കേരളത്തിലെ ഭരണപക്ഷ മുഖ്യധാരാ ഇടതുപക്ഷവും വലതുപക്ഷ രാഷ്ട്രീയവും ഒരേപോലെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ നിന്ന് മായ്ച്ചുകളയാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നൊരു രാഷ്ട്രീയ പ്രക്രിയയെയാണ് കേരളത്തിലെ ആശാ വർക്കർമാരിലെ (Accredited Social Health Activist- ASHA) ഒരു വിഭാഗം സ്ത്രീകൾ കേരളീയ സമൂഹത്തിനു മുന്നിലേക്ക് ചിതറിവീഴുന്ന മുദ്രാവാക്യങ്ങളോടെ എടുത്തിട്ടത്: അവകാശങ്ങൾക്കുവേണ്ടിയുള്ള തൊഴിലാളി സമരം. അതുകൊണ്ടുതന്നെയാണ് എന്തുവിലകൊടുത്തും സമരത്തെ തകർക്കുമെന്ന നിലപാട് സർക്കാരെടുക്കുന്നതും.
കാരണം ഇതൊരു രാഷ്ട്രീയ സമരമാണ്. തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കും ന്യായമായ വേതനവർദ്ധനവിനും സമരം ചെയ്യാനിറങ്ങുന്നത് തീർച്ചയായും രാഷ്ട്രീയമാണ്. അത്തരത്തിൽ തൊഴിലാളികൾ തങ്ങളുടെ പ്രശ്നങ്ങളെ ഒരു വർഗം എന്ന നിലയിൽ കാണുകയും അതിലെ ചൂഷണവ്യവഹാരങ്ങളെക്കുറിച്ച് ബോധമുള്ളവരായി മാറുകയും അതിനെതിരായ പ്രതിഷേധത്തെ രാഷ്ട്രീയബോധവും വർഗബോധവുമായി രൂപപ്പെടുത്തുകയും ചെയ്യുമ്പോഴാണ് വർഗബോധമുള്ള തൊഴിലാളികളുടെ വർഗ്ഗ രാഷ്ട്രീയ സമരങ്ങളുണ്ടാകുന്നത്. ഒരു ദിവസം രാവിലെ എല്ലാ തൊഴിലാളി സമരവും തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ എല്ലാ പാഠങ്ങളും പഠിച്ചു പൂർത്തിയാക്കിത്തുടങ്ങുമെന്ന് കരുതരുത്. അത് നിരവധിയായ സമരങ്ങളിലൂടെയും രാഷ്ട്രീയ വ്യവഹാരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേടിയെടുക്കുന്ന ഒന്നാണ്.

വാസ്തവത്തിൽ സി പി എം നേരിടുന്ന വലിയ പ്രശ്‌നം, കേരളത്തിൽ വളരെ പതുക്കെയാണെങ്കിലും മുഖ്യധാരാ ഇടതുപക്ഷത്തിനുപുറത്ത് ജനങ്ങൾ സമരസന്നദ്ധതയുടെ പുതുവഴികൾ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുന്നു എന്നതാണ്.
സമരങ്ങൾ കേവലമായ സാമ്പത്തികാനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള സമ്മർദ്ദപരിപാടി മാത്രമായി ചുരുങ്ങുന്നില്ല. അത് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ കാതലിനെ ഉറപ്പിച്ചെടുക്കുന്ന ജൈവരാഷ്ട്രീയ പരിണാമപ്രക്രിയ കൂടിയാണ്. ഇത്തരത്തിൽ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ പാഠശാലയും ഉയർന്ന രാഷ്ട്രീയ ബോധത്തിലേക്കുള്ള പരിണാമപ്രക്രിയയും കൂടിയാണ് തൊഴിലാളിസമരങ്ങൾ എന്നതുകൊണ്ടാണ് എണ്ണത്തിലും വണ്ണത്തിലും ചെറുതെന്ന് തോന്നുന്ന സമരങ്ങൾക്കെതിരെപ്പോലും ഭരണകൂടം വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടെടുക്കുന്നത്. കാരണം അവ വെറും സാമ്പത്തികാനുകൂല്യങ്ങൾക്കായുള്ള സമരങ്ങൾ മാത്രമല്ല, വ്യവസ്ഥയുടെ വന്നെത്തി നിറഞ്ഞതും ചൂഷണാത്മകവുമായ ഘടനക്കെതിരായ സമരം കൂടിയാണെന്ന് ഭരണകൂടം തിരിച്ചറിയുന്നുണ്ട്. ആശാ വർക്കർമാരുടെ സമരത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാടിന്റെ കാരണവും ഇതാണ്.
നവ ഉദാരീകരണ നയങ്ങളുടെ ഭാഗമായി സമൂഹത്തിൽ രൂക്ഷമാകുന്ന വലിയ അസമത്വങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയുമുണ്ട്. തൊഴിലാളികളെ ഇത് വളരെവേഗം നേരിട്ട് ബാധിക്കുകയും ചെയ്യുന്നു. ചില മേഖലകളിൽ സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായുള്ള മൂലധന നിക്ഷേപം ആദ്യഘട്ടത്തിൽ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെങ്കിലും അത് കടുത്ത ചൂഷണവ്യവസ്ഥകളുടെ ഭാഗമായാണ് നടപ്പിൽവരിക എന്നതാണ് വസ്തുത. തൊഴിലാളികൾ അവരുടെ പതിറ്റാണ്ടുകളായുള്ള സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ടാണ് പുത്തൻ മൂലധനം നവ ഉദാരീകരണ കാലത്ത് പ്രവർത്തിക്കാൻ തുടങ്ങുക. ആരോഗ്യകരമായ തൊഴിലവസരങ്ങളല്ല സൃഷ്ടിക്കപ്പെടുക. തൊഴിലാളിയെ സംബന്ധിച്ച് തീർത്തും ദുർബ്ബലമായ സാമൂഹ്യ, സാമ്പത്തികനില മാത്രം നൽകുന്നവയാകും ഇത്തരം തൊഴിലുകൾ. കരാർപ്പണികളും പുറംകരാർ പണികളുമായി മിക്ക തൊഴിലുകളും മാറും.
കേന്ദ്ര- സംസ്ഥാന സർക്കാറുകൾ പ്രതിനിധീകരിക്കുന്നതും സംരക്ഷിക്കാൻ ശ്രമിക്കുന്നതും കുത്തക, സ്വകാര്യ, കോർപ്പറേറ്റ് മൂലധനത്തിന്റെ വർഗ്ഗതാത്പര്യങ്ങളെയാണ്. അതുകൊണ്ട് സംഘടിത രാഷ്ട്രീയബോധത്തിന്റെ, വർഗബോധത്തിന്റെ അടിസ്ഥാനത്തിലുള്ള തൊഴിലാളി സമരങ്ങളെ എന്തുവിലകൊടുത്തും അവർക്ക് തോൽപ്പിച്ച മതിയാകൂ.

