തൃശൂർ ജില്ലയിൽ ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ രണ്ട് നെയ്ത്തു ഗ്രാമങ്ങളാണ് കുത്താമ്പുള്ളിയും എരവത്തൊടിയും. വർഷങ്ങൾക്ക് മുമ്പ് കൊച്ചി രാജാവ് കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും തങ്ങളുടെ പൂർവികരെ ഇവിടേക്ക് നെയ്ത്തിനായി കൊണ്ടുവന്നതായുള്ള കേട്ടുകേൾവി മാത്രമാണ് ഈ നാടിന്റെ ചരിത്രമായി ഇവിടുത്തുകാർക്ക് പറയാനുള്ളത്. നെയ്ത്തിന് പ്രാധാന്യം നൽകി നെയ്ത്തിന് വേണ്ടി ജീവിക്കുന്നവരാണ് ഇവിടുത്തെ മനുഷ്യർ. വീടു നിർമാണത്തിലടക്കം നെയ്ത്തിനാണ് അവർ പ്രാധാന്യം നൽകിയിരുന്നത്. കൂട്ടമായി താമസിക്കുന്നത് പോലും നെയ്ത്തിന് വേണ്ടിയാണെന്ന് ഈ മനുഷ്യർ പറയുന്നുണ്ട്.
എന്നാൽ ഇപ്പോൾ ഈ രണ്ട് നെയ്ത്ത് ഗ്രാമങ്ങളിലും നെയ്ത്ത് അവസാനത്തോടടുക്കുകയാണ്. കൈത്തറിക്കു പകരമായി പവർലൂം വന്നതും, കൂലി കുറഞ്ഞതും, നെയ്ത്ത് പ്രോത്സാഹിപ്പിക്കാനായി സർക്കാർ നൽകി വന്നിരുന്ന ഇൻസെന്റീവ് തുക കഴിഞ്ഞ അഞ്ചു വർഷമായി മുടങ്ങിയതും ഈ മനുഷ്യരെ ദുരിതത്തിലാക്കുന്നുണ്ട്. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ കേരളത്തിലെ പ്രസിദ്ധമായ ഈ നെയ്ത്തു ഗ്രാമങ്ങളിൽ ഈ തൊഴിൽ ചെയ്യുന്നവർ ഇനി ഉണ്ടാവില്ലെന്നാണ് ഈ നെയ്ത്തു ഗ്രാമത്തിലെ അവസാന തലമുറയിലെ മനുഷ്യർ പറയുന്നത്.