ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, വിരമിക്കൽ ആനുകൂല്യം നൽകാതെ 62-ാം വയസിൽ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ആശ വർക്കേഴ്‌സ് സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ച രാപ്പകൽ സമരവും നിരാഹാര സമരവും മാറ്റമില്ലാതെ തുടരുകയാണ്. കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. നിരാഹാരത്തോടൊപ്പം തിങ്കളാഴ്ച കൂട്ട ഉപവാസം നടത്താനാണ് പുതിയ തീരുമാനം.
കഴിഞ്ഞ ദിവസം നിരാഹാരം കിടന്ന ഷീജ ആറിനെ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് ആശാ വർക്കറായ ശോഭ നിരാഹാരം ഏറ്റെടുത്തത്. രാപ്പകൽ സമരം അടുത്ത ഘട്ടമായ നിരാഹാരത്തിലേക്ക് കടന്നതോടെ പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയിൽ നിന്നും സമരവേദിയിൽ എത്തിയിരുന്നു. ന്യായമായ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന സമരത്തിൽ ഏറ്റവുമൊടുവിൽ നടന്ന രണ്ടു ചർച്ചകളും പരാജയപ്പെടുകയായിരുന്നു. എൻ.എച്ച്.എം ഡയറക്ടറുമായി നടന്ന ആദ്യ ചർച്ചയിൽ തീരുമാനമെടുക്കേണ്ടത് മന്ത്രി സഭയാണെന്നാണ് അവർ പറഞ്ഞൊഴിഞ്ഞത്. പിന്നീട് ആരോഗ്യമന്ത്രി വീണാ ജോർജുമായി നടന്ന ചർച്ചയും പരാജയപ്പടുകയായിരുന്നു. ഫെബ്രുവരി പത്തിനു സമരം ആരംഭിച്ച ശേഷം ഫെബ്രുവരി 14, 15 തീയതികളിൽ നടന്ന ചർച്ചകളിലെ അതേ പല്ലവി തന്നെയായിരുന്നു മാർച്ച് 19 നു നടന്ന മന്ത്രിതല ചർച്ചയിലും ആവർത്തിച്ചത്.

ഓണറേറിയത്തിനുള്ള മാനദണ്ഡം പിൻവലിച്ചുവെന്ന ആവശ്യം അംഗീകരിക്കപ്പെട്ടതിന് ശേഷമാണ് എൻ.എച്ച്.എം ഡറക്ടറുമായി ചർച്ച ആരംഭിച്ചത്. ഉപാധി രഹിത ഓണറേറിയം പ്രഖ്യാപനത്തിലെ വഞ്ചന യോഗത്തിൽ സമരനേതാക്കൾ ചൂണ്ടിക്കാട്ടി. മാർച്ച് 12-ാം തീയതി പ്രഖ്യാപിച്ച ഉപാധി രഹിത ഓണറേറിയത്തിലും തങ്ങളെ വഞ്ചിക്കുന്ന തരത്തിലുള്ള മറ്റ് ഉപാധികളായിരുന്നു ഉണ്ടായിരുന്നതെന്ന് അവർ പറയുന്നു. ഉത്തരവിന്റെ ആദ്യ ഭാഗം ഉപാധി രഹിത ഓണറേറിയം ആയിരുന്നെങ്കിൽ രണ്ടാം ഭാഗമെത്തുമ്പോഴേക്കും അത് ഇൻസെന്റീവ് ബേസിഡ് ഓണറേറിയമായി മാറുകയാണ് ചെയ്തത്. അതായത് ഇൻസെന്റീവ് 1000 രൂപയായി കുറഞ്ഞാൽ 3000 രൂപയേ ഓണറേറിയം ലഭിക്കുകയുള്ളൂ. ഉപാധിയേക്കാൾ വലിയ ഉപാധിയാണിത്. നേരത്തെ 700 രൂപയെല്ലാമായിരുന്നു കുറഞ്ഞിരുന്നത്. പ്രധാന ആവശ്യങ്ങൾ ചർച്ച ചെയ്യാതെ ഇത്തരം കാര്യങ്ങൾ സംസാരിക്കാനാണ് യോഗത്തിൽ ശ്രമം നടന്നത്. പിന്നീട് മന്ത്രിതല ചർച്ച നിർദേശിക്കുകയും വൈകുന്നേരത്തോടെ നിയമസഭാ മന്ദിരത്തിൽ ചർച്ച നടക്കുകയും ചെയ്തു.
സമരത്തിലുള്ളവരുടെ ശാഠ്യം കാരണമാണ് ചർച്ച പരാജയപ്പെട്ടതെന്നാണ് നിയമസഭയിൽ മന്ത്രി എം.ബി രാജേഷ് പറഞ്ഞത്.