ഇന്ത്യയിലെ തൊഴിൽമേഖലയിൽ ആപേക്ഷികമായി വലിയ വേതനം ലഭിക്കുന്ന IT (Information technology) മേഖലയിലെ തൊഴിലുകൾപ്പോലും ഇത്തരത്തിൽ തൊഴിൽസുരക്ഷ ഇല്ലാത്തതാണ്. തൊഴിലുകൾ പലതും ചില കാലങ്ങളിൽ മാത്രം ലഭിക്കുന്നവയായി (seasonal) മാറുന്നു. ഇന്ത്യയിലെ വ്യവസായ മേഖലയിൽ നേരിട്ട് തൊഴിലെടുക്കുന്നവരുടെ എണ്ണം 2002-03-നും 20021-22-നും ഇടയിൽ 4.7 ദശലക്ഷത്തിൽ നിന്ന് 8.1 ദശലക്ഷമായി വർദ്ധിച്ചു. 72.3% വർദ്ധനവ്. എന്നാൽ ഇക്കാലയളവിൽ ഇതേ മേഖലയിലെ കരാർ തൊഴിലാളികളുടെ എണ്ണം 1.4 ദശലക്ഷത്തിൽ നിന്ന് 5.5 ദശലക്ഷമായാണ് കൂട്ടിയത്. അതായത് 292.9 % വർദ്ധന. അതായത് പുതിയ തൊഴിലവസരങ്ങളുടെ സ്വഭാവമെന്നത് പ്രത്യക്ഷമായിത്തന്നെ അധ്വാനത്തിന് മുകളിലുള്ള കടുത്ത ചൂഷണം ഉറപ്പാക്കുന്ന തരത്തിലുള്ളവയാണ്. തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിതമായി ശബ്ദമുയർത്താൻ സാധിക്കാത്ത വിധത്തിൽ തൊഴിലാളികളെ മാറ്റുക കൂടിയാണ് ചെയ്യുന്നത്. ഒരു നിശ്ചിത കാലയളവിൽ മാത്രം തൊഴിലുണ്ടാവുകയും അതിനുശേഷം തൊഴിലിൽ തുടരണമെങ്കിൽ അത് നിയമപരമായി യാതൊരുവിധത്തിലും അവകാശപ്പെടാനാവാത്ത മട്ടിൽ മുതലാളിയുടെ ഔദാര്യമാവുകയും ചെയ്യുന്നൊരു തൊഴിൽപരിസരം സൃഷ്ടിച്ചെടുക്കുന്നതോടെ സംഘടിത തൊഴിലാളിവർഗ വിലപേശലിന്റെ വർഗ്ഗശക്തിക്കു മുകളിൽ സ്വകാര്യ മൂലധനം വലിയ അടിച്ചമർത്തൽക്കൂടി നടപ്പാക്കുകയാണ്.
ആശാ വർക്കർമാരുടെ സമരം ഇത്തരം അടിച്ചമർത്തലിനെയാണ് നേരിടുന്നത്. അത് കേവലം സർക്കാരിന്റെ സാമ്പത്തികപ്രശ്നം മാത്രമല്ല. എങ്ങനെയാണോ കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ / ബി ജെ പി മോദി സർക്കാർ തൊഴിൽ സമരങ്ങളേയും ജനകീയ സമരങ്ങളെയും നേരിടുന്നത് അതേ മാതൃകയിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിണറായി വിജയൻ സർക്കാരും ജനകീയ, തൊഴിലാളി സമരങ്ങളെ നേരിടുന്നതിന്റെ കാരണമിതാണ്. ഇരുകൂട്ടരും പ്രതിനിധീകരിക്കുന്നതും സംരക്ഷിക്കാൻ ശ്രമിക്കുന്നതും കുത്തക, സ്വകാര്യ, കോർപ്പറേറ്റ് മൂലധനത്തിന്റെ വർഗ്ഗതാത്പര്യങ്ങളെയാണ് എന്നതുകൊണ്ടുതന്നെ തൊഴിലാളികളുടെ സംഘടിത രാഷ്ട്രീയബോധത്തിന്റെ, വർഗബോധത്തിന്റെ അടിസ്ഥാനത്തിലുള്ള സമരങ്ങളെ എന്തുവിലകൊടുത്തും അവർക്ക് തോൽപ്പിച്ച മതിയാകൂ. അത് വർഗ്ഗസമരങ്ങളിലെ ജയപരാജയങ്ങളുടെ പ്രശ്നമാണ്. അതെത്ര താത്‌ക്കാലികവും ചെറുതുമായാലും അതിൽ വിട്ടുവീഴ്ചകൾ പാടില്ലെന്ന് ഭരണകൂടത്തിനറിയാം.

കേരളത്തിൽ ആശാ വർക്കർമാരുടെ സമരത്തെ LDF സർക്കാർ നേരിടുന്നത് തൊഴിലാളി സമരങ്ങളെ നേരിടുന്നതിന് ഭരണകൂടം സാധാരണഗതിയിൽ ഉപയോഗിക്കുന്ന എല്ലാത്തരം ജനാധിപത്യവിരുദ്ധ നടപടികളും ഉപയോഗിച്ചാണ്. സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നത് മുതൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നീക്കങ്ങളാണ് സർക്കാരും സി പി എമ്മും നടത്തുന്നത്. വാസ്തവത്തിൽ സി പി എം നേരിടുന്ന വലിയ പ്രശ്‌നം, കേരളത്തിൽ വളരെ പതുക്കെയാണെങ്കിലും മുഖ്യധാരാ ഇടതുപക്ഷത്തിനുപുറത്ത് ജനങ്ങൾ സമരസന്നദ്ധതയുടെ പുതുവഴികൾ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുന്നു എന്നതാണ്. കെ-റെയിൽ വിരുദ്ധ സമരം, അദാനിക്ക് വിഴിഞ്ഞം തുറമുഖം തീറെഴുതിയ അഴിമതിക്കരാറിനെതിരായ സമരം, വികസനപദ്ധതികളുടെ പേരിൽ കുടിയിറക്കപ്പെടുന്നവരുടെ വിവിധ സമരങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ രൂപപ്പെട്ടവയാണ്. സമരങ്ങളുടെ കുത്തകാവകാശം തങ്ങൾക്കാണെന്ന് അവകാശപ്പെടുകയും അത്തരത്തിലുള്ള സംഘബലത്തെ ജനങ്ങളെ വഞ്ചിച്ച് കോർപ്പറേറ്റുകൾക്കും ഭരണകൂടത്തിന്റെ സമഗ്രാധിപത്യ സ്വഭാവത്തെ ശക്തിപ്പെടുത്തുന്നതിനും ഉപയോഗിക്കുകയാണ് സി പി എം, സി പി ഐ കക്ഷികൾ ചെയ്യുന്നത്. ഈ വഞ്ചനയെ ജനങ്ങൾ സാവകാശം തിരിച്ചറിയുന്നതിന്റെ വെപ്രാളം കൂടിയാണ് ആശ വർക്കർമാരുടെ സമരത്തിനെതിരായ കടുത്ത നടപടികൾ.
ജനാധിപത്യ സമൂഹത്തിലെ സമരാവകാശങ്ങൾക്കുള്ള മൗലികാവകാശത്തെ മാത്രമല്ല സമരത്തെക്കുറിച്ചുള്ള ഇടതുപക്ഷ, മാർക്സിസ്റ്റ് ധാരണകളെക്കൂടിയാണ് ആശാ വർക്കർമാരുടെ സമരത്തിനെതിരായ ആക്രമണങ്ങളിലൂടെ സി പി എം കയ്യൊഴിയുന്നത്.
