ഈ തൊഴിലാളികളെ
നിങ്ങൾക്ക് പരിഹസിക്കാം,
പക്ഷേ, അവരുയർത്തിയ മുദ്രാവാക്യങ്ങൾ പട്ടുപോവില്ല

നിത്യവൃത്തി കൊണ്ട് ജീവൻ നിലനിർത്തേണ്ട ഈ മനുഷ്യരെ, ഈ തൊഴിലാളികളെ പരിഹസിക്കുമ്പോൾ, ഇടതുപക്ഷം നിലയുറപ്പിച്ചിരിക്കുന്ന സമരവേരിന് തൊഴിലാളികളിലേക്ക് ആഴ്ന്നിറങ്ങുവാനുള്ള വേരോട്ടം നിലച്ചതായി കാണേണ്ടിവരും- ഉണ്ണി ആർ എഴുതുന്നു.

രു മുതലാളിയും ചരിത്രത്തിൽ ഇതുവരെയും സമരം ചെയ്തിട്ടില്ല. സമരമെന്നത് അതിജീവനത്തിന്റെ, ആത്മാഭിമാനത്തിന്റെ ഭാഷയാണ്. ആ ഭാഷയോടുള്ള പ്രതികരണം പല കാലങ്ങളിലും പല തരത്തിലാണ് ഉച്ചരിക്കപ്പെട്ടിട്ടുള്ളത്. കൂട്ടക്കൊലകളായി, തടവറയിലെ മർദ്ദനമായി അത് ചരിത്രത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാം.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ജീവിതത്തിന് തലകുനിക്കാത്ത പോരാട്ട പാരമ്പര്യമുണ്ട്. ആ ഉറപ്പിന്മേലാണ് ഇന്നത്തെ ഇടത് ഭരണകൂടം നിവർന്നു നിൽക്കുന്നത്. അങ്ങനെയുള്ള ഒരു പാർട്ടി ആശാ വർക്കർമാരുടെ സമരത്തെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് സങ്കടകരമായ കാര്യമാണ്. നിത്യവൃത്തി കൊണ്ട് ജീവൻ നിലനിർത്തേണ്ട ഈ മനുഷ്യരെ, ഈ തൊഴിലാളികളെ പരിഹസിക്കുമ്പോൾ, ഇടതുപക്ഷം നിലയുറപ്പിച്ചിരിക്കുന്ന സമരവേരിന് തൊഴിലാളികളിലേക്ക് ആഴ്ന്നിറങ്ങുവാനുള്ള വേരോട്ടം നിലച്ചതായി കാണേണ്ടിവരും.

ഈ തൊഴിലാളികളെ നിങ്ങൾക്ക് ആട്ടിപ്പുറത്താക്കാം. അവഗണിക്കാം. പരിഹസിക്കാം. പക്ഷേ, ചരിത്രത്തിൽ അവർ ഉയർത്തിയ ന്യായമായ അവകാശത്തിനായുള്ള മുദ്രാവാക്യങ്ങൾ പട്ടു പോവില്ല. അതെങ്കിലും തിരിച്ചറിയുവാനുള്ള വിവേകം കാണിക്കണം. ഈ പാവം സ്ത്രീകളെ ചേർത്തുനിർത്താൻ കഴിയണമെന്ന്, നിങ്ങൾക്ക് എപ്പോഴൊക്കെയോ വിശ്വാസത്തോടെ വോട്ടു നൽകിയ ഒരു സാധാരണ പൗരൻ അപേക്ഷിക്കുകയാണ്.

READ RELATED CONTENTS


Summary: Malayalam writer Unni R criticizes left governments and party's stand on Kerala ASHA Workers Protest


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ), ഗംഭീര വിക്രമ (മലമുകളിൽ രണ്ടുപേർ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Comments