“ആശാ പ്രവർത്തകരോട് സർക്കാരിന് അനുഭാവ പൂർവമായ നിലപാടാണുള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1000 രൂപയായിരുന്നു ആശ വർക്കേഴ്‌സിന്റെ ഓണറേറിയം. തുടർന്ന് 2016 - 17 വർഷത്തിൽ 1500, 2017 - 18 ൽ 2000, 2018-19 ൽ 4000, 2019 -20 ൽ 4500, 2020 -21 ൽ 5000, 2021-22 ൽ 6000, 2023 ഡിസംബറിൽ 7000 എന്നിങ്ങനെ ആശമാരുടെ ഓണറേറിയം വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ മാർച്ച് 11 ന് രാജ്യസഭയിൽ അഡ്വ. ഹാരിസ് ബീരാന്റെ ചോദ്യത്തിനുള്ള മറുപടിയായി സംസ്ഥാനങ്ങൾക്ക് നൽകുന്ന ഇൻസെന്റീവുകളുടെ കണക്കിൽ കേരളം ഓണറേറിയമായി ആശമാർക്ക് 6000 രൂപ നൽകുന്നുവെന്നാണ് പറഞ്ഞത്. സാധാരണ പാർലമെന്റിൽ വരുന്ന ചോദ്യങ്ങൾക്ക് സംസ്ഥാനങ്ങളിൽ നിന്നും വിവരം ശേഖരിക്കും. എന്നാൽ അങ്ങനെയൊന്നുമില്ലാതെ 7000 കൊടുക്കുന്നത് 6000 എന്ന് തെറ്റായി കൊടുക്കുകയാണ് ഉണ്ടായത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മറുപടിയാണിത്. ആശമാർക്ക് ഉറപ്പായും കിട്ടുന്ന 10000 രൂപയിൽ 8200 ഉം കൊടുക്കുന്നത് സംസ്ഥാനമാണ്. ആ പതിനായിരത്തിൽ 1200 കൊടുക്കുന്ന കേന്ദ്രവിഹിതം മാസങ്ങളായി കുടിശികയുമാണ്. എന്നിട്ടും സമരം സംസ്ഥാനത്തിനെതിരെയാണ്.”

സംസ്ഥാന സർക്കാർ ഓണറേറിയമായി നൽകുന്ന 7000 രൂപയും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചേർന്ന് ഫിക്‌സഡ് ഇൻസെന്റീവായി നൽകുന്ന 3000 രൂപയും ബാക്കി വരുന്ന ഇൻസെന്റീവുകളും ചേർന്നാണ് ആശമാർക്ക് 13500 രൂപ ലഭിക്കുന്നത്. ഫിക്‌സഡ് ഇൻസന്റീവുകളും മറ്റ് ഇൻസന്റീവുകളിലും 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് നൽകി വരുന്നത്. 7000 രൂപ ഓണറേറിയം ലഭിക്കാൻ പത്തോളം ഉപാധികളുണ്ടായിരുന്നു. ഉപാധി രഹിത ഓണറേറിയം പ്രഖ്യാപിക്കുമ്പോഴും ഇൻസെന്റീവുകളിൽ ഉപാധി വർധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
മന്ത്രിതല ചർച്ചയിൽ ആവശ്യങ്ങൾ പൂർണമായും ഉന്നയിച്ചപ്പോൾ സമരം പിൻവലിക്കാനാണ് മന്ത്രി പറഞ്ഞതെന്ന് സമര സമിതി അംഗങ്ങൾ പറഞ്ഞു. തങ്ങൾക്ക് ചെയ്യാനുള്ളതെല്ലാം ചെയ്‌തെന്നാണ് മന്ത്രി പറഞ്ഞത്. ഇതിനു മമ്പ് നടന്ന ചർച്ചയിലും ഇതേ കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നത്. ഓണറേറിയം 21000 രൂപയാക്കുക, പിരിഞ്ഞു പോകുമ്പോൾ അഞ്ചു ലക്ഷം രൂപ നൽകുക, പെൻഷൻ അനുവദിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ മന്ത്രി മിണ്ടിയതേയില്ലെന്ന് സമരനേതാക്കൾ പറയുന്നു. ഇതൊന്നും പറയാതെയാണ് ചർച്ച മുന്നോട്ട് പോയത്. 21000 രൂപ നിലവിലെ ഓണറേറിയത്തിന്റെ മൂന്നിരട്ടിയാണെന്ന് പറഞ്ഞ മന്ത്രി ഏതെങ്കിലും തരത്തിൽ ഓണറേറിയം വർധിപ്പിക്കുന്നതിന്റെ സാധ്യത പോലും മിണ്ടിയില്ല. നിരാഹാര സമരം ഇന്ന് മൂന്നാം ദിവസമാണ്. ഇനി മാർച്ച് 24 ന് നിരാഹാര സമരമിരിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ട ഉപവാസം നടത്താനാണ് സമര സമിതിയുടെ തീരുമാനം.