ഞങ്ങളല്ലാതെ ആർക്കാണ് സമരം ചെയ്യാനുള്ള അവകാശം എന്നാണ് സി പി എം ചോദിക്കുന്നത്. അതുകൊണ്ടാണ് സമരം ചെയ്യുന്നവരെ പാട്ടപ്പിരിവുകാരെന്നും ഈർക്കിൽ സംഘടനകളെന്നുമൊക്കെ തൊഴിലാളി സംഘടനയായ CITU-വിന്റെ നേതാവും സി.പി.എം കേന്ദ്ര സമിതി അംഗവുമായ എളമരം കരീം ആക്ഷേപിക്കുന്നത്. കഴിഞ്ഞ ദേശീയ പൊതുതെരഞ്ഞെടുപ്പിൽ സി പി എമ്മിനു ലഭിച്ച വോട്ട് 1.76%-വും സി പി ഐയുടേത് 0.49%-വുമാണ്. ഈർക്കിൽ സംഘടനയുടെ മാനദണ്ഡം വെച്ചാണെങ്കിൽ ഇന്ത്യയിൽ എവിടെയാണ് മുഖ്യധാരാ ഇടതുപക്ഷത്തിന് സമരം ചെയ്യാനാവുക? ജനാധിപത്യ സമൂഹത്തിലെ സമരാവകാശങ്ങൾക്കുള്ള മൗലികാവകാശത്തെ മാത്രമല്ല സമരത്തെക്കുറിച്ചുള്ള ഇടതുപക്ഷ, മാർക്സിസ്റ്റ് ധാരണകളെക്കൂടിയാണ് ആശാ വർക്കർമാരുടെ സമരത്തിനെതിരായ നാനാവിധ ആക്രമണങ്ങളിലൂടെ സി പി എം കയ്യൊഴിയുന്നത്.

നവ ഉദാരീകരണ നയങ്ങൾ ജനങ്ങളെ നിത്യദുരിതത്തിലേക്ക് തള്ളിയിടുന്നു എന്നൊക്കെ, അർത്ഥമറിയാത്ത വേദോച്ചാരണം പോലെ, സംഘടനാസമ്മേളനങ്ങളിൽ റിപ്പോർട്ടുകളായി അവതരിപ്പിക്കുകയും അതിനുശേഷം അദാനിക്കും കോർപ്പറേറ്റുകൾക്കും വേണ്ടി വിടുപണിയെടുക്കുകയും ചെയ്യുന്നത് പതിവാക്കിയ കേരളത്തിലെയൊക്കെ മുഖ്യധാര ഇടതുപക്ഷത്തിന് സമരം ചെയ്യുന്നവർ സി.പി.എമ്മിൽനിന്ന് മുൻകൂർ സമ്മതം വാങ്ങണമെന്നൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. ആരോഗ്യമന്ത്രി വീണ ജോർജ്ജിന് സമരക്കാരോട് ചർച്ച വേണ്ടെന്നൊക്കെ തോന്നുന്നത് സ്വാഭാവികം. നീണ്ട കാലം മുഖ്യധാര ഇടതുപക്ഷത്തിന് വേണ്ടി രാഷ്ട്രീയപ്രവർത്തനം നടത്തിയ നിരവധി സ്ത്രീകളുള്ളപ്പോൾ മത- സാമുദായിക പ്രീണനത്തിന്റെ ഭാഗമായി മന്ത്രിപദത്തിലെത്തിയ ആരോഗ്യമന്ത്രിക്ക് സമരം ചെയ്യുന്നവരോടുള്ള അവജ്ഞ സ്വാഭാവികമാണ്. സമരരാഷ്ട്രീയത്തിന്റെ വെയിലു കൊള്ളുന്നവരുടെ ഭാഷയും അവർക്ക് മനസിലാകില്ല.
ആശാ വർക്കർമാരുടെ സമരത്തിനോട് സർക്കാരിനും സി പി എമ്മിനുമുള്ള സമീപനം ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ടാണ് സി പി എം / CITU നേതാവ് എളമരം കരീം ‘ആർക്കുവേണ്ടിയാണ് ഈ സമരനാടകം’ എന്ന ലേഖനം ദേശാഭിമാനിയിൽ എഴുതിയത്. CITU അഖിലേന്ത്യ സെക്രട്ടറിയും ആശാ വർക്കർമാരുടെ ദേശീയ സംഘടനയുടെ സംഘടനത്തിന് നേതൃത്വം നൽകുകയും ചെയ്ത മലയാളി കൂടിയായ എ.ആർ. സിന്ധു ‘ആശാ വർക്കർമാരുടെ സമരം, രാഷ്ട്രീയപ്രേരിത അജണ്ട’ എന്ന ലേഖനമെഴുതി ഇതാവർത്തിച്ചിട്ടുണ്ട്. ദിവസം 300 രൂപ തികച്ചു കൂലികിട്ടാത്ത ഒരു വിഭാഗം സ്ത്രീ തൊഴിലാളികൾ തൊഴിൽ സുരക്ഷക്കും കൂലിക്കൂടുതലിനും വേണ്ടി സമരം ചെയ്യുന്നത് ‘സമരനാടകം’ ആണെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ വിധിച്ചുകഴിഞ്ഞു!
സമാനമായ സമരനാടകമായി മൂന്നാറിലെ തോട്ടം തൊഴിലാളിസ്ത്രീകൾ നടത്തിയ പെമ്പിളൈ ഒരുമൈ സമരത്തെ അദ്ദേഹം എടുത്തുപറയുന്നുണ്ട്. മനുഷ്യനു പോയിട്ട് കന്നുകാലികൾക്ക്പോലും കഴിയാൻ ബുദ്ധിമുട്ടുള്ള ലയങ്ങളിൽ ആധുനിക സമൂഹത്തിന്റെ തൊഴിൽബന്ധങ്ങളുടെ ഛായപോലുമില്ലാതെ ഒരുതരം ഫ്യൂഡൽകാല മട്ടിൽ തൊഴിലെടുക്കേണ്ടിവരുന്ന സ്ത്രീകൾ നടത്തിയ സമരത്തിനെയാണ് കരീം ഇങ്ങനെ പുച്ഛിക്കുന്നത്. തോട്ടം മുതലാളിമാർ കൊടുക്കുന്ന കാശും വാങ്ങി തൊഴിലാളികളെ പറ്റിച്ചുജീവിക്കുന്ന കയ്യേറ്റവും ഭൂമിയിടപാടുകളും അനുബന്ധപരിപാടിയാക്കിയ ആശാന്മാരുള്ള മൂന്നാറിലൊക്കെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ ചോദിക്കുന്നത് കരീമിന് നാടകമായതിൽ അത്ഭുതമില്ല.

രണ്ടു സമരങ്ങളും അരാജകവാദികൾ സംഘടിപ്പിച്ചതാണെന്ന് കരീം ആദ്യം തന്നെ വിധിപറയുന്നു. ആരാണ് ‘അരാജകവാദി’ എന്ന ചോദ്യമൊന്നും ദേശാഭിമാനി വായിക്കുന്നവർ ചോദിക്കില്ല എന്ന ഉറപ്പുകൊണ്ടായിരിക്കാം സൈദ്ധാന്തികമായൊരു കനമിരിക്കട്ടെ എന്ന മട്ടിൽ അതെടുത്തു പൂശിയത്. സമരം നടത്തുന്നത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനാണെന്ന് കരീം ആരോപിക്കുന്നു. നമ്മളൊക്കെ മനസിലാക്കുന്നത് കൃത്യമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം എന്നാണ്. അതായത് ഓണറേറിയം വർദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ. അതെങ്ങനെയാണ് സർക്കാരിന്റെ പ്രതിച്ഛായയെ തകർക്കുന്നത്!
