മാനദണ്ഡങ്ങളുടെ പേരിൽ സർക്കാർ കബളിപ്പിക്കുന്നു-
ASHA വർക്കർമാർ

തങ്ങൾക്ക് ഓണറേറിയം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ചു എന്ന് സർക്കാർ പറയുമ്പോഴും ആ മാനദണ്ഡങ്ങളെല്ലാം ഇൻസെന്റീവിൽ ഉൾപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് ASHA വർക്കർമാർ പറയുന്നു. ഓണറേറിയത്തിൽ നിന്ന് ഇൻസെന്റീവിലേക്ക് മാറ്റിയ മാനദണ്ഡങ്ങൾ കുറേ കൂടി ബുദ്ധിമുട്ടുള്ളതാണെന്നും അതുവഴി തങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നതെന്നുമാണ് ASHA വർക്കർമാരുടെ പരാതി.

സെക്രട്ടറിയേറ്റിനു മുന്നിൽ ASHA വർക്കർമാർ നടത്തുന്ന സമരം മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി 10-ന് രാപകൽ സമരമായി തുടങ്ങിയ പ്രക്ഷോഭം ഒരു മാസം പിന്നിടുന്ന മാർച്ച് 20 മുതൽ നിരാഹാര സമരത്തിലേക്ക് കടക്കും. രാപ്പകൽ സമരത്തിന്റെ 36-ാം ദിവസമായ തിങ്കളാഴ്ച ASHA വർക്കർമാർ സെക്രട്ടറിയേറ്റ് ഉപരോധിച്ചിരുന്നു.

പ്രതിമാസ ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ഇവ അംഗീകരിക്കാനോ ചർച്ച നടത്താനോ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുകയുമാണ്.

ഓണറേറിയം കുടിശ്ശിക അനുവദിച്ചും ഓണറേറിയം ലഭിക്കാനുള്ള പത്ത് മാനദണ്ഡങ്ങൾ പിൻവലിക്കുകയും ചെയ്ത് സർക്കാർ ഉത്തരവിറക്കിയിരുന്നു. ​ഓരോ മാസത്തെയും നിശ്ചിത ഓണറേറിയമായ 7000 രൂപ ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ് ഒഴിവാക്കിയത്. 10 മാനദണ്ഡങ്ങളിൽ അ​ഞ്ചെണ്ണമെങ്കിലും പാലിക്കാത്തവർക്ക് മുഴുവൻ ഓണറേറിയവും ലഭിച്ചിരുന്നില്ല. യോഗങ്ങളിൽ പ​ങ്കെടുക്കാതിരുന്നാൽ പോലും തുക കുറയ്ക്കുമായിരുന്നു. 3000 രൂപ ഇൻസെന്റീവ് ലഭിക്കാൻ പാലിക്കേണ്ട മാനദണ്ഡങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, മാനദണ്ഡങ്ങളുടെ പേരിൽ സർക്കാർ തങ്ങളെ കബളിപ്പിക്കുകയാണെന്ന് ASHA വർക്കർമാർ പറയുന്നു.

ഓണറേറിയം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ചും ഇൻസെന്റീവ് മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തുമുള്ള സർക്കാർ ഉത്തരവ്
ഓണറേറിയം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ചും ഇൻസെന്റീവ് മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തുമുള്ള സർക്കാർ ഉത്തരവ്

വാർഡ് ആരോഗ്യ റിപ്പോർട്ട് തയ്യാറാക്കുക, വാർഡ് അവലോകന യോഗം നടത്തുക, സബ്‌സെന്റർ അവലോകന യോഗത്തിൽ പങ്കെടുക്കുക, പഞ്ചായത്ത് / ആശുപത്രിയിലെ അവലോകന യോഗത്തിൽ പങ്കെടുക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും മാസത്തിലൊരിക്കലുള്ള ക്ലിനിക്, ജീവിതി ശൈലി രോഗങ്ങൾ, വയോജനങ്ങൾ എന്നിവരുടെ മാസത്തിലൊരിക്കലുള്ള ക്ലിനിക്, മാസത്തിലൊരിക്കലുള്ള പാലിയേറ്റീവ് കെയർ ഡ്യൂട്ടി അല്ലെങ്കിൽ ഔട്ട് റീച്ച് കുത്തിവെപ്പ് ഉൾപ്പെടെയുള്ള ആർ.സി.എച്ച് സേവനങ്ങൾ, മാതൃസ്ഥാപനത്തിൽ മാസത്തിൽ ഒരു ഡ്യൂട്ടി, വാർഡ് തല ആരോഗ്യ സംബന്ധിയായ ആക്ടിവിറ്റി, ക്ലാസ്, ചർച്ച, വാർഡിലെ രോഗഭീഷണി നേരിടുന്നവരുടെ വീടുകളിൽ 10 സന്ദർശനം തുടങ്ങിയ മാനദണ്ഡങ്ങളാണ് ഓണറേറിയം ലഭിക്കുന്നതിന് ഉണ്ടായിരുന്നത്. ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവിൽ തന്നെ ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഭേദഗതി വരുത്തിയിരുന്നു. 3000 രൂപ വരെയുള്ള ഫിക്‌സിഡ് ഇൻസന്റീവ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഓണറേറിയത്തിന് ഉണ്ടായിരുന്ന മാനദണ്ഡങ്ങൾ ഇൻസെന്റീവിനുള്ള മാനദണ്ഡമാക്കി മാറ്റിയതാണ് ഈ ഭേദഗതി. ഓണറേറിയത്തിലെ മാനദണ്ഡങ്ങൾ പിൻവലിച്ചു എന്ന് പറയുമ്പോഴും ആ മാനദണ്ഡങ്ങളെല്ലാം ഇൻസെന്റീവിൽ ഉൾപ്പെടുത്തുകയാണ് സർക്കാർ ചെയ്തിരിക്കുന്നതെന്ന് തിരുവനന്തപുരം പുത്തൻതോപ്പ് സി.എച്ച്.സി യിലെ ആശ വർക്കറായ ബീന ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

