മെയ്​ദിന മാനിഫെസ്റ്റോ അംബേദ്കറുടേത് കൂടിയാകണം

ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തോടും വർഗ രാഷ്ട്രീയത്തോടും ഡോ. അംബേദ്കർ പുലർത്തിയ സമീപനങ്ങൾ വീണ്ടും ചർച്ച ചെയ്യുക എന്നത് അദ്ദേഹത്തിന്റെ തൊഴിലാളി വർഗ നേതാവെന്ന നിലയിലെ ചരിത്രത്തിലെ നിർണായക കാര്യം തന്നെയാണ്. തൊഴിൽ മേഖലയിൽ അടക്കം ഡോ. അംബേദ്കർ നടത്തിയ ഇടപെടലുകൾ വേണ്ടരീതിയിൽ പുറംലോകം അറിഞ്ഞിട്ടില്ല. ആയതിനാൽ മറ്റൊരു അംബേദ്കർ വായന സാധ്യമാക്കേണ്ടതുണ്ട്.

""രാഷ്ട്രീയ മണ്ഡലത്തിലെ സമത്വവും സാമൂഹ്യ- സാമ്പത്തിക രംഗത്തെ അസമത്വവും നിലനിൽക്കുന്ന ഒരു സാമൂഹ്യ ഘടനയിലെ വൈരുധ്യം പരിഹരിക്കുന്നില്ലെങ്കിൽ അസമത്വത്തിന്റെ പീഡിതർ ഈ രാഷ്ട്രീയ ഘടനയെ ഇടിച്ചു തകർക്കാതിരിക്കില്ല.''
-ഡോ. ബി. ആർ അംബേദ്കർ, ഭരണഘടനാ ചർച്ച, വാല്യം XI, പേജ് 979.

ലോകമെമ്പാടുമുള്ള പണിയെടുക്കുന്നവരുടെ ദിനമാണ് മെയ് ഒന്ന്. സർവദേശീയ തൊഴിലാളിവർഗം അവരുടെ ദിനത്തിൽ തെരുവിൽ പ്രകടനങ്ങളും പ്രസംഗങ്ങളും നടത്താറുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഒട്ടനവധി തൊഴിലാളി മുന്നേറ്റങ്ങൾ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. നിരവധി നേട്ടങ്ങളും അവർക്കുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ തൊഴിലാളികൾ ഇന്ന് എന്തെങ്കിലും അവകാശം നേടിയിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരിൽ ഒരു പ്രധാനി ഡോ. ബി.ആർ. അംബേദ്കറാണ്. അദ്ദേഹത്തെ മറന്നുള്ള തൊഴിലാളി ദിനം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്.

ഡോ. ബി.ആർ. അംബേദ്കർ / Photo: Wikimedia Commons

ഇന്ത്യയിലെ തൊഴിലാളികൾക്ക് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും പണിയെടുക്കുവാനുള്ള ഭൗതികസാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നതിൽ അംബേദ്കർ നിസ്തുല പങ്ക് വഹിക്കുകയുണ്ടായി. പക്ഷെ അദ്ദേഹം നടപ്പിലാക്കിയ വിപുലമായ പദ്ധതികളെയും ഉറപ്പിൽ വരുത്തിയ അവകാശങ്ങളേയും ചരിത്രകാരന്മാർ നിർബന്ധപൂർവം മറക്കുകയാണുണ്ടായത്.

