ഹരിയാനയിൽ ആശ വർക്കേഴ്‌സിനുവേണ്ടി മുദ്രാവാക്യം വിളിക്കുന്ന സി.ഐ.ടി.യു കേരളത്തിൽ എന്തിന് കരിങ്കാലി പണി ചെയ്യുന്നു?

സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പകരക്കാരെ നിയമിക്കുവാൻ 11. 7 ലക്ഷം രൂപ അടിയന്തര സ്വഭാവത്തിൽ സർക്കാർ അനുവദിച്ചു. തറവേലകളിലൂടെ സമരത്തെ തകർക്കുവാൻ ശ്രമിക്കുന്നത് മുതലാളിമാരാണ്. ഒരു കാലത്ത് മുതലാളിമാർ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ബദലായി കരിങ്കാലികളെ ഇറക്കുമ്പോൾ, മുദ്രാവാക്യം വിളിച്ചിട്ടുള്ള സി.പി.എമ്മാണ് ഇപ്പോൾ കരിങ്കാലിപ്പണി ചെയ്യുന്നത് എന്നതാണ് വിരോധാഭാസം.

കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപീകൃതമായത് 1922 മാർച്ച് 31 നാണ്. 'പണിയെടുക്കുന്നവരുടെ ഒരു സംഘടനയുണ്ടാക്കുക' എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനമനുസരിച്ച് വാടപ്പുറം പി.കെ. ബാവ എന്ന കയർ ഫാക്ടറി തൊഴിലാളിയാണ് സംഘടനാരൂപീകരണത്തിന് മുൻകൈ എടുത്തത്. ഫാക്ടറികളിൽ 12ഉം 14ഉം മണിക്കൂർ പണിയെടുക്കേണ്ട ഗതികേടിലായിരുന്നു തൊഴിലാളികൾ. പണിയെടുത്ത കൂലി ആഴ്ചകളും മാസങ്ങളും കഴിഞ്ഞാലും തൊഴിലാളികൾക്ക് കൊടുക്കില്ലായിരുന്നു. തങ്ങളെ മർദ്ദിക്കുകയും കൂലി നൽകാതെ കഠിനമായി പണിയെടുപ്പിക്കുകയും ചെയ്ത ഫാക്ടറി ഉടമകൾക്കെതിരെയാണ് തൊഴിലാളികൾ സംഘടന രൂപീകരിച്ച് രംഗത്ത് വന്നത്. ആദ്യ തൊഴിലാളി സംഘടന രൂപീകരിച്ച് 103 വർഷങ്ങളാകുമ്പോഴും കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിൽ കൊടിയ ചൂഷണം നിലനിൽക്കുകയാണ് എന്നത് സമൂഹം പിന്നോട്ട് സഞ്ചരിക്കുന്നു എന്നതിന്റെ സൂചകമാണ്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൊണ്ട് കേരളത്തിലെ തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ അരാഷ്ട്രീയതയും അവകാശ ബോധരാഹിത്യവും വേരുകളാഴ്ത്തിക്കഴിഞ്ഞിരിക്കുന്നു. ആഗോളവൽക്കരണ നയങ്ങളുടെ വക്താക്കളും നടത്തിപ്പുകാരുമായി പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും മാറ്റപ്പെട്ടതിലൂടെ സംഭവിച്ച ദുരന്തമാണിത്. ഐ.ടി മേഖലകളിലടക്കം കൊടിയ ചൂഷണങ്ങൾക്കു വിധേയമാകുന്ന യുവജനങ്ങൾ പോലും ശബ്ദമുയർത്താനാവതെ അടിമകളെപ്പോലെ പണിയെടുക്കുന്നു. എട്ടുമണിക്കൂർ ജോലി എന്ന തൊഴിലാളികൾ പൊരുതി നേടിയ അവകാശം ഐ.ടി രംഗത്തും മറ്റ് പല തൊഴിൽ മേഖലകളിലും നഷ്ടമായിരിക്കുന്നു. സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകൾക്ക് ശക്തമായ സ്വാധീനമുള്ള കെ.എസ്.ആർ.ടി.സിയിൽ പോലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയിരിക്കുന്നത് തൊഴിലാളികൾ നിശബ്ദം സഹിക്കുന്നു. വ്യവസ്ഥാപിത യൂണിയനുകളുടെ മൗനാനുവാദത്തോടെയാണ് ഇവ്വിധത്തിലുള്ള തൊഴിലാളി ദ്രോഹനടപടികൾ സർക്കാരുകൾ കൈക്കൊള്ളുന്നത്. ഈയൊരു സാഹചര്യത്തിലാണ്, സംഘടിതരും അസംഘടിതരുമായ തൊഴിലാളി വിഭാഗങ്ങൾക്കാകമാനം പ്രതീക്ഷ നൽകിക്കൊണ്ട് ആശ (അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ്) വർക്കർമാരുടെ അനിശ്ചിതകാല അതിജീവന സമരം സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്നത്.

