ASHA സമരം ലോക്സഭയിൽ, കേ​ന്ദ്ര ഇടപെടൽ ​വേണമെന്ന് കോൺഗ്രസ് എം.പിമാർ

സെക്രട്ടറിയേറ്റിനുമുന്നിൽ ASHA വർക്കർമാർ നടത്തുന്ന സമരം ഒരു മാസം പൂർത്തിയാകുന്നു. കേന്ദ്രവും കേരളവും പരസ്പരം പഴി ചാരുന്ന അവസ്ഥയിൽ കേന്ദ്രം യോഗം വിളിച്ച് സമരം അവസാനിപ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് കോൺഗ്രസ് എം.പിമാർ ആവശ്യപ്പെട്ടു.

News Desk

ASHA വർക്കർ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം ഒരു മാസം പിന്നിടുമ്പോഴും പ്രശ്നപരിഹാരത്തിന് കേന്ദ്ര- സംസ്ഥാന സർക്കാറുടെ തലത്തിൽ ഒരു നീക്കവുമില്ല. ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള എം.പിമാരായ ശശി തരൂർ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, എൻ.കെ പ്രേമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ എന്നിവർ വിഷയം ഉന്നയിച്ചു. ആശമാരെ സ്ഥിരജീവനക്കാരായി പരിഗണിക്കുക, സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് എം.പിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. സമരത്തെച്ചൊല്ലി കേ​ന്ദ്രവും കേരളവും പഴിചാരുകയാണെന്നും കേന്ദ്ര ഇടപെടൽ വേണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വേതനം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു: ‘‘ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ സമരത്തിന് പിന്തുണ നൽകുന്നത്, ആശ വർക്കർമാർ ആരോഗ്യമേഖലയിലെ പോരാളികളായതിനാലാണ്. ദിവസം അവർക്ക് കിട്ടുന്ന പ്രതിഫലം 232 രൂപ മാത്രമാണ്. അതും പതിവായി കിട്ടുന്നില്ല. സംസ്ഥാന സർക്കാർ ഈ സമരത്തെ തള്ളിപ്പറയുന്നു. അവർ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു, കേന്ദ്രം സംസ്ഥാനത്തെയും. ആരാണ് ശരിക്കും ഉത്തരവാദി? വിവിധ സംസ്ഥാനങ്ങളിൽ പലതരം വേതനവ്യവസ്ഥയാണ് നിലനിൽക്കുന്നത്. തെലങ്കാനയും കർണാടകയും സിക്കിമും പരമാവധി നൽകുന്നുണ്ട്. കേരളം എന്തുകൊണ്ട് നൽകുന്നില്ല. വിരമിക്കുമ്പോൾ ഒരു തുകയും കിട്ടാത്ത ഏത് ജോലിയാണുളളത്? കേന്ദ്രം പറയുന്നു, ഞങ്ങൾ തുക മുഴുവൻ കേരളത്തിന് നൽകിയെന്ന്, കേരളം പറയുന്നു, അത് നുണയാണെന്ന്. ആശ വർക്കർമാർ ഇതിൽ ഏത് വിശ്വസിക്കണം? കേന്ദ്ര ആരോഗ്യമന്ത്രി മറുപടി പറയണം. ആശ വർക്കർമാരെ പരിഹസിക്കുന്നത് അവസാനിപ്പിക്കണം. എല്ലാ ആശാ വർക്കർമാർക്കും 21,000 രൂപ വേതനവും മറ്റു വിരമിക്കൽ ആനുകൂല്യങ്ങളും നൽകണം’’- അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ പൊതുസമൂഹ പിന്തുണ ആശ വർക്കർ സമരത്തിനുണ്ടെന്ന് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. ഇവരുടെ ന്യായമായ ആവശ്യങ്ങളിന്മേൽ ഒരു ചർച്ച പോലും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ല. കേന്ദ്ര സർക്കാർ ഇടപെട്ട് സംസ്ഥാന സർക്കാറിനെക്കൊണ്ട് തീരുമാനമെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് വിഷയം എം.പിമാർ ഉന്നയിച്ചത്.

മുൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ രാജ്യത്തെ ആശാ വർക്കർമാരുടെ പ്രതിസന്ധി രാജ്യസഭയിൽ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ അടിയന്തരമായി കേരളത്തിലാണെങ്കിലും ഇത് രാജ്യത്തെയാകെ ആശവർക്കർമാരുടെ പ്രശ്‌നമെന്ന നിലയ്ക്കാണ് ദേശീതലത്തിൽ ഉന്നയിക്കപ്പെടുന്നത്.

