ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഐ.ടി:
എന്തുകൊണ്ടാണ് ഇത്ര തൊഴിൽ സമ്മർദം?

അന്ന സെബാസ്റ്റ്യന്റെയും ചെന്നൈയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കാർത്തികേയന്റേയും മരണം പ്രൊഫഷണലുകൾ അനുഭവിക്കുന്ന ജോലിസമ്മർദ്ദത്തെക്കുറിച്ച് ആശങ്കാകുലമായ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. ഇവരുടെ തൊഴിൽ മേഖലകളെടുത്താൽ, ലോകത്ത്‌ഏറ്റവും കൂടുതൽ തൊഴിൽ സമയം ഇന്ത്യയിലാണ്. കേരളം, കർണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഐ.ടി എന്നീ തൊഴിൽ മേഖലകളിൽ തൊഴിൽ സമ്മർദത്തിനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ​ശ്രീനിജ് കെ.എസ്, അജിൽ മാങ്കുന്നുമ്മൽ എന്നിവർ നടത്തുന്ന അന്വേഷണം.

പൂനെ ആസ്ഥാനമായ ഏണസ്റ്റ് യങ് കമ്പനിയുടെ (Ernst & Young -EY) ചാർട്ടേഡ് അക്കൗണ്ടൻ്റായ 26 കാരിയായ അന്ന സെബാസ്റ്റ്യൻ പേരയിലിന്റെയും (Anna Sebastian Perayil) ചെന്നൈയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ 38 കാരനായ കാർത്തികേയന്റേയും മരണം ഇന്ത്യയിലെ പ്രൊഫഷണലുകൾ അനുഭവിക്കുന്ന ജോലി സമ്മർദ്ദത്തെക്കുറിച്ച് തീവ്രമായ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. അന്നയുടെ അമ്മ അനിത അഗസ്റ്റിൻ EY-യുടെ ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്ത് പുറത്തായതാണ് ഈ വലിയ ചർച്ചകൾക്ക് വഴിവെച്ചത്.

ഈ രണ്ടു വ്യക്തികളുടെയും മരണത്തിന്റെ പ്രധാന കാരണം, തൊഴിലിടങ്ങളിലിൽ ഇവർ അനുഭവിച്ചിരുന്ന തൊഴിൽ സമ്മർദ്ദം (Job Stress) ആയിരുന്നു.

ഐ.എൽ.ഒയെ (International Labour Organisation- ILO) സംബന്ധിച്ച്, തൊഴിൽപരമായ ആവശ്യങ്ങളും ആ ആവശ്യങ്ങളെ നേരിടാനുള്ള വ്യക്തികളുടെ വിഭവങ്ങളും കഴിവുകളും തമ്മിലുള്ള അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ദോഷകരമായ ശാരീരികവും വൈകാരികവുമായ പ്രതികരണമാണ് തൊഴിൽ സമ്മർദ്ദം (work stress). തൊഴിൽ സമ്മർദ്ദം പ്രധാനമായും വർക്ക് ഓർഗനൈസേഷൻ, വർക്ക് ഡിസൈൻ, ലേബർ റിലേഷൻസ് എന്നിവയാൽ നിർണ്ണയിക്കപ്പെടുന്നു (ILO, 2012).

സ്ട്രസ്സിന് കാരണമായ തൊഴിലിട ഘടകങ്ങളെ സൈക്കോ സോഷ്യൽ ഹസാർഡുകൾ (Psychosocial hazards) എന്നു വിളിക്കുന്നു. 1984-ൽ ഐ.എൽ.ഒ സൈക്കോസോഷ്യൽ ഘടകങ്ങളെ (ആപത്തുകൾ) ‘‘ജോലിസ്ഥലം, ജോലി ഉള്ളടക്കം, സംഘടനാവ്യവസ്ഥകൾ, തൊഴിലാളികളുടെ കഴിവുകൾ, ആവശ്യങ്ങൾ, സംസ്കാരം, വ്യക്തിപരമായ ജോലി, പുറംഘടകങ്ങൾ എന്നിവ തമ്മിലുള്ള ഇടപെടലുകൾ, ഒപ്പം, ഈ ഘടകങ്ങളിൽനിന്നുള്ള അനുഭവങ്ങളിലൂടെ ഇവ ആരോഗ്യത്തെയും ജോലിയിലെ കാര്യക്ഷമതയെയും ജോലിയിലെ സംതൃപ്തിയെയും എങ്ങനെ ബാധിക്കുന്നു' എന്നാണ് നിർവചിച്ചത്.
ഈ നിർവചനം ജോലിസ്ഥലത്തെ പാരിസ്ഥിതിക ഘടകങ്ങളും മനുഷ്യഘടകങ്ങളും തമ്മിലുള്ള ഡൈനാമിക് ഇടപെടലിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു.

ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ടെക്നോളജി (ICT) മേഖലയിൽ ആഴ്ചയിലെ ശരാശരി ജോലി സമയം 57.87 മണിക്കൂറാണ്. പുരുഷന്മാർ 57.92 മണിക്കൂറും സ്ത്രീകൾ 57.71 മണിക്കൂറും ജോലി ചെയ്യുന്നു.

തൊഴിൽ വ്യവസ്ഥകളും മനുഷ്യ ഘടകങ്ങളും തമ്മിലുള്ള നെഗറ്റീവ് ഇടപെടലുകൾ മാനസിക ക്ഷോഭങ്ങൾക്കും പെരുമാറ്റ പ്രശ്‌നങ്ങൾക്കും ബയോകെമിക്കൽ, ന്യൂറോഹോർമോണൽ മാറ്റങ്ങൾക്കും കാരണമാകാം. ഇത് മാനസികമായോ ശാരീരികമായോ ആയ രോഗസാധ്യത സൃഷ്ടിക്കുന്നു. മറുവശത്ത്, ജോലിസ്ഥലത്തെ വ്യവസ്ഥകളും മനുഷ്യ ഘടകങ്ങളും സമതുലിതമായിരിക്കുമ്പോൾ, ജോലി വിജയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു; ഇതുമൂലം പ്രേരണ, ജോലിശേഷി, സംതൃപ്തി എന്നിവ ഉയരുന്നു, അതുവഴി ആരോഗ്യവും മെച്ചപ്പെടുത്തുന്നു (ILO, 1986).

കോക്സ്, ഗ്രിഫിത്‍സ് & റിയാൽ -ഗോൺസാലസ് (2000) സൈക്കോസോഷ്യൽ അപകടങ്ങൾ എന്ന നിലയിൽ (10) പ്രധാന തൊഴിൽ സമ്മർദ്ദ കാരണങ്ങളെ പ്രത്യേകമായി തിരിച്ചിട്ടുണ്ട്. ഇവയെ ജോലിയുടെ ഉള്ളടക്കം (‘content of work’), ജോലിയുടെ സന്ദർഭം (‘context of work’) എന്നീ രണ്ട് വിഭാഗങ്ങളായി വിഭജിക്കുന്നു.

ഉറവിടം: കോക്‌സ്, ഗ്രിഫിത്‌സ് ആന്റ് റിയാൽ- ഗോൺസാലസ് (2000).
ഉറവിടം: കോക്‌സ്, ഗ്രിഫിത്‌സ് ആന്റ് റിയാൽ- ഗോൺസാലസ് (2000).

തൊഴിൽ സമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് അമിത ജോലിസമയം. ദ ഹിന്ദു പത്രത്തിൽ 2024 സപ്തംബർ 23ന് സംബവി പാർത്ഥസാരതിയും വിഘ്‌നേഷ് രാധാകൃഷ്ണനും എഴുതിയ ‘പ്രൊഫെഷണൽ ഇന്ത്യൻ വുമൺ വർക്ക് ദി മോസ്റ്റ് ഹോഴ്സ് ഗ്ലോബലി’ എന്ന ലേഖനത്തിൽ പറയുന്നത്, അന്ന സെബാസ്റ്റ്യനും കാർത്തികേയനും ജോലി ചെയ്തിരുന്ന തൊഴിൽ മേഖലയെടുത്താൽ, ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽ സമയം ഇന്ത്യയിലാണ് എന്നാണ്.

കേരളം, കർണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഐ.ടി എന്നീ തൊഴിൽ മേഖലകളിൽ നിലവിലുള്ള സമയക്രമത്തെക്കുറിച്ചും തൊഴിൽ ലഭ്യതയുടെ കുറവിനെക്കുറിച്ചും (Occupational shortage index) Periodic Labour Force Survey (PLFS) ഡാറ്റ ഉപയോഗിച്ച് വിശലകനം ചെയ്തുനോക്കാം.

ഈ രണ്ട് മേഖലകളിലെ ഇന്ത്യയിലെ ജോലി സമയത്തെ കുറിച്ചുള്ള വിവരങ്ങൾ നോക്കുക. (ടേബിൾ 2). സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസവും ഈ പട്ടികയിൽ വ്യക്തമാണ്. ബിസിനസ്, അഡ്മിനിസ്ട്രേഷൻ (BAP) വിഭാഗത്തിൽ, ആഴ്ചയിൽ ശരാശരി 57.4 മണിക്കൂറാണ് ജോലി സമയം. പുരുഷന്മാർ 57.79 മണിക്കൂറും സ്ത്രീകൾ 56.2 മണിക്കൂറും ജോലി ചെയ്യുന്നു.
ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ടെക്നോളജി (ICT) മേഖലയിൽ ആഴ്ചയിലെ ശരാശരി ജോലി സമയം 57.87 മണിക്കൂറാണ്. പുരുഷന്മാർ 57.92 മണിക്കൂറും സ്ത്രീകൾ 57.71 മണിക്കൂറും ജോലി ചെയ്യുന്നു.

വിവിധ തൊഴിൽ മേഖലകളിലുള്ളവരുടെ പ്രവർത്തന സമയം വ്യത്യാസപ്പെട്ടിരിക്കുന്നതായും അവരിൽ തന്നെ സ്ത്രീ-പുരുഷ അടിസ്ഥാനത്തിലുള്ള വ്യത്യാസവും ഈ കണക്ക് കാണിക്കുന്നു.
BAP മേഖലയിൽ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള പ്രവർത്തന സമയത്തിൽ വ്യത്യാസം കൂടുതലാണെങ്കിൽ ICT മേഖലയിൽ ഈ വ്യത്യാസം കുറഞ്ഞിരിക്കുന്നു.

ഇതേ മേഖലകളിൽ ജോലി ചെയ്യുന്നവർ ഓരോ സംസ്ഥാനങ്ങളിലും എത്രത്തോളം സമയം ജോലി ചെയ്യുന്നുണ്ട് എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. അതിനായി, ഈ തൊഴിൽ മേഖലകളിലെ മൂന്നു പ്രധാന സംസഥാനങ്ങളായ കേരളം, കർണാടക, മഹാരാഷ്ട്ര എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിച്ചു. ഈ സംസ്ഥാനങ്ങൾ തമ്മിൽ ആഴ്ചതോറുമുള്ള തൊഴിൽ സമയത്തിൽ വ്യത്യാസം കാണാം (ടേബിൾ 3).

ആഴ്ചയിലെ തൊഴിൽ മണിക്കൂറുകൾ വിശകലനം ചെയ്യുമ്പോൾ, മൂന്നു സംസ്ഥാനങ്ങളിലെ രണ്ടു തൊഴിൽ മേഖലകളിൽ വ്യത്യസ്ത പ്രവണതകൾ കാണാം.

കേരളത്തിൽ, BAP വിദഗ്ദ്ധരുടെ ആഴ്ചയിലെ ശരാശരി തൊഴിൽ സമയം 2021 ഒക്ടോബർ-ഡിസംബർ കാലത്ത് 45.42 മണിക്കൂറിൽ നിന്ന് 2023 ഏപ്രിൽ- ജൂൺ കാലത്ത് 45.86 മണിക്കൂറിലേക്ക് ഉയർന്നു. ഇത് തൊഴിലാളികളുടെ ആവശ്യം വർദ്ധിക്കുന്നതിനെ സൂചിപ്പിക്കുന്നു. അതേ കാലയളവിൽ ICT മേഖലയിലും സമാനമായ ഉയർച്ച കേരളത്തിൽ സംഭവിക്കുന്നുണ്ട് (41.58 മണിക്കൂറിൽ നിന്ന് 44.14 മണിക്കൂറിലേക്ക് ഉയരുന്നു).

എന്നാൽ കർണാടകത്തിൽ, കേരളത്തിൽ നിന്ന് തീർത്തും വിപരീതമായ അവസ്ഥയാണ്. ഈ രണ്ടു മേഖലകളിലും കർണാടകത്തിൽ തൊഴിൽ സമയം ഇതേ കാലയളവിൽ കുറഞ്ഞു. BAP മേഖലയിൽ തൊഴിൽ സമയം 46.32 മണിക്കൂറിൽ നിന്ന് 43.91 മണിക്കൂറായും, ICT മേഖലയിൽ 42.42 മണിക്കൂറിൽ നിന്ന് 40.7 മണിക്കൂറായും കുറയുന്നു. തൊഴിലാളികളുടെ ആവശ്യം കുറയുന്നതാണ് ഇത് കാണിക്കുന്നത്.

കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നും വ്യത്യസ്തമായ മാറ്റമാണ് മഹാരാഷ്ട്രയിൽ. അവിടെ BAP തൊഴിൽ സമയം 50 മണിക്കൂറായി ഉയരുകയും എന്നാൽ ICT തൊഴിൽ സമയം 47.37 മണിക്കൂറിൽ നിന്ന് 43.95 മണിക്കൂറായി കുറയുകയും ചെയ്യുന്നു.

കേരളത്തിൽ, BAP വിദഗ്ദ്ധരുടെ ആഴ്ചയിലെ ശരാശരി തൊഴിൽ സമയം 2021 ഒക്ടോബർ- ഡിസംബർ കാലത്ത് 45.42 മണിക്കൂറിൽ നിന്ന് 2023 ഏപ്രിൽ- ജൂൺ കാലത്ത് 45.86 മണിക്കൂറിലേക്ക് ഉയർന്നു. ഇത് തൊഴിലാളികളുടെ ആവശ്യം വർദ്ധിക്കുന്നതിനെ സൂചിപ്പിക്കുന്നു.

ഈ രണ്ടു മേഖലകളിലെയും തൊഴിൽ സമയം ചില സംസ്ഥാനങ്ങളിൽ കൂടുന്നതായും ചിലതിൽ കുറയുന്നതായും കാണാം. എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു മാറ്റം? കമ്പോളത്തിലെ തൊഴിലാളികളുടെ ലഭ്യതയും തൊഴിൽ ആവശ്യങ്ങളും തമ്മിലുള്ള അന്തരം പലപ്പോഴും ചൂഷണങ്ങളിൽ കലാശിക്കുന്നു. ഉദാഹരണത്തിന് ഒരു പ്രത്യേക തൊഴിൽ മേഖലയിലേക്കുള്ള തൊഴിലാളികളുടെ ലഭ്യത വളരെ കൂടുതലും എന്നാൽ തൊഴിൽ ലഭ്യത വളരെ കുറവുമാണെന്നു കരുതുക, തൊഴിൽ നൽകുന്ന സ്ഥാപനം തൊഴിൽ എടുക്കുന്നവരെ കൂടുതൽ ചൂഷണത്തിന് വിധേയരാകുന്നു (അവ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ചുകൊണ്ടാവാം, കൂടുതൽ തൊഴിൽ ഭാരം കൊടുത്തു കൊണ്ടുമാകാം). ഈ ചൂഷണങ്ങൾക്ക് വിധേയരായ തൊഴിലാളികൾ ജോലി നിർത്തിപ്പോയാലും കമ്പോളത്തിൽ ഇതേ ജോലി ചെയ്യാൻ തയ്യാറായിരിക്കുന്ന അനേകം ആളുകൾ ഉള്ളതുവരെ ഈ ചൂഷണം നിലനിൽക്കും.

ഈ രണ്ട് തൊഴിൽ മേഖലകളിൽ ഇങ്ങനെയൊരു പ്രവണതയുണ്ടോ എന്ന് തൊഴിൽ കുറവിന്റെ സൂചികയുടെ (Occupational Shortage Index - OSI) അടിസ്ഥാനത്തിൽ പരിശോധിക്കാം.

OSI എന്നത് ഒരു പ്രത്യേക തൊഴിൽ മേഖലയിൽ തൊഴിലാളികളുടെ ആവശ്യവും വിതരണവും തമ്മിലുള്ള വ്യത്യാസത്തിന്റെ തോതിനെ അളക്കുന്നു. OSI നീണ്ടകാല തൊഴിലവസര വിപണി ആസൂത്രണത്തിനും തൊഴിൽ നയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിനും അത്യാവശ്യമാണ്, അതിലൂടെ ആവശ്യകതയുള്ള തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ആത്മാർത്ഥമായ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

ആഗോള തൊഴിലാളി സംഘടന (International Labour Organisation - ILO) ഒ ഇ സി ഡി (Organisation for Economic Co-operation and Development- OECD) യുമായി ചേർന്ന് നിരവധി രാജ്യങ്ങൾക്കായുള്ള Skill Gap Portal സൃഷ്ടിച്ചിട്ടുണ്ട്. ഈ പോർട്ടലിൽ ഇപ്പോൾ ഇന്ത്യയുമുണ്ട്. ഇതിലേക്കായി, ഐ.എൽ.ഒയുടെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തൊഴിൽ കുറവിന്റെ സൂചിക (Occupational Shortage Index - OSI) കണക്കാക്കുന്നു.

ജോലി ചെയ്യാനുള്ള വൈദഗ്ധ്യം കണ്ടെത്തിയും (Skill Proxies) തൊഴിലിനെ അടിസ്ഥാനമാക്കിയുമാണ് OSI കണക്കാക്കുന്നത്. നാല് ഉപ-സൂചികകൾ (Sub-Indicators) അടങ്ങുന്നതാണ് OSI:

1. മണിക്കൂർ, ശമ്പള വർധനവ്.
2. തൊഴിൽ വർധനവ്.
3. എത്ര മണിക്കൂർ കൂടുതൽ ജോലി ചെയ്യുന്നു എന്നത്.
4. ജോലിക്ക് അപര്യാപ്തരായ യോഗ്യതയുള്ള തൊഴിലാളികളുടെ എണ്ണം.

ഈ ഉപ-സൂചികകൾക്ക് നിശ്ചിത വെയ്റ്റേജ് നൽകിയാണ് OSI കണക്കാക്കുന്നത്.

  • ഉയർന്ന OSI: ഒരു തൊഴിലിൽ തൊഴിലാളികളുടെ കുറവും (less supply of labour) ഉയർന്ന ആവശ്യവും (high demand for labour). ഇത് ശമ്പള വർധന, കൂടുതൽ ജോലി സാധ്യതകൾ എന്നിവക്കിടയാക്കും.

  • കുറഞ്ഞ OSI: തൊഴിലാളികളുടെ അമിതമായ തോതിലുള്ള ലഭ്യത (high supply of labour), കുറഞ്ഞ ആവശ്യം (less demand for labour). ഇത് കുറഞ്ഞ ശമ്പളം, കുറഞ്ഞ ജോലി സാധ്യത, തൊഴിലന്വേഷകർ തമ്മിലുള്ള കടുത്ത മൽസരം എന്നിവയ്ക്ക് കാരണമാകും.

കേരളം, കർണാടകം, മഹാരാഷ്ട്ര എന്നീ സംസഥാനങ്ങളിലെ BAP മേഖലയിലും ICT മേഖലയിലും എത്തരത്തിലാണ് OSI എന്ന് പരിശോധിക്കാം.

ബിസിനസ്, അഡ്മിനിസ്ട്രേഷൻ (BAP) മേഖലയിൽ, OSI കേരളത്തിൽ മറ്റു രണ്ടു സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. 2021 ഒക്ടോബർ-ഡിസംബറിൽ ഉണ്ടായിരുന്ന സൂചിക 0.43-ൽനിന്ന് 2023 ഏപ്രിൽ-ജൂണിലെത്തുമ്പോൾ 0.31 ആയി കുറയുന്നു. ഇത് തൊഴിലാളികളുടെ ആവശ്യകതയിൽ കുറവുണ്ടാകുന്നതിന്റെ സൂചകമാണ്. എന്നാൽ ബാക്കി രണ്ടു സംസ്ഥാനങ്ങളേക്കാൾ തൊഴിലാളികളുടെ ആവശ്യകത കേരളത്തിലുണ്ടെന്നും ഈ സൂചിക കാണിക്കുന്നു.

കർണാടകത്തിൽ, OSI 2021-ൽ -0.16 ആയിരുന്നത് 2023-ൽ 0.1-ലേക്ക് ഉയരുന്നു, ഇത് സംസ്ഥാനത്ത് തൊഴിലാളികളുടെ ആവശ്യം വർദ്ധിക്കുന്നത് സൂചിപ്പിക്കുന്നു.
മഹാരാഷ്ട്ര, തുടക്കത്തിൽ -0.05 എന്നതിൽ നിന്ന് 2023 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 0.02-ലേക്ക് ഉയരുന്നു.
കർണാടകത്തിലും മഹാരാഷ്ട്രയിലും പഠന കാലയളവിൽ OSI വർദ്ധിക്കുന്നുണ്ടെങ്കിലും, ഇവിടങ്ങളിൽ തൊഴിലാളികളുടെ ലഭ്യത കൂടുതലാണെന്നും അതേസമയം തൊഴിൽ ലഭ്യത കുറവാണെന്നും കുറഞ്ഞ OSI സൂചിപ്പിക്കുന്നു. ഇതു മൂലം ഈ സംസ്ഥാനങ്ങളിൽ ചൂഷണങ്ങൾക്കും തന്മൂലം തൊഴിലാളികളിലുണ്ടാവാനിടയുള്ള തൊഴിൽ സമ്മർദ്ദങ്ങൾക്കും സാധ്യത ഏറെയാണ്.

അതേസമയം, ICT മേഖലയിലേക്ക് വരുമ്പോൾ, പോസിറ്റീവ് OSI മൂന്നു സംസ്ഥാനങ്ങളിലും കാണാം. കേരളത്തിൽ, 2021 ഒക്ടോബർ-ഡിസംബർ സമയത്ത് 0.16 ആയിരുന്ന OSI, 2023 ഏപ്രിൽ-ജൂൺ വരെ 0.2 ആയി വർദ്ധിക്കുന്നു.
അതേസമയം കർണാടകത്തിൽ, 0.07-ൽ നിന്ന് 0.09-ലേക്കും മഹാരാഷ്ട്രയിൽ, 0.32-ൽ നിന്ന് 0.17-ലേക്കും 2021-23 കാലയളവിൽ കുറയുന്നതായി കാണാം.
കർണാടകത്തിലും മഹാരാഷ്ട്രയിലും പഠന കാലയളവിൽ കാണപ്പെടുന്ന കുറഞ്ഞുവരുന്ന OSI പ്രവണത അല്പം ആയാസപ്പെടുത്തുന്നതാണ്. ഇത് ജോലിലഭ്യത കുറയുന്നതിനെയും തൊഴിലാളികളുടെ ലഭ്യത വർധിക്കുന്നതിനെയും സൂചിപ്പിക്കുന്നു. ഈ പ്രവണത വരും കാലയളവിൽ തുടരുകയാണെങ്കിൽ അവ കൂടുതൽ തൊഴിലാളി ചൂഷണങ്ങളിലേക്ക് വഴി വെക്കും.

കർശന പരിശോധന അനിവാര്യം

അമിതമായ തൊഴിലാളി ലഭ്യതയും അതിനനുസരിച്ചുള്ള മത്സരാധിഷ്ഠിതമായ തൊഴിലാളി കമ്പോളവുമാണ് ഈ രണ്ടു തൊഴിൽ മേഖലകളിൽ തൊഴിലാളികളെ വലിയ രീതിയിൽ ചൂഷണം ചെയ്യാൻ സ്ഥാപനങ്ങൾക്ക് സഹായകരമാവുന്നത്. അതുകൊണ്ടുതന്നെ ഇത്തരം മേഖലകളിലെ തൊഴിലാളികൾ അമിതമായ തൊഴിൽ സമ്മർദ്ദങ്ങൾക്കിരകളാകേണ്ടിയും വരുന്നു. ജോലിഭാരം മൂലമുള്ള സമ്മർദ്ദം ഒഴിവാക്കാൻ ജോലിസ്ഥലത്ത് സ്വീകരിക്കേണ്ട പൊതുവായ നടപടികളെ കുറിച്ച് ILO (2012- Appendix Table A) വിശദീകരിക്കുന്നുണ്ട്. ഈ മാനദണ്ഡങ്ങൾ ഇത്തരം തൊഴിൽ മേഖലകളിൽ കൃത്യമായി നടപ്പാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഇല്ലെങ്കിൽ അതിനുവേണ്ട നിയമങ്ങളും നടപടികളും പദ്ധതികളും ഉണ്ടാക്കാൻ ഭരണകൂട സംവിധാനങ്ങൾ മുൻകൈയെടുക്കണം. അല്ലാത്തപക്ഷം തൊഴിൽസമ്മർദ്ദം മൂലം അന്ന സെബാസ്റ്റ്യൻമ്മാരും കാർത്തികേയന്മാരും ഇനിയും ഉണ്ടാവാം.

ഉറവിടം: ILO (2002)
ഉറവിടം: ILO (2002)

References:
Cox, T., Griffiths, A., & Rial-Gonzalez, E. 2000. Research on Work Related Stress. European Agency for Safety and Health at Work, Office for Official Publications of the European Communities, Luxembourg, 2000.

International Labour Organization (ILO). 1986. Psychosocial factors at work: Recognition and control. Report of the Joint International Labour Office and World Health Organization on Occupational Health, Ninth Session, Geneva, 18-24 September 1984. Occupational Safety and Health Series No. 56. Geneva: International Labour Office

International Labour Organization (ILO). 2012. SOLVE: Integrating health promotion into workplace OSH policies – Trainer’s guide. Geneva: International Labour Office.

Comments