ആശാ വർക്കർമാർക്കായി CITU സമരം ചെയ്തതായി കരീമം സിന്ധുവും അവകാശപ്പെടുന്നുണ്ട്. അതായത് മറ്റാർക്കും അതിനുള്ള അവകാശമില്ലെന്ന്. സമരം ചെയ്യണമെങ്കിൽ സി.പി.എം തൊഴിലാളി സംഘടനയുടെ മുതലാളിമാർ പറയും. അപ്പോൾ റോഡിലിറങ്ങുക, അവരുടെ വിപ്ലവ പ്രസംഗങ്ങൾ കേൾക്കുക, നേതാക്കന്മാരെയും കുടുംബത്തെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുക അങ്ങനെയുള്ള നാനാവിധ വിപ്ലവപൂർവ്വ പരിപാടികളിൽ മുഴുകണം. അല്ലാതെ കൂലി കുറവാണെന്ന് തോന്നി സമരം ചെയ്യാൻ ചാടിപ്പുറപ്പെട്ടാൽ ഭരണകക്ഷിയുടെ സൈബർ സംഘങ്ങളടക്കം വ്യക്തിഹത്യ മുതലുള്ള നാനാവിധ ആക്രമണങ്ങളുമായി ഇറങ്ങും എന്നാണ്.
തൊഴിലെടുക്കുന്ന മനുഷ്യർക്ക് സമരം ചെയ്യണമെങ്കിൽ കേരളത്തിലെ സി പി എമ്മിന്റെ അനുവാദമോ മധ്യസ്ഥമോ നിർബന്ധമായും വേണമെന്നത് എളമരം കരീമിന്റെയൊക്കെ ആഗ്രഹമായിരിക്കും. അതിനെക്കൂടി ചെറുക്കുന്നതാണ് ഇത്തരം സമരങ്ങൾ എന്നതാണ് അതിനുത്തരം.
വിഴിഞ്ഞത്ത് അദാനിക്ക് തീരവും തുറമുഖവും തീറെഴുതിയപ്പോൾ ഉപജീവനമാർഗം അടഞ്ഞുപോകുന്ന മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം മാവോവാദികളടക്കമുള്ളവരുടെ ഗൂഢാലോചനയാണെന്ന് പാർട്ടി പത്രം ആരോപിച്ചു. ഗൂഢാലോചനക്കാരുടെ ചിത്രവും ഒന്നാം പേജിൽ നൽകി. രാജ്യത്തെ കൊള്ളയടിക്കുകയാണ് അദാനിയെന്നാണ് പാർട്ടിയുടെ ദേശീയ നേതൃത്വം പ്രസ്താവനകളിൽ പറയുന്നത്. ഇവിടെയാണെങ്കിൽ അദാനിക്കും സർക്കാരിനുമെതിരായ ഗൂഢാലോചനക്കാരെ കണ്ടെത്തിക്കഴിഞ്ഞു! ഇത്തവണ തീവ്രവാദികളെയല്ല, അരാജകവാദികളെയാണ് സി പി എം നേതൃത്വം ലക്ഷ്യമിടുന്നത്. കാരണഭൂതൻ നാടുവാഴുമ്പോഴാണോ അരാജകവാദം! രാജാവ് നീണാൾ വാഴട്ടെ!
ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ എത്രകൊടുത്തു എന്നാണ് സർക്കാരും ഭരണകക്ഷിക്കാരും ചോദിക്കുന്നത്. ഉമ്മൻചാണ്ടിക്ക് ശേഷം പ്രളയം എന്ന് കരുതാൻ ജനങ്ങൾക്കാവില്ല. അതാത് കാലത്തെ സാമ്പത്തിക, സാമൂഹ്യ ജീവിതനിലകൾക്കനുസരിച്ച് വേതനവർദ്ധനവ് ആവശ്യപ്പെടാനുള്ള അവകാശം തൊഴിലാളിക്കുണ്ടെന്ന് സർക്കാരും സി പി എമ്മും അംഗീകരിച്ചുതന്നില്ലെങ്കിലും സമരം ചെയ്യാൻ നിർബന്ധിതരാകുന്ന തൊഴിലാളികൾക്കറിയാം.

നിയമനം മാനേജ്‌മെന്റും ശമ്പളം സർക്കാരും നൽകുന്ന എയ്ഡഡ് സ്‌കൂൾ / കോളേജ് സമ്പ്രദായത്തിനോട് വിമുഖതയൊന്നുമില്ലെങ്കിലും ആശാ വർക്കർമാരുടെ കാര്യമാകുമ്പോൾ കേന്ദ്രാവിഷ്കൃത പദ്ധതിയിലെ അപരിചിതരായ ഒരുകൂട്ടം മനുഷ്യരായി ഈ സ്ത്രീകൾ മാറുന്നു. ആരോഗ്യരംഗത്തെയും സാമൂഹ്യവികസന സൂചികകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും വേണ്ടി പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളോടാണ് സർക്കാരിന്റെ മുഷ്ക്ക് മുഴുവൻ. ഇപ്പോഴാകട്ടെ കരീമിനെപ്പോലുള്ള നേതാക്കളും സൈബർ കടന്നൽ സംഘങ്ങളുമടക്കമുള്ള ഭരണകക്ഷി സംഘങ്ങൾ സമരത്തെയും സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെയും എങ്ങനെയൊക്കെ ചിത്രവധം ചെയ്യാം എന്നതാണ് പരീക്ഷിക്കുന്നത്. തൊഴിലെടുക്കുന്ന മനുഷ്യർക്ക് സമരം ചെയ്യണമെങ്കിൽ കേരളത്തിലെ സി പി എമ്മിന്റെ അനുവാദമോ മധ്യസ്ഥമോ നിർബന്ധമായും വേണമെന്നത് കരീമിന്റെയൊക്കെ ആഗ്രഹമായിരിക്കും. അതിനെക്കൂടി ചെറുക്കുന്നതാണ് ഇത്തരം സമരങ്ങൾ എന്നതാണ് അതിനുത്തരം.
തങ്ങൾ തൊഴിലെടുക്കുന്ന കേരളമെന്ന സംസ്ഥാനത്തിലെ രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥയുടെ ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും ഭാഗമായാണ് ആശ വർക്കർമാർ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. ഉടനെത്തന്നെ അവരോട് ഉത്തർ പ്രദേശിൽ എത്ര കിട്ടി എന്ന് ചോദിച്ച് ഉത്തരം മുട്ടിക്കാമെന്ന് കരുതുന്നത് തമ്പുരാൻ ധാർഷ്ട്യമാണ്. ഉമ്മൻചാണ്ടിയുടെ കാലത്തേക്കാൾ കൂടുതൽ തന്നില്ലേ എന്ന് ചോദിക്കുന്ന ആരോഗ്യമന്ത്രി കരുതുന്നത്, അങ്ങനെ കൊടുക്കുന്നത് എന്തോ ഔദാര്യമാണെന്നാണ്. അതിന് നന്ദി വേണമെന്നാണ്. ഇനി ഞങ്ങൾക്ക് തോന്നുമ്പോൾ തരികയോ തരാതിരിക്കുകയോ ചെയ്യുമെന്നാണ്.

