നിലമ്പൂരിലെ
വോട്ടർമാരെ കാണാൻ
സമരം ​ചെയ്യുന്ന ആശമാരെത്തും

‘‘നിലമ്പൂരിൽ ഞങ്ങൾ ഒരു പാർട്ടിക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ല. ആളുകൾക്ക് ഇഷ്ടമുള്ള വ്യക്തികൾക്കോ പ്രസ്ഥാനങ്ങൾക്കോ വോട്ടു ചെയ്യാം, അതവരുടെ ചോയ്സാണ്. ആശ വർക്കർ സമരത്തോടുള്ള സർക്കാർ നിലപാട് വോട്ടർമാരോട് തുറന്നുപറയുകയാണ് ഞങ്ങൾ ചെയ്യുന്നത്’’- വിധി എഴുതുക എന്നുള്ളതാണ് ഞങ്ങൾ വോട്ടർമാരോട് പറയുന്നത്.” - കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറയുന്നു.

‘ആശ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനൊരുങ്ങി, സമരം ചെയ്യുന്ന ആശ വർക്കർമാർ. മണ്ഡലത്തിലെ വീടുകൾ കയറി ആശമാരോടുള്ള സർക്കാർ അവഗണനയെക്കുറിച്ച് വോട്ടർമാരോട് നേരിട്ട് സംസാരിക്കാനാണ് തീരുമാനം. ഇതിനായി കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനിയുടെ നേതൃത്വത്തിൽ ആശ വർക്കർമാരുടെ സംഘം ജൂൺ 12 ന് നിലമ്പൂരിൽ എത്തും. വീടുകൾ കയറിയുള്ള പ്രചാരണത്തിന് പുറമെ ആശ ഹെൽത്ത് വർക്കേഴ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടിയും നടക്കും.

നിലമ്പൂരിൽ മത്സരിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ പിന്തുണ പ്രഖ്യാപിക്കാതെ സർക്കാർ നിലപാടുകൾക്കെതിരെ വോട്ട് ചെയ്യാൻ വോട്ടർമാരോട് അഭ്യർഥിക്കുക മാത്രമാണ് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ചെയ്യുന്നത്. സ്ത്രീപക്ഷ സർക്കാരെന്നും തൊഴിലാളിപക്ഷ സർക്കാരെന്നും പറയുന്നവർ അങ്ങനെയല്ല എന്ന് നിലമ്പൂരിലെ വോട്ടർമാരെ ഓർമപ്പെടുത്താനാണ് നിലമ്പൂരിലേക്ക് പോകുന്നതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“ഫെബ്രുവരി 10 ന് ആരംഭിച്ച സമരം നാല് മാസം പൂർത്തിയാവുകയാണ്. ഇതുവരെയും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഞങ്ങളെ കൂടുതൽ കൂടുതൽ അപമാനിക്കുകയാണ്. ഏപ്രിലിലെ ഓണറേറിയം എല്ലാ ആശമാർക്കും മുഴുവനായി ലഭിച്ചിട്ടില്ല. അതിനകത്ത് വലിയ വെട്ടിക്കുറവ് വരുത്തി. പണിയെടുത്തവർക്ക് കൂലി കൊടുക്കുന്നില്ല. നിലവിലുള്ള കൂലി പോലും വെട്ടിക്കുറച്ച സാഹചര്യത്തിൽ, ഇത്രയും ദിവസമായി സ്ത്രീ തൊഴിലാളികൾ തെരുവിൽ സമരമിരിക്കുമ്പോൾ അതിനെ കണ്ടില്ലെന്ന് നടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്ത്രീപക്ഷ സർക്കാരാണെന്നും തൊഴിലാളിപക്ഷ സർക്കാരാണെന്നുമെല്ലാമാണ് അവർ പറയുന്നത്. പക്ഷെ അതല്ല യാഥാർഥ്യമെന്നത് വോട്ടർമാരെ ഓർമിപ്പിക്കാനാണ് ഞങ്ങൾ നിലമ്പൂരിലേക്ക് പോകുന്നത്. നിലമ്പൂരിലെ എല്ലാ വോട്ടർമാരും ഈ സമരത്തോടൊപ്പം തന്നെയാണ്. സമരയാത്ര നിലമ്പൂരിലെത്തിയപ്പോൾ ഞങ്ങൾക്ക് ശക്തമായ സ്വീകരണമായിരുന്നു ലഭിച്ചത്. സമരയാത്രയിൽ നിലമ്പൂരിൽ ഞങ്ങൾ ഒരു ദിവസം അന്തിയുറങ്ങുകയും ചെയ്തിരുന്നു. ആശാ സമരത്തെ ഇത്രമേൽ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യമാണ് ഞങ്ങളവിടെ ഉയർത്തുന്നത്. നിലമ്പൂരിൽ ഞങ്ങൾ ഒരു പാർട്ടിക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ല. ആളുകൾക്ക് ഇഷ്ടമുള്ള വ്യക്തികൾക്കോ പ്രസ്ഥാനങ്ങൾക്കോ വോട്ടു ചെയ്യാം, അതവരുടെ ചോയിസാണ്. സർക്കാരിന്റെ നിലപാടുകൾക്കെതിരെ വിധി എഴുതുക എന്നുള്ളതാണ് ഞങ്ങൾ വോട്ടർമാരോട് പറയുന്നത്.” - എസ് മിനി പറയുന്നു.

കുടുംബ സംഗമം, മഹാസംഗമം, നിയമസഭാ മാർച്ച്, വനിതാ സംഗമം, സെക്രട്ടേറിയറ്റ് ഉപരോധം, നിരാഹാര സമരം, കൂട്ട ഉപവാസം മുടി മുറിക്കൽ സമരം തുടങ്ങി വിവിധ സമരമുറകളിലൂടെ കടന്നുവന്ന സമരത്തിന്റെ നാലാം ഘട്ടമായി പ്രഖ്യാപിച്ച രാപകൽ സമരയാത്ര സംസ്ഥാനത്ത് പര്യടനം തുടരുന്നുണ്ട്. നിലമ്പൂർ മണ്ഡലത്തിൽ ഉൾപ്പെടെ നൂറിലേറെ കേന്ദ്രങ്ങളിലൂടെയുള്ള രാപകൽ സമര യാത്ര ജൂൺ 18 ന് തിരുവനന്തപുരത്ത് സമാപിക്കും.

Comments