് സുപ്രധാനവും സ്തുത്യർഹവുമായ സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരിൽ മുന്നിലുള്ളത് ആശാ വർക്കർമാരാണ് എന്ന് യു.എൻ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന നിലയ്ക്ക്, ഒറീസയിലുള്ള AITUC യൂണിയനിൽ പ്രവർത്തിക്കുന്ന ഒരു ആശാ വർക്കറെയാണ് യു.എൻ ആദരിച്ചത്.
ആശാ വർക്കർമാരാണ് ആരോഗ്യമേഖലയിൽ ജനങ്ങളും രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നത്. അതുകൊണ്ട് അവരെ institutionalise ചെയ്യണം എന്നതാണ് ഞങ്ങളുടെ നിലപാട്. ഇത് നേരത്തെയുള്ള നിലപാടാണ്. ഈ ആവശ്യമുന്നയിച്ച് മുൻ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയ്ക്ക് ക്ക് നിവേദനവും നൽകിയിരുന്നു. അപ്പോൾ അദ്ദേഹം പ്രത്യേകം എടുത്തുചോദിച്ചു, എന്താണ് Institutionalise ചെയ്യുക എന്നതുകൊണ്ട് അർഥമാക്കുന്നത് എന്ന്. ആശാ വർക്കർമാർ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരായതിനാൽ, അവരെ പ്രൈമറി ഹെൽത്ത് സെന്റർ ജീവനക്കാരായി merge ചെയ്യണം എന്ന് ഞങ്ങൾ കൃത്യമായി അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. അവർക്ക് തൊഴിലാളികൾ എന്ന നിലയ്ക്കുള്ള അംഗീകാരം ലഭിക്കാത്തിടത്തോളം 24 മണിക്കൂറും പണിയെടുത്ത് സർക്കാറിന്റെ ഔദാര്യത്തിന് കാത്തിരിക്കുക എന്ന ദുരന്തസ്ഥിതി തുടരും. അതുകൊണ്ട് ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യത്തെ ഞാൻ പരിപൂർണമായും പിന്തുണയ്ക്കുന്നു. ഇക്കാര്യം ഞാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ, വിഷയം എന്താണെന്നുവച്ചാൽ, കേന്ദ്ര സർക്കാർ സ്‌കീമിന്റെ അടിസ്ഥാനത്തിലാണ് ആശാ വർക്കർമാരുള്ളത്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർനടപടി സ്വീകരിച്ചാൽ മാത്രമേ ഇവരെ institutionalise ചെയ്യാനാകൂ.

അതേസമയം, ആശാ വർക്കർമാരുടെ നിയന്ത്രണത്തിനുപുറത്തുള്ള കാര്യങ്ങളിലുള്ള വ്യവസ്ഥകൾ, അവരുടെ ഓണറേറിയത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള നിബന്ധനകൾ പിൻവലിക്കണം. ഇവർ ചെയ്യുന്ന ഡ്യൂട്ടികൾക്കുള്ള പ്രതിഫലം വർധിപ്പിക്കുന്ന കാര്യം സംസ്ഥാന സർക്കാർ ചെയ്യേണ്ടതാണ്. അത് ചെയ്യുമെന്നുതന്നെയാണ് കരുതുന്നത്.
കേന്ദ്ര ഗവൺമെന്റിന്റെ വിഹിതം എന്തുകൊണ്ട് വർധിപ്പിക്കുന്നില്ല എന്നൊരു ചോദ്യം കൂടി ഇതോടൊപ്പം ഉയർത്തേണ്ടതുണ്ട്. സംസ്ഥാന സർക്കാർ വിഹിതം വർധിപ്പിച്ചിട്ടാണ് 7000 രൂപയിലെത്തിയത് എന്നുകൂടി ഓർക്കുക. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള UPA സർക്കാറിന്റെ കാലത്ത് സുപ്രീംകോടതിയിൽ ഒരു കേസ് നടക്കുന്ന സമയത്ത്, കേന്ദ്ര തൊഴിൽ മന്ത്രാലയം ഇവർ തൊഴിലാളികളല്ല, വളണ്ടിയർമാരാണ് എന്നു പറഞ്ഞ് അഫിഡവിറ്റ് കൊടുത്തിരുന്നു. അവിടം മുതലുണ്ട് ഇത്തരം പ്രശ്‌നങ്ങൾ.
ആശാ വർക്കർമാർക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമരം ചെയ്യുന്ന ആശാ വർക്കർമാർക്കെതിരായി നടത്തിയ, പാട്ടപ്പിരിവുകാർ എന്നൊക്കെയുള്ള അധിക്ഷേപങ്ങളെ ഞാൻ തുടക്കം മുതൽ അതിശക്തമായി അപലപിച്ചിട്ടുണ്ട്. സ്ത്രീകൾ തെറ്റിധരിപ്പിക്കപ്പെടാൻ മാത്രമേ വളർന്നിട്ടുള്ളൂ, അവർക്ക് രാഷ്ട്രീയബോധ്യമില്ല തുടങ്ങിയ ആക്ഷേപങ്ങൾ പാട്രിയാർക്കിയൽ ബോധ്യങ്ങളാണ്. അതിനെതിരായി അതാതു സമയത്ത് ഞാൻ സംസാരിച്ചിട്ടുണ്ട്. ഇത് സ്ത്രീകളുടെ സമരമാണ്. അതുകൊണ്ട് ഒരു ഭാഗത്ത് അധിക്ഷേപവും മറുഭാഗത്ത് മുതലെടുപ്പിനുമുള്ള ശ്രമങ്ങൾ നടത്തപ്പെടുന്നു.

സമരം 60 ദിവസം പിന്നിടാൻ പോകുമ്പോൾ, എനിക്ക് സർക്കാറിനോട് പറയാനുള്ളത്, സർക്കാർ വീണ്ടും ചർച്ചയ്ക്ക് തയാറാകണം എന്നാണ്. അവരെ അഞ്ചു തവണ ചർച്ചയ്ക്കു വിളിച്ചു എന്നതിനപ്പുറത്തേക്ക് വീണ്ടും ചർച്ചയ്ക്ക് വിളിക്കണം. അവർ പറയുന്നത് ബോധ്യപ്പെടാനും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനും ശ്രമം വേണം. പലതവണ ചർച്ച ചെയ്യുമ്പോഴായിരിക്കും രണ്ടു കൂട്ടർക്കും അംഗീകരിക്കാനാകുന്ന ചില നിർദേശങ്ങൾ വരിക. സമരം ചെയ്യുന്ന സഖാക്കൾക്കും അറിയാം, 21,000 രൂപ ചോദിച്ചാൽ, അത് ലഭിക്കും എന്നത് അസാധ്യമായ കാര്യമാണെന്ന്. ഒരു ഡിമാന്റായായി ഈ ആവശ്യം ഉയർത്തുന്നതിൽ തെറ്റില്ല. എന്ത് നൽകാനാകുമെന്ന് ചർച്ചയിൽ സർക്കാറാണ് പറയേണ്ടത്. അതുകൊണ്ട് രണ്ടു കൂട്ടരും ഇനിയും ചർച്ചയ്ക്ക് തയ്യാറാകണം. ഇടതുപക്ഷ സർക്കാറായതുകൊണ്ടുതന്നെ അതിന് സർക്കാർ മുൻകൈയെടുക്കും എന്നുതന്നെയാണ് പ്രതീക്ഷ. അതിന്മേൽ ഒരു കടുംപിടുത്തം സംസ്ഥാന സർക്കാർ സ്വീകരിക്കില്ല എന്നുതന്നെ കരുതുന്നു.
കേരളത്തിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ ഉന്നയിക്കുന്ന അതേ ആവശ്യങ്ങളുന്നയിച്ച് മറ്റു പല സംസ്ഥാനങ്ങളിലും സമരം നടക്കുന്നുണ്ട്.
3500 രൂപ പ്രതിഫലം കിട്ടുന്ന ബീഹാറിൽ 25,000 ആശാ വർക്കർമാരും അങ്കണവാടി ടീച്ചർമാരും സെക്രട്ടേറിയറ്റിനുമുന്നിൽ ദിവസങ്ങളോളമാണ് സമരം ചെയ്തത്. അവരെ ഭീകരമായി ലാത്തിച്ചാർജ് ചെയ്തു.
എല്ലായിടത്തും എല്ലാവർക്കും യോജിച്ചുള്ള പോരാട്ടങ്ങൾ നടത്താൻ കഴിയണമെന്നില്ല. ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള പോരാട്ടങ്ങളുമുണ്ടാകും. ഇവർക്കും സമരം ചെയ്യാൻ അവകാശമുണ്ട്, അത് അവർ വിനിയോഗിക്കുന്നു. എങ്കിൽപ്പോലും കേന്ദ്ര വിഹിതം വർധിപ്പിക്കണം എന്ന രീതിയിലേക്കുകൂടി ഈ സമരത്തെ കൊണ്ടുപോകേണ്ടതുണ്ട്.
ഈ സമരത്തിന്റെ ഫലമായി ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ ദേശീയശ്രദ്ധയിൽ വന്നു എന്നത് ശ്രദ്ധേയമാണ്. ആശമാരുടെ സ്ഥിതി എന്താണ് എന്നതിനെക്കുറിച്ച് പാർലമെന്റിൽ ഇത്രയധികം സമയമെടുത്തുള്ള ചർച്ച നടന്നു എന്നത് ഒരു വിജയം തന്നെയാണ്.