നമ്മുടെ രാജ്യം വീണ്ടുമൊരു ദേശീയ പണിമുടക്കിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിൽ പണിയെടുക്കുന്ന മനുഷ്യരുടെ മുദ്രാവാക്യങ്ങൾ തെരുവുകളിൽ അലയടിക്കുന്ന നാൽപ്പത്തിയെട്ട് മണിക്കൂറുകൾ.
രാജ്യത്തെ അസംഖ്യം തൊഴിലാളികൾ ഈ വറുതിക്കാലത്തും അവരുടെ രണ്ട് ദിവസത്തെ കൂലിയുപേക്ഷിച്ച്, സംഘടിതരായി സമരം ചെയ്യുന്നതിന്റെ രാഷ്ട്രീയ മാനങ്ങൾ എന്താണെന്ന് പരിശോധിക്കാൻ പലപ്പോഴും മാധ്യമങ്ങൾ തയ്യാറാവാറില്ല. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പക്ഷത്തുള്ള രാജ്യത്തെ മുഴുവൻ തൊഴിലാളികളും തെരുവിൽ കൈകോർക്കുന്ന ഈ ദേശീയ പണിമുടക്ക് എന്തിന് വേണ്ടിയാണെന്ന് നമുക്ക് സമരം ചെയ്യുന്ന തൊഴിലാളികളോട് തന്നെ ചോദിക്കാം