കേരളത്തിലെ ഭരണഇടതുപക്ഷം ഇപ്പോൾ നിരന്തരമായി ഉയർത്തുന്നൊരു സവിശേഷാവകാശവാദമാണ് ജനങ്ങൾ അവർക്ക് നൽകേണ്ട ‘നന്ദി’. എന്തുതരം ഇടതുപക്ഷ രാഷ്ട്രീയമാണ് ഇതെന്ന് ജനങ്ങൾക്ക് മനസിലാകുന്നതോടെ ശരിയായ രൂപത്തിൽ ആളുകൾ നന്ദി പ്രകാശിപ്പിക്കുമായിരിക്കും.
ലഭ്യമായ പണം എന്തിനൊക്കെ, എങ്ങനെയൊക്കെ ചെലവാക്കണമെന്ന് തീരുമാനിക്കുന്നതൊരു രാഷ്ട്രീയമാണ്. അത് തങ്ങളുടെ കൂട്ടത്തിലെ വിധേയസംഘത്തിൽനിന്ന് തെരഞ്ഞെടുക്കുന്ന PSC അടക്കമുള്ള നിരവധി സമിതികളിലെ അംഗങ്ങൾക്ക് ആജീവനാന്ത ആഡംബര ജീവിതത്തിന് വീതിച്ചുനൽകണോ എന്നതും 300 രൂപ ദിവസക്കൂലി തികയാത്ത ആശാ വർക്കർക്ക് കൊടുക്കണോ, തൊഴിലാളികളുടെ ന്യായമായ ആവശ്യത്തിന് നൽകണോ എന്നതും ഒരു തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പ് എന്താണ് എന്നതിനെ നിശ്ചയിക്കുന്ന രാഷ്ട്രീയ ചോദനയാണ് നിങ്ങളെ ഇടതുപക്ഷവും വലതുപക്ഷവുമൊക്കെയാക്കുന്നത്. അല്ലാതെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉടമസ്ഥാവകാശം ഞങ്ങളുടെ പേരിൽ തീറാധാരം കിട്ടിയതാണെന്ന കരീമിയൻ അവകാശവാദങ്ങളൊക്കെ ചരിത്രത്തിലെ കോമാളിത്തരങ്ങളും ദുരധികാര ഹുങ്കുമാണ്. അതിന് ചരിത്രത്തിന്റെ കുഴിമാടങ്ങളിൽ നിന്ന് പ്രതിധ്വനികളുണ്ട്.
ആശാ വർക്കർമാർക്ക് കേരളത്തിലേതുപോലെ കേന്ദ്രവിഹിതത്തിനെക്കാൾ ഗണ്യമായ രീതിയിൽ ഓണറേറിയം നൽകുന്ന സംസ്ഥാനങ്ങൾ പലതുമുണ്ട്.
ആശാ വർക്കർമാരുടെ അഖിലേന്ത്യ സംഘടനയുടെ നേതാവും സി പി എം കേന്ദ്രസമിതി അംഗവുമായ എ.ആർ. സിന്ധു “രാഷ്ട്രീയപ്രേരിതമായ സമരം” എന്ന ആരോപണമുന്നയിച്ചുകൊണ്ടെഴുതിയ ലേഖനത്തിൽ അവകാശപ്പെടുന്നതുപോലും, ‘കേന്ദ്രത്തിനെതിരായി സമരം ചെയ്യുമ്പോൾ തന്നെ സംസ്ഥാന സർക്കാരുകൾക്കെതിരെയും CITU നിരന്തരം സമരം നടത്താറുണ്ട്, അതിന്റെ ഫലമായി കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ വേതന വർധനവുണ്ടായി’ എന്നാണ്. അതായത് സംസ്ഥാന സർക്കാരുകൾക്കെതിരെയും ആശ വർക്കർമാർക്ക് സമരം നടത്താം. അങ്ങനെ നടത്തി വേതനവ വർദ്ധനവ് നേടാം. എന്നാൽ കേരളത്തിലാകുമ്പോൾ പാടില്ല. കാരണം ഇവിടെ തൊഴിലാളിസമരരഹിതമായ സംസ്ഥാനമാക്കാനുള്ള അച്ചാരമെടുത്തിരിക്കുന്നത് സി പി എമ്മും പിണറായി സർക്കാരുമാണ്.
2022 സെപ്റ്റംബറിൽ ഹരിയാനയിലെ കുരുക്ഷേത്രയിൽ നടന്ന സമ്മേളനത്തിൽ CITU-വിന്റെ നേതൃത്വത്തിൽ ASHA Workers and Facilitators Federation of India, (AWFFI) എന്ന സംഘടനയുണ്ടാക്കി. ആശാ വർക്കർമാരുടെ അവകാശങ്ങൾക്കുവേണ്ടി രാജ്യവ്യാപകമായി സമരം ചെയ്യാനുള്ള ആഹ്വാനവും നൽകി. സി പി എം കേന്ദ്ര സമിതി അംഗങ്ങളായ സിന്ധുവും CITU പ്രസിഡണ്ട് ഹേമലതയും ജഗ്മതി സാങ്വാനുമൊക്കെ പങ്കെടുത്തു. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ മാത്രം സമരം ചെയ്യരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടതായി അറിവില്ല.

2023 ഒക്ടോബർ 30-നു AWFFI ഡൽഹിയിൽ നടത്തിയ പ്രകടനത്തിൽ മുഖ്യ ആവശ്യങ്ങളിലൊന്ന് ആശാ വർക്കർമാരുടെ പ്രതിമാസ വേതനം 26000 രൂപയാക്കണം എന്നായിരുന്നു. CITU ജനറൽ സെക്രട്ടറി തപൻ സെൻ ആ സമരപ്രകടനം ഉദ്ഘാടനം ചെയ്തു. കേരളമടക്കം 16 സംസ്ഥാനങ്ങളിൽ നിന്നുള്ള ആശാ വർക്കർമാർ അതിൽ പങ്കെടുത്തു. അവരൊക്കെ അതാത് സംസ്ഥാനങ്ങളിൽപ്പോയി മിണ്ടാതിരിക്കണം എന്നാണോ? സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും ആശാ വർക്കർമാർ CITU നേതൃത്വത്തിൽ സമരം നടത്തി. ഹരിയാനയിൽ 73 ദിവസവും മധ്യപ്രദേശിൽ 62-ഉം ബിഹാറിൽ 32 ദിവസവുമാണ് CITU നേതൃത്വത്തിൽ സമരം നടന്നത്. അന്നൊന്നും ഡൽഹിയിലേക്കുള്ള തീവണ്ടി ടിക്കറ്റെടുക്കാൻ സി പി എം നേതാക്കൾ ഉപദേശിച്ചില്ല!
