ആശാ സമരം തുറന്നിടുന്ന
ഭാവികാല സാധ്യതകൾ

ലോകമെങ്ങും അടിസ്ഥാന മനുഷ്യർ നടത്തുന്ന അവകാശസമരങ്ങളെപോലെ കേരളത്തിന്റെ ജനകീയസമരങ്ങളുടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ് ആശ വർക്കർ സമരമെന്നും അതിന് പുതിയ കാലത്ത് വലിയ പ്രസക്തിയുണ്ടെന്നും എഴുതുന്നു, ഡോ. അരുൺ കരിപ്പാൽ.

ടിസ്ഥാന മനുഷ്യരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ, ഭരണകൂട അടിച്ചമർത്തലിനെ അപ്രസക്തമാക്കി തുടരുമെന്നും അവരുടെ ശബ്ദങ്ങൾ പൗരസമൂഹത്തിലിടം നേടുമെന്നുമുള്ള വലിയ പാഠമാണ്, പുതിയ വർഷത്തിൽനിന്ന് തിരിഞ്ഞുനോക്കുമ്പോൾ, 2025-ൽ കേരളത്തിലെ ആശാ വർക്കർമാർ നടത്തിയ സമരം ലോകത്തിന് നൽകുന്ന സന്ദേശം. 266 ദിവസം നീണ്ട ഈ സമരം, കേരളത്തിൽ നടന്നിട്ടുള്ള ജനകീയ സമരങ്ങളുടെ ചരിത്രത്തിലെ വേറിട്ട അധ്യായമാണ്. അധികാരത്തിലേറിക്കഴിഞ്ഞാൽ രാഷ്ട്രീയ പാർട്ടികൾ ജനകിയ വിഷയങ്ങളിൽനിന്ന് മുഖം തിരിക്കുകയും പ്രതികരിക്കേണ്ട സംഘടിത പ്രസ്ഥാനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങൾ മാത്രമാവുകയും ചെയ്യുമ്പോൾ ജനം അവരുടെ ആവശ്യങ്ങൾക്കായി ഒന്നിക്കുന്നു, തെരുവിലിറങ്ങുന്നു. അവകാശങ്ങൾക്കുവേണ്ടി ശബ്‌ദിക്കുന്നവർ രാജ്യദ്രോഹികളും, ഭരണകൂടത്തെ തകർക്കാൻ ശ്രമിക്കുന്നവരുമായി മുദ്രകുത്തപ്പെടും, എങ്കിലും അവകാശനിഷേധങ്ങളോട് നിശ്ശബ്ദമായിരിക്കാനാകില്ല എന്ന് ഒരു തൊഴിൽ സമൂഹം എന്ന നിലയ്ക്കുമാത്രമല്ല, ഒരു പൗരസമൂഹം എന്ന നിലയ്ക്കുകൂടി ആശ വർക്കർമാർ, ഈ സമരത്തിലൂടെ തെളിയിച്ചു.

മനുഷ്യാവകാശങ്ങൾക്കും, പരിസ്ഥിതിക്കും, ലിംഗ പദവിക്കും വേണ്ടിയൊക്കെയുള്ള ഇത്തരം സാമൂഹ്യ മുന്നേറ്റങ്ങൾ (New Social Movements) ഇന്ത്യയിൽ 1970-കൾ മുതൽ ശക്തിപ്രാപിക്കുകയും വലിയ സാമൂഹ്യ മാറ്റങ്ങൾക്കു കാരണമാവുകയും ചെയ്തു. സംഘടിത പ്രസ്ഥാനങ്ങളുടെ നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലും ജനകീയ പോരാട്ടങ്ങളുടെ ഫലമായാണ് അടിസ്ഥാനപരമായ പല മാറ്റങ്ങളും ഉണ്ടായിട്ടുള്ളത്. മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിക്കാനും അവരുടെ നിലപാട് തിരുത്തിക്കാനും അത്തരം സമരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലുണ്ടായ ശ്രദ്ധേയങ്ങളായ ജനകീയ സമരങ്ങളുടെ ചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു 2025- ൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന അതിജീവനസമരം.

