അരുന്ധതി റോയിയും സച്ചിദാനന്ദൻ മാഷും കേരളത്തിലെയല്ല ഇന്ത്യയുടെ സാംസ്കാരിക നേതൃത്വമാണ്. രാജ്യം ഭരിക്കുന്ന കോർപ്പറേറ്റ് വർഗ്ഗീയ ഭരണത്തിനുകീഴിൽ സ്ത്രീവിരുദ്ധത നടമാടുമ്പോൾ ഇന്ന് വനിതാദിനത്തിൽ ഇവരടക്കമുള്ള കുറെ ഇടതുപക്ഷ- ലിബറൽ ബുദ്ധിജീവികൾ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ഒരു സമരത്തിന് നേതൃത്വം കൊടുക്കുകയാണ്. ഒരു സമരത്തിന് – പ്രത്യേകിച്ച് പാർശ്വ വത്കരിക്കപ്പെട്ട ഒരു വിഭാഗം തൊഴിലാളികളുടെ ഒരു സംഘടനയുടെ സമരത്തിന് പിന്തുണ കൊടുക്കുന്നതിൽ അപാകതകളൊന്നുമില്ല- നേരെമറിച്ച് ഒരു ആഖ്യാനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന് തങ്ങൾ ചൂട്ട് പിടിക്കുകയാണോ എന്നു തിരിച്ചറിയാനുള്ള ജാഗ്രത നഷ്ടപ്പെടാതിരിക്കുക എന്നത് നവലിബറൽ കാലത്ത് നവ ഫാഷിസത്തിനെതിരായ സമരത്തിൽ ആവശ്യമാണ് എന്ന് ഓർമ്മിക്കേണ്ടതുണ്ട്.
കേരളത്തിലെ സർക്കാർ മാത്രമല്ല ഇടതുപക്ഷമൊന്നടങ്കം- ട്രേഡ് യൂണിയനുകൾ അടക്കം- നിശിത വിമർശനത്തിന് വിധേയമാകേണ്ടതുണ്ട്. സാംസ്കാരിക നേതൃത്വവും ബഹുജന പ്രസ്ഥാനങ്ങളും ആ കടമ നിർവഹിക്കേണ്ടവരാണ്. എന്നാൽ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളും, കള്ളങ്ങളും ചരിത്രനിഷേധവും വ്യക്തിയധിഷ്ഠിത അധിക്ഷേപങ്ങളും ചേർന്ന് യഥാർഥ വിഷയങ്ങളെക്കുറിച്ചുള്ള സംവാദത്തിനും പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങൾക്കും പകരം ഇടതുപക്ഷ സർക്കാറിനെതിരായ രാജ്യവ്യാപകമായ വിഷലിപ്ത പ്രചാരണപ്രവർത്തനമാണ് ഇന്ന് നടക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. വളരെ ചുരുക്കം വരുന്ന ചില തത്പര കക്ഷികളും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും – കോൺഗ്രസും ബി ജെ പിയുമടക്കം ഈ സമരത്തെ വിജയകരമായി അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് വഴിതിരിച്ചുവിട്ടുകഴിഞ്ഞു. ഈ സമരത്തിൽ പങ്കെടുക്കുന്നവരും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയവരും അറിയാതെ തന്നെ ഈ വലതുപക്ഷ അജണ്ടയുടെ ഭാഗമാവുകയാണ്. ഏറെ വേദനിപ്പിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലനില്ക്കുന്നത്.
ചില വസ്തുതകൾ ഇതിനകം ഈ സമരത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ച എല്ലാവരുടെയും മുന്നിൽ വന്നു കഴിഞ്ഞു. എന്നാൽ വളരെ വലിയ നുണപ്രചാരണമാണ് അക്കാദമിക് രംഗത്തുള്ളവരെയടക്കം ഉപയോഗിച്ച് ഈ സമര നേതൃത്വത്തിലുള്ള ചില തത്പരകക്ഷികൾ നടത്തുന്നത്.
കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന യൂണിയൻ സർക്കാരിനെയും BJP- RSS കൂട്ടുകെട്ടിനെയും സംരക്ഷിക്കുകയും അതേസമയം ഇന്ത്യയിലെ ഏറ്റവും ശക്തമായ തൊഴിലാളിവർഗ രാഷ്ട്രീയ പ്രസ്ഥാനമായ ഇടതുപക്ഷ ജനാധിപത്യ ശക്തികളേയും അഖിലേന്ത്യാ തലത്തിലെ ഏറ്റവും ശക്തമായ ഇടതുപക്ഷ ട്രേഡ് യൂണിയനായ CITU-വിനെയും ‘തൊഴിലാളി വഞ്ചകരായി’ ചിത്രീകരിക്കുകയും ചെയ്യുകയാണ് SUCI നയിക്കുന്ന ആശമാരുടെ സമരത്തിലൂടെ നിർവഹിക്കപ്പെടുന്ന രാഷ്ട്രീയ ദൗത്യം എന്ന വസ്തുത സമരം ചെയ്യുന്ന ആശമാർ പോലും തിരിച്ചറിയുന്നില്ല എന്നതാണ് വസ്തുത. കേരളത്തിൽ രൂപപ്പെടുന്ന ഈ വലതുപക്ഷ- അവസരവാദ കൂട്ടുകെട്ടിനെ തുറന്നുകാണിക്കേണ്ടത് തൊഴിലാളിവർഗപ്രസ്ഥാനത്തിന്റെ മർമപ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമാണ്.
ആശാ തൊഴിലാളികളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയായ ആശാ വർക്കേഴ്സ് ആന്റ് ഫസിലിറ്റേറ്റേർസ് ഫെഡറേഷൻ ഓഫ് ഇന്ത്യയെയും (The ASHA Workers and Facilitators Federation of India- AWFFI) സി ഐ ടി യുവിനെയും സംബന്ധിച്ച് ആശാ വർക്കർമാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച വസ്തുതകളും ‘സ്വതന്ത്ര സംഘടന’ എന്ന പേരിൽ SUCI നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന ആശമാരുടെ സമരത്തിനോടുള്ള നിലപാടും ജനങ്ങളിലെത്തിക്കുകയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി രാജ്യവ്യാപകമായി നടന്നു വരുന്ന ആശാ വർക്കർമാരുടെ അവകാശ പോരാട്ടങ്ങളിൽ, പ്രത്യേകിച്ച് കഴിഞ്ഞ പത്തു വർഷമായി ഈ പദ്ധതിയെത്തന്നെ രക്ഷിക്കാനായി ബി ജെ പി സർക്കാരിനെതിരായി നടത്തുന്ന സമരങ്ങളിൽ ജനങ്ങളുടെ പിന്തുണ ആർജ്ജിക്കുകയും ചെയ്യുക എന്നത് അതീവ പ്രധാനമാണ്.

എന്താണ് ASHA പദ്ധതി?