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിൽ നൽകുന്ന വാഗ്ദാനം കുറഞ്ഞകൂലി പ്രതിദിനം 700 രൂപയാകും എന്നാണ്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ അതിന്റെ ദൗർബ്ബല്യങ്ങളോടു കൂടിയുള്ള മികവിൽ നിലനിർത്താൻ സഹായിക്കുന്ന കാൽ ലക്ഷത്തോളം വരുന്ന സ്ത്രീകൾ തങ്ങളുടെ കൂലി എൽ ഡി എഫിന്റെ വാഗ്ദാനമായ 700 രൂപ കുറഞ്ഞ കൂലിയെന്ന നിരക്കിലാക്കണമെന്നാവശ്യപ്പെടുമ്പോൾ അതൊക്കെ സാമ്രാജ്യത്വ ഗൂഢാലോചനയുടെ കണക്കിൽ വെച്ചുകൊടുക്കാൻ ചില്ലറ രാഷ്ട്രീയവഞ്ചന പോരാ.
ആശാ വർക്കർമാർ നടത്തുന്ന സമരം മൂന്നാഴ്ച കഴിഞ്ഞിട്ടും സർക്കാർ ചർച്ചക്ക് പോലും തയ്യാറല്ല. ഒരു ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഈ രീതിയിലല്ല ജനകീയ സമരങ്ങളെ സമീപിക്കേണ്ടതെന്ന കാര്യത്തിൽ തർക്കമില്ല. പാഠപുസ്തകങ്ങളിൽ വരുത്താനുദ്ദേശിക്കുന്ന ചില മാറ്റങ്ങളിൽ മത, സാമുദായിക യാഥാസ്ഥിതിക സംഘടനകൾ എതിർപ്പുന്നയിച്ചപ്പോൾ ഉടനടി ആ വഴിക്കുള്ള സകല പരിപാടിയും അവസാനിപ്പിച്ച സർക്കാരാണിതെന്നോർക്കണം.
ആശാ വർക്കർമാർക്ക് കേരളത്തിലേതുപോലെ കേന്ദ്രവിഹിതത്തിനെക്കാൾ ഗണ്യമായ രീതിയിൽ ഓണറേറിയം നൽകുന്ന സംസ്ഥാനങ്ങൾ പലതുമുണ്ട്. സിക്കിം, കർണാടക, ആന്ധ്ര പ്രദേശ് എന്നിവയൊക്കെ ഈ ഗണത്തിൽപ്പെടുന്നു. അവിടെയും തുക കൂട്ടേണ്ടതും കൂടുതൽ ആനുകൂല്യങ്ങൾ നൽകേണ്ടതുമാണ് എന്ന കാര്യത്തിൽ സംശയമില്ല. കേന്ദ്ര വിഹിതം വർധിപ്പിക്കുകയും ആശാ വർക്കർമാരെ കേന്ദ്ര സർക്കാർ സന്നദ്ധസേവകരല്ലാത്ത തൊഴിലാളികളായി കണക്കാക്കുകയും വേണമെന്നതിലും സംശയമില്ല. എന്നാൽ തങ്ങൾ തൊഴിലെടുക്കുന്ന സംസ്ഥാനത്തെ ജീവിതനിലവാരത്തിനും വേതന വ്യവസ്ഥകൾക്കും അനുപൂരകമായ രീതിയിൽ കൂലി കിട്ടണമെന്നാവശ്യപ്പെടാൻ അവർക്ക് എല്ലാ അവകാശവുമുണ്ട്. കേന്ദ്രം ഭരിക്കുന്ന തൊഴിലാളി വിരുദ്ധരായ സംഘപരിവാർ സർക്കാരിനെ മുട്ടുകുത്തിച്ചതിനുശേഷം ഇവിടെ വന്നാൽ എന്തെങ്കിലും ആലോചിക്കാമെന്ന പിണറായി സർക്കാരിന്റെ നിലപാട് തൊഴിലാളികളെ കൊഞ്ഞനം കുത്തുന്നതാണ്.

പ്രതിദിനം 300 രൂപ കിട്ടിയാൽപ്പോലും അതെങ്ങനെയാണ് മുഴുവൻ സമയ തൊഴിലെടുക്കുന്ന ഒരു തൊഴിലാളിക്ക് തന്റെ കുടുംബം പുലർത്താൻ കഴിയുക എന്നാലോചിച്ചാൽ സമരം രാഷ്ട്രീയപ്രേരിതം തന്നെ എന്ന് നമുക്ക് ബോധ്യപ്പെടും.
പ്രതിദിനം 300 രൂപ കിട്ടിയാൽപ്പോലും അതെങ്ങനെയാണ് മുഴുവൻ സമയ തൊഴിലെടുക്കുന്ന ഒരു തൊഴിലാളിക്ക് തന്റെ കുടുംബം പുലർത്താൻ കഴിയുക എന്നാലോചിച്ചാൽ സമരം രാഷ്ട്രീയപ്രേരിതം തന്നെ എന്ന് നമുക്ക് ബോധ്യപ്പെടും. അതായത് മാന്യമായി ജീവിക്കാനുള്ള മനുഷ്യരുടെ ജനാധിപത്യ രാഷ്ട്രീയബോധമുണ്ടാക്കുന്ന സമരമാണത്. കേരളത്തിലെ സർക്കാർ ജീവനക്കാരടക്കമുള്ളവർക്ക് കൃത്യമായി ശമ്പളക്കമ്മീഷനടക്കമുള്ള സംവിധാനങ്ങൾ നടപ്പാക്കി കനത്ത ശമ്പളവർദ്ധനവ് നടപ്പാക്കുന്ന അതെ സർക്കാരാണ് 25,000-ത്തോളം വരുന്ന ആശ തൊഴിലാളികളുടെ കാര്യത്തിൽ ഇല്ലാക്കണക്കുകൾ വെച്ച് കൂവിവിളിക്കുന്നത്.
സമരത്തിനെ പിന്തുണച്ച് ബി ജെ പിയുടെ കേന്ദ്ര മന്ത്രി സമരപ്പന്തലിലെത്തിയതോടെ അതുവരെ ഇങ്ങനെയൊരു സമരത്തെക്കുറിച്ചു കണ്ടതോ കേട്ടതോ ആയി നടിക്കാത്ത കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷത്തിന്റെ സാംസ്ക്കാരിക വിധേയരടക്കമുള്ള സംഘങ്ങളെല്ലാം ഉണർന്നെണീറ്റു, സമരം ബി ജെ പി വകയാണെന്ന് ആരോപണമുന്നയിച്ചു. സമരനേതാക്കൾക്കെതിരെ ഹീനമായ വ്യക്ത്യാധിക്ഷേപങ്ങൾ അവരുടെ പതിവുശൈലിയിൽ തുടങ്ങി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സനാതന ധർമ്മത്തെക്കുറിച്ചുള്ള ചർച്ചയിൽ സംഘപരിവാർ നേതാവിന്റെ അഭിപ്രായം കേട്ടില്ലെങ്കിൽ അത് ജനാധിപത്യവിരുദ്ധമാകുമല്ലോ എന്ന സന്ദേഹത്താൽ ബി ജെ പി നേതാവ് കൃഷ്ണദാസിനെ സി പി എം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ സെമിനാറിൽ ക്ഷണിച്ചുവരുത്തി ഉദ്ബോധനാവസരം നൽകിയ അതേ സി പി എമ്മാണിതും എന്നോർക്കണം.