ഭൂമിയിലുള്ള ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരങ്ങൾ, ദലിത് സമൂഹങ്ങളുടെ കുടിയെഴിക്കലിനെതിരായ സമരങ്ങൾ, പ്ലാച്ചിമട സമരം, എൻഡോസൾഫാൻ വിരുദ്ധസമരം, നെൽവയൽ, വനം, പുഴ, കായൽ തുടങ്ങിയവയുടെ സംരക്ഷണത്തിനായുള്ള പരിസ്ഥിതി സമരങ്ങൾ, മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട സമരങ്ങൾ എന്നിവ വലിയ ചലനങ്ങളുണ്ടാക്കി. കാലാവസ്ഥാമാറ്റം, സ്ത്രീ- പുരുഷബന്ധങ്ങൾ, ലൈംഗികത്തൊഴിലാളികളുടെയും ട്രാൻസ്ജെന്റർ സമൂഹത്തിന്റെയും പ്രശ്നങ്ങൾ, സാമൂഹിക നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ മുഖ്യധാരയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് ഇത്തരം മൂവ്മെന്റുകളാണ്. ഇത്തരം ശ്രദ്ധേയ സമരങ്ങളുടെ ചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു 2025- ൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന അതിജീവനസമരം. കേരളത്തിന്റെ ആരോഗ്യമേഖലയിലെ പ്രധാന കണ്ണികളായ സ്ത്രീ തൊഴിലാളികൾ, അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി എട്ടര മാസത്തോളം, അവഹേളനങ്ങൾ സഹിച്ച്, തെരുവിൽ സമരം ചെയ്യേണ്ടിവന്നു എന്നത് കേരളത്തിന്റെ പുരോഗമന രാഷ്ട്രീയത്തെക്കുറിച്ചുള്ള വീമ്പുപറച്ചിലിനേറ്റ അടിയായിരുന്നു.

2025 ഫെബ്രുവരി പത്തിനാണ് സെക്രട്ടേറിയറ്റിനുമുന്നിൽ ആശ പ്രവർത്തകർ രാപ്പകൽ സമരം തുടങ്ങിയത്. ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുക, എല്ലാ മാസവുും അഞ്ചാം തീയതിക്കുള്ളിൽ ഓണറേറിയം നൽകുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ അനുവദിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. പ്രതിദിന മിനിമം വേതനം 700 രൂപയായി ഉയർത്തുമെന്ന 2021-ലെ LDF പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കണം എന്നാണ് ആശാവർക്കർമാർ ആവശ്യപ്പെട്ടത്. മാത്രമല്ല, ആശ പ്രവർത്തകർ സമരം ആരംഭിക്കുമ്പോൾ ഓണറേറിയം നവംബർ മുതൽ മൂന്നു മാസവും, നാലുമാസത്തെ ഇൻസെന്റീവും സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയിരുന്നു.

പ്രതിദിന മിനിമം വേതനം 700 രൂപയായി ഉയർത്തുമെന്ന 2021ലെ എൽഡിഎഫ് പ്രകടനപത്രികയിലെ  വാഗ്ദാനം നടപ്പിലാക്കണം എന്നാണ്  ആശാവർക്കർമാർ ആവശ്യപ്പെട്ടത്.
പ്രതിദിന മിനിമം വേതനം 700 രൂപയായി ഉയർത്തുമെന്ന 2021ലെ എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കണം എന്നാണ് ആശാവർക്കർമാർ ആവശ്യപ്പെട്ടത്.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശ വർക്കർമാരുടെ (Accredited Social Health Activists) വേതനത്തിലെ പ്രധാന പങ്കായ ഓണറേറിയം സംസ്ഥാന സർക്കാറും ഇൻസെന്റീവ് കേന്ദ്ര സർക്കാറുമാണ് നൽകുന്നത്. ഐ ഗോപിനാഥ് എഴുതിയ ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’ എന്ന പുസ്തകത്തിൽ പറയുന്നതുപോലെ, സമരം ചെയ്യാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് വിശ്വസിക്കുന്നവരും സമരം ചെയ്യുന്നവരൊക്കെ തങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരാണെന്നുമുള്ള ഇടതുപക്ഷ നയം തന്നെയാണ് ആശാ സമരത്തിന്റെ കാര്യത്തിലും ഉണ്ടായത്. ആശ പ്രവർത്തകരുടെ വേതന വർദ്ധനവ് തങ്ങളുടെ ഉത്തരവാദിത്വമല്ല എന്നായിരുന്നു ഇടതുപക്ഷ സർക്കാറിന്റെ നിലപാട്. ആശ വർക്കർമാരുടെ പ്രധാന സംഘടനയായ CITU ഈ സമരത്തെ തള്ളിപ്പറയുക മാത്രമല്ല, സമരം ചെയ്യുന്നവരെ വിലക്കാൻ ശ്രമിക്കുകയും ചെയ്തു. കോൺഗ്രസ് സമരത്തെ അനുകൂലിച്ചപ്പോഴും ചെറിയ ശതമാനം മെമ്പർമാരുള്ള INTUC മുഖംതിരിച്ചുനിന്നു. എന്നാൽ, ഇടതുപക്ഷത്തുനിന്നുള്ളവർ അടങ്ങുന്ന സാംസ്കാരിക പ്രവർത്തകർ അടക്കമുള്ള പൗരസമൂഹം ആശമാർക്കൊപ്പം നിന്നു.