യൂണിയൻ സർക്കാരിനു കീഴിൽ 2005- ൽ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷനൽ റൂറൽ ഹെൽത്ത് മിഷനു (The National Health Mission- NHM) കീഴിൽ (2013- ൽ നഗരങ്ങളെയും കൂടി ഉൾപ്പെടുത്തി ഇത് നാഷണൽ ഹെൽത്ത് മിഷൻ ആക്കി) ജനങ്ങളും ആരോഗ്യ സംവിധാനവും തമ്മിൽ ചേർക്കുന്ന കണ്ണിയായി ആരോഗ്യ സേവനങ്ങളെ, പ്രത്യേകിച്ച് പ്രസവവും അനുബന്ധ സേവനങ്ങളും, അന്ധവിശ്വാസ ജടിലമായ ഒരു സമൂഹത്തിൽ, ജനങ്ങളിലേക്കെത്തിക്കാൻ നിയോഗിച്ച സ്ത്രീതൊഴിലാളികളാണ് ASHA വർക്കർമാർ. (Acredited Social Health Activists – ASHA worker). ഇവരെ തൊഴിലാളികളായല്ല മറിച്ച് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ പേര് വിളിച്ചാണ് ഈ പദ്ധതി ആവിഷകരിച്ചത്. ഒന്നാം UPA സർക്കാരാണ് - അതിനെ പിന്തുണച്ചിരുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദ്ദത്താൽ - തൊഴിലുറപ്പും, ഭക്ഷ്യസുരക്ഷാ നിയമവും, വിദ്യാഭ്യാസ അവകാശനിയമവും അതിനൊക്കെയുള്ള വിവിധ പദ്ധതികളുടെയും മാതൃകയിൽ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ആരംഭിച്ചത്. അങ്കണവാടി ജീവനക്കാരെപ്പോലെ പ്രതിമാസ നിശ്ചിത വേതനം (സർക്കാർ കണക്കിൽ ഓണറെറിയം honorarium) പോലും ഇല്ലാതെ piece rate ആയിട്ടാണ് അവരുടെ കൂലി നിശ്ചയിച്ചിരുന്നത്. തന്നെയുമല്ല NHM-ലുള്ള എല്ലാ ജീവനക്കാരും കരാർ തൊഴിലാളികളാണ്.
കേന്ദ്രാവിഷ്കൃത പദ്ധതികളും
പദ്ധതി തൊഴിലാളികളും
ഇന്ത്യയിലൊട്ടാകെ ഒരു കോടിയോളം തൊഴിലാളികൾ വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതി (സ്കീം) കളിലായി പണിയെടുക്കുന്നുണ്ട്. ആവശ്യ സേവനങ്ങളായ പോഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഭരണഘടന ഉറപ്പുനൽകുന്ന ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ സ്ഥിരസംവിധാനങ്ങളിലൂടെ ഉറപ്പ് വരുത്തുന്നതിൽ പരാജയപ്പെട്ട യൂണിയൻ സർക്കാർ പൊതു സേവനമേഖലയിൽ നിന്നുതന്നെ പിൻവാങ്ങുന്ന നവലിബറൽ കാലഘട്ടത്തിൽ ജനരോഷം അടക്കുന്നതിനായി വേൾഡ് ബാങ്ക് നിർദ്ദേശപ്രകാരം ആവിഷ്കരിച്ച പുതിയ സംവിധാനമാണ് കേന്ദ്രാവിഷ്കൃത ആവശ്യ സേവന സ്കീമുകൾ.
വിവിധ ജോലികൾക്കായി ഇൻസെൻറ്റീവ് എന്ന പേരിൽ കൂലി പീസ്റേറ്റ് ആയിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. യൂണിയൻ സർക്കാർ നിശ്ചയിച്ച 70 ലധികം ജോലികളാണ് ആശാ വർക്കർമാർ ഇന്ന് ചെയ്തുവരുന്നത്! ഇതിന്റെയെല്ലാം (നിശ്ചിത തുകയുടെയും) 60 ശതമാനമാണ് കേന്ദ്ര വിഹിതം. ഈ ഇൻസെൻറ്റീവ് ലഭിക്കാൻ തന്നെ വിവിധ നിബന്ധനകൾ പാലിക്കേണ്ടിയിരിക്കുന്നു.
ഇവയിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടവയും ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ് സ്കീം – ICDS- (പോഷണം, സ്കൂൾ പൂർവ വിദ്യാഭ്യാസം, ആരോഗ്യം – 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി), സ്കൂൾ ഉച്ചഭക്ഷണ പദ്ധതി- MDMS ( പോഷണം- 6-13 വയസ്സിലുള്ള കുട്ടികൾക്കായി), നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യം – പ്രധാനമായും ഗർഭിണികൾ , മുലയൂട്ടുന്ന അമ്മമാർ, കുഞ്ഞുങ്ങൾ - ജനങ്ങൾ എന്നിവർക്ക്) എന്നിവയാണ്.
അടിസ്ഥാന അവകാശങ്ങൾ നിറവേറ്റാനുള്ള ഗുണമേന്മയുള്ള സ്ഥിരം സംവിധാനത്തിനു പകരം അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, നിശ്ചിത കാലയളവിലേക്ക് മാത്രമുള്ള (പ്ലാനിങ് കമ്മീഷൻ ഉള്ളപ്പോൾ അഞ്ചു വർഷത്തേക്കും ഇപ്പോൾ ഒന്നര വർഷത്തേക്കും മാത്രം) മിഷൻ ആക്കി യൂണിയൻ സർക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നു പിൻവാങ്ങിയിരിക്കുകയാണ്.
മാത്രമല്ല, ഈ സ്കീമുകൾ സേവന മേഖലയിലെ തൊഴിലിന്റെ കരാർവൽകരണത്തിന്റെ ഏറ്റവും പുതിയ ആവിഷ്കാരങ്ങളിലൊന്നിന്റെ വിജയകരമായ പരീക്ഷണവേദിയായിരിക്കുന്നു. അതായത് ഇവരെ തൊഴിലാളികളോ ജീവനക്കാരൊ ആയി പരിഗണിക്കാതെ ‘സന്നദ്ധ പ്രവർത്തക’രായിട്ടാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്. സ്ത്രീകളുടെ കുടുംബത്തിനകത്തെ കൂലിയില്ലാവേലയെ ഔദ്യോഗിക നയമാക്കി യൂണിയൻ സർക്കാർ തന്നെ തൊഴിൽ ദാതാവായ സർക്കാർ വകുപ്പിൽ ചൂഷണത്തിനുള്ള ഉപാധിയാക്കി മാറ്റിയിരിക്കുകയാണ്.

ചുരുങ്ങിയത് ഓരോ വർഷവും സ്കീം (പദ്ധതി) തൊഴിലാളികൾ ഇന്ത്യാ ഗവൺമെന്റിന് ഒരു ലക്ഷം കോടി രൂപ കൂലിയില്ലാത്ത അധ്വാനമായി സബ്സിഡിയായി നൽകുന്നുണ്ട് ഇത് മാത്രമല്ല, സംസ്ഥാനങ്ങൾ സ്കീം വർക്കർമാർക്ക് ആനുകൂല്യങ്ങൾ നൽകുമ്പോൾ പിന്നീട് ഒരു അവകാശമായി ഉന്നയിക്കപ്പെടുന്ന തരത്തിലുള്ള ഒരു ആനുകൂല്യവും നൽകുവാൻ കേന്ദ്ര സർകാർ സംസ്ഥാനങ്ങളെ അനുവാദിക്കാറില്ല.