വാടപ്പുറം പി.കെ. ബാവ
വാടപ്പുറം പി.കെ. ബാവ

കോവിഡ് പോരാളികളുടെ ദയനീയ ജീവിതം

കോവിഡ് മഹാമാരിയ്ക്കെതിരായ യുദ്ധമുഖത്തെ കാലാൾപ്പടയായിരുന്നു ആശ വർക്കർമാർ. എല്ലാവരും അടച്ചുപൂട്ടി വീടുകളിലിരുന്നപ്പോൾ ആശാവർക്കർമാരായ സ്ത്രീകൾ കാൽനടയായി വീടുകൾ കയറിയിറങ്ങി മരുന്നും ഭക്ഷണവും എത്തിച്ചത് ആരും മറക്കാനിടയില്ല. മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയും ആശ വർക്കർമാരുടെ പ്രവർത്തനങ്ങളെ പലപ്രാവശ്യം പ്രശംസിക്കുകയുമുണ്ടായി. എന്നാൽ, സമൂഹ്യാരോഗ്യരംഗത്ത് നിസ്തുലമായ സേവനങ്ങൾ നൽകുന്ന ആശ വർക്കർമാരുടെ ജീവിതം മെച്ചപ്പെടുത്തുവാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. 18 വർഷമായി ജോലി ചെയ്യുന്ന ആശ വർക്കർക്ക് പോലും 7000 രൂപയാണ് ഓണറേറിയമായി പ്രതിമാസം ലഭിക്കുന്നത്. നിസ്വരായ സ്ത്രീത്തൊഴിലാളികൾ ഈ തുഛമായ വേതനംകൊണ്ട് കുടുംബം പുലർത്തുന്നതെങ്ങനെ എന്നത് ആരുടെയും പ്രശ്നമാകുന്നില്ല. ഇത്രയും ദയനീയമായ പരിതസ്ഥിതിയിലാണ്,

കഴിഞ്ഞ 8 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കേരളാ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) എന്ന സ്വതന്ത്ര ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആശമാർ സംഘടിക്കുന്നത്.

"ഞാൻ ആശയിൽ കയറിയിട്ട് 18 വർഷമായി. അന്ന് ഞങ്ങൾക്ക് വളരെ തുഛമായ ഓണറേറിയമാണ് തന്നിരുന്നത്. അക്കാലത്ത് ഞങ്ങൾ വേറേ ജോലിക്കും പോകുമായിരുന്നു. കടയിലോ വീട്ടുജോലിക്കോ പോകാൻ പറ്റുമായിരുന്നു. രണ്ടോ മൂന്നോ മണിക്കൂർ ആശാ വർക്കറുടെ ജോലിയ്ക്ക് പോയാൽ മതിയായിരുന്നു. എന്നാൽ പിന്നീട്, ആശാവർക്കർമാർ മറ്റു ജോലികൾക്ക് പോകാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് വന്നു. രാവിലെ 9 മണി മുതൽ 4 മണി വരെ ഫീൽഡിൽ തന്നെ കാണണം. നാലുമണി കഴിഞ്ഞാലും ഞങ്ങളുടെ ജോലി അവസാനിക്കാറില്ല. ഇപ്പോൾ 7000 രൂപയാണ് ഓണറേറിയം. അതുതന്നെ 10 മനദണ്ഡങ്ങൾ പൂർത്തിയാക്കിയാലാണ് കിട്ടുന്നത്. ഒരു മാനദണ്ഡത്തിന് 700 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്നു പൂർത്തിയാക്കിയില്ലെങ്കിൽ 700 രൂപ നഷ്ടമാകും. ഇതാണ് സാഹചര്യം. ഞങ്ങളെങ്ങനെ ജീവിക്കും. എനിയ്ക്ക് രണ്ട് മക്കളാണ്. ഭർത്താവ് മരിച്ചു പോയി. മക്കള് പഠിക്കുന്നുണ്ട്.നാല് മാസം അഞ്ച് മാസം കൂടുമ്പോളാണ് ഓണറേറിയം കിട്ടാറുള്ളത്. കേന്ദ്ര സർക്കാരിന്റെ ഇൻസെൻ്റീവ് 2000 രൂപയും മാസങ്ങൾ കഴിയുമ്പോഴാണ് ലഭിക്കുന്നത്. ഒരു കുഞ്ഞിന് ഇൻജെക്ഷൻ എടുത്താൽ 20 രൂപ കിട്ടും. ഒരു ഗർഭിണിയെ മൂന്നുമാസത്തിനുള്ളിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യിപ്പിച്ചാൽ 200 രൂപയാണ് ലഭിക്കുന്നത്. എൻ്റേത് വാടക വീടാണ്. വാടക കൊടുക്കാൻ പറ്റുന്നില്ല. വീട്ടുകാര് ഒഴിഞ്ഞു കൊടുക്കാൻ പറയുന്നുണ്ട്. ഇതൊക്കെക്കൊണ്ടാണ് ഞങ്ങളീ സമരത്തിന് വന്നിരിക്കുന്നത്. ഇതിനൊരു തീരുമാനമാകാതെ ഞങ്ങൾ പോകത്തില്ല. പകലും രാത്രിയും ഇവിടെ സമരത്തിനുണ്ട് "