ഭരണകൂടത്തിനും വ്യവസ്ഥക്കുമെതിരായ സമരങ്ങളെ വലതുപക്ഷം മുതലെടുക്കാൻ ശ്രമിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും നടക്കുന്നൊരു പരിപാടിയാണ്. നിലവിലെ വ്യവസ്ഥയുണ്ടാക്കുന്ന ചൂഷണത്തോടും അസന്തുലിതമായ സാമ്പത്തികക്രമത്തിനോടുമുള്ള ജനങ്ങളുടെ അസംതൃപ്തിയെ മുതലെടുക്കുന്നത് പലപ്പോഴും തീവ്ര വലതുപക്ഷ ശക്തികളാണ്. അത് ചരിത്രത്തിൽ പലപ്പോഴും കാണാം. ഫാഷിസ്റ്റ് ഇറ്റലിയിലും നാസി ജർമ്മനിയിലും സാമ്പത്തിക കുഴപ്പങ്ങളിലൂടെ കടന്നുപോകുന്ന പല യൂറോപ്യൻ രാജ്യങ്ങളിലും ട്രംപിന്റെ അമേരിക്കയിലുമൊക്കെ ഈ പ്രവണത കാണാം. വ്യവസ്ഥക്കെതിരായ ജനങ്ങളുടെ സമരങ്ങളെ വലതുപക്ഷത്തിനെതിരെയുള്ള രാഷ്ട്രീയസമരമായി മാറ്റേണ്ടതുണ്ട്. അതൊരു പൊതു രാഷ്ട്രീയമുന്നണിയുടെ സമരം കൂടിയാണ്. കൂലിക്കൂടുതലിനായി സമരം ചെയ്യുന്ന കുറച്ചു സ്ത്രീകളുടെ സമരത്തെ അട്ടിമറിക്കാനുള്ള ആയുധമായല്ല ഈ പൊതുപ്രശ്നത്തെ കാണേണ്ടത്.

ആശാ വർക്കർമാരുടെ സമരത്തെ സർക്കാരും ഭരണമുന്നണിയും സകല ആയുധങ്ങളുമുപയോഗിച്ച് നേരിടും. മഴ കൊള്ളാതിരിക്കാൻ സമരക്കാർ കെട്ടിയ പായവരെ പൊലീസിനെ വിട്ട് അഴിച്ചുമാറ്റും. അവരുമായി ചർച്ചക്ക് തയ്യാറാകില്ല. എന്നാലും വെയിലത്തും മഴയത്തുമൊക്കെ സമരക്കാർ നരകിച്ചുകിടക്കുമ്പോളും ഭരണമുന്നണിയും സർക്കാരും ഫാഷിസ്റ്റ് വിരുദ്ധതയുടെ അളവുയന്ത്രം അവർക്ക് മാത്രമായി അവിടെ വെച്ചിട്ടുണ്ട്. സംഘപരിവാറിന്റെയും ആർ എസ് എസിന്റെയും നേതാക്കൾക്ക് റിപ്പോർട്ട് ചെയ്തൊരു ADGP-ക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ മുട്ടുവിറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ആശാ വർക്കർമാർ പഠിക്കേണ്ട രാഷ്ട്രീയ ശുദ്ധി! സി പി എം കേന്ദ്ര സമിതി അംഗവും ഇടതുമുന്നണി കൺവീനറുമായിരുന്ന ഇ.പി. ജയരാജന് ബി ജെ പി നേതാവിനെ സൽക്കരിച്ചതിൽ പറ്റിയ വീഴ്ചയ്ക്കുശേഷവും അയാൾക്ക് കേന്ദ്ര സമിതി, സെക്രട്ടേറിയറ്റ് അംഗമൊക്കെയായി തുടരാമെങ്കിൽ, ഒരു പൊതുസമരസ്ഥലത്ത് ഐക്യദാർഢ്യ നാടകവുമായി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന വലതുപക്ഷ സംഘങ്ങളെ പോർവിളികളുമായി നേരിട്ടില്ലെന്നാണ് 300 രൂപ ദിവസക്കൂലി കിട്ടാത്ത, ജീവിതപ്രശ്നങ്ങളുടെ തീക്കാറ്റ് സമരത്തിലേക്ക് തള്ളിവിട്ട ഈ സ്ത്രീകളുടെ മേൽ നിങ്ങളൊക്കെ ആരോപിക്കുന്ന രാഷ്ട്രീയ സ്മാർത്തവിചാരദോഷങ്ങളെങ്കിൽ, അതിന്റെ പിന്നിലുള്ള ദുഷ്ടലാക്ക് മനസിലാക്കാനുള്ള സാമാന്യബുദ്ധി ജനങ്ങൾക്കുണ്ട്.
എന്താണ് സമരത്തിന്റെ കാരണങ്ങൾ എന്നാണ് പ്രസക്തമായ രാഷ്ട്രീയചോദ്യം. സമരം നടത്തുന്ന സ്ത്രീകൾക്ക് സുരേഷ് ഗോപി ‘കുടയ്‌ക്കൊപ്പം ഉമ്മയും കൊടുത്തുവോ’ എന്ന് ചോദിക്കുന്ന സി ഐ ടി യു സംസ്ഥാന നേതാവിനോട് സി പി എം ദേശീയ വനിതാ നേതാക്കൾക്ക് എന്താകും പറയാനുണ്ടാവുക? അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന സമരം ആർ എസ് എസും സംഘപരിവാറും പ്രായോജകരായി നടത്തുന്ന ഒന്നാണെന്ന് മനസ്സിലായിട്ടും ലോക്‌പാൽ സമരവേദിയിൽ ബി ജെ പി നേതാവ് അരുൺ ജെയ്റ്റ്ലിക്കൊപ്പം വേദി പങ്കിട്ടത് ആശാ വർക്കർമാരിലെ സൈദ്ധാന്തിക ധാരണക്കുറവുള്ള സ്ത്രീകളല്ല, സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ്. അദാനിക്ക് വിഴിഞ്ഞം തുറമുഖം തീറെഴുതുമ്പോൾ തങ്ങളുടെ ഉപജീവനമാർഗം അടഞ്ഞുപോകുമെന്ന ആശങ്കയുയർത്തി മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തിനെതിരെ സി പി എം, ബി ജെ പി നേതാക്കൾ കൈകോർത്തു നടത്തിയ സമരം കഴിഞ്ഞിട്ട് നാളേറെയായില്ല. വികസനത്തിനുവേണ്ടി രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിൽക്കാമെന്ന ആഹ്വാനവുമായി ബി ജെ പിയുടെ കേന്ദ്ര മന്ത്രിമാരുമായി കൈകോർക്കുന്ന കേരള സർക്കാർ ഒരു വേറിട്ട കാഴ്ച്ചയുമല്ല ഇന്ന്. ആശാ വർക്കർമാരുടെ സമരസ്ഥലത്ത് അവർ ക്ഷണിക്കാതെ, ഒരു പൊതുസമരസ്ഥലത്തെത്തുന്ന വിവിധ താത്പര്യങ്ങളുള്ള ആളുകളോട് ഒരു പൊതുരാഷ്ട്രീയനിലപാട് പൊതുവായി പ്രഖ്യാപിക്കുകയാണ് ചെയ്യാനാവുക. അല്ലാതെ സി പി എം സംസ്ഥാന ഓഫീസിൽനിന്ന് കൊടുക്കുന്ന നിബന്ധനകൾ പാലിച്ചു സമരം നടത്താനാവില്ല.
