എന്തുകൊണ്ടാണ് ആശമാരുടെ സമരം സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാൻ കഴിയാത്തത്?ഖജനാവിൽ പണമില്ലാത്തതുകൊണ്ടാണോ? പലതും കാണുമ്പോൾ അങ്ങനെ തോന്നുന്നില്ലല്ലോ. അതോ സമരത്തിന്റെ കൂടെ അനഭിമതരായ ചില രാഷ്ട്രീയക്കാർ ഉള്ളതു കൊണ്ടാണോ? അടിസ്ഥാനവർഗ്ഗത്തിൽപെട്ട സ്ത്രീകളാണ് സമരരംഗത്തുള്ളത്. അവരെ പിന്തുണയ്ക്കുന്നത് മനുഷ്യത്വപരമായ ഒരു പ്രവൃത്തിയല്ലേ? ഇത് ഇടതുപക്ഷത്തിൻ്റെ അഭിമാന പ്രശ്നമായിട്ടാണോ അതോ പൊരിയുന്ന വയറിൻറെ പ്രശ്നമായിട്ടാണോ സർക്കാർ കാണുന്നത്?
കേന്ദ്രമാണ് ഓണറേറിയം കൂട്ടേണ്ടതെങ്കിൽ ആശമാരെ കളിയാക്കുന്നതിനുപകരം കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചുകൂടെ ?
ASHA WORKERS' STRIKE WEBZINE PACKET 204
സർ,
ഉണ്ണുന്ന ചോറിലും കുടിക്കുന്ന വെള്ളത്തിലും വിരിച്ചിട്ട മെത്തയിലുമൊക്കെ തലമുടി പാറി വീഴുന്നത് അത്ര സുഖമുള്ള കാര്യമല്ല. നമ്മൾ വിശിഷ്ടഭോജ്യങ്ങൾ അകത്താക്കുമ്പോൾ, ഏറിയ സുഖസൗകര്യങ്ങളുടെ കുളിർമ്മയിൽ കൊടുംവെയിലറിയാതിരിക്കുമ്പോൾ, മൃദുവായ വൃത്തിയുള്ള മെത്തകളിൽ ഉറങ്ങുമ്പോൾ, ഒരു ദിവസം കഴിയാൻ 232 രൂപ തികയില്ലെന്ന 26000 സ്ത്രീകളുടെ പ്രശ്നം നമുക്ക് മനസ്സിലാവില്ല.
സമരം ചെയ്യുന്നവർ നാനൂറേ ഉള്ളൂ എന്ന വാദം കൊണ്ട് പരിഹരിക്കാവുന്ന സാമ്പത്തിക പ്രശ്നമല്ലിത്. 26000 ആശമാരിൽ കടക്കെണിയിലല്ലാത്തവർ എത്രപേർ, ജപ്തിഭീഷണി നേരിടുന്നവർ എത്രപേർ, ആത്മഹത്യാമുനമ്പിൽ നിൽക്കുന്നവർ എത്ര പേർ, ദലിത് വിഭാഗത്തിൽ പെട്ടവർ എത്രപേർ എന്നൊരു കണക്കെടുക്കാമോ?അവകാശസമരങ്ങൾ അനാവശ്യസമരങ്ങളാണെന്ന് മുദ്രകുത്തും മുമ്പ് ഇങ്ങനെയൊരു കണക്കെടുപ്പു കൂടിനടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സമരംചെയ്യുന്ന ആശമാർക്കുവേണ്ടി മാത്രമല്ല, മുഴുവൻ ആശാപ്രവർത്തകർക്കും വേണ്ടിയാണ് ഈ അഭ്യർത്ഥന. ദയവായി ഈ സമരം അവസാനിപ്പിക്കൂ. നമ്മുടെയൊക്കെ ചോറിൽ തലമുടി പാറി വീഴുന്നു, സർ.