തിരുവനന്തപുരത്തെ തിരുവല്ലം പ്രൈമറി ഹെൽത്ത് സെൻ്ററിലെ ആശ വർക്കർ ബിന്ദു ഗോപാലിന്റെ വാക്കുകളാണിത്. ആശ വർക്കർമാർക്ക് പ്രതിമാസം 13,200 രൂപ കിട്ടുന്നുണ്ടെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്ജിന്റെ വ്യാജ പ്രസ്താവനയുടെ മുനയൊടിക്കുന്നതാണ് മേൽപ്പറഞ്ഞ കണക്കുകൾ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 7000 രൂപ ഓണറേറിയം ലഭിക്കണമെങ്കിൽ ആശ വർക്കർ 10 മാനദണ്ഡങ്ങൾ പൂർത്തീകരിക്കണം.

വാർഡ് റിപ്പോർട്ട് തയ്യാറാക്കുക, വാർഡ് തല അവലോകന യോഗം നടത്തുക, സബ് സെൻ്റർ അവലോകന യോഗത്തിൽ പങ്കെടുക്കുക, പഞ്ചായത്ത് അവലോകന യോഗത്തിൽ പങ്കെടുക്കുക, ആരോഗ്യസംബന്ധിയായ ക്ലാസ്സ് / ചർച്ച ആക്റ്റിവിറ്റി, വർണറബിൾ ആയ വ്യക്തികളുള്ള 10 വീടുകളിൽ സന്ദർശനം നടത്തുക, മാസത്തിൽ 4 ദിവസത്തെ ഡ്യൂട്ടി.

സംഘടിതരും അസംഘടിതരുമായ തൊഴിലാളി വിഭാഗങ്ങൾക്കാകമാനം പ്രതീക്ഷ നൽകിക്കൊണ്ട് ആശ (അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ്) വർക്കർമാരുടെ അനിശ്ചിതകാല അതിജീവന സമരം സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്നത്. Photo: Muhammad Aslam
സംഘടിതരും അസംഘടിതരുമായ തൊഴിലാളി വിഭാഗങ്ങൾക്കാകമാനം പ്രതീക്ഷ നൽകിക്കൊണ്ട് ആശ (അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ്) വർക്കർമാരുടെ അനിശ്ചിതകാല അതിജീവന സമരം സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്നത്. Photo: Muhammad Aslam