സന്നദ്ധപ്രവർത്തകരെന്ന നിലയിൽ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ASHA വർക്കർമാരെ ജീവനക്കാരായി പരിഗണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സേവന- വേതന വ്യവസ്ഥകളും അവധി ആനുകൂല്യങ്ങളും സ്ഥിരമോ താൽക്കാലികമോ ആയ മറ്റ് ജോലികളിൽ ഏർപ്പെടാനുള്ള സാധ്യതകളുമില്ലാതെയാണ് തുച്ഛമായ കൂലിയിൽ ASHA- മാർ ജോലി ചെയ്യുന്നത്.

ഒരു ആശ വർക്കറുടെ ദുരിത ജോലിയെക്കുറിച്ച് ആശ വർക്കറായ ബിന്ദു ട്രൂകോപ്പി തിങ്കിനോട് പറയുന്നു:

“നിലവിലെ 7000 രൂപ തന്നെ കിട്ടുന്നത് നാല്- അഞ്ചു മാസം കൂടുമ്പോഴാണ്. 18 വർഷം ഞങ്ങളീ ജോലി ചെയ്തു. ഇനി സ്ഥിര ശമ്പളം വേണം. ഇപ്പോൾ കിട്ടുന്ന തുക കൊണ്ട് ലോണുകൾ അടച്ചുതീർക്കാനാകില്ല. വൈകീട്ട് അഞ്ചു മണിക്കുശേഷം ഒരു മെഡിക്കൽ സ്‌റ്റോറിൽ ജോലി ചെയ്താണ് വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്, ലോൺ തിരിച്ചടക്കാനുള്ള തുക കണ്ടെത്തുന്നത്. രാത്രി ഒമ്പത് വരെ ഇങ്ങനെ ജോലി ചെയ്യും. സിംഗിൽ മദറായ ഞാൻ കുട്ടികളെ സംരക്ഷിക്കാനാണ് രാത്രി വരെ ജോലി ചെയ്യുന്നത്. നല്ല പ്രായമായി, ഇനി വിശ്രമിക്കണമെന്നുണ്ട്. ഇനിയെങ്കിലും സർക്കാർ ഞങ്ങളെ കാണണം. ഇനി കൂലിയില്ലാതെ ജോലി ചെയ്യാൻ ഞങ്ങൾക്ക് വയ്യ’’.

പ്രതിമാസ ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62-ാം വയസിൽ പിരിച്ചു വിടാനുള്ള ഉത്തരവ് പിൻവലിക്കുക തുടങ്ങിയവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ. കേവലം 233 രൂപയാണ് ആശ വർക്കർമാർക്ക് ഒരു ദിവസം കിട്ടുന്നത്. അതായത് പ്രതിമാസം 7000 രൂപ മാത്രം. ഇത് തന്നെ രണ്ടും മൂന്നും മാസം കുടിശിക ആവാറുമുണ്ട്. സെക്രട്ടറിയേറ്റിനു മുമ്പിൽ രാപ്പകൽ സമരം ആരംഭിച്ചശേഷമാണ് കഴിഞ്ഞ മൂന്ന് മാസത്തെ കുടിശിക അനുവദിച്ചത്. ജനുവരിയിലെ ഓണറേറിയം കുടിശികയാണ് ഏറ്റവുമൊടുവിൽ ആശമാർക്ക് നൽകിയത്.