സി.എച്ച്.സി യിലെ ആശവർക്കറായ ബീന
സി.എച്ച്.സി യിലെ ആശവർക്കറായ ബീന

“മാനദണ്ഡങ്ങൾ പിൻവലിച്ചുവെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ആ മാനദണ്ഡങ്ങൾ തന്നെ ഇൻസെന്റീവിന്റെ മാനദണ്ഡങ്ങളിലേക്ക് ഉൾപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ആദ്യം ഇത്രയും ചെയ്താൽ മാത്രമായിരുന്നു 7000 രൂപ കിട്ടിയിരുന്നത്. അതിലെ 10 മാനദണ്ഡങ്ങളും കൂടി എടുത്ത് ഇൻസെന്റീവിൽ ഉൾപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. നിലവിൽ ഇൻസെന്റീവിൽ നിരവധി മാനദണ്ഡങ്ങളുണ്ട്. എന്നാൽ ഓണറേറിയത്തിൽ നിന്ന് ഇൻസെന്റീവിലേക്ക് മാറ്റിയ മാനദണ്ഡങ്ങൾ കുറേ കൂടി ബുദ്ധിമുട്ടുള്ളതാണ്. ഞങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അധിക ചുമതലകൾ ഞങ്ങൾക്ക് തന്നിട്ട് ഞങ്ങളുടെ വേതനം വർധിപ്പിക്കാതിരിക്കുന്നത് എത്രത്തോളം ദുഷ്‌കരമാണ്’’- ബീന പറയുന്നു.

ഓണറേറിയം ലഭിക്കുന്നതിനായി നേരത്തെ ഉണ്ടായിരുന്ന മാനദണ്ഡങ്ങൾ
ഓണറേറിയം ലഭിക്കുന്നതിനായി നേരത്തെ ഉണ്ടായിരുന്ന മാനദണ്ഡങ്ങൾ

36 ദിവസമായി സമരത്തിന്റെ പ്രധാന ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞ് നിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയൊരു സമരമാർഗമെന്ന നിലയിൽ സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കുകയും നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തതെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു:

“ആദ്യ ഘട്ടത്തിൽ നിയമപരമായ സമര രീതികളായിരുന്നു ഞങ്ങൾ ചെയ്തിരുന്നത്. അതിൽ ഒരു തീരുമാനവും ഉണ്ടാവാതെ വന്നതോടെയാണ് 36-ാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധത്തിലേക്ക് കടന്നത്. അന്നാണ് ഞങ്ങളൊരു നിയമലംഘനസമരത്തിലേക്ക് കടക്കുന്നത്. അതിനിടക്ക് ആശ മഹാ സംഗമം, നിയമസഭാ മാർച്ച്, വനിതാ ദിനത്തിലെ സമരം തുടങ്ങി പല കാര്യങ്ങൾ ചെയ്തു. നിയമസഭാ മാർച്ചോടെ ഞങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതൊന്നും ഉണ്ടായില്ല. അങ്ങനെയാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിലേക്ക് കടന്നത്. സെക്രട്ടറിയേറ്റ് ഉപരോധത്തെ തുടർന്നും യാതൊരു നടപടിയോ അനുകൂല സമീപനമോ സർക്കാരിൽ നിന്നുണ്ടായിട്ടില്ല. തുടർന്നാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ നിരാഹാര സമരം പ്രഖ്യാപിച്ചത്. മറ്റൊരു സമരമാർഗം എന്ന നിലയ്ക്ക് നിരാഹാരമല്ലാതെ വേറെ മാർഗമില്ല. ആശ വർക്കേഴ്‌സ് ഞങ്ങളോട് അതാണ് ആവശ്യപ്പെടുന്നത്.”