ഈ മാനദണ്ഡങ്ങളിൽ പലതും പഞ്ചായത്ത് മെമ്പർ, ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അവർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കാരണം ഓണറേറിയം വെട്ടിക്കിയ്ക്കപ്പെടാം. അനാരോഗ്യം നിമിത്തം ആശ വർക്കർക്ക് ഏതെങ്കിലും മാനദണ്ഡങ്ങൾ പൂർത്തീകരിക്കാനാവാതെ വന്നാലും ഓണറേറിയം വെട്ടിക്കുറയ്ക്കപ്പെടുന്നു. തുഛമായ ഓണറേറിയം പോലും ലഭിക്കണമെങ്കിൽ മാനദണ്ഡങ്ങളെല്ലാം പാലിയ്ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആശ വർക്കർമാർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. മാനദണ്ഡം എന്ന ഡെമോ ക്ലീസിന്റെ വാൾ ഓരോ ആശ വർക്കറുടെയും തലയ്ക്കു മുകളിൽ കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ശക്തിപ്പെട്ടു വന്നപ്പോൾ മാനദണ്ഡം ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുവാൻ സർക്കാർ നിർബന്ധിതമായി. എന്നാൽ, അതിനെ സംബന്ധിച്ച ഉത്തരവ് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും പുറപ്പെടുവിച്ചിട്ടില്ല.

"ഞാൻ 2008 ൽ ആശ വർക്കറായി ജോലിയ്ക്ക് കയറിയതാണ്. 62 വയസ്സിൽ പിരിഞ്ഞ് പോകണമെന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. ഒരാനുകൂല്യവും തരില്ലെന്നാണ് സർക്കാർ പറയുന്നത്. 5 ലക്ഷം രൂപ പിരിഞ്ഞു പോകുമ്പോൾ ഞങ്ങൾക്ക് കിട്ടണം. വയസ്സാം കാലത്ത് മരുന്ന് വാങ്ങാനെങ്കിലും പറ്റണ്ടേ? എന്റെ ഭർത്താവിന് സുഖമില്ല. അപസ്മാരരോഗിയാണ്. എനിയ്ക്ക് 232 രൂപയാണ് ദിവസം കിട്ടുന്നത്. എങ്ങനെ കഴിഞ്ഞ് പോകുമെന്ന് അറിയില്ല. സമരം തീരാതെ ഞങ്ങൾ ജോലി ചെയ്യില്ല. ഞാൻ ജോലി ചെയ്യുന്ന FHC യിലെ ആശാവർക്കർ മാരെല്ലാം സമരത്തിലാണ്."

വട്ടിയൂർക്കാവ് ഫാമിലി ഹെൽത്ത് സെൻ്ററിലെ ആശ വർക്കർ വത്സലകുമാരി വലിയ ജീവിത പ്രയാസങ്ങൾക്കിടയിലും സമരരംഗത്ത് അടിയുറച്ച് നിൽക്കുമെന്ന് പ്രഖ്യാപിക്കുന്നത്, മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലെന്ന മനസ്സിലാക്കലിലാണ്.

62 വയസ്സ് പൂർത്തിയായ ആശ വർക്കർമാരെ പിരിച്ചു വിടുമെന്ന് 2023 മാർച്ച് രണ്ടിന് സർക്കാർ ഒരുത്തരവ് ( 483/2023/H&FWD) പുറപ്പെടുവിക്കുകയുണ്ടായി. വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും പ്രഖ്യാപിക്കാതെയുള്ള പിരിച്ചുവിടൽ ഉത്തരവിനെതിരെ KAHWA ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും മന്ത്രിയെ നേരിൽകണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു. മന്ത്രിസഭ അറിയാതെയാണ് പ്രസ്തുത ഉത്തരവ് ഇറങ്ങിയതെന്ന വിചിത്രമായ വാദമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അതുകൊണ്ടു തന്നെ ആ ഉത്തരവ് നടപ്പാക്കില്ല എന്നും പറയുകയുണ്ടായി. എന്നാൽ, കാസർകോഡ് 62 വയസ്സുള്ള ആശ വർക്കറെ മേൽപ്പറഞ്ഞ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യം ഒന്നും നൽകാതെ പിരിച്ചുവിടുകയുണ്ടായി. ആശ വർക്കർമാരുടെ സമരം ഉയർത്തുന്ന പ്രധാനപ്പെട്ട ഡിമാൻ്റുകളിലൊന്ന് വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകണമെന്നാണ്. പശ്ചിമ ബംഗാൾ ഗവൺമെൻ്റ് പോലും ആശ വർക്കർമാർക്ക് വിരമിക്കൽ ആനുകൂല്യമായി 3 ലക്ഷം രൂപ നൽകുന്നുവെന്നത് സ്ത്രീപക്ഷവും പുരോഗമനവും പറയുന്ന എൽ.ഡി.എഫ് സർക്കാരിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്.