“ഞാൻ 18 വർഷമായി ആശ വർക്കറായി ജോലി ചെയ്യുന്നു. തുടങ്ങിയ സമയത്ത് ചെറിയ ജോലി ചെയ്താൽ മതി എന്നായിരുന്നു പറഞ്ഞിരുന്നത്. കൂടുതൽ സമയം ജോലി ചെയ്യേണ്ടതില്ലായിരുന്നു. ഈ ചെറിയ സമയത്തെ ആശ വർക്ക് കഴിഞ്ഞ് വേറെ ഏത് ജോലിക്കും പോകാമെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നത്. ഇപ്പോൾ ഞങ്ങൾക്ക് ധാരാളം ജോലിയുണ്ട്. ഏതെങ്കിലും വാർഡിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചാൽ എല്ലാ വീടുകളും കയറിയിറങ്ങി കൊതുകു നിവാരണ മാർഗങ്ങൾ ചെയ്യണം. കൂടാതെ പാലിയേറ്റീവ് കെയർ, കിടപ്പുരോഗികളുടെയും ഗർഭിണികളുടെയും പരിചരണം. പ്രസവം കഴിഞ്ഞാൽ കുട്ടിയുടെ അഞ്ചു വയസുവരെയുള്ള ഇമ്മ്യൂണൈസേഷന്, ഒരു ഇഞ്ചക്ഷന് 20 രൂപയാണ് ലഭിക്കുക. 16 വയസ് വരെ ഈ കുട്ടികൾക്ക് വേണ്ടത് ചെയ്തു കൊടുക്കണം. മഴക്കാല പൂർവ്വ ശുചീകരണം, ആശുപത്രി ഡ്യൂട്ടി, ഔട്ട്‌റീച്ച്, പഞ്ചായത്ത് അവലോകന യോഗം, വാർഡ് അവലോക യോഗം തുടങ്ങിയ കാര്യങ്ങളും ചെയ്യണം. ശൈലി എന്നൊരു ആപ്പുണ്ട്. ഒരു വീട്ടിലെ എല്ലാവരുടെയും വിവരം ശേഖരിക്കണം. അതു കഴിഞ്ഞാൽ കുഷ്ഠരോഗ സർവേയായ അശ്വമേധം തുടങ്ങി ഭാരിച്ച ജോലിയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിൽ ഏതെങ്കിലും ഒന്ന് മുടങ്ങിയാൽ 700 രൂപ കട്ട് ചെയ്യും” - ആശ വർക്കറായ ശാന്തമ്മ എം.എ പറയുന്നു.

“തീ പോലെയുള്ള വെയിലിലാണ് ഞങ്ങൾ സെക്രട്ടറിയേറ്റിനു മുന്നിലിരിക്കുന്നത്. കഠിനമായ യാതനയിലാണ് ഈ സമരം ചെയ്യുന്നത്. അറുപതിനോടടുത്ത ഒരുപാട് ആശമാർ ഈ സമരത്തിലുണ്ട്. സമരം ചെയ്യുന്നവരിൽ നല്ലൊരു ശതമാനം പേരും ഡയബറ്റിക്കായവരാണ്. വലിയ സമ്മർദമാണ് ഞങ്ങൾ അനുഭവിക്കുന്നത്. കാലാവസ്ഥയുടെയും രോഗത്തിന്റെയും ക്ഷീണത്തിന്റെയുമെല്ലാം വെല്ലുവിളികളെ തരണം ചെയ്താണ് സമരം മുന്നോട്ട് പോകുന്നത്. പക്ഷെ ഞങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ല’’- സമരസമിതി അംഗം സൗഭാഗ്യകുമാരി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

സമരത്തിന്റെ 21-ാം ദിവസം പുലർച്ചെ ഒരു മണിയോടെ കനത്ത മഴ പെയ്തു. മഴ നനയാതിരിക്കാൻ കെട്ടിയ ചെറിയ ടാർപോളിൻ ഷീറ്റ് അഴിച്ചുമാറ്റുകയാണ് പൊലീസ് ചെയ്തത്. തൊഴിലാളി സ്ത്രീകളുടെ സമരത്തെ സർക്കാർ എങ്ങനെയാണ് നേരിടുന്നത് എന്നതിന്റെ തെളിവായിരുന്നു ഈ സംഭവമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു പറയുന്നു.

“രാത്രി രണ്ടുമണിക്ക് മഴ തുടങ്ങി. മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ടാർപോളിൻ അഴിച്ചുമാറ്റി. മഴയത്തിരുന്നു ഞങ്ങൾ. രാവിലെ മഴ ശക്തമായി. ടാർപോളിൻ വലിച്ചുപിടിച്ച് മഴ കൊള്ളാതിരിക്കാൻ പോലും സമ്മതിച്ചില്ല. ഞങ്ങളുടെ ഡിമാന്റുകളോട് ഇവർക്ക് എതിർപ്പുണ്ടാകാം. പക്ഷെ ഇത്രയും സ്ത്രീകൾ ഇവിടെ മഴ നനഞ്ഞിരുന്നപ്പോൾ വനിതാ കമ്മീഷന് എന്തു കൊണ്ടാണ് ഒന്നും പറയാൻ കഴിയാതിരുന്നത്? എന്തുകൊണ്ടാണ് ഇടതുപക്ഷ വനിതാ പ്രസ്ഥാനങ്ങൾ ആശാ വർക്കർമാരുടെ കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടാതിരുന്നത്?”

ഒരു മാസം തികയുമ്പോൾ സമരം ദേശീയതലത്തിൽ ശ്രദ്ധ നേടുന്നുണ്ട്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ ആശ വർക്കർമാരുടെ സേവന- വേതന വ്യവസ്ഥകൾ സംബന്ധിച്ചും ചർച്ചകളുയർന്നുവരുന്നു.

Comments