അതുകൊണ്ടു തന്നെ സ്വത്വരാഷ്ട്രീയപരമായ വീക്ഷണത്തിൽ നിന്ന്​ വിഭിന്നമായി മറ്റൊരു അംബേദ്കർ വായന സാധ്യമാക്കേണ്ടതുണ്ട്. അദ്ദേഹത്തെ അധഃകൃതവർഗ്ഗത്തിന്റെ നേതാവായി മാത്രം നിർത്തുക, എപ്പോഴും അദ്ദേഹത്തിന്റെ ഒരേ വശം മാത്രം ചർച്ചക്ക് വിധേയമാക്കുക തുടങ്ങിയവയൊക്കെ എന്തോ ഗൂഢമായ ആലോചനയാണ്. അതുകൊണ്ട് തന്നെ സമഗ്രമായ അർത്ഥത്തിൽ മൾട്ടി ഡൈമെൻഷലായ വൈജ്ഞാനിക വ്യവഹാരത്തിൽ പരന്നുകിടക്കുന്ന അദ്ദേഹത്തെ നാം ഇനിയും വിപുലമായി വായിക്കേണ്ടതുണ്ട്.

ഡോ. അംബേദ്കർ ഇന്ത്യയിലെ തൊഴിലാളി മുന്നേറ്റങ്ങളുടെ മുന്നണി പോരാളിയായി വിലയിരുത്തപ്പെടേണ്ട വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം മർദ്ദിത ജനങ്ങളോടുള്ള കരുതലും സ്നേഹവും കാണാം. ഇന്ത്യൻ തൊഴിലാളിവർഗം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് നിയമനിർമ്മാണ സഭക്കകത്തും പുറത്തും പരിഹാരം കാണാനുള്ള ശ്രദ്ധേയമായ ഇടപെടൽ അദ്ദേഹം നടത്തിയിരുന്നു. മാത്രമല്ല ഇന്ത്യൻ കമ്യൂണിസ്റ്റ്‌ മൂവ്മെന്റിനോട് സൈദ്ധാന്തികമായി സംവദിക്കാനും മാർക്സിസത്തെ സമഗ്രമായി മനസിലാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തോടും വർഗ രാഷ്ട്രീയത്തോടും ഡോ. അംബേദ്കർ പുലർത്തിയ സമീപനങ്ങൾ വീണ്ടും ചർച്ച ചെയ്യുക എന്നത് അദ്ദേഹത്തിന്റെ തൊഴിലാളി വർഗ്ഗ നേതാവെന്ന നിലയിലെ ചരിത്രത്തിലെ നിർണായക കാര്യം തന്നെയാണ്.

മാർക്​സ്​ അംബേദ്കർക്ക് പൂർവ സൂരിയാണെങ്കിലും മാർക്​സ് ഉയർത്തിയ നിർണായക ചോദ്യങ്ങളെ അംബേദ്കർ ഇന്ത്യൻ സാഹചര്യത്തിൽ വിശകലനം ചെയ്യുന്നുണ്ട്, അതിൽ യോജിപ്പും വിയോജിപ്പും കണ്ടെത്തുന്നുമുണ്ട്. ഉദാഹരണമായി അംബേദ്കർ ആദ്യം വർഗത്തെ അംഗീകരിക്കുകയും വർഗ സമരത്തെ നിരാകരിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ പിന്നീട് വർഗ സംഘർഷം എന്ന യഥാർത്ഥ്യത്തെ അദ്ദേഹം അംഗീകരിക്കുന്നുണ്ട് എന്ന് കാണാം.

പ്രായോഗിക രാഷ്ട്രീയ തലത്തിൽ തൊഴിലാളി വർഗ്ഗ ഐക്യത്തിന്റെ മുന്നുപാധിയായി ജാതിനിർമൂലനത്തെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു അംബേദ്കർ മുന്നോട്ടുവെച്ച നിലപാടിന്റെ കാതൽ / Photo: Muhammed Fasil