ആരോഗ്യമന്ത്രി വീണ ജോർജ്
ആരോഗ്യമന്ത്രി വീണ ജോർജ്

കേരളത്തിലെ 7000 രൂപയല്ല, ഇന്ത്യയിലെ ഏറ്റവും കൂടിയ ഓണറേറിയം. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഓണറേറിയം ആശ വർക്കർമാർക്ക് കൊടുക്കുന്നത് കേരളമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറയുകയുണ്ടായി. എന്താണ് അതിന്റെ വസ്തുത? 2024 ആഗസ്റ്റ് 2-ാം തീയ്യതി ലോക്സഭയിൽ കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ലോക്‌സഭാ വെബ്സൈറ്റിൽ ലഭ്യമാണ്. അതിൽ പറയുന്നത് സിക്കിമിൽ ആശ വർക്കർമാർക്ക് 10000 രൂപ ഓണറേറിയം ലഭിക്കുന്നുണ്ടെന്നാണ്. കർണ്ണാടകയിൽ ആശ വർക്കർമാർ നടത്തിയ സമരത്തെ തുടർന്ന് 5000 രൂപയിൽ നിന്നും 10000 രൂപയായി വർദ്ധിപ്പിക്കുമെന്ന് കർണ്ണാടക സർക്കാർ പ്രഖ്യാപിച്ചു. സത്യം ഇങ്ങനെ ആയിരിക്കെ ആരോഗ്യമന്ത്രിയും സി.പി.എംന്റെ സൈബർ വിഭാഗവും ആവർത്തിച്ചാവർത്തിച്ച് കള്ളം പറയുന്നത് എന്തിനാണ്? മറ്റൊരു പ്രസക്തമായ ചോദ്യം, ഉത്തരേന്ത്യയിലെ ജീവിതനിലവാരമാണോ കേരളത്തിൽ എന്നതാണ്? കേരളത്തിൽ ഏതൊരു കുട്ടിയെയും മാതാപിതാക്കൾ ഏതറ്റം വരെയും പഠിപ്പിക്കും. സ്വന്തക്കാർക്ക് അസുഖം വന്നാൽ ഭേദപ്പെടുത്തുവാൻ ചികിത്സിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വളരെക്കൂടുതലാണ്. ഇതൊക്കെ അറിയാവുന്ന സർക്കാർ ആശ വർക്കേഴ്സിന് 7000 രൂപ കൊടുക്കുന്നു എന്ന വീമ്പു പറച്ചിൽ അവരെത്തന്നെ അപഹാസ്യരാക്കുന്നതാണ്.

നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ വരുന്ന ആശ വർക്കേഴ്സിന്റെ ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് കേന്ദ്രസർക്കാരാണ് എന്ന വാദം സി.പി.എം നേതാക്കൾ നിരന്തരം ആവർത്തിക്കുന്നു. എന്നാൽ, പറയുന്നതിലെ പൂർവ്വാപരവൈരുദ്ധ്യം അവരെത്തന്നെ അപഹാസ്യരാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാന സർക്കാരിനെതിരായ ആശ വർക്കേഴ്സിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രഖ്യാപിച്ച എളമരം കരീം 2014 ഡിസംബർ 8 ന് നിയമസഭയിൽ ആശ വർക്കേഴ്സിന്റെ ഓണറേറിയം 10000 രൂപയായി വർദ്ധിപ്പിക്കണം എന്നാവശ്യപ്പെടുകയുണ്ടായി. യു.ഡി.എഫ് ഭരണകാലത്താണ് ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്.

സംസ്ഥാന സർക്കാരിനെതിരായ ആശാവർക്കേഴ്സിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രഖ്യാപിച്ച എളമരം കരീം  2014 ഡിസംബർ 8 ന് നിയമസഭയിൽ ആശാവർക്കേഴ്സിന്റെ ഓണറേറിയം 10000 രൂപയായി വർദ്ധിപ്പിക്കണം എന്നാവശ്യപ്പെടുകയുണ്ടായി.
സംസ്ഥാന സർക്കാരിനെതിരായ ആശാവർക്കേഴ്സിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രഖ്യാപിച്ച എളമരം കരീം 2014 ഡിസംബർ 8 ന് നിയമസഭയിൽ ആശാവർക്കേഴ്സിന്റെ ഓണറേറിയം 10000 രൂപയായി വർദ്ധിപ്പിക്കണം എന്നാവശ്യപ്പെടുകയുണ്ടായി.