ഇത്തരം ഐക്യദാർഢ്യങ്ങളുടെ കരുത്തിൽ ഓരോ ഘട്ടത്തിലും സമരത്തിന്റെ ശൈലി മാറ്റാനും പ്രചാരണം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കാനും സമരത്തിൽ പ​ങ്കെടുക്കാത്ത ആശ വർക്കർമാരെ കൂടി അനുഭാവികളാക്കാനും സമരക്കാർക്ക് സാധിച്ചു.

ആശ പ്രവർത്തകർ നടത്തിയ ക്ലിഫ് ഹൗസ്  മാർച്ചിൽ പോലീസ് സ്ത്രീകൾ എന്ന പരിഗന പോലും കൽപ്പിക്കാതെ മൃഗീയമായി മർദിച്ചും അവരുടെ വസ്ത്രങ്ങൾ കീറിയും ആണ്  നേരിട്ടത്.
ആശ പ്രവർത്തകർ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പോലീസ് സ്ത്രീകൾ എന്ന പരിഗന പോലും കൽപ്പിക്കാതെ മൃഗീയമായി മർദിച്ചും അവരുടെ വസ്ത്രങ്ങൾ കീറിയും ആണ് നേരിട്ടത്.

ചർച്ചകളിലെല്ലാം നിഷേധാത്മക നിലപാട് സ്വീകരിച്ച സർക്കാർ, തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പിനുതൊട്ടുമുമ്പ് ആശമാരുടെ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചു.

266 ദിവസം ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും മാത്രമല്ല, മാനസിക - ശാരീരിക സമ്മർദ്ദങ്ങളെയടക്കം അതിജീവിച്ചു നേടിയത് ഒട്ടനവധി കാര്യങ്ങളാണ്.

നവംബർ ഒന്ന് മുതൽ ഓണറേറിയം 8000 രൂപയാക്കി, 1000 രൂപയുടെ വർധനവ്. 26,125 ആശാ വർക്കർമാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഓണറേറിയം ലഭിക്കുന്നതിന് ഏർപ്പെടുത്തിയ ജനാധിപത്യ വിരുദ്ധമായ 10 മാനദണ്ഡങ്ങൾ റദ്ദാക്കി. ആശമാരുടെ ജോലിഭാരം കുറച്ചു. വേതനമില്ലാത്ത ആശുപത്രി ഡ്യൂട്ടി, ആർദ്രം ഡ്യൂട്ടി എന്നിവയിൽ നിന്നും ആശമാരെ ഒഴിവാക്കി. വർഷങ്ങളായി കൊടുക്കാതിരുന്ന കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ പ്രതിമാസ തീം ബേസ്ഡ് ഇൻസെന്റീവ് സംസ്ഥാന സർക്കാരിനെ കൊണ്ട് നൽകിപ്പിക്കാനായി.