ആശമാരുടെ തൊഴിൽ സാഹചര്യവും
കേന്ദ്ര- സംസ്ഥാന സർക്കാറുകളും
2005- ൽ ആരംഭിച്ച ഈ പദ്ധതിയിൽ തുടക്കം മുതൽ നിശ്ചിത അടിസ്ഥാന വേതനം എന്ന ആവശ്യം ട്രേഡ് യൂണിയനുകളും ഇടതുപക്ഷ പാർട്ടികളും ഉന്നയിച്ചിരുന്നെങ്കിലും ഒന്നും രണ്ടും മൻമോഹൻ സിംഗ് സർക്കാരുകളും തുടർന്നുവന്ന ഒന്നാമത്തെയും രണ്ടാമത്തെയും ഇപ്പോൾ മൂന്നാമത്തെയും മോദി സർക്കാറുകളും ആശമാർക്ക് നിശ്ചിത പ്രതിമാസ വേതനം നല്കാൻ ഇന്നുവരെ തയ്യാറായിട്ടില്ല. (ബൃന്ദ കാരാട്ട് അംഗമായിരുന്ന പാർലമെന്ററി കമ്മിറ്റി ഇതിനായി ശുപാർശ ചെയ്തിരുന്നു.) നിരന്തര സമരഫലമായി 2009-ൽ മൻമോഹൻ സിംഗ് സർക്കാർ നിശ്ചിത വേതനവാഗ്ദാനം നൽകി. എന്നാൽ എട്ട് നിശ്ചിത സ്ഥിരജോലികൾക്കായുള്ള നിശ്ചിത പീസ്റേറ്റ് (fixed incentive) എന്ന നിലയിൽ 1000 രൂപയാണ് പ്രതിമാസ വേതനം നിശ്ചയിച്ചത്. സമരങ്ങളുടെ ഫലമായി 2018- ൽ 2000 ആയി വർദ്ധിപ്പിച്ചു, അതും നിശ്ചിത നിബന്ധനകൾ പാലിച്ചാൽ മാത്രം. ഇത്കൂടാതെ ഹെൽത്ത് ആന്റ് വെൽനെസ്സ് കേന്ദ്രങ്ങളുടെ ജോലിക്കായി 1000 രൂപ കൂടി നിബന്ധനകൾക്ക് വിധേയമായി ആശമാർക്ക് യൂണിയൻ സർക്കാർ അടുത്തിട നിശ്ചയിച്ചിട്ടുണ്ട്.
വിവിധ ജോലികൾക്കായി ഇൻസെൻറ്റീവ് എന്ന പേരിൽ കൂലി പീസ്റേറ്റ് ആയിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. യൂണിയൻ സർക്കാർ നിശ്ചയിച്ച 70 ലധികം ജോലികളാണ് ആശാ വർക്കർമാർ ഇന്ന് ചെയ്തുവരുന്നത്! ഇതിന്റെയെല്ലാം (നിശ്ചിത തുകയുടെയും) 60 ശതമാനമാണ് കേന്ദ്ര വിഹിതം. ഈ ഇൻസെൻറ്റീവ് ലഭിക്കാൻ തന്നെ വിവിധ നിബന്ധനകൾ പാലിക്കേണ്ടിയിരിക്കുന്നു. ഇതിനുള്ള വ്യവസ്ഥകളും, ജോലികളും കൂലിയും എല്ലാം തീരുമാനിക്കുന്നത് യൂണിയൻ സർക്കാർ ആണ്. 2010- നു ശേഷം, കഴിഞ്ഞ 15 വർഷവും ഇൻസെൻറ്റീവിൽ ഒരു വർദ്ധനയും യൂണിയൻ സർക്കാർ വരുത്തിയിട്ടില്ല.
ആശാ വർക്കർമാരുടെ
സംഘടനയും സമരങ്ങളും
ആശാ വർക്കർമാരെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കാൻ സാധിച്ച CITU 2009-ൽ തന്നെ അഖിലേന്ത്യാ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ആശ വർക്കേഴ്സ് രൂപീകരിച്ചു. ICDS-നു കീഴിലെ അങ്കണവാടി ജീവനക്കാരുടെ സംഘടനയുടെ അനുഭവവും സംഘടനാശൃംഖലയും ആശമാരെ പെട്ടെന്നുതന്നെ സംഘടിപ്പിക്കാൻ സിഐടിയുവിന് സഹായകമായി. മിനിമം കൂലി, പെൻഷൻ, ജോലി സ്ഥിരത അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായും– നിശ്ചിത പ്രതിമാസ വേതനം, ലീവ്, തുടങ്ങിയ ആവശ്യങ്ങൾക്കായും സമരം ആരംഭിച്ചിരുന്നു. ലൊ പദ്ധതി നിർത്തിവെക്കാൻ 2012- ൽ യൂണിയൻ സർക്കാർ നടത്തിയ നീക്കം തടയാൻ സാധിച്ചത് CITU നേതൃത്വത്തിൽ ആശമാർ നടത്തിയ നിരന്തരമായ സമരങ്ങളുടെ ഫലമായാണ്.
2018 സെപ്റ്റംബർ 5 ന് ഡൽഹിയിൽ -CITU, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന- പതിനായിരക്കണക്കിന് ആശമാരടക്കം രണ്ട് ലക്ഷത്തോളം തൊഴിലാളികളും കർഷകരും പങ്കെടുത്ത ‘മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പിന്നാലെ ഈ തുക 2000 രൂപ ആയി വർദ്ധിപ്പിക്കാൻ ബി ജെ പി സർക്കാർ നിർബന്ധിതമായി.
2012- ൽ CITU നേതൃത്വത്തിൽ നടന്ന 35,000 ത്തോളം പേർ പങ്കെടുത്ത സ്കീം വർക്കർമാരുടെ രാപ്പകൽ സമരശേഷമാണ് 2013- ൽ ഇന്ത്യൻ ലേബർ കോൺഫറൺസിൽ (ILC) ഇവരുടെ പ്രശ്നങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തിയത്. CITU ജനറൽ സെക്രട്ടറി സഖാവ് തപൻ സെൻ ആണ് സ്റ്റാൻഡിങ് ലേബർ കമ്മിറ്റിയിൽ ഈ വിഷയം അജണ്ടയിലുൾപ്പെടുത്തിയത്. (സർക്കാർ പദ്ധതികളിൽ തൊഴിലാളിയായി അംഗീകാര മില്ലാതെ ‘സന്നദ്ധ പ്രവർത്തകർ’ എന്ന പേരിൽ പണിയെടുക്കുന്ന ഈ വിഭാഗം ജീവനക്കാർക്ക് CITU നടത്തിയ നിരന്തര പ്രക്ഷോഭങ്ങളിലൂടെയാണ് തൊഴിൽ വകുപ്പിൽ നിന്ന് ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ നടത്താനുള്ള അവകാശം നേടിയെടുത്തത്).
അങ്കണവാടി, ആശ, പാചകതൊഴിലാളികൾ, ഉൾപ്പെടെയുള്ള സ്കീം വർക്കർമാരെ ജീവനക്കാരായി അംഗീകരിക്കുക, അവർക്ക് മിനിമം കൂലി, പെൻഷൻ, ഇ എസ് ഐ, പി എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ നല്കുക എന്ന ശുപാർശ 2013- ലെ ഇന്ത്യൻ ലേബർ കോൺഫറൺസിൽ അംഗീകരിക്കപ്പെട്ടു. അതിനുശേഷം ഒരു വർഷത്തോളം അധികാരത്തിലിരുന്ന UPA ഗവൺമെന്റ് അടക്കമുള്ള യൂണിയൻ ഗവൺമെന്റുകൾ അത് നടപ്പക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല. തന്നെയുമല്ല 2015- നു ശേഷം മോദി സർക്കാർ ഇന്ത്യൻ ലേബർ കോൺഫ്രൻസ് യോഗം പോലും വിളിച്ചു ചേർത്തിട്ടില്ല.