വർഗം എന്നതിലുപരി ജാതിയുടെ ഉല്പത്തിയും പരിണാമവും വികാസവുമാണ് അംബേദ്കറുടെ പ്രാഥമിക പരിഗണന മേഖല. എന്നാലും വർഗ സമര രാഷ്ട്രീയത്തെ അദ്ദേഹം വിമർശനാത്മകമായി പരിഗണിക്കുന്നുണ്ട്. ജാതി, ഉത്പാദനവ്യവസ്ഥയോട് ബന്ധപ്പെട്ട "തൊഴിൽ വിഭജനം മാത്രമല്ല, ഒപ്പം തൊഴിലാളികളുടെ വിഭജനവുമാണ്' എന്ന് നിരീക്ഷിച്ചത് അംബേദ്കറാണ്. ഇന്ത്യയിൽ തൊഴിലെന്നത് ഓപ്ഷണൽ അല്ലായിരുന്നു. നമ്മുടെ ജാതിക്കു നൽകപ്പെട്ട തൊഴിൽ മാത്രമേ നമുക്ക് ചെയ്യാനാകൂ എന്നതായിരുന്നു സ്ഥിതി. മാത്രവുമല്ല വിവിധ ജാതി വിഭാഗങ്ങൾ തമ്മിൽ കടുത്ത അന്തരം നിലനിന്നിരുന്നു. ഈ വിടവ് ഇവർ തമ്മിലുള്ള സാമൂഹ്യ ഇടപെടലിനെ സാധ്യമാക്കിയിരുന്നില്ല, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ തൊഴിലാളികൾ എന്ന പൊതു പ്ലാറ്റ്ഫോമിൽ ഇന്ത്യയിലെ തൊഴിലാളിവർഗം ഒന്നിക്കുക എന്നത് അസാധ്യമായിരുന്നു. ഈയൊരു പ്രശ്നമാണ് അംബേദ്കർ ഇന്ത്യയിലെ വർഗ്ഗ സമര രാഷ്ട്രീയത്തിന്റെ മുന്നിൽ വെച്ചത്.

"പ്രായോഗിക രാഷ്ട്രീയ തലത്തിൽ തൊഴിലാളി വർഗ ഐക്യത്തിന്റെ മുന്നുപാധിയായി ജാതിനിർമൂലനത്തെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു അംബേദ്കർ മുന്നോട്ടുവെച്ച നിലപാടിന്റെ കാതൽ.' എന്നാൽ ഈ ആശയത്തെ സൈദ്ധാന്തികമായി പിന്തുണക്കാൻ അന്നത്തെ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക് സാധിച്ചില്ല. അന്ന് അംബേദ്കർ ഉയർത്തിയ രാഷ്ട്രീയ നിലപാടിനോട് നിഷേധാത്മക സമീപനമാണ് കൊളോനിയൽ കാലത്തെ കമ്യൂണിസ്റ്റ്‌ പാർട്ടി സ്വീകരിച്ചത്.

അത് വളരെ സ്വഭാവികമാണുതാനും, കാരണം അതുവരെ കമ്യൂണിസ്റ്റ്‌ പാർട്ടികൾ പിന്തുടരുന്ന രീതിശാസ്ത്രങ്ങൾക്ക് വിരുദ്ധമായ നിലപാടായിരുന്നു അത് എന്നതുകൊണ്ട്. എന്നാൽ ഈ ആശയ പ്രതിസന്ധിയെ മനസിലാക്കി പിന്തിരിഞ്ഞു നിൽക്കുകയല്ല അംബേദ്കർ ചെയ്തത്, മറിച്ച് സാധ്യമായ ഇടങ്ങളിലെല്ലാം കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി യോജിച്ചു പ്രവർത്തിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഒരു പടികൂടെ കടന്ന് ഇൻഡിപെൻഡൻറ്​ ലേബർ പാർട്ടി രൂപീകരിക്കുകയും അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ സോഷ്യലിസം ഉൾപ്പെടുത്തുകയും കൂടെ ചെയ്തു. മാത്രമല്ല ലേബർ പാർട്ടിയുടെ കൊടിയുടെ നിറം നീലയായിരുന്നില്ല മറിച്ച്​, ലോക തൊഴിലാളി വർഗം ഉയർത്തിപ്പിടിക്കുന്ന കൊടിയടയാളമായ ചുവപ്പായിരുന്നു എന്നതും വിസ്മരിച്ചുകൂടാ. ഒരു ഘട്ടത്തിൽ അദ്ദേഹം അസന്നിഗ്ദമായി പറയുന്നൊരു കാര്യം, "നമ്മുടെ രാജ്യത്ത് ജനാധിപത്യം പരാജയപ്പെട്ടാൽ അതിന്റെ ഫലം വിപ്ലവവും കമ്യൂണിസവും ആയിരിക്കു’മെന്നാണ്.

അംബേദ്കറിന്റെ നേതൃത്വത്തിൽ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി 1938-ൽ നടത്തിയ പ്രക്ഷോഭം

സാമ്പത്തികമായി സമൂഹം സംഘടിക്കണമെങ്കിൽ സാമൂഹ്യമായും വിവേചനരഹിതമാക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഒരൊറ്റ വർഗവ്യവസ്ഥയിലേക്ക് സമൂഹം എത്തുന്നതിനെ തടയുന്ന സോഷ്യൽ സിസ്റ്റമായിരുന്നു നിലനിന്നത്. ഇവിടെയാണ് അംബേദ്കർ തുല്യതയും നീതിയും പ്രദാനം ചെയ്യുന്ന കർമ പദ്ധതികൾക്കു രൂപം നൽകുന്നത്. എല്ലാവരും തുല്യതയോടെ നിലനിൽക്കുന്ന സമൂഹമേ ചൂഷണരഹിതമാവുകയുള്ളു, ഈ ആശയത്തിന്റെ മെഗാ നറേറ്റിവാണ് ഇന്ത്യൻ ഭരണഘടന.

അവകാശങ്ങൾ നേടിയെടുക്കാൻ നിയമവ്യവസ്ഥയായിരുന്നു അംബേദ്കർ കണ്ടെത്തിയ ഏറ്റവും ഫലപ്രദമായ മാർഗം. തൊഴിൽ സമയം 14 മണിക്കൂറിൽ നിന്ന്​ എട്ടു മണിക്കൂറായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് 1942 നവംബറിൽ നടന്ന ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ ഏഴാമത് സെഷനിൽ അംബേദ്കർ അവതരിപ്പിച്ച പ്രമേയം പിന്നീട് പാസാക്കുകയുണ്ടായി.

വൈസ്രോയി കൗൺസിലിൽ അംഗമായിരുന്നു കാലത്ത് തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഉൾപ്പെടെ ചില സുപ്രധാനമായ തൊഴിനിയമങ്ങൾ അദ്ദേഹം മുൻപോട്ടു വെക്കുകയുണ്ടായി. സ്ത്രീ- പുരുഷ ഭേദമന്യേ തൊഴിലാളികൾക്ക് തുല്യവേതനം, മെഡിക്കൽ ലീവ്, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങളിലെല്ലാം അംബേദ്കറിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മാത്രമല്ല, രോഗികളായ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ സ്പെഷ്യൽ ഉദ്യോഗസ്ഥനെ നിയമിക്കുവാനും അദ്ദേഹം അംഗമായ സമിതിക്ക് കഴിഞ്ഞു.

ഇന്റിപെൻഡന്റ് ലേബർ പാർട്ടി അംഗങ്ങളോടൊപ്പം അംബേദ്കർ / Photo: Velivada

അംബേദ്കറിന്റെ ഇടപെടൽ എംപ്ലോയ്മെൻറ്​ എക്സ്ചേഞ്ച് മുതൽ ട്രേഡ് യൂണിയൻ വരെ ശക്തിപ്പെടുത്തലുകൾക്ക് ആക്കം കൂട്ടുകയും, 1943-ൽ ട്രേഡ് യൂണിയനുകളെ നിയമം മൂലം അംഗീകരിക്കുന്നതിനായി ഇന്ത്യൻ ട്രേഡ് യൂണിയൻ നിയമത്തിൽ അദ്ദേഹം ഭേദഗതി കൊണ്ടുവരുകയും ചെയ്തു. 1944 ജനുവരി 25, 26 തീയതികളിൽ ലക്​നോവിൽ ചേർന്ന സ്ഥിരം തൊഴിൽ സമിതിയുടെ യോഗത്തിൽ ഇന്ത്യയിലെ വ്യവസായ തൊഴിലാളികളുടെ ക്ഷാമബത്ത, സേവനരേഖകളുടെ പരിപാലനം, കാന്റീനുകൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ശ്രദ്ധേയമായ ഇടപെടലുകൾ അദ്ദേഹം നടത്തുകയുണ്ടായി.

സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിമൻ ലേബർ പ്രൊട്ടക്ഷൻ ആക്ട്, മെറ്റേണിറ്റി ബെനിഫിക്ട് ഫോർ വിമൻ ലേബർ, കൽക്കരി ഖനികളിൽ തൊഴിൽ ചെയ്യാനായി സ്ത്രീകളെ നിയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം തുടങ്ങിയവയെല്ലാം തയ്യാറാക്കി നടപ്പിലാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം നടപ്പിലാക്കാൻ ശ്രമിച്ച ഹിന്ദു കോഡ് ബില്ല് അക്ഷരാർഥത്തിൽ സ്ത്രീകളുടെ സമ്പൂർണ വിമോചനം ലക്ഷ്യമാക്കിയുള്ളതായിരുന്നു.

1944 ഒക്ടോബറിൽ ചേർന്ന ത്രികക്ഷി തൊഴിൽ സമിതിയുടെ സമ്പൂർണ സമ്മേളനത്തിൽ, തൊഴിലിനുവേണ്ടിയുള്ള സാമൂഹ്യ സുരക്ഷിതത്വ നയങ്ങൾ ആസൂത്രണം ചെയ്യുന്നതിന് മതിയായ വിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വേതനം, സമ്പാദ്യം, നിയമനം, ഭവന പദ്ധതികൾ, പൊതുവായ സാമൂഹ്യ സ്ഥിതികൾ തുടങ്ങിയവ ഉറപ്പുവരുന്നതിനുള്ള ഒരു സ്ഥിരം സംവിധാനം രൂപീകരിക്കുന്നതിനുള്ള ഇടപെടൽ അംബേദ്കർ നടത്തുകയുണ്ടായി.

ഇത്തരത്തിൽ ഇന്ത്യയിലെ തൊഴിലാളികളുടെ അവകാശങ്ങൾ മുൻനിർത്തിയുള്ള കാര്യങ്ങൾ സാധ്യമാക്കാൻ അംബേദ്കർ ആവതു ശ്രമിച്ചു. വൈസ്രോയിയുടെ കൗൺസിലിൽ അംഗമായും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ മന്ത്രിയായും അദ്ദേഹം നടത്തിയ ഇടപെടലുകളും ഭരണകൂടത്തിന് പുറത്ത് അദ്ദേഹം നടത്തിയ സമരങ്ങളും ജനാധിപത്യ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പക്ഷെ, തൊഴിൽ മേഖലയിൽ അടക്കം ഡോ. അംബേദ്കർ നടത്തിയ ഇടപെടലുകൾ വേണ്ടരീതിയിൽ പുറംലോകം അറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ആയതിനാൽ തന്നെ മറ്റൊരു അംബേദ്കർ വായന സാധ്യമാക്കേണ്ടതുണ്ട്.

റഫറൻസ്:
1. കേന്ദ്ര നിയമ നിർമാണ സഭ പ്രസംഗങ്ങൾ 1942-46, വാല്യം 18; ഡോ. അംബേദ്കർ സമ്പൂർണ കൃതികൾ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (2011).
2. ജാതി നിർമൂലനം, വാല്യം 1; ഡോ. അംബേദ്കർ, സമ്പൂർണ കൃതികൾ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് (2011).
3. ശ്രീകുമാർ, ടി. ടി (2019): പുനർവായനകളിലെ മാർക്സിസം, ഡി.സി. ബുക്സ്.

Comments