53 ദിവസമായി സെക്രട്ടേറിയറ്റിനുമുന്നിൽ രാപ്പകൽ സമരവും 15 ദിവസമായി നിരാഹാര സമരവും നടത്തിവരുന്ന ആശ വർക്കർമാർ ആരോഗ്യമന്ത്രി വീണ ജോർജ്ജുമായി ഇന്ന് നടത്തിയ മൂന്നാം ഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. വേതന പരിഷ്‌കരണത്തിന് കമീഷനെ നിയമിക്കാമെന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. ഇത് സമരസമിതി തള്ളി. ചർച്ച നാളെ തുടർന്നേക്കും.
സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും ചർച്ചയിൽ പരിഗണിക്കപ്പെട്ടില്ല. അസോസിയേഷനു പുറമെ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളും ചർച്ചക്കെത്തി. കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ഒഴികെയുള്ള മറ്റ് ട്രേഡ് യൂണിയനുകളെല്ലാം കമീഷനെ നിയോഗിക്കാനുള്ള നിർദേശം അംഗീകരിച്ചു.
കമീഷനെ നിയോഗിച്ച് സമരത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്ന് ചർച്ചക്കുശേഷം സമിതി നേതാക്കൾ പറഞ്ഞു.
“ചർച്ചയിൽ പറ്റാവുന്ന അത്രയും ഞങ്ങൾ താഴ്ന്നു. കമീഷനെ വെക്കാമെന്നാണ് സർക്കാർ പറയുന്നത്. സമരം തകർക്കാനുള്ള നീക്കമാണ് കമീഷൻ വെക്കുന്നതിലൂടെ സർക്കാർ നടത്തുന്നത്. അതിന് ഞങ്ങൾ അനുവദിക്കില്ല. ഈ സമരത്തെ ഇല്ലായ്മ ചെയ്യാനും ഞങ്ങളുടെ ആവശ്യങ്ങളെ തള്ളിക്കളയാനുമാണ് സർക്കാർ ശ്രമിക്കുന്നത്. വിജയിക്കും വരെ മുന്നോട്ട് പോകും” - ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.മിനി, കെ.പി റോസമ്മ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഓണറേറിയം വർധിപ്പിക്കാൻ കമ്മീഷന്റെ ആവശ്യമില്ലെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
“തങ്ങൾ ഉയർത്തിയ ഡിമാന്റിൻമേൽ ചർച്ച നടത്താൻ ആവശ്യപ്പെട്ടപ്പോൾ സമരത്തിന്റെ ആവശ്യത്തിൻമേൽ ഒരു പ്രപ്പോസൽ വെക്കാൻ പോലും മന്ത്രിക്ക് കഴിഞ്ഞില്ല. ഓണറേറിയം വർധിപ്പിക്കുന്നത് ആലോചിക്കാനേ കഴിയില്ല എന്നാണ് അവർ പറഞ്ഞത്. എല്ലാ യൂണിയനുകളും ചേർത്ത് കമ്മിറ്റി ഉണ്ടാക്കാമെന്നാണ് സർക്കാർ പറയുന്നത്. കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ഒഴികെയുള്ള മറ്റെല്ലാ യൂണിയനുകളും സർക്കാരിന്റെ ഈ തീരുമാനത്തെ അംഗീകരിക്കുകയാണ് ചെയ്തത്. ഓണറേറിയം വർധിപ്പിക്കലും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതിനും ഒരു കമ്മറ്റിയുടെ ആവശ്യമില്ലെന്നാണ് സമരസമിതിയുടെ നിലപാട്. സമരത്തിന്റെ നോട്ടീസ് മുൻകൂട്ടി നൽകുകയും രണ്ടു തവണ ചർച്ച നടക്കുകയും ചെയ്തിട്ടും ഇപ്പോഴും കമ്മിറ്റി ഉണ്ടാക്കാമെന്നാണ് സർക്കാർ പറയുന്നത്. മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാൻ കമ്മീഷൻ വെക്കുന്നതിന് സമരസമിതി എതിരല്ല. പക്ഷെ ഓണറേറിയം വർധിപ്പിക്കാനും വിരമിക്കൽ ആനുകൂല്യം നൽകാനും കമ്മീഷന്റെ ആവശ്യമില്ല.” - കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു പറഞ്ഞു.