സംസ്ഥാനങ്ങളും
ASHA പദ്ധതിയും
കേന്ദ്ര പദ്ധതിയായ NHM നടപ്പാക്കുന്നത് സംസ്ഥാന സർക്കാറുകളുടെ ആരോഗ്യ വകുപ്പാണ്. ഇതു കൂടാതെ വിവിധ സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ പദ്ധതികളും അവയുടെ മുൻഗണനകൾക്കനുസരിച്ച് ആശാ വർക്കർമാർ മുഖേന നടപ്പിലാക്കാറുണ്ട്. ഈ നിലയിൽ അധികവേതനം ആവശ്യപ്പെട്ട് യൂണിയൻ സർക്കാറിനെതിരെ സമരം ചെയ്യുമ്പോൾ തന്നെ വിവിധ സംസ്ഥാന സർക്കാരുകൾക്കെതിരെയും CITU നിരന്തരമായി സമരം നടത്താറുണ്ട്. (ഇതാണ് CITU- വിനോടുള്ള പ്രധാന ചോദ്യം) തൽഫലമായി കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ വേതന വർദ്ധന നേടിയെടുക്കാൻ ആശാവർക്കർമാർക്ക് സാധിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ
വ്യത്യസ്ത പ്രതിഫലം
കഴിഞ്ഞ പതിറ്റാണ്ടിൽ ആവേശോജ്വലങ്ങളായ നിരവധി തീക്ഷ്ണപോരാട്ടങ്ങളാണ് ആശാ വർക്കർമാർ ദേശീയ- സംസ്ഥാന തലങ്ങളിൽ നടത്തിയിട്ടുള്ളത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മാസങ്ങൾ നീണ്ട പണിമുടക്കങ്ങൾ, ഹരിയാനയിലെ 72 ദിവസം നീണ്ട സമരം, ബീഹാറിലെ 32 ദിവസത്തെ സമരം, ഒരു മാസത്തിലധികം നീണ്ട മഹാരാഷ്ട്രയിലെ പണിമുടക്ക് എന്നിവ എടുത്തുപറയേണ്ടവയാണ്. ഗുജറാത്ത്, ആസാം, പശ്ചിമ ബംഗാൾ , ആന്ധ്ര പ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ് നാട്, പോണ്ടിചേരി, കർണാടക, മദ്ധ്യ പ്രദേശ്, പഞ്ചാബ് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ കാലയളവിൽ വേതന വർദ്ധന നേടിയെടുക്കാൻ ആശ യൂണിയനുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം തന്നെ നിശ്ചിത മാസ വേതനമായി 1000 മുതൽ 7000 രൂപ വരെ വിവിധ സംസ്ഥാന സർക്കാരുകൾ നല്കുന്നു.
വിവിധ മാധ്യമങ്ങളിൽ സംസ്ഥാനങ്ങളിലെ ആശമാരുടെ വേതനത്തെ സംബന്ധിച്ച് വിവിധ കണക്കുകളാണ് നല്കുന്നത്. ഇത് സംബന്ധിച്ച് ഇന്റർനെറ്റിൽ ലഭ്യമായ, പാർലമെന്റിലടക്കം നൽകിയിരിക്കുന്ന കണക്കുകൾ പൂർണമായും ശരിയല്ല. ഇന്ത്യയിൽ ആശ വർക്കർമാർക്ക് ഏറ്റവുമധികവേതനം നല്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് (പ്രതിമാസം 7000 രൂപ). നിലവിൽ മഹാരാഷ്ട്രയിൽ മാത്രമാണ് (2023 നവംബർ മുതൽ) കേരളത്തിലേക്കാൾ അധികം വേതനം ആശമാർക്ക് ലഭിക്കുന്നത്.
എന്നാൽ മനസ്സിലാക്കേണ്ടത്, നിശ്ചിത മാസവേതനം എന്നു പറയപ്പെടുന്ന തുക (കേന്ദ്രത്തിലും സംസ്ഥാനത്തിലും) കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം എട്ട് നിശ്ചിതജോലികൾക്കായുള്ള പീസ് റേറ്റ് കൂലി ഒന്നിച്ച് ലഭ്യമാക്കുന്നതാണ്. ഇതിനുപുറമെ പ്രസവം, പ്രസവശേഷമുള്ള വാക്സിനേഷൻ, വിവിധ സർവേകൾ, റിപ്പോർട്ടുകൾ, പ്രതിരോധ കുത്തിവെപ്പുകൾ, സാനിട്ടറി നാപ്കിൻ വിതരണം, കൌൺസെലിംങ് തുടങ്ങി നിരവധി ജോലികൾക്ക് നിശ്ചയിക്കപ്പെട്ട ഇൻസെൻറ്റീവുകൾ ചേർന്നതാണ് ഒരു ആശയുടെ പ്രതിമാസ വരുമാനം. അതായത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിശ്ചിത വിഹിതത്തോടൊപ്പം (ഈ നിശ്ചിത വിഹിതത്തിൽ നിന്നു നിബന്ധനകൾ പ്രകാരം വേതനം വെട്ടിക്കുറക്കും) മറ്റ് ജോലികളക്കുള്ള ഇൻസെൻറ്റീവ് ചേരുന്നതാണ് ആശയുടെ മാസ വരുമാനം. വിവിധ സംസ്ഥാനങ്ങളിൽ മാത്രമല്ല സാമൂഹ്യ സാഹചര്യമനുസരിച്ച് വിവിധ പ്രദേശങ്ങളിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. ഇത് ഓരോ ആശയ്ക്കും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് കൂടുതൽ പ്രസവം നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ പ്രതിഫലം ആശക്ക് ലഭിക്കും (കൂടുതൽ ജോലിയും)
ആന്ധ്രാപ്രദേശ് അടക്കമുള്ള ചില സംസ്ഥാനങ്ങൾ വളരെ കൗശലപൂർവം ഈ ഇൻസെൻറ്റീവുകളെല്ലാം ചേർത്ത് 10,000 രൂപ മാത്രമാണ് നല്കുന്നത്. അവിടെ 2023-ൽ CITU യൂണിയനോനുമായി എത്തിയ ഒത്തുതീർപ്പ് ലംഘിച്ചാണ് ഈയിടെ 30 വർഷം സർവീസ് ഉള്ളവർക്ക് ഗ്രാറ്റ്വി വിറ്റി കൊടുക്കും എന്ന പ്രഖ്യാപനം. അത്ഭുതപ്പെടുത്തുന്ന കാര്യം ഗ്രാറ്റ്വി വിറ്റി കിട്ടാൻ അഞ്ചു വർഷമേ വേണ്ടൂ എന്നറിയുന്ന മാധ്യമപ്രവർത്തകർ പോലും ഇത് കൊണ്ടാടുകയാണ്.
മോദി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റിൽ 40% ആണ് NHM-നുള്ള തുക വെട്ടിക്കുറച്ചത്. അടിസ്ഥാന സേവന സൗകര്യങ്ങൾക്കായുള്ള ജനങ്ങളുടെ അവകാശവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള, അതിനെതിരെയുള്ള ശക്തമായ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് ബജറ്റ് പുനഃസ്ഥാപിക്കപ്പെട്ടത്.
കേരളത്തിലെ ഇടതുപക്ഷ സർക്കാരും
ആശമാരുടെ ആവശ്യങ്ങളും
ഇന്ത്യയിൽ ആദ്യമായി ആശാ വർക്കർമാർക്ക് സംസ്ഥാന വിഹിതമായി അധിക വേതന വർദ്ധന നടപ്പാക്കിയത് വി.എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായ LDF സർക്കാരാണ്. കേരളത്തിൽ UDF കാലത്ത് ആശാ വർക്കർമാരോടെടുത്ത സമീപനം എന്താണെന്നു പറയേണ്ടതില്ലല്ലോ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ആശാ വർക്കേഴ്സ് ഫെഡറേഷൻ CITU- വിന്റെ നേതൃത്വത്തിൽ നടന്ന നിരന്തര സമരങ്ങളുടെ ഫലമാണ് കേരളത്തിൽ ഇന്ന് ലഭിക്കുന്ന താരതമ്യേന മെച്ചപ്പെട്ട (മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്) പ്രതിഫലം. ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ തന്നെ നടത്തിയിട്ടുള്ള ഈ സമരങ്ങളും അതിലൂടെ ലഭിച്ച മെച്ചപ്പെട്ട വേതനവും മറ്റുമാണ് CITU യൂണിയനെ കേരളത്തിലെ ആശമാരുടെ ഏറ്റവും വലിയ യൂണിയൻ ആക്കിയത്. ഈ പ്രതിഫലം മതിയായതാണോ? ആശമാരും CITU യൂണിയനും ഇതിൽ തൃപ്തരാണോ? ഈ പ്രതിഫലം (ലഭ്യമായ കണക്കനുസരിച്ച് ശരാശരി പ്രതിമാസം 13000 രൂപ) ഇനിയും ഉയർത്തേണ്ടതുണ്ട് എന്നത് തർക്കരഹിതമായ വസ്തുതയാണ്.
പുരോഗമനം പറയുന്ന സംസ്ഥാന സർക്കാർ എന്തുകൊണ്ട് ആശമാർക്ക് മിനിമം കൂലി കൊടുക്കുന്നില്ല? ഇത്ര തുച്ഛമായ തുക കൂട്ടിക്കിട്ടണം എന്ന സമരത്തെ CITU- വും ആശാ ഫെഡറേഷനും പിന്തുണക്കാത്തതെന്ത് എന്നാണ് ചോദ്യം. CITU-വിന്റെ ഇരട്ടത്താപ്പ് എന്നു വിശേഷിപ്പിക്കുന്നത് ഇതാണ്.
കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇന്ത്യയിൽ ഏറ്റവും ഉയർന്നതുമാത്രമല്ല ജീവിക്കാൻ മതിയായ വേതനം കൊടുക്കാനുള്ള സമീപനം സ്വീകരിക്കണം എന്നും ഈ പദ്ധതിയിലെയടക്കം ഫെഡറൽ വിരുദ്ധ സമീപനമങ്ങളെ തുറന്നുകാട്ടുകയും ഇതിനെതിരായി സമരം ചെയ്യുകയും ചെയ്യണം എന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. ഇതിനനുസൃതമായി തന്നെയാണ് കഴിഞ്ഞ കാലങ്ങളിൽ CITU യൂണിയൻ സമരം ചെയ്തതും ഇടതുപക്ഷ സർക്കാർ വിവിധ ഘട്ടങ്ങളിലായി വിവിധ മേഖലയിലെ തൊഴിലാളികൾക്ക് – ആശമാർക്കടക്കം – വേതന വർദ്ധന നടപ്പാക്കിയതും. കോവിഡിന് ശേഷം മൂന്നു തവണയാണ് കേരളത്തിൽ ആശമാരുടെ വേതനം വർധിപ്പിച്ചത്.

എന്നാൽ നിരന്തരമായ വേതന കൂടിശ്ശികയടക്കമുള്ള പ്രശ്നങ്ങളുടെ മൂലകാരണം എന്താണ്? സംസ്ഥാന സർക്കാരിന്റെ സംവേദനക്ഷമത ഇല്ലായ്മയോ പിടിപ്പുകേടോ ആണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോൾ ഇന്ന് സമരത്തിലേർപ്പെട്ടിട്ടുള്ള SUCI യൂണിയനും CITU-വും തമ്മിൽ രാഷ്ട്രീയ വീക്ഷണത്തിലുള്ള വ്യത്യാസം മനസ്സിലാകും.
കോൺഗ്രസ്സ് നയിച്ച UPA സർക്കാറുകൾ ലോകബാങ്കിൻ്റെ സ്വകാര്യവത്കരണവും ഉപഭോക്താക്കളിൽ നിന്നു ഫീസ് ഈടാക്കുന്നതടക്കമുള്ള മറ്റ് പരിഷ്ക്കാരങ്ങളും ആരോഗ്യമേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു.(ഇപ്പോഴും കോൺഗ്രസ് സർക്കാരുകൾ ഈ ശ്രമം നടത്തിവരുന്നു). എങ്കിലും 2014- ൽ അധികാരത്തിലെത്തിയ നരേന്ദ്രമോദി നേതൃതത്തിലുള്ള NDA സർക്കാറാണ് ബജറ്റ് വെട്ടിച്ചുരുക്കിയും പദ്ധതികൾ കോർപ്പറേറ്റ് കമ്പനികൾക്ക് വിട്ടുനൽകിയും സ്വകാര്യവൽക്കരണത്തിലൂടെയും എല്ലാ അവശ്യസേവന കേന്ദ്രാവിഷ്കൃത പദ്ധതികളെയും അടച്ചു പൂട്ടാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ആശമാരെ proctor and gamble കമ്പനിയുടെ ഉത്പന്നങ്ങൾക്കുള്ള കമീഷൻ ഏജന്റുമാരാക്കാനുള്ള ശ്രമമടക്കം ഇതിന്റെ ഭാഗമാണ്.
മോദി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റിൽ 40% ആണ് NHM-നുള്ള തുക വെട്ടിക്കുറച്ചത്. അടിസ്ഥാന സേവന സൗകര്യങ്ങൾക്കായുള്ള ജനങ്ങളുടെ അവകാശവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള, അതിനെതിരെയുള്ള ശക്തമായ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് ബജറ്റ് പുനഃസ്ഥാപിക്കപ്പെട്ടത്.
ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതിന്റെ ഫലമായി എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ മാസങ്ങളോളം ഇൻസെൻറ്റീവ് മുടങ്ങിക്കിടക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോടെടുക്കുന്നത് സംസ്ഥാനവിഹിതം മുഴുവനായും തടഞ്ഞു വയ്ക്കുന്ന സമീപനമാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, ICDS, NHM എന്നീ സ്കീമുകളുടെ വിഹിതം തടഞ്ഞുവച്ച് ഈ പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ജനങ്ങളെയും ജീവനക്കാരെയും കേരള സർക്കാരിനെതിരാക്കുകയും ചെയ്യുക എന്നതാണ് ഭരണഘടനയെയും ഫെഡറൽ സംവിധാനത്തെയും കാറ്റിൽ പറത്തി BJP നയിക്കുന്ന യൂണിയൻ ഗവർൺമെന്റ് ചെയ്യുന്നത്. കേരളത്തിൽ ഇപ്പോഴുള്ള സമയത്ത് ശമ്പളം ലഭിക്കാതിരിക്കുക തുടങ്ങി ആശമാരുടെ കഷ്ടപ്പാടുകളുടെ പ്രധാന കാരണവും ഇതുതന്നെ.
ഏറ്റവുമൊടുവിൽ കേരളത്തിലെ ആശ വർക്കേഴ്സ് ഫെഡറേഷൻ (CITU) 2024 ഒക്ടോബർ 13-നും 2025 ജനുവരിയിലും നടത്തിയ സമരങ്ങളുടെയും ഫെബ്രുവരി 6-7 ന്റെ രാപ്പകൽ സമരത്തിന്റെയും ആവശ്യങ്ങൾ ഇവ തന്നെയായിരുന്നു. ഏറ്റവുമൊടുവിൽ നടന്ന ഈ രണ്ടു സമരങ്ങളിലും സർക്കാർ യൂണിയനുമായി ചർച്ച ചെയ്ത് എത്തിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാധ്യമങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണ്.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുന്നോട്ട് വക്കുന്നവർ എന്തുകൊണ്ട് രാജ്യത്ത് ഒരു പദ്ധതി ഒരു വേതനം എന്നു പറയുന്നില്ല? എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത വേതനം നടപ്പാക്കണം എന്നാണ് സിഐടിയുവിന്റെ ആവശ്യം.