സെക്രട്ടേറിയറ്റിന് മുന്നിൽ സി.ഐ.ടി.യുവിന്റെ കീഴിലുള്ള ആശ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടക്കുകയായിരുന്നു. എൻ.ആർ.എച്ച്.എംന് കീഴിലുള്ള 29,000-ത്തോളം വരുന്ന ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 10,000 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിനു മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.

"വളരെ പാവപ്പെട്ട ആശ വർക്കർമാർ വളരെ സാഹസികമായാണ് ജോലി ചെയ്യുന്നത്. പക്ഷേ, പുറത്തു പറയാൻ പോലും നാണക്കേടുണ്ടാക്കുന്ന തുകയാണ് ഓണറേറിയമായി ഇപ്പോൾ അവർക്ക് കിട്ടുന്നത്."

പ്രതിപക്ഷത്തിരുന്നപ്പോൾ സി.പി.എമ്മിന് സംസ്ഥാന സർക്കാർ ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണം എന്നത് തികച്ചും ന്യായമായ ആവശ്യവും ഭരണപക്ഷത്തികുമ്പോൾ അന്യായവും ആകുന്നതെങ്ങനെയാണ്? ഹരിയാനയിൽ 2024 ഫെബ്രുവരി 29 ന് ആശ വർക്കർമാർക്ക് 26000 രൂപ ശമ്പളം നൽകണം എന്നാവശ്യപ്പെട്ട് സി.ഐ.ടി.യു സംസ്ഥാന ഭരണസിരാകേന്ദ്രത്തിനു മുന്നിൽ സമരം നടത്തുകയുണ്ടായി. അവിടെ എന്തിനാണ് സംസ്ഥാന സർക്കാരിനോട് ഓണറേറിയം കൂട്ടുവാൻ ആവശ്യപ്പെട്ട് സമരം നടത്തിയത് എന്ന ചോദ്യത്തിന് സി.ഐ.ടി.യു നേതാക്കൾ മറുപടി പറയുമോ?

സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ നടന്ന ആശവർക്കേഴ്സിന്റെ സമരം
സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ നടന്ന ആശവർക്കേഴ്സിന്റെ സമരം

സമരത്തെ അപഹസിക്കുന്ന സി.പി.ഐ (എം)

സമരപാരമ്പര്യത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്ന സി.പി.ഐ (എം) ഉം സി.ഐ.ടി.യു വും ആശ വർക്കർമാരുടെ സമരത്തെ നിരന്തരം അപഹസിക്കുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന മന്ത്രവുമായി വൻകിട കോർപ്പറേറ്റുകൾക്ക് പരവതാനി വിരിച്ചു കൊടുക്കുന്നവർ തൊഴിലാളി സമരങ്ങളെ തള്ളിപ്പറക്കുകയും അപഹസിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. 'ആർക്കു വേണ്ടിയാണ് ഈ സമരനാടകം' എളമരം കരിം ഫെബ്രുവരി 24 ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ തലവാചകമാണിത്. ഏതാനും ആശ വർക്കർമാരെ വ്യാമോഹിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സംഘടിപ്പിച്ചതാണെന്നും 'പൊമ്പിളെ ഒരുമ' എന്ന പേരിൽ നടത്തിയ സമരത്തിന്റെ തനിയാവർത്തനമാണിതെന്നും ചില അരാജക സംഘടനകളാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നതെന്നും കരിം പറയുന്നു. പാട്ടപ്പിരിവുകാരെന്നും സാംക്രമിക രോഗം പരത്തുന്ന കീടമെന്നും സമരത്തിന് നേതൃത്വം കൊടുക്കുന്നവരെ സി.പി.എം ആക്ഷേപിക്കുന്നു. സമരത്തിൽ ഉയർത്തിയിട്ടുള്ള ഡിമാൻ്റുകളെ സംബന്ധിച്ച് ചർച്ച ചെയ്യുവാനുള്ള കെൽപ്പില്ലാത്തവരാണ് സമരത്തിന്റെ നേതൃത്വത്തെ തേജോവധം ചെയ്യാൻ ശ്രമിച്ച് സ്വയം കുഴിയിൽ ചാടുന്നത്.

എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനു മുന്നിലെ സമരഭൂമിയിലേക്ക് എല്ലാ ജില്ലകളിൽ നിന്നും ആശാവർക്കർമാർ ഒഴുകിയെത്തുന്നു.
എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനു മുന്നിലെ സമരഭൂമിയിലേക്ക് എല്ലാ ജില്ലകളിൽ നിന്നും ആശാവർക്കർമാർ ഒഴുകിയെത്തുന്നു.

അവകാശ ബോധത്തോടെ തൊഴിലാളികൾ സ്വയം സംഘടിതരാകുമ്പോൾ അതിനെ പിൻതുണയ്ക്കുകയെന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രാഥമിക കർത്തവ്യമാണ്. തൊഴിലാളികൾക്കിടയിൽ ഐക്യം ഊട്ടിയുറപ്പിക്കാനും സമൂഹത്തിൽ കൂടുതൽ ഉയർന്ന ജനാധിപത്യ പ്രബുദ്ധത സൃഷ്ടിക്കുവാനും സമരങ്ങൾക്കുള്ള പങ്ക് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാവുന്നവർക്ക് മനസ്സിലാകുന്ന കാര്യമാണ്. സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള ജാതി, മത വിഭാഗീയ ചിന്താഗതികൾ ഇല്ലാതാക്കുവാൻ ജനാധിപത്യ സമരാന്തരീക്ഷം ശക്തി പ്രാപിക്കേണ്ടതുണ്ട്. എന്നാൽ, ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ജനാധിപത്യ സമരങ്ങളെ ഭരണകൂടത്തിന്റെ സർവ്വശക്തിക്കും പ്രയോഗിച്ച് അടിച്ചമർത്താൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആശ വർക്കർമാർ നടത്തുന്ന സമരത്തെയും വൈരനിര്യാതന ബുദ്ധിയോടെയാണ് എൽ.ഡി.എഫ് സർക്കാർ നേരിടുന്നത്. മുമ്പ് കെ റെയിൽ വിരുദ്ധ സമരത്തിലും സമാന സമീപനമാണ് സർക്കാർ കൈക്കൊണ്ടത്. ആശ വർക്കേഴ്സിന്റെ സമരത്തെ പിൻതുണച്ചതിന്റെ പേരിൽ ജോസഫ് സി. മാത്യു, ഡോ. കെ.ജി താര തുടങ്ങിയ പതിനാലോളം സാമൂഹ്യ പ്രവർത്തകർക്കെതിരെ കേസെടുക്കുകയുണ്ടായി. സമരത്തെ പിൻതുണയ്ക്കുന്ന സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുക്കുന്നതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്, ആശാ സമരത്തെ ഒറ്റപ്പെടുത്തി അടിച്ചമർത്താനാണ്. സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പകരക്കാരെ നിയമിക്കുവാൻ 11. 7 ലക്ഷം രൂപ അടിയന്തര സ്വഭാവത്തിൽ സർക്കാർ അനുവദിച്ചു. തറവേലകളിലൂടെ സമരത്തെ തകർക്കുവാൻ ശ്രമിക്കുന്നത് മുതലാളിമാരാണ്. ഒരു കാലത്ത് മുതലാളിമാർ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ബദലായി കരിങ്കാലികളെ ഇറക്കുമ്പോൾ, മുദ്രാവാക്യം വിളിച്ചിട്ടുള്ള സി.പി.എമ്മാണ് ഇപ്പോൾ കരിങ്കാലിപ്പണി ചെയ്യുന്നത് എന്നതാണ് വിരോധാഭാസം. എന്നാൽ, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനു മുന്നിലെ സമരഭൂമിയിലേക്ക് എല്ലാ ജില്ലകളിൽ നിന്നും ആശ വർക്കർമാർ ഒഴുകിയെത്തുന്നു. പല തുറകളിൽപെട്ട മനുഷ്യസ്നേഹികൾ പിൻതുണ പ്രഖ്യാപിക്കുന്നു. ചൂഷണം അനുഭവിക്കുന്നവരും അടിച്ചമർത്തപ്പെടുന്നവരുമായ വിവിധ വിഭാഗം ജനങ്ങളുടെ പ്രതീക്ഷയാവുകയാണ് ആശാസമരം.

Comments