സംസ്ഥാനത്ത് 26125 ആശമാരാണുള്ളത്. 21529 ആശമാർ ഗ്രാമപ്രദേശങ്ങളിലും 4104 ആശമാർ നഗര പ്രദേശങ്ങളിലും 492 ആശമാർ ട്രൈബൽ മേഖലയിലുമാണ്. പ്രതിമാസം 7000 രൂപ ഓണറേറിയം നൽകുന്നതിൽ 10 മാനദണ്ഡമായിരുന്നു ഉണ്ടായിരുന്നത്. ഈ 10 മാനദണ്ഡങ്ങളിൽ 5 എണ്ണം പൂർത്തിയാക്കിയാലാണ് ഓണറേറിയം പൂർണമായും ലഭിച്ചിരുന്നത്. ഇതിൽ ഒരു നിബന്ധന പാലിച്ചില്ലെങ്കിൽ 700 രൂപ കുറയ്ക്കും. ഈ മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്നും ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നതായി വി.കെ സദാനന്ദൻ ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങൾ പിൻവലിച്ചു എന്നല്ലാതെ സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാനോ അത് ചർച്ച ചെയ്യാനോ സർക്കാർ തയ്യാറാകുന്നില്ലെന്നും സദാനന്ദൻ പറഞ്ഞു.

പ്രസിഡന്റ് വി.കെ സദാനന്ദൻ
പ്രസിഡന്റ് വി.കെ സദാനന്ദൻ

“ചർച്ച ചെയ്യുക എന്നത് ഏതൊരു സമരത്തിനോടുമുള്ള ജനാധിപത്യ രീതിയാണ്. കർഷക സമരത്തിന്റെ കാലത്ത് കേന്ദ്ര സർക്കാർ കർഷകരോട് 11 തവണ ചർച്ച ചെയ്തിരുന്നു. എല്ലാ കാലത്തും എല്ലാ സമരങ്ങളോടും അങ്ങനെയാണ് ഉണ്ടാവുക. എന്നാൽ ഇവിടെ പേരിനു മാത്രം ചർച്ച നടത്തി ഞങ്ങളെ ഒഴിവാക്കുകയാണ് സർക്കാർ ചെയ്തത്. കേന്ദ്ര സർക്കാരിനോടാണ് സമരം ചെയ്യേണ്ടത്, ഞങ്ങൾക്കൊന്നും ചെയ്യാനില്ല, കേരളത്തിലാണ് ഏറ്റവും നല്ല രീതിയിൽ കൊടുക്കുന്നത് എന്ന തരത്തിൽ ഒരേ പല്ലവിയാണ് സർക്കാർ തുടരുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഇതേ സ്വരത്തിൽ സംസാരിച്ചു. ഉള്ള കാശിന് തന്നെ മാനദണ്ഡം ഏർപ്പെടുത്തി അത് പിടിക്കുന്ന രീതിയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. 2018 മുതൽ ഞങ്ങൾ ഈ മാനദണ്ഡം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ആ കാര്യത്തിൽ ആദ്യം ചർച്ചക്ക് പോയപ്പോൾ അഞ്ചെണ്ണം പിൻവലിക്കാമെന്ന് മന്ത്രി പറഞ്ഞു. ഞങ്ങൾ പത്തെണ്ണവും പിൻവലിക്കണമെന്ന് ശഠിച്ചു. അവസാനം പരിഗണിക്കാമെന്ന് പറഞ്ഞാണ് അന്നത്തെ ചർച്ച അവസാനിച്ചത്. ഏതായാലും ഇന്നലെ ആ പത്ത് മാനദണ്ഡവും പിൻവലിച്ചു. അത് വളരെ നല്ലതാണ്. അപ്പോഴും ഞങ്ങളുടെ പ്രധാന ആവശ്യങ്ങൾ ബാക്കിയാണ്. 7000 രൂപക്ക് കേരളം പോലൊരു സ്ഥലത്ത് ജീവിക്കാൻ പറ്റില്ല. ഇത്രയും തുച്ഛമായ പ്രതിഫലത്തിന് കുറേയധികം ജോലികൾ ചെയ്തുപോവുകയാണ്. ഇതിലൊരു മാറ്റം വേണം. പിരിഞ്ഞുപോകുമ്പോൾ വിരമിക്കൽ ആനുകൂല്യം നൽകണം. സമരത്തിലിരിക്കുന്നവരിൽ വലിയൊരു ശതമാനം ആളുകളും പിരിഞ്ഞുപോകാനായവരാണ്. അവരെല്ലാം വളരെ ബുദ്ധിമുട്ടിലാണ്. അതിനാണ് മിനിമം അഞ്ചു ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. ബംഗാളിൽ നിലവിൽ അഞ്ച് ലക്ഷം രൂപ കൊടുത്തുകൊണ്ടിരിക്കുകയാണ്. 2020 മുതൽ അവിടെ ഇത് ആരംഭിച്ചിട്ടുണ്ട്. പെൻഷൻ സ്‌കീമും വേണം. ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കാനുളള സന്നദ്ധത കാണിക്കുന്നതിനുപകരം സമരം ചെയ്യാനേ പാടില്ല എന്നതാണ് സർക്കാർ സമീപനം’’- അദ്ദേഹം പറയുന്നു.

Comments