വിഷയം പാർലമെൻറിൽ ചർച്ചയായതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഫിക്സഡ് ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി ഉയർത്തി. ചുരുങ്ങിയത് 10 വർഷം ജോലി ചെയ്ത ആശമാർക്ക് വിരമിക്കുമ്പോൾ നൽകുന്ന ആനുകൂല്യം 20,000 രൂപയിൽനിന്ന് 50, 000 രൂപയായി ഉയർത്തി. ഇതിന്റെ ഗുണം രാജ്യത്തെ 9.83 ലക്ഷം ആശ പ്രവർത്തകർക്കാണ് ലഭിക്കുക.

പരമ്പരാഗത സമരരീതികളോടൊപ്പം പുതിയ ആശയങ്ങൾ കൂടി ചേർന്ന ഹൈബ്രിഡ് സമരമായിരുന്നു ആശ സമരം. പ്രകോപനങ്ങളിലൂടെ ലഭിക്കുന്ന വാർത്താ പ്രാധാന്യത്തേക്കാൾ സഹനത്തിന്റെ പാതയിൽ, ജനാധിപത്യപരമായി നടത്തുന്ന പോരാട്ടങ്ങൾക്ക് ഫലം കാണാനാകുമെന്ന് ഈ സമരം സൂചിപ്പിക്കുന്നു.

സമരത്തെതുടർന്ന്, ആശ വർക്കർമാരുടെ ആവശ്യങ്ങൾ പഠിക്കാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ അധ്യക്ഷയും ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ആർ. സുഭാഷ് കൺവീനറുമായ കമ്മിറ്റിയെ സർക്കാറിന് നിയോഗിക്കേണ്ടിവന്നു. പ്രധാന ആവശ്യങ്ങളിലൊന്നും പ്രസക്തമായ നിർദ്ദേശങ്ങളുണ്ടായില്ലെങ്കിലും സമരത്തെ പൂർണമായി അവഗണിക്കാനാകില്ലെന്ന ബോധ്യത്തിലേക്ക് സർക്കാറിനെ എത്തിച്ചതിന്റെ സൂചനയായി കമ്മിറ്റി രൂപീകരണത്തെ കണക്കാക്കാം.

തിരുവനന്തപുരത്തെ സമരം ജില്ലാതലത്തിൽ തുടരാനുള്ള തീരുമാനവുമായാണ് 2025 നവംബർ ഒന്നിന് ആശ വർക്കർമാർ മടങ്ങിയത്. പരമ്പരാഗത സമരരീതികളോടൊപ്പം പുതിയ ആശയങ്ങൾ കൂടി ചേർന്ന ഹൈബ്രിഡ് സമരമായിരുന്നു ഇത്. പ്രകോപനങ്ങളിലൂടെ ലഭിക്കുന്ന വാർത്താ പ്രാധാന്യത്തേക്കാൾ സഹനത്തിന്റെ പാതയിൽ, ജനാധിപത്യപരമായി നടത്തുന്ന പോരാട്ടങ്ങൾക്ക് ഫലം കാണാനാകുമെന്ന് ഈ സമരം സൂചിപ്പിക്കുന്നു. ആ നിലയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ജെൻസി മുന്നേറ്റങ്ങൾ പോലെ അടയാളപ്പെടുത്തേണ്ട സ്ത്രീമുന്നേറ്റമാണ് കേരളത്തിൽ നടന്ന ആശാ സമരം.

റഫറൻസ്:

  • ഗോപിനാഥ്, ഐ., ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’, ഡി. സി. ബുക്സ്, കോട്ടയം.

  • ത്യാഗി, എസ്., ‘സോഷ്യൽ മൂവ്മെന്റ്സ്: ചലഞ്ചസ് ആൻഡ് ഒപ്പോർട്ടുണിറ്റീസ്’,
    എൻ. ഛന്ദോക് & പി. പ്രിയദർശി, കണ്ടംബററി ഇന്ത്യ: ഇക്കോണമി, സൊസൈറ്റി, പൊളിറ്റിക്സ് (pp. 184–211), നോയിഡ: പിയേഴ്‌സൺ.

  • Unity Monthly. (2025, April). UNITY Monthly, 52(1). https://kerala.sucicommunist.org/wp-content/uploads/2025/07/2025-UNITY-April-1.pdf.

Comments