അടിത്തട്ടു​ പെണ്ണുങ്ങളുടെ
സമരകേരളത്തിലേക്ക്...

ആശാവർക്കർ സമരം പ്രത്യക്ഷത്തിൽ, കൂലിവർദ്ധനവ് മുന്നോട്ടു വെച്ചുകൊണ്ട്, ആധുനിക കേരളത്തിൻ്റെ ആൺ വികസനതന്ത്രം ഗോപ്യമാക്കിയിരിക്കുന്ന അടിത്തട്ടു പെൺചൂഷണത്തെ പുറത്തു കൊണ്ടുവരുന്ന ഒരു രാഷ്ട്രീയ-സാംസ്കാരിക സമരമായി നാന്ദി കുറിക്കുകയാണ് - അശോകകുമാർ വി. എഴുതുന്നു.

പുരകൾക്കും വേലികൾക്കും വേണ്ടി ഓലമെടഞ്ഞിരുന്ന പെണ്ണുങ്ങൾ. കുളത്തിൽ ചീയാനിട്ട തൊണ്ട് എടുത്തു തല്ലി ചകിരിയാക്കിയിരുന്നവർ. രാത്രി പണിയെല്ലാം കഴിഞ്ഞു, മുറിയ്ക്കകത്തോ പുറത്തോ മണ്ണെണ്ണവിളക്കിൻ്റെ വെട്ടത്തിരുന്നു കയറു പിരിച്ചിരുന്നവർ. പാടത്ത് നടാനും കൊയ്യാനും കറ്റ ചുമക്കാനും മെതിക്കാനും പുഴുങ്ങാനും കുത്താനും നിന്നവർ. മൈക്കാടു പണിക്കു പോയവർ; ഇഷ്ടികക്കളത്തിലും കശുവണ്ടിയാപ്പീസിലും ഉള്ള പെണ്ണുങ്ങൾ. ദിവസവും ചന്തയിൽ പോയി മീനും വീട്ടുസാധനങ്ങളും വാങ്ങി വട്ടിയിൽ ചുമന്നു വന്നു, വെച്ചു വിളമ്പിയവർ. അടിച്ചുതളിക്കാരി ജാനു എന്ന ഔട്ട് ഓഫ് ഫോക്കസ് കഥാപാത്രം.

ഓണത്തിനും വിഷുവിനും ചുണ്ണാമ്പുകുട്ട തലയിലേറ്റി വീടുതോറും കയറിയവർ. മീൻകുട്ടയുമായി ഓരോ അടുക്കള വാതുക്കലും വന്നവർ. വരണ്ട പാടത്തു വേനൽകൃഷി ചെയ്തു, മത്തങ്ങ, കുമ്പളങ്ങ, ചീര, വെള്ളരികളുമായി വീട്ടിലും കവലയിലും എത്തിയവർ. കൊല്ലക്കുടിയിലെ ആലയിൽ ഉലയൂതിക്കൊടുത്തവർ, കൈലു കുത്തിയിരുന്നവർ, വീടുതോറും വന്നു വിഴുപ്പു കെട്ടെടുത്തു കൊണ്ടുപോയി, ഗ്രാമം മുഴുവൻ കേൾക്കെ ഉച്ചത്തിൽ അടിച്ചലക്കി കഴുകിയുണക്കി , തിരികെ വീടുകളിൽ കൊണ്ടുവന്നവർ. കായലിൽ മുങ്ങി കക്ക വാരിയവർ; ചെറുവെള്ളത്തിൽ ഒറ്റാലിൽ തപ്പി മീൻ പിടിച്ചവർ; അക്കരെയിക്കരെ വള്ളം തുഴഞ്ഞവർ. തത്തമ്മയുമായി വന്ന കൈനോട്ടക്കാരികൾ. നാട്ടിലെ അക്ഷരക്കളരിയിലെ ആശാട്ടിമാർ. കുപ്പിവളയും ചാന്തുമായി "കറുത്ത ചെട്ടിച്ചികൾ". തേയില കൊളുന്തു നുള്ളുന്നവർ. കള്ളുഷാപ്പിലെ കറിവെപ്പുകാരത്തി. വെള്ളേപ്പം ചുട്ടുപാത്രത്തിലാക്കി, വീടുതോറും വിൽക്കാൻ മക്കളെ ഏൽപ്പിച്ചവർ. വീട്ടിൽ നൂലുനൂല്പും നെയ്ത്തും ചെയ്തവർ; തഴപ്പായ നെയ്ത്തുകാർ; മൺപാത്രക്കാരികൾ.

പകലും രാത്രിയും വീടും പറമ്പും പാടവും തോടും കുളവും കായലുമെല്ലാം തൊഴിലിടങ്ങളാക്കിയ അടിത്തട്ടു പെണ്ണുങ്ങളുടെ അധ്വാന സാന്നിദ്ധ്യമില്ലായിരുന്നെങ്കിൽ ഭൂതകാല കേരളം ഉണ്ടാകുമായിരുന്നില്ല. അവരില്ലെങ്കിൽ ഓലകൾ മെടയുകയോ ചോർന്ന പുരകൾ കെട്ടുകയോ ചെയ്യുമായിരുന്നില്ല
പകലും രാത്രിയും വീടും പറമ്പും പാടവും തോടും കുളവും കായലുമെല്ലാം തൊഴിലിടങ്ങളാക്കിയ അടിത്തട്ടു പെണ്ണുങ്ങളുടെ അധ്വാന സാന്നിദ്ധ്യമില്ലായിരുന്നെങ്കിൽ ഭൂതകാല കേരളം ഉണ്ടാകുമായിരുന്നില്ല. അവരില്ലെങ്കിൽ ഓലകൾ മെടയുകയോ ചോർന്ന പുരകൾ കെട്ടുകയോ ചെയ്യുമായിരുന്നില്ല

പെട്രോൾ പമ്പിൽ യൂണിഫോമിൽ പണിയെടുക്കുന്നവർ. തുണിക്കടകളിലേക്കും സ്വർണ്ണക്കടകളിലേക്കും രാവിലെ ഒരേതരം സാരിയും ബ്ലൗസുമായി ജോലിക്കു പോകുന്നവർ. ആശുപത്രികളിൽ കൗണ്ടറിലും വാർഡിലും കഴുത്തിൽ തൂക്കിയ ബാഡ്ജുമായി തിരക്കിട്ടു മുഴുകിയവർ. സ്കൂൾ ബസ്സിലെ ആയമാർ. ഉച്ചഭക്ഷണ പാചകക്കാരികൾ, അച്ചാറും സോപ്പും കൊണ്ടാട്ടവും ഉണ്ടാക്കി പാക്കറ്റാക്കി സ്റ്റാളിലിരിക്കുന്ന കുടുംബശ്രീ കൂട്ടങ്ങൾ. ആശാവർക്കർ - അംഗനവാടിക്കാർ, അൺ എയ്ഡഡ് സ്ക്കൂളിലെ ടീച്ചർമാർ, ഐസുവെള്ളത്തിലിരുന്നു, ദ്രവിച്ചു വിളർത്ത വിരലുകളാൽ ചെമ്മീൻ കിള്ളുന്നവർ. ഗോൾഡ് ലോൺ/ഫിനാൻസിലെ കണക്കെഴുത്തുകാരികൾ/ കളക്ഷൻ ഏജൻ്റുമാർ, ലോട്ടറി വില്പനക്കാർ, അക്ഷയ സെൻ്ററിലെ ജോലിക്കാർ, പൊതുനിരത്തിലെ ശക്തിപ്രകടനത്തിൻ്റെ മുന്നിൽ സെറ്റുസാരി ചുറ്റി ബാനറുപിടിക്കുന്നവർ - വരവേൽക്കുന്നവർ. ഔദ്യോഗിക പരിപാടികളിൽ ഓഡിറ്റോറിയം കസേരകളിൽ നിരക്കുന്നവർ.

സാർവ്വത്രിക സാക്ഷരതയും വിദ്യാഭ്യാസവും ലിംഗഭേദമെന്യേ കേരളത്തിൽ സംഭവിച്ചപ്പോൾ മിക്ക മേഖലകളിലും പുരുഷാധ്വാനം പിൻവാങ്ങുകയും പുതിയ മേഖലകൾ ഉയർന്നുവരുകയും ചെയ്തു. അവിടങ്ങളിൽ കുറഞ്ഞ കൂലിക്കു പെൺ അധ്വാനശേഷിയെ ഉപയോഗിക്കുകയും ചെയ്യുന്നു.

പകലും രാത്രിയും വീടും പറമ്പും പാടവും തോടും കുളവും കായലുമെല്ലാം തൊഴിലിടങ്ങളാക്കിയ അടിത്തട്ടു പെണ്ണുങ്ങളുടെ അധ്വാന സാന്നിദ്ധ്യമില്ലായിരുന്നെങ്കിൽ ഭൂതകാല കേരളം ഉണ്ടാകുമായിരുന്നില്ല. അവരില്ലെങ്കിൽ ഓലകൾ മെടയുകയോ ചോർന്ന പുരകൾ കെട്ടുകയോ ചെയ്യുമായിരുന്നില്ല. ഇന്നും അവരുടെ മക്കളോ ചെറുമക്കളോ ആയ പെണ്ണുങ്ങൾ ഇല്ലെങ്കിൽ വസ്ത്രാലയങ്ങൾ തങ്ങളുടെ പുതിയ പുതിയ ഷോറൂമുകൾ താരങ്ങളാൽ ഓപ്പൺ ചെയ്യിക്കില്ല. കേരളത്തിൽ എല്ലാ ജാതി/മത/രാഷ്ട്രീയ/മുതലാളി സംഘങ്ങളുടെ ആതുരാലയങ്ങളും വിദ്യാലയങ്ങളും നിലനിൽക്കുന്നതും വളരുന്നതും പെണ്ണുങ്ങളുടെ സമയമത്രയും മുതലെടുത്തിട്ടാണ്. സർക്കാർ തലത്തിലാകട്ടെ, സമാന്തരമായി അംഗനവാടി ജീവനക്കാരും ആശാവർക്കർമാരും ഏറ്റവും കൂടുതൽ സമയം, ഏറ്റവും കുറഞ്ഞ കൂലിക്കു പണിയെടുക്കുന്നു.

സാർവ്വത്രിക സാക്ഷരതയും വിദ്യാഭ്യാസവും ലിംഗഭേദമെന്യേ കേരളത്തിൽ സംഭവിച്ചപ്പോൾ മിക്ക മേഖലകളിലും പുരുഷാധ്വാനം പിൻവാങ്ങുകയും പുതിയ മേഖലകൾ ഉയർന്നുവരുകയും ചെയ്തു. അവിടങ്ങളിൽ കുറഞ്ഞ കൂലിക്കു പെൺ അധ്വാനശേഷിയെ ഉപയോഗിക്കുകയും ചെയ്യുന്നു. അങ്ങനെ മാത്രം പച്ചപിടിച്ചു മേലോട്ടു ഉയർന്നവയാണ് ടെക്‌സ്റ്റൈലുകളും അൺ എയ്ഡഡ് സ്ക്കൂളുകളും സ്വകാര്യ ആശുപത്രികളുമെല്ലാം. ഇവിടങ്ങളിലെല്ലാം അധ്വാനത്തിൻ്റെ 90 % വും ആഭ്യസ്തവിദ്യരായ അടിത്തട്ടു സത്രീകളുടേതാണ്.

യഥാർത്ഥത്തിൽ, പെണ്ണുങ്ങൾക്കു വർധിച്ചുവന്ന വിദ്യാഭ്യാസവും സമൂഹത്തിലെ തൊഴിലില്ലായ്മയും ജീവിതച്ചെലവുകളുടെ ആധിക്യവും സമർത്ഥമായി കേരളത്തിലെ സേവനമേഖലയിലെ ഇൻവെസ്റ്റുമെൻ്റുകാർ ഉപയോഗിക്കുന്നുവെന്നു പറയാം
യഥാർത്ഥത്തിൽ, പെണ്ണുങ്ങൾക്കു വർധിച്ചുവന്ന വിദ്യാഭ്യാസവും സമൂഹത്തിലെ തൊഴിലില്ലായ്മയും ജീവിതച്ചെലവുകളുടെ ആധിക്യവും സമർത്ഥമായി കേരളത്തിലെ സേവനമേഖലയിലെ ഇൻവെസ്റ്റുമെൻ്റുകാർ ഉപയോഗിക്കുന്നുവെന്നു പറയാം

യഥാർത്ഥത്തിൽ, പെണ്ണുങ്ങൾക്കു വർധിച്ചുവന്ന വിദ്യാഭ്യാസവും സമൂഹത്തിലെ തൊഴിലില്ലായ്മയും ജീവിതച്ചെലവുകളുടെ ആധിക്യവും സമർത്ഥമായി കേരളത്തിലെ സേവനമേഖലയിലെ ഇൻവെസ്റ്റുമെൻ്റുകാർ ഉപയോഗിക്കുന്നുവെന്നു പറയാം. ഇതിൻ്റെ ചുവടുപിടിച്ചാണ് അടിത്തട്ടു സമൂഹങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസ ശേഷിയെ വിനിയോഗിക്കുന്നതിനായി അംഗനവാടി - ആശാവർക്കർ തൊഴിലുകൾ ഉണ്ടായത്. അതായത് കേരളം പോലെയുള്ള മൂന്നാംലോക സമൂഹങ്ങളിൽ അടിത്തട്ടു പെണ്ണുങ്ങളിൽ ഉയരുന്ന വിദ്യാഭ്യാസ നിലവാരത്തെയും സമൂഹത്തിലെ അരക്ഷിതത്വത്തെയും തൊഴിലില്ലായ്മയെയും സ്വകാര്യമേഖല മാത്രമല്ല, സർക്കാർ മേഖലയും സമർത്ഥമായി ഉപയോഗിക്കുന്നതിൻ്റെ "മാതൃക"യാണിത്.

സേവന -വേതന വ്യവസ്ഥകൾ അപ്രസക്തമാക്കപ്പെട്ട "ഓണറേറിയം" തൊഴിലുകാരാണ് ഈ ജീവനക്കാർ. ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പുകളിൽ മാത്രമല്ല, എസ്.എസ്.എ. തുടങ്ങിയ ഉത്തരാധുനിക ലോകബാങ്ക് വിദ്യാഭ്യാസ പ്രോജക്ടുകളിലും ഇപ്രകാരം താൽക്കാലിക ഓണറേറിയം തൊഴിലാളികൾ ഇന്നുണ്ട്. സ്വകാര്യമേഖല പെൺഅധ്വാനത്തെ മുതലെടുക്കുന്നത് അതേപടി അനുകരിച്ച് സർക്കാർ മേഖലകളും പ്രവർത്തിക്കുന്നു. ഓണറേറിയം പറ്റുക എന്നാൽ പെൺഅധ്വാനത്തെ സേവനമായി കരുതി "ആദരിക്കുന്നു" എന്നാണ് ധ്വനി. പെണ്ണുങ്ങൾ വീട്ടിൽ ചെയ്യുന്ന സേവനവേലകളുടെ തുടർച്ചയായി സ്വകാര്യമേഖലയിലും പൊതുമേഖലയിലും അവരുടെ സേവനത്തെ ഉപയോഗപ്പെടുത്തുന്നു. വീട്ടിലും നാട്ടിലും പെൺ അധ്വാനത്തെ പ്രത്യുല്പാദനപരമായ സർവ്വീസായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ അവരെ ഉല്പാദനമേഖലകളിൽ എന്നതിനേക്കാൾ വിദ്യാഭ്യാസം, ആരോഗ്യം, വസ്ത്രാലങ്കാരം, ശിശുപരിചരണം തുടങ്ങിയ രംഗങ്ങളിലേക്കു എത്തിക്കുന്നു.

മുമ്പ് മീൻ പിടിക്കാനും കയറുപിരിക്കാനും കൃഷിപ്പണിയിലും ഏർപ്പെട്ടിരുന്ന പെണ്ണുങ്ങൾ തൊഴിൽപരമായി സാമൂഹിക "മാന്യത" കിട്ടാത്തവരാണെങ്കിലും അവരുടെ അധ്വാനം ഇത്രമാത്രം ഗോപ്യമായി കവർന്നെടുക്കപ്പെട്ടിരുന്നോ? അതുകൊണ്ടു തന്നെ അവർ ആത്മാഭിമാനികളും സ്വാശ്രയബോധം ഉള്ളവരും ആയിരുന്നു.

കേവലം വേതന വർദ്ധനവിനു വേണ്ടി മാത്രമുള്ള ഒരു സത്യാഗ്രഹമായി ചുരുങ്ങാൻ വിസമ്മതിക്കുന്ന അധികമാനങ്ങൾ ആശാസമരം പേറുന്നുവെന്നു കേരളത്തിലെ (ഇടതു) ആൺ ഭരണകൂടം തിരിച്ചറിയുന്നതു കൊണ്ടു കൂടിയാണ് ഈ സമരത്തെ അംഗീകരിക്കാൻ അവർ ഒരുമ്പെടാത്തത്.

പെണ്ണുങ്ങൾ തൊഴിലിടത്തിലേക്കു കൂടുതൽ കൂടുതലായി വരുന്നത് സാമൂഹ്യ പുരോഗതിയുടെ അളവുകോലുകളിൽ സുപ്രധാനമായിട്ടാണ് സാമ്പത്തിക- സാമൂഹിക ശാസ്ത്രം അന്താരാഷ്ട്രതലത്തിൽ തന്നെ കരുതുന്നത്. "അടുക്കളയിൽ നിന്നും അരങ്ങത്തേക്കു" വരാതെ പെണ്ണുങ്ങൾ വീട്ടിൽ തന്നെ തളയ്ക്കപ്പെട്ട സമൂഹം ഏറെ പഴഞ്ചനായി കണക്കാക്കപ്പെടുന്നു. എന്നാൽ കേരളത്തിലെ അടിത്തട്ടു സമൂഹങ്ങളിൽ പണ്ടും പെണ്ണുങ്ങളുടെ തൊഴിൽ സാന്നിദ്ധ്യം സാർവ്വത്രികമായിരുന്നു എന്നു കാണാം. അവർ അന്നും ഇന്നും അരങ്ങിലും അണിയറയിലും അടിത്തട്ടിലുമുണ്ട്. എന്നാൽ പരമ്പരാഗതവും സ്വാശ്രിതവും അസംഘടിതവും വൈവിധ്യപൂർണ്ണവുമായ ഇത്തരം പെൺതൊഴിലുകളുടെ ഉല്പാദനപരതയെ തൊഴിലിൻ്റെ ആധുനിക മാനദണ്ഠങ്ങൾ കാണുകയോ അംഗീകരിക്കുകയോ ചെയ്തില്ല.

ആശാവർക്കറോ അംഗനവാടിക്കാരിയോ കല്യാൺ സിൽക്സിലെ സെയിൽസ് ഗേളോ ആയാൽ, പെണ്ണ് വീടിൻ്റെ അകത്തളത്തിൽ നിന്നും പുറത്തുവന്ന തൊഴിലിടത്തിലെ സ്ത്രീസാന്നിദ്ധ്യമായി.
ആശാവർക്കറോ അംഗനവാടിക്കാരിയോ കല്യാൺ സിൽക്സിലെ സെയിൽസ് ഗേളോ ആയാൽ, പെണ്ണ് വീടിൻ്റെ അകത്തളത്തിൽ നിന്നും പുറത്തുവന്ന തൊഴിലിടത്തിലെ സ്ത്രീസാന്നിദ്ധ്യമായി.

ഇപ്പോൾ വന്ന മാറ്റം, ഗാർഹികാനുബന്ധമെന്നു പറയാവുന്നതും പ്രത്യക്ഷത്തിൽ ‘വർണ്ണപ്പകിട്ടു’ ള്ളതുമായ സേവനത്തൊഴിലുകളിലേക്ക് പെണ്ണുങ്ങൾ ഏറ്റവും കുറഞ്ഞ കൂലിക്കു പണിയെടുക്കുന്നു എന്നതാണ്. ഇങ്ങനെ ഏറ്റവും കുറഞ്ഞ വേതനം കിട്ടുന്ന സ്വകാര്യ/പൊതു പണിയിടങ്ങളിലേക്കു വന്നപ്പോൾ, അതിനെ അടുക്കളയിൽ നിന്നും അരങ്ങത്തേക്കു വന്ന പെൺതൊഴിലായി കണക്കാക്കുന്നുണ്ടെങ്കിലും, വികസനത്തിൻ്റെ ഈ സാമ്പത്തികശാസ്ത്രം പെണ്ണുങ്ങൾക്കു കിട്ടുന്ന തുച്ഛവേതനത്തെപ്പറ്റി മിക്കവാറും മൗനം അവലംബിക്കുന്നു. അതായത് തൊഴിലിടത്തിലെ പെൺസാന്നിദ്ധ്യമാണ് വികസന മാനദണ്ഡത്തിൽ പ്രധാനം; അവർക്ക് അർഹമായ സേവന -വേതന വ്യവസ്ഥകൾ ഉണ്ടോ എന്നതല്ല. കാരണം വീട്ടിലെന്നതുപോലെ പുറത്തും അടിത്തട്ടു പെൺഅധ്വാനത്തെ കൂലിയില്ലാത്ത പ്രത്യുല്പാദനശക്തിയുടെ അതേ പട്ടികയിലാണ് ആധുനിക ആൺകേരളവും പെടുത്തിയിരിക്കുന്നത്. 1980-കളുടെ അന്ത്യം മുതൽ കേരളത്തിൽ മുന്നേറിയ സേവനമേഖലാ വികസനമെന്നത് അടിത്തട്ടു പെൺവർഗ്ഗത്തിൻ്റെ പ്രത്യുല്പാദന അധ്വാനശേഷിയുടെ നവവിനിയോഗത്തെ കാണിക്കുന്നു.

ആശാവർക്കറോ അംഗനവാടിക്കാരിയോ കല്യാൺ സിൽക്സിലെ സെയിൽസ് ഗേളോ ആയാൽ, പെണ്ണ് വീടിൻ്റെ അകത്തളത്തിൽ നിന്നും പുറത്തു വന്ന തൊഴിലിടത്തിലെ സ്ത്രീസാന്നിദ്ധ്യമായി. എന്നാൽ മുമ്പ് ഓല മെടഞ്ഞും ചകിരി തല്ലിയും നെല്ലു കുത്തിയും ഒക്കെ പെണ്ണുങ്ങൾ നേടിയ നിലനില്പിൻ്റെ വരുമാനത്തിനപ്പുറം എന്തെങ്കിലും, പത്തും പന്ത്രണ്ടും മണിക്കൂർ പണിയെടുക്കേണ്ട അടിത്തട്ടു പെണ്ണുങ്ങൾക്ക് പുതിയ ആൺ സ്വകാര്യ/പൊതു തൊഴിൽമേഖലകൾ കൊടുക്കുന്നുണ്ടോ എന്നതാണ് ചോദ്യം. വീട്ടുബന്ധനത്തിൽ നിന്നും സ്വതന്ത്രയായി പുറത്തുവന്ന "ജോലിക്കാരി" എന്ന പുതിയ പദവി കൊടുത്ത്, കേരളത്തിലെ അടിത്തട്ടു പെൺഅധ്വാനത്തെ സമർത്ഥമായി മുതലെടുക്കുകയാണ് പുതുതായി ഉയർന്നു വന്ന പുറംലോകത്തെ തൊഴിലിടങ്ങൾ ഏറെയും. അന്ന് തൊണ്ടു തല്ലിയവർക്കും പാടത്തിറങ്ങിയവർക്കും ചേറിൽ മീൻ പിടിച്ചവർക്കും ഉടുവസ്ത്രങ്ങൾ മുഷിഞ്ഞതായിരുന്നു. ഇന്ന് പലർക്കും യൂണിഫോമും ചീകിയ മുടിയും മിനുക്കിയ മുഖവും മുക്കുപണ്ടങ്ങളുമുണ്ട്. വസ്ത്രം, മേക്കപ്പ് , വീട്ടുചെലവ്, ലോണടവ് അങ്ങനെ അവരുടെ വരുമാനം പിരിയുന്നു. എന്നാൽ അന്ന് സ്വയം തൊഴിലായി കോഴിവളർത്തി മുട്ട വിറ്റവർക്കും ചകിരി പിരിച്ചു കയറുണ്ടാക്കിയവർക്കും കിട്ടിയിരുന്ന പ്രതിഫലത്തേക്കാൾ എത്രയാണ് കേരളത്തിൽ അടിത്തട്ടു പെണ്ണിന് വരുമാനം കൂടിയത്?

രാവിലെയും രാത്രിയിലുമായി വീതിക്കപ്പെട്ടിരിക്കുന്ന വീട്ടുപണികൾ കഴിഞ്ഞാൽ, രാവിലെ ഒമ്പതു മുതൽ ആറ് - ഏഴുവരെയുള്ള മണിക്കൂറുകളെങ്കിലും പുറം പണിയിടത്തിൽ ചെലവാക്കുന്ന പെൺസമയത്തിൻ്റെ പുറത്താണ് കേരളം അതിൻ്റെ തിളങ്ങുന്ന ഓരോ മേഖലയുടെയും പ്രൗഢി പ്രദർശിപ്പിച്ചു പോരുന്നത്.

അടിത്തട്ടു പെണ്ണുങ്ങളുടെ ഇന്നത്തെ മിക്ക തൊഴിലിടത്തിലും ജോലിസ്ഥിരതയോ അവകാശങ്ങളോ ആനുകുല്യങ്ങളോ ഇല്ല. രാവിലെയും രാത്രിയിലുമായി വീതിക്കപ്പെട്ടിരിക്കുന്ന വീട്ടുപണികൾ കഴിഞ്ഞാൽ, രാവിലെ ഒമ്പതു മുതൽ ആറ് - ഏഴുവരെയുള്ള മണിക്കൂറുകളെങ്കിലും പുറം പണിയിടത്തിൽ ചെലവാക്കുന്ന പെൺസമയത്തിൻ്റെ പുറത്താണ് കേരളം അതിൻ്റെ തിളങ്ങുന്ന ഓരോ മേഖലയുടെയും പ്രൗഢി പ്രദർശിപ്പിച്ചു പോരുന്നത്.

സൂക്ഷിച്ചു നോക്കിയാൽ അടുക്കളയിൽ നിന്നും അരങ്ങത്തേക്കു ‘ജോലിക്കാരി’യാക്കി പദവി നൽകി പുറത്തേക്കു കൊണ്ടു വന്നതു വഴി, ഗാർഹികവും പ്രത്യുല്പാദനപരവുമായ പരമ്പരാഗത വേലകളുടെ എക്സ്റ്റൻഷൻ പുറം തൊഴിലിടങ്ങളിലേക്കു കൂടി വിപുലമാക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അടിത്തട്ടു മലയാളിപ്പെണിനു ലോകം തന്നെ കുടുംബമായി മാറിയിട്ടുണ്ട്. വീട്ടിൽ പണിയെടുക്കുന്ന അതേ സേവന മനോഭാവത്തെ തന്നെയാണ് തുണിക്കട ഉടമയുടെയും ആശാവർക്കർ മുതലാളിയായ സർക്കാരിൻ്റെയും ആൺരൂപങ്ങൾ അടിത്തട്ടു പെണ്ണുങ്ങളിൽ നിന്നും ആവശ്യപ്പെടുന്നത്.

അടിത്തട്ടു പെണ്ണുങ്ങളെ ആധുനിക സേവന തൊഴിലിടങ്ങളിലേക്കു കൊണ്ടുവന്ന കേരള ഭരണകൂടം, ആണധികാരം ഉറഞ്ഞു കൂടിയ പരമ്പരാഗത ഗാർഹിക വ്യവസ്ഥയുടെ വിപുലീകൃതവും വ്യംഗ്യവും കപടവുമായ രൂപമാണെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു. പെണ്ണിൻ്റെ പ്രത്യുല്പാദനപരമായ കൂലിയതീത വേലയെ കുടുംബത്തിനു പുറത്ത് സ്വകാര്യ/ പൊതുമേഖലകളിൽ ഊറ്റിയെടുക്കുന്നതിനുള്ള ആധുനിക തന്ത്രമായിട്ടാണ് "അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്" അടിത്തട്ടു സ്ത്രീകളിൽ ഇടപെടുന്നതെന്നു പറയേണ്ടിവരും.

ആശാവർക്കർ സമരം പ്രത്യക്ഷത്തിൽ, കൂലിവർദ്ധനവ് മുന്നോട്ടു വെച്ചുകൊണ്ട്, ആധുനിക കേരളത്തിൻ്റെ ആൺ വികസനതന്ത്രം ഗോപ്യമാക്കിയിരിക്കുന്ന അടിത്തട്ടു പെൺചൂഷണത്തെ പുറത്തു കൊണ്ടുവരുന്ന ഒരു രാഷ്ട്രീയ-സാംസ്കാരിക സമരമായി നാന്ദി കുറിക്കുകയാണ്.
ആശാവർക്കർ സമരം പ്രത്യക്ഷത്തിൽ, കൂലിവർദ്ധനവ് മുന്നോട്ടു വെച്ചുകൊണ്ട്, ആധുനിക കേരളത്തിൻ്റെ ആൺ വികസനതന്ത്രം ഗോപ്യമാക്കിയിരിക്കുന്ന അടിത്തട്ടു പെൺചൂഷണത്തെ പുറത്തു കൊണ്ടുവരുന്ന ഒരു രാഷ്ട്രീയ-സാംസ്കാരിക സമരമായി നാന്ദി കുറിക്കുകയാണ്.

സ്ത്രീസ്വാതന്ത്ര്യവും ലിംഗസമത്വവും ഘോഷിക്കുന്ന ഇന്ത്യയിലെ/കേരളത്തിലെ ഭരണകൂടങ്ങൾ ആൺകോയ്മയിൽ അടിത്തറയിട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം മറനീക്കി കാട്ടിത്തരുകയാണ് ആശാവർക്കർമാരുടെ സമരം. ഈ പെൺതൊഴിൽ സമൂഹവുമായി യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഭരണകൂടം തയ്യാറാകാത്തത് അവർ അടിത്തട്ടു പെൺശക്തിയുടെ പരിച്ഛേദമായതിനാൽ, ഭരണകൂടവുമായും അതിൻ്റെ ആൺപ്രത്യയ ശാസ്ത്രവുമായും നേർവിപരീത സ്ഥാനത്തു നിൽക്കുന്നതിനാലാണ്. ആശാവർക്കർ സമരത്തെ അനുഭാവപൂർവ്വം വീക്ഷിക്കുക എന്നാൽ 1990-കൾ മുതലെങ്കിലും സാർവ്വത്രികമായി തീർന്ന സർക്കാർ/സ്വകാര്യ സേവന മേഖലകളുടെ അഭിമാനത്തിൻ്റെയും സാമ്പത്തികോന്നതിയുടെയും അച്ചുതണ്ടായ അടിത്തട്ടു പെൺ പ്രത്യുല്പാദന മൂല്യങ്ങളെ അല്പമെങ്കിലും അംഗീകരിക്കുക എന്നതാണ്. വീട്ടുപണികൾ തിടുക്കത്തിൽ ചെയ്തു വെച്ചു, സർക്കാർ/സ്വകാര്യ സേവനമേഖലക്കു വേണ്ടി പണിയെടുക്കാൻ പെണ്ണുങ്ങളെ എത്തിക്കുന്നതിനുവേണ്ടി മാത്രമാണ് ലിംഗസമത്വവും സ്ത്രീസ്വാതന്ത്ര്യവും അടിത്തട്ടു പെണ്ണുങ്ങളെ പഠിപ്പിക്കുന്നതെന്ന കാപട്യം ഇവിടെ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു.

നമ്മുടെ ഭരണകൂടങ്ങൾക്ക് അടിത്തട്ടു പെൺവർഗ്ഗത്തോട്, അവർക്കു സമൂഹത്തിൽ ലഭിക്കേണ്ട തുല്യനീതിയോട്, ആധുനിക സമൂഹത്തിനുണ്ടാകണമെന്നു കരുതുന്ന യാതൊരുവിധ അനുഭാവവും, തരിമ്പും ഇല്ലെന്നതിൻ്റെ തെളിവാണ് ആശാവർക്കർ സമരത്തോട് സർക്കാർ പെരുമാറ്റം.

ഞങ്ങളുടെ സമൂഹത്തിൽ സ്ത്രീവിദ്യാഭ്യാസം കുതിച്ചെന്നും, തൊഴിലിടത്തിലെ അവരുടെ സാന്നിധ്യം അതിശയിപ്പിക്കുന്നതാണെന്നുമുള്ള പഠന റിപ്പോർട്ടുകൾ കാട്ടി, ഞങ്ങൾ സ്ത്രീസംരക്ഷണത്തിൽ അത്യുന്നതങ്ങളിൽ വിരാജിക്കുന്നു എന്ന മേനി നടിക്കുന്നതിനുവേണ്ടിയുള്ള സൂത്രപ്പണികൾക്കപ്പുറം നമ്മുടെ ഭരണകൂടങ്ങൾക്ക് അടിത്തട്ടു പെൺവർഗ്ഗത്തോട്, അവർക്കു സമൂഹത്തിൽ ലഭിക്കേണ്ട തുല്യനീതിയോട്, ആധുനിക സമൂഹത്തിനുണ്ടാകണമെന്നു കരുതുന്ന യാതൊരുവിധ അനുഭാവവും, തരിമ്പും ഇല്ലെന്നതിൻ്റെ തെളിവാണ് ആശാവർക്കർ സമരത്തോട് സർക്കാർ പെരുമാറ്റം. അതായത് അടിത്തട്ടു പെണ്ണുങ്ങളുടെ പ്രത്യുല്പാദനപരമായ അധ്വാനത്തിനുമേൽ കെട്ടിപ്പടുത്ത കേരളത്തിലെ പൊതു/സ്വകാര്യ സേവനമേഖലകളുടെ കുതിപ്പിനെ, പെണ്ണുങ്ങളോട് ലവലേശംപോലും അലിവു കാട്ടി മയപ്പെടുത്താൻ കേരള ഭരണകൂടം തയ്യാറല്ലെന്നർത്ഥം. അങ്ങനെ കേരളത്തിൻ്റെ കുതിപ്പിന് പെൺ അധ്വാനത്തെ എങ്ങനെ കണ്ണിൽച്ചോരയില്ലാതെ വിനിയോഗിക്കാം എന്നുള്ളതിൻ്റെ ഉത്തമ പുരുഷാധികാര മാതൃകയായി കേരള സർക്കാർ മാറിയിരിക്കുന്നു; അതും ഇടതുപക്ഷത്താൽ നയിക്കപ്പെടുന്നതും, ലിംഗനീതിയെപ്പറ്റി സെമിനാറും സിംപോസിയവും പഞ്ചായത്തു തോറും സംഘടിപ്പിക്കുന്നതിൽ അത്യുത്സുകവുമായ ഒരു സർക്കാർ.

കേവലം വേതന വർദ്ധനവിനു വേണ്ടി മാത്രമുള്ള ഒരു സത്യാഗ്രഹമായി ചുരുങ്ങാൻ വിസമ്മതിക്കുന്ന അധികമാനങ്ങൾ ആശാസമരം പേറുന്നുവെന്നു കേരളത്തിലെ (ഇടതു) ആൺ ഭരണകൂടം തിരിച്ചറിയുന്നതു കൊണ്ടു കൂടിയാണ് ഈ സമരത്തെ അംഗീകരിക്കാൻ അവർ ഒരുമ്പെടാത്തത്. അടിത്തട്ടു പെൺസമൂഹത്തിൻ്റെ അത്യധ്വാനത്തിൻ്റെ പുറത്താണ് ഉത്തരാധുനിക കേരള സമൂഹത്തിൻ്റെ വികസിതമായ നില എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ ഈ ആൺ ഭരണകൂടം തയ്യാറായാൽ, അത് അടിത്തട്ടു പെൺസമൂഹത്താൽ ഭാവിയിൽ കേരളത്തിൽ നയിക്കപ്പെടുന്ന ലിംഗ സമത്വ - അവകാശ സമരങ്ങളെ ആദരിക്കൽ കൂടിയായി തീരും. ഇനി ആശാവർക്കർ സമരത്തെ അനുഭാവപൂർവ്വം പരിഗണിച്ചില്ലെങ്കിലോ, ഈ അവഗണന തന്നെ വരാൻ പോകുന്ന പെൺനേതൃത്വ അഹിംസാധിഷ്ഠിത സമരങ്ങൾക്ക് തീവ്രപ്രചോദനമായി മാറും. എങ്ങനെ നോക്കിയാലും ആശാവർക്കർ സമരം പ്രത്യക്ഷത്തിൽ, കൂലിവർദ്ധനവ് മുന്നോട്ടു വെച്ചുകൊണ്ട്, ആധുനിക കേരളത്തിൻ്റെ ആൺ വികസനതന്ത്രം ഗോപ്യമാക്കിയിരിക്കുന്ന അടിത്തട്ടു പെൺചൂഷണത്തെ പുറത്തു കൊണ്ടുവരുന്ന ഒരു രാഷ്ട്രീയ-സാംസ്കാരിക സമരമായി നാന്ദി കുറിക്കുകയാണ്.

Comments