അതേസമയം ഓണറേറിയം വർധനവ് ആവശ്യപ്പെടില്ലെന്നാണ് സി.ഐ.ടി.യു നിലപാട്. സർക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഓണറേറിയം വർധിപ്പിക്കാൻ ആവശ്യപ്പെടില്ലെന്ന് എളമരം കരീം പറഞ്ഞിരുന്നു.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടറിയേറ്റിനു മുമ്പിൽ രാപ്പകൽ സമരം.
ഇന്ന് ചർച്ചയിൽ സമരസമിതി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ:
1. ഓണറേറിയം 21000 രൂപയാക്കി വർധിപ്പിക്കുക; അത് എല്ലാ മാസവും ആദ്യത്തെ 5 ദിവസത്തിനുള്ളിൽ നൽകുക.
2. 2025 മാർച്ച് 12 ലെ ഉത്തരവിൽ ഓണറേറിയത്തിൽ ഇൻസെന്റീവിലൂടെ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക.
3. റിട്ടേയർമെന്റ് ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക.
4. റിട്ടയർമെന്റ് പ്രായം 62 ആക്കി നിശ്ചയിച്ച 2022 മാർച്ച് 2 ന്റെ ഉത്തരവ് പിൻവലിക്കു, റിട്ടയർമെന്റ് പ്രായം 65 വയസ് ആക്കി നിശ്ചയിക്കുക.
5. വിരമിക്കുന്നവർക്ക് പെൻഷൻ ഏർപ്പെടുത്തുക.
6. സമരവുമായി ബന്ധപ്പെട്ട് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കും ആശാവർക്കർമാർക്കും സമരത്തെ പിന്തുണച്ചവർക്കുമെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുക.
7. സമരവുമായി ബന്ധപ്പെട്ട് ആശാവർക്കർമാർക്കെതിരെ യാതൊരു പ്രതികാര നടപടികളും ഉണ്ടാവുകയില്ലെന്ന് ഉറപ്പ് നൽകുക; ഓണറേറിയവും ഇൻസെന്റീവുകളും തടഞ്ഞു വെക്കൽ, പിരിച്ചു വിടൽ ഭീഷണി, പകരക്കാരെ വെക്കൽ തുടങ്ങിയ നടപടികൾ പിൻവലിക്കുക.

കഴിഞ്ഞ രണ്ടു വട്ടം ചർച്ചകളും പ്രധാന ആവശ്യങ്ങളിൽ തീരുമാനമാകാതെയാണ് പിരിഞ്ഞത്. ഇത്തവണ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് മൂന്നാം ഘട്ട ചർച്ചക്ക് സമരസമിതിയെ ക്ഷണിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ചർച്ചയിൽ തങ്ങൾക്കനുകൂലമായ തീരുമാനങ്ങളുണ്ടാകുമെന്നായിരുന്നു ആശമാരുടെ പ്രതീക്ഷ. എന്നാൽ, ഇന്നത്തെ ചർച്ച പരാജയപ്പെട്ടതോടെ, ഇനി ചർച്ചക്ക് മന്ത്രി സമരപ്പന്തലിൽ വരണമെന്നാണ് സമരസമിതിയുടെ ആവശ്യം. മൂന്നാമതും ചർച്ച പരാജയപ്പെട്ടതോടെ ആശമാർ സെക്രട്ടറിയേറ്റിനു മുന്നിലെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞ രണ്ട് വട്ട ചർച്ചകളിൽ നിന്ന് വ്യത്യസ്തമായി സംഘടന ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായാൽ സമരം അവസാനിപ്പിക്കാമെന്നായിരുന്നു സമരസമിതിയിലെ ധാരണ. എന്നാൽ ചർച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം.