എവിടെ സർക്കാറെ സി.എൻ.ജി.? നിങ്ങളു പറഞ്ഞിട്ടല്ലെ ഞങ്ങള് വണ്ടിയെടുത്തത്

സി.എൻ.ജി. ഗ്യാസിന്റെ രൂക്ഷമായ ദൗർലഭ്യവും, വർധിച്ചു വരുന്ന സി.എൻ.ജി. ഓട്ടോകളുടെ എണ്ണത്തിന് ആനുപാതികമായി പുതിയ പമ്പുകൾ അനുവദിക്കാത്തതും കോഴിക്കോട് നഗരത്തിലെ സി.എൻ.ജി. ഓട്ടോ തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുകയാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് പകരമായി സി.എൻ.ജി, എൽ.പി.ജി, എലക്ട്രിക് എഞ്ചിനുകൾ സർക്കാർ സംസ്ഥാന വ്യാപകമായി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ സർക്കാറിന്റെ ഉറപ്പിന്മേൽ വണ്ടിയെടുത്ത തൊഴിലാളികളാണ് തൊഴിൽസമയം നഷ്ടപ്പെടുത്തി നാളെയെക്കുറിച്ച് ആധിപൂണ്ട് മണിക്കൂറുകളോളം ഇന്ധനത്തിനായി വരിനിൽക്കുന്നത്.

കോഴിക്കോട് ജില്ലയിൽ എട്ട് സി.എൻ.ജി. പമ്പുകളാണുള്ളത്. ഇവയിൽ മൂന്നെണ്ണം മാത്രമാണ് സിറ്റി പരിധിയിലുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് 2021ൽ മാത്രം സി.എൻ.ജി. ഓട്ടോകളുടെ രജിസ്ട്രേഷനിൽ 301% ശതമാനം വർധനവാണ് ഉണ്ടായത്. എന്നാൽ ഓട്ടോകളുടെ വർധനയ്ക്ക് ആനുപാതികമായി പമ്പുകളുടെ എണ്ണം കൂട്ടാനോ, സ്റ്റോക്ക് ഉറപ്പുവരുത്താനോ അധികൃതർക്ക് സാധിക്കുന്നില്ല.

വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലെ ഓട്ടോ തൊഴിലാളികളേയും സി.എൻ.ജി. ക്ഷാമം വലയ്ക്കുന്നുണ്ട്. കണ്ണൂരിൽ രണ്ടു സി.എൻ.ജി. പമ്പുകളേയുള്ളൂ. കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ വേളയിൽ ജീവിതം തിരിച്ചുപിടിക്കാൻ ഓടിക്കൊണ്ടിരിക്കുന്ന തൊഴിലാളികളാണ് ഇന്ധനമില്ലാതെ വലയുന്നത്.

Comments