വിവിധ പാർലമെന്ററി കമ്മിറ്റികളുടെയും വിവിധ ഏജൻസികളുടെയും റിപ്പോർട്ടുകൾ അവഗണിച്ച്, ആശമാരുടെ കോവിഡ് കാലത്തെ സേവനത്തെ അടക്കം നിരാകരിച്ച്, വേതനം കൊടുക്കുന്നില്ല എന്നു മാത്രമല്ല, ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും തടഞ്ഞു വയ്ക്കുകയും ചെയ്യുന്ന BJP നയിക്കുന്ന യൂണിയൻ സർക്കാരിനെതിരെ നിശ്ശബ്ദത പാലിക്കുക മാത്രമല്ല, കേന്ദ്രവിഹിത കുടിശ്ശിക കിട്ടാനുണ്ട് എന്ന വസ്തുത സച്ചിദാനന്ദൻ മാഷെ പോലുള്ള ഒരാളിൽ നിന്ന് മറച്ചുവച്ച് നുണപ്രചാരണം നടത്തി കേരള സർക്കാരിനെതിരെ മാത്രമായുള്ള ഒരു സമരമാക്കി മാറ്റി SUCI ട്രേഡ് യൂണിയൻ നടത്തുന്ന ആശമാരുടെ സമരത്തോട് CITU-വിന് യോജിക്കാൻ കഴിയില്ല.

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ വിവിധ പദ്ധതികൾക്കുള്ള വിഹിതം വെട്ടിച്ചുരുക്കുകയും സ്കീം വർക്കർമാരെ അവഗണിക്കുകയും ചെയ്തതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തിവരികയാണ് CITU-വും ആശാ വർക്കേഴ്സ് ആന്റ് ഫസിലിറ്റേറ്റേർസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും.
വർദ്ധിച്ചുവരുന്ന
കേന്ദ്രീകരണം
ഇന്ന് കേരളത്തിൽ ഇടതുപക്ഷത്തിനുള്ള ജനപിന്തുണയുടെ പ്രധാന കാരണം അടിസ്ഥാന വർഗ്ഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് എടുത്ത നിലപാടുകൾ തന്നെയാണ്. അതുകൊണ്ടു തന്നെയാണ് കേരളത്തിന് അർഹതപ്പെട്ട വിഹിതം വെട്ടിച്ചുരുക്കുന്നത്. (ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട വിഹിതത്തിൽ ഏതാണ്ട് 35,000 കോടി രൂപയാണ് കേരളത്തിന് കിട്ടേണ്ടത്.) അതുകൂടാതെ ഫെഡറൽ സംവിധാനങ്ങളെ കാറ്റിൽ പറത്തി എല്ലാ വിഭാഗങ്ങളിലും ബജറ്റ് കേന്ദ്രവരിഷ്കൃത പദ്ധതികൾക്കു മാത്രമാക്കുകയും അതിൽ ഒന്നിന് പുറമെ നിബന്ധനകൾ എറപ്പെടുത്തുകയാണ് മോദി സർക്കാർ. ‘എൻ എച്ച് എമ്മിൽ, സംസ്ഥാനങ്ങൾക്ക് ആശമാർക്ക് യഥേഷ്ടം വേതനം നൽകാം’ എന്ന് ഗവേഷണം ചെയ്തവർ ആരുടെ അജണ്ടയാണ് പ്രചരിപ്പിക്കുന്നത് എന്നു ജനം തിരിച്ചറിയും. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പണം വെട്ടിച്ചുരുക്കും. കേരളത്തിന് നിബന്ധനകൾ പാലിച്ചാൽ പോലും പണം കൊടുക്കില്ല എന്നതാണ് സ്ഥിതി. ആശമാർക്ക് ലഭിക്കുന്ന നിശ്ചിത വേതനം ഓണറേറിയം എന്ന നിലയിൽ നൽകാൻ NHM മാനദണ്ഡങ്ങൾ അനുവദിക്കില്ല. എന്നു മാത്രമല്ല ഡിജിറ്റൈസേഷന്റെ പേരിൽ നേരിട്ട് വർക്കർമാരുടെ വേതനം തീരുമാനിക്കുന്ന രീതിയിലാണ് കേന്ദ്ര പദ്ധതികളിൽ യൂണിയൻ ഗവൺമെന്റ് ഇടപെടുന്നത്.
ആശമാരുടെ പ്രക്ഷോഭവും
സി ഐ ടി യുവും
CITU യൂണിയൻ ആശമാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിൽ ഇടതു സർക്കാരിനെതിരെ സമരങ്ങൾ നടത്താറുണ്ടോ? ഇത് പരിശോധിക്കാതെ സർക്കാരിനെയും CITU-വിനെയും താറടിക്കുന്നതിലാണ് വലതുപക്ഷ മാധ്യമങ്ങൾക്ക് താത്പര്യം. ന്യായമായ കൂലി വർദ്ധന, റിട്ടയർമെൻറ് ആനുകൂല്യം, എന്നിവയാണ് കേരളത്തിലെ ആശമമാരുടെ പ്രധാന ആവശ്യങ്ങൾ. എന്നാൽ ഇതോടൊപ്പം, കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ആശമാരുടെ ഏറ്റവും വലിയ പ്രശനം അമിതമായ ജോലിഭാരവും (ഏറ്റവുമൊടുവിൽ ശൈലി ആപ്, സർവേ അടക്കം) അതിനു തക്ക പ്രതിഫലം ലഭിക്കാത്തതും ചെയ്ത ജോലിക്ക് മാസങ്ങളായി വേതനം സമയത്ത് ലഭ്യമല്ലാത്തതുമാണ്. കേരളത്തിലെ ആശമാരിൽ കേരള സർക്കാരിനെതിരെയുള്ള വികാരം നിലനിൽക്കുന്നതും ഈ സമരത്തിന് വളമായതും ഇപ്പോഴും തുടരുന്ന സമരത്തിലെ ആശമാരുടെ പ്രധാന പരാതിയും ഇതുതന്നെ.
“സർക്കാർ വിലാസം സംഘടന” എന്ന് ആരോപിപ്പിക്കപ്പെടുന്ന CITU യൂണിയൻ ഇക്കാര്യത്തിൽ എന്തു നടപടിയാണ് എടുത്തത് എന്നു പരിശോധിക്കേണ്ടതല്ലേ? കേരളത്തിലെ വലതു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഈ പ്രശ്നങ്ങൾ ഉന്നയിച്ച് കേരളത്തിലെ CITU യൂണിയൻ നിരന്തരമായ സമരങ്ങളാണ് നടത്തിയത്.
ഏറ്റവുമൊടുവിൽ കേരളത്തിലെ ആശ വർക്കേഴ്സ് ഫെഡറേഷൻ (CITU) 2024 ഒക്ടോബർ 13-നും 2025 ജനുവരിയിലും നടത്തിയ സമരങ്ങളുടെയും ഫെബ്രുവരി 6-7 ന്റെ രാപ്പകൽ സമരത്തിന്റെയും ആവശ്യങ്ങൾ ഇവ തന്നെയായിരുന്നു. ഏറ്റവുമൊടുവിൽ നടന്ന ഈ രണ്ടു സമരങ്ങളിലും സർക്കാർ യൂണിയനുമായി ചർച്ച ചെയ്ത് എത്തിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാധ്യമങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണ്. കുടിശ്ശികയായ ശമ്പളം ഉടൻ (സംസ്ഥാന സർക്കാറിന്റെ പണത്തിൽ നിന്ന്) ഉടൻ നൽകുക, നിശ്ചിത ഇൻസെൻറ്റീവിനുള്ള നിബന്ധനകൾ (10 കേന്ദ്ര നിബന്ധനകളാണുള്ളത്) എടുത്തുമാറ്റുക, ശൈലി ആപ് ജോലിക്കായി പ്രതിമാസം പ്രതിഫലം 2000 രൂപ നൽകുക എന്നീ കാര്യങ്ങളിൽ സർക്കാർ ഉടൻ നടപടിയെടുത്തു.