സംഘപരിവാറിനെയും ഹിന്ദുത്വ ഫാഷിസ്റ്റുകളെയും ഏതൊരു ജനാധിപത്യ ജനകീയ സമരത്തിൽ നിന്ന് അകറ്റിനിർത്തേണ്ടതുണ്ട് എന്നതിൽ സംശയമൊന്നുമില്ല. ഇന്ത്യയിലെമ്പാടും ജനകീയ സമരങ്ങൾക്കെതിരെ കടുത്ത ജനാധിപത്യവിരുദ്ധ അടിച്ചമർത്തൽ നടപടികളെടുക്കുന്ന ഭരണകൂട, രാഷ്ട്രീയ ഭീകരതയുടെ നടത്തിപ്പുകാരായ സംഘപരിവാറിന് ജനകീയസമരങ്ങളുടെ വേദിയിൽ ഇടം കൊടുക്കുന്നത് ആത്മഹത്യാപരമാണ്. ഏതു സമരത്തിന്റെയും രാഷ്ട്രീയ ജാഗ്രതയെന്നത് സമരത്തിന്റെ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ചരിത്രപരമായ രാഷ്ട്രീയകടമ കൂടിയാണ്. എന്നാൽ ഏതെങ്കിലും തരത്തിൽ അത്തരത്തിലുള്ള സംഘപരിവാർ മുതലെടുപ്പ് ശ്രമങ്ങളെ മുൻനിർത്തി സമരങ്ങളെയും ജനകീയ പ്രതിഷേധങ്ങളെയും രാഷ്ട്രീയശുദ്ധാശുദ്ധിയുടെ ചാപ്പകുത്തി റദ്ദാക്കാനുള്ള തട്ടിപ്പിനെ വകവെക്കേണ്ടതില്ല.

മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഈ രാഷ്ട്രീയവഞ്ചനയുടെ കോമാളി നാടകത്തിന്റെ ദുരധികാരതൃഷ്ണയെ ഒരു ജനാധിപത്യസമൂഹമെന്ന നിലയിൽ കേരളമെങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് പ്രധാന ചോദ്യം.
ഭരണകൂടത്തെയും മുതലാളിത്ത ചൂഷണവ്യവസ്ഥയേയും നിരന്തരം ഉലച്ചുകൊണ്ടിരിക്കുക എന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ ചുമതലയാണ്. എല്ലാ മേഖലകളിലുമുള്ള നിരന്തര സമരങ്ങൾ ഇതിന്റെ ഭാഗമാണ്. എന്നാൽ സമരരഹിതമായൊരു സമൂഹമായി നമ്മെ മാറ്റുക എന്ന വലതുപക്ഷ അജണ്ട കേരളത്തിൽ ഏറ്റവും സജീവമായി പ്രായോഗികമാക്കാൻ ശ്രമിക്കുന്നത്, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കുത്തകപ്പാട്ടം തങ്ങൾക്കാണ് എന്നവകാശപ്പെടുന്ന ഭരണപക്ഷ ഇടതുപക്ഷമാണ് എന്നത് അത്ഭുതമില്ലാത്ത വൈരുധ്യമാണ്. നവ ഉദാരീകരണ നയങ്ങളുടെ ഭാഗമായി തൊഴിലാളികളും സാധാരണക്കാരുമായി മനുഷ്യർ കൂടുതൽ ദുരിതങ്ങളിലേക്ക് നീങ്ങുകയാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടുകയാണ്. കേരളത്തിലേതുപോലെ ഒരു വിഭാഗം ധനികവ്യാപാരികളും ഉയർന്ന വരുമാനമുള്ള കുറച്ചു സർക്കാർ ഉദ്യോഗസ്ഥരും ധനിക പ്രവാസികളും ചേർന്നൊരു വിഭാഗത്തിന് പുറത്തുള്ള വലിയ ജനവിഭാഗം കടുത്ത സാമ്പത്തിക പ്രതിസന്ധിയാകും വരാൻ പോകുന്ന പതിറ്റാണ്ടിൽ അനുഭവിക്കാൻ പോകുന്നത്. സ്വാഭാവികമായും ഇത് സമരങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നയിക്കും.
അസംഘടിത തൊഴിലാളികളടക്കമുള്ളവരും ഇതുവരെ സാമ്പ്രദായിക സമരങ്ങളുടെ ഭാഗമായി ഉൾപ്പെടുത്താതെ അവഗണിക്കപ്പെട്ടവരുമായ പല വിഭാഗം ആളുകൾ ഈ സമരപ്രതിഷേധങ്ങളിലേക്ക് ഇറങ്ങാൻ നിരബന്ധിതരാകും. ഏതാണ്ട് പൂർണ്ണമായും ഒരു സമഗ്രാധിപത്യ, മുതലാളിത്ത ഭരണകൂട വ്യവസ്ഥയുക്തിയുടെ നടത്തിപ്പുകാരും ഭാഗവുമായ മുഖ്യധാരാ ഇടതുതുപക്ഷത്തിന് അത്തരത്തിലുള്ള ഏതെങ്കിലും സമരത്തിനെ നയിക്കാൻ കഴിയില്ലെന്ന് മാത്രമല്ല അവരതിനെ അടിച്ചമർത്താനുള്ള ഭരണകൂട, വ്യവസ്ഥാ ശ്രമങ്ങളുടെ ഊർജസ്വലരായ പങ്കാളികളുമാണ്. ഇത് സൃഷ്ടിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ സംഘർഷങ്ങളുടെ കേളികൊട്ടുകൂടിയാണ് ആശ വർക്കർമാരുടെ സമരത്തിൽ നമ്മൾ കാണുന്നത്. ആ അർത്ഥത്തിൽ ആശ വർക്കർമാരുടെ സമരം അതിന്റെ രാഷ്ട്രീയദൗത്യം അടയാളപ്പെടുത്തിക്കഴിഞ്ഞു.

വിജയങ്ങൾ മാത്രമല്ല സമരങ്ങളെ ചരിത്രത്തിൽ പ്രസക്തമാക്കുന്നത്. തോല്പിച്ചാലും ജയിക്കുന്ന സമരങ്ങൾ ചരിത്രത്തിലുണ്ടാകുന്നത് അങ്ങനെയാണ്. 300 രൂപ ദിവസക്കൂലി കിട്ടാത്ത അസംഘടിത സ്ത്രീത്തൊഴിലാളികളുടെ വേതനവർധനവിനും തൊഴിൽ സുരക്ഷക്കുമായുള്ള സമരത്തെ കേരളത്തിലെ ഇടതുപക്ഷമെന്ന പേരിലുള്ള സർക്കാർ തോൽപ്പിക്കുമോ എന്നതല്ല പ്രസക്തമായ പ്രശ്നം, മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഈ രാഷ്ട്രീയവഞ്ചനയുടെ കോമാളി നാടകത്തിന്റെ ദുരധികാരതൃഷ്ണയെ ഒരു ജനാധിപത്യസമൂഹമെന്ന നിലയിൽ കേരളമെങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ്. സംഘപരിവാറിന്റെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുതലെടുപ്പുകൾക്ക് ഇടം കൊടുക്കാതെ രാഷ്ട്രീയ കേരളം അത് നിർവ്വഹിക്കേണ്ടതുണ്ട്.