കൂടാതെ വേതന വർദ്ധന കേന്ദ്ര കുടിശ്ശിക കിട്ടുന്ന മുറയ്ക്ക് പരിഗണിക്കാം എന്നും, പെൻഷൻ അങ്കണവാടി ജീവനക്കാർക്കുള്ള പോലെ ക്ഷേമനിധി പെൻഷൻ പദ്ധതി ഏർപ്പെടുത്താനുള്ള നടപടി എടുക്കാം എന്നും സർക്കാർ ഉറപ്പ് നൽകി. ഈ ഒത്തുതീർപ്പ് പ്രകാരമാണ് CITU സമരം പിൻവലിച്ചത്. ഇന്ത്യയിലാദ്യമായാണ് നിശ്ചിത വേതനത്തിനായുള്ള നിബന്ധനകൾ ഒരു സംസ്ഥാന സർക്കാർ എടുത്തുകളയുന്നത്. എന്നാൽ ഇത് നടപ്പാക്കാൻ കേന്ദ്ര നിബന്ധനകൾ തടസ്സമാകും എന്ന സ്ഥിതിയാണുള്ളത്.
ഈ സമരം രാഷ്ട്രീയപ്രേരിതമോ?
എന്താ, CITU എല്ലാ സംസ്ഥാനങ്ങളിലും സമരം ചെയ്തിട്ട് ഇവിടെ സമരം ചെയ്യാത്തത് എന്നാണ് ചോദ്യം. CITU കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും സമരം ചെയ്യുന്നുണ്ട്. അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ കടമ കൂടി പറയുന്നുണ്ട് CITU. ഇടതു സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയും വേതനവർദ്ധന അടക്കമുള്ള ആവശ്യങ്ങളോട് അനുഭാവ പൂരണമായ സമീപനം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നും.
ഈ ജനുവരി 10-ന് കർണാടകത്തിൽ SUCI പിന്തുണയുള്ള യൂണിയൻ മിനിമം കൂലി 15000 രൂപ ആവശ്യപ്പെട്ട് നടത്തിയ രാപ്പകൽ സമരം ജനുവരി 11നു പിൻവലിച്ചത് സംസ്ഥാന മന്ത്രി നൽകിയതെന്നു പറയുന്ന ഉറപ്പിൻമേലാണ്. ഇന്നലെ പ്രഖ്യാപിച്ച ബജറ്റിൽ വെറും 1000 രൂപയാണ് വർദ്ധിപ്പിച്ചത്.
എത്രയും പെട്ടെന്ന് ഈ സമരം ചർച്ചയിലൂടെ ഒത്തുതീർക്കുകയും കേന്ദ്ര സർക്കാരിനെതിരായ യോജിച്ച പ്രക്ഷോഭത്തിന് കേരള സരക്കാർ നേതൃത്വം വഹിക്കുകയും ചെയ്യുക എന്നതാണ് CITU-വിന്റെ അഭിപ്രായം.
കേരളത്തിലെ സമരക്കാരെ ഇടതുപക്ഷ സർക്കാരിന്റെ മന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും അടിയന്തിര ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് പറയുകയും, (CITU യൂണിയനു നൽകിയ ഇതേ ഉറപ്പിൻമേൽ) നടപടികൾ തുടങ്ങിയിട്ടുണ്ട് എന്നറിയിക്കുകയും കേന്ദ്ര സമീപനത്തെക്കുറിച്ച് പറയുകയും ചെയ്തിട്ടും കോൺഗ്രസ് സർക്കാറിന് കൊടുത്ത അത്രയും സമയം പോലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന് കൊടുക്കാതെ, കേന്ദ്ര സർക്കാരിന്റെ കുടിശ്ശിക വിഹിതം ഉടൻ നൽകണമെന്ന് ആവശ്യപ്പെടുക പോലും ചെയ്യാതെ, 21,000 രൂപയായി വേതനം വർദ്ധിക്കാതെ സമരം പിൻവലിക്കില്ല എന്ന സമീപനം ഭൂരിപക്ഷ യൂണിയൻ പോലുമല്ലാത്ത ഒരു ഇടതുപക്ഷ യൂണിയൻ നേതൃത്വം സ്വീകരിക്കുമ്പോൾ അതിൻ്റെ പിന്നിലെ രാഷ്ട്രീയമെന്താണെന്ന് ജനങ്ങൾ തിരിച്ചറിയണം.
ഹരിയാനയിൽ CITU യൂണിയൻ 72 ദിവസത്തെ ഐതിഹാസിക സമരം നടത്തിയപ്പോൾ CITU-വിന്റെ ആശാ യൂണിയനെതിരെ നോട്ടീസ് വിതരണം ചെയ്തതാരെന്ന്, മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തിലേതിനേക്കാൾ ശമ്പളമുണ്ടെന്ന് കണ്ടുപിടിച്ച ഏതെങ്കിലും മാധ്യമ പ്രവർത്തകർക്ക് ഗവേഷണം ചെയ്യാവുന്നതാണ്!

കേന്ദ്രവിഷ്കൃത പദ്ധതിയാണ് NHM എന്നും അതിനു കീഴിലെ ജീവനക്കാരാണ് ആശാ വർക്കർമാർ എന്നും പ്രധാനമായും ആ പദ്ധതി ആവിഷ്ക്കരിക്കുകയും പദ്ധതിയെ സ്ഥിരപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം യൂണിയൻ സർക്കാരിനാണെന്നും, എന്നാൽ NHM പദ്ധതിയെ ശിഥിലീകരിക്കാനും, ഇല്ലായ്മ ചെയ്യാനുമുള്ള നിരന്തരശ്രമമാണ് യൂണിയൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അതുകൊണ്ട് അടിസ്ഥാനപരമായി സമരം യൂണിയൻ സർക്കാരിനെതിരെ ആണെന്നും യൂണിയൻ സർക്കാരാണ് ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടത് എന്നുമുള്ള പശ്ചാത്തലം പറയാതെ ആശാ വർക്കർമാർ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം എന്ന ആഖ്യാനം സൃഷ്ടിക്കുക ആരുടെയെങ്കിലും അജണ്ടയാണെങ്കിൽ അത് തൊഴിലാളികൾക്ക് വേണ്ടിയല്ല. കോവിഡ് കാലത്ത് ജീവൻ പണയം വെച്ച് പണിയെടുത്ത ആശമാരുടെ ജീവന് വിലകൽപ്പിക്കാത്ത, (ആറു മാസത്തേക്ക് കോവിഡിൽ 1000 രൂപ കൊടുത്തതും പിൻവലിച്ചതും കേന്ദ്ര സർക്കാറാണ്) ആരോഗ്യ മേഖലയെ ആകെ സ്വകാര്യവത്കരിക്കുന്ന, കേരളത്തിന് അർഹതപ്പെട്ട വിഹിതം നിഷേധിക്കുന്ന BJP നയിക്കുന്ന വർഗ്ഗീയ ഫാഷിസ്റ്റ് സർക്കാരിനെതിരായ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന സമീപനം ആരെയാണ് സഹായിക്കുക?
ആർക്കെതിരെ ആരുടെ സമരം?
കേരളത്തിലെ ഒരു തൊഴിലാളി യൂണിയൻ നടത്തിയ സമരം ഇത്രയേറെ മാധ്യമ – ബുദ്ധിജീവി പിന്തുണ ആർജ്ജിച്ചത് അടുത്തിടെ ഉണ്ടാകാത്തതാണ്. INTUC അടക്കമുള്ളവർ പല സമരവും ഇക്കാലത്ത് നടത്തിയിട്ടുണ്ട്. അവക്കൊന്നിനും യാതൊരു മാധ്യമ ശ്രദ്ധയും കിട്ടാറില്ല. ഈ സമരം തുടങ്ങിയശേഷം സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിയും സമരക്കാരോട് ചർച്ച ചെയ്തിട്ടുണ്ട് എന്ന വസ്തുത എന്തുകൊണ്ട് മറച്ചുവക്കപ്പെടുന്നു?
ചർച്ച ചെയ്തു പരിഹരിക്കണം എന്നാണ് തങ്ങളുടെ നിലപാട് എന്നും ഈ രംഗത്തെ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളെയും ചർച്ചയ്ക്ക് വിളിക്കണം എന്നും CITU ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യാത്തതെന്ത്? തങ്ങൾക്ക് ആശമാരോട് വാശിയില്ലെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി നിരന്തരം പറഞ്ഞത് തലക്കെട്ടാകാത്തതെന്ത്?
ഈ ബജറ്റിലടക്കം പണം വെട്ടിക്കുറച്ച് അഞ്ചു വർഷമായി വേതനവും 15 വർഷമായി ഇൻസെൻറ്റീവും വർധിപ്പിക്കാതെ ആരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കുന്ന BJP-യുടെ കേന്ദ്രമന്ത്രി – ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി- സമരവേദിയിൽ വന്ന് ബാക്കിയുള്ളവർക്കുകൂടി ശമ്പളത്തിനുള്ള പണം തടഞ്ഞുവയ്ക്കും എന്നു പ്രഖ്യാപിക്കുകയും അതിനു ശേഷം പിറ്റേന്ന് വീണ്ടും തന്റെ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രചാരണത്തിനായി വരികയും അതും സഹർഷം സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുകയും “എനിക്കു മനസ്സിലായത് ഗോപി കുട കൊടുക്കാൻ പോയതാണ്” – (ഒരു കേന്ദ്രമന്ത്രിക്ക് കുട കൊടുക്കാൻ സ്വയം കുടയുമായി പോകണമല്ലോ) - എന്നു പറയാൻ സച്ചിദാനന്ദൻ മാഷ്ക്കു എങ്ങനെ കഴിയുന്നു?
ഇടതുപക്ഷ - ട്രേഡ് യൂണിയൻ നേതാക്കളുടെ സംസാരരീതി, ഭാഷ എന്നിവയിൽ എന്തെങ്കിലും പ്രശനമുണ്ടെങ്കിൽ തീർച്ചയായും തിരുത്തപ്പെടണം. എന്നാൽ കുട കൊടുക്കാൻ പോയ ഗോപിയും - മറ്റാരും സമരം ചെയ്യാൻ സമ്മതിക്കാത്ത CITU നേതാക്കളും എന്ന വിശകലനം ആർക്കുവേണ്ടിയാണ്?
അഖിലേന്ത്യാ തലത്തിലും ഹരിയാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ (കേരളത്തിലും) ചെറുതും വലുതുമായ വിവിധ ട്രേഡ് യൂണിയനുകളുടെ ഐക്യവേദി ഉണ്ടായത് ആരുടെ മുൻകൈയിലാണ് എന്നും പരിശോധിക്കണം.
പാർശ്വവത്കരിക്കപ്പെട്ടവരുടെ സമരങ്ങൾ ഏറ്റെടുക്കാത്ത – അതിനോട് അസഹിഷ്ണുതയുള്ള എന്ന ആഖ്യാനവും കേരള CITU-വിന് ചാർത്തുന്ന ബുദ്ധിജീവികളോട് – കഴിഞ്ഞകാല ചരിത്രം വേണ്ട – ഈ രണ്ടു ഇടതു സർക്കാരുകളുടെ കാലയളവിൽ മാത്രം നടന്ന CITU സമരങ്ങൾ പരിശോധിക്കാനപേക്ഷ. മുത്തൂറ്റ് സമരം – ഏത് കാറ്റഗറിയിൽ വരും? സ്വിഗ്ഗി, zomato, തുടങ്ങി ഗിഗ് /പ്ലാറ്റ്ഫോം തൊഴിലാളികളുടെ നിരവധി സമരങ്ങൾ? വീട്ടുജോലിക്കാരുടെ സമരങ്ങൾ? ഇപ്പോഴും പരമ്പരാഗത മേഖലയിൽ ആരാണ് സമരം ചെയ്യുന്നത്?
ഇന്ന് അഖിലേന്ത്യ തലത്തിൽ തൊഴിലാളികളുടെയും കർഷകരുടെയും ഏറ്റവും വലിയ ഐക്യ മുന്നണികളും അവയുടെ യോജിച്ച പോരാട്ടവും – വരാൻ പോകുന്ന അഖിലേന്ത്യാ പണിമുടക്കമടക്കം - ഉയർത്തിക്കൊണ്ടുവരുന്ന പ്രധാന ശക്തിയായ CITU-വിനെയും ഇന്ത്യയുടെ ഇന്ന് നിലവിലുള്ള ഒരേയൊരു കോർപ്പറേറ്റ് വിരുദ്ധ സംസ്ഥാന സർക്കാറിനെയും ഏറ്റവും വലിയ സ്ത്രീ – തൊഴിലാളി വിരുദ്ധരാക്കുക എന്നത് ഒരു ജനവിരുദ്ധ – വലതുപക്ഷ അജണ്ടയാണ്.
എത്രയും പെട്ടെന്ന് ഈ സമരം ചർച്ചയിലൂടെ ഒത്തുതീർക്കുകയും കേന്ദ്ര സർക്കാരിനെതിരായ യോജിച്ച പ്രക്ഷോഭത്തിന് കേരള സരക്കാർ നേതൃത്വം വഹിക്കുകയും ചെയ്യുക എന്നതാണ് CITU-വിന്റെ അഭിപ്രായം.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്റെ മുൻകൈയിൽ ആരോഗ്യ സേവനങ്ങൾക്കയുള്ള അവകാശത്തിനുള്ള നിയമനിർമാണത്തിനും ആവശ്യ സേവന പദ്ധതികളെ ശക്തിപ്പെടുത്താനും സ്കീം വർക്കർമാരെ സ്ഥിരപ്പെടുത്താനുമുള്ള ബദൽ പദ്ധതി മുന്നോട്ട് വയ്ക്കുകയും അതിനെ മുൻനിർത്തി ഒരു ബഹുജന പ്രക്ഷോഭം വളർത്തിയെടുക്കുകയുമാണ് വരും നാളുകളിൽ ഏറ്റെടുക്കേണ്ട കടമ.
ഈ വരുന്ന ഏപ്രിൽ 12 ന് NHM 20 വർഷം പൂർത്തിയാക്കുകയാണ്. അതേദിവസം ദില്ലിയിൽ ആശാ വർക്കേഴ്സ് ആന്റ് ഫസിലിറ്റേറ്റേർസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ കൺവെൻഷൻ വിളിച്ചുചേർക്കുകയാണ്. ഈ കൺവൻഷനിൽ നിന്ന് വരുംനാളുകളിൽ ബദൽ നയങ്ങൾ മുന്നോട്ടുവെച്ച് കേന്ദ്ര സർക്കാരിനെതിരെയുള്ള സമരപരിപാടികൾ പ്രഖ്യാപിക്കും.